ലന്തൻബത്തേരിയിലെ ലുത്തിനിയകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലന്തൻബത്തേരിയിലെ ലുത്തിനിയകൾ
കർത്താവ്എൻ.എസ്. മാധവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഇന്ത്യ ഡി.സി. ബുക്സ്
മാധ്യമംഅച്ചടി (ഹാർഡ്‌കവർ, പേപ്പർബാക്ക്)
ഏടുകൾഇന്ത്യ

എൻ.എസ്‌. മാധവൻ എഴുതിയ ഒരു മലയാളം നോവലാണ്‌ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ. 2003-ൽ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ഈ കൃതി എൻ.എസ് മാധവന്റെ ആദ്യ നോവലാണ്‌. 2004-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ നോവൽ നേടിയിട്ടുണ്ട്[1]. ലിറ്റനീസ് ഒഫ് ദ ഡച്ച് ബാറ്ററി(Litanies of the Dutch Battery) എന്ന പേരിൽ രാജേഷ് രാജമോഹൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ കൃതി, 2007-ലെ മാൻ ഏഷ്യൻ സാഹിത്യ സമ്മാനത്തിന്റെ ലോങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തി.[2][3]

പേര്[തിരുത്തുക]

നോവലിന്റെ പേര് അതിന്റെ സ്ഥല-സാസ്കാരികപശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. കൊച്ചിക്കടുത്ത് വേമ്പനാട്ടുകായലിലുള്ള ഒരു ചെറിയ ദ്വീപായ ലന്തൻ ബത്തേരിയാണ് കഥയുടെ പശ്ചാത്തലം. കൊച്ചിയുടെ നിയന്ത്രണം പോർച്ചുഗീസുകാരിൽ നിന്ന് കയ്യടക്കിയ 'ലന്തക്കാർ' (ഡച്ചുകാർ) ദ്വീപിന്റെ മുനമ്പിൽ സ്ഥാപിച്ച അഞ്ചു പീരങ്കികളാണ് ദ്വീപിന് ലന്തൻ ബത്തേരി എന്ന പേരു കിട്ടാൻ കാരണമായത്. ദ്വീപിലെ ഭൂരിഭാഗം നിവാസികളും നോവലിലെ മുഖ്യകഥാപാത്രങ്ങളും ലത്തീൻ കത്തോലിക്കരാണ്. 'ലുത്തിനിയ' (Litany) സ്തുതികളുടേയും അപേക്ഷകളുടേയും ആവർത്തനം ചേർന്നുള്ള ഒരു കത്തോലിക്കാ പ്രാർ‍ത്ഥാനാക്രമമാണ്.

രചനാചരിത്രം[തിരുത്തുക]

കഥയുടെ മാധ്യമത്തിൽ തീർത്തും സംതൃപ്തി കണ്ടെത്തിയിരുന്ന താൻ ഒരു നോവലെഴുതണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് നോവലിസ്റ്റ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറുകഥയായി തന്നെയാണ് അദ്ദേഹം ലന്തൻ ബത്തേരിയും എഴുതി തുടങ്ങിയത്. പക്ഷേ എഴുത്തു പുരോഗമിച്ചപ്പോൾ അതിലെ കാലം വല്ലാതെ വളരുകയും കഥാതന്തുവില്ലാതെ അതു പരക്കുകയും ചെയ്തു. ഒന്നു രണ്ടു നോട്ടുബുക്കുകൾ എഴുതിക്കഴിഞ്ഞപ്പോൾ കഥ നോവലാക്കാമെന്നു തോന്നിയെന്നും പിന്നീട് അതിനായി ഏറെ പണിയെടുക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.[4]

കഥ[തിരുത്തുക]

ഉത്ഭവം[തിരുത്തുക]

