ഴാക് ലൂയി ദാവീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഴാക് ലൂയി ദാവീദ്
ഴാക് ലൂയി ദാവീദ് വരച്ച സ്വന്തചിത്രം
ജനനം
Jacques-Louis David

(1748-08-30)30 ഓഗസ്റ്റ് 1748
Paris, France
മരണം29 ഡിസംബർ 1825(1825-12-29) (പ്രായം 77)
ദേശീയതFrench
അറിയപ്പെടുന്നത്Painting, Drawing
അറിയപ്പെടുന്ന കൃതി
Oath of the Horatii (1784), The Death of Marat (1793)
പ്രസ്ഥാനംNeoclassicism
പുരസ്കാരങ്ങൾPrix de Rome

ഴാക് ലൂയി ദാവീദ് ഫ്രഞ്ചു ചിത്രകാരനായിരുന്നു. 1748 ഓഗസ്റ്റ് 30-ന് പാരിസിൽ ജനിച്ചു.

ജീവിതരേഖ[തിരുത്തുക]

ആദ്യ കാലത്ത് റൊക്കോക്കോ ചിത്രകാരനായ മേരിവിയാനോടൊപ്പം ചിത്രകല അഭ്യസിച്ചു. പിൽക്കാലത്ത് ഇദ്ദേഹം ക്ലാസിക് ശൈലി യാണ് തന്റെ മാധ്യമമായി സ്വീകരിച്ചത്. പ്രീക്സ് ഡി റോം പുരസ്കാരത്തിനായി ഇദ്ദേഹം മൂന്നു തവണ ശ്രമിച്ചു പരാജയപ്പെടുകയും അതിനെത്തുടർന്ന് 1773-ൽ പട്ടിണി കിടന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, 1774-ൽ പ്രസ്തുത പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തി. ഈ വിജയത്തിന്റെ തിളക്കത്തോടെ 1781 വരെ റോമിൽ ജീവിച്ചു. അതിനുശേഷം പാരിസിൽ മടങ്ങി യെത്തി. 1784-ൽ റോയൽ അക്കാദമി അംഗമായി.

ആദ്യരചന[തിരുത്തുക]

ദേശഭക്തിയുടേയും പൗരുഷത്തിന്റേയും ഇതിഹാസം എന്നു വിളിക്കാവുന്ന ദി ഓത്ത് ഒഫ് ദ് ഹോരാത്തി (1778) ആണ് ലൂയിസിന്റെ ശ്രദ്ധേയമായ ആദ്യ രചന. ഡെത്ത് ഒഫ് സോക്രട്ടീസ്, ദ് റിട്ടേൺ ഒഫ് ബ്രൂട്ടസ് എന്നിവ റോമിൽ വച്ച് ഇദ്ദേഹം രചിച്ച വിഖ്യാത ചിത്രങ്ങളാണ്. ഫ്രഞ്ചു വിപ്ലവാനന്തരം റോയൽ അക്കാദമി പ്രവർത്തനരഹിതമായപ്പോൾ ഇദ്ദേഹം സമകാലിക വിഷയങ്ങളുടെ ആവിഷ്കരണത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ദി ഓത്ത് ഒഫ് ദ് ടെന്നിസ് കോർട്ട്, ദ് ഡെത്ത് ഒഫ് മരാറ്റ് എന്നിവ ഇക്കാലത്തെ കലാസ്വാദകരെ സമാകർഷിച്ച മുഖ്യ രചനകളിൽപ്പെടുന്നു.

നെപ്പോളിയന്റെ ചിത്രകാരൻ[തിരുത്തുക]

ഡെത്ത് ഒഫ് സോക്രട്ടീസ്

ഇദ്ദേഹത്തിന്റെ ചിത്രകലാജീവിതത്തിന്റെ അടുത്തഘട്ടം നെപ്പോളിയനുമായി ബന്ധപ്പെട്ടു നിൽക്കുന്നു. രണ്ടു തവണത്തെ ജയിൽവാസത്തിനുശേഷം നെപ്പോളിയന്റെ ചിത്രകാരൻ എന്ന നിലയിലാണ് ഇദ്ദേഹം വീണ്ടും രംഗപ്രവേശം നടത്തിയത്. നെപ്പോളിയന്റെ ജീവിതത്തിലെ ഒട്ടനവധി വിജയ മുഹൂർത്തങ്ങൾ രേഖപ്പെടുത്തുന്നതിനായി ഇദ്ദേഹം തന്റെ സർഗവൈഭവം പ്രയോഗിച്ചിട്ടുണ്ട്. നെപ്പോളിയനോടുള്ള ഇദ്ദേഹത്തിന്റെ അനുകമ്പ കലർന്ന ആദരവിന്റെ സൂചകമാണ് 1814-ൽ രചിച്ച ലിയോണിഡസ് അറ്റ് തെർമോപൈലേ എന്ന ചിത്രം.

നിയോക്ലാസിക്കൽ ചിത്രകാരൻ[തിരുത്തുക]

1814-ൽ നെപ്പോളിയൻ നാടുകടത്തപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം 1816-ൽ ബ്രസ്സൽസിലേക്ക് പലായനം ചെയ്തു. 18-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഫ്രഞ്ച് നിയോക്ലാസിക്കൽ ചിത്രകലയിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം അതിശ്രദ്ധേ യമായിരുന്നു. പ്രതിഭാദത്തമായ പ്രചോദനത്തിന്റേയും സമുന്നതമായ ധാർമിക ബോധത്തിന്റേയും സാക്ഷാത്കാരമായ ഇദ്ദേഹത്തിന്റെ ശൈലി പിൽക്കാലത്ത് ജെറാർഡ് ഫ്രാങ്കോയിസ്, ഗിറോ ഡെറ്റ് ഡിറൌസി, അന്റോയിൻ ഗ്രോസ് തുടങ്ങിയ ശിഷ്യരിലൂടെ നിലനിറുത്തപ്പെടുകയുണ്ടായി. 1825 ഡിസംബർ 29-ന് ബ്രസ്സൽസ്സിൽ ഇദ്ദേഹം നിര്യാതനായി.

ജാക്വസ് ലൂയിസ് ഡേവിഡിന്റെ ചിത്രങ്ങൾ[തിരുത്തുക]

Gallery[തിരുത്തുക]

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡേവിഡ്, ജാക്വസ് ലൂയിസ് (1748 - 1825) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഴാക്_ലൂയി_ദാവീദ്&oldid=1943478" എന്ന താളിൽനിന്ന് ശേഖരിച്ചത്