"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 102: വരി 102:


==ഉത്തമഗജലക്ഷണം==
==ഉത്തമഗജലക്ഷണം==
{{ആധികാരികത|സെക്ഷൻ}}
മാതംഗലീലയിൽ ഇങ്ങിനെ പറയുന്നു:
മാതംഗലീലയിൽ ഇങ്ങിനെ പറയുന്നു:



06:03, 15 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആന
Temporal range: Pliocene–Recent
ഇന്ത്യൻ ആന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Superorder:
Order:
Family:
Gray, 1821
Genera

Loxodonta
Elephas

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്ത കാലം വരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആ‍ഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റു വംശങ്ങൾ പതിനായിരം വർഷം മുൻപ് അവസാനിച്ചു, ഹിമയുഗത്തിനു ശേഷം ഇവ നാമാവശേഷമായിപ്പോയി. കേരളത്തിൽ ആനകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

പരിണാമം

വലിപ്പത്തിന്റെ താരതമ്യം, മനുഷ്യനുമായി

ആനകൾ ഉരുത്തിരിഞ്ഞത് ഏതാണ്ട് 7൦ ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നാണ്‌ പരക്കെ വിശ്വസിക്കപ്പെടുന്നത്. മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുമ്പിക്കൈ ഉള്ള ജന്തുവർഗ്ഗങ്ങളാണ്‌ പ്രൊബോസിഡിയ.

ആനയുടെ ചാർച്ചക്കാരായി അറിയപ്പെടുന്ന മറ്റു നാമാവശേഷമായ വർഗ്ഗങ്ങൾ ആണ്‌ മെറിത്തീറിയം, ഡൈനോത്തീറിയം, ട്രൈലോഫണോൺ, പ്ലാറ്റിബിലാഡോൺ, ഗൊംഫോതെറിസ്, മാസ്റ്റഡോൺ, സ്റ്റെഗോഡോൺ, മാമത്ത് എന്നിവ. എന്നാൽ കടൽപ്പശുക്കൾ എന്നറിയപ്പെടുന്ന സിറേനിയ (Sirenia), ഹൈറാക്സ് hyrax എന്നീ ഗണങ്ങളുടെ വിദൂരപാരമ്പര്യക്കാരാണ് ആനകൾ എന്നും ചിലർ വാദിക്കുന്നുണ്ട്. ഹൈറാക്സ് എന്ന ആ കുടുംബത്തിലുള്ള ജീവികൾ ആനകളെപ്പോലെത്തന്നെ വളരെ വലിപ്പമുള്ളവയായിരുന്നു. അതിനാൽ തന്നെ ഈ മൂന്നു കുടുംബങ്ങളുടേയും ഉറവിടം ആംഫിബയസ് ഹൈറാകോയ്ഡ് (amphibious hyracoid) എന്ന ഒരേ വംശം ആണെന്നു കരുതപ്പെടുന്നു. ഈ മൃഗങ്ങൾ അധിക സമയവും വെള്ളത്തിനടിയിലാണു ചിലവഴിച്ചിരുന്നതെന്നും തുമ്പിക്കൈ വെള്ളത്തിനു മുകളിൽ ഉയർത്തിയാണ് അവ ശ്വസിച്ചിരുന്നത് എന്നും ചില ശാസ്ത്രജ്ഞർ കരുതുന്നു. പിന്നീട് ഗണങ്ങളുണ്ടായതായിരുന്നിരിക്കണം, അവയിൽ ചിലതാണ് മാമോത്ത്, സ്റ്റെഗോഡൻ, ഡൈനോതെറിയം എന്നിവ.[1]

പ്രാചീനകാലത്ത്, ഏതാണ്ട് ക്രി.മു. 3000 വരെ, ഒരു പശുക്കിടാവിന്റേയോ, ഒരു വലിയ പന്നിയുടേയോ വലിപ്പമുള്ള ആനകൾ ക്രേറ്റ് ദ്വീപുകളിൽ ഉണ്ടായിരുന്നതായി ഫോസിൽ തെളിവുകളുണ്ട്. അതുപോലെ പോത്തിനോളം വലിപ്പമുള്ള കല്ലാന എന്ന ആനകൾ, കേരളത്തിലെ അഗസ്ത്യമലയിലും ആനമലയിലും ഉണ്ടെന്നു പ്രദേശത്തെ ആദിവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല[1].

ചരിത്രത്തിൽ

ഈജിപ്തിൽ ക്രി. മു. 5000 ത്തിലും മറ്റും ആനകളെ വേട്ടയാടി പിടിച്ച് വളർത്തിയിരുന്നതായി നൈൽ നദി തട സംസ്കാര ശിലാ ലിഖിതങ്ങൾ തെളിയിക്കുന്നു. ഇന്ത്യയിലും സിന്ധു നദീതട സംസ്കാരംനിലനിന്നിരുന്ന കാലത്തും ആനകളുമായി സമ്പർക്കമുണ്ടായിരുന്നു.[2] പിന്നീട് വന്ന രാജ്യങ്ങളുടെ കരസൈന്യം ആനകളെ ഉപയോഗിക്കുമായിരുന്നു, അത് കണ്ട്പേർഷ്യൻ സാമ്രാജ്യവും ഉപയോഗിച്ച് തുടങ്ങി. പോറസ്സ് രാജാവിനെതിരായുള്ള യുദ്ധത്തിൽ മഹാനായ അലക്സാണ്ടർക്ക് ആനകളിൽ നിന്നാണ്‌ കനത്ത നാശ നഷ്ടം ഉണ്ടായത്. അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു. അത്യന്തം വിനാശകാരികളായ ഈ ആനകളാണ്‌ അലക്സാണ്ടറുടെ സൈന്യത്തെ പിന്തിരിപ്പിക്കാൻ കാരണം. അതിനുശേഷം അദ്ദേഹത്തിന്‌ തിരിച്ചു പോവേണ്ടതായി വന്നു. പിന്നീട് ഒരു യുദ്ധത്തിൽ ഒരു ആനയെ ആക്രമിക്കുന്നതിനിടക്ക് അദ്ദേഹത്തിന്‌ സാരമായമുറിവേറ്റിരുന്നു.

ആനയുടെ കാൽപ്പാടുകൾ (അളക്കാനായി ചക്രത്തിന്റെ പാടുകളും)

ആനകളെ ഉപയോഗിക്കുന്നത് വളരെ പ്രയോജനപരം എന്ന് കണ്ടതിനെത്തുടർന്ന് ഹെല്ലനിക കരസൈന്യവും ആനകളെ ഉപയോഗിച്ച് തുടങ്ങി (ഇത് ശ്രദ്ധിക്കപ്പെട്ടത് ടോളമിയുടേയും സെലൂക്കിഡ് ഡയഡോക്കൈ സാമ്രാജ്യങ്ങളിലാണ്) . കാർത്തജീനിയൻ ജനറൽ ഹാനിബാൾ റോമാക്കാരുമായുള്ള യുദ്ധത്തിനായി ആനകളെ ആൽപ്പ്സിനപ്പുറം‌ കൊണ്ട് വന്നു. ഹാനിബാളിന്റെ കുതിരപ്പട വളരെ ശക്തമായിരുന്നതിനാൽ ആനകളെ അധികം ഉപയോഗിക്കേണ്ടിയും വന്നില്ല. അദ്ദേഹത്തിന്‌ സ്വന്തം ആനകളെകൊണ്ട് നാശനഷ്ടമുണ്ടാവുകയും ചെയ്തു. അദ്ദേഹം ഇന്ന് നാമാവശേഷമായ ഒരു ആഫ്രിക്കൻ വംശമായ വടക്കേ ആഫ്രിക്കയിലെ കാട്ടാനകളെയാണ് കൊണ്ട് വന്നിരിക്കാൻ സാധ്യത. ഈ അനുമാനത്തിന് കാരണം ഈ ആനകൾ ദക്ഷിണാഫ്രിക്കൻ ആനകളേക്കാൾ ചെറുതാണെന്നതും മെരുക്കാൻ എളുപ്പമാണെന്നും ഉള്ളതാണ്. വലിയ ആനകൾ കാലാൾപ്പടയ്ക്ക് വ്യാപകമായ നാശമുണ്ടാക്കുമെന്നതും കുതിരകൾക്ക് ഈ ആനകളെ പേടിയാണെന്നതും വലിപ്പം കുറഞ്ഞ ഈ ഗണത്തെ യുദ്ധത്തിൽ ഉപയോഗിക്കാൻ കാരണമായിരിരുന്നിരിക്കാം.

ക്രി.മു 305 ൽ സെലൂക്കസ് നികേറ്റർ എന്ന യവന സാമ്രാട്ട് മൗര്യ സാമ്രാജ്യത്തിലേയ്ക്ക് കടന്നുകയറി. എന്നാൽ ചന്ദ്രഗുപ്തൻ ശക്തമായ പ്രതിരോധം ഒരുക്കിയതിനാൽ രണ്ടു വർഷക്കാലം കാര്യമായ ലാഭമൊന്നും സെലൂക്കസിന് ഉണ്ടായില്ല എന്നു മാത്രമല്ല, അവസാനം സന്ധിയിൽ ഏർപ്പെടാൻ നിർബന്ധിതനായിത്തീരുകയും മകളെ ചന്ദ്രഗുപ്തന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ക്രി.മു. 303-ൽ എഴുതപ്പെട്ട ഈ സന്ധിയനുസരിച്ച് ബലൂചിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്ന അന്നത്തെ കാംബോജം(യവന ഭാഷയിൽ പാരോപാമിസദേ Paropamisadae), ഗാന്ധാരം(ഇന്നത്തെ കാണ്ഡഹാർ യവന ഭാഷയിൽ അരാക്കോസിയ Arachosia), ബലൂചിസ്ഥാൻ(ഗെദ്രോസിയ gedrosia)എന്നിവ ചേർന്ന വലിയ ഒരു ഭൂപ്രദേശം മഗധയോട് ചേർക്കപ്പെട്ടു. 500 ആനകളെയാണ് പകരമെന്നോണം സെലൂക്കസ് കൊണ്ടുപോയത്. ഈ ആനകൾ ഹെല്ലനിക രാജാക്കന്മാര ഇപ്സുസ് യുദ്ധത്തിൽ തോല്പിക്കാൻ നിർണ്ണായക സ്വാധീനമായിരുന്നു.

ഭാരതത്തിലും സയ‌മിലും (തായ്‌ലൻഡിന്റെ പഴയ പേര്), ദക്ഷിണേഷ്യയിൽ ഏതാണ്ട് മുഴുവനായും ആനകളെ വിവിധ ജോലികൾ ചെയ്യാൻ ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് മരങ്ങൾ പിഴുതെടുക്കാനും തടിപിടിക്കാനും കുറ്റവാളികളെ ചവുട്ടിക്കൊല്ലാനും ഒക്കെയായി.

സഫാരി മാതൃകയിൽ വേട്ട നടത്താനും ആനകളെ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ചും ഭാരതീയമായ രീതിയായ ഷിക്കാർ (മുഖ്യമായും കടുവകളിൽ). രാജകീയ സവാരികളിലും ആനകളെയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് മതപരമായ ചടങ്ങുകൾക്കും, ഗതാഗതത്തിനും, വിനോദത്തിനും ആനകളെ ഉപയോഗിക്കുന്നു. സർക്കസ്സിലും ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.

ജന്തുശാസ്ത്രം

പ്രത്യേകതകൾ

ആനകൾ സസ്തനികളാണ്. കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലുതും ആനയാണ്.ഒരു ശരാശരി മനുഷ്യന്റെ 85 മടങ്ങ് ശരീരഭാരം ഉണ്ട് ആനക്ക്. 3.5 അടിയിലും ഉയരവും ഉണ്ടാകും. 1956-ൽ അങ്കോളയിൽ വെടിവച്ച് കൊല്ലപ്പെട്ട ഒരാനയാണ് ഇതുവരെ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 12,000 കിലോഗ്രാം (26,400 പൗണ്ട്) തൂക്കമുള്ള ഒരു ആണാനയായിരുന്നു അത്.[3]. 22 മാസമാണ് ആനയുടെ ഗർഭകാലം. ഇതു കരയിലെ ജീവികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്. ജനനസമയത്ത് ഒരു ആനക്കുട്ടിക്ക് 120 കിലോഗ്രാം ( 265 പൗണ്ട്) ഭാരമുണ്ടാകാറുണ്ട്. ആനകൾ 70 വയസ്സ് വരെയും അതിനു ‍മുകളിലും ജീവിക്കാറുണ്ട്.

വകഭേദങ്ങൾ

ഇടതു നിന്ന് വലത്തേക്ക് - ആഫ്രിക്കൻ സവാന ആനയും Loxodonta africana(ജനനം 1969) ഏഷ്യൻ ആനയും Elephas maximus (ജനനം 1970) ഒരു ഇംഗ്ലീഷ് മൃഗശാലയിൽ.

ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും രണ്ട് വ്യത്യസ്ത വംശങ്ങളാണ്. ഏഷ്യൻ ആനകളേക്കാൾ വലിപ്പം കൂടിയവയാണ് ആഫ്രിക്കൻ ആനകൾ (4 മീറ്ററോളം പൊക്കവും 7500 കിലോഗ്രാം ഭാരവും). ആഫ്രിക്കൻ ആനകളുടെ ചെവിയും വലുതായിരിക്കും. ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വലിയ കൊമ്പുകൾ ഉണ്ടാകും, എന്നാൽ ഏഷ്യൻ ആനകളിൽ ഇവ രണ്ടിന്റേയും കൊമ്പുകൾ ചെറുതായിരിക്കും. മിക്ക ഏഷ്യൻ പിടിയാനകൾക്കും (പെണ്ണാന) കൊമ്പേ ഉണ്ടാകാറില്ല. ആഫ്രിക്കൻ ആനകളുടെ നടുവ് കുഴിഞ്ഞതും, നെറ്റി പരന്നതും, തുമ്പിക്കൈ‍യുടെ അഗ്രം വിരൽ പോലെ രണ്ടായി പിളർന്നതുമാണ്. എന്നാൽ ഏഷ്യൻ ആനകളുടെ നടു പുറത്തേക്ക് വളഞ്ഞതും, നെറ്റിയിൽ രണ്ട് മുഴ ഉള്ളതും, തുമ്പിക്കൈയുടെ അഗ്രം ഒറ്റവിരൽ പോലെയുമാണ്.

ആഫ്രിക്കൻ ആന

ആഫ്രിക്കൻ ആന - ഏഷ്യൻ ആനകളെ അപേക്ഷിച്ച് വലുതാണിവ

ലോക്സൊഡൊന്റ (Loxodonta) എന്ന ജനുസ്സിൽപ്പെട്ട എല്ലാ സസ്തനികളും ആഫ്രിക്കൻ ആനകൾ എന്ന ഒറ്റപ്പേരിൽ ആണ് അറിയപ്പെടുന്നത്. എന്നാൽ അടുത്ത കാലത്ത് നടന്ന ജനിതകപഠനങ്ങൾ കാണിക്കുന്നത് ഇവ രണ്ട് വ്യത്യസ്തസ്പീഷീസ് എന്നതാണ്*[2]; സവാനയും(ലോക്സോഡൊന്റ ആഫ്രിക്കാന Loxodonta africana) കാട്ടാനയും{ലോക്സോഡൊന്റ സൈക്ലോറ്റിസ് ; Loxodonta cyclotis). അന്യം നിന്ന് പോകുന്ന ഒരൊറ്റ വംശമായി കരുതാതെ ഇവരെ രണ്ട് വംശമായി കരുതുമ്പോൾ ഇതിൽ ഏത് വംശമാണ് കൂടുതൽ അപകടാവസ്ഥയിൽ ഉള്ളതെന്ന് മനസ്സിലാക്കാനും അവക്ക് കൂടുതൽ സംരക്ഷണം ഏർപ്പെടുത്താനും കഴിയുന്നു. എന്നു മാത്രമല്ല, കാട്ടാനകളേയും സവാന ആനകളേയും ഇണ ചേർത്ത് പുതിയ വർഗ്ഗം ഉണ്ടാക്കാൻ സാധിക്കും. പക്ഷേ ഇവ രണ്ടും രണ്ട് സ്ഥലങ്ങളിൽ അധിവസിക്കുന്നതിനാൽ ഇത് സ്വാഭാവികമായി സംഭവിക്കാനുള്ള സാധ്യത കുറവാണ്.ആഫ്രിക്കൻ ആനകൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ , ലോക്സൊഡൊന്റ അവയുടെ കുറഞ്ഞ് വരുന്ന എണ്ണം കൊണ്ട് ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇന്ന് ഏതാണ്ട് ആറ് ലക്ഷം ആഫ്രിക്കൻ ആനകൾ ആണ് ലോകത്തുള്ളതെന്നാണ് കണക്ക്. [3] [4].

