ഷാക്ക് ലകാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jacques Lacan
ഷാക്ക് ലകാൻ
ജനനം(1901-04-13)13 ഏപ്രിൽ 1901
Paris, France
മരണം9 സെപ്റ്റംബർ 1981(1981-09-09) (പ്രായം 80)
Paris, France
കാലഘട്ടം20th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരPsychoanalysis
Structuralism
Poststructuralism
പ്രധാന താത്പര്യങ്ങൾPsychoanalysis
ശ്രദ്ധേയമായ ആശയങ്ങൾMirror phase
Triadic phase[1]
The Real
The Symbolic
The Imaginary
Graph of desire
സ്വാധീനിച്ചവർ

ഫ്രഞ്ച് ചിന്തകനും, മനോവിശ്ലേഷണ വിദഗ്ദ്ധനുമായിരുന്നു ഷാക്ക് ലകാൻ (13 ഏപ്രിൽ 1901 – 9 സെപ്റ്റം:1981). ഫ്രോയിഡിനു ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ദ്ധനായി ലകാനെ കരുതുന്നു.[2]ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവായും ലകാനെ പരിഗണിയ്ക്കുന്നുണ്ട്.[3]

ജീവചരിത്രം[തിരുത്തുക]

ലക്കാന്റെ സ്വകാര്യജീവിതം വിവാദങ്ങളുടെ ഒരു നാടകശാല ആയിരുന്നു. 1901-ൽ പാരിസിൽ അദ്ദേഹം ജനിച്ചു. 1927-ലാണ് സൈക്കിയാട്രിയിൽ അദ്ദേഹം പരിശീലനം തുടങ്ങിവയ്ക്കുന്നത്. 1932-ൽ ലക്കാൻ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ബിരുദപ്രബന്ധത്തിന് 'On Paranoia and its Relationship to Personality’(De la Psychose paranoïaque dans ses rapports avec la personnalité suivi de Premiers écrits sur la paranoïa. Paris: Éditions du Seuil, 1975.) എന്നായിരുന്നു ശീർഷകം. 1934-ൽ The Psychoanalytic Society of Paris എന്ന ഫ്രോയ്ഡിയൻ സംഘത്തിൽ ലക്കാൻ ചേർന്നു. സൈക്കോ അനലറ്റിക് തത്ത്വങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആബദ്ധതയുടെ തെളിവാണ്, സൊസൈറ്റി ഓഫ് പാരിസിൽ അദ്ദേഹം സമ്പാദിച്ച അംഗത്വം.[4]

വിവാദാത്മകമായ തന്റെ പ്രതിവാര സെമിനാറുകളിലൊന്നാമത്തേതിന് അദ്ദേഹം നാന്ദികുറിച്ചത് 1951-ലാണ്. മരിക്കുന്നതുവരെയും അദ്ദേഹമതു തുടർന്നു കൊണ്ടിരുന്നു. സാർത്ര്, ദെ ബൊവേ, ബാർത്ത്,ലെവി-സ്ട്രാസ്, മെർലോ-പോണ്ടി, അൽത്തുസർ, ഇറിഗറേ തുടങ്ങിയ പ്രതിഭകൾപോലും പ്രസ്തുത സെമിനാറുകളിൽ കേഴ്വിക്കാരായി വന്നെത്തിയിരുന്നു. ലക്കാന്റെ പ്രഭാഷണങ്ങൾ കുപ്രശസ്തി നേടി. ശൈലീകൃതമായ ഭാഷയും ആഘാതമേല്പിക്കുന്ന താനവും അവയുടെ സവിശേഷതകളായിരുന്നു. 1952-ൽ അദ്ദേഹവും സഹപ്രവർത്തകരും സുഹൃത്തുക്കളും മു൯കൈയെടുത്ത് The French Society of Psychoanalysis-നു രൂപം നല്കി..

