"ടെഥിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'നൂറ് ദശലക്ഷത്തിൽപ്പരം വർഷങ്ങൾക്കുമുമ്പ് ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 10: വരി 10:


ആൽപൈൻ - ഹിമാലയൻ വൻകരകളുടെ കൂട്ടിമുട്ടൽ മെഡിറ്ററേനിയൻ സമുദ്രമൊഴികെയുള്ള ടെഥിസ് സമുദ്രത്തിന്റെ എല്ലാ അവശിഷ്ടങ്ങളെയും തുടച്ചുമാറ്റി. ഇപ്പോൾ തമ്മിലടുത്തുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ, യൂറേഷ്യൻ ഫലകങ്ങളുടെ പ്രവർത്തനംമൂലം മെഡിറ്ററേനിയൻ സമുദ്രം ക്രമാനുഗതമായി ചുരുങ്ങി വരുകയാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
ആൽപൈൻ - ഹിമാലയൻ വൻകരകളുടെ കൂട്ടിമുട്ടൽ മെഡിറ്ററേനിയൻ സമുദ്രമൊഴികെയുള്ള ടെഥിസ് സമുദ്രത്തിന്റെ എല്ലാ അവശിഷ്ടങ്ങളെയും തുടച്ചുമാറ്റി. ഇപ്പോൾ തമ്മിലടുത്തുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ, യൂറേഷ്യൻ ഫലകങ്ങളുടെ പ്രവർത്തനംമൂലം മെഡിറ്ററേനിയൻ സമുദ്രം ക്രമാനുഗതമായി ചുരുങ്ങി വരുകയാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
[[വർഗ്ഗം:ഭൂമിശാസ്ത്രം]]

08:50, 25 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

നൂറ് ദശലക്ഷത്തിൽപ്പരം വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്തുണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു അതിപുരാതന സമുദ്രം. പൂർവാർധഗോളത്തിലെ ഉത്തര-ദക്ഷിണ വൻകരകൾക്കിടയിലായിട്ടാണ് ഇത് സ്ഥിതിചെയ്തിരുന്നത്. ഇപ്പോഴത്തെ മെഡിറ്ററേനിയൻ കടലിന്റെ സ്ഥാനത്തുണ്ടായിരുന്ന ഈ പുരാതന ജലാശയം പെർമിയൻ കല്പത്തിന്റെ ആരംഭത്തിൽ രൂപമെടുത്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ടെർഷ്യറി കല്പത്തിന്റെ ആരംഭംവരെയും ഇതു നിലനിന്നിരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. മീസോസോയിക് മഹാകല്പത്തിൽ ഈ സമുദ്രം ഇന്നത്തെ തെക്കൻ യൂറോപ്പ്, മെഡിറ്ററേനിയൻ, വടക്കേ അമേരിക്ക, ഇറാൻ, ഹിമാലയം, തെ. കി. ഏഷ്യ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപിച്ചിരുന്നു എന്നാണ് വിശ്വാസം.

ആസ്ത്രിയൻ ഭൗമശാസ്ത്രജ്ഞനായിരുന്ന എഡ്വേഡ് സൂയസ് ആണ് ഈ പുരാതന സമുദ്രത്തിന് ടെഥിസ് എന്നു നാമകരണം ചെയ്തത്. ഗ്രീക്കു പുരാണങ്ങളനുസരിച്ച് സമുദ്രദേവനായ ഓഷ്യാനസിന്റെ പത്നിയാണ് ടെഥിസ്. ഇന്നത്തെ ആൽപ്സ് - ഹിമാലയ പർവതനിരകൾ സ്ഥിതിചെയ്യുന്ന ഈസ്റ്റ് ഇൻഡ്യൻ തീരദേശം മുതൽ അത്ലാന്തിക് തീരം വരെ വ്യാപിക്കുന്ന തെക്കൻ യൂറേഷ്യയുടെ ഭാഗങ്ങളും പടിഞ്ഞാറേയറ്റത്തുള്ള വെസ്റ്റിൻഡീസും ഉൾപ്പെട്ട പ്രദേശങ്ങളിലായി ടെഥിസ് സമുദ്രം വ്യാപിച്ചിരുന്നുവെന്ന് എഡ്വേഡ് സൂയസ് അഭിപ്രായപ്പെടുന്നു.

