മാർഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിനോപ്പിലെ മാർഷൻ

പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ (85-160) ജീവിച്ചിരുന്ന ഒരു ക്രൈസ്തവചിന്തകനാണ് മാർഷൻ (Μαρκίων). പിൽക്കാലത്ത് ക്രൈസ്തവവിശ്വാസത്തിന്റെ മുഖ്യധാരയായിത്തീർന്ന നിലപാടുകളിൽ നിന്ന് വേറിട്ടുനിന്ന ചിന്തകളുടെ പേരിൽ,[1] വ്യവസ്ഥാപിതസഭ മാർഷനെ പാഷണ്ഡിയായി കണക്കാക്കി പുറന്തള്ളി. രണ്ടാം നൂറ്റാണ്ടിലും തുടർന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, റോം കേന്ദ്രമാക്കി വളർന്നുവന്ന മുഖ്യധാരാസഭയുടെ നിലപാടുകൾക്ക് മാർഷന്റെ സിദ്ധാന്തങ്ങൾ കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ ത്രിത്വാധിഷ്ഠിതവിശ്വാസമായി പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാത്ത ദൈവശാസ്ത്രം പ്രചരിപ്പിച്ചതിന്, ആദ്യകാലസഭാപിതാക്കൾ മാർഷനെ നിശിതമായി വിമർശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് ക്രിസ്തുമതത്തിൽ മുന്നിട്ടുനിൽക്കുന്നത്. ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളിൽ" ഒരാളായ അദ്ദേഹം, വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ എല്ലാ ശാഖകൾകൾക്കും അസ്വീകാര്യനായിത്തീർന്നു. ആദ്യകാലസഭാ പിതാക്കളിൽ ഒരാളായിരുന്ന സ്മിർനായിലെ പോളിക്കാർപ്പ് മാർഷനെ, "സാത്താന്റെ ആദ്യജാതന്"‍(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. [2]

മാർഷന്റെ സ്വന്തം രചനകളൊന്നും ലഭ്യമല്ല. അദ്ദേഹത്തെ ചിലർ ജ്ഞാനവാദിയായി വിശേഷിപ്പിക്കാറുണ്ടെങ്കിലും എതിരാളികളുടെ വിമർശനങ്ങളിൽ തെളിഞ്ഞുവരുന്ന ചിത്രം വിശ്വസിക്കാമെങ്കിൽ, മാർഷന്റെ സിദ്ധാന്തങ്ങൾ ജ്ഞാനവാദത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. [3] അദ്ദേഹം നിർദ്ദേശിച്ച വിശുദ്ധഗ്രന്ഥസംഹിതയിൽ (Canon) ഉണ്ടായിരുന്നത് പൗലോസിന്റെ പത്തു ലേഖനങ്ങളും "മാർഷന്റെ സുവിശേഷം" എന്നറിയപ്പെട്ട ഒരു ഗ്രന്ഥവുമാണ്.[4] എബ്രായ ബൈബിൾ ഒന്നടങ്കം മാർഷൻ തള്ളിക്കളഞ്ഞു. കൂടാതെ പിൽക്കാലത്ത് പുതിയനിയമത്തിന്റെ ഭാഗമായി മാറിയ ഇതരഗ്രന്ഥങ്ങളും മാർഷന്റെ സംഹിതയ്ക്ക് പുറത്തുനിന്നു. പൗലോസ് അപ്പസ്തോലനെ സത്യവിശ്വാസത്തിന്റെ ആശ്രയിക്കാവുന്ന ഉറവിടമായി കണക്കാക്കിയ മാർഷൻ, യഹൂദസിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു വിശ്വാസസംഹിതയ്ക്ക് രൂപം കൊടുത്തു. ക്രിസ്തു കൊണ്ടുവന്ന രക്ഷയുടെ സന്ദേശം മനസ്സിലാക്കിയ ഒരേയൊരു അപ്പസ്തോലൻ പൗലോസായിരുന്നെന്ന് മാർഷൻ കരുതി.[5]

ജീവിതം[തിരുത്തുക]