1936-ലാണ് ‘The Mirror phase’ എന്ന പ്രബന്ധം ആദ്യമായി ലക്കാ൯ വായിക്കുന്നത്.1949- ൽ സൂറിച്ചിൽ അതിന്റെ പരിഷ്കരിച്ച രൂപം അദ്ദേഹം പുനരവതരിപ്പിച്ചു. 1953-ലാണ് Discourse of Rome എന്ന പേപ്പ൪ ലക്കാ൯ ലോകത്തിനു സമ൪പ്പിക്കുന്നത്. അബോധത്തിന്റെ ഭാഷയെപ്പറ്റിയായിരുന്നു അത്. കോൺഗ്രസ് ഓഫ് റൊമാൻസ് ലാംഗ്വേജ് സൈക്കോ അനലിറ്റിസ്റ്റിക് (Congress of Romance Language Psychoanalystic) എന്നറിയപ്പെടുന്ന സമ്മേളനത്തിൽ റോമിൽ വച് അദ്ദേഹം വിലക്കുകൾ കൂട്ടാക്കാതെ, ഒരു ചെറുസംഘത്തെ അഭിസംബോധന ചെയ്തവതരിപ്പിച്ച പ്രബന്ധമാണ് ‘The Function and Field of Speech and Language in Psychoanalysis’..

1764 ജൂണിൽ ലക്കാ൯ ദ ഫ്രോയ്ടിയ൯ സ്കൂൾ ഓഫ പാരീസ് (The Freudian School of Paris) സ്ഥാപിച്ചു. 1979-ൽ ആ സ്ഥാപനം അദ്ദേഹം പിരിച്ചു വിടുകയാണുണ്ടായത്. മനോവിശകലന വിദഗ്ദ്ധ൪ ലക്കാനെ ഭ്രഷ്ടനാക്കി. പക്ഷേ, അദ്ദേഹം പിന്തിരിഞ്ഞില്ല. അൽത്തൂസറിന്റെ രക്ഷാക൪ത്തൃത്വത്തിൽ അദ്ദേഹം സ്വന്തം പ്രഭാഷണങ്ങൾ നിസ്സങ്കോചം തുടരുകതന്നെ ചെയ്തു.

1966-ലാണ് 'എക്രി' (E-crits) പ്രസിദ്ധീകൃതമായത്. ലക്കാന്റെ ഇരുപത്തഞ്ചു വാർഷിക പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ മരുമകൻ സമാഹരിച്ചു. സ്വന്തം സ്കൂളിൽത്തന്നെ ലക്കാൻ എതിർക്കപ്പെടുകയുണ്ടായി.മുമ്പു സൂചിപ്പിച്ചതുപോലെ 1979-ൽ ആ സ്ഥാപനം പിരിച്ചുവിടാൻ അദ്ദേഹം തയ്യാറായി. 1980-ൽ മറ്റൊരാളുടെ (മില്ലറുടെ) ആധിപത്യത്തിൽ അതു വീണ്ടും തുറക്കപെട്ടു. 1981 സെപ്തംബറിൽ ലക്കാൻ ഇഹലോകം വെടിഞ്ഞു.

ലക്കാനിയ൯ വിമ൪ശനം[തിരുത്തുക]

ഫ്രോയ്ഡിയ൯ വിമ൪ശനം എഴുത്തുകാരന്റെ/കഥാപാത്രങ്ങളുടെ അവബോധം വിശകലനം ചെയ്യുമ്പോൾ, ലക്കാനിയൻ വിമർശനം പാഠത്തിന്റെ അവബോധം അപഗ്രഥിക്കുന്നു. ലാകാൻ പറയുന്നത് ഫ്രോയ്ഡിന്റെ അടിസ്ഥാനപരമായ ഉൾകാഴ്ച ഉപബോധമനസ്സിന്റെ അസ്തിത്വത്തെപറ്റിയായിരുന്നില്ല, മറിച്ച് ഉപബോധമനസ്സിന്റെ ഘടനയിലായിരുന്നു എന്നാണ്. ലാകാൻ ഫ്രോയ്ഡിന്റെ അബോധമനസ്സിന്റെ ദേവി (GODDESS OF UNCONSCIOUS)യെ മറയാക്കിയിട്ടും അതിന്റെ കാന്തിയുടെ തിളക്കം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അതിമാനുഷനുമായി ഉപമിക്കുന്നു. പാഠത്തിന്റെ ബോധത്തിനു കീഴിൽ ഒരബോധമുണ്ട്. വിരുദ്ധാ൪ത്തങ്ങളിലൂടെയും മറ്റും അബോധം പാഠത്തിൽ ഗുപ്തമായിരിക്കുന്നു. ദ൪പ്പണഘട്ടം, അബോധത്തിന്റെ സ൪വാധിപത്യം മുതലായ സൈക്കോ അനലറ്റിക് ഘട്ടങ്ങളും ബാഹ്യലക്ഷണങ്ങളും പാഠത്തിൽ സന്നിധാനം കൊളളുന്നത് ലക്കാനിയൻ വിമർശകർ ചൂണ്ടികാണിക്കും. അഭാവം, ആഗ്രഹം തുടങ്ങിയ പരികല്പനകളുടെ അടിസ്ഥാനത്തിൽ അവർ കൃതി മനസ്സിലാക്കാൻ ശ്രമിക്കും.