300 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പാലിയോസോയിക് മഹാകല്പത്തിന്റെ അവസാനഘട്ടത്തിൽ ടെഥിസ് സമുദ്രം ബൃഹത് വൻകരകളായിരുന്ന ഗോണ്ട്വാനയ്ക്കും ലാറേഷ്യക്കും മധ്യേ ഒരു നൈസർഗികാതിർത്തിയായി വർത്തിച്ചിരുന്നു. കൂടാതെ ആർട്ടിക്-പസിഫിക് സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നതും ഇതേ ജലാശയമായിരുന്നുവെന്ന് ഭൌമശാസ്ത്രജ്ഞർ അനുമാനിക്കുന്നു. മേൽ പറഞ്ഞ രണ്ടു ബൃഹത് വൻകരകൾക്കും തികച്ചും സവിശേഷമായ സസ്യജാലമുണ്ടായിരുന്നു എന്ന വസ്തുത ഇവയുടെ വേർപെടലിനെ സൂചിപ്പിക്കുന്നു. അക്കാലത്തെ സമുദ്ര ജീവജാലങ്ങളുടെ സാദൃശ്യം ഈ ഭാഗത്ത് ഒരു സമുദ്രമുണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്.

ട്രയാസിക് കല്പത്തിൽ രൂപമെടുത്ത ജിയോസിൻക്ളൈനിനും ടെഥിസ് എന്ന പേരുതന്നെയാണ് ഭൗമശാസ്ത്രജ്ഞർ നൽകിയിരിക്കുന്നത്. ഇന്നത്തെ ആൽപ്സ് ഹിമാലയ ശൃംഖല രൂപം കൊള്ളുവാൻ കാരണമായ അവസാദങ്ങൾ അടിഞ്ഞത് ഈ ഭാഗത്തായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ രൂപംകൊണ്ട കനം കൂടിയ അവസാദശിലാപാളികൾ ടെർഷ്യറി കല്പത്തിൽ ആൽപൈൻ ഓറോജനിക് വലയത്തിന്റെ സ്ഥാനം നിർണയിച്ചു. ടെർഷ്യറി കല്പത്തിൽ ഉണ്ടായ വൻകരാവിസ്ഥാപനം പുരാതന ബൃഹത് വൻകരകളുടെ ഭാഗങ്ങളെ തമ്മിൽ അടുപ്പിക്കുവാൻ സഹായകമായി. ടെഥിസ് സമുദ്രം നാമാവശേഷമാകുവാനും അതിന്റെ അവസാദപാളികൾക്ക് വലനം സംഭവിച്ച് മടക്കുപർവതങ്ങളായി രൂപാന്തരം പ്രാപിക്കുവാനും ഇത് കാരണമായി എന്നാണ് ആധുനിക ഭൗമശാസ്ത്രജ്ഞരുടെ അനുമാനം.

ഭൂവൽക്കം നിരവധി ഫലകങ്ങളായാണ് നിർമിതമായിരിക്കുന്നത്. ഇവയുടെ സ്ഥാനചലനങ്ങൾ നിരവധി പർവത രൂപീകരണ പ്രക്രിയകൾക്ക് കാരണമായിരിക്കുന്നു. ആഫ്രിക്ക-യുറോപ്പ് ഭൂഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഭൗമ പാളികൾ തമ്മിൽ അടുത്തപ്പോൾ ടെഥിസ് എന്ന പുരാതന സമുദ്രത്തിലെ അവശിഷ്ടങ്ങൾ ഞെരിഞ്ഞമരുകയും അവ മടക്കുകളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. വൻകരകളുടെ അതിരുകളിലുണ്ടായിരുന്ന പാറകൾ ആൽപൈൻ മടക്കു പർവത ഭാഗങ്ങളായി മാറി. ആൽപ്സ് പർവതനിരകളെ കൂടാതെ ഹിമാലയം, സ്പെയിൻ മുതൽ ചൈന വരെ വ്യാപിച്ചിരിക്കുന്ന വിശാല പർവത ശൃംഖല എന്നിവയുടെ രൂപീകരണത്തിനും ഇതു കാരണമായിത്തീർന്നു.

ആൽപൈൻ - ഹിമാലയൻ വൻകരകളുടെ കൂട്ടിമുട്ടൽ മെഡിറ്ററേനിയൻ സമുദ്രമൊഴികെയുള്ള ടെഥിസ് സമുദ്രത്തിന്റെ എല്ലാ അവശിഷ്ടങ്ങളെയും തുടച്ചുമാറ്റി. ഇപ്പോൾ തമ്മിലടുത്തുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ, യൂറേഷ്യൻ ഫലകങ്ങളുടെ പ്രവർത്തനംമൂലം മെഡിറ്ററേനിയൻ സമുദ്രം ക്രമാനുഗതമായി ചുരുങ്ങി വരുകയാണെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ടെഥിസ്&oldid=938794" എന്ന താളിൽനിന്ന് ശേഖരിച്ചത്