"എഡിത് ഐറിൻ സൊഡെർഗ്രാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:1892-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:1923-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 189: വരി 189:


[[വർഗ്ഗം:1892-ൽ ജനിച്ചവർ]]
[[വർഗ്ഗം:1892-ൽ ജനിച്ചവർ]]
[[വർഗ്ഗം:1923-ൽ മരിച്ചവർ]]

10:01, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എഡിത് സൊഡെർഗ്രാൻ
എഡിത് സൊഡെർഗ്രാൻ 1918 ൽ
എഡിത് സൊഡെർഗ്രാൻ 1918 ൽ
ജനനം(1892-04-04)4 ഏപ്രിൽ 1892
സെൻറ് പീറ്റേർസ്ബർഗ്ഗ്
മരണം24 ജൂൺ 1923(1923-06-24) (പ്രായം 31)
റയ്‍വോള
അന്ത്യവിശ്രമംറയ്‍വോള, പുതിയ പേര്:Roschino(Russian: Рощино)
ഭാഷസ്വീഡിഷ്
ദേശീയതഫിന്നിഷ്
വിദ്യാഭ്യാസംPetrischule; Saint Peter's School
Genreകവിത
സാഹിത്യ പ്രസ്ഥാനംSymbolist poetry; futurism
പങ്കാളിഅവിവാഹിത

സ്വീഡിഷ് ഭാഷ സംസാരിച്ചിരുന്ന ഫിന്നീഷ് കവയിത്രിയായിരുന്നു എഡിത് ഐറിൻ സൊഡെർഗ്രാൻ (ജീവിതകാലം : 4 ഏപ്രിൽ 1892 – 24 ജൂൺ 1923). സ്വീഡിഷ് ഭാഷാ സാഹിത്യത്തിലെ ആദ്യത്തെ ആധുനിക കവയിത്രിയായിരുന്നു അവർ. ഫ്രഞ്ച് പ്രതീകാത്മകത, ജർമ്മൻ ആന്തരികജീവിതസിദ്ധാന്തം, റഷ്യൻ ഭവിതവ്യതാവാദം എന്നിവ അവരുടെ ആധുനിക കവിതകളെ വളരെയേറെ സ്വാധീനിച്ചിരുന്നു. തന്റെ 24 ആം വയസിൽ “Dikter” (കവിതകൾ) എന്ന പേരിൽ ആദ്യകവിതാസമാഹാരം അവർ പുറത്തിറക്കിയിരുന്നു. കൗമാരകാലത്തു പിടിപെട്ട ക്ഷയരോഗം കാരണമായി, എഡിത് ഐറിൻ സൌഡെർഗ്രാൻ തന്റെ 31 ആം വയസ്സിൽ അകാലത്തിൽ അന്തരിച്ചു. തന്റെ കവിതകളുടെ ലോക വ്യാപകമായ അഭിനന്ദനത്തിനുവേണ്ടി അവർ ജീവിച്ചിരുന്നില്ല. അവരുടെ കവിതകൾ പിൽക്കാലത്തു വന്ന പല കവികളുടെയും രചനകളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

എഡിത് സോഡെർഗാൻ മഹാന്മാരായ ആധുനിക സ്വീഡിഷ്-ഭാഷാ കവികളിൽ ഒരാളായി ഗണിക്കപ്പെടുന്നു. അവരുടെ രചനകൾ സ്വീഡിഷ്-ഭാഷയിലെ മെയർ കാൻഡ്രെ, ഗുന്നാർ ഹാർഡിങ്, ഇവ റുണെഫെൽറ്റ്, ഇവ ഡാഹ്‍ൽഗ്രൻ തുടങ്ങിയവരെപ്പോലുള്ളവരുടെ കവിതകളെയും സംഗീത ശൈലികളെയും ഇക്കാലത്തും  സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.

ആദ്യകാലജീവിതം

എഡിത് ഐറിൻ സൊഡെർഗ്രാൻ റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗ്ഗിൽ  മധ്യവർഗ്ഗ ഫിന്നിഷ്-സ്വീഡിഷ് കുടുംബത്തിലാണ് ജനിച്ചത്. സ്വീഡിഷ് ഭാഷ തങ്ങളുടെ മാതൃഭാഷയായി സംസാരിക്കുന്ന  ഫിൻലാൻറിലെ, ഫിന്നിഷ്-സ്വീഡിഷ് ന്യൂനപക്ഷത്തിലുള്ള മാതാപിതാക്കളായ മാറ്റ്സ സൊഡെർഗ്രാൻ, ഹെലനാ ഹോംറൂസ് എന്നിവരുടെ ഏക മകളായിട്ടാണ് അവർ വളർന്നത്. അവരുടെ അമ്മയായ ഹെലന വിവാഹത്തിനു മുമ്പ് ഒരു റഷ്യൻ സൈനികനുമായുള്ള ബന്ധത്തിൽ ഒരു പുത്രനു ജന്മം നൽകിയിരുന്നെങ്കിലും രണ്ടു ദിവസം മാത്രമേ കുട്ടി ജീവിച്ചിരുന്നുള്ളൂ. ഭാര്യയുടെ മരണശേഷം വിഭാര്യനായിരുന്ന അവരുടെ പിതാവ് രണ്ടു ചെറിയ കുട്ടികളുമായി അക്കാലത്തു കഴിയുകയായിരുന്നു. ഇരുവരുടെയും കഴിഞ്ഞകാലം തങ്ങൾ ഒരു വിവാഹത്തിന് പൂർണ്ണമായി അനുയോജ്യരല്ല എന്നുള്ള പൂർണ്ണബോധ്യത്തോടെയും ഇരുഭാഗത്തുമുണ്ടായ ദുരന്തങ്ങളെയും മുൻനിറുത്തി മാതാപിതാക്കൾ വിവാഹിതരാകുകയായിരുന്നു.