അവബോധത്തിന്റെ കേന്ദ്രസ്ഥത (centrality), ചിഹ്നിതത്തിന്റെ ഒഴിഞ്ഞുമാറൽ മുതലായ അംശങ്ങൾക്ക് അവർ ഊന്നൽ നല്കും. ലകാനിയൻ സിദ്ധാന്തങ്ങളുടെ പ്രധാനലക്ഷ്യം സമകാലിക സാഹചര്യത്തിൽ പരമാവധി സമഗ്രമായ ഒരു കർതൃ സങ്കല്പചിത്രം വരക്കുകഎന്നതായിരുന്നു. ഒരു വിഷയo എങ്ങനെ രൂപികരിക്കപ്പെടുന്നുവെന്നും അതിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നും ആണ് ലകാ൯ പ്രധാനമായും അന്വേഷിച്ചത്. ഇച്ഛയും അധികാരവും സംസ്കാരവും തമ്മിലുള്ള സങ്കീർണ്ണബന്ധം വിവരിക്കപ്പെട്ടതോടെ അതിൽനിന്ന് ഒരു സംസ്കാരപഠനസിദ്ധാന്തം മെനഞ്ഞെടുക്കനായി. എഴുത്തുകാരൻ എഴുതിയത് അയാൾ വിവക്ഷിക്കുന്നുവെന്നുള്ള ധാരണയെ ലക്കാനിയൻ വീക്ഷണം അംഗീകരിക്കുകയില്ല. ഭാഷ എഴുത്തുകാരനിലൂടെ സംസാരിക്കുകയാണ്. വായനയെയും ഭാഷതന്നെയാണു നിയന്ത്രിക്കുന്നത്. കണ്ണാടിയിലെ പ്രതിബിംബവും ശിശുവും തമ്മിലുള്ള ബന്ധം പാഠവും വായനക്കാരനും തമ്മിലുണ്ടെന്ന് പറയാം. പാഠത്തെ വായനക്കാരൻ തന്റെതായ സാമൂഹികതയിൽ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. അയാളുടെ അബോധം പാഠവുമായി സംബന്ധം സ്ഥാപിച്ചെടുക്കുന്നു. ലാകാൻ പറഞ്ഞിട്ടുണ്ട് 'മനുഷ്യൻ' എന്ന വ്യക്തി ഭാഷ സംസാരിക്കുന്നതിനോടൊപ്പം 'സൂചക'ങ്ങളുടെ, മുമ്പു തന്നെ നിലവിൽ വന്ന, സിദ്ധാന്തങ്ങളിൽ പ്രവേശിക്കുകയാണ് എന്ന്. മനുഷ്യൻ എന്നാ വ്യക്തി അതിൽ ലയിക്കുമ്പോഴാണ് അത് സാർത്ഥകമാവുന്നത്. മനുഷ്യൻ ഭാവിയിൽ പ്രവേശിച്ചതിനുശേം മാത്രമേ ബന്ധങ്ങളുടെ തന്ത്രത്തിൽ തന്റെ പങ്ക് തിരിച്ചറിയാനുള്ള യോഗ്യത കൈവരിക്കുകയുള്ളൂ. (അതായത് പുരുഷന/സ്ത്രീ, പിതാവ്/മാതാവ്, പുത്രി/പുത്രൻ, സഹോദരൻ/സഹോദരി തുടങ്ങിയവ) ഈ പ്രക്രിയയും അതിന് മുമ്പിലുള്ള മുഴുവൻ അവസ്ഥയും അബോധമനസ്സിന്റെ നിരീക്ഷണത്തിൽ തന്നെയാണ് നിശ്ചയിക്കപ്പെടുന്നത്.

