ലേഖ കെ.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

75 കിലോ വിഭാഗത്തിൽ ഇന്ത്യൻ വനിതാ അമച്ച്വർ ബോക്സിംഗിനെ പ്രതിനിധീകരിക്കുകയും 2006 ലോക വനിതാ അമച്ച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്ത ഇന്ത്യൻ കായികതാരമാണ് ലേഖ കെ.സി.[1]

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിലെ കണ്ണൂർ ജില്ലയിൽ രോഹിണി കെ.സി.യുടെയും എം.വി.ഗോവിന്ദൻ നമ്പ്യാരുടെയും മകളായി പിറന്നു.[2] കണ്ണൂർ ജില്ലയിലെ പെരുമ്പടവിൽ കരിപ്പാലിനു സമീപം ചാത്തമംഗലമാണ് സ്വദേശം.

പെരുമ്പടവ് ബി.വി.ജെ.എം ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാരിക്കൊപ്പം മത്സരം കാണാൻ പോയ ലേഖയെ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും മത്സരിക്കാൻ പ്രേരിപ്പിക്കുന്നത് അന്നത്തെ കായികാദ്ധ്യാപകൻ സെബാസ്റ്റ്യൻ ജോൺ ആണ്. പിന്നീട് കണ്ണൂർ എസ്.എൻ. കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോഴാണ് അവിടത്തെ കായികാദ്ധ്യാപകനായ പി.കെ. ജഗന്നാഥൻ ലേഖയുടെ കഴിവ് തിരിച്ചറിയുന്നതും ബോക്സിങ് പരിശീലനത്തിന് അയക്കുന്നതും. ദേശീയ അത്‌ലറ്റിക് ചാമ്പ്യനായ ഡി.ചന്ദ്രലാലിന്റെ കീഴിലുള്ള പരിശീലനത്തിന്റെ ആദ്യകാലത്തു തന്നെ ലേഖ ബോക്സിംഗിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിന്നു.

കായിക ജീവിതം[തിരുത്തുക]

ഇന്ത്യ സ്പോർട്സ് അതോറിറ്റിയുടെ കൊല്ലം കേന്ദ്രത്തിലാണ് ലേഖ പരിശീലനം നേടിയത്. 2001 മുതൽ തുടർച്ചയായി ആറു തവണ ദേശീയ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.[3] ബോക്സിങ്ങിൽ ലോകചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ മലയാളിയാണ്. 2006 ലോക ചാമ്പ്യൻഷിപ്പ് നേടിയ നാലു സ്വർണ്ണമെഡൽ ജേതാക്കളിൽ ഒരാളായിരുന്നു അന്ന്. 75 കിലോ വിഭാഗത്തിലാണ് ലേഖ സ്വർണം നേടിയത്. 2005 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും[4] 2008 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ലേഖ സ്വർണം നേടിയിരുന്നു.[5]

ധ്യാൻചന്ദ് പുരസ്കാരം

കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് പുരസ്കാരം 2021 -ൽ കെ.സി. ലേഖയെത്തേടിയെത്തി. കായിക രംഗത്തെ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പട്ടത്.



അവലംബങ്ങൾ[തിരുത്തുക]

  1. "Has Kerala sounded time on KC Lekha?". The Times of India.
  2. "IBF Registered Boxer's Details". Haryana State Boxing Association. Retrieved 28 June 2016.
  3. "Lekha in fine nick". The Hindu. 12 July 2007.
  4. "Women's Asian Championships - Kaohsiung, Chinese Taipei - August 5-12 2005".
  5. Kowli, Jay; Paralkar, Prajakta. "Asian Womens Championships - Guwahati, India - September 23-28 2008".
"https://ml.wikipedia.org/w/index.php?title=ലേഖ_കെ.സി.&oldid=3693928" എന്ന താളിൽനിന്ന് ശേഖരിച്ചത്