"അന്താരാഷ്ട്രവാണിജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 246: വരി 246:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
{{ഫലകം:Sarvavijnanakosam|അന്താരാഷ്ട്ര_വാണിജ്യം}}
{{ഫലകം:Sarvavijnanakosam| അന്താരാഷ്ട്ര_വാണിജ്യം}}
[[en:International trade]]
[[en:International trade]]

01:14, 19 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Ancient silk road trade routes across Eurasia.

മൂലധനമോ, വസ്തുക്കളോ,സേവനങ്ങളോ അന്താരാഷ്ട്ര അതിരുകൾ വഴി രാഷ്ടങ്ങൾ തമ്മിൽ കൈമാറുന്നതിന്റെ അന്താരാഷ്ട്ര വാണിജ്യം ( International trade) എന്നു പറയുന്നു. [1]. ഇത് പണ്ട് മുതൽക്കേ നില നിന്നിരുന്ന ഒരു ഇടപാടാണ്‌.

അടിസ്ഥാനം

വ്യക്തികൾ തമ്മിലായാലും രാഷ്ട്രങ്ങൾ തമ്മിലായാലും വാണിജ്യം നടക്കുന്നതിനുള്ള അടിസ്ഥാനകാരണം ഒന്നുതന്നെയാണ്. ഓരോ വ്യക്തിയും തനിക്ക് ഏറ്റവും നന്നായി നിർമിക്കുവാൻ കഴിയുന്ന വസ്തുക്കൾ ഉത്പാദിപ്പിക്കുകയും മറ്റുള്ളവരെപ്പോലെ നന്നായി ഉത്പാദിപ്പിക്കാൻ കഴിയാത്ത വസ്തുക്കൾക്ക് അവരെ ആശ്രിയിക്കുകയും ചെയ്യുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യത്തിലും ഈ തത്ത്വം തന്നെയാണ് അന്തർലീനമായിട്ടുള്ളത്.

ചരിത്രം

വാണിജ്യത്തിന്റെ തുടക്കം കുറിക്കുന്നത് മാറ്റക്കച്ചവടമാണ്. മാനവസംസ്കാരത്തിന്റെ ആദ്യത്തെ ചുവടുവയ്പായിരുന്നു ഇത്. സംസ്കാരത്തിന്റെയും സമ്പത്തിന്റെയും അനുക്രമമായ വർധനയോടെ മനുഷ്യൻ രാഷ്ട്രീയാതിർത്തികൾ വിട്ട് ക്രയവിക്രയം നടത്തുവാൻ തുടങ്ങി. യന്ത്രവത്കരണവും നാഗരികതയിലുള്ള പുരോഗതിയും അന്താരാഷ്ട്രവാണിജ്യം സങ്കീർണമാക്കി. വ്യവസായമേഖലകളിലും ഗതാഗത-വാർത്താവിനിമയമേഖലകളിലുമുണ്ടായ കണ്ടുപിടിത്തങ്ങളുടെ കാലാനുസൃതമായ വളർച്ചയോടെ അന്താരാഷ്ട്രവാണിജ്യം ആധുനികരീതിയിൽ വളർച്ച പ്രാപിച്ചു. ഇന്ന് ശാസ്ത്രീയ-സാങ്കേതികമേഖലകളിൽ മൌലികങ്ങളായ പല പരിവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു 'രണ്ടാംവ്യവസായവിപ്ളവ'ത്തിനുതന്നെ കളമൊരുക്കുന്ന ഈ പരിവർത്തനങ്ങൾ സമകാലിക അന്താരാഷ്ട്രവാണിജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുന്നു.


അതിപ്രാചീനകാലത്തുതന്നെ രാജ്യാന്തരവാണിജ്യം നടന്നു വന്നിരുന്നതായി ചരിത്രാതീതകാലഗവേഷണങ്ങൾ തെളിയിക്കുന്നു. ക്രിസ്ത്വബ്ദത്തിനുമുൻപുതന്നെ ഇന്ത്യയും മധ്യപൌരസ്ത്യരാജ്യങ്ങളുമായി സമുദ്രാന്തരസമ്പർക്കമുണ്ടായിരുന്നു. പുരാതനഗ്രീസിലേയും റോമിലേയും ലിഖിതങ്ങളിൽ ചൈനയെക്കുറിച്ചു കാണുന്ന വിവരങ്ങൾ ഈ രാഷ്ട്രങ്ങൾ തമ്മിലുണ്ടായിരുന്ന വ്യാപാരബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ചൈനയിൽനിന്നുള്ള കരമാർഗം മധ്യേഷയിലെ പട്ടണങ്ങളിൽകൂടി കാബൂളിലേക്കും പേർഷ്യൻപട്ടണങ്ങളിൽകൂടി അലപ്പോയിയിലേക്കും ഡമാസ്കസിലേക്കും മെഡിറ്ററേനിയൻതീരത്തുള്ള തുറമുഖങ്ങളിലേക്കും വ്യാപിച്ചു കിടന്നിരുന്നു. വിലകൂടിയ തുണിത്തരങ്ങൾ, പട്ടുതരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ ഈ മാർഗത്തിൽകൂടിയാണ് കടന്നിരുന്നത്. ഗതാഗതസൌകര്യങ്ങളുടെ കുറവുമൂലം ഈ കാലഘട്ടത്തിൽ രാജ്യാന്തരവാണിജ്യം മിക്കവാറും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒതുങ്ങിനിന്നു.


എ.ഡി. 15-ാം ശ.-ത്തിന്റെ അന്ത്യവും 16-ാം ശ.വും അന്താരാഷ്ട്രവാണിജ്യചരിത്രത്തിലെ വഴിത്തിരിവുകളാണ്. 1492-ൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതോടെ അത്ലാന്തിക് സമുദ്രത്തിലൂടെ രാജ്യാന്തരങ്ങളിലേക്കുള്ള സഞ്ചാരമാർഗം സുഗമമായി. ഇതിനെത്തുടർന്ന് മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളിൽ സ്പെയിൻ ആധിപത്യം സ്ഥാപിച്ചു. കുടിയേറിപ്പാർപ്പും യൂറോപ്യൻ ചരക്കുകളുടെ വിപണിയും സ്പാനിഷ് പുത്രികാരാജ്യങ്ങളിലാണ് ആദ്യമായി വികാസംപ്രാപിച്ചത്.


ഇതേസമയംതന്നെ പോർത്തുഗീസ് നാവികർ ആഫ്രിക്കൻ തീരങ്ങൾചുറ്റി ഏഷ്യയെ സമീപിക്കുന്നുണ്ടായിരുന്നു. ഗുഡ്ഹോപ് മുനമ്പുവഴി വാസ്കോഡഗാമ ഇന്ത്യയിൽ എത്തിച്ചേർന്നതോടെ (1498) പോർത്തുഗൽ അധികാരത്തിന്റെയും സമ്പത്തിന്റെയും ഇരിപ്പിടമായിമാറി. ചുരുക്കത്തിൽ വെനീസിലെ രണ്ടു കപ്പലുകളിലും മധ്യപൂർവദേശങ്ങളിലെ ഒട്ടകങ്ങളിലും ഒതുങ്ങിനിന്ന വാണിജ്യത്തിന് പുതിയ രൂപവും ഭാവവും സിദ്ധിച്ചു. 16-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി പോർത്തുഗൽ അതിന്റെ ഔന്നത്യത്തിലെത്തിച്ചേർന്നു. ഇന്ത്യ, സിലോൺ, മലയാ, വ.കിഴക്കൻ ഏഷ്യൻരാജ്യങ്ങൾ എന്നിവയുമായി വ്യാപാരത്തിൽ കുത്തക സ്ഥാപിക്കുവാൻ ഇക്കാലങ്ങളിൽ പോർത്തുഗീസുകാർക്ക് കഴിഞ്ഞു.


സമുദ്രാന്തരകപ്പൽമാർഗങ്ങളുടെ ആവിർഭാവത്തോടുകൂടി വാണിജ്യ-സമ്പദ് വ്യവസ്ഥകളിൽ വിപ്ളവാത്മകങ്ങളായ പരിവർത്തനങ്ങൾ ദൃശ്യമായിത്തുടങ്ങി. സോഫാല, ഓർമസ് (പേർഷ്യാ), സൂറത്ത്, കോഴിക്കോട്, മലാക്കാ, ബന്താം (ജാവാ), മക്കാവോ, ഹിരാദോ (ജപ്പാൻ) തുടങ്ങിയ തുറമുഖ പട്ടണങ്ങൾ ലോകവാണിജ്യഭൂപടത്തിൽ ഉയർന്നുവന്നത് ഇക്കാലത്താണ്. 17-ാം ശ.-ത്തിന്റെ മധ്യത്തോടെ പ്രധാന യൂറോപ്യൻരാജ്യങ്ങളും ഏഷ്യൻരാജ്യങ്ങളുമായി വാണിജ്യബന്ധങ്ങൾ സ്ഥാപിതമായി. ഇംഗ്ളീഷുകാരുടെയും ഡച്ചുകാരുടെയും രംഗപ്രവേശം പോർത്തുഗീസുകാർക്കുള്ള ഏഷ്യയിലെ കച്ചവടക്കുത്തക നഷ്ടപ്പെടുത്തി. നാവികശക്തിയുടെ ഉയർച്ചയോടെ രാജ്യാന്തരവാണിജ്യത്തിൽ ബ്രിട്ടൻ നേതൃസ്ഥാനം പിടിച്ചുപറ്റുകയും ചെയ്തു.