അതുപോലെതന്നെ തന്റെ സെമിനാറിലുടനീളം പലതരം ആശയങ്ങൾ വിശദീകരിക്കാനും ഉദാഹരിക്കാനുമായ് ലകാൻ ഏറ്റവും കൂടുതൽ ആശ്രയിക്കാറുള്ളത് സാഹിത്യകൃതികളെയും പെയ്ന്റിങ്ങുകളെയും ആണ്. അവയെകുറിച്ചുള്ള തന്റേതുമാത്രമെന്നു പൂർണമായും അവകാശപ്പെടാനാവുന്ന വീക്ഷണങ്ങളും അദ്ദേഹം നൽകുന്നതു കണ്ട് അദ്ദേഹം സാഹിത്യസിദ്ധാന്തം രൂപികരിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സാഹിത്യ നിരൂപണരംഗത്ത് മുൻകാലം തൊട്ടുതന്നെ പ്രബലമായി നിലനില്ക്കുന്ന ഒന്നാണ് മനഃശാസ്ത്ര നിരൂപണം. കർത്താവിന്റെയോ കഥാപാത്രതിന്റെയൊ, വായനക്കരന്റെയൊ അബോധരഹസ്യങ്ങൾ കണ്ടെത്താനുള്ള താക്കോലാണ് ഈ നിരൂപണപദ്ധതി. ഫ്രോയ്ഡിയൻ പിന്മുറക്കാരും ഒരു പരിധിവരെ ഈ വഴി തന്നെയാണു സ്വീകരിച്ചുകാണാറുള്ളത്. കലാസൃഷ്ടികൾ സിരാരോഗത്തിന്റെ സൃഷ്ടിയാണെന്ന ഫ്രോയ്ഡിയൻ വാദം മുഖവിലയ്ക്കെടുക്കുന്ന ഈ നിരൂപണപദ്ധതി കലയിലെ കർത്താവിന്റെയും കഥാപാത്രതിന്റെയും വയനക്കാരന്റെയും രോഗനി൪ണ്ണയം എളുപ്പത്തിൽ സാധിച്ചു. മറ്റൊന്ന് സ്വപ്നവ്യാഖ്യാനത്തിന്റെ വിപുലനമായ പാഠാപഗ്രഥനമാണ്. സ്വപ്നങ്ങൾ, നാവുപിഴകൾ, ഫലിതങ്ങൾ ഇവയിലൂടെയൊക്കെ വെളിപ്പെടുന്ന അബോധത്തിന്റെ ഏറ്റവും പ്രകടമായ രക്ഷാമാർഗ്ഗമായാണ് അവർ കലാസൃഷ്ടിയെ കാണുന്നത്.