എഡിത്തിന്റെ അമ്മ ഒരു ഉന്നതകുടുംബത്തിൽനിന്നുള്ള വനിതയായിരുന്നു. അവരുടെ കുടുംബത്തിനുള്ളിൽ സ്ത്രീകളുടെ സാമൂഹ്യപദവി ശക്തമായിരുന്നു. പിതാവുമായി എത്രമാത്രം ബന്ധമുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് കൂടുതലായി വിവരങ്ങളില്ല. അവർക്ക് 15 വയസു പ്രായമുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. എഡിത്തിന് ഏതാനും മാസം പ്രായമുള്ളപ്പോൾ സൊഡെർഗ്രാൻ കുടുംബം കരെലിയാൻ ഇസ്തുമസിലുള്ള റയ്‍വോള വില്ലജിലേയ്ക്കു മാറിത്താമസിച്ചു. അവിടെ മുത്തഛനായ ഗബ്രിയേൽ ഹോംറൂസ് അവർക്കായി ഒരു വീടു വാങ്ങിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മാറ്റ്സ് ഒരു തടിയറപ്പു മില്ലിൽ മേൽനോട്ടക്കാരനായുള്ള ജോലി സമ്പാദിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി പാപ്പരാകുകയും കുടുംബം ചെലവുകൾക്കു പണം കണ്ടെത്താൻ വളരെയധികം വിഷമിക്കുകയും ചെയ്തു. അമ്മയായ ഹെലനയുടെ പിതാവ് ഏതാനും മാസങ്ങൾക്കു ശേഷം മരണപ്പെടുകയും പിതാവിന്റെ സ്വത്ത് ഹെലനയ്ക്കും അവരുടെ അമ്മയ്ക്കുമായി വിഭജിച്ചു നൽകുകയും ചെയ്തു. അങ്ങനെ ലഭിച്ച പണം ഉപയോഗിച്ച് അവർ കടങ്ങൾ വീട്ടുകയും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി കൈവരിക്കുകയും ചെയ്തു. മാറ്റ്സിന്റെ വിജയകരമല്ലാത്ത വ്യാപാരങ്ങളും മറ്റുമായി ബാക്കിയുള്ള പണം പെട്ടെന്നുതന്നെ തീർന്നു. ഹെലന അമ്മയുടെ ഭഗത്തുനിന്നു കിട്ടിയ ഷെയർ ഉപയോഗിച്ച് ഒരിക്കൽക്കൂടി കുടുംബത്തിന്റെ കടങ്ങൾ വീട്ടി. എഡിത്, സെന്റ് പീറ്റേർസ്ബർഗ്ഗിലെ പെട്രിസ്ഷ്യൂളിലെ ഗേൾസ് സ്കൂളിൽ പഠനത്തിനു ചേർന്നു. പെട്രിസ്ഷ്യൂൾ പാരമ്പര്യസമ്പന്നമായ ഒരു സ്ഥലമായിരുന്നു. ഈ സ്ഥലം എഡിത്തിന് വളരെ തന്റെ ബുദ്ധിപരമായ കഴിവുകളെ വളർത്തുന്നതിനു പറ്റിയ ചുറ്റുപാടുകൾ സൃഷ്ടിച്ചു.

1904 ൽ അവരുടെ പിതാവിന് ക്ഷയരോഗം കണ്ടെത്തുകയും 1906 മെയ് മാസത്തിൽ നെലാൻറിലെ നുമ്മെല സോനിട്ടോറിയത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ഭേദപ്പെടാത്ത അസുഖത്തോടെ അദ്ദേഹം വീട്ടിലേയക്കു തിരിച്ചയയ്ക്കപ്പെട്ടു. 1907 ഒക്ടോബർ മാസത്തിൽ മാറ്റ്സ് സൊഡെർഗ്രാൻ അസുഖം മൂർഛിച്ച് മരണമടഞ്ഞു. ഇത് എഡിത്തിന് അസുഖം കണ്ടുപിടിക്കപ്പെടുന്നതിന് ഏകദേശം ഒരു വർഷം മുമ്പായിരുന്നു.  