അന്താരാഷ്ട്ര വാണിജ്യവും ആഭ്യന്തരവാണിജ്യവും

അന്താരാഷ്ട്രവാണിജ്യത്തിന്റെയും ആഭ്യന്തരവാണിജ്യത്തിന്റെയും അടിസ്ഥാനകാരണങ്ങൾ ഒന്നുതന്നെയാണെങ്കിലും ഇവ തമ്മിൽ ചില മൗലിക വ്യത്യാസങ്ങളുണ്ട്. ഒരു രാജ്യാതിർത്തിക്കുള്ളിൽ തൊഴിലിന്റെയും മൂലധനത്തിന്റെയും ചലനക്ഷമത ഏറിയിരിക്കും. പ്രതിഫലത്തിന്റെ തോതനുസരിച്ച് ഈ ഘടകങ്ങൾ ഒരു ഉത്പാദനശാലയിൽനിന്ന് മറ്റൊന്നിലേക്കോ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കോ പ്രവഹിക്കുന്നു. തത്ഫലമായി കാലാന്തരത്തിൽ ഇവയ്ക്കു ലഭിക്കുന്ന പ്രതിഫലം ഏറെക്കുറെ സമമായിത്തീരുന്നു. നേരേമറിച്ച് ഇവയുടെ രാജ്യാന്തരചലനക്ഷമത തുലോം കുറവാണ്. ഇതുമൂലം ഉത്പാദനഘടകങ്ങൾക്ക് വിവിധ രാഷ്ട്രങ്ങളിൽ ലഭിക്കുന്ന പ്രതിഫലം വ്യത്യസ്തമായിരിക്കും. ഈ വസ്തുത ആദ്യമായി വിശകലനം ചെയ്തത് ക്ളാസിക്കൽ ധനശാസ്ത്രജ്ഞൻമാരാണ്. ഇതിനെതിരായി വളരെയേറെ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഭാഷകളിലുമുള്ള വ്യത്യാസങ്ങൾ, പ്രാദേശികപരിഗണനകൾ, ഗതാഗതതടസ്സങ്ങൾ എന്നിവ ഉത്പാദനഘടകങ്ങളുടെ ചലനക്ഷമതയെ ഒരു രാജ്യാതിർത്തിക്കുള്ളിൽതന്നെ നിയന്ത്രിക്കുന്നുവെന്നാണ് മുഖ്യമായ വിമർശനം. അതേസമയംതന്നെ ഇവയ്ക്ക് രാജ്യാന്തരചലനക്ഷമത തീരെയില്ല എന്നും പറഞ്ഞുകൂടാ. സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ ഫലമായി രാജ്യാന്തര ചലനക്ഷമത ഇന്ന് വളരെയേറെ സജീവമായിട്ടുണ്ട്. രാഷ്ട്രീയാനിശ്ചിതത്വം, വിദേശീയരെപ്പറ്റിയുള്ള വിശ്വാസക്കുറവ്, വിദേശീയഭാഷകളിലുള്ള അജ്ഞത, കുടിയേറ്റനിയന്ത്രണങ്ങൾ, വിദേശനിക്ഷേപനിയന്ത്രണങ്ങൾ, നിയമപരമായി പരിഹാരം നേടുന്നതിനുളള വൈഷമ്യങ്ങൾ, യുദ്ധാനന്തരനാണയപ്പെരുപ്പം എന്നിവയായിരുന്നു രാജ്യാന്തരചലനക്ഷമതയെ നിയന്ത്രിച്ചിരുന്ന ഘടകങ്ങൾ. എന്നാൽ, ഇവയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ അന്താരാഷ്ട്ര വാണിജ്യം ഇന്ന് ഏറ്റവും സജീവവും ചലനാത്മകവുമായ ഒരു സാമ്പത്തിക പ്രക്രിയയായി മാറിയിരിക്കുന്നു,

സ്വാധീനിക്കുന്ന ഘടകങ്ങൾ

പ്രകൃതിവിഭവങ്ങളുടെ ചോദന-പ്രദാനങ്ങളിലുള്ള വിടവ്

ധാതുക്കൾ, കാർഷികവിഭവങ്ങൾ തുടങ്ങിയവയുടെ ഭൂമിശാസ്ത്രപരമായ വിതരണത്തിൽ ഗണ്യമായ അസമത്വങ്ങളുണ്ട്. മറ്റുള്ള രാഷ്ട്രങ്ങളിൽനിന്നെല്ലാം തികച്ചും സ്വതന്ത്രമായി നില്ക്കുവാൻ തക്കവണ്ണം വിഭവശേഷിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുവാൻ ഒരു രാഷ്ട്രത്തിനും സാധ്യമല്ല. തൻമൂലം ഓരോ രാഷ്ട്രവും അതതിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മറ്റു രാഷ്ട്രങ്ങളുമായി വാണിജ്യബന്ധം സ്ഥാപിക്കുവാൻ നിർബബന്ധിതമാകുന്നു.

വിശേഷവത്കരണവും ആപേക്ഷിക വ്യയസിദ്ധാന്തവും

പലപ്പോഴും ഒരു രാഷ്ട്രം അതിനുതന്നെ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ചരക്കുകൾകൂടി മറ്റു രാഷ്ട്രങ്ങളിൽനിന്നു വാങ്ങുന്നു. ഇതിനു കാരണം അന്തർദേശീയവിശേഷവത്കരണവും (Specialisation) അതിന്റെ അടിസ്ഥാനമായ ആപേക്ഷിക വ്യയസിദ്ധാന്തവു(Principle of Comparative Cost)മാണ്. ഈ തത്ത്വപ്രകാരം ഓരോ രാഷ്ട്രവും അതതിന് ഏറ്റവും കൂടുതൽ ആപേക്ഷികാനുകൂല്യമുള്ളതോ ഏറ്റവും കുറവ് ആപേക്ഷികപ്രാതികൂല്യമുള്ളതോ ആയ ചരക്കുകളുടെ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റുള്ള രാഷ്ട്രങ്ങളുമായി വ്യാപാരം നടത്തുന്നതായാൽ എല്ലാ രാഷ്ട്രങ്ങൾക്കും ലാഭകരമായിരിക്കും. മറ്റൊരുതരത്തിൽ പറഞ്ഞാൽ വിവിധ രാഷ്ട്രങ്ങളിൽ വിഭിന്നചരക്കുകളുടെ സൂക്ഷ്മവ്യയ-വില വ്യത്യാസാനുപാതം (Differential cost price ratio) അന്താരാഷ്ട്ര വാണിജ്യത്തിന് പ്രേരകമായ ഒരു മുഖ്യഘടകമാണ്.

സാമ്പത്തികപുരോഗതിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ

വികസിതരാഷ്ട്രമായ ബ്രിട്ടൻ അത്രയുംതന്നെ വികസിതമല്ലാത്ത ആസ്റ്റ്രേലിയാ, ആർജന്റീനാ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽനിന്നും അസംസ്കൃതവസ്തുക്കൾ വാങ്ങുകയും പകരം നിർമിതവസ്തുക്കൾ നല്കുകയും ചെയ്യുന്നു. യു.എസ്സും ബ്രിട്ടനും തമ്മിലുള്ള വാണിജ്യചരിത്രവും ഈ വസ്തുത തെളിയിക്കുന്നു. ഒരു കാലത്ത് കാർഷികപ്രധാനമായിരുന്ന യു.എസ്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അസംസ്കൃതവസ്തുക്കളുടെയും ഭക്ഷണവിഭവങ്ങളുടെയും പ്രഭവസ്ഥാനവും നിർമിതവസ്തുക്കളുടെ ഒരു മുഖ്യവിപണിയുമായിരുന്നു. എന്നാൽ ഇന്ന് യു.എസ്. ഈ സ്ഥിതിവിശേഷത്തെ അതിജീവിച്ചിരിക്കുന്നുവെന്നുമാത്രമല്ല, ലോകവിപണികളിൽ മുഖ്യശക്തിയായി മാറുകയും ചെയ്തു.


ജനസംഖ്യാവിതരണത്തിലുള്ള വ്യത്യാസങ്ങൾ

ജനപ്പെരുപ്പമുള്ള പ്രദേശങ്ങളിലെ ജനത തങ്ങളുടെ മിച്ചമനുഷ്യപ്രയത്നം സമ്പൂർണ ഉത്പന്നങ്ങളാക്കി മാറ്റി ജനബാഹുല്യം കുറഞ്ഞ രാഷ്ട്രങ്ങളിലെ മിച്ചകാർഷികവിഭവങ്ങൾക്കും അസംസ്കൃതസാധനങ്ങൾക്കുമായി കൈമാറ്റം ചെയ്യുന്നു. ഇതൊരു സാമാന്യതത്ത്വമായി അംഗീകരിക്കാമെങ്കിലും ഇതിന് ചില അപവാദങ്ങൾ കാണുന്നുണ്ട്. ദക്ഷിണപൂർവേഷ്യൻ രാഷ്ട്രങ്ങൾ ലോകത്തിലെ ഏറ്റവും ജനബാഹുല്യമുള്ള പ്രദേശങ്ങളാണെങ്കിൽക്കൂടി അതിനനുസരണമായി വിദേശവാണിജ്യം ഇവിടെ വളർന്നിട്ടില്ല എന്നത് ഇതിനുദാഹരണമാണ്.

ഗതാഗത-വാർത്താവിനിമയസൌകര്യങ്ങൾ

പ്രാചീനകാലവാണിജ്യത്തിന്റെ അതിർത്തികൾ ചുരുങ്ങിയിരുന്നതിനുള്ള ഒരു പ്രധാനകാരണം കാര്യക്ഷമമായ ഗതാഗത-വാർത്താവിനിമയ സൌകര്യങ്ങളുടെ അഭാവമായിരുന്നു. ഇവയിലുണ്ടായ ഓരോ പുരോഗതിയും അന്താരാഷ്ട്രവാണിജ്യത്തിലെ ഓരോ നാഴികക്കല്ലായിരുന്നു.