വള്ളപ്പണിക്കാരൻ 'കണക്കുകട്ട' [ക] വലിയ മത്തേവൂസാശാരിയുടേയും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യ മറ്റിൽഡയുടേയും ഏകസന്താനം എഡ്വീന-തെരേസ്സ-ഐറിൻ-മരിയാഗൊരത്തി-അന്ന-മർഗരിത്ത-ജെസ്സിക്കയാണ് നോവലിലെ മുഖ്യ കഥാപാത്രം. ലൈംഗികശേഷി നഷ്ടപ്പെട്ടിരുന്ന മത്തേവൂസാശാരിക്ക്, ഇടിയും മിന്നലുമുള്ള ഒരിടവപ്പാതി രാത്രിയിൽ കർത്താവിന്റെ മദ്ധ്യസ്ഥതയിൽ താൽക്കാലികമായി വീണുകിട്ടിയ 'കനലിന്റെ' കടപ്പാടിൽ 1950-ലാണ് ജെസ്സിക്ക ഉത്ഭവിച്ചത്. അമ്മയുടെ ഗർഭത്തിൽ വച്ചുതന്നെ അവൾ ലന്തൻബത്തേരിക്കുചുറ്റുമുള്ള മഹാജലത്തെ അറിഞ്ഞു. വാവുകളിൽ കായലിലെ വെള്ളം മേലോട്ട് ആയുമ്പോൾ അവൾ കിടന്നിരുന്ന ഗർഭജലത്തിനും വേലിയേറ്റം പിടിക്കുമായിരുന്നു.

ജനനം, വളർച്ച[തിരുത്തുക]

വേർപെടുത്തിയാൽ അടുപ്പം തീരുമോയെന്ന ഭയം മൂലം മറ്റിൽഡക്ക് കുഞ്ഞിനെ തന്റെ ഭാഗമായി കൊണ്ടുനടക്കാനായിരുന്നു ഇഷ്ടം. പ്രസവം കഴിയുന്നത്ര താമസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു. ഒടുവിൽ മറ്റിൽഡ ജെസ്സിക്കയെ പ്രസവിച്ചത് ലിസ്സിപ്പശുവിനെ കെട്ടിയിരുന്ന തൊഴുത്തിലാണ്. മകൾ ജനിച്ച 1951 ഏപ്രിൽ 24-ലെ സന്ധ്യക്ക് മൂന്നു 'രാജാക്കന്മാർ' മത്തേവൂസാശാരിയുടെ വീട്ടിൽ സന്ദർശകരായെത്തി. മദ്യത്തിന്റെ ലഹരിയിൽ കാറൽമാൻ ചരിതം എന്ന ചവിട്ടുനാടകത്തിലെ കഥാപാത്രങ്ങളായ രാജാക്കന്മാരാണ് തങ്ങളെന്ന് കരുതി എത്തിയ തൊഴിലാളികളായ സന്ത്യാഗുവും, ഫ്രാൻസിസും, മൈക്കിളും ആയിരുന്നു അവർ. നവജാതശിശുവിന് സമ്മാനമായി സന്ദർശകർ കൊടുത്തത് കൊച്ചിയിൽ അവർ ജോലി ചെയ്തിരുന്ന റ്റാറ്റാ കമ്പനി സാമ്പിളുകളായി കൊടുത്തിരുന്ന ഹമാം സോപ്പും, യുഡികൊളോണും, ഹെയർ ഓയിലുമാണ്.

മാമ്മോദീസയും ആദ്യകുർബ്ബാനയും പിന്നിട്ടും അമ്മ പറഞ്ഞ സിനിമാക്കഥകൾ കേട്ടും വളർന്ന ജെസ്സിക്കയെ മത്തേവൂസാശാരി താൻ വള്ളം പണിക്ക് ഉപയോഗിച്ചിരുന്ന മരപ്പലകകളിൾ ദൈവം കൊടുത്ത അരഞ്ഞാണങ്ങളായി കാണപ്പെട്ട വാർഷികവലയങ്ങൾ കാണിച്ചുകൊടുത്തു. ജെസ്സിക്ക 'നീലക്കുയിൽ' എന്ന സിനിമ തൃപ്പൂണിത്തുറയിലെ തിയേറ്ററിയിൽ അമ്മയോടൊപ്പം കണ്ടത് ഇ.എം.എസ്. മന്ത്രിസഭ സ്ഥാനമേറ്റതിന്റെ അടുത്ത ദിവസമാണ്. കുമ്പസാരിക്കുമ്പോൾ പാപമായി പറയാൻ അവൾക്ക് ലന്തൻ കൊട്ടാരം കാവൽക്കാരൻ മുഹമ്മദിന്റെ മകൾ സൈനബയെ 'വെള്ളയൂദത്തി' എന്നുവിളിച്ചതും അയല്പക്കത്തെ നടാഷയെ 'കള്ളിപ്പറങ്കിച്ചി' എന്നു വിളിച്ചതും മാത്രമേ ഉണ്ടായിരുന്നുള്ളു.