ഒരു കുറ്റാന്വേഷകനെപ്പോലെ പതിയിരുന്ന് കൃതിയുടെ ലൈംഗികരഹസ്യങ്ങൾ കണ്ടെത്തുന്നതിലപ്പുറം ഈ വിമർശനം മുന്നോട്ടുപോവുക അസാദ്ധ്യമായിരുന്നു. എന്നാൽ ലകാനിയൻ മനോവിശ്ലേഷണത്തിൽനിന്ന് പ്രചോദനം സിദ്ധിച്ച സാഹിത്യ സിദ്ധാന്തം പ്രാദമികമായും ചില കാര്യങ്ങളിൽ വിയോജിപ്പു രേഖപ്പെടുത്തുന്നു. ഒന്നാമതായി കൃതിയുടെ അർത്ഥത്തെ സംബന്ധിച്ച നിശ്ചിതത്വമാണ്. കൃതിയുടെ അർഥം അതിന്റെ നിഗൂഢസ്ഥലങ്ങളിൽ ഒളിഞ്ഞും പതുങ്ങിയും ഇരിക്കുന്ന ഒന്നല്ലെന്നും അത് പാഠത്തിലെ തന്നെ മറ്റ് ഒട്ടേറെ ഘടകങ്ങളുമായും, പാഠം നിർമ്മിക്കുന്ന അതിന്റെതായ ഒരു ആർത്ഥികക്ഷേത്രത്തിന്റെ രീതികൾക്കനുസൃതമായും ആണ് രൂപീകരിക്കപ്പെടുന്നത് എന്നും അത് ഒരിക്കലും ഏക പക്ഷീയമോ കേന്ദ്രിതമോ ആയിരിക്കുകയില്ലെന്നും ഈ സൈദ്ധാന്തിക൪ വാദിക്കുന്നു. പാഠത്തിന്റെ ഇച്ഛ എന്ന സങ്കല്പമാണ് മറ്റൊന്ന്. ഇച്ഛയുടെ വിന്യാസമായാണല്ലോ സംസ്കാരത്തെയും മനുഷൃജീവിതത്തെയും ലാകാ൯ വിവരിക്കുന്നത്. ഇച്ഛയാകട്ടെ അഭാവത്താൽ നിർണയിക്കപ്പെടുന്നതും, അവതന്നെയും സാങ്കല്പീക-ഭ്രമാത്മക പ്രതിവിധികളുടെ പ്രതീതി സൃഷ്ട്ടിക്കുന്നതുമാണ്. ഇത് കലാസൃഷ്ടികളിൽ ആരോപിക്കുവാൻ എളുപ്പമാണ്. കലാസൃഷ്ടിതന്നെയും ഈയൊരു സാങ്കല്പിക പ്രതിവിധിയായി കാണാമെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി കലാസൃഷ്ടിക്കകത്തെ പ്രവർത്തനങ്ങൾ. നോട്ടം, തുന്നിച്ചേർക്കൽ, മായക്കാഴ്ച, നിസ്സാരവസ്ത്വപരം, അപജ്ഞാനം, അനൃം, ലിംഗം, ഷണ്ഡീകരണം തുടങ്ങിയ ഒട്ടുമിക്ക ലാകാനിയൻ പരികല്പനകളും ഇത്തരമൊരു സൗന്ദര്യശാസ്ത്ര നിർമ്മിതിക്കു നേരിട്ടുതന്നെ പ്രയോഗയോഗ്യമാണ്.

മനോവിശ്ലേഷണം പ്രധാനമായും ഒരു പാഠവിമർശന സമ്പ്രദായമായി സ്വീകരിക്കുമ്പോൾ ആദ്യമേതന്നെ ശ്രദ്ധിക്കേണ്ട ഒരു വസതുത അവിടെ വിശ്ലേഷക-വിശ്ലേഷിത ബന്ധം എങ്ങനെയുള്ളതാണെന്നാണ്. കൃതിയുടെ ഭാഷണം രോഗിയുടെ വിവരണമാകുന്നു. ആസ്വാദകനും നിരൂപകനും വിശ്ലേഷകസേരയിൽ ചാഞ്ഞിരിക്കുന്നു. പാഠത്തിലെ സൂചനകാളോരോന്നും രോഗലക്ഷ്ണങ്ങളാകുന്നു.രൂപകങ്ങളും ഉപാദാനങ്ങളും പ്രത്യക്ഷപെടുന്നു. സാദൃശ്യ-സമ്പർക്കതലങ്ങൾ ഉണർന്നുതുടങ്ങുകയായ്.

