ഹെൻറി ഫ്രെഡറിക് അമിയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻറി ഫ്രെഡറിക് അമിയൻ

സ്വിസ് ദാർശനികനും ഗദ്യകാരനും കവിയുമായ ഹെൻറി ഫ്രെഡറിക് അമിയൻ(1821 - 81) 1821 സെപ്റ്റമ്പർ 27-ന് ജനീവയിൽ ജനിച്ചു. 1843 മുതൽ 1848 വരെ ഫ്രാൻസിലും ഇറ്റലിയിലും പര്യടനം നടത്തുകയും പിന്നീട് ജർമനിയിൽ താമസിച്ച് തത്ത്വശാസ്ത്രം പഠിക്കുകയും ചെയ്തു. ജനീവ അക്കാദമിയിൽ ഫ്രഞ്ചു സാഹിത്യത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പ്രൊഫസറായി 1849-ലും തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസറായി 1854-ലും നിയമിക്കപ്പെട്ടു. ഔദ്യോഗിക ജീവിതകാലത്ത് ധാരാളം കവിതകളും ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചെങ്കിലും അവ മിക്കവാറും വിസ്മൃതങ്ങളായി. 1847 മുതൽ മുടങ്ങാതെ എഴുതാൻ ആരംഭിച്ച ദിനസരിക്കുറിപ്പുകളാണ് (Journal in Time) ഇദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതി. 16,900 പുറങ്ങളുള്ള ഇതിന്റെ കൈയെഴുത്തുപ്രതിയിൽനിന്നും തിരഞ്ഞെടുത്ത ഒരു സമാഹാരം. ഇദ്ദേഹത്തിന്റെ മരണാനന്തരം, രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ഈ കൃതിയുടെ സമ്പൂർണമായ പതിപ്പുകളും പുറത്തുവന്നു. മിസിസ് ഹംഫ്രി വാർഡ് അത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി; മാത്യു ആർനോൾഡിന്റെ പ്രശംസ ഇതിന്റെ പ്രചാരം വർധിപ്പിച്ചു.

2024 ൽ ശവക്കുഴി.

ആത്മാപഗ്രഥനവും അന്തർമുഖത്വവും നിമിത്തം സർഗാത്മകശക്തി നിഷ്പ്രഭമായിപ്പോയ ഒരു പ്രതിഭാശാലിയുടെ ദുരന്ത കഥയാണ് ഈ കൃതി ആവിഷ്കരിക്കുന്നത്. ഗംഭീരമായ ദർശനഭാഗങ്ങളും സംഗീതസാഹിത്യനിരൂപണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇതിലെ കേന്ദ്രവിഷയം സൂക്ഷ്മമായ ഉൾക്കാഴ്ചയോടെ സ്വയം അപഗ്രഥിതനായ അമിയൽതന്നെയാണ്. നിത്യജീവിത സംഭവങ്ങളെയും സാധാരണ ചിന്താപ്രക്രിയകളെയും സ്ഫുടതയോടും അന്തർദൃഷ്ടിയോടും കൂടി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അന്തർമുഖത്വത്തെ അതിന്റെ ഉച്ചകോടിയിൽ എത്തിച്ചിട്ടുള്ള ഈ ഗ്രന്ഥം, കാല്പനികത്വത്തിന്റെ പിമ്പേ യൂറോപ്യൻ ബുദ്ധിജീവികളുടെ ഇടയിൽ പൊട്ടിപ്പുറപ്പെട്ട മാനസികത്തകർച്ചയുടെ പ്രാതിനിധ്യസ്വഭാവമുള്ള ആവിഷ്കരണമാണെന്ന് പറയപ്പെടുന്നു. ഏതായാലും തന്നെപ്പറ്റിയുള്ള അപകർഷബോധം ആജീവനാന്തം അലട്ടിയിരുന്ന ഒരു ആദർശവാദിയായിരുന്നു അമിയൽ. തന്റെ അഭിലാഷങ്ങളെയും പരാജയങ്ങളെയും ഹൃദയസ്പൃക്കായി ഏറ്റുപറയുന്ന ഡയറിയിലൂടെ മരണശേഷം ഇദ്ദേഹം സുവിദിതനായി.

വൗഡ് കൻ്റോണിലെ ക്ലാരൻസ് സെമിത്തേരിയിൽ അമിയലിനെ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഹെൻറി ഫ്രെഡറിക് അമിയൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹെൻറി_ഫ്രെഡറിക്_അമിയൽ&oldid=4070471" എന്ന താളിൽനിന്ന് ശേഖരിച്ചത്