വിമോചനസമരത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ നടന്ന ഒരു ബാലജനസഖ്യം സമ്മേളനത്തിൽ, വിമോചനസമരക്കാർ എതിർക്കുന്ന റേഷൻ ഭക്ഷണമായ മക്രോണിയും വിശുദ്ധകുർബ്ബാനയിൽ ഉപയോഗിക്കുന്ന അപ്പവും ഒരേ ധാന്യമായ ഗോതമ്പുകൊണ്ട് ഉണ്ടാക്കുന്നതല്ലേ എന്ന ദൈവദോഷധ്വനിയുള്ള ചോദ്യം ചോദിച്ച ജെസ്സിക്കയുടെ തലക്ക് വേദാദ്ധ്യാപകൻ അടിച്ചു. അതിനെ പ്രതിക്ഷേധിച്ച് കൂട്ടുകാരോടുചേർന്ന് പള്ളിപ്പറമ്പിൽ വിസർജ്ജിച്ച ജെസ്സിക്കയെ, നല്ല സ്വഭാവത്തിൽ വളരാനായി കൊച്ചിയിലെ ബോർഡിങ്ങ് സ്കൂളിൽ അയക്കാനുള്ള പീലാത്തോസച്ചന്റെ[ഖ] നിർദ്ദേശം മത്തേവൂസാശാരിയും മറ്റിൽഡയും മനസ്സില്ലാതെയാണെങ്കിലും സമ്മതിച്ചു. എന്നാൽ അത് നടപ്പാകുന്നതിനു മുൻപ്, പണ്ടെങ്ങോ കടലിൽ പോയി മരിച്ചെന്നു കരുതിയിരുന്ന ജെസ്സിക്കയുടെ മുത്തച്ഛൻ വലിയ മർക്കോസാശാരി തിരിച്ചെത്തി. പേരക്കിടാവിനെ ബോർഡിങ്ങിൽ അയക്കുന്നതിനെ അദ്ദേഹം എതിർത്തതിനാൽ ജെസ്സിക്ക് ദ്വീപിൽ തന്നെ പഠനം തുടർന്നു.

കഥാന്ത്യം[തിരുത്തുക]

ജെസ്സിക്കക്ക് കണക്കിന് ട്യൂഷൻ കൊടുത്തിരുന്നത് അഭാജ്യസംഖ്യകളിന്മേലുള്ള(Prime Numbers) ഗവേഷണത്തിൽ മുഴുകി അവധൂതനെപ്പോലെ ഏകാകിയായി കഴിഞ്ഞിരുന്ന പുഷ്പാംഗദൻ മാസ്റ്ററാണ്. പഠിപ്പിക്കുന്നതിനിടയിൽ പുഷ്പാംഗദൻ, തന്നെ അനാശാസ്യമാംവിധം സ്പർശിച്ചുവെന്ന ജെസ്സിക്കയുടെ പരാതി സത്യമോ മനോവിഭ്രാന്തിയോ എന്ന് നോവലിൽ വ്യക്തമാവുന്നില്ല. ആരോപണം പരസ്യമായതോടെ തന്റെ നിരപരാധിത്വം ഹൃദയസ്പർശിയായ രീതിയിൽ വിവരിക്കുന്ന കത്ത് എഴുതി വച്ച ശേഷം പുഷ്പാംഗദൻ ആത്മഹത്യചെയ്തു. താൻ സത്യമാണ് പറഞ്ഞതെന്ന് ആപ്പോഴും ആണയിട്ട ജെസ്സിക്ക ആത്മഹത്യയുടേയും ഭ്രാന്തിന്റേയും ഇടക്ക് ചാഞ്ചാടി ഒടുവിൽ ഭ്രാന്ത് തെരഞ്ഞെടുക്കുന്നു. പെസ്സഹാ വ്യാഴാഴ്ചദിവസം പൊതുവീഥിയിൽ കൂടിയുള്ള ശ്ലീവാപ്പാതയിൽ(കുരിശിന്റെ വഴി - Way of the Cross), യേശു യെരുശലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്ന എട്ടാം ഇടത്തുവച്ച് 'ഭ്രാന്തുപിടിക്കുവാനായിരുന്നു 'തീരുമാനം'.

നോവൽ അവസാനിക്കുന്നത് ജെസ്സിക്കക്ക് കിട്ടുന്ന ഇലക്ട്രിക് ഷോക്കിന്റെ വിവരണത്തോടെയാണ്. പള്ളിവാസലിലെ തടാകം വഴി എത്തിയ പെരിയാറിലെ ജലത്തിന്റെ ശക്തിയിൽ തിരിഞ്ഞ ടർബൈണുകൾ രൂപപ്പെടുത്തിയ വൈദ്യുതിയുടെ ആഘാതത്തിനൊടുവിൽ അവൾക്ക് തന്റെ വലിയ പേര് മുഴുവൻ ഓർമ്മിക്കാനായില്ല.