മറ്റുള്ളവ

മുകളിൽ വിവരിച്ച അടിസ്ഥാനഘടകങ്ങൾക്കു പുറമേ ദേശീയസമ്പത്ത്, രാഷ്ട്രീയമായ ചേരിതിരിവുകൾ, ദേശീയസ്വഭാവങ്ങൾ, ആചാരരീതികൾ, വൻതോതിലുള്ള ഉത്പാദനം എന്നിവയും അന്താരാഷ്ട്രവാണിജ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആളോഹരിവരുമാനത്തെയും മൂലധനത്തെയും ആസ്പദമാക്കിയുള്ള ദേശീയസമ്പത്ത് ജനങ്ങളുടെ ഉപഭോഗരീതിയിൽമാറ്റങ്ങൾ വരുത്തുന്നു. ഒരു സമ്പന്നരാഷ്ട്രത്തിലെ ജനത അവരുടെ ജീവിതസൌകര്യങ്ങൾ വർധിപ്പിക്കുവാനും അവയ്ക്ക് വൈവിധ്യം നല്കുവാനും മറ്റുരാഷ്ട്രങ്ങളുമായി വാണിജ്യബന്ധത്തിൽ ഏർപ്പെടുന്നു.

വിദേശീയ മുതൽമുടക്കും അന്താരാഷ്ട്രവ്യാപാരവും തമ്മിലുള്ള ബന്ധത്തിന് കരീബിയൻമേഖല ഒരുത്തമദൃഷ്ടാന്തമാണ്. യു.എസ്. ഇവിടെ മുടക്കിയ മൂലധനനിക്ഷേപങ്ങൾ ഈ മേഖലയ്ക്ക് അന്താരാഷ്ട്രവാണിജ്യത്തിൽ ഒരു പ്രമുഖസ്ഥാനം സമ്പാദിച്ചുകൊടുത്തു.


വിദേശവാണിജ്യവും ദേശീയസമ്പദ്‌വ്യവസ്ഥയും

ഒരു രാഷ്ട്രത്തിന്റെ വിദേശവാണിജ്യവും ദേശീയസമ്പദ്വ്യവസ്ഥയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെങ്കിലും മൊത്തം ദേശീയോത്പാദനവും വിദേശവാണിജ്യവും തമ്മിലുളള അനുപാതം ആ രാഷ്ട്രത്തിന്റെ സാമ്പത്തിക വികാസത്തെ സൂചിപ്പിക്കണമെന്നില്ല. വിദേശവ്യാപാരത്തിന്റെ ആകെത്തുക ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവികാസത്തിന്റെ കേവലസൂചികയായിക്കണക്കാക്കുവാൻ സാധ്യമല്ല. ദൃഷ്ടാന്തമായി മൊത്തം വിദേശവ്യാപാരത്തിൽ സ്വീഡനെക്കാൾ വളരെ മുൻപന്തിയിലാണ് ഇന്ത്യ. എന്നാൽ സാമ്പത്തികപുരോഗതിയിലും തദ്വാരാ ജീവിതനിലവാരത്തിലും സ്വീഡൻ മുൻപന്തിയിൽ നില്ക്കുന്നു. ആളോഹരിവിദേശവ്യാപാരവും ദേശീയസമ്പദ്വ്യവസ്ഥയുടെ കേവലമാനദണ്ഡമായി കണക്കാക്കുവാൻ വിഷമമുണ്ട്. പല വികസിതരാഷ്ട്രങ്ങളുടെയും ആളോഹരി വിദേശവ്യാപാരം ഗണ്യമാണെന്നുള്ളത് ശരിയാണ്. പക്ഷേ, സാമ്പത്തികവികാസത്തിൽ പിന്നാക്കം നില്ക്കുന്ന പല രാഷ്ട്രങ്ങളുടെയും ആളോഹരിവിദേശവ്യാപാരം യു.എസ്സിന്റെതിനെക്കാൾ കൂടുതലാണ്.

വ്യവസായവിപ്ളവം

ഏതാണ്ട് ഈ കാലഘട്ടത്തിൽത്തന്നെയാണ് 'കച്ചവടസിദ്ധാന്ത'ത്തിന്റെയും ഉദയം. എന്തുവിലകൊടുത്തും 'ഇറക്കുമതി ചുരുക്കുക, കയറ്റുമതി പരമാവധിയാക്കുക' എന്നുള്ളതായിരുന്നു ഈ സിദ്ധാന്തത്തിന്റെ രത്നച്ചുരുക്കം. അതനുസരിച്ച് പല രാഷ്ട്രങ്ങളും രൂക്ഷമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


കച്ചവടസിദ്ധാന്തം അതിന്റെ അത്യുന്നതിയിൽ നില്ക്കുമ്പോൾത്തന്നെ അതിനെതിരായി അഭിപ്രായങ്ങൾ പൊങ്ങിവരാൻ തുടങ്ങി. മുതലാളിത്തത്തിന്റെ വികാസത്തോടെ 17-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലും 18-ാം ശ.-ത്തിന്റെ ആരംഭത്തിലും സാമ്പത്തികസ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള മുറവിളി കൂടുതൽ ഉച്ചത്തിലാകുകയും സർക്കാർ നിയന്ത്രണങ്ങളിൽ പല അയവുകൾ വരികയും ചെയ്തു. പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ആഡംസ്മിത്ത് ഇത്തരുണത്തിൽ സ്മരണീയനാണ്. സ്വതന്ത്രവ്യാപാരത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദങ്ങൾ ലോകപ്രശസ്തിയാർജിച്ചു. വ്യവസായവിപ്ളവത്തോടുകൂടി പ്രത്യേകിച്ചും ഈ വാദമുഖങ്ങളുടെ ആഘാതം ദൃശ്യമായിത്തുടങ്ങി.


ഇംഗ്ളണ്ടിന്റെ വ്യവസായവിപ്ളവം കണ്ടുപിടിത്തങ്ങളുടെ ഒരു ശൃംഖലതന്നെ സൃഷ്ടിച്ചു. പരമ്പരയായ കണ്ടുപിടിത്തങ്ങൾ ഇരുമ്പുവ്യവസായത്തിലും തുണിവ്യവസായത്തിലും വമ്പിച്ച മാറ്റങ്ങൾ വരുത്തി. ആവിയന്ത്രത്തിന്റെ ആവിർഭാവം വ്യവസായമണ്ഡലത്തിൽ ഒരു പുതിയ യുഗത്തെത്തന്നെ കുറിക്കുന്നു.


18-ാം ശ-ത്തിന്റെ അന്ത്യഘട്ടത്തിൽ ആഡംസ്മിത്തിന്റെ സ്വതന്ത്രവ്യാപാരതത്ത്വങ്ങൾ അടിയുറയ്ക്കുകയും 'യഥേച്ഛാകാരിതാ' (Laissez-faire) സിദ്ധാന്തം സാമ്പത്തിക ബന്ധങ്ങളുടെ അടിസ്ഥാനതത്ത്വമായി അംഗീകരിക്കപ്പെടുകയും ചെയ്തു. 1860-ൽ സ്വതന്ത്രവ്യാപാരനയം ബ്രിട്ടൻ നിയമപരമായി അംഗീകരിച്ചു. ഫ്രാൻസ്, ഹോളണ്ട്, ബൽജിയം, യു.എസ്., ജർമനി തുടങ്ങിയ രാഷ്ട്രങ്ങളും രാജ്യാന്തരവ്യാപാരനയങ്ങളിൽ പല അയവുകളും വരുത്തി. നിയന്ത്രണങ്ങളിൽനിന്നും വിമുക്തമായതോടെ അന്താരാഷ്ട്രവാണിജ്യം വിപുലമാകുവാൻ തുടങ്ങി. വാണിജ്യവ്യാപനത്തിനനുസൃതമായി ലോകമെമ്പാടും വിശേഷവത്കരണം ഒരു പ്രാഥമികതത്ത്വമായി അംഗീകരിക്കപ്പെട്ടു. 1870-ൽ സ്വർണമാനവ്യവസ്ഥ (Gold Standard System) മിക്ക രാഷ്ട്രങ്ങളും സ്വീകരിച്ചതോടെ അന്താരാഷ്ട്രവാണിജ്യം കൂടുതൽ സുഗമമാകുകയും ചെയ്തു. ആദ്യഘട്ടങ്ങളിൽ ബ്രിട്ടന്റെ വളരെ പുറകിൽ നിന്നിരുന്ന ജർമനി 20-ാം ശ.-ത്തോടുകൂടി അഭൂതപൂർവമായ വ്യാവസായികവളർച്ച പ്രാപിച്ചു. യു.എസ്സിന്റെ വ്യാവസായികപുരോഗതി ഇതിലും ആശ്ചര്യജനകമായിരുന്നു. ഒന്നാം ലോകയുദ്ധത്തിനു മുൻപുതന്നെ ഈ രാഷ്ട്രം ബ്രിട്ടനെ പിന്നിലാക്കി.