മാർഷന്റെ ജീവിതത്തെ സംബന്ധിച്ച വിവരങ്ങൾക്കും ആശ്രയിക്കാനുള്ളത് അദ്ദേഹത്തിന്റെ വിമർശകരുടെ രചനകൾ തന്നെയാണ്. തുർക്കിയിലെ പൊണ്ടസ് പ്രവിശ്യയിലെ സിനോപ്പിലെ മെത്രാന്റെ മകനായിരുന്നു അദ്ദേഹമെന്ന് ഹിപ്പോലിറ്റസ് പറയുന്നു. അദ്ദേഹം ഒരു കപ്പലുടമയായിരുന്നെന്ന് റോഡനും, തെർത്തുല്യനും പറയുന്നു. [6] ഒരു കന്യകയെ നശിപ്പിച്ചതിന് പിതാവ് അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കിയെന്നും അവർ പറയുന്നു. എന്നാൽ കന്യകയെ നശിപ്പിച്ചുവെന്നതിന്, "സഭാകന്യകയെ" തെറ്റായ സിദ്ധാന്തങ്ങൾ കൊണ്ടു മലിനപ്പെടുത്തി എന്ന ആലങ്കാരികാർത്ഥമാണ് കല്പിക്കേണ്ടതെന്ന് ബാർട്ട് ഡി. എഹ്രമാൻ, "നഷ്ടപ്പെട്ട ക്രിസ്തുമതങ്ങൾ" എന്ന ഗ്രന്ഥത്തിൽ നിർദ്ദേശിക്കുന്നു.

ക്രി.വ. 142-143-നടുത്ത് മാർഷൻ റോമിലേയ്ക്കു പോയി.[7] തുടർന്നുവന്ന വർഷങ്ങളിൽ അദ്ദേഹം തന്റെ ദൈവശാസ്ത്ര സിദ്ധാന്തങ്ങൾക്കു രൂപം നൽകുകയും ഒട്ടേറെ അനുയായികളെ നേടുകയും ചെയ്തു. കത്തോലിയ്ക്കാ വിജ്ഞാനകോശം പറയുന്നത് മാർഷൻ അഭിഷിക്തനായ മെത്രാനായിരുന്നെന്നും ഒരുപക്ഷേ, സിനോപ്പിലെ മെത്രാനായിരുന്ന സ്വന്തം പിതാവിന്റെ സഹായി ആയിരുന്നിരിക്കാം എന്നുമാണ്.[6] റോമിലെ മെത്രാന്മാരുമായുള്ള സംഘർഷം മൂത്തപ്പോൾ മാർഷൻ തന്റെ അനുയായികളെ മറ്റൊരു സമൂഹമായി സംഘടിപ്പിച്ചു. റോമിലെ സഭ അദ്ദേഹത്തെ ക്രി.വ. 144-നടുത്ത് സഭാഭ്രഷ്ടനാക്കുകയും അദ്ദേഹം സംഭാവനയായി നൽകിയിരുന്ന വലിയ തുക മടക്കി കൊടുക്കുകയും ചെയ്തു.

സഭാഭ്രഷ്ടനാക്കപ്പെട്ട മാർഷൻ ഏഷ്യാമൈനറിലേയ്ക്ക് മടങ്ങി അവിടെ സ്വന്തം സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. റോമൻ സഭയുടെ മാതൃകയിൽ ശക്തമായ ഒരു സഭാഘടന രൂപപ്പെടുത്തിയ അദ്ദേഹം സ്വയം അതിന്റെ മെത്രാനായി.

സിദ്ധാന്തങ്ങൾ[തിരുത്തുക]

ശിഷ്യന്മാരെ പഠിപ്പിക്കുന്ന മാർഷൻ

പുതിയനിയമ സം‌ഹിത രൂപപ്പെടുന്നതിനു മുൻപാണ് മാർഷൻ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചത്. എബ്രായബൈബിളിന്റേയും ആദ്യകാലസഭയിൽ പ്രചരിച്ചിരുന്ന ക്രൈസ്തവലിഖിതങ്ങളുടേയും പഠനം മാർഷനെ, യേശുവിന്റെ ജീവിതത്തിലും പ്രബോധനങ്ങളിലും പ്രകടമായ ആദർശങ്ങളിൽ പലതും പഴയനിയമത്തിലെ ദൈവമായ യഹോവയുടെ നടപടികളുമായി പൊരുത്തപ്പെടാത്തവയാണെന്ന നിഗമനത്തിൽ എത്തിച്ചു. ഇത് അദ്ദേഹത്തെ ക്രി.വ. 144-നടുത്ത് [8]ദ്വന്ദാധിഷ്ഠിതമായ ഒരു നിലപാടിൽ എത്തിച്ചു.