അലൻ പോയുടെ ഉദാഹരണം[തിരുത്തുക]

അലൻ പോയുടെ ‘മോഷ്ടിക്കപെട്ട കത്ത്’ (The Purloined Letter) എന്ന കഥയെക്കുറിച്ചുള്ള ലകാന്റെ സെമിനാർ, തികച്ചും മനോവിശ്ലേഷണത്തിന്റേതായ ഒരു അപനി൪മ്മാണാത്മക വായനയാണെന്ന് നിരൂപക൪ പറയുകയുണ്ടായി. പോയുടെ ഡ്യൂപിൻ ത്രയം എന്നറിയപ്പെടുന്ന കുറ്റാന്വേഷണകഥകളിൽ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു കഥയാണ് 'മോഷ്ടിക്കപ്പെട്ട കത്ത്'. ആ കഥയിലെ കഥാപാത്രങ്ങൾ രാജാവ്, രാജ്ഞി, മന്ത്രി, പോലീസ് മേലധികാരി, ഡിറ്റക്ടീവായ ഡ്യുപിൻ (Dupin) എന്നിവരാണ്. ലക്കാൻ പ്രസ്തുത കഥയെ ഒരു രൂപകമായാണു കാണുന്നത്. അബോധതിന്റെയും ഭാഷയുടെയും സ്വഭാവ വിശേഷങ്ങൾ അതിൽ നിന്നും അദ്ദേഹം വായിച്ചെടുക്കുന്നു. മോഷ്ടിക്കപ്പെട്ട കത്ത് അബോധംതന്നെ. കത്തിന്റെ ഉള്ളടക്കം കഥയിൽ വ്യക്തമാക്കപ്പെടുന്നില്ല. കഥയിലെ പാത്രകർമ്മങ്ങളെ കത്ത് സ്വാധീനിക്കുന്നതാണു നാം കാണുന്നത്. അബോധത്തിന്റെ ഉള്ളടക്കം ജ്ഞേയമല്ല, പക്ഷേ നാം അബോധത്താൽ നിയന്ത്രിതരാണു താനും. മോഷണത്തെപറ്റിയുള്ള കുറ്റാന്വേഷകന്റെ അന്വേഷണം മനോവിശകലനത്തെ സൂചിപ്പിക്കുന്നു.അറിയപ്പെടാത്ത ഉള്ളടക്കമുള്ള കത്ത് ഭാഷയുടെ മുഖമുദ്രയെത്തന്നെ സംസൂചനം ചെയ്യുന്നു. ചിഹ്നിതം എപ്പോഴും നഷ്ട്ടപ്പെട്ടു പോകുന്നു, മോഷ്ടിക്കപ്പെടുന്നു. എല്ലാ വാക്കുകളും മോഷ്ടിക്കപ്പെട്ട കത്തുകളാണ് എന്ന് ലകാൻ അഭിപ്രായപ്പെടുന്നു.

സമാനമായ രണ്ടു രംഗങ്ങളാണ് കഥയിലുള്ളത്. ഒരു രാജഗീയ അന്തഃപുരത്തിൽ രാജാവും രാജ്ഞിയും മന്ത്രിയും പരിവാരങ്ങളുമൊക്കെയിരിക്കെ രാജ്ഞിക്ക് ഒരു കത്തു ലഭിക്കുന്നതാണ് ഒന്നാമത്തെ രംഗം. തൊട്ടടുത്തിരിക്കുന്ന രാജാവ് ഇക്കാര്യം അറിയുന്നേയില്ല. അപ്പോൾ 'ഡി' എന്ന മന്ത്രി കടന്നുവരുന്നതോടെ കത്തിന്റെ കാര്യം ആരും ശ്രദ്ധിക്കാതിരിക്കാനായി രാജ്ഞി അത് മുന്നിൽ വെച്ചു. കത്തിനുള്ളിൽ എന്തോ രഹസ്യമുണ്ടെന്നു ധരിക്കുന്ന മന്ത്രി, തന്റെ പോക്കറ്റിൽനിന്ന് സമാനമായ ഒരു കത്തെടുത്ത് വായിക്കുന്നതായി നടിച് ആദ്യത്തെ കത്തിന്റെ സമീപം വയ്ക്കുകയും, രാജ്ഞിയുടെ രഹസ്യം പതിയിരിക്കുന്ന കത്തുമെടുത്ത് കടന്നുകളയുകയും ചെയ്യുന്നു. രാജ്ഞിക്ക് ഒന്നും പറയാൻ കഴിയുമായിരുന്നില്ല. കാരണം കത്തിന്റെ കാര്യം പറഞ്ഞാൽ രാജാവിന്റെ ശ്രദ്ധ ക്ഷണിക്കലാവും. ഇതാണ് ഒന്നാമത്തെ രംഗം..[5]