ആധുനികവികാസം

അന്താരാഷ്ട്രവാണിജ്യത്തിൽ 1815-നും 1914-നും ഇടയ്ക്കുണ്ടായ ഗണ്യമായ പുരോഗതി പ്രത്യേകം ശ്രദ്ധേയമാണ്. ഈ കാലയളവിൽ ലോകജനസംഖ്യ ഇരട്ടിയോടടുക്കുകയും ലോകവാണിജ്യം ഇരുപതുമടങ്ങുകണ്ട് വർധിക്കുകയും ചെയ്തു. സ്വർണമാനവ്യവസ്ഥയുടെ അംഗീകാരം, ഉഷ്ണമേഖലാപ്രദേശങ്ങളുടെയും അവയുടെ ഉത്പന്നങ്ങളുടെയും വർധമാനമായ പ്രാധാന്യം, സമശീതോഷ്ണമേഖലാപ്രദേശങ്ങളുടെ വികാസം, യു.എസ്സിന്റെയും ജർമനിയുടെയും വ്യാവസായികോത്സാഹം, യൂറോപ്യൻ വൻകരയിലുണ്ടായ കാർഷികപുരോഗതി തുടങ്ങിയവ ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുൻപുള്ള അരനൂറ്റാണ്ടിൽ ലോകവാണിജ്യത്തിന്റെ ബഹുമുഖമായ വളർച്ചയ്ക്ക് വഴിയൊരുക്കി. ഒന്നാം ലോകയുദ്ധം പല രാഷ്ട്രങ്ങളുടെയും വിദേശ വ്യാപാരത്തിന് കനത്ത ആഘാതം ഏല്പിച്ചു. രാഷ്ട്രങ്ങൾ ഒന്നൊന്നായി സ്വർണമാനവ്യവസ്ഥ ഉപേക്ഷിക്കുവാൻ നിർബന്ധിതമായി. സ്വർണത്തെ ആസ്പദമാക്കിയുള്ള വിവിധനാണയങ്ങളുടെ ആഗോളവിനിമയത്തിൽ സംജാതമായ സ്തംഭനാവസ്ഥയായിരുന്നു ഇതിന്റെ ഫലം. 19-ാം ശ.-ത്തിന്റെ അന്ത്യത്തിൽത്തന്നെ തലപൊക്കുവാൻ തുടങ്ങിയ ദേശീയത കൂടുതൽ ശക്തിപ്പെട്ടു. യുദ്ധം മൂലമുണ്ടായ സാമ്പത്തികോപരോധം രാജ്യാന്തരവാണിജ്യഗതിയിൽ നിർണായകമായ പല മാറ്റങ്ങൾക്കും വഴിതെളിച്ചു. പരമ്പരാഗതമായ തുറകളിൽനിന്ന് ചരക്കുകൾ കിട്ടാൻ വൈഷമ്യം നേരിട്ടപ്പോൾ രാഷ്ട്രങ്ങൾ മറ്റു മാർഗങ്ങൾ ആരായുവാൻ തുടങ്ങി. അവയിൽത്തന്നെ ചിലത് അവയുടേതായ ഉത്പാദനമാർഗങ്ങൾ വികസിപ്പിക്കുവാനും നിർബന്ധിതമായി. സമാധാനം കൈവന്നതിനുശേഷവും ലോകവിപണികളിൽ തങ്ങളുടെ സ്ഥാനം പുനരാർജിക്കുവാൻ പല രാഷ്ട്രങ്ങൾക്കും കഴിഞ്ഞില്ല. ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു യു.എസ്സിന്റെ നില. യുദ്ധാവസാനത്തോടെ ലോകവാണിജ്യത്തിൽ ഈ രാഷ്ട്രത്തിന്റെ സ്ഥാനം കൂടുതൽ കെട്ടുറപ്പുള്ളതായിത്തീരുകയാണുണ്ടായത്. യൂറോപ്പിന്റെ യുദ്ധാനന്തര പുനർനിർമാണം മികച്ചതായിരുന്നു. 1928 ആയപ്പോഴേക്കും നാല്പതോളം രാഷ്ട്രങ്ങൾ ചില മാറ്റങ്ങൾക്ക് വിധേയമായി സ്വർണമാനവ്യവസ്ഥ വീണ്ടും സ്വീകരിച്ചു. 1914-നും 1929-നും ഇടയ്ക്ക് ആഗോള-ഇറക്കുമതി ഏതാണ്ട് ഇരട്ടിയായി; കയറ്റുമതിയാകട്ടെ 67 ശ.മാ.-ത്തോളം ഉയരുകയും ചെയ്തു.


1929 അവസാനമായപ്പോഴേക്കും ലോകത്തെമ്പാടും സാമ്പത്തിക വ്യാപാരമാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. മൂന്നു വർഷത്തോളം ഇതിന്റെ കെടുതികൾ നീണ്ടുനിന്നു. സാമ്പത്തികദേശീയതയുടെ (Economic Nationalism) അതിപ്രസരം സ്ഥിതിഗതികളെ കൂടുതൽ വഷളാക്കി. 1931 ആയപ്പോഴേക്കും ബ്രിട്ടൻ ഉൾപ്പെടെ പല രാഷ്ട്രങ്ങളും സ്വർണമാനവ്യവസ്ഥ ഉപേക്ഷിച്ചു. സംരക്ഷണനികുതികൾ, വിദേശവിനിമയനിയന്ത്രണങ്ങൾ, നാണയവിമൂല്യനം (devaluation) തുടങ്ങിയവ രാഷ്ട്രങ്ങളുടെ വിദേശവ്യാപാരത്തെ താറുമാറാക്കി.


രണ്ടാം ലോകയുദ്ധവും അനന്തരസംഭവങ്ങളും അന്താരാഷ്ട്രവാണിജ്യത്തിൽ വീണ്ടും ചലനങ്ങൾ സൃഷ്ടിച്ചു. സാമ്രാജ്യശക്തികളുടെ തിരോധാനം, വ്യവസായവത്കരണം ത്വരിതപ്പെടുത്തുവാനുള്ള വികസ്വരരാഷ്ട്രങ്ങളുടെ വ്യഗ്രത, അന്താരാഷ്ട്രസംഘടനകളുടെയും വാണിജ്യച്ചേരികളുടെയും ആവിർഭാവം, ശാസ്ത്രീയ-സാങ്കേതികമണ്ഡലങ്ങളിലുണ്ടായ മൌലികങ്ങളായ പരിവർത്തനങ്ങൾ എന്നിവ ആധുനികലോകവാണിജ്യത്തിൽ ദൂരവ്യാപകമായ പല വ്യതിയാനങ്ങളും വരുത്തി.


അന്താരാഷ്ട്രവാണിജ്യം ഇന്ന്

ഒന്നാം ലോകയുദ്ധം കഴിഞ്ഞുള്ള അരശതാബ്ദത്തിൽ അന്താരാഷ്ട്രവാണിജ്യത്തിലുണ്ടായ വളർച്ച അദ്ഭുതാവഹമാണ്. രണ്ടാം ലോകയുദ്ധത്തിനു മുൻപുണ്ടായിരുന്ന കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ന് ലോകവാണിജ്യം വിലയുടെയും പരിമാണത്തിന്റെയും അടിസ്ഥാനത്തിൽ പലമടങ്ങു വർധിച്ചിരിക്കുന്നതായി കാണാൻ കഴിയും. ഇതോടൊപ്പം തന്നെ ഇതിന്റെ ഘടനയിലും പ്രവാഹത്തിലും സാരമായ പല പരിവർത്തനങ്ങളുമുണ്ടായിട്ടുണ്ട്.

മുഖ്യവാണിജ്യവിഭവങ്ങൾ

നിർമിതോത്പന്നങ്ങളുടെ വർധമാനമായ പ്രാധാന്യം ലോകവാണിജ്യഘടനയുടെ മാറ്റങ്ങളിലൊന്നാണ്. ഇതിന്റെ അനുസിദ്ധാന്തമായി ആഗോളവാണിജ്യത്തിൽ വികസിതരാഷ്ട്രങ്ങളുടെ ഓഹരിയും അത്രകണ്ടു വർധിച്ചിട്ടുണ്ട്. 1913-ൽ ആഗോളക്കയറ്റുമതിയുടെ മൂന്നിലൊരുഭാഗമായിരുന്ന നിർമിതോത്പന്നങ്ങളും യന്ത്രസാമഗ്രികളും ഇന്ന് പകുതിയിലേറെയാണ്. ഇവയിൽത്തന്നെ മൂന്നിൽ രണ്ടുഭാഗം മൂലധനസാന്ദ്രമായ ഉത്പന്നങ്ങളാണ്. ഈ ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ വികസിത രാഷ്ട്രങ്ങൾ തമ്മിൽ കടുത്ത മാത്സര്യം നിലവിലുണ്ടെങ്കിലും അവയുടെ വ്യാപാരം ഒന്നിനൊന്ന് വർധിച്ചുവരുന്നതേയുള്ളു. ലോകവാണിജ്യത്തിൽ ഇന്ധനങ്ങൾ, ധാതുക്കൾ എന്നിവയുടെ ഓഹരിയും ഉയർന്നിട്ടുണ്ട്. ഇവയിൽ പ്രഥമസ്ഥാനത്തു നില്ക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. രണ്ടാം ലോകയുദ്ധത്തിനു മുൻപുതന്നെ പെട്രോളിയം ഉത്പന്നങ്ങൾ ലോകവാണിജ്യത്തിൽ പരുത്തിയെ ഒന്നാം സ്ഥാനത്തുനിന്ന് പുറംതള്ളുകയുണ്ടായി. പെട്രോളിയത്തെ സംബന്ധിച്ചിടത്തോളം ഒന്നാംകിട കയറ്റുമതിമേഖല എന്ന നിലയിലേക്കുള്ള മധ്യപൂർവദേശത്തിന്റെ ഉയർച്ചയോടെ ഇതിന്റെ വ്യാപാരഗതിയിലും സാരമായ വ്യതിയാനങ്ങൾ സംഭവിച്ചു. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതിരാഷ്ട്രമായിരുന്ന യു.എസ്. ഇന്ന് ഏറ്റവും വലിയ ഇറക്കുമതിരാഷ്ട്രമായി മാറിയിരിക്കുകയാണ്. ഇന്ധനങ്ങളുടെ പട്ടികയിൽ കല്ക്കരിയുടെ ലോകവ്യാപാരം 1913-നുശേഷം നിരന്തരമായി ക്ഷയിക്കുകയാണുണ്ടായത്. ഏറ്റവും വലിയ കല്ക്കരി കയറ്റുമതി രാഷ്ട്രങ്ങളെന്ന് 1914-നു മുൻപ് ബഹുമതിയാർജിച്ച പല രാഷ്ട്രങ്ങളും ഇന്ന് ഇറക്കുമതി രാഷ്ട്രങ്ങളായി പരിണമിച്ചിരിക്കുന്നു.