യഹോവയും സ്വർഗ്ഗപിതാവും[തിരുത്തുക]

സ്വർഗ്ഗപിതാവായ ദൈവം അയച്ച രക്ഷകനാണ് യേശുക്രിസ്തുവെന്നും അദ്ദേഹത്തിന്റെ പ്രധാന അപ്പസ്തോലനായിരുന്നു പൗലോസെന്നും മാർഷൻ കരുതി. ക്രിസ്തുമതം, യഹൂദമതത്തിൽ നിന്ന് ഭിന്നവും അതിന് വിരുദ്ധവും ആണെന്നും അദ്ദേഹം വാദിച്ചു. അന്ന് ശൈശവാവസ്ഥയിലായിരുന്ന ക്രിസ്തുമതം, യഹൂദമതത്തിൽ നിന്ന് വ്യതിരിക്തമായ മതം എന്ന നിലയിൽ അതിന്റെ അസ്തിത്വം ഉറപ്പിച്ചിട്ടില്ലായിരുന്നുവെന്നത് പരിഗണിക്കുമ്പോൾ, വിപ്ലവാത്മകമായ ഒരു നിലപാടായിരുന്നു അത്. എബ്രായ ബൈബിളിനെ ഒന്നായി തിരസ്കരിച്ചതിനു പുറമേ അതിലേയും ക്രിസ്തുമതത്തിലേയും ദൈവങ്ങൾ രണ്ടാണെന്നു പോലും മാർഷൻ വാദിച്ചു: ഭൗതികപ്രപഞ്ചത്തെ സൃഷ്ടിച്ച പഴയനിയമത്തിലെ യഹോവയും, യേശുവിലൂടെ അവതരിച്ച പുതിയനിയമത്തിലെ സ്വർഗ്ഗസ്ഥനായ പിതാവുമാണ് ആ ദൈവങ്ങൾ‍. ലോകത്തെ സൃഷ്ടിക്കുകയും, "കണ്ണിനു പകരം കണ്ണ്" എന്ന പ്രാകൃതനീതിയിൽ അധിഷ്ഠിതമായ മോശയുടെ നിയമം പിന്തുടരുകയും ചെയ്യുന്ന യഹോവ, "ഡെമിയർജ്" എന്നു വിളിക്കാവുന്ന തരം താണ ദൈവമാണ്. യേശു വ്യത്യസ്തനായ മറ്റൊരു ദൈവത്തിന്റെ ജീവിക്കുന്ന അവതാരമാണ്: ചിലപ്പോൾ സ്വർഗ്ഗീയ പിതാവെന്ന് വിളിക്കപ്പെടുന്ന, കരുണയുടേയും സ്നേഹത്തിന്റേയും ഒരു പുതിയ ദൈവം. ഈ രണ്ടു ദൈവങ്ങളുടേയും വ്യക്തിത്വങ്ങൾ വ്യതിരിക്തമാണ്: അല്പനും, ക്രൂരനും, അസൂയാലുവും, യഹൂദരുടെ മാത്രം ഉയർച്ചയിൽ താത്പര്യമുള്ളവനുമായ ഒരു ഗോത്രദൈവവുമാണ് യഹോവ; മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം സ്നേഹിക്കുന്ന സാർവത്രികദൈവമായ സ്വർഗ്ഗീയപിതാവാകട്ടെ, തന്റെ മക്കളെ ദയാവാത്സല്യങ്ങളോടെ വീക്ഷിക്കുന്നു. ഈ ദ്വൈതസങ്കല്പം, പഴയനിയമവും, യേശുവിന്റെ ജീവിതത്തേയും ദൗത്യത്തേയും സംബന്ധിച്ച കഥകളും തമ്മിലുള്ള വൈരുദ്ധ്യത്തെ വിശദീകരിക്കാൻ മാർഷനെ സഹായിച്ചു.