ആഫ്രിക്കൻ സവേന ആനകൾ (ബുഷ് ആനകൾ)
പ്രധാന ലേഖനം: ആഫ്രിക്കൻ ബുഷ് ആന

ലോക്സൊഡൊന്റ ആഫ്രിക്കാനാ (Loxodonta africana) എന്ന ഈ വർഗ്ഗമാണ്‌ ആനകളിൽ വച്ച് ഏറ്റവും വലുത്. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവികളും ഇവ തന്നെ. പതിമൂന്ന് അടി (നാല് മീറ്റർ) പൊക്കവും ഏഴായിരം കിലോ ഭാരവും ഉണ്ടാകും. ഒരു ആ‍ണാനയ്ക്കു ശരാശരി മൂന്ന് മീറ്റർ (പത്ത് അടി) പൊക്കവും അയ്യായിരത്തിനും ആറായിരത്തിനും (കിലോ) ഇടയ്ക്കു ഭാരവും ഉണ്ടാകും. പെണ്ണാനകൾ ആണാനകളേക്കാൾ ചെറുതായിരിക്കും. സവേന ആനകൾ അധികവും തുറസായ സ്ഥലങ്ങളിലും ചതുപ്പുകളുടേയും തടാകങ്ങളുടേയും കരയിലുമാണ് കാണപ്പെടുന്നത്. ആഫ്രിക്ക എമ്പാടും തെക്കൻ സഹാറ മരുഭൂമിയും ഇവരുടെ ആവാസ കേന്ദ്രങ്ങൾ ആണ്.

ആഫ്രിക്കൻ കാട്ടാന
പ്രധാന ലേഖനം: ആഫ്രിക്കൻ കാട്ടാന
ലോക്സോഡോണ്ടാ സൈക്ലോട്ടിസ് എന്ന കുഞ്ഞൻ ആന

Loxodonta cyclotis എന്നു തരംതിരിക്കപ്പെട്ട, കുഞ്ഞൻ ആന എന്ന ഇത്, ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. വലിപ്പക്കുറവു മൂലം പിഗ്മി ആനകൾ എന്നും വിളിക്കപ്പെടുന്നു. സവാന ആനകളെ അപേക്ഷിച്ചു ചെവികൾ ചെറുതും ഉരുണ്ടതുമാണ്. കൊമ്പുകൾ ചെറുതും നേരെയുള്ളതും ആണെന്ന് മാത്രമല്ല വായിൽ നിന്ന് അധികം പുറത്തേക്ക് വരാത്ത തരത്തിലുമായിരിക്കും. ആഫ്രിക്കൻ കാട്ടാനകൾക്ക് ഏറ്റവും കൂടിയാൽ 4,500 കിലോ (10,000 പൗണ്ട്) ഭാരവും മൂന്ന് മീറ്റർ (പത്ത് അടി) പൊക്കവും ഉണ്ടായിരിക്കും. എങ്കിലും സാധാരണയായി ഇവ രണ്ടര മീറ്ററിൽ (8 അടി) അധികം പൊക്കം വക്കാറില്ല. മധ്യ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും ഉള്ള മഴക്കാടുകളിലാണ് കാട്ടാനകളെ കാണപ്പെടുന്നത്. ചിലപ്പോൾ ഇവരുടെ അധിവാസം കാടിന്റെ അരികിൽ വരെ എത്തുകയും, തത്‌ഫലമായി സവാന ആനകളുടെ ആവാസമേഖലയിൽ‍ അതിക്രമിച്ച് കടക്കുകയും ചെയ്യും. പഠനത്തിനു പ്രതികൂലമായ അന്തരീക്ഷമാണ് ആഫ്രിക്കയിൽ ഉള്ളത് എന്നതിനാൽ സവാനകളേക്കാൾ വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ആഫ്രിക്കൻ കാട്ടാനകളെക്കുറിച്ച് ലഭ്യമായിട്ടുള്ളൂ.

ഏഷ്യൻ ആന

പ്രധാന ലേഖനം: ഏഷ്യൻ ആന
ഏഷ്യൻ ആനകളുടെ ആവാസ വുവസ്ഥ

എലഫസ് മാക്സിമസ് (Elephas maximus) എന്ന ഏഷ്യൻ ആനകൾ (ഇന്ത്യൻ ആനകൾ എന്നും അറിയപ്പെടുന്നു) ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്, അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപ‌ഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ, ആഫ്രിക്കൻ ബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് കൊമ്പുകൾ ഉണ്ടാകുക‌. ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്. ജീവിച്ചിരിക്കുന്ന നാല് ഇനങ്ങൾ (subspecies) ഉണ്ട്; അവ താഴെ പറയുന്നവയാണ്.

ശ്രീലങ്കൻ ആനകൾ
ശ്രീലങ്കൻ ആനകൾ

ശ്രീലങ്കൻ‍ ദ്വീപിൽ മാത്രം കാണപ്പെടുന്നു. ഇവ ഏഷ്യൻ ആനകളിൽ ആദ്യ കീഴ്‌ഗണം ശ്രീലങ്കൻ ഏഷ്യൻ ആനകൾ (Elephas maximus maximus) എന്നയിനമാണ്. ശ്രീലങ്കൻ ആനകളാണ് ഇന്നു നിലനിൽക്കുന്ന ഏഷ്യൻ ആനകളിൽ ഏറ്റവും വലുത്. മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ ശ്രീലങ്കൻ‍ ആനകളേ ലോകത്തുള്ളൂ എന്നു വിശ്വസിക്കപ്പെടുന്നു. വലിയ ആണാനകൾക്ക് 12,000 പൗണ്ട് ഭാരവും പതിനൊന്ന് അടി പൊക്കവും ഉണ്ടാകാറുണ്ട്. ഇത് എപ്പോഴും സ്ഥിരമായിരിക്കും. ശ്രീലങ്കൻ‍ ആനകൾക്ക് തലയിലെ മുഴകൾ വളരെ വലുതായിരിക്കും. കൂടാതെ, തൊലിയിൽ ഉണ്ടാകുന്ന വെളുത്ത പാടുകൾ ഏഷ്യൻ ആനകളിൽ ഏറ്റവും കൂടുതൽ ഈ ആനകൾക്കാണ് ഉണ്ടാകുക. സാധാരണ ഇവയുടെ ചെവികൾ, മുഖം, തുമ്പിക്കൈ, വയർ എന്നീ ഭാഗങ്ങളിൽ വളരെ കൂടുതലായി ഇളം ചുവപ്പു നിറത്തിലുള്ള പാടുകൾ കാണാറുണ്ട്. [4].

ശ്രീലങ്കൻ ആനകൾക്ക് കൊമ്പുകൾ വിരളമായേ കണ്ടുവരുന്നുള്ളൂ. ശ്രീലങ്കൻ ആണാനകളിലെ 7 ശതമാനത്തിനു മാത്രമേ കൊമ്പുകളുള്ളൂ. നേരെ മറിച്ച് ദക്ഷിണേന്ത്യയിലെ ആണാനകളിൽ 80 ശതമാനത്തിനും കൊമ്പുകളുണ്ട്. ആദ്യകാലത്ത് ശ്രീളങ്കൻ ദ്വീപിലെ മുഴുവൻ പ്രദേശങ്ങളിലും ആനക്കൂട്ടങ്ങളെ കണ്ടിരുന്നു. എന്നാൽ തേയില റബ്ബർ തുടങ്ങിയ തോട്ടവിളകളുടെ ആവിർഭാവത്തോടെ ആനകൾ, ദ്വീപിന്റെ വടക്കും, കിഴക്കും ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി[5]‌.

ഇന്ത്യൻ ആനകൾ
പ്രധാന ലേഖനം: ഇന്ത്യൻ ആന
ഒരു ഏഷ്യൻ ആന.

ഏഷ്യൻ ആനകളിലെ മറ്റൊരു ഉപഗണമാണിത്. ഇന്ത്യൻ ആനകൾ (Elephas maximus indicus) ആണ് ഏഷ്യൻ ആനകളിൽ വളരെ കൂടുതലായി കാണപ്പെടുന്ന ഗണം. മുപ്പത്തിയാറായിരത്തോളം എണ്ണം ഇന്ത്യൻ ആനകൾ ഇന്നു ജീവിച്ചിരുപ്പുണ്ടെന്നു കരുതപ്പെടുന്നു. ഇവ കടുത്ത ചാരനിറമുള്ളതും, വെള്ളപ്പാടുകൾ ചെവിയിലും തുമ്പിക്കൈയിലും മാത്രമുള്ളതുമായിരിക്കും. 11,000 പൗണ്ട് മാത്രമേ സാധാരണ ഭാരമുണ്ടാകാറുള്ളുവെങ്കിലും ശ്രീലങ്കൻ ആനകളുടെയത്ര പൊക്കം ഇന്ത്യൻ ആനകൾക്കും ഉണ്ടാകും. ഈ ആനകൾ ഇന്ത്യ,മ്യാന്മർ തുടങ്ങിയ പതിനൊന്ന് ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഭക്ഷണം യഥേഷ്ടം കിട്ടുന്നതു കാരണം മഴക്കാടുകളിലും പുൽമേടുകളിലും, ഇവ രണ്ടിനുമിടയിലുള്ള സ്ഥലങ്ങളിലും കഴിയാൻ ഇഷ്ടപ്പെടുന്നു.

സുമാത്രൻ ഏഷ്യൻ ആനകൾ

ഇന്തോനേഷ്യയിലെ സുമാത്ര എന്ന ദ്വീപിലെ കാടുകളിൽ മാത്രം കണ്ടുവരുന്ന ഇവയാണ് (Elephas maximus sumatranus) ഏഷ്യൻ ആനകളിൽ രണ്ടാമത് ഏറ്റവും ചെറുത് . മുപ്പത്തിമൂവായിരത്തിനും അൻപത്തിമൂവായിരത്തിനും ഇടയിൽ സുമാത്രൻ ആനകൾ ഭൂമിയിൽ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഇളം ചാരനിറമുള്ള ഈ ആനകൾക്ക് വെള്ള പാടുകൾ മറ്റ് ഏഷ്യൻ ആനകളേക്കാൽ വളരെക്കുറവ് മാത്രമാണ് ഉണ്ടാകുക; മിക്കവാറും ചെവിയിൽ മാത്രം. പ്രായപൂർത്തിയായ സുമാത്രൻ ആനകൾക്ക് ഏകദേശം പത്തടി പൊക്കം (മൂന്ന് മീറ്റർ) മാത്രമേ ഉണ്ടാകൂ. ഭാരം ഏകദേശം 4000 കിലോ ഗ്രാം.

ബോർണിയോ പിഗ്മി ആനകൾ

ബോർണിയോ പിഗ്മി ആനകൾ (Elephas maximus borneensis) എന്ന് പേരിലുള്ള ഈ ആനകൾ ബോർണിയോ ദ്വീപിൽ കാണപ്പെടുന്നു. 2003-ലാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഡി.എൻ.എ പരിശോധന വഴി ഇതിനെ ഏഷ്യൻ ആനകളുടെ മറ്റൊരു ഇനമായി തിരിച്ചറിഞ്ഞത്. ഇവ ഇതര ഏഷ്യൻ ആനകളേക്കാൾ ചെറുതും ഇണക്കമുള്ളതും ആയിരിക്കും. വലിയ ചെവികളും നീളം കൂടിയ വാലും നേരെയുള്ള കൊമ്പുകളും ഈ ആനകളുടെ പ്രത്യേകതകളാണ്. ജനിതകപരമായി ഏഷ്യൻ ആനകളിൽ ഏറ്റവും വ്യത്യസ്തതപുലർത്തുന്ന ഈ ഇനം, പുതിയ ഗവേഷണങ്ങൾ പ്രകാരം ജാവാ ദ്വീപിൽ പണ്ട് ജീവിച്ചിരുന്ന ഏഷ്യൻ ആനയാണെന്നാണ് പറയപ്പെടുന്നത്. മനുഷ്യരായിരിക്കണം ഇവയെ ബോർണിയോ ദ്വീപിലെത്തിച്ചത്. ബോർണിയോ പിഗ്മി ആനകളെ വംശനാശ ഭീഷണി നേരിടുന്ന ഇനമായാണ് ഡബ്ല്യു.ഡബ്ല്യു.എഫ് കണക്കാക്കുന്നത്[6]. ആകെ വെറും 1500 എണ്ണം മാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ.

ഇവയെ കൂടാതെ ചൈനയിൽ ഉണ്ടായിരുന്ന ഇളം പിങ്ക് നിറത്തിലുള്ള കൊമ്പുകളോടുകൂടിയ ചൈനീസ് ആന (Elephus maximus rubridens), സിറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലുണ്ടായിരുന്ന, ഏഷ്യൻ ആനകളിലെ ഏറ്റവും വലിയ ഇനമായിരുന്ന, സിറിയൻ ആന ((Elephus maximus asurus) എന്നീ ഇനങ്ങൾ മനുഷ്യരുടെ ഇടപെടലുകൾകൊണ്ട് അന്യംനിന്ന ഏഷ്യൻ ആനകളിലെ ഇനങ്ങളാണ്.

മിശ്രവർഗ്ഗങ്ങൾ

ഒരു സ്ഥലത്ത് രണ്ട് വ്യത്യസ്ത തരം ആനകൾ ഇല്ലാത്തതിനാൽ വളർത്തുമൃഗങ്ങളുടേതു പോലെ മിശ്ര വർഗ്ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എങ്കിലും അപൂർവ്വമായെങ്കിലും ഉണ്ടാകാറുണ്ട്. മൃഗശാലകൾ, സർക്കസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇതിന്‌ സാധ്യതയുണ്ടാവുക. 1978-ൽ ചെസ്റ്റെർ മൃഗശാലയിൽ ഒരു ആഫ്രിക്കൻ ആനയ്ക്ക് ഒരു ഏഷ്യൻ പിടിയാനയിൽ കുട്ടി ജനിച്ചതാണ് രേഖപ്പെടുത്തിയിട്ടുള്ള ഒരു സം‌ഭവം.

ഉത്തമഗജലക്ഷണം

മാതംഗലീലയിൽ ഇങ്ങിനെ പറയുന്നു:

വിംശത്യാ നഖസംഖ്യായാഞ്ചിതപദഃ
സ്ഫാരോന്നതിഃ കുംഭയോഃ-
രച്ഛിദ്രഞ്ചമലരക്തകർണയുഗള
സുശ്ലഷ്ണകേശകരിഃ
സവ്യാത്യുന്നതമൌക്തികദ്യുതിരദഃ
സമ്പൂർണകുക്ഷിഃ ക്രമ-
സ്ഥൂലജ്വായതചാരുബാലാധികാരഃ
പൂഗീഫലസ്യാമളഃ

ശരീരപ്രകൃതി

തുമ്പിക്കൈ

തുമ്പിക്കൈ പല ആവശ്യങ്ങൾക്ക് ആന ഉപയോഗിക്കാറുണ്ട്. ആന കണ്ണ് തുടയ്ക്കുന്നതാണ് ഇത്.

തുമ്പിക്കൈ മേൽച്ചുണ്ടും മൂക്കും കൂടിച്ചേർന്ന ഒരു അവയവമാണ്. നീളത്തിൽ ഉള്ള ഇത് ആനയുടെ ഏറ്റവും സവിശേഷമായ അവയവമാണ്. ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്. ആനയ്ക്ക് തുമ്പിക്കൈയിൽ നാൽപ്പതിനായിരത്തില്പരം പേശികൾ ഉണ്ടാകുമെന്നാണ് ജീവശാസ്ത്രജ്ഞർ പറയുന്നത്[7]. ഇത് ആനയെ ചെറിയ പുൽനാമ്പുകൾ മുതൽ വലിയ ഭാരമുള്ള മരങ്ങൾ വരെ കൈകാര്യം ചെയ്യാൻ സഹായി‍കുന്നു.

വെള്ളം കുടിക്കാനായും ആ‍ന തുമ്പിക്കൈ ഉപയോഗിക്കുന്നു. ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട്. ഈ തുമ്പിക്കൈ സാമൂഹികജീവിതത്തിലും ആന ഉപയോഗപ്പെടുന്നു. പരിചയമുള്ള ആനകൾ തമ്മിൽ മനുഷ്യർ കൈകൊടുക്കുന്നതുപോലെ തുമ്പിക്കൈ കുരുക്കിയാണ് പരിചയം കാണിക്കാറുള്ളത്. ആനകൾ തമ്മിൽ അടികൂടുമ്പോഴും, ശാരീരികമായി ബന്ധപ്പെടുമ്പോഴും, സ്വന്തം മേൽക്കോയ്മ കാണിക്കുമ്പോഴും തുമ്പിക്കൈ ഉപയോഗിക്കുന്നു. (തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്നത് ഒരു താക്കീതോ പേടിപ്പെടുത്തലോ ആകാം. തുമ്പിക്കൈ താഴ്ത്തി പിടിക്കുന്നത് പരാജയം സമ്മതിച്ച് കൊടുക്കലുമാകാം). മറ്റ് ആനകളുമായി വഴക്കുണ്ടാകുമ്പോൾ സ്വയരക്ഷയ്ക്ക് ആനകൾ തുമ്പിക്കൈ കൊണ്ട് അടിക്കുകയും ചുറ്റിപ്പിടിച്ച് വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്യും.