ടിൻ ഒഴികെയുള്ള ലോഹങ്ങളുടെയും ലോഹ അയിരുകളുടെയും രാജ്യാന്തരവ്യാപാരം മൊത്തത്തിൽ വർധിച്ചിട്ടുണ്ട്. ഇവയുടെയും ആഗോളവ്യാപാരഘടനയിൽ സാരമായ പരിവർത്തനങ്ങളുണ്ടായി. ഇരുമ്പയിർ, ചെമ്പ്, ഈയം, ടിൻ തുടങ്ങിയവയുടെ കയറ്റുമതിയിൽ നേതൃസ്ഥാനത്തുനിന്നിരുന്ന യു.എസ്. ഇന്ന് ഇവയുടെ പ്രധാന ഇറക്കുമതിരാഷ്ട്രമായിത്തീർന്നിരിക്കുന്നു. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവ ഇവയുടെ ഉത്പാദനത്തിലും പ്രദാനത്തിലും കൂടുതൽ പ്രാധാന്യം ആർജിച്ചുവരികയുമാണ്.


ഭക്ഷണപദാർഥങ്ങളും അസംസ്കൃതകാർഷികവസ്തുക്കളും ലോകവാണിജ്യത്തിന്റെ മൂന്നിലൊരു ഭാഗം കൈയടക്കിവച്ചിരിക്കുന്നു. ഇവയിൽ പരുത്തി, ഗോതമ്പ്, കമ്പിളി, കാപ്പി, പഞ്ചസാര, റബർ എന്നിവയാണ് ലോകവിപണികളിൽ ആധിപത്യം പുലർത്തിപ്പോരുന്നത്. ഇവയിൽത്തന്നെ കാപ്പി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. മൊത്തത്തിൽ വർധനവുണ്ടായിട്ടുണ്ടെങ്കിൽക്കൂടി ആഗോളവാണിജ്യത്തിൽ ഇവയുടെ ഓഹരി നിരന്തരം കുറഞ്ഞുവരികയാണ്. വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ വസ്തുത പ്രാധാന്യമർഹിക്കുന്നു.


മറ്റു അടിസ്ഥാനവ്യവസായങ്ങളുടെ പട്ടികയിൽ വനവിഭവങ്ങൾ, സമുദ്രവിഭവങ്ങൾ തുടങ്ങിയവയുടെ വ്യാപാരത്തിൽ ഗണ്യമായ വർധനം ഉണ്ടായിട്ടുണ്ട്.


വികസിത രാഷ്ട്രങ്ങൾ

അന്താരാഷ്ട്രവാണിജ്യത്തിൽ പശ്ചിമയൂറോപ്പ്, യു.എസ്., കാനഡാ എന്നിവയ്ക്ക് അതുല്യമായ സ്ഥാനമാണുള്ളത്. മൊത്തം ലോകവാണിജ്യത്തിന്റെ പകുതിയിലേറെ ഈ രാഷ്ട്രങ്ങൾ കൈയടക്കിവച്ചിരിക്കുന്നു; പശ്ചിമയൂറോപ്പിന്റെ മാത്രം ഓഹരി 40 ശ.മാ.-ത്തോളവും. ഇത് ഗണ്യമായ ഒരനുപാതമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും പശ്ചിമയൂറോപ്പ് ഉൾക്കൊള്ളുന്ന രാഷ്ട്രങ്ങളുടെ ബഹുലതകൂടി കണക്കിലെടുക്കേണ്ടതുണ്ട്.


രണ്ടാം ലോകയുദ്ധത്തിനുശേഷം ഏഷ്യൻ വാണിജ്യഘടനയിൽ ഏറ്റവുമധികം പരിവർത്തനമുണ്ടായത് മധ്യപൂർവദേശങ്ങളിലും വിദൂരപൂർവദേശങ്ങളിലുമാണ്. ഇവയിൽത്തന്നെ പ്രത്യേകിച്ചും ശ്രദ്ധേയമാണ് ജപ്പാന്റെ സ്ഥിതി. ചുരുങ്ങിയ കാലയളവിനുള്ളിൽ അസൂയാർഹമായ സാമ്പത്തികപുരോഗതി നേടിയ ജപ്പാന്റെ വാണിജ്യഘടനയിലും ഗതിയിലും ഗണ്യമായ മാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. ജപ്പാന്റെ മുഖ്യവ്യാപാരപങ്കാളികളായിരുന്ന ഏഷ്യൻ രാഷ്ട്രങ്ങളെ പുറംതള്ളിക്കൊണ്ട് വടക്കേഅമേരിക്കൻ രാഷ്ട്രങ്ങൾ ഇന്ന് ആ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.


രാജ്യാന്തരവ്യാപാരഘടന വിശകലനം ചെയ്യുമ്പോൾ ചിലരാഷ്ട്രങ്ങളുടെ കയറ്റുമതി ഏതാനും ഇനങ്ങളിൽ ഒതുങ്ങി നില്ക്കുന്ന ഒരു സവിശേഷത പരിഗണനയർഹിക്കുന്നു. ശ്രീലങ്ക, മ്യാൻമാർ, ഐസ്ലൻഡ്, കോസ്റ്റോറിക്ക, ബ്രസീൽ, ആർജന്റീന, ന്യൂസിലൻഡ്, സ്പെയിൻ, നൈജീരിയാ, അൾജീരിയാ, ഡെൻമാർക്ക്, അയർലൻഡ്, സോമാലിയാ, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ കയറ്റുമതിയിൽ സിംഹഭാഗവും ഭക്ഷ്യവിഭവങ്ങളാണ്; ഇവയിൽത്തന്നെ വൈവിധ്യം നന്നെക്കുറയും. വെനീസുലാ, പാകിസ്താൻ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു. ഇവയുടെ മുഖ്യകയറ്റുമതിച്ചരക്കുകൾ ഭക്ഷ്യവിഭവങ്ങളല്ലാത്ത അസംസ്കൃതവസ്തുക്കളാണ്. കയറ്റുമതിയിലുള്ള വൈവിധ്യക്കുറവ് - പ്രത്യേകിച്ചും കാർഷികോത്പന്നങ്ങളിൽ-ഒട്ടും അഭിലഷണീയമല്ലതന്നെ. കാരണം, ലോകവിപണികളിലുണ്ടാകാവുന്ന വിലയുടെ ഏറ്റക്കുറച്ചിലുകൾ ആ രാഷ്ട്രത്തിന്റെ സാമ്പത്തിക വികാസത്തെ സാരമായി ബാധിക്കുന്നു.


സമകാലികഅന്താരാഷ്ട്രവാണിജ്യത്തിന്റെ ചരിത്രത്തിൽ വികസ്വരരാഷ്ട്രങ്ങളുടെ സ്ഥിതി പ്രത്യേകം എടുത്തുപറയത്തക്കതാണ്. ഈ രാഷ്ട്രങ്ങൾ കയറ്റുമതിവ്യാപാരം വികസനപ്രക്രിയയുടെ ഒരു നിർണായകഘടകമായി കരുതുന്നുണ്ടെങ്കിലും ഇവയുടെ വിദേശവ്യാപാരപുരോഗതി പ്രോത്സാഹജനകമല്ല. ലോകജനസംഖ്യയുടെ നാലിൽ മൂന്നുഭാഗം നിവസിക്കുന്ന ഈ രാഷ്ട്രങ്ങളുടെ രാജ്യാന്തരകയറ്റുമതിയിൽ ഇവയുടെ വിഹിതം അഞ്ചിലൊന്നുമാത്രമാണ്. അടിസ്ഥാന ഉത്പന്നങ്ങളുടെയും നിർമിത ഉത്പന്നങ്ങളുടെയും കയറ്റുമതിയിൽ ഇവയുടെ പങ്കാളിത്തം തീരെ കുറവാണ്. മൊത്തം വിദേശവ്യാപാരത്തിൽ വർധന കാണുന്നുണ്ടെങ്കിലും ലോകവാണിജ്യത്തിൽ ഇവയുടെ ഓഹരി നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.