യഹോവയെ മാർഷൻ നിയമവ്യഗ്രനായ ഒരു ദൈവമായി കണ്ടു. ലോകത്തെയും മനുഷ്യരാശിയേയും സൃഷ്ടിച്ചു കഴിഞ്ഞ്, മനുഷ്യരെ ആ ദൈവം അവരുടെ പാപങ്ങളുടെ പേരിൽ വെറുത്തു. പാപികളായ മനുഷ്യർക്ക് സഹനവും മരണവും വിധിച്ചുകൊടുക്കുന്നതിൽ അവൻ കണ്ടത് നീതി മാത്രമാണ്. നിയമത്തിന്റെ മാത്രം ദൃഷ്ടിയിൽ നോക്കുമ്പോൾ, ഇത് ശരിയായ നടപടിയായിരുന്നു. എന്നാൽ, തന്റെ പുത്രൻ യേശു വഴി സ്വയം മനുഷ്യർക്ക് വെളിപ്പെടുത്തിയ സ്വർഗ്ഗീയപിതാവിന്റെ പ്രവർത്തികൾ നിയമത്തിലെന്നതിനു പകരം ദയയിലൂന്നിയവയായിരുന്നു. രോഗശാന്തികളും അത്ഭുതപ്രവർത്തികളും വഴി ആ ദൈവം തന്റെ കരുണ പ്രകടിപ്പിച്ചു. ഒടുവിൽ അദ്ദേഹം തന്റെ പുത്രനിലൂടെ തന്നെത്തന്നെ കുരിശിൽ ബലിയായി നൽകി. യേശുവിലൂടെ സ്വയം ബലിയായി നൽകുക വഴി, സ്വർഗ്ഗീയ പിതാവ്, മനുഷ്യരാശിയ്ക്ക് പഴയ ദൈവത്തിനോടുണ്ടായിരുന്ന കടപ്പാട് വീട്ടുകയായിരുന്നു. ഈ ബലി, മനുഷ്യവംശത്തിന്റെ പാപക്കറ തുടച്ചു നീക്കി അവരെ നിത്യജീവിതത്തിന് അവകാശികളാക്കി.

മാർഷന്റെ "ബൈബിൾ"[തിരുത്തുക]

മാർഷന്റെ വിശുദ്ധഗ്രന്ഥസംഹിത (Canon) ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കിയ മാർഷന്റെ തന്നെ സുവിശേഷവും, പൗലോസിന്റെ പത്ത് ലേഖനങ്ങളും ഉൾപ്പെട്ടതായിരുന്നു. മറ്റെല്ലാ ലേഖനങ്ങളും പുതിയനിയമത്തിലെ ഇതരസുവിശേഷങ്ങളും അദ്ദേഹം തിരസ്കരിച്ചു.[9] യേശുവിന്റെ സന്ദേശത്തിന്റെ സാർവലൗകികസ്വഭാവം വെളിപ്പെടുത്തുന്നതായി മാർഷൻ കരുതിയ പൗലോസിന്റെ ലേഖനങ്ങൾക്ക്, അദ്ദേഹത്തിന്റെ സംഹിതയിൽ ഏറെ പ്രാധാന്യമുണ്ട്. ഇതര ലേഖനങ്ങൾ യേശുവിനെ, യഹൂദമതത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഒരു പുതിയ വിഭാഗം തുടങ്ങാൻ വന്നവനായി മാത്രം ചിത്രീകരിച്ചുവെന്ന് കരുതിയതിനാൽ അവ അദ്ദേഹത്തിന് സ്വീകാര്യമായില്ല. യേശുവിനെ അങ്ങനെ ചിത്രീകരിക്കുന്നത്, യഹോവവാദികളുടേതുപോലുള്ള മതഗോത്രവാദവും സ്വർഗ്ഗീയപിതാവിന്റെ സന്ദേശത്തിന് വിരുദ്ധവുമാണെന്ന് മാർഷൻ കരുതി.