ഈ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ കുടുംബത്തെ താങ്ങി നിർത്തേണ്ട ഉത്തിവാദിത്വം എഡിത്തിന്റെ അമ്മയുടെ ചുമതലയായിരുന്നു, പ്രത്യകിച്ച് മാറ്റ്സ് സൊഡെർഗ്രാനിന്റെ  ആരോഗ്യം മോശമായ അവസ്ഥയിൽ. എഡിത്ത് നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. അവരുടെ ശേഖരത്തിൽ അമ്മയുമൊത്തുള്ള അനേകം ഫോട്ടോകളുടം പിതാവിന്റെ ഏതാനും ചിത്രങ്ങളുമുണ്ടായിരുന്നു. അവരുടെ അമ്മയായ ഹെലന സൊഡെർഗ്രാന് വിവേകമതിയും ബുദ്ധിമതിയുമായ സ്ത്രീയായിരുന്നു. എഡിറ്റ് അമ്മയുമായുള്ള സഹവാസം ആസ്വദിച്ചിരുന്നു. ഒരു കവയിത്രിയാകുക എന്ന മകളുടെ ആഗ്രഹത്തിന് ഹെലന എപ്പോഴും പിന്താങ്ങുകുയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു. എഡിത്തും പിതാവും തമ്മിൽ ചിലവഴിക്കുന്നതിൽ കൂടുതൽ സമയം അമ്മയും മകളും തമ്മിൽ ചിലവഴിച്ചിരുന്നു. അവർ സ്കൂൾ കാലഘട്ടത്തിൽ സെൻറ് പീറ്റേർസ്ബർഗ്ഗ് ചുറ്റിനടന്നു കാണുന്നതിനു സമയം കണ്ടെത്തുകയും ഇടയ്ക്ക് നഗരത്തിലെ വിബോർഗ്സ്ക ഭാഗത്ത് താമസിക്കുകയും ചെയ്തിരുന്നു. എഡിത്തിൻറെ പിതാവ് അവരോടൊപ്പം നഗരത്തിൽ കുറച്ചുകാലം മാത്രമാണ് കഴിഞ്ഞത്. എഡിത്തിന് ഏതാനും സുഹൃത്തുക്കൾ മാത്രമാണുണ്ടായിരുന്നത്. ഹെലന, തന്റെ മകളെ ഏകാന്തതായിലകപ്പെട്ടു പോകുമെന്ന് ഭയപ്പെട്ടു.[1]  ഗുന്നാർ ടിഡെസ്ട്രോമിനെപ്പോലെയുള്ള ചില ജീവചരിത്രകാരന്മാർ, ഹെലന എഡിത്തിനു കൂട്ടായിരിക്കുവാൻ അതേ പ്രായമുള്ള സിൻഗ എന്നു പേരായ ഒരു വളർത്തുമകളായ സഹോദരിയെ കണ്ടെത്തിയതായി അവകാശപ്പെടുന്നു. സ്കൂൾ പഠനകാലത്ത് സിൻഗ സൊഡെർഗ്രാൻ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നതായും അവധിക്കാലങ്ങളിൽ മാത്രം തൻറെ യഥാർത്ഥ കുടുംബത്തിലേയ്ക്കു പോയിരുന്നതായും കരുതപ്പെടുന്നു. ഒരിക്കൽ സിൻഗ അവിടെനിന്ന് സ്വന്തം കുടുബത്തിലേയ്ക്ക് ഓടിപ്പോയിരുന്നതായും റെയിൽപാളത്തിനു സമീപത്തുകൂടി നടക്കവേ അവൾ ട്രെയിൻ തട്ടി മരണമടഞ്ഞാതായും പിന്നീട് ഹെലന അവളുടെ വികൃതമായ മൃതശരീരം കണ്ടതായും പറയപ്പെടുന്നു.  എന്നാൽ മറ്റു ജീവചരിത്രകാരന്മാരായ എബ്ബ വിറ്റ്-ബ്രാട്ട്സ്ട്രോമിനെപ്പോലുള്ളവർ ഈ കഥ തള്ളിക്കളയുന്നു. സിൻ‌ഗെയന്ന പെൺകുട്ടി ജീവിച്ചിരുന്നതായി തെളിവുകൾ ഒന്നുമില്ല എന്ന് ഇവർ സമർത്ഥിക്കുന്നുd.[2]

സ്കൂൾ ജീവിതം

1902 ലാണ് Die deutsche Hauptschule zu St. Petri (RussianПетришуле) എന്ന സ്കൂളിൽ എഡിത്ത് സ്കൂൾ പഠനം ആരംഭിക്കുന്നത് . അവിടെ 1909 വരെ പഠനം തുടർന്നിരുന്നു. ഈ സ്കൂൾ വർഷങ്ങൾ ആശങ്കകളുടേയും ശക്തമായ സാമൂഹ്യ സംഘർഷങ്ങളുടേതുമായിരുന്നു. ഇത് അവരുടെ ലോകവീക്ഷണത്തെ സ്വാധീനിച്ചിരുന്നു.

Vaxdukshäftet പോലെയുള്ള കവിതകളിൽ അവരുടെ സ്കൂൾ ജീവിതത്തിൻറ നിഴലുകൾ കാണാം. അക്കാലത്തുള്ള കവിതകളിൽ രാഷ്ട്രീയ തീമുകളും കണ്ടെത്താൻ സാധിക്കുന്നതാണ്. സ്കൂളിൽ ജർമ്മൻ, റഷ്യൻ, ഫിന്നിഷ്, സ്കാൻഡിനേവിയൻ എന്നിങ്ങനെ വിവിധ രാജ്യക്കാരാണ് പഠനം നടത്തിയിരുന്നത്. ആധുനിക ഭാഷകൾ പഠിക്കുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ജർമ്മൻ, ഫഞ്ച്, ഇംഗ്ലീഷ്, റഷ്യൻ എന്നിവയെല്ലാം പരിശീലിച്ചിരുന്നുവെങ്കിലും മാതൃഭാഷയായി സ്വീഡിഷിൽ വലിയ പരിശീലനം കിട്ടിയിരുന്നില്ല. സ്വീഡിഷ് ഭാഷയിലെ ഗ്രാമർ പരിജ്ഞാനം തീരെക്കുറവായിരുന്നു. സ്കൂളിലും സുഹൃത്തുക്കളോടും ജർമ്മൻ ഭാഷയിലാണ് അവർ ആശയവിനിമയം നടത്തിയിരുന്നത്s.[3]