അന്താരാഷ്ട്രസംഘടനകൾ

യുദ്ധാനന്തരകാലഘട്ടത്തിലെ പ്രാധാന്യമർഹിക്കുന്ന ഒരു സംഭവവികാസം അന്താരാഷ്ട്രസംഘടനകളുടെ ആവിർഭാവമാണ്. അന്താരാഷ്ട്രനാണയനിധി (International Monetary Fund), ലോകബാങ്ക് (International Bank for Reconstruction and Development), ഗാട്ട് (GATT-General Agreements on Tariff and Trade) എന്നിവ അന്താരാഷ്ട്രവാണിജ്യപുരോഗതിക്ക് വിലയേറിയ സംഭാവനകൾ നല്കിയിട്ടുണ്ട്; പ്രത്യേകിച്ചും ഗാട്ട്കരാർ. ഈ കരാറിലെ മൌലികതത്ത്വങ്ങൾ ഇവയാണ്: (1) അന്താരാഷ്ട്രവാണിജ്യം വിവേചനാപരമാക്കരുത്; (2) പരിമാണത്തെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ കഴിയുന്നതും ഉപേക്ഷിക്കുക; (3) അഭിപ്രായഭിന്നതകൾ കൂട്ടായ ചർച്ചകൾമൂലം പരിഹരിക്കുക. ചുരുക്കിപ്പറഞ്ഞാൽ, രാജ്യാന്തരവാണിജ്യത്തിന്റെ നല്ലനടത്തിപ്പിനുളള ഒരു പ്രാഥമികനിയമസംഹിതയായി ഈ കരാറിനെ കണക്കാക്കാം; ഇപ്പോൾ ഗാട്ട് നിലവിലില്ല. ഗാട്ടിന്റെ ഉറുഗ്വേവട്ടചർച്ചകളിലൂടെ ഗാട്ട് കരാറിൽ 1995-ൽ രൂപംകൊണ്ട ലോകവ്യാപാര സംഘടന (WTO-World Trade Organisation) ഇന്ന് അന്താരാഷ്ട്ര വാണിജ്യത്തെ നിയന്ത്രിക്കുന്ന പരമോന്നതസമിതിയാണ്. ഭൂരിപക്ഷം രാജ്യങ്ങളും ലോകവ്യാപാര സംഘടനയിൽ അംഗമായതോടെ അതിന്റെ നിയമങ്ങളും ചട്ടങ്ങളുമാണ് അന്താരാഷ്ട്ര വാണിജ്യത്തെ നിയന്ത്രിക്കുന്നത്. 149 രാജ്യങ്ങൾ ഇന്ന് ഡബ്ളിയു.ടി.ഓയിൽ അംഗങ്ങളാണ്.


അന്തർദേശീയതലത്തിൽ വിവിധചരക്കുകളെ സംബന്ധിച്ചും കരാറുകൾ ഉണ്ടായിട്ടുണ്ട്. പ്രധാനമായും വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിച്ച് ലോകവിപണികളിൽ സ്ഥിരത കൈവരുത്തുക എന്നുള്ളതാണ് ഈ രാജ്യാന്തര ഉത്പന്ന ഉടമ്പടി (International Commodity Agreements)കളുടെ ലക്ഷ്യം. ഗോതമ്പ്, കാപ്പി, പഞ്ചസാര, ടിൻ എന്നിവയെ സംബന്ധിച്ചാണ് ഇപ്രകാരമുള്ള കരാറുകൾ ഉണ്ടായിരിക്കുന്നത്. ഇവയ്ക്കും അന്താരാഷ്ട്രകരുതൽ ശേഖരം (Buffer stock) ഉണ്ടാക്കിയിട്ടുണ്ട്.


ഇതേ കാലയളവിൽതന്നെ പ്രാദേശികതലത്തിലും വിവിധ വാണിജ്യച്ചേരികൾ രൂപംകൊണ്ടിട്ടുണ്ട്. യൂറോപ്യൻ പൊതുവിപണി (European Common Market -1958) യൂറോപ്യൻ സ്വതന്ത്രവ്യാപാരസംഘടന (European Free Trade Association-1960), ലാറ്റിൻ അമേരിക്കൻ സ്വതന്ത്രവ്യാപാരമേഖല (Latin American Free Trade Area -1962), മധ്യഅമേരിക്കൻ സാമ്പത്തികോദ്ഗ്രഥന ഉടമ്പടി (Treaty for Central American Economic Intergration 1962), അറബ് കോമൺ മാർക്കറ്റ് (Arab Common Market -1964), അസോസിയേഷൻ ഒഫ് സൌത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (Association of South East Asian Nations-ASEAN-1967), ഗൾഫ് കോ-ഓപ്പറേഷൻ കൌൺസിൽ (Gulf Co-operation Council-1981) തുടങ്ങിയവ ദൃഷ്ടാന്തങ്ങളാണ്. അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരനിയന്ത്രണങ്ങളും ഇറക്കുമതിച്ചുങ്കങ്ങളും ക്രമേണ നിർത്തലാക്കി. ഒരു പൊതുവിപണി ഏർപ്പെടുത്തുകയും മറ്റു രാഷ്ട്രങ്ങളുമായുള്ള വാണിജ്യബന്ധങ്ങളിൽ ഒരു പൊതുനയം സ്വീകരിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇവയുടെ സാമാന്യലക്ഷ്യം.


അന്താരാഷ്ട്രവാണിജ്യവും സാമ്പത്തിക വികാസവും

അന്താരാഷ്ട്രവാണിജ്യം ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവികാസത്തെ ഏതുതരത്തിൽ ബാധിക്കുമെന്നുള്ളത് തർക്കവിഷയമാണ്. 'വളർച്ചയുടെ യന്ത്രം' (Engine of Growth) എന്നാണ് ഡി.എച്ച്. റോബർട്ട്സൺ മുതലായവർ വിദേശവ്യാപാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവികാസത്തിന് വിദേശവ്യാപാരം കാതലായ സംഭാവനകൾ നല്കുന്നുവെന്നാണ് ധനശാസ്ത്രജ്ഞരുടെ അഭിപ്രായം. ഈ വിഭാഗത്തിൽപെട്ട ധനശാസ്ത്രജ്ഞരുടെ വാദഗതി ഇപ്രകാരം സംഗ്രഹിക്കാം:


ഒരു രാഷ്ട്രം ലോകവിപണികളുമായി ബന്ധം സ്ഥാപിക്കുമ്പോൾ വ്യവസായവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള മൂലധനസാമഗ്രികൾ മറ്റു രാഷ്ട്രങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുവാൻ സാധിക്കുന്നു. വിദേശവ്യാപാരം മൂലം വിപുലീകരിക്കപ്പെട്ട ഉത്പാദനമേഖല വൻതോതിലുള്ള ഉത്പാദനമാർഗങ്ങൾ സുസാധ്യമാക്കിത്തീർക്കുകയും യന്ത്രവത്കരണം, തൊഴിൽവിഭജനം, പുതിയ കണ്ടുപിടിത്തങ്ങൾ തുടങ്ങിയവയ്ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ആഭ്യന്തര ഉത്പാദനഘടകങ്ങളിൽ, പ്രത്യേകിച്ചും മൂലധനസഞ്ചയത്തിൽ (capital accumulation) വിദേശവ്യാപാരം ഉളവാക്കുന്ന ചലനങ്ങളും ശ്രദ്ധേയമാണ്. അന്താരാഷ്ട്രവാണിജ്യം സുകരമാക്കുന്ന ഉത്പാദനോപാധികളുടെ കാര്യക്ഷമമായ വിതരണം യഥാർഥവരുമാനത്തെയും സമ്പാദിക്കുവാനുള്ള കഴിവിനെയും ഉയർത്തുന്നു. അതോടൊപ്പം വളർന്നുവരുന്ന ഉത്പാദനശാഖകളിൽ ഈ സമ്പാദ്യം ലാഭകരമായി മുടക്കുവാനും സാധിക്കുന്നു.


മുകളിൽ വിവരിച്ച വാദഗതിക്ക് ഉപോദ്ബലകമായി ബ്രിട്ടൻ, യു.എസ്., സ്വീഡൻ, ഡെൻമാർക്ക്, കാനഡാ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പുരോഗതി ചൂണ്ടിക്കാണിക്കാവുന്നതാണ്. വിദേശവ്യാപാരം ഇവയുടെയെല്ലാം സാമ്പത്തികവികാസത്തിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളതിൽ പക്ഷാന്തരമില്ല.


അതേസമയം വിദേശവ്യാപാരത്തിൽ ഗണ്യമായ വർധനം ഉണ്ടായിട്ടുണ്ടെങ്കിൽക്കൂടി ഇന്നും അല്പവികസിതരാഷ്ട്രങ്ങളായിത്തുടരുന്ന നിരവധി ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിക്കുവാൻ കഴിയും. അതുകൊണ്ടാണ് ഹൻസ് സിംഗർ, ഗുണ്ണാർ മിർഡാൽ എന്നീ ധനശാസ്ത്രജ്ഞൻമാർ മറ്റു വിദഗ്ധൻമാരുടെ വാദഗതിക്കെതിരെ ശബ്ദമുയർത്തിയത്. വികസിതവും വികസ്വരവുമായ രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ തികച്ചും സ്വതന്ത്രമായി നടക്കുന്ന വ്യാപാരം വികസ്വരരാഷ്ട്രത്തെ നിഷ്ക്രിയത്വത്തിലേക്കും പാപ്പരത്തത്തിലേക്കും നയിക്കുന്ന പ്രക്രിയയുടെ തുടക്കംകുറിക്കലാണെന്നാണ് മിർഡാലിന്റെ അഭിപ്രായം.


ഈ അഭിപ്രായം അപ്പാടെ ശരിയല്ലെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. വികസ്വരരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം 'വളർച്ചയുടെ യന്ത്രം' വളരെയേറെ മന്ദഗതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഈ കൂട്ടരും സമ്മതിക്കുന്നുണ്ട്.