മാർഷന്റെ സുവിശേഷം ലൂക്കായുടെ സുവിശേഷത്തെ ആധാരമാക്കിയുള്ളതാണെങ്കിലും അവ തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. ലൂക്കായിൽ നിന്ന് മാർഷൻ സ്വീകരിച്ചത് തന്റെ ദൈവശാസ്ത്രവുമായി ചേർന്നുപോകുന്ന ഭാഗങ്ങൾ മാത്രമായതിനാൽ മാർഷന്റെ സുവിശേഷം ലൂക്കായുടെ സുവിശേഷത്തേക്കാൾ ഹ്രസ്വമാണ്. യഹോവയെ സ്വർഗ്ഗീയപിതാവുമായി താരതമ്യം ചെയ്യുന്ന പ്രതിവാദം(antethesis) എന്ന കൃതിയും മാർഷന്റേതായുണ്ട്.

മാർഷന്റെ പൈതൃകം[തിരുത്തുക]

യാഥാസ്ഥിതിക ക്രിസ്തീയത[തിരുത്തുക]

ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ ആദ്യപ്പെടുന്ന അറിയപ്പെടുന്ന "പാഷണ്ഡി" മാർഷനാണ്. യേശുവിന്റെ ദൗത്യത്തിനും സന്ദേശത്തിനും അദ്ദേഹം കൊടുത്ത വ്യത്യസ്തമായ വ്യാഖ്യാനം, ചിലതരം യാഥാസ്ഥിതിക ദൈവശാസ്ത്രങ്ങൾ മാത്രം സ്വീകാര്യവും അല്ലാത്തവ തിരസ്കരിക്കപ്പെടേണ്ടവയും ആണെന്ന ആശയത്തിന് പ്രചാരം കൊടുത്തു. മാർഷൻ-സഭയ്ക്ക് ലഭിച്ച പ്രചാരത്തോട് യാഥാസ്ഥിതികവിഭാഗം പ്രതികരിച്ചത്, സാർവലൗകിക സ്വീകാര്യതയുള്ള 'കാത്തോലിക' വിശ്വാസങ്ങളുടെ ഒരു സംഹിത മുന്നോട്ടുവച്ചുകൊണ്ടാണ്. അതിനാൽ, യഹൂദ-മതസിദ്ധമായ പിൽക്കാലത്തെ 'കാത്തോലിക' ക്രിസ്തീയസാർവലൗകികതയുടെ വികാസത്തിന് കാരണമായത് മാർഷനാണ്.


മാർഷന്റെ ജീവിതകാലത്തുതന്നെ അക്കാലത്ത് ചെന്നെത്താവുന്ന സ്ഥലങ്ങളിലൊക്കെ പ്രചരിച്ച മാർഷന്റെ സഭ കാത്തോലിക സഭയ്ക്ക് വലിയ വെല്ലുവിളിയായി. അതിനെ പിന്തുടർന്നവരുടെ ബോധ്യങ്ങളുടെ ശക്തി, ഒരു നൂറ്റാണ്ടു കാലം പ്രാബല്യത്തോടെ നിലനിൽക്കാൻ ആ സഭയെ സഹായിച്ചു. തുടർന്നുവന്ന നൂറ്റാണ്ടുകളിലും, മുഖ്യസഭയുടെ എതിർപ്പിനേയും, സാമ്രാജ്യത്തിന്റെ ശത്രുതയേയും മറികടന്ന് അത് സാന്നിദ്ധ്യം പ്രകടമാക്കി.[10]

ബൈബിൾ സമുച്ചയം[തിരുത്തുക]

സ്വീകാര്യമായ വിശുദ്ധലിഖിതങ്ങളുടെ ഒരു സമുച്ചയം എന്ന ആശയം ആദ്യം അവതരിപ്പിച്ചതും സ്വന്തമായി അത്തരം ഒരു സമുച്ചയം നിർദ്ദേശിച്ചയും മാർഷനാണ്. മതഗ്രന്ഥങ്ങളുടെ കാര്യത്തിൽ ക്രിസ്തീയ ചിന്തയിലും ദർശനത്തിലും ഇന്നും നിലനിൽക്കുന്ന ഒരു വീക്ഷണകോണമാണ് അദ്ദേഹം അങ്ങനെ തുടങ്ങിവച്ചത്. മാർഷനുശേഷം ക്രിസ്ത്യാനികൾ, അഗീകൃത ദൈവശാസ്ത്രത്തിന്റെ അളവുകോലുകളുമായി ഒത്തുപോകുന്നവ, പാഷണ്ഡതയെ പ്രോത്സാഹിപ്പിക്കുന്നവ, എന്നിങ്ങനെ പവിത്രരചനകളെ രണ്ടായി തിരിച്ചു. 'കാനൻ' എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം തന്നെ 'അളവുകോൽ' എന്നാണ്. ഈ ദ്വന്തവീക്ഷണം, ബൈബിൾ എന്ന് പിന്നീട് അറിയപ്പെട്ട ഗ്രന്ഥസമുച്ചയത്തിന്റെ രൂപവത്കരണത്തെ സഹായിച്ചു. മാർഷന്റെ "കപടസമുച്ചയം" ആണ് ഔദ്യോഗികസഭയുടെ "നേർസമുച്ചയത്തിന്റെ" രൂപവത്കരണത്തിന് പ്രേരകമായത്.