മണം പിടിക്കുവാനും ആനകൾ തുമ്പിക്കൈ ആണ് ഉപയോഗിക്കാറ്. തുമ്പിക്കൈ ഉയർത്തിപ്പിടിച്ച് മണം പിടിച്ച് ആനകൾ കൂട്ടുകാരേയും ശത്രുക്കളേയും ഭക്ഷണമുള്ള സ്ഥലങ്ങളേയും മനസ്സിലാക്കുന്നു.

തുമ്പിക്കൈയുടെ അറ്റത്തു കാണുന്ന വിരൽപോലെയുള്ള അവയവത്തെ തൂണിക്കൈ എന്നു പറയും. ഏഷ്യൻ ആനയ്ക്ക് മുമ്പിലായി ഒരു തൂണികൈ മാത്രവും ആഫ്രിക്കൻ ആനയ്ക്ക് മുമ്പിലും പിമ്പിലും ആയി രണ്ട് തൂണിക്കൈയും കാണുന്നു. തുമ്പിക്കൈകൊണ്ട് മണം പിടിക്കുന്നതിനെ വാട എടുക്കുക എന്നാണ്‌ പറയുന്നതു്. [8]

കൊമ്പ്

പ്രധാന ലേഖനം: ആനക്കൊമ്പ്

ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലാണ് ആനക്കൊമ്പ്. ഇത് ജീവിതാവസാനം വരെ വളർന്നുകൊണ്ടേയിരിക്കും. വലിയ ഒരു ആനയുടെ കൊമ്പ് വർഷത്തിൽ ഏഴ് ഇഞ്ച് വരെ വളരും. കൊമ്പ് ആനകൾക്ക് വളരെ ഉപയോഗമുള്ള ഒന്നാണ്: മണ്ണ് കുഴിച്ച് വെള്ളമെടുക്കാനും, വേരുകൾ ധാതുലവണങ്ങൾ എന്നിവ മണ്ണിൽ നിന്ന് കുഴിച്ചെടുക്കാനും, മരങ്ങളുടെ തൊലി പൊളിച്ചെടുത്ത് കഴിക്കാനും, ചില മരങ്ങൾ (ബോബാബ്) തുരന്ന് അകത്തുള്ള പൾപ്പ് ഭക്ഷിക്കാനും മാർഗ്ഗതടസ്സമുണ്ടാക്കുന്ന മരങ്ങളും മരച്ചില്ലകളും മാറ്റാനുമൊക്കെ ഈ കൊമ്പുകൾ ഉപയോഗിക്കുന്നു. കൂടാതെ, മരങ്ങളിൽ സ്വന്തം അധീശപ്രദേശം അടയാളപ്പെടുത്താനും ആയുധമാക്കി ഉപയോഗിക്കാനും വരെ ആനകൾ കൊമ്പുകളെ ഉപയോഗപ്പെടുത്തുന്നു.

റഷ്യയിലെ ഇവാൻ മുന്നാമൻ രാജാവിന്റെ സിംഹാസനം- ആനക്കൊമ്പ് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

മനുഷ്യരിൽ ഇടതുകൈയ്യന്മാരും വലതുകൈയ്യന്മാരും ഉള്ളതുപോലെ, ആനകൾക്ക് ഒരു വശത്തുള്ള കൊമ്പിന് സ്വാധീനം കൂടുതലുണ്ടാകും. രണ്ട് കൊമ്പുകളിൽ വച്ച് പ്രബലമായ കൊമ്പ് (master tusk), ചെറുതും ഉപയോഗം മൂലം അറ്റം കൂടുതൽ ഉരുണ്ടതുമായിരിക്കും. ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടാകും. ഇവയ്ക്ക് പത്തടി (മൂന്ന് മീറ്റർ) നീളവും 90 കിലോഗ്രാം തൂക്കവും ഉണ്ടാകും. എന്നാൽ ഏഷ്യൻ വിഭാഗങ്ങളിൽ ആണാനയ്ക്ക് മാത്രമാണ് കൊമ്പുണ്ടാകുക. പെണ്ണാനകളിൽ ചിലതിനു ചെറിയ കൊമ്പുണ്ടാകുമെങ്കിലും പൊതുവിൽ പെണ്ണാനയ്ക്കു കൊമ്പുകൾ ഉണ്ടാകാറില്ല. ഏഷ്യൻ ആനകൾക്ക് ആഫ്രിക്കൻ ആനകൾക്കുള്ളതിന്റെ അത്രയും വലിപ്പമുള്ള കൊമ്പുകൾ ഉണ്ടായേക്കാമെങ്കിലും, അവ വണ്ണത്തിലും ഭാരത്തിലും ചെറുതായിരിക്കും. ഇതേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭാരമുള്ള കൊമ്പ് 39 കിലോ ആണ്. ആനക്കൊമ്പിന്റെ മുഖ്യമായ ഘടകം കാത്സ്യം ഫോസ്ഫേറ്റ് എന്ന ലവണമാണ്. ജീവനുള്ള കോശം ആണെന്നതിനാൽ അതു മറ്റു ലവണങ്ങളേക്കൾ (പാറ പോലുള്ള) ലോലമായിരിക്കും.

ആനക്കൊമ്പ് ശിൽപ്പങ്ങളുണ്ടാക്കാൻ ധാരാളമായി ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതൽക്കേ ആനക്കൊമ്പിനു വേണ്ടി ആനകളെ കൊന്നിരുന്നതാണ് ഇന്ന് അനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന്റെ മുഖ്യകാരണം. ഇന്ന് ആനക്കൊമ്പ് വില്പന നിയമപരമായി നിഷിദ്ധമാണ്‌. എങ്കിലും അനധികൃതമായി ആനക്കൊമ്പ് വില്പന ഗണ്യമായ തോതിൽ നടക്കുന്നുണ്ട്. [9]

ചില നാമാവശേഷമായ ഗണങ്ങൾക്ക് ആനക്കൊമ്പ് കീഴ്ത്താടിയിൽ ആണ് ഉണ്ടായിരുന്നത് (ഉദാ: ടെട്രാബെലോൺ), ചിലവയ്ക്ക് കീഴ്ത്താടിക്ക് പകരമായും (ഉദാ: ഡിനോതെറിയം).

ആദ്യം താഴേക്കും പിന്നെ വശങ്ങളിലേക്ക് നീണ്ടുവളർന്ന് അറ്റം മേൽപ്പോട്ടു വളഞ്ഞ എടുത്തു പിടിച്ച കൊമ്പുകൾക്കാണു് കൂടുതൽ ഭംഗി. താഴേക്കു വളർന്ന കൊമ്പുകളെ കീഴ്കൊമ്പ് എന്നും വശങ്ങളിലേക്ക് വളർന്നതിനെ പകച്ച കൊമ്പ് എന്നും വളരെ വണ്ണം കുറഞ്ഞ കൊമ്പുകളെ ചുള്ളികൊമ്പ് എന്നും പറയുന്നു[8]

.

പല്ലുകൾ

ആനയുടെ പല്ല്

ആനകളുടെ പല്ലുകൾ മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആനയുടെ വായിൽ ഒന്നര വയസ്സിൽ പല്ലുകൾ പ്രത്യക്ഷപ്പെടും, രണ്ടര വയസ്സോടെ ഇവ കൊഴിയാൻ തുടങ്ങുകയും ആറു വയസ്സോടെ രണ്ടാമത്തെ ഗണം പല്ലുകൾ വരികയും ചെയ്യും. പിന്നീട് 25- ആമത്തെ വയസ്സിൽ മൂന്നാമത്തെ ദന്ത നിരകൾ പ്രത്യക്ഷപ്പെടുന്നു, ൫൦ആമത്തെ വയസ്സിൽ നാലാമത്തേതും, നൂറാമത്തെ വയസ്സില് അഞ്ചാമത്തേതുമായ ദന്തനിരകൾ വളരുന്നു. ഇതിനാൽ ആനകളുടെ പല്ലു നോക്കി അവയുടെ പ്രായം കണ്ടു പിടിക്കാവുന്നതാണ്‌.

ജീവിതകാലത്ത് ആനകൾക്ക് 28 ഒരേ സമയത്ത് പല്ലുകൾ ഉണ്ടാകാം. അവ താഴെ പറയുന്നവയാണ്‌:

  • മുകളിലുള്ള രണ്ടു പല്ലുകൾ (ഉളിപ്പല്ലുകൾ): ഇവയാണ് കൊമ്പുകളായി വരുന്നത്.
  • കൊമ്പുകളുടെ പാൽപ്പല്ലുകൾ.
  • പന്ത്രണ്ട് ചെറിയ അണപ്പല്ലുകൾ‍, താടിയുടെ രണ്ടു വശങ്ങളിലും മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.
  • പന്ത്രണ്ട് അണപ്പല്ലുകൾ, താടിയുടെ ഇരു വശങ്ങളിൽ മുകളിലും താഴെയുമായി മൂന്നെണ്ണം വീതം.

ഒരു വലിയ അണപ്പല്ലിന്‌ ഒരടി നീളവും ൨.൫ ഇഞ്ച് നീളവും ൪ കിലോഗ്രാം തൂക്കവും ഉണ്ടാകാം.

ഇതര സസ്തനികൾക്ക് പാൽപ്പല്ലുകൾ വളർന്നുവന്ന് ക്രമേണ അതിനുപകരം സ്ഥിരമായ പല്ലുകൾ ഉണ്ടാകുകയാണ് ചെയ്യുക. ഇത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രം ഉണ്ടാകുകയുള്ളൂ. എന്നാൽ ആനകൾക്ക് ഒരു വർഷത്തിനു ശേഷം ആനക്കൊമ്പ് സ്ഥിരമാകുമെങ്കിലും മറ്റുപല്ലുകൾ അഞ്ച് തവണ ആനയുടെ ജീവിതത്തിൽ പുതുതായി മുളക്കും. ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ്. മറിച്ച് അവ പിറകിൽ നിന്ന് വളർന്ന് നിരങ്ങി നീങ്ങി മുന്നിലെത്തുകയാണ് ചെയ്യുന്നത്. മുന്നിലെ പല്ലുകൾ തേഞ്ഞ് തീരുകയും കൊഴിഞ്ഞ് പോകുകയും ചെയ്യുമ്പോഴേക്കും പുതിയ പല്ലുകൾ അവയുടെ സ്ഥാനം പിടിച്ചിട്ടുണ്ടാകും. വളരെ പ്രായമാകുമ്പോഴേക്കും ആനകളുടെ ശേഷിക്കുന്ന പല്ലുകൾ ചെറിയ കുറ്റികൾ പോലെ ആയിട്ടുണ്ടാകുമെന്നതിനാൽ അധികം ചവച്ചരയ്ക്കേണ്ടാത്ത മൃദുവായ ഭക്ഷണമാണ് ആന കഴിക്കുക. അവസാനകാലത്തിലെത്തിയ ആനകൾ ചെറിയ നനുനനുത്ത പുല്ലുകൾ ഉണ്ടാകുന്ന ചതുപ്പ് നിലങ്ങളിലാണ് ഇക്കാരണത്താൽ കാണപ്പെടുന്നത്. അവസാനം ഈ പല്ലുകളും കൊഴിഞ്ഞ് പോകുന്നതോടുകൂടി ആനയ്ക്ക് ഒന്നും കഴിക്കാൻ വയ്യാതെ വരികയും തത്ഫലമായി പട്ടിണി കിടന്ന് മരിക്കുകയും ചെയ്യുന്നു. ഇന്ന് ആനകളുടെ ആവാസവ്യവസ്ഥ ചുരുങ്ങി ചുരുങ്ങി വരുന്നതിനാൽ ഭക്ഷണത്തിന്റെ കുറവ് മൂലം ചെറുപ്പത്തിലേ ആനകൾ പട്ടിണി കിടന്നു മരിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കീഴ്ത്താടിയിൽ ഉണ്ടാകുന്ന കൊമ്പുകൾക്ക് രണ്ടാം ഉളിപ്പല്ലുകൾ എന്നും പേരുണ്ട്. ഡിനോതേറിയം എന്ന ഗണത്തിനും ചില മാസ്റ്റോഡോൺ എന്ന ഗണങ്ങൾക്കും ഇവ വളരെ വലുതായി വരാറുണ്ടായിരുന്നു. പക്ഷേ ഇന്നത്തെക്കാലത്ത് ഈ കൊമ്പുകൾക്ക് തത്സ്ഥാനീയനായ പാല്പല്ല് ഉണ്ട് എങ്കിലും വളരുന്നതിനുമുന്നേ തന്നെ കൊഴിയുന്നതായി കാണപ്പെടുന്നു.

ത്വക്ക്

ആനയുടെ ത്വക്ക്

ആനകൾ പാക്കിഡേർമ്സ് എന്നും അറിയപ്പെടാറുണ്ട്, അർത്ഥം: കട്ടിയുള്ള തൊലിയുള്ള മൃഗങ്ങൾ. ശരീരത്തിൽ മിക്കയിടങ്ങളിലും ആനയുടെ ത്വക്കിന് ഏതാണ്ട് രണ്ടര സെന്റീമീറ്റർ കട്ടിയുണ്ടാകും. എന്നാൽ വായ്ക്കു ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി വളരെ കട്ടികുറഞ്ഞതായിരിക്കും. ഏഷ്യൻ ആനകളുടെ ത്വക്കിൽ ആഫ്രിക്കൻ ആനകൾക്കുള്ളതിനേക്കാൾ അധികം രോമങ്ങളുണ്ടാകും. ഇത് കുട്ടിയാനകളിലാണ് കൂടുതലായി തിരിച്ചറിയാൻ കഴിയുക. ഏഷ്യൻ കുട്ടിയാനകൾക്ക് ശരീരമാസകലം തവിട്ടു നിറത്തിലുള്ള കട്ടിരോമങ്ങളാണ്. പ്രായമാകുന്തോറും ഇവ കുറയുകയും നിറം കറുപ്പായി മാറുകയും ചെയ്യും. എങ്കിലും ശരീരത്തിലും വാലിലും ഉള്ള രോമങ്ങൾ നില നിൽക്കും.

ആനകൾക്ക് കടുത്ത ചാരനിറമാണെങ്കിലും, ദേഹം മുഴുവൻ മണ്ണു‌ വാരിയിടുന്നതു കാരണം തവിട്ട് അല്ലെങ്കിൽ ചുവപ്പ് നിറമാണ് തോന്നിക്കുക. മേലാസകലം പൂഴി വാരിയിടുന്നത് ആനകളുടെ സഹജസ്വഭാവമാണ്. ഇതു സാമൂഹികജീവിതത്തിന് ആവശ്യമാണെന്ന് മാത്രമല്ല, ഈ പൊടിയും മണ്ണും ആനയെ സൂര്യതാപത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനു കട്ടിയുണ്ടെങ്കിലും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പ്രാണികളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പൊടിവാരിയിടൽ ആവശ്യമായി വരുന്നു.

ഓരോ കുളിക്കു ശേഷവും ആന മണ്ണ് ദേഹത്തു വാരിയിടുന്നത് ആവർത്തിക്കും. ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രി‍ക്കുക ബുദ്ധിമുട്ടാണ്. ഇതിനായി ദിനംമുഴുവൻ പ്രയത്നിക്കേണ്ടി വരുന്നു. ശരീരത്തിന്റെ വലിപ്പവും ത്വക്കിന്റെ പ്രതലവും തമ്മിലുള്ള അനുപാതം ആനയ്ക്ക് മനുഷ്യരുടേതിനേക്കാൾ വളരെ കൂടുതലാണ്. കാലിൽ നഖത്തിനടുത്തായി സ്വേദഗ്രന്ഥികൾ ഉള്ളതിനാൽ ആന കാലുകൾ ഉയർത്തിപ്പിടിക്കാറുമുണ്ട്.