ചരിത്രപശ്ചാത്തലം[തിരുത്തുക]

'ജീവിതനൗക' എന്ന സിനിമ ഇറങ്ങിയ 1951-ലെ ജനനം മുതൽ 1965 വരെയുള്ള പതിനഞ്ചു വർഷക്കാലത്തെ ജെസ്സിക്കയുടെ ജീവിതകഥയും അതിനു പശ്ചാത്തലമായി നിന്ന ലന്തൻ ബത്തേരി ദ്വീപിന്റേയും, നവകേരളത്തിന്റേയും, സ്വതന്ത്രഭാരതത്തിന്റേയും, ലോകത്തിന്റെ തന്നെയും ചിത്രവുമാണ് നോവലിലുള്ളത്. ജെസ്സിക്കയുടെ മമ്മോദീസായുടേയും ആദ്യകുർബ്ബാനയുടേയും താരുണ്യപ്രാപ്തിയുടേയും കഥക്കൊപ്പം നോവലിസ്റ്റ്, 1951-ൽ ലന്തൻ ബത്തേരിയിൽ ആദ്യമായി അച്ചുകുത്തുപിള്ളമാർ ഗോവസൂരി പ്രയോഗത്തിനു വരുന്നതിന്റേയും, 1953-ൽ തെൻസിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിന്റേയും, 1957-ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വരുന്നതിന്റേയും, ആ മന്ത്രിസഭക്കെതിരായ വിമോചന സമരത്തിന്റേയും, 1956-ൽ റഷ്യൻ സേന ഹങ്കറിയിലെത്തി ഇമ്രെ നാഗിയുടെ ഭരണത്തിന് അറുതിവരുത്തി 1958-ൽ അദ്ദേഹത്തെ വധിക്കുന്നതിന്റെയും, 1956-ൽ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസിൽ കൂഷ്ചേവ് സ്റ്റാലിനെ വിമർശിച്ചതിന്റെയും, കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ മാവോയുടെ പൗരസ്ത്യസഭ റഷ്യയുടെ 'തെറ്റാവരത്തെ' ചോദ്യം ചെയ്യുന്ന ശീശ്മ ആയതിന്റെയും, 1963-ൽ ടെക്സസിലെ ഡല്ലസ് പട്ടണത്തിൽ അമേരിക്കൻ രാഷ്ട്രപതി ജോൺ എഫ്. കെന്നഡി കൊല്ലപ്പെടുന്നതിന്റേയും ഒക്കെ കഥ പറയുന്നു.

നോവലിലെ കഥക്ക് സമാന്തരമായി പോകുന്ന ഈ ചരിത്രത്തോടൊപ്പം പഴയ ചരിത്രത്തിന്റെ അനുസ്മരണവുമുണ്ട്. ആ അനുസ്മരണത്തിൽ 1341 ജൂൺ മാസത്തിലെ ഒരു ദിനം പ്രകൃതിശക്തികളുടെ ഏറ്റുമുട്ടലിൽ കൊച്ചിയിലെ മണൽത്തിട്ട മുറിഞ്ഞ് തുറമുഖം ഉണ്ടായതും, കർമ്മലീത്താ സഭക്കാരൻ മത്തേവൂസ് പാതിരിയുടേയും, ഡച്ച് ഗവർണ്ണർ വാൻ റീഡിന്റേയും, കൊങ്ങിണിവൈദ്യന്മാരുടേയും സം‌യുക്തശ്രമഫലമായി രൂപപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥവും, ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ അലക്സാണ്ഡ്രിയയിലെ ഇററ്റോസ്തെനിസും, വാസ്കോ ഡ ഗാമയും[ഗ] എല്ലാം കടന്നു വരുന്നു.