പുതിയ പ്രശ്നങ്ങൾ

19-ാം ശ.-ത്തിൽ വികാസം പ്രാപിച്ച രാഷ്ട്രങ്ങളുടെതിൽനിന്നും പല കാരണങ്ങൾകൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലമാണ് ഇന്ന് വികസ്വരരാഷ്ട്രങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്. യു.എസ്., കാനഡാ, ആസ്റ്റ്രേലിയാ, ബ്രിട്ടൻ തുടങ്ങിയ രാഷ്ട്രങ്ങളുടെ വളർച്ചയിൽ അനുകൂല സാഹചര്യങ്ങൾ എത്രയും സഹായകരമായിരുന്നുവെന്നുള്ളത് ഒരു ചരിത്രസത്യമാണ്. അന്താരാഷ്ട്രവാണിജ്യത്തിന്റെ ഉയർച്ചയോടെ ഇവയുടെ ആഭ്യന്തരവിപണികളും വിപുലീകരിക്കപ്പെട്ടു. വിദേശവ്യാപാരമേഖലകളിലുണ്ടായ ശാസ്ത്രീയ-സാങ്കേതികപുരോഗതി ആഭ്യന്തര ഉത്പാദനമേഖലകളിലും പരിവർത്തനങ്ങൾ വരുത്തി. എന്നാൽ വികസ്വരരാഷ്ട്രങ്ങൾക്ക് ഇന്നു നേരിടേണ്ടിവന്നിരിക്കുന്ന ചുറ്റുപാടുകൾ തികച്ചും വിഭിന്നമാണ്. ഇവയുടെ വിദേശവ്യാപാരവും സാമ്പത്തികവികാസവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുമ്പോൾ താഴെപ്പറയുന്ന വസ്തുതകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.


  1. ഇന്നത്തെ സമ്പന്നരാഷ്ട്രങ്ങൾക്ക് വ്യവസായവത്കരണം സ്വയംപ്രചോദിതമായ ഒരു പ്രക്രിയയായിരുന്നു. എന്നാൽ വികസ്വരരാഷ്ട്രങ്ങൾക്കാകട്ടെ, ഇത് കരുതിക്കൂട്ടി സംഘടിപ്പിക്കേണ്ടതായിട്ടാണിരിക്കുന്നത്.
  2. വികസിതരാഷ്ട്രങ്ങളുടെ ഉത്പാദനമേഖലകളിലുണ്ടായ അദ്ഭുതാവഹമായ ശാസ്ത്രീയപുരോഗതി വികസ്വരരാഷ്ട്രങ്ങളുടെ മുഖ്യകയറ്റുമതിച്ചരക്കായ പ്രാഥമികോത്പന്നങ്ങളുടെ ചോദനത്തിൽ സാരമായ ഇടിവു വരുത്തി.
  3. മാറിവരുന്ന പരിതഃസ്ഥിതികൾക്കനുസരണമായി ഉത്പാദനസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ഒരു വികസിതരാഷ്ട്രത്തിന് സാധ്യമാകുമ്പോൾ ഒരു വികസ്വരരാഷ്ട്രത്തിന് ഇതു നന്നേ വിഷമമാണ്.
  4. പല രാഷ്ട്രങ്ങളിലും വിദേശവ്യാപാരസംഘടനകൾ കയറ്റുമതി വ്യവസായമേഖലയെ നവീകരിച്ചുവെങ്കിലും ആഭ്യന്തര ഉത്പാദനമേഖലയിൽ സാരമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അങ്ങനെ കുറെയേറെ പുരോഗമിച്ച കയറ്റുമതി വ്യവസായ മേഖല, അതോടൊപ്പം പഴയനിലയിൽതന്നെ തുടർന്നുപോരുന്ന ആഭ്യന്തരവ്യവസായമേഖല - ഈ പ്രത്യേക സ്ഥിതിവിശേഷമാണ് മിക്കവാറും എല്ലാ വികസ്വരരാഷ്ട്രങ്ങൾക്കും നേരിടേണ്ടിവന്നിട്ടുള്ളത്.
  5. മൂലധനസമഗ്രമായ ഉത്പാദനരീതികൾ സ്വീകരിച്ച വിദേശവ്യാപാരമേഖലയ്ക്ക് ജനസംഖ്യാവർധനയ്ക്കനുസരണമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ചില്ല. തൻമൂലം ജനങ്ങൾ പരമ്പരാഗതമായ തുറകളിൽതന്നെ തൊഴിൽ ചെയ്യേണ്ടിവന്നു. ഇത് പ്രച്ഛന്നമായ തൊഴിലില്ലായ്മയ്ക്കു (Disguised Unemployment) കളമൊരുക്കി.
  6. വ്യവസായവത്കരണം മൂലമുള്ള സാമ്പത്തികവികാസം കാർഷികമേഖലയിലുള്ള പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ പല വികസ്വരരാഷ്ട്രങ്ങളുടെയും കാർഷികമേഖലകളുടെ ഉത്പാദനക്ഷമത കുറഞ്ഞ തോതിലാണ്. ഈ രംഗത്ത് ആധുനിക ശാസ്ത്രീയമാർഗങ്ങളുപയോഗിച്ച് പരിവർത്തനങ്ങൾ വരുത്തുന്നതുവരെ ആഭ്യന്തരവിപണിയിൽ നിർമിത ഉത്പന്നങ്ങൾക്ക് പ്രിയം കുറഞ്ഞിരിക്കും.ആഭ്യന്തരമായ വികാസശക്തികൾ ക്രമീകൃതമായി സമാഹരിക്കുവാൻ കഴിയുകയാണെങ്കിൽ അന്താരാഷ്ട്രവാണിജ്യത്തിന് 'വളർച്ചയുടെ യന്ത്രം' എന്നുള്ള നില തുടർന്നുപോകുവാൻ സാധ്യതകളുണ്ടെന്ന് ഇക്കൂട്ടർ തുടർന്നഭിപ്രായപ്പെടുന്നു. സാങ്കേതികപുരോഗതി, മൂലധനസ്വരൂപണം തുടങ്ങിയവയെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്ന ഘടകങ്ങളാണ് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങൾ.


ഒരു വസ്തുതകൂടി കണക്കിലെടുക്കേണ്ടതുണ്ട്. വ്യവസായവത്കരണം ത്വരിതപ്പെടുത്തുവാനുപകരിക്കുന്ന സാങ്കേതിക-സാമ്പത്തികസഹായങ്ങൾ വികസിതരാഷ്ട്രങ്ങൾ വികസ്വരരാഷ്ട്രങ്ങൾക്ക് നല്കുന്നുണ്ടെങ്കിലും ഇവയുടെ കയറ്റുമതിച്ചരക്കുകൾ ലോകവിപണികളിലെത്തുമ്പോൾ കർശനമായ സംരക്ഷണനടപടികൾ സ്വീകരിക്കുകയും കടുത്ത മാത്സര്യത്തിലേർപ്പെടുകയും ചെയ്യുന്ന വിരോധാഭാസം ഇന്ന് നിലവിലുണ്ട്. പരസ്പരധാരണയിലും കൂട്ടായ പ്രവർത്തനങ്ങളിലും അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര വാണിജ്യസംവിധാനം ലോകരാഷ്ട്രങ്ങളുടെ സാമ്പത്തികവികാസത്തിന് അനുപേക്ഷണീയമാണ്. അതേസമയം വികസ്വരരാഷ്ട്രങ്ങളിൽ വളർന്നുവരുന്ന പ്രാഥമികവ്യവസായങ്ങൾക്ക് (Infant Industries ) വിദേശച്ചരക്കുകളുടെ മത്സരത്തിൽ നിന്നും സംരക്ഷണം നല്കേണ്ടതായും വരും.


ഇന്ത്യയുടെ വിദേശവ്യാപാരം

മൊത്തം ലോകവാണിജ്യത്തിൽ ഇന്ത്യയുടെ ഓഹരി 1 ശ.മാ.-ത്തിൽ താഴെയാണ്. 1950-ൽ ഇത് 1.78 ശ.മാ. ആയിരുന്നു. 1991-ൽ ഇത് കുറഞ്ഞ് 0.53 ശ.മാ. ആയി. എന്നാൽ 1991-ന്ശേഷം നേരിയ തോതിൽ വർധിച്ചു. വ്യവസായവത്കരണം, സ്വയംപര്യാപ്തത എന്നിവയെ ആധാരമാക്കിയുള്ള സാമ്പത്തികനയം സ്വീകരിച്ചിരിക്കുന്ന ഈ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വിദേശവ്യാപാരം വളരെയേറെ പ്രാധാന്യമർഹിക്കുന്നു.


സ്വാതന്ത്യ്രലബ്ധിക്കുശേഷം ഇന്ത്യയുടെ വിദേശവ്യാപാരത്തിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു:


വ്യാപാരഘടനയിലുണ്ടായ വ്യതിയാനങ്ങൾ

1950-ൽ ഇന്ത്യയുടെ പ്രധാന കയറ്റുമതിച്ചരക്കുകൾ, അവയുടെ പ്രാധാന്യമനുസരിച്ച് താഴെപ്പറയുന്നവയായിരുന്നു: പരുത്തിത്തുണി, ചണം ഉത്പന്നങ്ങൾ, തേയില, തുകൽ സാധനങ്ങൾ, സസ്യഎണ്ണകൾ. ഇന്നാകട്ടെ ഈ സ്ഥാനങ്ങൾ യഥാക്രമം ചണം ഉത്പന്നങ്ങൾ, പരുത്തിത്തുണി, ഇരുമ്പും ഉരുക്കും, രത്നം-വജ്രം, സുഗന്ധവ്യജ്ഞനങ്ങൾ, കംപ്യൂട്ടർ സോഫ്റ്റ് വെയർ, മനുഷ്യവിഭവശേഷി എന്നിവ നേടിയിരിക്കുന്നു. അതോടൊപ്പം പരമ്പരാഗതമായ കയറ്റുമതി ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിവിനും മാറ്റമുണ്ടായി. രണ്ടു ദശകത്തിനു മുൻപ് നൂറിൽ താഴെ ഇനങ്ങൾ കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് 3,000 ഇനങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.