കാലുകളും പാദങ്ങളും

കാലുകൾ ഉപയോഗിച്ച് ചില ഭക്ഷണ പദാർത്ഥങ്ങൾ ഉടയ്ക്കുവാനും സാധിക്കും

വളരെ വലിപ്പം കൂടിയ തൂണുകൾ പോലെയാണ് ആനയുടെ കാലുകൾ. കാലുകൾ നേരെയുള്ളവയായതിനാൽ ആനയ്ക്ക് നിൽക്കാൻ ആയാസപ്പെടേണ്ടി വരാറില്ല. ഇക്കാരണത്താൽ ആനകൾക്ക് തുടർച്ചയായി ഏറെനേരം ക്ഷീണമില്ലാതെ നിൽക്കാൻ കഴിയും. ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ. എന്നാൽ ഏഷ്യൻ ആനകൾ ഇടയ്ക്കിടക്ക് കിടക്കാറുണ്ട്.

ആനയുടെ കാൽപ്പാദങ്ങൾക്ക് ഏകദേശം വൃത്താകൃതിയാണ്. ആഫ്രിക്കൻ സവാന ആനകൾക്ക് പിൻ‌കാലുകളിൽ മൂന്നു വീതവും മുൻ‌കാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും. ആഫ്രിക്കൻ കാട്ടാനകൾക്കും, ഏഷ്യൻ ആനകൾക്കും പിന്നിൽ നാലു വീതവും മുന്നിൽ അഞ്ചു വീതവും ആണ് നഖങ്ങൾ ഉണ്ടാകുക. പാദങ്ങളുടെ എല്ലുകൾ‍ക്കുള്ളിലുള്ള വളരെ കട്ടിയുള്ളതും ജെലാറ്റിൻ പോലുള്ളതുമായ കൊഴുപ്പ് മെത്ത പോലെ പ്രവർത്തിച്ച് ആഘാതങ്ങൾ താങ്ങാൻ സഹായിക്കുന്നു. ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീ‍തി കൂടുതലായിരിക്കും. ഭാരമില്ലാത്ത അവസ്ഥയിൽ പാദങ്ങൾക്ക് വീതി കാലിന്റേതിന് തുല്യമായിരിക്കും. കാൽ പൊക്കുമ്പോൾ പാദങ്ങൾ ചെറുതാകുമെന്നതിനാൽ ചളിയിൽ പൂണ്ട് പോയാലും കാല് എളുപ്പം തിരിച്ചെടുക്കാൻ സാധിക്കും.

ആനയ്ക്ക് നന്നായി നീന്താനും കയറ്റങ്ങൾ കേറാനും കഴിയുമെങ്കിലും തുള്ളാനോ ചാടാനോ പെട്ടെന്ന് ഓടുമ്പോൾ നല്ല വേഗം ആർജ്ജിക്കാനോ കഴിയില്ല. ഏറ്റവും വേഗത്തിലോടുന്ന മനുഷ്യനേക്കാളും വേഗത്തിൽ ഓടാൻ ആനയ്ക്കു കഴിയുമെങ്കിലും ഒരേ വേഗതയിൽ ഓടാനേ ആനകൾക്ക് കഴിയൂ; വേഗം ഇഷ്ടം പോലെ കുറയ്ക്കാനോ കൂട്ടാനോ കഴിയില്ല. ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ്.

സാധാരണ വേഗത്തിൽ സഞ്ചരിക്കുന്ന ആനകൾ രണ്ടു മുതൽ നാലു മൈലുകൾ വരെ (മൂന്നു തൊട്ട് ആറു കിലോമീറ്റർ ) മണിക്കൂറിൽ വേഗം ആർജ്ജിക്കാറുണ്ട്. പക്ഷേ ഓടുന്ന സമയത്ത് ആനയ്ക്ക് മണിക്കൂറിൽ ഇരുപത്തിനാല് മൈൽ (നാൽപ്പത് കിലോമീറ്റർ) വരെ വേഗം ഉണ്ടാകും.

ആനയുടെ മുൻകാലുകളെ നട എന്നും പിൻ കാലുകളെ അമരം എന്നും വിളിക്കും.[10]

ചെവികൾ

ആഫ്രിക്കൻ സവാന ആന ചെവി വട്ടം പിടിച്ച് ശ്രദ്ധിക്കുന്നു

വലിയ ചെവികൾ ശരീരതാപനില ക്രമീകരിക്കുന്നതിന് ആനയെ സഹായി‍ക്കുന്നു. ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ്. എല്ലുകൾ ഇതിൽ ഉണ്ടാവില്ല. എന്നാൽ വളരെയധികം ധമനികളും ഞരമ്പുകളും ചെവികളിലുണ്ട്. ആന ചെവി വീശുമ്പോൾ ഉണ്ടാകുന്ന കാറ്റ് ആനയുടെ ഞരമ്പുകളിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന രക്തത്തിനെ തണുപ്പിക്കും. ഈ തണുത്ത രക്തം പിന്നീട് തിരിച്ച് ശരീരത്തിലേക്കൊഴുകി ശരീരം തണുപ്പിക്കും. ചെവിയിലേക്ക് വരുന്ന ചുടുരക്തത്തിന്റെ താപനില പത്ത് ഡിഗ്രീ ഫാരൻ‌ഹീറ്റോളം കുറയ്ക്കാൻ ഈ ചെവിയാട്ടൽ സഹായി‍ക്കും. ആഫ്രിക്കൻ ആനകൾക്കും ഏഷ്യൻ ആനകൾക്കും ചെവിയുടെ വലിപ്പത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടാകാൻ കാരണം അവർ അധിവസിക്കുന്ന പ്രദേശത്തെ താപനിലയിലുള്ള വ്യത്യാസമാണ്. ഭൂമധ്യരേഖയ്ക്കു തൊട്ടുകിടക്കുന്ന ആഫ്രിക്കയിൽ ചൂടു കൂടുതലും, വടക്കോട്ട് നീങ്ങി സ്ഥിതി ചെയ്യുന്ന ഏഷ്യയിൽ താരതമ്യേന ചൂട് കുറവാ‍യതുമാണ് ചെവിയുടെ വലിപ്പവ്യത്യാസത്തിന് കാരണമായി കരുതപ്പെടുന്നത്.

ദേഷ്യം പ്രകടിപ്പിക്കുമ്പോഴും ഇണ ചേരുമ്പോഴും ആന ചെവികൾ ഉപയോഗപ്പെടുത്താറുണ്ട്. ആനയ്ക്കു മറ്റൊരാനയെ പേടിപ്പിക്കണമെന്നുണ്ടെങ്കിൽ ചെവി വ്യാപിപ്പിച്ച് ശരീരത്തിനെ വലുതാക്കി കാണിക്കാൻ ശ്രമിക്കും. ഇണ ചേരുന്ന മാസങ്ങളിൽ ആന തന്റെ കണ്ണിനു പിന്നിലുള്ള ഗ്രന്ഥിയിൽ നിന്ന് പ്രത്യേകതരം മണം പുറപ്പെടുവിക്കും. ഈ മണം ദൂരപ്രദേശങ്ങളിലേക്കെത്തിക്കാൻ ആന ചെവികൾ ഉപയോഗിക്കാറുണ്ടെന്ന് ജോയസീ പൂൾ എന്ന പ്രശസ്ത ആനഗവേഷകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആനയുടെ പ്രായം കൂടുന്നതനുസരിച്ച് ചെവിയുടെ മേലരിക് മുന്നിലേക്ക് വളയാറുണ്ട്. ഇതിന്റെ അളവുനോക്കി ആനയുടെ പ്രായം ഏകദേശം കണക്കാക്കാം.[8]

നാവ്

ആനയുടെ നാക്കിന്റെ അടിഭാഗം കീഴ്ത്താടിയിൽ ഉറപ്പിച്ചിരിക്കുന്ന കാരണം ആനയ്ക്കു് നാക്ക് പുറത്തേക്കു് നീട്ടുവാൻ കഴിയില്ല. ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ നാക്കിന്റെ മുകൾഭാഗം ഉയർന്നു കൊളുത്തു പോലെയായി ഭക്ഷണത്തെ പിടിച്ചു വായിനകത്തേക്കു തള്ളും.[10]

ഭക്ഷണം നാവിന്റെ ഉപരിതലത്തിൽ നിന്ന് വളച്ച് വശങ്ങളിലേക്ക് ഒതുക്കി പല്ലുകൾക്കിടയിലേക്ക് കൊണ്ടു പോകുന്നു. നാവിന്റെ നിറം ഇളം ചുവപ്പ് കലർന്ന് പിങ്ക് നിറമാണ്‌. അസുഖം ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും.

ആനയുടെ നാക്കിന് 50-60 സെ.മീ. നീളവും 4 - 6 വരെ കി.ഗ്രാം വരെ തൂക്കവും ഉണ്ടായിരിക്കും.[10]

മറ്റു അവയവങ്ങൾ

ആമാശയം

ആമാശയത്തിന്‌ ഒരു അറയേ ഉള്ളൂ. കുടൽ ൧൭൦ അടിയോളം നീണ്ടതാണ്‌. ഉടലിന്റെ ഇടതു വശത്തായാണ്‌ ആമാശയം കാണപ്പെടുന്നതു്. അയവെട്ടാത്ത ജീവിയായതു കൊണ്ട് ആമാശയത്തിനു് ഒരു അറ മാത്രമെ ഉള്ളു [8]

പിത്തസഞ്ചി

പിത്ത സഞ്ചി ഇല്ല.

കരൾ

കരൾ വളരെ വലുതാണ്‌. 40-45 കി. ഗ്രാം തൂക്കം കാണും പൂർണ്ണവളർച്ചയെത്തിയ ഒരു ആനയുടെ കരളിന്‌.[11]

ഹൃദയം

മനുഷ്യനടക്കമുള്ള മറ്റു സസ്തനികളെപ്പോലെ ആനയ്ക്കും നാലറകളുള്ള ഹൃദയമാണുള്ളത്.

ഹൃദയത്തിന്റെ കൂർത്ത അറ്റത്ത് ഒരു മുനമ്പിനു പകരം രണ്ടെണ്ണം കാണുന്നു. ആനയ്ക്കു് ഒരു കൊറോണറി രണ്ടു ആന്റീരിയർ വീനാകാവ സിരകളും കാണുന്നു.(ഇതു സാധാരണ സസ്തനികളിൽ നിന്നും വ്യത്യസ്തമാണ്). ഹൃദയത്തിന്റെ തൂക്കം 12 - 24 കി.ഗ്രാം വരെയാണു്. നിൽക്കുമ്പോൾ ഹൃദയം 28 പ്രാവശ്യവും കിടക്കുമ്പോൾ 32 പ്രാവശ്യവും മിടിക്കും. [8]

വൃഷണങ്ങൾ

രണ്ട് വൃഷണങ്ങൾ ഉണ്ട്. വൃഷണസഞ്ചിയിലല്ലാതെ ശരീരാശയത്തിനുള്ളിൽ വൃഷണങ്ങൾ കാണപ്പെടുന്ന അപൂർവം സസ്തനികളിലൊന്നാണ് ആന. കരയിൽ ജീവിക്കുന്ന സസ്തനികളിൽ ആനക്കുപുറമേ ഈ പ്രത്യേകതയുള്ളത് ആരമഡില്ലോ, സ്ലോത്ത്, കണ്ടാമൃഗം എന്നിവക്കും മുട്ടയിടുന്ന സസ്തനികൾക്കും മാത്രമാണ്. താഴ്ന്ന ശരീരോഷ്മാവാണ് ഈ സസ്തനികളുടെയെല്ലാം പ്രത്യേകത.[12]

ലൈംഗികാവയവം

ആണാനയുടെ ലിംഗത്തെ കണ (Penis) എന്നും വിളിക്കുന്നു. നാലര അടിയോളം നീളവും ഏഴ് കിലോഗ്രാം തൂക്കവും ഉണ്ടാകും. പിടിയാനകളുടെ യോനി ഈറ്റം എന്നാണ്‌ പറയുന്നത്. ഇത് പിൻ‌കാലുകൾക്കിടയിലായി കാണപ്പെടുന്നു. മുലക്കാമ്പുകൾ മുൻ‌കാലുകൾക്കിടയിലായും കാണാം.

ആണാന മൂത്രം ഒഴിക്കുന്നു ലിംഗം കാണാം

ഭക്ഷണം

പനയോലയും കൊമ്പിൽ താങ്ങിയെടുത്തു വരുന്ന ആന

ആനകൾ സസ്യഭുക്കുകളാണ്. ദിവസത്തിൽ പതിനാറു മണിക്കൂറോളം ആനകൾ ഭക്ഷണം കഴിക്കാനായി ചിലവഴിക്കും. ഇവരുടെ ഭക്ഷണത്തിൽ അൻപത് ശതമാനത്തോളം പുല്ല് വർഗ്ഗമാണ്. കൂടാതെ ഇലകൾ, മുള, ചില്ലകൾ, വേരുകൾ, പഴങ്ങൾ, വിത്തുകൾ, പൂക്കൾ എന്നിവയും ആന കഴിക്കും. കഴിക്കുന്നതിൽ നാൽപ്പത് ശതമാനത്തോളം മാത്രമേ ദഹിക്കുകയുള്ളൂ. ദഹനപ്രക്രിയയിലുള്ള ഈ അപാകതമൂലം ആനകൾക്കു ഭക്ഷണത്തിന്റെ അളവു കൂട്ടേണ്ടി വരുന്നു. ഒരു മുതിർന്ന ആന ദിവസേന ഏകദേശം 140–270 കിലോഗ്രാം ഭക്ഷണം കഴിക്കും. ഇതിൽ അറുപത് ശതമാനം ഭക്ഷണവും ദഹിക്കാതെ പുറത്തു പോകും.

സാമൂഹിക സ്വഭാവം

വളരെ ചിട്ടയായ സാമൂഹിക ജീവിതമാണ് ആനകളുടേത്. കൊമ്പനാനകളുടേയും പിടിയാനകളുടേയും സാമൂഹിക ജീവിതം വ്യത്യസ്തമാണ്. പിടിയാനകൾ അവരുടെ മുഴുവൻ ജീവിതവും വളരെ അടുത്ത കുടുംബാംഗങ്ങളുടെ കൂടെയായിരിക്കും ചിലവഴിക്കുക. ഈ കൂട്ടത്തിനെ നയിക്കുന്നത് കൂട്ടത്തിലെ മുതിർന്ന പിടിയാനയായിരിക്കും (matriarch). എന്നാൽ ആണാനകൾ അധികവും ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുക.

പിടിയാനയുടെ സാമൂഹികചക്രം സ്വന്തം കുടുംബാംഗങ്ങളിൽ അവസാനിക്കുന്നില്ല. മറ്റ് കൂട്ടങ്ങളിലുള്ള ആണാനകളെ നേരിടുന്നത് കൂടാതെ മറ്റ് കുടുംബക്കാരുമായും, മറ്റ് കുലങ്ങളുമായും മറ്റ് കൂട്ടങ്ങളിലെ ആനകളുമായും ഇടപെടുകയും വേണം പെണ്ണാനകൾക്ക്. വളരെ അടുത്ത കുടുബാംഗങ്ങൾ എന്നത് അഞ്ച് മുതൽ പതിനഞ്ച് വരെ മുതിർന്ന ആനകളും, പിന്നെ കുറേ കുട്ടിയാനകളും ചേർന്നതാണ്. ഈ സംഘം വളരെ വലുതാകുമ്പോൾ, കൂട്ടത്തിലെ മുതിർന്ന പെണ്ണാനകൾ കൂട്ടത്തിൽ നിന്ന് പിരിഞ്ഞ് പോകുകയും വേറെ കൂട്ടമുണ്ടാക്കുകയും ചെയ്യും. എന്നാലും ആ പ്രദേശത്തുള്ള കൂട്ടങ്ങളിൽ ഏതിലൊക്കെ സ്വന്തക്കാരുണ്ടെന്ന് ആനകൾക്ക് ബോധ്യമുണ്ടാകും. സാധാരണയായി വ്യത്യസ്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആനക്കൂട്ടങ്ങൾ വളരെക്കുറച്ചേ ബന്ധപ്പെടാറുള്ളൂ. എന്നാൽ വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും ദൌർലഭ്യം മൂലം ഒരേ സ്ഥലങ്ങളിലേക്കു വരേണ്ടി വരുമ്പോൾ ആനക്കൂട്ടങ്ങൾ അടുത്തു പ്രവർത്തിക്കുന്നതും കാണാം.