രണ്ടാം രംഗം മന്ത്രിയുടെ താമസസ്ഥലമാണ്. രാജ്ഞിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ പതിനെട്ടു മാസക്കാലമായി പോലീസും മറ്റും കത്ത് തിരഞ്ഞുനടന്നെങ്കിലും ഒരു ഫലവുമുണ്ടാകാഞ്ഞത് ഡ്യൂപിൻ എന്ന കുറ്റാന്വേഷകനെ ചുമതലയേല്പിച്ചിരിക്കുന്നു. ഡ്യൂപിൻ മന്ത്രിയുടെ താമസസ്ഥലത്തുചെന്ന് പോലീസിന്റെ മുന്നിൽവച് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽത്തന്നെ മുറിയിലെ 'മാന്റിൽപീസി' ൽ തൂങ്ങികിടക്കുന്ന കത്ത് എടുക്കുകയും അതിനു പകരം മറ്റൊന്ന് വയ്ക്കുകയും ചെയ്യുന്നു. മന്ത്രിക്കും ആ പ്രവൃത്തി തടുക്കാനാവുന്നില്ല. ഇത്രയും വസ്തുതകൊണ്ടാണ് ലാകാൻ തന്റെ വിവരണം സാദ്ധൃമാകുന്നത്. ഇവിടെ മൂന്നു മുഹൂർത്തങ്ങളുണ്ട്, മൂന്നു ദൃശ്യങ്ങൾ, അവയ്ക്കു പിന്നിൽ മൂന്നുപേരും. ഒന്നാം മുഹൂർത്തത്തിൽ ഒന്നും കാണുന്നില്ല: രാജാവും പോലീസും. രണ്ടാം മുഹൂർത്തത്തിൽ ആദ്യത്തെയാൾ ഒന്നും കാണുന്നില്ലെന്നറിയുന്നുണ്ട്, എന്നാൽ ഒന്നും ചെയ്യാനാവാത്ത കുഴക്കിലാണ് രണ്ടാമത്തെയാൾ: രാജ്ഞിയും മന്ത്രിയും. മൂന്നാം മുഹൂർത്തത്തിൽ ആദ്യത്തെ രണ്ടുപേരും നിഷ്ക്രിയരാണെന്നു കാണുന്നതോടെ കർമ്മനിരതമാകുന്നു: മന്ത്രിയും ഡ്യൂപിനും. മണലിൽ മുഖം പൂഴ്ത്തിനിൽകുന്ന ഒരു ഒട്ടകപ്പക്ഷിയുടെ ദൃശ്യമാണ് ഈ രംഗത്തെ ഉദാഹരിക്കാനായ് ലാകാൻ ഉപയോഗിക്കുന്നത്. തല മണലിൽ പൂഴ്ത്തിയതുകൊണ്ട് ഒന്നും കാണാനാവാത്ത ഒന്നാമൻ; ഒന്നാമൻ കാണുന്നില്ലെന്നറിഞ്ഞിട്ടും പ്രവർത്തനസ്വാതന്ത്ര്യമില്ലാത്ത ഉടലായ രണ്ടാമൻ; ഇവ രണ്ടും നിഷ്ക്രിയമായിരിക്കെ പക്ഷിയുടെ പിൻഭാഗത്തു നുള്ളാൻ ധൈര്യപ്പെടുന്ന മൂന്നാമൻ (Seminar on ‘The Purloined Letter’,p.44).

