ഹെൻട്രിക് ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെൻട്രിക് ഡാം

നോബൽ സമ്മാനിതനായ ഡാനിഷ് രസതന്ത്രജ്ഞനാണ് ഹെൻട്രിക് ഡാം. ജീവകം കെ (k) യുടെ കണ്ടുപിടിത്തത്തിന് ജീവശാസ്ത്രം അഥവാ വൈദ്യശാസ്ത്രത്തിനുള്ള 1943-ലെ നോബൽ സമ്മാനം അമേരിക്കൻ ജൈവരസതന്ത്രജ്ഞനായ എഡ്വേർഡ് ഡോയിസിയും ഡാമും ചേർന്നാണ് പങ്കിട്ടത് (1943).

അസോസിയേറ്റ് പ്രൊഫസർ പദവി[തിരുത്തുക]

1895 ഫെബ്രുവരി 21-ന് ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ഡാം ജനിച്ചു. കോപ്പൻഹേഗനിലെ പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1920-ൽ ബിരുദം നേടിയ ശേഷം രസതന്ത്ര-ജൈവരസതന്ത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1923-ൽ കോപ്പൻഹേഗൻ സർവകലാശാലയിൽ ജൈവരസതന്ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ പദവിയിൽ നിയമിതനായി. 1934-ൽ ഇദ്ദേഹം പിഎച്. ഡി. ബിരുദം നേടി. ശാസ്ത്ര പ്രഭാഷണങ്ങൾ നടത്താനായി 1940-ൽ യു. എസ്സിൽ എത്തിയ ഡാമിനു രണ്ടാം ലോകയുദ്ധം മൂലം 46 വരെ അവിടെത്തന്നെ താമസിക്കേണ്ടി വന്നു. ഇക്കാലത്ത് റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ റിസർച്ചിൽ ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. 1946-ൽ ഡെൻമാർക്കിൽ തിരിച്ചെത്തിയ ഡാം പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ ജൈവരസതന്ത്ര വിഭാഗത്തിൽ പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 1956-63 കാലത്ത് ഡാനിഷ് ഫാറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൈവരസതന്ത്ര വിഭാഗം തലവനായി പ്രവർത്തിച്ചു.

ജീവകം കെയുടെ കണ്ടുപിടിത്തം[തിരുത്തുക]

കോഴികളിലെ കോളസ്റ്റിറോൾ ഉപാപചയത്തെക്കുറിച്ച് ഗവേഷണം നടത്തുമ്പോഴാണ് ജീവകം കെ കണ്ടുപിടിക്കാനുള്ള സാഹചര്യം ഇദ്ദേഹത്തിനുണ്ടായത്. സ്റ്റിറോൾ അടങ്ങുന്ന കൃത്രിമ ഭക്ഷണത്തിൽ ജീവകം എ യും ഡിയും കലർത്തി കോഴികൾക്ക് നൽകിയപ്പോൾ അവയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുന്നതായും രക്തത്തിന്റെ കട്ടപിടിക്കാനുള്ള കഴിവ് നശിക്കുന്നതായും ഡാം കണ്ടെത്തി. ജീവകം സി നൽകിയിട്ടും പരിഹരിക്കപ്പെടാതെ പോയ ഈ അവസ്ഥ മുളപ്പിച്ച വിത്തുകളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണം നൽകിയപ്പോൾ ഭേദപ്പെട്ടു കണ്ടതോടെ ഏതോ ഭക്ഷ്യ ഘടകത്തിന്റെ അഭാവം മുലമുണ്ടാകുന്ന അപര്യാപ്തതാ രോഗമാണിതെന്ന് ഡാം നിശ്ചയിച്ചു. കൊഴുപ്പിൽ ലയിക്കുന്ന ഒരു പുതിയ ജീവകത്തിന്റെ സാന്നിധ്യം ഇദ്ദേഹം കണ്ടെത്തുകയും (1935) അതിനു ജീവകം കെ എന്നു പേരു നൽകുകയും ചെയ്തു. മറ്റൊരു ശാസ്ത്രജ്ഞനായ പോൾകാരറും ചേർന്ന് ഡാം പച്ചിലകളിൽ നിന്ന് ജീവകം കെ സംശ്ലേഷണം ചെയ്തത് 1939 ലാണ്. ഈ രംഗത്തു പ്രവർത്തിച്ചുവന്ന യു. എസ്. ജൈവരസതന്ത്രജ്ഞനായ ഡോയിസിക്ക് ചീഞ്ഞ മീൻ പൊടിയിൽ നിന്നും 1940-ൽ ജീവകം കെ ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞതിനെ കൂടി മാനിച്ചാണ് നോബൽ സമ്മാനം ഇരുവർക്കുമായി നൽകിയത്.

ജീവകം കെ യുടെ ഗവേഷണങ്ങൾ[തിരുത്തുക]

ജീവകം കെ യെ കുറിച്ച് ഗവേഷണം തുടർന്ന ഡാം രക്തം കട്ടിയാവുന്നതിനാവശ്യമായ പ്രോത്രോംബിൻ (Prothrombin) ഉത്പാദിപ്പിക്കാൻ ജീവകം കെ ആവശ്യമാണെന്നും പച്ചിലകളും തക്കാളിയുമാണ് ജീവകം കെ യുടെ ഏറ്റവും പ്രധാന സ്രോതസ്സുകളെന്നും കണ്ടെത്തി. ആന്ത്രപഥത്തിലെ ചിലയിനം ബാക്ടീരിയങ്ങൾ ജീവകം കെ പ്രകൃത്യാ തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നവജാത ശിശുക്കളിൽ, വിശേഷിച്ചും പൂർണ വളർച്ചയെത്താതെ പിറക്കുന്ന ശിശുക്കളിൽ ഈ ബാക്ടീരിയങ്ങളുടെ അഭാവമുള്ളതിനാൽ രക്തസ്രാവത്തിന്റെ അപകടം കൂടുതലാണ്. പ്രസവത്തിന് ഏതാനും ആഴ്ചകൾക്കു മുമ്പ് ഗർഭിണികൾക്ക് ജീവകം കെ കുത്തിവച്ചാൽ ശിശുക്കളിലെ ഈ അപര്യാപ്തത പരിഹരിക്കാനാവുമെന്നു ഡാം കണ്ടെത്തി. ജീവകം കെ യുടെ ഗവേഷണങ്ങൾക്കു പുറമേ ജീവകം ഇ യുടെ അപര്യാപ്തതാ രോഗങ്ങളെ കുറിച്ചും ഡാം പഠനം നടത്തിയിരുന്നു. പിത്തരസത്തിന്റെ ഘടകങ്ങൾ, പിത്തകോശക്കല്ല് (Gall stones) രൂപം കൊള്ളുന്ന പ്രക്രിയ എന്നിവയും ഇദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളായിരുന്നു. 1976 ഏപ്രിൽ 17-ന് കോപ്പൻഹേഗനിൽ ഇദ്ദേഹം നിര്യാതനായി.

ഇതുംകൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാം, ഹെന് റിക് (1895-1976) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹെൻട്രിക്_ഡാം&oldid=3090832" എന്ന താളിൽനിന്ന് ശേഖരിച്ചത്