ഒരു ആനക്കൂട്ടത്തിൽ ആനക്കുട്ടിയെ സം‍രക്ഷിക്കുന്നു

അടുത്ത ആളുകളുടെ മരണം മനുഷ്യര്ക്ക് ദുഖമുണ്ടാക്കുന്ന പോലെ, ആനകളിലും ദുഖമുണ്ടാക്കും.[13]

കൊമ്പനാനകളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. ആണാനകൾ വലുതാകുന്നതോടെ സ്വന്തം കൂട്ടത്തിൽ നിന്ന് അകലാൻ തുടങ്ങുകയും, പിന്നെ മണിക്കൂറുകളോളമോ ദിവസങ്ങളോളമോ സ്വന്തം കൂട്ടത്തിൽ നിന്നു മാറിനിൽക്കുകയും ചെയ്യും. തുടർന്നു ദിവസങ്ങൾ മാസങ്ങളാകുകയും, ഏകദേശം പതിനാല് വയസ്സാകുന്നതോടു കൂടി കൂട്ടത്തിൽനിന്നു പൂർണ്ണമായും അകന്ന് സ്വന്തമായി ഭക്ഷണം തേടിപ്പിടിക്കുകയും ചെയ്യും. ഒറ്റയ്ക്കാണ് അധികവും ജീവിക്കുക എങ്കിലും ആണാനകൾ മറ്റ് ആണാനകളുമായി അധികം അടുത്തതല്ലാത്ത ബന്ധങ്ങളുണ്ടാക്കും. “ബ്രഹ്മചാരി കൂട്ടങ്ങൾ” എന്നാണ് ഇവ അറിയപ്പെടുന്നത്. സ്വന്തം മേൽക്കോയ്മ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി ആണാനകൾ, പെണ്ണാനകളേക്കാൾ കൂടുതൽ സമയം ചിലവഴിക്കും. ഇതിൽ മേൽക്കോയ്മ സ്ഥാപിച്ചെടുക്കുന്ന ആണാനകൾക്ക് മാത്രമേ പെണ്ണാനകളുമായി ഇണ ചേരാൻ സാധിക്കുകയുള്ളൂ. ശക്തി കുറഞ്ഞ ആനകൾക്ക് സ്വന്തം അവസരം വരാനായി കാത്തിരിക്കേണ്ടി വരും. നാൽപ്പതിനും അൻപതിനും ഇടയ്ക്ക് പ്രായമുള്ള ആണാനകളാണ് കൂടുതലായി ഇണ ചേരുന്നത്. വളരെ ആപൽക്കരമായ ഒരു യുദ്ധമാണ് ആനകൾ തമ്മിൽ നടത്തുന്നതെന്ന് തോന്നാമെങ്കിലും അവർ പരസ്പരം വളരെക്കുറച്ചു മുറിവുകളേ ഏൽപ്പിക്കാറുള്ളൂ. ചിന്നം വിളിച്ചും സ്വന്തം ചെവി വിരിച്ച് ദേഷ്യം കാണിച്ചുമൊക്കെയാണ് അധികവും ആനകൾ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കാറ്. ചെറുതും, പ്രായം കുറഞ്ഞതും, ധൈര്യമില്ലാ‍ത്തതുമായ ആനകൾ ഇത്തരം അടയാളങ്ങൾ കാണുമ്പോൾ തന്നെ പിന്മാറും. എന്നാൽ ഇണ ചേരുന്ന കാലഘട്ടങ്ങളിൽ ഉണ്ടാകുന്ന വഴക്കുകൾ വാശിയേറിയതാകുകയും ചിലപ്പോൾ ആനകൾക്കു മുറിവേൽക്കുകയും ചെയ്യും. മദപ്പാടുകാലം എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ആണാനകൾ കാണുന്ന എല്ലാ ആണാനകളുമായും പൊരുതുകയും പെണ്ണാനകളുടെ ഇടയിൽ ഇണയെ തേടുകയും ചെയ്യും.

മരിച്ച ആനകളുടെ കൊമ്പ് വലിച്ചൂരി അടിച്ചു തകർക്കുകയും ആനകളുടെ അഴുകിയ ശരീരത്തിൽ നിന്നു അസ്ഥികൾ ദൂരെകൊണ്ടിടുകയും മറ്റാനകൾ ചെയ്യാറുണ്ട്[14]

124 മുതല് 156 ചതുരശ്ര കി..മീറ്റര് വരെയുള്ള സ്ഥലങ്ങളിൽ സഞ്ചരിക്കാറുണ്ട്, [14]

സ്വവർഗ്ഗരതി

ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട്. ഈ സ്നേഹപ്രകടനം സാധാരണയായി ചുംബനം നൽകിയും, തുമ്പിക്കൈ കോർത്തും, തുമ്പിക്കൈ മറ്റേയാനയുടെ വായിൽ വച്ചും ഒക്കെയാണ് ചെയ്യാറുള്ളത്. സാധാരണ ഇണചേരൽ പോലെത്തന്നെ തുമ്പിക്കൈ മറ്റേയാനയുടെ പിറകിൽ വച്ചും കൊമ്പുകൊണ്ട് ഇണയെ തള്ളിയുമാണ് സ്വവർഗ്ഗലീലകളിലും ഏർപ്പെടുന്നത്. കുറച്ചുനേരം മാത്രം ഉണ്ടാകുന്ന ഇണചേരലിനെപ്പോലെയല്ലാതെ, സ്വവർഗ്ഗരതി‍ ആണാനകൾ ഒരു മുതിർന്ന ആനയും, ഒന്നോ രണ്ടോ ചെറിയ ആനകളും ചേരുന്ന ഒരു സംഘമായാണ് ചെയ്യാറ്. ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ്. മനുഷ്യർ വളർത്തുന്ന ഏഷ്യൻ ആനകളിലെ‍ ലൈംഗികരീതികളിൽ നാൽപ്പത്തിയഞ്ച് ശതമാനവും സ്വവർഗ്ഗരതി ആണ്.[15]

ആശയവിനിമയം

മനുഷ്യനു കേൾക്കാൻ സാധിക്കാത്ത അത്ര താഴ്ന ആവൃത്തിയിലുള്ള ഇൻഫ്രാസൗണ്ട് പുറപ്പെടുവിച്ചും ശ്രവിച്ചുമാണ് ആനകൾ ആശയവിനിമയം നടത്തുന്നത്. ആനകൾ പുറപ്പെടുവിക്കുന്ന ഈ ശബ്ദം വായുവിലൂടെ‍ സഞ്ചരിക്കുന്നതിനേക്കാൾ വേഗതയിൽ ഭൌമോപരിതലത്തിൽ ‍കൂടി സഞ്ചരിക്കും. ചെണ്ടയുടെ തല പോലെയുള്ള കാൽപ്പാദങ്ങൾ ഉള്ളതിനാൽ ഭൂമിക്കടിയിലൂടെയുള്ള ഈ ശബ്ദം കാലിൽക്കൂടിയും തുമ്പിക്കൈയ്യിൽ കൂടിയും ശ്രവിക്കാൻ ആനക്കു കഴിയും. നന്നായി കേൾക്കാനായി ആനക്കൂട്ടം മുഴുവനും മുൻ‌കാലുകളിൽ ഒന്ന് പൊക്കി ശബ്ദത്തിന്റെ ദിശയിലേക്ക് നോക്കി നിൽക്കും, അല്ലെങ്കിൽ തുമ്പിക്കൈ നിലം തൊടീച്ച് നിൽക്കും. ഒരു കാൽ ഉയർത്തുമ്പോൾ മറ്റ് കാലുകൾ കൂടുതൽ ഭാരം വരികയും, നിലത്ത് കൂടുതൽ ദൃഢമായി അമരുകയും ചെയ്യുമെന്നതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. ഇതര സ്രോതസ്സുകളിൽ നിന്നുള്ള ഇൻഫ്രാസൗണ്ട് സ്വീകരിച്ച് വഴികണ്ട് പിടിക്കാനും ആന ഈ കഴിവ് ഉപയോഗിക്കുന്നു. എലിഫന്റ് ലിസണിങ്ങ് പ്രോജക്റ്റ് (Elephant Listening Project) എന്ന പദ്ധതിയിലെ കാത്തി പെയ്ൻ ആനകളുടെ ഇൻഫ്രാസൗണ്ട് ആശയവിനിമയത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട് [16]. തന്റെ സൈലന്റ് തണ്ടർ എന്ന പുസ്തകത്തിൽ ആനകളുടെ ആശയവിനിമയത്തെപ്പറ്റി കാത്തി വിവരിച്ചിട്ടുണ്ട്. ഈ പഠനങ്ങൾ ഇന്നും ശൈശവാവസ്ഥയിൽ തന്നെയാണെങ്കിലും പല സംശയങ്ങളും ദൂരീകരിക്കാൻ സഹായിച്ചിട്ടുണ്ട്. എങ്ങനെ ദൂരെയുള്ള ഇണകളെ ആന കണ്ടെത്തുന്നുവെന്നും വലിയൊരു സ്ഥലത്ത് ജീവിക്കുന്ന കൂട്ടങ്ങളെ ആനകൾ‍ എങ്ങനെ പരിപാലിപ്പിക്കുന്നുണ്ടെന്നും പ്രസ്തുത പഠനങ്ങളിലൂടെയാണ് തെളിയിക്കപ്പെട്ടത്.

പ്രത്യുത്പാദനം, ആനക്കുട്ടികൾ, ആനക്കുട്ടി പരിപാലനം

ബന്നാർഘട്ട ദേശീയോദ്യാനത്തിലെ ഒരു ആനക്കുട്ടി

പ്രത്യുത്പാദനം

പിടിയാനകൾ (പെണ്ണാനകൾ) ഒൻപതു വയസിനും പന്ത്രണ്ടു വയസ്സിനുമിടയിൽ പൂർണലൈംഗികവളർച്ച പ്രാപിക്കുന്നു. സാധാരണയായി പതിമൂന്നാം വയസ്സിൽ ആദ്യത്തെ ഗർഭം ധരിക്കുന്ന ആനയ്ക്ക് അൻപത്തിഅഞ്ച് മുതൽ അറുപത് വയസ്സ് വരെ പ്രസവിക്കാനുള്ള ശേഷിയുണ്ടാകും. ഓരോ അഞ്ചു വർഷത്തിലും പിടിയാനകൾ ഗർഭം ധരിക്കാറുണ്ട്. സസ്തനികളിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനയുടേതാണ് (630-660 ദിനങ്ങൾ). ഒരു പ്രസവത്തിൽ ഒരാനക്കുട്ടിയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഇരട്ടക്കുട്ടികൾ വളരെ അപൂർവമാണ്. പ്രസവം അഞ്ച് മിനുട്ട് മുതൽ അറുപത് മണിക്കൂർ വരെ നീണ്ടേക്കാം. ശരാശരി സമയം പതിനൊന്ന് മണിക്കൂറാണ്. ജനിക്കുമ്പോൾ ആനക്കുട്ടികൾക്ക് 90–115 കിലോഗ്രാം ഭാരമുണ്ടാകും. കുട്ടിയാ‍നകൾക്ക് ഓരോ ദിവസവും ഓരോ കിലോ (2–2.5 പൗണ്ട്)ഭാരം വർദ്ധിക്കും. വനങ്ങളിൽ ജനിക്കുന്ന ആനക്കുട്ടികളെ സംരക്ഷിക്കാൻ കൂട്ടത്തിലെ മുതിർന്ന പിടിയാനകളും കൂടും. കുട്ടിയാനകളെ ജനനം മുതൽ വളർത്തുന്നത് കുടുംബത്തിലെ മുഴുവൻ പിടിയാനകളും ചേർന്നാണ്.

മാതൃത്വവും ശിശുപരിപാലനവും

  • ജനിച്ചയുടനെ കുട്ടിയാന ഉണ്ടാക്കുന്ന ആദ്യ ശബ്ദം തുമ്മൽ അഥവാ മൂക്ക് ചീറ്റൽ എന്ന തരത്തിലുള്ളതാണ്, ഇത് ആനയുടെ തുമ്പിക്കൈയിലുള്ള ദ്രാവകങ്ങൾ കളയുവാനാണ്. (നാട്ടാനകളിൽ ജനിക്കുന്ന കുട്ടികൾ ജനിച്ചയുടനെയുള്ള, അതിനെ പരിപാലിക്കുന്നവർ ഒന്ന് രണ്ട് മിനുറ്റുകളിൽ തന്നെ ഇങ്ങനെ ഏതെങ്കിലും ശബ്ദം ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം ഉണ്ടാക്കുന്ന ശബ്ദം എങ്ങനെ ഉള്ളതായാലും, അതിനോട് അതിന്റെ അമ്മയാന വളരെ ഉത്സാഹത്തോടും അദ്ഭുതത്തോടും കൂടി പ്രതികരിക്കും.)
  • ജനിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ കുട്ടിയാന അമ്മയാനയുടെ സഹായത്തോട് കൂടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാകും. ഒരു താങ്ങിനായി കുട്ടിയാന അമ്മയോട് ചേർന്ന് തന്നെ നിൽക്കും.
  • ഒരു മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയാന പരസഹായമില്ലാതെ നിൽക്കാൻ പ്രാപ്തനാകും. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്മയുടെ പിറകേ, പതുക്കെ സഞ്ചരിക്കുന്ന ആനക്കൂട്ടത്തിൽ ചേർന്ന് നടക്കാനാകും.
  • ആനകൾക്ക് ഒരു ജോഡി സ്തനങ്ങൾ ആണുണ്ടാകുക. മുൻ‌കാലുകളുടെ ഇടയിലാണ് ഇവയുടെ സ്ഥാ‍നം. ജനിച്ചയുടനെ ആനക്കുട്ടിക്ക് മൂന്നടിയോളം(തൊണ്ണൂറ് സെന്റീമീറ്റർ) ഉയരം ഉണ്ടാകും. അമ്മയുടെ മുലക്കണ്ണുകളിൽ എത്താൻ ഈ ഉയരം മതിയാകും.
  • കുട്ടിയാന വായ കൊണ്ടാണ് മുല കുടിക്കുക, തുമ്പിക്കൈ കൊണ്ടല്ല, തുമ്പിക്കൈയിലെ മസ്സിലുകൾ ഉറയ്ക്കാത്തതിനാലാണ് ഇത്. മുലകുടിക്കുമ്പോൾ, കുടിക്കാൻ എളുപ്പത്തിനായി സ്വന്തം തുമ്പിക്കൈ നെറ്റിയിൽ വച്ച് വായുടെ മുന്നിലെ പ്രതിബന്ധം ഒഴിവാക്കും.
  • കുട്ടിയാനകൾ കുറച്ച് മിനുറ്റുകൾ മാത്രമേ തുടർച്ചയായി മുലകുടിക്കുകയുള്ളൂ. എന്നാൽ ഇങ്ങനെ ദിവസത്തിൽ പല തവണ കുട്ടിയാന മുലകുടിക്കും. ഒരു ദിവസം പതിനൊന്ന് ലിറ്റർ (3 ഗാലൻ) പാൽ വരെ കുടിക്കും.
  • രണ്ടു വർഷത്തേക്കോ അതിനും മുകളിലേക്കോ ഈ മുലകുടി തുടരും. അമ്മ ആന മുലയൂട്ടൽ നിർത്തുക പാലിന്റെ അളവ് കുറയുമ്പോഴോ കൂട്ടത്തിൽ മറ്റ് കുട്ടിയാനകൾ വരുമ്പോഴോ ആയിരിക്കും.
  • കുട്ടിയാനകൾ മുതിർന്നവരെ കണ്ടു പഠിക്കുകയാണു ചെയ്യുക. ജന്മവാസന ആനകൾക്ക് കുറവായിരിക്കും. ഉദാഹരണത്തിന്, സ്വന്തം തുമ്പിക്കൈ ആന ഉപയോഗിക്കാൻ പഠിക്കുന്നത് മുതിർന്ന ആനകൾ ഉപയോഗിക്കുന്നത് കണ്ടിട്ടാണ്.
  • തുമ്പിക്കൈ വരുതിയിലാക്കുന്ന വിദ്യ പഠിക്കാൻ ആനകൾ മാസങ്ങൾ എടുക്കും. ആന തലകുലുക്കുമ്പോൾ തുമ്പൈക്കൈ അനങ്ങുന്നത് ശ്രദ്ധിച്ചാൽ ആന തുമ്പികൈ ഉപയോഗിക്കാൻ പഠിച്ചോ എന്ന് മനസ്സിലാക്കാം. തുമ്പിക്കൈയിലെ മസ്സിലുകൾ ഉറച്ചില്ലെങ്കിൽ ആന തലയാട്ടുമ്പോൾ, തുമ്പൈക്കൈ തൂക്കിയിട്ട വസ്ത്രം കാറ്റത്താടുന്നത് പോലെ ആടും.