യോഹന്നാന്റെ സുവിശേഷം[തിരുത്തുക]

യേശു സമ്പൂർണ്ണ മനുഷ്യനും സമ്പൂർണ്ണദൈവവും ആണെന്ന നിലപാട് ശക്തിയോടെ ഉയർത്തിപ്പിടിക്കുന്ന യോഹന്നാന്റെ സുവിശേഷവും മാർഷന്റെ മിക്കവാറും ലിഖിതങ്ങളിലും ദർശനത്തിലും പ്രകടമായ ജ്ഞാനവാദത്തിന്റെ തിരസ്കാരമായിരുന്നു. യേശുവിന്റെ ആത്മാവിന്റെ സ്വഭാവത്തിന് പ്രാധാന്യം കൊടുത്ത അത്മീയസുവിശേഷമെന്ന നിലയിൽ, യോഹന്നാന്റെ സുവിശേഷം സമാന്തരസുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞന്മാർ പോലും സമ്മതിക്കുന്നുണ്ട്. യേശുവിന്റെ ദ്വന്ദസ്വഭാവത്തെക്കുറിച്ച് മാർഷൻ സൃഷ്ടിച്ച സംശയങ്ങൾ ദൂരീകരിക്കാൻ വേണ്ടിക്കൂടി ആയിരിക്കാം ആ സുവിശേഷം എഴുതപ്പെട്ടത്.

മാർഷൻ വിമർശനം[തിരുത്തുക]

മാർഷനെ "സാത്താന്റെ ആദ്യജാതൻ" എന്ന് സ്മിർനായിലെ പോളികാർപ്പ് വിശേഷിപ്പിച്ചത് പ്രസിദ്ധമാണ്. [11] മാർഷന്റെ എണ്ണമറ്റ വിമർശകരിൽ, സിറിയയിലെ എഫ്രായീം, കോറിന്തിലെ ഡയോണിസിയസ്, അന്ത്യോക്യായിലെ തിയോഫിലസ്, ഗോർത്തീനയിലെ പീലിപ്പോസ്, റോമിലെ ഹിപ്പോലിറ്റസും റോഡോയും, എഡെസ്സായിലെ ബാർഡെസാനസ്, അലക്സാണ്ഡ്രിയായിലെ ക്ലെമെന്റ്, ഒരിജൻ എന്നിവർ ഉൾപ്പെട്ടിരുന്നു. എന്നാൽ വലിയ വിമർശകനായിരുന്ന തെർത്തുല്യനുപോലും മാർഷന്റേയോ അനുയായികളുടേയോ സ്വഭാവത്തിൽ കളങ്കമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[10]

പിൽക്കാലങ്ങളിൽ[തിരുത്തുക]

മാർഷന്റെ ചില ആശയങ്ങൾ പിൽക്കാലത്ത് മനിക്കേയൻ ചിന്തയിലും, പത്താം നൂറ്റാണ്ടിൽ ബൾഗേറിയയിലെ ബോഗോമിലുകളുടേയും പതിമൂന്നാം നൂറ്റാണ്ടിൽ ഫ്രാൻസിലെ കാത്താറുകളുടേയും നിലപാടുകളിലും നിഴലിച്ചു.