ഭാഷ[തിരുത്തുക]

നോവലിന്റെ പ്രത്യേകതകളിലൊന്ന് അതിലെ കഥാപാത്രങ്ങളുടെ മനോവിചാരങ്ങളുടേയും സംഭാഷണങ്ങളുടേയും ഭാഷയാണ്. ജെസ്സിക്കക്ക് കണക്കിന് മാർക്ക് കുറഞ്ഞുപോയതറിഞ്ഞ അമ്മ മറ്റിൽഡയുടെ പതം പറച്ചിൽ ഇങ്ങനെയായിരുന്നു:

യഥാർത്ഥ ഗ്രാമ്യഭാഷ അപരിഷ്കൃതമാണെന്ന ധാരണമൂലം ഇന്നത്തെ കൊച്ചിക്കാർ മറന്നു പോയതെങ്കിലും 1950-കളിൽ കൊച്ചിയിലെ ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷയാണ് നോവലിലുള്ളതെന്ന് നോവലിസ്റ്റു പറഞ്ഞിട്ടുണ്ട്. കൊച്ചിക്കാരനായ താൻ തന്നെ ആ ഭാഷ മറന്നു പോയിരുന്നെന്നും ലന്തൻ ബത്തേരി ദ്വീപിൽ രണ്ടു മൂന്നു മാസം പോയി താമസിച്ചാണ് താനതിനെ തിരിച്ചു പിടിച്ചതെന്നും അദ്ദേഹം പറയുന്നു.[4]

കുറിപ്പുകൾ[തിരുത്തുക]

ക. ^ 'കണക്കുകട്ട' എന്നത് മത്തേവൂസാശാരിയുടെ കുടുംബപ്പേരാണ്. കപ്പൽ നിർമ്മാണവിദഗ്ദ്ധൻ പോണി ഗ്യൂസ്‌ലർ എന്ന സായിപ്പിന്റെ ശിഷ്യനായിരുന്ന മത്തേവൂസാശാരിയുടെ ഒരു പൂർവികൻ, അയാളിൽ നിന്ന് കപ്പൽ നിർമ്മാണത്തിന്റെ രഹസ്യഗണിതം മോഷ്ടിച്ച് ഗുരുശാപവും സന്തതിപരമ്പരകൾക്കായി രണ്ടാമത്തെ ജന്മപാപവും വാങ്ങിയതിനാലാണ് കുടുംബത്തിന് ഈ പേര് വീണത്.[5]

ഖ. ^ 'പിലാത്തോസച്ചൻ' നോവലിലിലെ ഒരു പ്രധാന കഥാപാത്രമാണ് ഈ പുരോഹിതൻ. ബുദ്ധിമാനെങ്കിലും 'ജലപിശാചിന്റെ' അസുഖമുള്ളതുമൂലം, കാരണമില്ലാതെ എപ്പോഴും കൈ കഴുകിക്കൊണ്ടിരിക്കും. അങ്ങനെ, യേശുവിനെ വധശിക്ഷക്ക് വിധിച്ചശേഷം കൈകഴുകിയ റോമൻ ഗവർണർ പീലാത്തോസിൻറെ പേര് ഇദ്ദേഹത്തിന് ഇരട്ടപ്പേരായി.

ഗ. ^ 1524-ൽ ഫോർട്ടുകൊച്ചിയിൽ കിടന്നു മരിച്ച 'വാസ്കോ ഡ ഗാമ|വാസ്കോ ഡ ഗാമയുടെ' അന്ത്യവചസ്സുകൾ നോവലിൽ ഇങ്ങനെ കൊടുത്തിരിക്കുന്നു: "എന്റെ പ്രിയ യേശു, നിന്റെ കൈകളിലേക്ക് ഞാൻ എന്നെ സമർപ്പിക്കുന്നു. ഇപ്പോൾ കാക്കകളുടെ കരച്ചിൽ അടുത്തെത്തിക്കൊണ്ടിരിക്കുന്നു. കാക്കകൾ, കാക്കകൾ, സ്വൈരംകെടുത്തുന്ന കൊച്ചിയിലെ കാക്കകൾ."

അവലംബം[തിരുത്തുക]

  1. ""Sahitya Akademi awards announced "" (in English). The Hindu. Archived from the original on 2005-12-14. Retrieved 2009-06-19.{{cite web}}: CS1 maint: unrecognized language (link)
  2. The Man Asian Literary Prize[പ്രവർത്തിക്കാത്ത കണ്ണി]
  3. "Infibeam.com". Archived from the original on 2011-08-11. Retrieved 2009-06-20.
  4. 4.0 4.1 എൻ എസ് മാധവൻ, എ.കെ. അബ്ദുൾ ഹക്കീമുമായുള്ള അഭിമുഖം, 2011 ഫെബ്രുവരി 20-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ്
  5. ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ച "ലന്തൻബത്തേരിയിലെ ലുത്തിനിയകൾ" - 2003 ആഗസ്റ്റിലെ മൂന്നാം പതിപ്പ്