ഡ്യൂപിന് വിശ്ലേഷകന്റെ സ്ഥാനമാണ് ലാകാൻ നൽകുന്നത്. ഭാഷയുടെ കാമനാവിനിമയഘടനയും അതിന്റെ ഫലങ്ങളും അയാൾക്ക് നല്ലപോലെ അറിയാം. അവസാനംവരെയും ആ കത്തിന്റെ ഉള്ളടക്കം ആർകും അറിഞ്ഞുകൂടാ. അഥവാ അതിന് ഒരു ഉള്ളടക്കമുണ്ടായിരുന്നെങ്കിൽതന്നെ അത് തീർത്തും അപ്രസക്തമാകുന്നതാണ് കഥയുടെ സന്ദർഭം. ലാകാന് ഈ ശൂന്യസൂചകം ഏറെ പ്രിയമാണല്ലോ. കത്തിനു കത്ത് (ഇംഗ്ലീഷിൽ 'letter' എന്ന വാക്കിന് അക്ഷരമെന്നും കത്ത് എന്നും അർത്ഥമുണ്ടല്ലോ.) പകരം വെക്കുന്നത് രൂപകതിന്റെയും ഉപാദാനത്തിന്റെയും നേർവിവരണമാകുന്നുമുണ്ട്. കത്താണ്, ആര് എങ്ങനെ ചലിക്കണമെന്നു തീരുമാനിക്കുന്നത്. തന്റെ ഉള്ളടക്കം ഒരിക്കലും വെളിപ്പെടുത്തേണ്ടതില്ലാത്ത സൂചകംതന്നെയാണ് കത്ത് എങ്കിൽ ഇതൊരു സാഹിത്യവിമർശനമല്ലെന്നും ലാകാനിയൻ ചിന്താപ്രപഞ്ചത്തെ സ്വയം വിശദീകരിക്കുന്ന ഒരു അന്യോപദേശ മാണെന്നും വരുന്നു.

ലാകാൻ പറഞ്ഞിട്ടുണ്ട് അബോധമനസ്സ് ഭാഷയെപ്പോലെ സംരചിതമാണ്, ഈ ദൃഷ്ടിയിൽ അഗാധമായ നിഹിതാർത്ഥങ്ങളുടെ വാഹകനാണ്. അബോധമനസ്സ് ഭാഷയെപ്പോലെ വായിക്കപ്പെടാൻ സാദ്ധ്യമാണെങ്കിൽ സാഹിത്യത്തെയും അബോധമാനസ്സിനെപ്പോലെ പഠിക്കാൻ കഴിയുന്നതാണ്. മറ്റൊരു തരണത്തിൽ പറഞ്ഞാൽ ഭാഷാപരമായ ചിഹ്നം ഏതെങ്കിലും വിധത്തിൽ 'കുറവി'നെയോ 'ഹാജരി'ല്ലാത്ത അവസ്ഥയേയോ സൂചിപ്പിക്കുന്നതിനാൽ സാഹിത്യം മനസ്സികാപഗ്രഥനതിന്റെ അപബോധമനസാണ്.‘LITERATURE IS THE UNCONCIOUS OF PSYCHOANALYSIS’.[6]

കൃതികൾ[തിരുത്തുക]

ലകാന്റെ സമാഹരിച്ച കൃതികൾ Lacan Dot Comൽദൃശ്യമാണ്.

അവലംബം[തിരുത്തുക]

  1. Lorenzo Chiesa, Subjectivity and Otherness: A Philosophical Reading of Lacan, MIT Press, 2007, p. 67.
  2. David Macey, "Introduction", Jacques Lacan, The Four Fundamental Concepts of Psycho-Analysis (London 1994) p. xiv
  3. John N. Gray (July 2012). "The Violent Visions of Slavoj Žižek". New York Review of Books. Retrieved 27 June 2012.
  4. നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം
  5. ടി ശ്രീവത്സൻ, നവമനോവിശ്ലേഷണo, (2001)പുറം.173-179, ഡി.സി.ബുക്ക്സ്.കോട്ടയം
  6. ഗോപിചന്ദ് നാരംഗ്, ഘടനാവാദവും ഉത്തര-ഘടനാവാദവും പൗരസ്ത്യ കാവ്യശാസ്ത്രവും, (2013)പുറം.182-194, സാഹിത്യ അക്കാദമി.ന്യൂഡൽഹി
"https://ml.wikipedia.org/w/index.php?title=ഷാക്ക്_ലകാൻ&oldid=2286304" എന്ന താളിൽനിന്ന് ശേഖരിച്ചത്