അവലംബം[തിരുത്തുക]

  1. തെർത്തുല്യൻ, മാർഷനെതിരെ, ഏറെക്കുറെ സമകാലീനമെന്നു പറയാവുന്ന ഒരു വിമർശനം.
  2. ഐറേനിയസ്, പാഷണ്ഡികൾക്കെതിരെ, III.3.4.).
  3. ബ്രിട്ടാനിക്കാ വിജ്ഞാനകോശം: മാർഷൻ Archived 2012-02-06 at the Wayback Machine.: "മാർഷന്റെ തന്നെ വീക്ഷണമനുസരിച്ച്, ക്രിസ്തുവിന്റേയും പൗലോസിന്റേയും സുവിശേഷങ്ങളെ ആധാരമാക്കിയുള്ള ക്രിസ്തുമതത്തിന്റെ നവീകരണമായിരുന്നു അദ്ദേഹം സ്ഥാപിച്ച സഭയുടെ ലക്ഷ്യം; അവയ്ക്കപ്പുറം മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. മാർഷനെ ജ്ഞാനവാദിയായി കരുതുന്നത് തെറ്റായിരിക്കുമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അദ്ദേഹം തീർച്ചയായും ഒരു ദ്വൈതവാദി ആയിരുന്നു. എന്നാൽ ജ്ഞാനവാദി ആയിരുന്നില്ല."
  4. [1], കേസറിയായിലെ യൂസീബിയസ്, സഭാചരിത്രം; ചില മാറ്റങ്ങളോടെ, ലൂക്കായുടെ സുവിശേഷം തന്നെയാണ് മാർഷന്റെ സുവിശേഷമായതെന്ന് കരുതപ്പെടുന്നു; ഡേവിഡ് സാൾട്ടർ വില്യംസ്, "മാർഷന്റെ സുവിശേഷത്തിന്റെ പുനർസൃഷ്ടി", ബൈബിൾ സാഹിത്യ പത്രിക 108 (1989), പുറം. 477-96.
  5. ബ്രിട്ടാനിക്കാ വിജ്ഞാനകോശത്തിന്റെ 1911-ലെ പതിപ്പ് മാർഷനെ സംബന്ധിച്ച ലേഖനം Archived 2012-02-06 at the Wayback Machine.
  6. 6.0 6.1 കത്തോലിക്കാ വിജ്ഞാനകോശം
  7. യേശുവിന്റെ കുരിശുമരണം നടന്ന് 115 വർഷങ്ങൾക്കുശേഷമാണ് മാർഷന്റെ പഠനങ്ങൾ തുടങ്ങിയതെന്ന് തെർത്തുല്യൻ കണക്കാക്കുന്നു. കുരിശുമരണം ക്രി.വ. 26-27-ൽ നടന്നതായും അദ്ദേഹം കണക്കാക്കി (മാർഷനെതിരെ, xix).
  8. മാർഷനെതിരെ"(xv) എന്ന ലിഖിതത്തിൽ തെർത്തുല്യൻ പറയുന്നതനുസരിച്ച്, കുരിശുമരണം കഴിഞ്ഞ് 115 വർഷവും ആറു മാസവും കഴിഞ്ഞ്
  9. യൂസീബിയസിന്റെ സഭാചരിത്രം
  10. 10.0 10.1 ഏണസ്റ്റ് ഇവാൻസ്: തെർത്തുല്യൻ, മാർഷനെതിരെ (ഓക്സ്ഫോർഡ് സർവകലാശാല പ്രെസ്സ്, 1972) - E-text of Adversus Marcionem; ഒപ്പം, ഇവാൻസിന്റെ തന്നെ "മാർഷൻ: സിദ്ധാന്തങ്ങളും സ്വാധീനവും"
  11. "ഒരിക്കൽ തന്നെ കണ്ടുമുട്ടിയ മാർഷൻ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോൾ പോളികാർപ്പ് കൊടുത്ത മറുപടി “സാത്താന്റെ ആദ്യജാതനെന്ന നിലയിൽ എനിയ്ക്ക് താങ്കളെ അറിയാം” എന്നായിരുന്നു ([2], ഐറേനിയസ്, പാഷണ്ഡതകൾക്കെതിരെ, III.3.4.).
"https://ml.wikipedia.org/w/index.php?title=മാർഷൻ&oldid=3656226" എന്ന താളിൽനിന്ന് ശേഖരിച്ചത്