വി.പി. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. പി. മേനോൻ
ജനനം
വാപ്പാല പങ്കുണ്ണി മേനോൻ

(1893-09-30)30 സെപ്റ്റംബർ 1893
മരണം31 ഡിസംബർ 1965(1965-12-31) (പ്രായം 72)
ദേശീയതഭാരതീയൻ
തൊഴിൽസർക്കാർ ഉദ്യോഗസ്ഥൻ
അറിയപ്പെടുന്നത്സ്വതന്ത്ര്യ ഇന്ത്യയുടെ ഏകീകരണത്തിൽ വഹിച്ച പങ്കിനാൽ

ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (1893-1965).[1] വിഭിന്ന ഭരണവ്യവസ്ഥകളാൽ വൈചിത്ര്യപൂർണ്ണമായിരുന്നു സ്വാതന്ത്ര്യപൂർവ ഇന്ത്യ. മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്.

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിലെ ഒറ്റപ്പാലത്ത് 1893 സെപ്റ്റംബർ 30-ആം തീയതി ജനിച്ചു. പിതാവ് ചുനങ്ങാട് ശങ്കര മേനോൻ ഒരു ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ആയിരുന്നു. പന്ത്രണ്ട് മക്കളിൽ മൂത്തവനായിരുന്ന മേനോൻ പതിമൂന്നാം വയസ്സിൽ സ്കൂൾ വിട്ടശേഷം കൂലിപ്പണിക്കാരനായും കൽക്കരിഖനിത്തൊഴിലാളിയായും ഫാക്ടറിത്തൊഴിലാളിയായും ദക്ഷിണേന്ത്യൻ റെയിൽവേയിൽ സ്റ്റോക്കറായും മാറിമാറി ജോലി ചെയ്തു.[2]

പരുത്തിക്കച്ചവടത്തിലെ ദല്ലാൾപണി നോക്കി അദ്ദേഹം പരാജയപ്പെട്ടു. ഒരു സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു. അവസാനം ടൈപ്പ് ചെയ്യാൻ സ്വയം പഠിച്ച അദ്ദേഹം 1929-ൽ സിംലയിലെ ഇന്ത്യൻ ഭരണകൂടത്തിൽ ഒരു ഗുമസ്തനായി കയറിപ്പറ്റി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

ഔദ്യോഗികജീവിതത്തിൽ പിന്നീട് അദ്ദേഹത്തിന്റേത് കണ്ണഞ്ചിപ്പിക്കുന്ന ഉയർച്ചയായിരുന്നു. നിരന്തരമായ അദ്ധ്വാനവും ഇച്ഛാശക്തിയും കൊണ്ട് താഴേത്തട്ടിൽനിന്നു പടിപടിയായി ഔന്നത്യങ്ങളിലേക്കു എത്തിപ്പെടാൻ വി.പി.മേനോനു കഴിഞ്ഞു. 1947 ആകുമ്പോഴേക്കും വൈസ്രോയിയുടെ സ്റ്റാഫിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നിൽ അദ്ദേഹമെത്തിച്ചേർന്നു.

ഇന്ത്യാവിഭജന പദ്ധതി[തിരുത്തുക]

മൗണ്ട്‌ബാറ്റണോടൊപ്പം മേനോൻ

ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന ലൂയി മൗണ്ട്ബാറ്റന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു മേനോൻ. 1947-ൽ വിഭജനത്തിനു ശേഷം ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി മാറിയ സർദാർ പട്ടേൽ, വി.പി. മേനോനെ സെക്രട്ടറിയാക്കി.

ഇടക്കാല ഗവൺമെന്റിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള ബലപരീക്ഷണത്തിനിടയിലാണ് ഇന്ത്യയിൽ നിന്നും വേറിട്ടൊരു സ്വതന്ത്ര്യരാജ്യം വേണമെന്നുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തെ അംഗീകരിക്കാൻ മൗണ്ട്‌ബാറ്റൺ, ജവഹർലാൽ നെഹ്രു, സർദാർ വല്ലഭ് ഭായ് പട്ടേൽ എന്നിവരോട് ശുപാർശ ചെയ്യുന്നത്.

മൗണ്ട്‌ബാറ്റന്റെ ആദ്യ ഇന്ത്യാവിഭജനപദ്ധതി നെഹ്രു ശക്തമായി നിരാകരിച്ചതിനെത്തുടർന്നുണ്ടാക്കിയ പുതിയ പദ്ധതിയുടെ കരട് രൂപം തയ്യാറാക്കിയത് വി.പി.മേനോനാണ്.[2]

ഇന്ത്യയുടെ പുനരേകീകരണം[തിരുത്തുക]

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സർദാർ പട്ടേൽ കൈകാര്യം ചെയ്ത മന്ത്രാലയത്തിൽ മേനോൻ സെക്രട്ടറിയായിത്തീർന്നു. മേനോന്റെ ബുദ്ധിവൈഭവവും കഠിനാദ്ധ്വാനവും പട്ടേലിനെ വശീകരിച്ചു. ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ചേർക്കാൻ പട്ടേലിനോടൊപ്പം അദ്ദേഹം അഹോരാത്രം അദ്ധ്വാനം ചെയ്തു.

രജപുത്താന (രാജസ്ഥാൻ), കശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ് തുടങ്ങി നിരവധി നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ വി.പി. മേനോൻ മുഖ്യപങ്കുവഹിച്ചു.

മരണം[തിരുത്തുക]

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഒറ്റപ്പെടൽ അനുഭവിച്ച മേനോൻ 72-ആം വയസ്സിൽ 1965 ഡിസംബർ 31-ന് ഒറ്റപ്പാലത്തെ കുടുംബവീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പബ്ലിക്കേഷൻസ്, മാതൃഭൂമി (2013). മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. ISBN 9788182652590. Archived from the original on 2013-02-16. Retrieved 2013-07-26.
  2. 2.0 2.1 ഡൊമിനിക് ലാപ്പിയർ, ലാറി കൊളിൻസ് (2012-08-24). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഡി.സി. ബുക്സ്. ISBN 9788171300938.
"https://ml.wikipedia.org/w/index.php?title=വി.പി._മേനോൻ&oldid=3970684" എന്ന താളിൽനിന്ന് ശേഖരിച്ചത്