കൂട്ടത്തിലെ പാൽചുരയുള്ള അമ്മമാർ സ്വന്തം കുഞ്ഞിനെയും മറ്റുകുട്ടികളേയും മുലയൂട്ടും.ഒന്പതു വയസ്സായിടും മുലകുടി മാറാത്ത കുട്ടികളുണ്ടെന്നു കണ്ടിട്ടുണ്ട്.[14]

കുട്ടിയാനകൾ

കുട്ടികളെ മുലയൂട്ടുന്നതും വളർത്തുന്നതുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു ആനകളുടെ സാമൂഹികജീവിതം. പതിമൂന്ന് വയസ്സാകുന്നതോട് കൂടി പിടിയാനകൾ ശാരീരികമായി ബന്ധപ്പെടാൻ തയ്യാറാവുകയും, ആകർഷണീയമായ ഒരു കൊമ്പനാനയെ തിരയുകയും ചെയ്യും. പിടിയാനകൾ ആരോഗ്യം കൂടിയതും, വലിപ്പം കൂടിയതും, അതിലുമുപരി പ്രായം കൂടിയതുമായ കൊമ്പനാനകളുമായാണ് ഇണചേരാൻ ഇഷ്ടപ്പെടുക. ഇത് സ്വന്തം കുട്ടി, കൂടുതൽ കാലം ജീവിക്കാനുള്ള സാധ്യത‍ കൂട്ടുമെന്ന് ആനകൾ കരുതുന്നു.

ഇരുപത്തി രണ്ട് മാസത്തെ ഗർഭകാലത്തിനു ശേഷം, പിടിയാന ഇരുന്നൂറ്റി അൻപത് പൗണ്ട് ഭാരവും രണ്ടര അടി ഉയരവും ഉള്ള ആനക്കുട്ടിയെ പ്രസവിക്കും. ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്. ഈ കുട്ടിക്കാലം കഴിഞ്ഞും ജീവിക്കാനുള്ള സാധ്യത ആനകൾക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാൽ, അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ. മുതിർന്നവരുടെ അറിവും വിവരവും കൈമാറി കിട്ടുന്നത് ആനയുടെ അതിജീവനത്തിന് സഹായകരമാകുന്നു. ഇന്ന് മനുഷ്യർ വനം കയ്യേറ്റവും, ആനകളുടെ ആവാസവ്യവസ്ഥകൾ ഇല്ലായ്മ ചെയ്യുന്നതും കാരണം ആനകൾ ചെറുപ്പത്തിലേ കൊല്ലപ്പെടുന്നതിനാൽ കുട്ടിയാനകൾക്ക് ലഭിക്കേണ്ട മേൽപ്പറഞ്ഞ പഠനം കിട്ടാതാവുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്.

കുട്ടിയാനകളെ പരിപാലിക്കാൻ ആനക്കുടുംബത്തിലെ എല്ലാ പിടിയാനകളും ഒത്ത് ചേരും. ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാൽ ആനയെ പരിപാലിക്കാൻ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല. പൊതുവേ പറഞ്ഞാൽ, പുതുതായി വന്ന അംഗം ഈ കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും. ജനിച്ചയുടെനെ മുതിർന്ന ആനകൾ കുട്ടിയാനയുടെ ചുറ്റുംകൂടി അതിനെ തങ്ങളുടെ തുമ്പിക്കൈ കൊണ്ട് തൊട്ടും തലോടിയും സ്നേഹമറിയിക്കും. ജനിച്ചയുടെനേയുള്ള കുട്ടിയാനകൾക്ക് കണ്ണ് കാണില്ലെന്നതിനാൽ തുമ്പിക്കൈ കൊണ്ട് തൊട്ടാണ് തനിക്ക് ചുറ്റുമുള്ള ലോകം ഈ ആന മനസ്സിലാക്കുക.

വളർത്തമ്മമാർ

ആനയുടെ മദഗ്രന്ഥി

കുട്ടി ജനിച്ച് കുറേക്കാലത്തിന് ശേഷം അമ്മയ്ക്ക് കുട്ടിയെ പരിപാലിക്കാനുള്ള താത്പര്യം കുറഞ്ഞ് വരികയും, കുട്ടികളെ മുഴുവൻ സമയം പരിപാലിക്കാനായി കൂട്ടത്തിലെ മറ്റ്ചില ആനകളെ ചുമതലപ്പെടുത്തുകയും ചെയ്യും. സിന്തിയ മോസ് എന്ന പ്രശസ്തയായ ഗവേഷക പറയുന്നത് ഈ വളർത്തമ്മമാർ ആനക്കുട്ടിപരിപാലനത്തിന്റെ എല്ലാ വശങ്ങളിലും സഹായിക്കും എന്നാണ്.[അവലംബം ആവശ്യമാണ്]ആനക്കൂട്ടം സഞ്ചരിക്കുമ്പോൾ‍, ഇവർ ഈ കുട്ടിയാനയുടെ കൂടെ നടന്ന്, ഈ ആനകൾ എവിടെയെങ്കിലും കുടുങ്ങിയാലോ ചളിയിൽ പൂണ്ട് പോയാലോ അവയെ സഹായിക്കും. എത്ര വളർത്തമ്മമാർ ഈ കുട്ടിക്ക് ഉണ്ടാകുന്നുവോ അത്രകണ്ട് അധികസമയം അമ്മയ്ക്ക് ഭക്ഷണം തേടാൻ കൂടുതലായി കിട്ടും. കുട്ടിക്ക് പാൽ കൊടുക്കുവാനായി ആനകൾ ഭക്ഷണം കൂടുതലായി കഴിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ എത്ര കൂടുതൽ വളർത്തമ്മമാരുണ്ടോ അത്ര കൂടുതലായിരിക്കും ഈ കുട്ടിയാന ജീവിക്കാനുള്ള സാധ്യതകൾ.

മദപ്പാട്

തലയുടെ ഇരുവശത്തും ചെവിയ്ക്കും കണ്ണിനും ഇടയിലുള്ള കന്നപ്രദേശത്തെ കന്നക്കുഴിയിലെ തൊലിക്കടിയിലാണ് മദഗ്രന്ഥി (musth gland).ഇതിൽ നിന്നുള്ള നാളി കന്നപ്രദേശത്തെ കന്നത്തുളയിലൂടെ പുറത്തേക്ക് തുറക്കുന്നു.[8]

മുതിർന്ന കൊമ്പനാനകൾ കൊല്ലത്തിലൊരിക്കലായി മദപ്പാട് എന്ന ഒരു അവസ്ഥയിലെത്തുന്നു. വളരെ ഉത്തേജിതമായ അ ല്ലെങ്കിൽ ദേഷ്യം പിടിച്ച മട്ടിലുള്ള പെരുമാറ്റവും തലയുടെ വശത്തുള്ള ഗ്രന്ഥിയിൽ നിന്ന് വരുന്ന കട്ടിയുള്ള ടാർ പോലെയുള്ള ഒരു ദ്രാവകത്തിന്റെ ഒഴുക്കുമാണ് മദപ്പാടിന്റെ ലക്ഷണങ്ങൾ. ലൈംഗികമായ ഉത്തേജനവും തന്റെ മേൽക്കോയ്മ തെളിയിക്കാനുമുള്ള ശ്രമവും ആണ് ഈ മദപ്പാട് ഉണ്ടാകാനുള്ള കാരണം. [അവലംബം ആവശ്യമാണ്]മദമിളകിയ ആന, നാട്ടാനയായാലും കാട്ടാനയായാലും മനുഷ്യർക്ക് വളരെ അപകടകാരിയാണ്. ഇന്ത്യയിൽ മദപ്പാടുള്ള സമയത്ത് നാട്ടാനകളെ ഭക്ഷണവും വെള്ളവും നൽകാതെ ദിവസങ്ങളോളം കെട്ടിയിടും. കുറേ കഴിയുമ്പോൾ മദപ്പാട് നിൽക്കും.

മദപ്പാട് സമയത്ത് ആനകളിൽ പ്രത്യുത്പാദന ഹോർമോണുകൾ വളരെയധികം ഉണ്ടാകുന്നു. ടെസ്റ്റ്രോസ്റ്റെറോൺ നില എന്നറിയപ്പെടുന്ന ഈ സമയത്ത് സാധാരണ ആനകൾക്കുണ്ടാകുന്നതിനേക്കാളും അറുപത് ഇരട്ടി ഹോർമോണുകൾ ഉണ്ടാകുന്നു. എങ്കിലും ഈ ഹോർമോണുകൾ കൂടുന്നതാണോ മദപ്പാടുണ്ടാക്കുന്ന ഒരേയൊരു കാരണം എന്നത് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇത് പഠിക്കാനുള്ള ശ്രമങ്ങൾ ഈ സമയത്ത് ആനകൾ വളരെ അപകടകാരികളാണെന്നതും മനുഷ്യരെ കൊന്നൊടുക്കാൻ സാധ്യത വളരെക്കൂടുതൽ ആണെന്നതും കാരണം ഫലവത്താവാറില്ല.

ചിറക്കടവ് ദേവസ്വത്തിന്റെ നീലകണ്ഠൻ എന്ന ആന മദപ്പാടിൽ നിൽക്കെ ചങ്ങല വലിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നു.

പിടിയാനകളുടെ ആർത്തവചക്രം സ്ഥിരമായി ഒരു സമയത്ത് വരണമെന്നില്ല എന്നതിനാൽ മദം ലൈംഗികത്വര മൂലം ഉണ്ടാകുന്നതാണെന്നും വിശ്വസിക്കുക വയ്യ. കൂടാതെ മദമിളകിയ കൊമ്പനാനകൾ പിടിയാനകൾക്ക് ഇണചേരാനുള്ള സമയമാണോ അല്ലയോ എന്ന് നോക്കാതെ തന്നെ അവരെ ആക്രമിക്കാറുണ്ട്.

ഇംഗ്ലീഷിൽ മദപ്പാടിന് ‘മസ്ത്’ എന്നാണ് പറയുക. ഉറുദുവിലെ ‘മസ്റ്റ്’ എന്ന വാക്കിൽ നിന്ന് (‘മത്ത് പിടിച്ച’എന്നർത്ഥമുള്ള ഒരു പേർഷ്യൻ വാക്കിൽ നിന്ന്) ഹിന്ദിയിൽ എത്തിയ മസ്ത് എന്ന് വാക്കാണിതിന്റെ ഉത്ഭവം. [17]

ചാനൽ 5 എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരിപാടി "The Dark Side of Elephants" (മാർച്ച് 20, 2006) ഇങ്ങനെ പറയുകയുണ്ടായി.

  • മദഗ്രന്ഥികൾ നീരു വച്ച് വീർക്കുന്നത് കാരണം ആ ഗ്രന്ഥി ആനയുടെ കണ്ണുകളിൽ സമ്മർദം ഉണ്ടാക്കുകയും അത് ആനയ്ക്ക് കഠിനമായ പല്ലുവേദന പോലത്തെ വല്ലാത്ത വേദന ഉണ്ടാക്കുകയും ചെയ്യും. ഈ വേദന കാരണം ആനകൾ തങ്ങളുടെ കൊമ്പുകൾ മണ്ണിൽ കുത്തിയിറക്കാൻ ശ്രമിക്കും.
  • മദം പൊട്ടിയൊലിക്കുന്ന നീരിൽ കെറ്റോണും ആൽഡെഹൈഡും ആണ് മുഖ്യമായും ഉണ്ടാകുക. ഇതിന് വളരെ മോശമായ കയ്പ്പ് രുചിയാണുള്ളത്.

ഒറ്റയാൻ

കൂട്ടം കൂടി നടക്കാതെ ഒറ്റയ്ക്ക് നടന്ന്, അക്രമവാസന കാണിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്ന കാട്ടാനയെയാണ് ഒറ്റയാൻ എന്ന് വിളിക്കുന്നത്. ഇംഗ്ലീഷിൽ ഈ ആനയെ Rogue elephant എന്ന് വിളിക്കും. ഹൊറ അളിയ എന്ന സിംഹള വാക്കിന്റെ പദാനുപദ തർജ്ജമയാണ് ഈ ഇംഗ്ലീഷ് വാക്ക്.

ആനപിടുത്തവും പരിപാലനവും

കാട്ടാനകളെ പിടിക്കുന്നതും പരിശീലിപ്പിച്ച് പരിപാലിക്കുന്നതുമാണ്‌ ആനപിടുത്തം കൊണ്ടുദ്ദേശിക്കുന്നത്. കാട്ടിൽ ഒറ്റക്കോ കൂട്ടാമായോ അലയുന്ന ആനകളെ മനുഷ്യൻ അവന്റെ ആവശ്യങ്ങൾക്കായി പിടിക്കാറുണ്ട്. സാധാരണയായി ആനകളെ ഒറ്റക്കു പിടിക്കുന്നത് ആനത്താരകൾക്കടുത്ത് കാണാക്കുഴികൾ ഉണ്ടാക്കിയാണ്‌. വനത്തിലെ അനുയോജ്യമായ എതെങ്കിലും ഒരു സ്ഥലത്ത് ഒരു വലിയ കുഴി കുഴിക്കുന്നു. വാരിക്കുഴി എന്നാണ്‌ ഇതറിയപ്പെടുന്നത്. പിന്നീട് ഇലകളും, കമ്പുകളും മറ്റും ഉപയോഗിച്ച് ഈ കുഴിയുടെ ഉപരിതലം മാത്രം മൂടും. ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക. ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു. ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു. ഇത്തരത്തിൽ സഹായിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പരിശീലം നേടിയ നാട്ടാനയെ താപ്പാന എന്നു വിളിക്കും. പിന്നീട് പിടിക്കപ്പെട്ട ആനയെ മരക്കൂടുകൾക്കുള്ളിൽ തളക്കുന്നു. ഏതാനും ദിവസങ്ങൾ ഇങ്ങനെ ഇടും. അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു.

കൊട്ടും കുരവയും തീവെട്ടിയും പറയടിയുമായി ആളുകൾ സംഘം ചേർന്ന് കാട്ടിൽ ആനത്താരകളിൽ കയറി ആനകളെ ബഹളം വച്ച് ഓടിക്കുകയും കൂട്ടത്തിൽ പലതിനേയും വഴിതെറ്റിച്ച് കാട്ടിലെവിടെയെങ്കിലും മുൻ കൂട്ടി തയ്യാറാക്കിയ ബലമേറിയ മരക്കൂടുകളിൽ കൂട്ടമായി എത്തിച്ച് കൂടിന്റെ വാതിലടച്ച് ബന്ധിച്ചശേഷം മെരുക്കിയെടുക്കുകയും ചെയ്യുന്ന സമ്പ്രദായം 1950 കൾ വരെ മൈസൂർ വനങ്ങളിൽ ഉണ്ടായിരുന്നു. ഖെദ്ദ എന്നാണ്‌ ഇതിനു പറഞ്ഞിരുന്നത്. ‌

ആനയെ ഇണക്കൽ

ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ്‌. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കോന്നി ആനപിടുത്തത്തിനും ആനമെരുക്കലിനും പ്രസിദ്ധമാണ്. ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ കെട്ടിയഴിക്കൽ എന്നു പറയുന്നു. ഒരു പാപ്പാൻ മാറി മറ്റൊരു പാപ്പാൻ വരുമ്പോൾ ഇത് ആവർത്തിക്കപ്പെടുന്നു[18].

സിന്ധു നദിതട സംസ്കാര കാലഘട്ടത്തിൽ കാണപ്പെട്ട മുദ്രകൾ കാണിക്കുന്നത് പുരാതന ഭാരതത്തിലാണ് ആനകളെ ആ‍ദ്യം മെരുക്കി വളർത്ത് മൃഗമാക്കിയതെന്നാണ്. [19] മദപ്പാട് കാലത്ത് ആനകളെ നിയന്തിക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല അപകടകരവുമാണ്. അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു. പക്ഷേ പിടിയാനകൾ കൊമ്പനാനകളെക്കണ്ടാൽ തിരിഞ്ഞോടുമെന്നതിനാൽ യുദ്ധങ്ങളിൽ കൊമ്പനാനകളെയാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. കാട്ടാനകളെ കാട്ടിൽ നിന്ന് പിടിച്ച് മെരുക്കിയെടുക്കുന്നതാണ് നാട്ടാനയ്ക്കുണ്ടാകുന്ന കുട്ടിയെ വളർത്തിയെടുക്കുന്നതിലും ലാഭകരം. (ഇതും കാണുക elephant "crushing").