എഡിത്ത് വളരെ ബുദ്ധിമതിയായി കുട്ടിയായിരുന്നു. അറിവ് വളരെ വേഗം ഗ്രഹിക്കുന്നതിനുള്ള അസാമാന്യമായ പാടവം അവർക്ക് സ്കൂൾജീവിതകാലത്തുണ്ടായിരുന്നു. ഫ്രഞ്ച് പാഠങ്ങൾ പഠിക്കുന്നതിൽ അവർ അത്യധികമായ താൽപര്യം കാട്ടിയിരുന്നു. ഇതിനു പ്രധാനകാരണം അവരുടെ അദ്ധ്യാപകനായിരുന്ന ഹെൻഡ്രി കോട്ടിയർ ആയിരുന്നു.[4]

1908 കളിൽ എഡിത്ത്, തൻറെ കവിതകളിലും എഴുത്തുകളിലും സ്വീഡിഷ് പ്രധാന ഭാഷയായി ഉപയോഗിക്കുവാൻ തീരുമാനിക്കുകയും ജർമ്മൻ ഭാഷയിലുള്ള എഴുത്തു പൊടുന്നനവെ നിർത്തുകയും ചെയ്തു. ഇത്‍ സ്വയം എടുത്ത തീരുമാനപ്രകാരമല്ലായിരുന്നു. സ്വീഡിഷ് സാഹിത്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നില്ല. അതുപോലെ ഫിൻലാൻറ്-സ്വീഡിഷ് കവിത അവഗണിക്കപ്പെട്ടുകിടക്കുകയുമായിരുന്നു. ഈ തീരുമാനത്തിനുപിന്നിലെ പ്രധാനപ്രേരണ അവരുടെ അടുത്ത ബന്ധുവും ഫിൻലാൻഡ്-സ്വീഡിഷ് ഭാഷാ ഗവേഷകനായിരുന്ന ഹൂഗോ ബെർഗ്രോത്ത് ആയിരുന്നു.[5]  ഏതാനും വർഷങ്ങൾക്കു മുമ്പ് അവർ Hoppet ("The Hope") എന്ന പേരിൽ ഒരു കവിത പുറത്തിറക്കിയിരുന്നു. ഇത് ഹെൽസിങ്ഫോർസിൽ വച്ച് സ്വീഡിഷ് ലിബറൽ പാർട്ടിയ്ക്കായി ഒരു മെമ്പർഷിപ്പ് ന്യൂസ്‍ലെറ്റിനുവേണ്ടി തയ്യാറാക്കിയതായിരുന്നു. ഈ കവിത ഫിൻലാൻറ്-സ്വീഡിഷ് രചയിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതുപോലെതന്നെ സ്വീഡിഷ് ഭാഷയിലേയ്ക്കുള്ള മാറ്റം ആ ഭാഷയിൽത്തന്നെ കവിതകളെഴുതുവാൻ പ്രചോദനമായിത്തീർന്നു.  

അസുഖകാലം

1908 നവംബർ മാസത്തിലെ ഒരു ദിവസം എഡിത്ത് സ്കൂളിൽനിന്നെത്തിയത് വളരെ ക്ഷീണിതയായാണ്. തനിക്ക് ഒരു സുഖവും തോന്നുന്നല്ല എന്ന ആവലാതിയിൽ ഹെലെന ഒരു ഭിഷഗ്വരനെ വിളിച്ചുവരുത്തുകയും അദ്ദേഹം പരിശോധനനടത്തിയശേഷം എഡിത്തിന് ശ്വാസകോശത്തിൽ വീക്കമുണ്ടെന്ന് അഭിപ്രായപ്പെട്ടു. 1909 ലെ പുതുവത്സരദിനത്തിൽ എഡിത്തിന് ക്ഷയരോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു. പരിശോധനാറിപ്പോർട്ട് വന്ന ഒരു മാസത്തിനുള്ളില്ത്തന്ന എഡിത്ത് നുമ്മെല സാനിട്ടോറിയത്തിൽ അഡ്മിറ്റായി. അവരുടെ പിതാവ് മരണപ്പെടുന്നതിനു മുമ്പ് ചികിത്സിച്ചിരുന്ന അതേ ആശുപത്രിയായിരുന്നു അത്. ഓർമ്മകൾ അവരെ വേട്ടയാടുകയും അവിടുത്തെ ചികിത്സ അവർക്ക് സുഖപ്രദമല്ലാതെ വരുകയും ചെയ്തു. അക്കാലത്ത് ക്ഷയരോഗം പൂർണ്ണമായി സുഖപ്പെടുവാനുള്ള സാഹചര്യങ്ങളില്ലായിരുന്നു. 70 മുതൽ 80 ശതമാനം വരെയുള്ള കേസുകളിൽ രോഗികൾ അസുഖം കണ്ടുപിടിച്ച് 10 വർഷങ്ങൾക്കുള്ളിൽ മരണമടഞ്ഞിരുന്നു. നുമ്മെലയിൽ എഡിത്ത് വളരെ അസന്തുഷ്ടയായി കാണപ്പെട്ടിരുന്നു. അവരുടെ പിതാവിൻറെ മരണവുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിൽ പ്രത്യേകിച്ചും. അവരുടെ തൂക്കം കുറയുകയും മാനസികാരോഗ്യം വളരെ താഴ്ന്നനിലയിലെത്തുകയും ചെയ്തിരുന്നു. തനിക്കു മാനസികരോഗിയായി മാറിയിട്ടുണ്ടെയെന്ന് അവർ ഒരിക്കൽ ഡോക്ടറോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