ഇറക്കുമതിയുടെ കാര്യത്തിലും സാരമായ വ്യത്യാസങ്ങളുണ്ട്. സ്വാതന്ത്യ്രലബ്ധിക്കു മുൻപ് ഇന്ത്യ നിർമിതോത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇന്ന് മുഖ്യഇറക്കുമതി ഇനങ്ങൾ യന്ത്രങ്ങൾ, ലോഹങ്ങൾ, എണ്ണ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവളം എന്നിവയാണ്.


1990-കളിലെ ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി ഇന്ത്യയുടെ കയറ്റുമതിയിൽ സാങ്കേതികാധിഷ്ഠിത ഉല്പന്നങ്ങളുടെ വിഹിതം വർധിച്ചിരിക്കുകയാണ്. 2002-2007 കാലയളവിലെ കയറ്റുമതിനയം വിഭാവന ചെയ്യുന്നത് ആഗോളകയറ്റുമതിയിൽ കുറഞ്ഞത് 1 ശ.മാ. വിഹിതമാണ്. 1990-91-ൽ ഇന്ത്യയുടെ മൊത്തം വിദേശവ്യാപാരം ആഭ്യന്തരമൊത്ത ഉൽപ്പന്നത്തിന്റെ 13.32 ശ.മാ. ആയിരുന്നുവെങ്കിൽ 2000-01-ൽ ഇത് 21.8 ശ.മാ. ആയി വർധിച്ചു. 1992-93 ധനകാര്യവർഷം മൊത്തം ആഗോളകയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം 0.41 ശ.മാ. ആയിരുന്നത് 2000-01-ൽ 0.67 ശ.മാ. ആയി ഉയർന്നു. ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളികൾ യു.എസ്.എ., കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ്. 1990-91-നും 2000-01-നുമിടയ്ക്കുള്ള 10 വർഷക്കാലത്ത് യു.എസ്സുമായുള്ള കയറ്റുമതിയിൽ 7 ശ.മാ. വർധനവുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ കയറ്റുമതി-ഇറക്കുമതി അനുപാതത്തിലും ഗണ്യമായ പുരോഗതി ഉണ്ടായി. മൊത്തം ഇറക്കുമതിയുടെ 66 ശ.മാ.വും പെട്രോളിയം ഉത്പന്നങ്ങളാണ്. 1994 നും 2001 നും ഇടയ്ക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ 10.84 ശ.മാ. വർധനവുണ്ടായി. ഇതേ കാലയളവിൽ ഇന്ത്യയുടെ കയറ്റുമതി വളർച്ച ലോകശരാശരിയെക്കാൾ കൂടുതലാണെന്ന വസ്തുത ശ്രദ്ധേയമാണ്. ലോകവ്യാപാരസംഘടനയുടെ കണക്കുകൾ പ്രകാരം 2000-ൽ ലോകകയറ്റുമതി വളർച്ച 12.4 ശ.മാ. ആയിരുന്നുവെങ്കിൽ ഇന്ത്യയുടേത് 16.46 ശ.മാ. ആയിരുന്നു.


വ്യാപാരഗതിയിലുണ്ടായ വ്യതിയാനങ്ങൾ

മുൻപ്, ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളികൾ ബ്രിട്ടനും മറ്റു കോമൺവെൽത്ത് രാഷ്ട്രങ്ങളുമായിരുന്നു. ഇന്നാകട്ടെ, യു.എസ്സും റഷ്യയുമാണ് മുഖ്യ വ്യാപാരപങ്കാളികൾ. കൂടാതെ ജപ്പാൻ, പശ്ചിമ ജർമനി, യു.എ.ഇ. തുടങ്ങി വലുതും ചെറുതുമായ ഒട്ടേറെ രാഷ്ട്രങ്ങളുമായി ഇന്ത്യ വിദേശവ്യാപാരബന്ധം സ്ഥാപിച്ചിട്ടുണ്ട്.


2001-ൽ അന്താരാഷ്ട്ര വാണിജ്യത്തിലുണ്ടായ മാന്ദ്യം ഇന്ത്യയെയും പ്രതികൂലമായി ബാധിക്കുകയുണ്ടായി. പൊതുസാമ്പത്തികമാന്ദ്യം, ജപ്പാന്റെ സാമ്പത്തികമാന്ദ്യം, യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


2006 ജൂണിൽ ഇന്ത്യയുടെ കയറ്റുമതി വരുമാനം 45904.48 കോടി രൂപയും ഇറക്കുമതി ചെലവ് 63390.96 കോടി രൂപയുമായിരുന്നു. 2005 ജൂണിൽ ഇത് യഥാക്രമം 30992.11 കോടി രൂപയും 48383.16 കോടി രൂപയുമായിരുന്നു. കയറ്റുമതിയിൽ 48.12 ശ.മാ.വും ഇറക്കുമതിയിൽ 31.02 ശ.മാ. വും വർധനവാണ് രേഖപ്പെടുത്തിയത്. 2006 ജൂണിലെ വിദേശവ്യാപാരക്കമ്മി 17486.48 കോടി രൂപയാണ്.

പ്രതികൂലവ്യാപാരനില

രണ്ടാം ലോകയുദ്ധത്തിനുമുൻപ് ഇന്ത്യയ്ക്ക് അനുകൂല വ്യാപാരമിച്ചമുണ്ടായിരുന്നു. അതിനുശേഷം ഈ രാഷ്ട്രത്തിന് നിരന്തരമായ പ്രതികൂലവ്യാപാരനിലയാണ് നേരിടേണ്ടിവന്നിരിക്കുന്നത്. 1950-51-ൽ 49.5 കോടി രൂപയായിരുന്ന വ്യാപാരക്കമ്മി 1966-67 ആയപ്പോഴേക്കും 921.9 കോടി രൂപയായി ഉയർന്നു. അതിനുശേഷം ഈ നില ഭേദപ്പെട്ടുവരികയാണ്. 1969-70-ൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 154.3 കോടി രൂപയായിക്കുറഞ്ഞു.

കേരളവും വിദേശവ്യാപാരവും

ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ 1.2 ശ.മാ. മാത്രം വരുന്ന കേരളം വിദേശനാണയസമ്പാദനത്തിൽ മുൻപന്തിയിൽ നില്ക്കുന്നു. മൊത്തം കയറ്റുമതിയിൽ ഈ സംസ്ഥാനത്തിന്റെ പങ്ക് 10 ശ.മാ.-ത്തിലധികം വരും. തേയില, കശുവണ്ടി, കയറും കയറുത്പന്നങ്ങളും, സുഗന്ധദ്രവ്യങ്ങൾ, കാപ്പി, സമുദ്രവിഭവങ്ങൾ എന്നിവയാണ് കേരളത്തിന്റെ പ്രധാന കയറ്റുമതിച്ചരക്കുകൾ. അപൂർവധാതുക്കൾ (rare earth), കൈത്തറിവസ്ത്രങ്ങൾ, മരത്തടി തുടങ്ങിയവയും കേരളത്തിൽനിന്ന് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ കയറ്റുമതിയിനങ്ങളിലുള്ള ഒരു പ്രത്യേകത അവയിൽ സിംഹഭാഗവും കാർഷികോത്പന്നങ്ങളോ അവയെ ആശ്രയിച്ചുള്ള നിർമിതവസ്തുക്കളോ ആണെന്നുള്ളതാണ്. കേരളത്തിന്റെ തുറമുഖസൌകര്യങ്ങളും മറ്റും വച്ചു നോക്കുമ്പോൾ കയറ്റുമതിമേഖല വികസിപ്പിക്കുന്നതിന് ഇനിയും സാധ്യതകളുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.


(കെ.സി. ശേഖർ, സ.പ.)

മുൻ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ

Rank Country Exports + Imports Date of
information
-  European Union (Extra-EU27) $3,197,000,000,000 2009 [2]
1  United States $2,439,700,000,000 2009 est.
2  People's Republic of China $2,208,000,000,000 2009 est.
3  Germany $2,052,000,000,000 2009 est.
4  Japan $1,006,900,000,000 2009 est.
5  France $989,000,000,000 2009 est.
6  United Kingdom $824,900,000,000 2009 est.
7  Netherlands $756,500,000,000 2009 est.
8  Italy $727,700,000,000 2009 est.
-  Hong Kong $672,600,000,000 2009 est.
9  South Korea $668,500,000,000 2009 est.
10  Belgium $611,100,000,000 2009 est.
11  Canada $603,700,000,000 2009 est.
12  Spain $508,900,000,000 2009 est.
13  Russia $492,400,000,000 2009 est.
14  Mexico $458,200,000,000 2009 est.
15  Singapore $454,800,000,000 2009 est.
16  India $387,300,000,000 2009 est.
17  Taiwan $371,400,000,000 2009 est.
18  Switzerland $367,300,000,000 2009 est.
19  Australia $322,400,000,000 2009 est.
20  United Arab Emirates $315,000,000,000 2009 est.

Source : Exports. Imports. The World Factbook.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര_വാണിജ്യം അന്താരാഷ്ട്ര_വാണിജ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്താരാഷ്ട്രവാണിജ്യം&oldid=753493" എന്ന താളിൽനിന്ന് ശേഖരിച്ചത്