അവരെ ഭൂതകാലം വേട്ടയാടുകയും ആ സ്ഥലം സ്ഥലം കൂടുതൽ ഒരു ജയിലിൽ സാദൃശ്യമുള്ളതായി അവർക്കു തോന്നകയും ചെയ്തു. വിരസമായ ദിവസങ്ങളിൽ അവർ മറ്റു ദേശങ്ങളിൽ യാത്ര ചെയ്യുന്നതായി ദിവാസ്വപ്നം കണ്ടിരുന്നു. ദിവസങ്ങൾ കഴിയവേ  അവർ തന്റെ മനസ്സിനെ വിചിത്രമായ ലോകത്തേയ്ക്കു പാറിപ്പറക്കുന്നതിനായി അഴിച്ചുവിട്ടു. അടുത്ത വർഷം അവരുടെ സ്ഥിതി കൂടുതൽ വഷളായിത്തീർന്നിരുന്നു. അതിനാൽ കുടുംബം വിദേശത്തുനിന്നുള്ള സഹായം ലഭിക്കുവാനുള്ള സാദ്ധ്യതകൾ ആരാഞ്ഞു. പ്രഥമഗണന സ്വിറ്റ്സർലാന്റ് ആയിരുന്നു. അക്കാലത്ത് യൂറോപ്പിലെ ക്ഷയരോഗ ചികിത്സയുടെ കേന്ദ്രമായി സ്വിറ്റ്സർലാന്റ് അറിയപ്പെട്ടിരുന്നു.

1911 ലെ ഒക്ടോബർ മാസത്തിൽ, അസുഖനിർണ്ണയം നടത്തി ഏകദേശം മൂന്നു വർഷങ്ങൾത്തു ശേഷം എഡിത്തും അവരുടെ അമ്മയും സ്വിറ്റസർലാൻറിലെ അറോസായിലേയ്ക്കു യാത്രയായി. എന്നാൽ അവിടെയും അവർ‌ക്ക് സുഖകരമായി തോന്നിയില്ല. മൂന്നു വ്യത്യസ്ത ഡോക്ടർമാർ അവരെ പരിശോധിക്കുകയും അസുഖം ഭേദമാകുന്നതിനുള്ള തികച്ചും വ്യത്യസ്തങ്ങളായ വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കു ശേഷം അവരെ ഡവോസ്-ഡോർഫ് സാനിട്ടോറിയത്തിലെ ഡോക്ടർ ലുഡ്‍വിഗ് വോൺ മുറാൾട്ടിന്റെ അടുത്തെത്തിക്കുകയും ചെയ്തു. പ്രസ്തുത ഡോക്ടറെ കണ്ടമാത്രയിൽത്തന്നെ അവർക്ക് വളരെ ആശ്വാസം അനുഭവപ്പെടുകയും, ഡോക്ടർ വോൺ മുറാൾട്ട് അവർക്ക് വലതു ഭാഗത്തു ചെയ്യാവുന്നതായ ന്യൂമോത്തൊറാക്സ് എന്നറിയപ്പെട്ടിരുന്ന ചികിത്സ നിർദ്ദേശിച്ചു.[6]  ഇത് ശസ്ത്രക്രിയക്കിടയിൽ ശ്വാസകോശം തുളച്ച് അതിൽ നൈട്രജൻ ഗ്യാസ് നിറക്കുന്ന പ്രക്രയയും ഉൾപ്പെട്ടതായിരുന്നു. തുളയ്ക്കുന്ന ശ്വാസകോശം ഉപയോഗക്ഷമമല്ലാതാവുമെങ്കിലും അത് വിശ്രമാവസ്ഥയിലാകുമായിരുന്നു. 1912 മെയ് മാസത്തിനു ശേഷം അസുഖം ഭേദപ്പെട്ടിരുന്നില്ലെങ്കിലും  അവരുടെ ശ്വാസകോശത്തിൽ ക്ഷയരോഗത്തിന്റെ ബാക്ടീരിയകൾ ഒന്നും തന്നെ അവശേഷിച്ചായി കാണപ്പെട്ടില്ല.[7] അവർ ഓരോ ദിവസവും അനേകമണിക്കൂറുകൾ വിശമിക്കേണ്ടതും ആഹാരക്രമം അനുഷ്ടിക്കേണ്ടതുമുണ്ടായിരുന്നു.

ഫിൻലാൻറിലെ ഒരു ചെറു പ്രദേശത്തുനിന്ന് ബൌധികമായി വളരെ ഉന്നതനിലയിലുള്ള ഒരു രാജ്യത്തെത്തിയ അവർക്ക് അവിടെനിന്ന് വളരെ ജീവിതാനുഭവങ്ങൾ പകർന്നുകിട്ടി. യൂറോപ്പിലെ പ്രതിഭാധനരായ നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തുവാൻ സാനിട്ടോറിയത്തിലെ ചികിത്സാകാലത്ത് അവർക്ക് സാധിച്ചിരുന്നു. ഇത്തരം ആളുകളിൽനിന്ന് ഒരു പ്രത്യേക അടുപ്പം അവർക്ക് അനുഭവപ്പെട്ടു. ഇത് സെന്റ് പീറ്റേർസ്ബർഗ്ഗിലെ താമസത്തിനിടയിൽ വളരെ വിരളമായി ലഭിച്ചിരുന്നതാണ്. തീർച്ചയായും അവരുടെ വിശ്വാസവും സൗഹൃദം നേടിയ ആദ്യ ഡോക്ടർ വോൺ മുറാൾട്ട് ആയിരുന്നു. 1917 ൽ ഡോക്ടർ വോൺ മുറാൾട്ട് അന്തരിച്ചവേളയിൽ “Trädet i skogen”  ("The Tree in the Forest") “Fragment av en stämning”  ("Fragment of a Mood") എന്നിങ്ങനെ  രണ്ടു കവിതകൾ അവർ അദ്ദേഹത്തെ സംബന്ധിച്ച് എഴുതുകയുണ്ടായി. സ്വിറ്റ്സർലന്റിലെ വാസകാലത്ത് അദ്ദേഹത്തെസംബന്ധിച്ച് അവർക്കുണ്ടായിരുന്ന ബഹുമാനവും ദുഖവും സ്നേഹവുമൊക്കെ ഈ കവിതകളിൽ ഉണ്ടായിരുന്നു.

ക്രമേണ എഡിത്തിൻറെ ആരോഗ്യം മെച്ചപ്പെടുകയും ചുമ മാറുകയും ചെയ്തതിൻറെ ഫലമായി സാധാരണ ജീവിതത്തിലേയ്ക്കു മെല്ലെ പ്രവേശിച്ചു.  1914 ലെ വസന്തത്തിൽ അവർ കുടുംബത്തിലേയ്ക്കു യാത്രതിരിച്ചു. എന്നാൽ അവരോടൊപ്പം അസുഖത്തിൻറ നിഴൽ ഒപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. 

സാഹിത്യവിപ്ലവം

എഡിത്തിൻറെ ആദ്യ പുസ്തകം Dikter ("Poems") ആയിരുന്നു. ഇത് പുറത്തിറങ്ങിയത് 1916 ലെ ഒരു ശരത്കാലത്തായിരുന്നു. ഇത് അക്കാലത്ത് വലിയ ചലനങ്ങളുണ്ടാക്കിയില്ല. എങ്കിലും ചില നിരൂപകരുടെ ശ്രദ്ധനേടിയിരുന്നു.[8]    Dagen svalnar... ("The Day Cools..."), Vierge moderne ("Modern Lady") എന്നീ കൃതികൾ സ്വീഡിഷ് ഭാഷയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നു. 

1917 ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം എഡിത്തിൻറെയും അമ്മയുടെയും സാമ്പത്തിക ആസ്തികൾ, അവ ഉക്രേനിയൻ സെക്യൂരിറ്റികളിൽ സൂക്ഷിച്ചിരുന്നതിനാൽ പെട്ടെന്നുതന്നെ പ്രയോജനമില്ലാതെയായി.[9] 1918 ലെ വസന്തകാലത്ത് അവർ താമസിച്ചിരുന്ന കരെലിയൻ ഇസ്തുമസ് ഒരു യുദ്ധമേഖലയായി മാറി. പെട്രോഗ്രാഡിൽ (1914 മുതൽ സെൻറ് പീറ്റേർസ്ബർഗ്ഗ് അങ്ങനെ അറിയപ്പെട്ടു) ആളുകൾ വിചാരണയില്ലാതെ വെടിവച്ചു കൊല്ലപ്പെട്ടു. തൻറെ അനേകം സഹപാഠികൾ പട്ടണത്തിൽനിന്ന് ഓടിപ്പോയതായി എഡിത് സൊഡെർഗ്രാൻ മനസ്സിലാക്കി.

ജീവിതത്തിൽ ഒന്നിനുമീതേ ഒന്നായി വരുന്ന മാറ്റങ്ങൾക്കും അധഃപതനങ്ങൾക്കുമെതിരെ പൊരുതി എങ്ങനെ നിവർന്നു നിൽക്കണമെന്നുള്ള സിദ്ധാന്തം അവർ ഫ്രീഡ്രിച്ച് നീറ്റ്ഷെയുടെ പുസ്തകങ്ങളിൽനിന്ന് മനസ്സിലാക്കിയിരുന്നു.   

അവരുടെ പുതിയ ദിശയിലുളള കാവ്യമായ “Septemberlyran” ("The September Lyre") പൊതുസമൂഹത്തിലോ വിമർശകരിലോ വലിയ പ്രതികരണങ്ങൾ ഉളവാക്കിയില്ല. 1918 ലെ പുതുവർഷത്തിൽ, ഹെൽസിങ്കി ന്യൂസ്പേപ്പറായ “Dagens Press” ൻറെ എഡിറ്റർക്ക്  ഒരു കുപ്രസിദ്ധ കത്തിലൂടെ തൻറെ കവിതാ പുസ്തകത്തിൻറെ ഇതിവൃത്തവും കവിതയുടെ വിരോധാഭാസരൂപത്തിലുള്ള ദർശനവും ഉദ്ദേശ്യവും മറ്റും  ചർച്ച ചെയ്യാൻ ശ്രമിച്ചു.[10]  ആദ്യ ചർച്ചയിൽ ആധുനികതയെക്കുറിച്ച് പ്രകോപനപരമായ ചർച്ചയ്ക്കുപകരം ഈ ചർച്ച ചിന്തോദ്ദീപകമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചിരുന്നു. ആധുനികതയിലെ ദുർഗ്രഹമായ ആഖ്യാനശൈലി സ്വീഡിഷ് ഭാഷയിലുള്ള ചർച്ചയിലൂടെയാണ് അവതരിപ്പിക്കപ്പെട്ടത്. ഈ ചർച്ച വളരെ പരുഷമായി രീതിയിലുള്ളതായിരുന്നു. ചർച്ചയിൽ പങ്കെടുത്ത ഒരാൾക്കും കവിത ഏതു പരിതഃസ്ഥിതിയിൽ എഴുതപ്പെട്ടതാണെന്നുള്ള സാമാന്യജ്ഞാനമോ അവബോധമോ ഇല്ലായിരുന്നു.

കവിതയിൽ വിശപ്പ്, ക്ഷയരോഗം, റയ്‍വോള ചുവപ്പു ഗാർഡുകളുടെ അധീനതയിലായലുണ്ടാകുന്ന നാടുകടത്തൽ ഭീഷണി, കൊല്ലപ്പെടുമെന്നുള്ള ഭയം എന്നിങ്ങനെയുള്ള വിഷയങ്ങൾ കവിതയിൽ സന്നിവേശപ്പിച്ചിരുന്നു. ഈ ചർച്ച അവർക്ക് യുവ നിരൂപകയായ ഹാഗർ ഒൽസോം (1893–1978) എന്ന ഒരു ആജീവനാന്ത സുഹൃത്തിനെ നേടിയെടുക്കൊടുത്തു. വിദൂരമായ ഗ്രാമത്തിൽ ഭീഷണമായ സാഹചര്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന  എഡിത്തിൻറെയുടുത്ത് ഒൽസോം ഒരു നിരന്തര സന്ദർശകയായി മാറി. രണ്ടു യുവതികളും കത്തിലൂടെ ബന്ധപ്പെട്ട് സൌഹൃദവും ചിന്തകളും കൈമാറിയിരുന്നു. ഇത് എഡിത് സൊഡെർഗ്രാനിൻറെ മരണത്തിന് ഏതാനും ആഴ്ചകൾക്കു മുമ്പുവരെ തുടർന്നിരുന്നു.

1923 ൽ റയ്‍വോളയിലുള്ള വസതിയിൽവച്ച് എഡിത്ത് അന്തരിക്കുകുയം വില്ലേജിലെ പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു.1939 വരെ അവരുടെ അമ്മ ഇതേ വില്ലേജിൽ ജീവിതം തുടർന്നു. ശൈത്യകാലത്തു നടന്ന യുദ്ധത്തിൽ നിന്നു പാലായനം ചെയ്യവേ അവർ മരണപ്പെട്ടു. പിന്നീട് 1940 ലെ മോസ്കോ പീസ് ട്രീറ്റി അനുസരിച്ച് ഈ വില്ലേജ് സോവിയറ്റ് ഭൂപ്രദേശമാകുകയും പിന്നീട് റഷ്യൻ പ്രദേശമായി മാറുകയും ചെയ്തു. 1950 മുതൽ ഈ മേഖല ക്രമമായി നഗരവൽക്കരിക്കപ്പെടുകയും സൊഡെഗ്രാൻ ജീവിച്ചിരുന്ന കാലത്തെ അടയാളങ്ങൾ ക്രമേണ മാഞ്ഞുപോകുകയും ചെയ്തു. എഡിത്തിൻറെ ശവസംസ്കാരം നടത്തിയ സ്ഥലം അജ്ഞാതമായി അവശേഷിക്കുന്നു. 1960 ൽ അവരുടെ ഒരു പ്രതിമ റയ്‍വോളയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. യുദ്ധം അവസാനിച്ചശേഷം റയ്‍വോളയുടെ പേര് റോസ്ചിനോ (Russian: Рощино) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അവരുടെ പഴയ ഭവനത്തിൻറെ സ്ഥാനത്ത് കല്ലുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഓർത്തഡോക്സ് പള്ളിയുടെ പിൻഭാഗത്തായിട്ടാണ് ഇതിൻറെ സ്ഥാനം. സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്കു ശേഷം ഈ ഭവനത്തിൻറെ പഴയ ഫോട്ടോകൾ ആധാരമാക്കി പുനർനിർമ്മിച്ചിരുന്നു.   

കൃതികളും ആസ്വാദനനിലവാരവും.

എഡിത് സൊഡെർഗ്രാൻ ആധുനിക സ്വീഡിഷ് കവിതകളുടെ ഉപജ്ഞാതാവു കൂടിയായിരുന്നു. ആധുനിക സ്വീഡിഷ് കവിതാരംഗത്ത് എൽമെർ ഡിക്ടോണിയസ് (1896–1961), ഗുന്നാർ ബ്ജോർലിങ് (1887–1960), റബ്ബെ എൻക്കെൽ (1903–74) എന്നിങ്ങനെ അവർക്ക് അനേകം അനുയായികളുണ്ടായിരുന്നു. സ്വീഡനിൽ അവർ ഗുന്നാർ എകെലോഫ്, കരിൻ ബോയെ തുടങ്ങി അനേകം കവികൾക്ക് പ്രധാന വഴികാട്ടിയായിരുന്നു. അതുപോലെ തന്നെ അവരുടെ കവിതകൾ റഷ്യൻ, സ്പാനിഷ്, ചൈനീസ്, മറ്റു ഭാഷകൾ എന്നിവയിലേയ്ക്ക് മൊഴിമാറ്റവും നടന്നിരുന്നു.   അവർ തിരിച്ചറിയപ്പെടാനും ആദരിക്കപ്പെടാന് അനേകവർഷങ്ങളെടുത്തു. അവരുടെ കവിതകൾ തീർച്ചയായും അർത്ഥസമ്പുഷ്ടമായിരുന്നുവെന്നും സാധാരണജനങ്ങൾ ഈ കവിതകളെ വിലമതിക്കുമെന്നി വിശ്വാസമില്ലായിരുന്നുവെന്നും  എഡിത് സൊഡെർഗ്രാൻ അന്തരിച്ച് 14 വർഷങ്ങൾക്കുശേഷം ഗ്രന്ഥകാരനായ ജാൾ ഹെമ്മർ അഭിപ്രായപ്പെട്ടു.

അവർ പലപ്പോഴും ആന്തരികജീവിതത്തിൽ ശ്രദ്ധ ഊന്നുന്നതരത്തിലുള്ള സാഹിത്യരചനയിൽ ഭ്രമിച്ചിരുന്നുവങ്കിലും ഭാവാത്മകതയിലൂന്നിയ പദപ്രയോഗത്തിലും ശ്രദ്ധിച്ചിരുന്നു.  

അവരുടെ ഏറെ പ്രശസ്തമായ കവിതകളിൽ ചിലത് “Svart eller vitt” ("Black or White"), “Ingenting” ("Nothing"), “Min barndoms träd” ("My Childhood's Trees"), “Landet som icke är” ("The Land which is not") എന്നിവയാണ്. അവരുടെ കവിതകളിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് “Dagen svalnar” ("The Day Cools...") എന്ന കവിതയാണ്. ഈ കവിതയിൽ തീവ്രാഭിലാഷം, പേടി, സാമീപ്യം, അകലം എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നു.

രചനകൾ

ഒരു ചെറിയ ജീവിതകാലത്ത് എഡിത്ത് സൊഡെർഗ്രാൻ കവിതാസമാഹാരങ്ങലുടെ നാലു വാള്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അവർ അന്തരിച്ചതിനു ശേഷം മുൻ കവിതാ സമാഹാരങ്ങളിൽ നിന്ന് ഒഴിവാക്കപ്പട്ട കവിതകളുടെ സമാഹാരമായ “Landet som icke är” ("The Land which Is Not") പ്രസിദ്ധീകരിക്കപ്പെട്ടു.

  • Dikter ("Poems", 1916)
  • Septemberlyran ("ദ സെപ്റ്റംബർ ലൈർ", 1917)
  • Rosenaltaret ("ദ റോസ് അൾട്ടാർ", 1919)
  •  Framtidens skugga ("ദ ഷാഡോ ഓഫ് ദ ഫൂച്ചർ", 1920).
  • Landet som icke är ("ദ ലാൻറ് വിച്ച് ഈസ് നോട്ട്", 1925) 

ഇംഗ്ലീഷ് രചനകൾ

  •  മുഴുവൻ കവിതകളും.(ഡേവിഡ് മക്ഡഫ് മൊഴിമാറ്റം നടത്തിയത്. Bloodaxe Books, 1984, 1992. ISBN 9780906427385
  • ലവ് & സോളിറ്റ്യൂഡ്, എഡിത് സൊഡെർഗ്രാനിന്റെ തെരഞ്ഞെടുത്ത കവിതകൾ. ദ്വിഭാഷാ ശതാബ്ധ എഡിഷൻ. മൊഴിമാറ്റ നടത്തിയത് – സ്റ്റിന കാറ്റ്ചഡൂറിയൻ. Fjord Press, 1992. ISBN 9780940242142
  • എഡിത് സൊഡെർഗ്രാനിൻറെ കവിതകൾ - മൊഴിമാറ്റം ഗൂനിൽ ബ്രൌൺ, Icon Press. 1990, ISBN 9780951106952
  • വി വിമൻ - സാമുവൽ ചാർട്ടേർസ് പരിഭാഷപ്പെടുത്തിയത്. Tavern Books, 2015. ISBN 9781935635468

അവലംബം

  1. Rahikainen, Agnetha (2014). Poeten och hennes apostlar (PDF) (in സ്വീഡിഷ്). Helsinki University. pp. 22–28. ISBN 978-952-10-9791-1.
  2. Mier-Cruz, Benjamin (2013). Edith Södergran’s Modern Virgin: Overcoming Nietzsche and the Gendered Narrator (PDF). University of California, Berkeley. p. 18.
  3. McDuff, David (1984). Edith's Life (Introduction to Collected Poems). Bloodaxe Books. ISBN 9780906427385. Archived from the original on 2017-09-08. Retrieved 2017-03-17.
  4. Mier-Cruz, Benjamin (2013). Edith Södergran’s Modern Virgin: Overcoming Nietzsche and the Gendered Narrator (PDF). University of California, Berkeley. p. 18.
  5. Liukkonen, Petri (2008). "Edith Södergran (1892-1923)". Authors Calendar. Retrieved 2016-05-07.
  6. McDuff, David (1984). Edith's Life (Introduction to Collected Poems). Bloodaxe Books. ISBN 9780906427385. Archived from the original on 2017-09-08. Retrieved 2017-03-17.
  7. Rahikainen, Agnetha (2014). Poeten och hennes apostlar (PDF) (in സ്വീഡിഷ്). Helsinki University. pp. 22–28. ISBN 978-952-10-9791-1.
  8. Liukkonen, Petri (2008). "Edith Södergran (1892-1923)". Authors Calendar. Retrieved 2016-05-07.
  9. Liukkonen, Petri (2008). "Edith Södergran (1892-1923)". Authors Calendar. Retrieved 2016-05-07.
  10. McDuff, David (1984). Edith's Life (Introduction to Collected Poems). Bloodaxe Books. ISBN 9780906427385. Archived from the original on 2017-09-08. Retrieved 2017-03-17.
"https://ml.wikipedia.org/w/index.php?title=എഡിത്_ഐറിൻ_സൊഡെർഗ്രാൻ&oldid=3707899" എന്ന താളിൽനിന്ന് ശേഖരിച്ചത്