വേനൽക്കാലത്ത് ആനകളുടെ ശരീരത്തിന്റെ താപനില ഉയരാതെ നോക്കേണ്ടതുണ്ട്. ഒരു കാക്കക്കുളിക്കുള്ള ശ്രമത്തിലാണ്‌ ഈ ആന

ആഫ്രിക്കൻ ആനകളെ മെരുക്കാൻ പറ്റില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ ചിലർ ഏഷ്യൻ ആനകളുടെ പാപ്പാന്മാരെ ശ്രീലങ്കയിൽ നിന്ന് ആഫ്രിക്കയിലേക്ക് കൊണ്ടുപോയി മെരുക്കാൻ ശ്രമിച്ച് വിജയിച്ചിരുന്നു. ബോട്ട്സ്വാനയിൽ ഉട്ടും കൊറിയ ആഫ്രിക്കൻ ആനകളേയും ഗാബോറോണിന് അടുത്തുള്ള മെരുക്കിയെടുത്ത പല കുട്ടിയാനകളേയും നോക്കുന്ന ജോലി ചെയ്യുന്നു. ഏഷ്യൻ ആനകളേക്കാൾ ശുണ്ഠി കൂടുതലാണ് ആഫ്രിക്കൻ ആനകൾക്ക്, എന്നാൽ അനുസരിപ്പിക്കാൻ കൂടുതൽ എളുപ്പം ആഫ്രിക്കന്മാരെയാണ്. പെട്ടെന്ന് ശുണ്ഠിപിടിക്കുന്ന പ്രകൃതമായതിനാൽ ആഫ്രിക്കൻ ആനകളെ മെരുക്കുന്ന് രീതി ഏഷ്യൻ ആനകളെ മെരുക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ്. മാത്രവുമല്ല ഇവയെ ചെറുപ്പം മുതൽ പരിശീലിപ്പിക്കേണ്ടതുണ്ട് എന്നതിനാൽ കൊറീയ അനാഥരായ കുട്ടിയാനകളെയാണ് പരിശീലിപ്പിച്ചത്. ആഫ്രിക്കൻ ആനകളെ ഇപ്പോൾ സഫാരികൾക്ക് ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ, കൊറീയയുടെ ആനകളെ‍ വിനോദസഞ്ചാരികളെ രസിപ്പിക്കാനും തടിപിടിക്കാനും ഉപയോഗിച്ചുവരുന്നു.

ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു. മൃഗശാലകളിൽ പ്രദർശിപ്പിക്കുന്നത് വിവാദമായിട്ടുമുണ്ട്. മൃഗസംരക്ഷണപ്രവർത്തകർ പറയുന്നത് മൃഗശാ‍ലകളിലെ ആനകൾ "ശാരീരികമായ പീഡനങ്ങളും, സാമൂഹികജീവിതത്തിന്റെ നഷ്ടപ്പെടലും, വികാരപരമായ നഷ്ടപ്പെടലും, പ്രായം തികയാതെയുള്ള മരണങ്ങളും സഹിക്കേണ്ടി വരുന്നു" എന്നാണ്. [5] എന്നാൽ മൃഗശാല അധികൃതർ എതിർവാദം ഉന്നയിക്കുന്നത് ആ‍നകളെ പരിപാലിക്കുന്നതിന്റെ എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നും ആനകളുടെ ചുരുങ്ങിയ ആവശ്യങ്ങളായ ചുരുങ്ങിയ സ്ഥലപരിമിതി, കൂട്ടിന്റെ രുപകൽപ്പന, പോഷകാഹാരം, പ്രജനനം, വൈദ്യസഹായം എന്നിവയെല്ലാം ഉറപ്പ് വരുത്തുണ്ടെന്നുമാണ്.

ഗുരുവായൂരിനടുത്തുള്ള പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് ഒരു ദൃശ്യം

ഉത്സവങ്ങൾ

മനുഷ്യനുമായി ഇണങ്ങിയ നാട്ടാനകളെ ഉത്സവങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്. ഒന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള നിരവധി ഉത്സവങ്ങൾ പ്രസിദ്ധമാണ്.

ആനപ്പാവ് /ആനചികിത്സ

ആനപരിചരണം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്ന പദം. ആനചികിത്സ, ആനയെ കൊണ്ടുനടക്കൽ, മെരുക്കൽ, മർമ്മങ്ങൾ, നിയന്ത്രണം എന്നിവയെല്ലാം അതിൽ ഉൾപ്പെടും. അടുത്തകാലത്ത് പ്രശസ്തമജീഷ്യൻ വാഴകുന്നം നീലകണ്ഠൻ നമ്പൂതിരി, പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് ചെറുളപ്പുറത്ത് നമ്പൂതിരി എന്നിവർ ആനപ്പാവിൽ പ്രഗത്ഭരായിരുന്നതായി അറിയുന്നു.

ഹസ്ത്യായുർവേദം അഥവാ പാലകാപ്യം

ആന ചികിത്സ എന്ന ലക്ഷ്യത്തോടെ പാലകാപ്യമുനി എഴുതിയ ഗ്രന്ഥം.[20] ഉത്പത്തിസ്ഥാനം, മഹാരോഗസ്ഥാനം, ശല്യരോഗസ്ഥാനം ഉത്തരസ്ഥാനം എന്നിങ്ങനെ നാലു സ്ഥാനങ്ങൾ. വളരെ വിശദമായി ഗജോത്പത്തി, ഗജലക്ഷണം, രോഗനിദാനം രോഗലക്ഷണം,തുടങ്ങി ആനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യായുർവ്വേദം അഥവാ ചരകസംഹിത എഴുതിയ ചരകൻ മനുഷ്യശരീരത്തെ ക്കുറിച്ച് ചിന്തിച്ചതിലധികം പാലകാപ്യൻ ആനയുടെ രോഗങ്ങളെയും ചികിത്സയെ ക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു എന്ന് പാലകാപ്യത്തെ ക്കുറിച്ച് പഠിച്ചവർ.

171 അദ്ധ്യായങ്ങളും 12000 ശ്ലോകങ്ങളുമുള്ള പാലകാപ്യത്തിന്റെ 160 അദ്ധ്യായങ്ങളും 8000 ശ്ലോകങ്ങളും മാത്രമെ കണ്ടുകിട്ടിയിട്ടുള്ളു.[21]

മാതംഗലീല

ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല. തിരുമംഗലത്ത് നീലകണ്ഠൻ എന്ന ആളാണ് മാതംഗലീല എഴുതിയത്. ഗജലക്ഷണം, ഗജവിഭജനം, ചികിത്സ എന്നിവ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. വള്ളത്തോൾ നാരായണമേനോൻ ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.[22]

ഗുരുവായൂരിനടുത്തുള്ള പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് ഒരു ദൃശ്യം'

പ്രധാന രോഗങ്ങൾ

  • എരണ്ട കെട്ട്
  • പാദരോഗം
  • വിരബാധ
  • ക്ഷയം

പരിസ്ഥിതിക്കുള്ള ഉപകാരങ്ങൾ

നെറ്റിപ്പട്ടം കെട്ടിയ ആ‍ന

ആനകളുടെ ഇരതേടൽ ഇപ്രകാരങ്ങളിൽ പ്രകൃതിക്ക് സഹായകരമാണ്:-

  • ഇലകൾ കഴിക്കാൻ മരങ്ങൾ പിഴുതിടുകയും, ചില്ലകൾ ഒടിച്ചിടുകയും, ആനയുടെ പുറകെ വരുന്ന മാനുകൾ കാട്ടുപോത്ത് പോലുള്ള ചെറിയജീവികൾക്കെല്ലാം ഉപകാരമാകുകയും ചെയ്യുന്നു
  • വേരുകൾ പറിച്ചെടുക്കുകയും വഴി പുതിയ ചെടികൾ വളരാൻ ആനകൾ സൗകര്യമൊരുക്കുന്നു. ഇത് ആനകൾക്കും മറ്റ് ജീവജാലങ്ങൾക്കും ഭാവിയിൽ സഹായകരമാകും.
  • ആനകൾ മറ്റ് ജീവികൾക്ക് കടന്ന് ചെല്ലാനാ‍കാത്ത ഇടങ്ങളിലേക്ക് വരെ കടന്ന് ചെന്ന് അങ്ങോട്ടേക്ക് വഴി ഉണ്ടാക്കുന്നു. പല തലമുറകൾ ഈ വഴിയേ സഞ്ചരിക്കുമ്പോൽ ഇത് എല്ലാവർക്കും ഉപയോഗപ്രദമായ ഒരു പാത ആയി മാറുന്നു. ഇപ്രകാരം ഉള്ള പല പാതകളും മനുഷ്യർ പിന്നീട് റോഡുകളാക്കി മാറ്റിയിട്ടുണ്ട്.
  • വരൾച്ചക്കാലത്ത് ആന മണ്ണിൽ കുഴിച്ച് വെള്ളമെടുക്കും. ഇത് ഒരു പക്ഷേ ആ മേഖലയിലെ ആകെയുള്ള ജലസ്രോതസ്സായി മാറാൻ സാധ്യതയുണ്ട്.
  • ആനകളെ മറ്റ് പല ജീവികളും ആശ്രയിക്കാറുണ്ട്. ഉദാഹരണത്തിന്, ചിതലുകൾ ആനപ്പിണ്ടം ഭക്ഷിക്കുകയും, ആനപ്പിണ്ടങ്ങളുടെ ചുറ്റും ചിതൽപ്പുറ്റ് ഉണ്ടാക്കുകയും ചെയ്യും.

വംശനാശഭീഷണി

കേരളത്തിൽ ആനകളെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിനും മറ്റും ധാരാളമായി ഉപയോഗിച്ചു വരുന്നു

ഇന്നു ലോകം മുഴുവൻ ആന ഒരു സംരക്ഷിതമൃഗമാണ്. ആനകളെ പിടിക്കുന്നതിനും, വളർത്തുന്നതിനും, ആനക്കൊമ്പ് പോലെയുള്ള വസ്തുക്കൾ വ്യാപാരം ചെയ്യുന്നതിനും വിലക്കുകൾ നിലവിലുണ്ട്. മനുഷ്യർ വൻ‌തോതിൽ കൊന്നൊടുക്കുന്നത് കാരണം ആനകൾ ഇന്നു വംശനാശ ഭീഷണിയിലാണ്. വംശനാശഭീഷണി കാരണം ആനകളെ ഭാവിയിലെ ദിനോസറുകൾ എന്ന് വിളിക്കാറുണ്ട്. മുപ്പതുലക്ഷം ആഫ്രിക്കൻ ആനകൾ 1970-ൽ ഉണ്ടായിരുന്നത്, 1989-ൽ ആറ്‌ ലക്ഷമായും പിന്നീട് 2,00,072 ആയി 2000-ലും ചുരുങ്ങുകയുണ്ടായി. 2003-ൽ ഏകദേശം 40,000-നും 60,000-നും ഇടയിൽ ആണ് ആഫ്രിക്കൻ ആനകൾ ഉണ്ടായിരുന്നതെന്നാണ് കണക്ക് [23]. ഏഷ്യയിൽ ആനയും മനുഷ്യരും തമ്മിലുള്ള സംഘർഷം കാരണം പ്രതിവർഷം ഏകദേശം നൂറ്റിഅൻപത് ആനകളും നൂറോളം മനുഷ്യരും കൊല്ലപ്പെടുന്നു[24].

ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ്‌ പ്രധാനം. ആനയുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന കുറവ്, മനുഷ്യർ കാട്ടിലേക്ക് കയറുന്നത് മൂലം അവരുമായി ഉണ്ടാകുന്ന സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നത് തുടങ്ങിയവയാണ്‌ മറ്റു ഭീഷണികൾ. ആഫ്രിക്കൻ ആനകള് കൊമ്പിനുവേണ്ടിയാണ്‌ കൂടുതലും കൊല്ലപ്പെടുന്നതെങ്കിൽ ഏഷ്യൻ ആനകളുടെ മരണത്തിന് മുഖ്യമായും ഹേതുവാകുന്നത് ആവാസവ്യവസ്ഥിതിയിൽ ഉണ്ടാകുന്ന കുറവ് ആണ്. [6]

വലിപ്പം കൂടിയ, കൂടുതൽ കാലം ജീവിക്കുന്ന, പതുക്കെ വളരുന്ന ആനകൾ മറ്റ് മൃഗങ്ങളേക്കാൾ കൂടുതലായി വേട്ടയാടപ്പെടുന്നു. വേട്ടയാടപ്പെടുമ്പോൾ ഇവയ്ക്ക് വലിപ്പം കാരണം ഒളിക്കാൻ കഴിയില്ല. വലിപ്പം കൂടിയ ആനകളെപ്പോലുള്ള ജീവികൾ കൊല്ലപ്പെടുന്നതോട് കൂടി ചെറിയ സസ്യഭുക്കുകളുടെ എണ്ണം വളരെ കൂടുകയും ഇത് ചെടികളും മരങ്ങളും പുൽവർഗ്ഗങ്ങളും തിന്ന് മുടിക്കുകയും ചെയ്യും. [7]

എന്നാൽ ഇങ്ങനെയുള്ള വംശനാശ ഭീഷണികൾ ഒക്കെ ഉണ്ടായിട്ടും, ചില ശാസ്ത്രജ്ഞന്മാർ ആനകളുടെ സംഖ്യ കൂടുകയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നു. തെളിവിനായി ആഫ്രിക്കയിൽ ആനകളുടെ സംഖ്യ കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് കൂടുകയാണ് ചെയ്തതെന്ന കാനേഷുമാരി അവർ നിരത്തുന്നു. ആഫ്രിക്കയിലെ ബോട്സ്വാനയിൽ ആനകളുടെ സംഖ്യ ക്രമാതീതമായി ഉയർന്നിട്ടാണുള്ളതെന്നും ഈ കാനേഷുമാരി സാക്ഷ്യപ്പെടുത്തുന്നു. [25]

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്നതിൽനിന്ന് പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിലും, ആനകളുടെ എണ്ണം കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയ്ക്ക് അധികം വ്യതിചലിച്ചിട്ടില്ല. ആഫ്രിക്കയിലെ ചില സ്ഥലങ്ങളിൽ ആനകൾ വളരെക്കൂടുതലായി കാണപ്പെടുന്നു, പക്ഷേ അധികം സ്ഥലങ്ങളും അങ്ങനെയല്ല. 2002-ൽ 4.6 ലക്ഷത്തിനും 5.6 ലക്ഷത്തിനും ഇടയിൽ ആനകൾ ഉണ്ടെന്ന് കണ്ടെത്തിയ ഗവേഷകർ 1998-ൽ 3.6 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലായിരുന്നു എന്നാണ്‌ കണ്ടെത്തിയത്. അതായത് ആനകളുടെ ജനസംഖ്യ കൂടിയിരിക്കുന്നു. 2002-ൽ നടത്തിയ പഠനത്തിൽ, നേരത്തേ പഠിച്ചതിനേക്കാൾ വലിയ മേഖല പഠനത്തിന് വിധേയമാക്കിയതുകാരണമാകാം ഈ തെറ്റ് കടന്നുകൂടിയത് എന്നു കരുതുന്നു. അല്ലെങ്കിൽ മറ്റു കാരണങ്ങളും ഉണ്ടാകാം [26]. ഈ വളർച്ച ഇപ്പോഴില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. [27] [28] ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വച്ച് ഒരു സമ്പൂർണ്ണ വിവരണം "comprehensive African Elephant Status Report (AESR)" രണ്ടായിരത്തി ആറിൽ പ്രസിദ്ധീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജനിതകമാറ്റങ്ങൾ

നിയമപരമായും അല്ലാതെയും കൊന്നൊടുക്കുന്നത് മൂലം ആനകളിൽ ജനിതകമായ് മാറ്റങ്ങൾ ഉണ്ടാകാൻ വരെ ഇടയാകുന്നുണ്ട്. ആഫ്രിക്കൻ ആനക്കൊമ്പ് വേട്ടക്കാർ കൊമ്പുള്ള ആനകളെ മാത്രം കൊന്നൊടുക്കിയതു മൂലം കൊമ്പില്ലാത്ത ആനകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ഇത് പിടിയാനകൾക്ക് ഇണചേരാൻ കൊമ്പില്ലാത്ത ആനകൾ മാത്രം ലഭ്യമായ ഒരു അവസ്ഥ ഉണ്ടാക്കി. ഇങ്ങനെ കൊമ്പില്ലാത്ത ആനകളുടെ ജീനുകൾ മാത്രം കൈമാറിപ്പോകുന്നത് കാരണം പുതുതായി ജനിക്കുന്ന ആണാനകൾക്കും കൊമ്പുണ്ടാകാനുള്ള സാധ്യതൾ വളരെ കുറഞ്ഞു. 1930-ൽ വെറും ഒരു ശതമാനം മാത്രമുണ്ടായിരുന്ന ഈ വിഭാഗം ഇപ്പോൾ മുപ്പത് ശതമാനത്തോളമായി ഉയർന്നു. ഒരുകാ‍ലത്ത് വളരെ അപൂർവ്വമായിരുന്ന ആണാ‍നയ്ക്ക് കൊമ്പുണ്ടാകാതിരിക്കുക എന്ന ജനിതകവൈകല്യം ഇപ്പോൾ വളരെ വ്യാപകമായി കാണപ്പെടുന്നു.

ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കിൽ കൊമ്പ് ഇല്ലാത്ത ആനകൾ മാത്രം ബാക്കി വരുന്ന ഒരു അവസ്ഥ ഉണ്ടാകും. ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ടുണ്ടാകേണ്ട ഒരു മാറ്റമാണ് ഇങ്ങനെ മനുഷ്യർ ഇടപെടൽ മൂലം വളരെ പെട്ടെന്ന് സംഭവിക്കുന്നത്. കൊമ്പില്ലാത്ത ആനകൾ പരിസ്ഥിതിക്കും ആനകൾക്ക് തന്നെയും ഉണ്ടാക്കാൻ പോകുന്ന സ്വാധീനം ഭയങ്കരമായിരിക്കും. ആനകൾ കൊമ്പ് മണ്ണിൽ പലതും കുഴിച്ചെടുക്കാനും, ചെടികൾ പറിച്ചെറിയാനും, ഇണചേരാനുള്ള അവകാശത്തിനായി വഴക്കിടുമ്പോൾ കോർക്കാനും ഒക്കെ കൊമ്പ് ഉപയോഗിക്കാറുണ്ട്. കൊമ്പില്ലാതെ വരുന്ന ഒരു അവസ്ഥയിൽ ആനകളുടെ സ്വഭാവം തന്നെ വളരെയധികം മാറിപ്പോകും.[29]

ദേശീയോദ്യാനങ്ങൾ

ഗോറൻ‌ഗോറോ ക്രാറ്റർ, ടാൻസാനിയയിലുള്ള ഒരാന.

ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട്. ഉദാഹരണമായി, ആനകൾ വളരെ വിശാലമായ ഭൂപ്രദേശത്ത് വസിക്കുന്നവരാണ്, ഇവരെ‍ ദേശീയോദ്യാനത്തിന്റെ അതിരുകൾക്കുള്ളിൽ തളച്ചിടാനാകില്ല. എങ്കിലും മിക്ക ഉദ്യാനങ്ങൾക്കും മനുഷ്യനിർമ്മിതമായ അതിരുകളാണ് (രാജ്യത്തിന്റെ അതിർത്തി) ഉണ്ടാകുക. അതിർത്തിയിൽ ഒരു മതിൽ ഉയർത്തിക്കഴിഞ്ഞപ്പോൾ‍, അധിക മൃഗങ്ങളും അവയുടെ ശൈത്യകാല മേച്ചിൽപ്പുറങ്ങളിൽ നിന്നും വസന്തകാല പാലൂട്ടൽമേഖലകളിൽ നിന്നും പൂർണ്ണമായും അകന്നു. ഇക്കാരണത്താൽ പല മൃഗങ്ങളും മരിച്ചു. എന്നാൽ ആനകളെപ്പോലെ മറ്റ് ചില മൃഗങ്ങൾ ഈ വേലികളെ ചവുട്ടി മെതിച്ചുകൊണ്ടിരുന്നു. കൃഷി നശിപ്പിക്കുന്ന മൃഗങ്ങൾ എന്നൊരു ചീത്തപ്പേര് ആനകൾ ഇങ്ങനെ നേടിയെടുത്തു. ഉദ്യാനങ്ങളിൽ ആനകൾ വിഹരിക്കുന്നത് കൂടുന്തോറും, കൃഷിക്കാർ ഇവരെ വെടിവച്ചുകൊല്ലാനുള്ള സാധ്യതകളും‍ കൂട്ടി. ചെറിയ മേഖലകളിലേക്ക് ചുരുങ്ങുന്തോറും ആനകൾ അവിടത്തെ പരിതസ്ഥിതിക്ക് കൂടുതൽ ആഘാതം ഏൽപ്പിക്കും. ഇന്നും ഈ ഉദ്യാനങ്ങളെപ്പറ്റി ചുറ്റിപ്പറ്റി ഒരുപാട് പ്രശ്നങ്ങളുണ്ടെങ്കിലും, ഈ ഉദ്യാനങ്ങൾ വേണോ എന്ന് കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാൻ വഴിയില്ല. പ്രകൃതിയേയും പരിസ്ഥിതിയേയും ശാസ്ത്രജ്ഞർ കൂടുതലായി മനസ്സിലാക്കിതോട് കൂടി, ഈ ഉദ്യാനങ്ങൾ ആനകൾക്ക് ജീവിക്കാൻ കഴിയുന്ന ഒരേ ഒരു സ്ഥലമാണെന്ന് വ്യക്തമായി.

ആഫ്രിക്കയിലെ ആദ്യ ഔദ്യോഗിക ദേശീയോദ്യാനം പിന്നീട് ലോകത്തിലെ ഏറ്റവും പ്രശസ്തവും വിജയകരവുമായ ദേശീയോദ്യാനമായി മാറി. ദക്ഷിണാഫ്രിക്കയിലെ ക്രുഗർ ദേശീയോദ്യാനം വളരെ എതിർപ്പുകൾക്ക് ശേഷമാണ് 1898-ൽ ഒരു ദേശീയോദ്യാനമായത് (മുൻപ് ഇത് സാബി റിസർവ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്). പലതവണ അറിയിപ്പ് ഉണ്ടാകുകയും പിന്നീടത് പിൻ‌വലിച്ചും ഒക്കെയായി 1926-ലാണ്‌ സാബി റിസർവിന് ഇപ്പോഴുള്ള പേരു കൊടുത്ത് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. ക്രുഗർ ദേശീയോദ്യാനത്തിൽ ആനകൾ വളരെയധികം കൂടുതലായതിന്റെ പ്രശ്നങ്ങളും ഉണ്ടാവുകയുണ്ടായി. ഇത് ഈ ഉദ്യാനത്തിലെ മറ്റ് മൃഗങ്ങളെ ബാധിക്കുകയും ചെയ്തു. തൽഫലമായി ദക്ഷിണാഫ്രിക്ക, 1967-നും 1994-നും ഇടയിൽ 14,562 ആനകളെ കൂട്ടക്കൊല ചെയ്തു. പ്രാദേശികവും ലോകമെമ്പാടുനിന്നുമുള്ള എതിർപ്പുകൾ കാരണം 1995-ൽ ഈ കുരുതി നിർത്തി വയ്ക്കേണ്ടി വന്നു. യാതൊന്നും ചെയ്തില്ലെങ്കിൽ തന്നെയും ക്രുഗർ ദേശീയോദ്യാനത്തിലെ ആനകളുടെ എണ്ണം രണ്ടായിരത്തി ഇരുപതിൽ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി, അതായത് 34,000 വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. [30]

പ്രശസ്തരായ ആനകൾ

ഏഷ്യാഡ് അപ്പു - ഒമ്പതാം ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം
  • ജമ്പോ എന്ന സർക്കസ്സ് ആന ‘വലുത്’ എന്ന വാക്കിന്റെ പര്യായമായി ഇംഗ്ലീഷിൽ ചേർക്കപ്പെട്ടു. ബോയിങ്ങിന്റെ ജമ്പോ ജറ്റ് എന്ന പേര്‌ ഉദാഹരണമാണ്
  • 1982-ൽ ദില്ലിയിൽ നടന്ന ഒൻപതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം “അപ്പു” എന്ന കുട്ടിയാനയായിരുന്നു. കേരളത്തിൽ നിന്നുള്ള കുട്ടിനാരായണൻ എന്ന ആനയായിരുന്നു അപ്പുവായി ഗെയിംസ് വേദികളിൽ നിറഞ്ഞത്. “ഏഷ്യാഡ് അപ്പു” എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ ആന 2005 മേയ് 14-നു ചരിഞ്ഞു.
  • ഗുരുവായൂർ കേശവൻ കേരളത്തിൽ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായ ആന. ഗുരുവായൂരപ്പന്റെ അവതാരമായിക്കരുതുന്ന ആന. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല്. ഗുരുവായൂർ കേശവൻ എന്ന പേരിൽ പിൽക്കാലത്ത് ഈ ആനയെക്കുറിച്ച് ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.
  • തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കേരളത്തിലെ തൃശ്ശൂരിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലുള്ള ഈ ആന ഇന്ന കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും തലയെടുപ്പുള്ളവനായി അറിയപ്പെടുന്നു. കണ്ടമ്പുള്ളീ ബാലനാരായണൻ (അവസാനകാലത്ത് നാണുഎഴുത്തശ്ശൻ ശിവശങ്കരൻ എന്നായിരുന്നു അറിയപ്പെട്ടത്) എന്ന ആന ചരിഞ്ഞതോടെ ആണ് തെച്ചിക്കോട്ടുകാ‍വ് ഈ സ്ഥാനം കയ്യടക്കിയത്.ഉയർന്ന മസ്തകവും അഴകൊത്ത ഉടലും ഉള്ള ഇവനു ഉത്സവസീസണുകളിൽ ആവശ്യക്കാർ ഏറെയാണ്. പലയിടത്തും റെക്കോർഡ് തുകയ്ക്കാണ് ഏക്കം.
  • ഗുരുവായൂർ പത്മനാഭൻ കേരളത്തിലെ ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആന. ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് ഈ ആനക്ക് രണ്ടുലക്ഷത്തിൽപരം രൂപ ഏക്കത്തുക ലഭിച്ചത്.
  • കേരളത്തിലെ ജീവിച്ചിരിക്കുന്നവരിൽ പ്രശസ്തരായ ചില ആനകൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ഗുരുവായൂർ പത്മനാഭൻ ,തിരുവമ്പാടി ശിവസുന്ദർ,പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ, മംഗലാംകുന്ന് കർണ്ണൻ,ഗുരുവായൂർ വലിയകേശവൻ, നാണു എഴുത്തശ്ശൻ ശ്രീനിവാസൻ,ചെർപ്പുളശ്ശേരി പാർത്ഥൻ.ഈരാറ്റുപേട്ട അയ്യപ്പൻ, മലയാലപ്പുഴ രാജൻ, മാവേലിക്കർ ഉണ്ണികൃഷ്ണൻ,
  • ഡമ്പോ എന്ന ആന, വാൾട് ഡിസ്നി കമ്പനിയുടെ ഒരു സിനിമയിലെ കേന്ദ്രകഥാപാത്രമായ പറക്കാൻ കഴിയുന്ന ഒരു ആനയാണ്.
  • ടഫ്റ്റ്സ് യൂണിവേർസിറ്റിയുടെ ചിഹ്നം ജമ്പോ എന്ന ആനയാണ്.
  • അലബാമ യൂനിവേർസിറ്റിയുടെ Crimson Tide ചിഹ്നം "Big Al." എന്ന് പേരുള്ള ഒരാനയാണ്. ഈ പേര് എഴുപതുകളുടെ അന്ത്യത്തിൽ ക്യാമ്പസ്സിൽ നടത്തിയ ഒരു മത്സരം വഴി തിരഞ്ഞെടുത്തതാണ്.
  • ഓക്ക്‌ലാൻഡ് അത്‌ലെറ്റിക്സിന്റെ ചിഹ്നം ഒരു വെളുത്ത ആനയാണ്. ന്യൂയോർക്ക് ജയന്റ്സിന്റെ മാനേജർ ജോൺ മക്ഗ്രോ പത്രപ്രവർത്തകരോട്, പുതിയ ടീമിന് പണം മുടക്കിക്കൊണ്ടിരുന്ന ഫിലാഡെൽഫിയ വ്യവസായി ബെൻ‌ജമിൽ ഷൈബിന്റെ കയ്യിൽ “ഒരു വെളുത്ത ആന” ഉണ്ടെന്ന് പറയുന്നതോടെയാണ് ഈ ആശയം ഉണ്ടായത്. കോണീ മാക്ക് അങ്ങനെ വെളുത്ത ആനയെ തന്റെ ടീമിന്റെ ചിഹ്നമാക്കി. പിന്നീട് ഈ ആന പല നിറങ്ങൾ സ്വീകരിക്കുകയും ചെയ്തു, ഇപ്പോൾ ഈ ആനയുടെ നിറമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് കാട്ടുപച്ചയാണ്. ടീമിന്റെ ചിഹ്നത്തിനെ ചുരുക്കി സ്റ്റോമ്പർ എന്ന് വിളിക്കപ്പെടുന്നു.
  • തായ് ആന ഗാനമേള എന്ന പേരിൽ സംഗീതോപകരണങ്ങൾ വായിക്കുന്ന ആനകളുടെ ഒരു സംഘം ലാം‌പാങ്ങ് എന്നയിടത്തുള്ള ദേശീയ ആന സ്ഥാപനത്തിൽ നിലവിലുണ്ട്.
  • ജോസഫ് മെറിക്ക് എന്ന വിക്റ്റോറിയൻ ഇംഗ്ലണ്ടിലുണ്ടായിരുന്ന ബ്രിട്ടിഷ് മനുഷ്യനെ തനിക്ക് ഉണ്ടായിരുന്ന വൈകൃതങ്ങൾ കാരണം “ആന മനുഷ്യൻ” എന്നാണ് വിളിച്ചിരുന്നത്.
  • അമേരിക്കൻ സംഗീത കൂട്ടമായ “വൈറ്റ് സ്റ്റ്‌റൈപ്പ്സിന്റെ” നാലാമത്തെ ആൽബത്തിന് ആന എന്നാണ് പേരിട്ടിരുന്നത്. ഇതിന് കാരണം ഇവരുടെ മുഖ്യഗായകൻ ജാക്ക് വൈറ്റിന്റെ ആനപ്രേമമാണ്, ആനകൾക്ക് തമ്മിലുള്ള അടുപ്പവും സ്നേഹവും ജാക്ക് വൈറ്റിനെ അതിശയിപ്പിച്ചിരുന്നു. ഈ ആൽബം റോള്ളിങ്ങ് സ്റ്റോൺ മാസികയുടെ “എക്കാലത്തേയും മികച്ച അഞ്ഞൂറ് ആൽബങ്ങളിൽ” മുന്നൂറ്റി തൊണ്ണൂറാം സ്ഥാനത്തെത്തുകയുണ്ടായി.

സംസ്കാരം

ശ്രീലങ്കയിലെ കാൻഡിയിലുള്ള എസൽ പെരഹെര എന്ന ഉത്സവം

രാഷ്ട്രീയം

ആനയെ എഴുന്നള്ളിക്കാനുള്ള തയ്യാറെടുപ്പിൽ

പുരാണം

ഹൈന്ദവ പുരാണങ്ങളിലും ആനകളെക്കുറിച്ചുള്ള വിശ്വാസങ്ങളും സങ്കല്പങ്ങളും കാണാം. ദേവാസുര യുദ്ധത്തിൽ പങ്കെടുത്ത ആനകൾക്ക് തൂങ്ങിക്കിടന്ന വൃഷണം ശല്യമായപ്പോൾ ബ്രഹ്മാവ് അത് ഉള്ളിലാക്കി കൊടുത്തുവത്രെ.[അവലംബം ആവശ്യമാണ്]

സൂര്യന്റെ മുട്ടയുടെ തോടുകള് ബ്രപ്മാവു രണ്ടു കൈയിലുമെടുത്ത് ഏഴു സാമ മന്ത്രങ്ങൾ അഖണ്ഡമായി ചൊല്ലിയപ്പോൾ വലതെ കൈയിലെ തോടിൽ നിന്നും ഐരാവതം ഉണ്ടായി.ഇടതുകൈയിലെ തോടിൽ നിന്നും അഭ്രമുവുമുണ്ടായി. ഏഴുസാമമന്ത്രങ്ങൾ വെവ്വേറെ ചൊല്ലിയപ്പോൾ ഏഴു ആൺ ആനകൾ കൂടിയുണ്ടായി. അവയാണ് അഷ്ടദ്വിഗജങ്ങൾ. ഇടതുകൈയിൽ നിന്ന് എട്ട് പെണ്ണാനകളും. അവയാണ് എട്ടുദിക്കുകളെ പരിരക്ഷിക്കാൻ സഹായിക്കുന്നത്.[അവലംബം ആവശ്യമാണ്]

ഐരാവതവും ഭാര്യ അഭ്രമുവുമായി കിഴക്കു ദിക്കിനെ സംരക്ഷിക്കുന്നു.

പുണ്ഡരീകനും കപിലയും കൂടി തെക്കു-കിഴക്കിനേയും വമനനും പിംഗളയും കൂടി തെക്കിനേയും കുമുദനും അനുപമയും കൂടി തെക്കു-പടിഞ്ഞാറിനേയും അഞ്ചാനനും തംമ്രകാമിയുമായി പടിഞ്ഞാറിനേയും പുഷ്പ ദന്ദനും ശുഭരദന്ദിയുമായി വടക്കു-പടിഞ്ഞാറിനേയും സാര്വഭൌമനും അംഗനയും കൂടി വടക്കിനേയും സുപ്രധികനും അഞജനവതിയും കൂടീ വടക്കുകിഴക്കിനേയും സംരക്ഷിക്കുന്നു.

ആദ്യം ആനകൾക്ക് രണ്ട് ജോടി കൊമ്പുകളും ചിറകുകളും ഉണ്ടായിരുന്നതാണ് മറ്റൊരു പരാമർശം. ദീർഘതപസ്സ് എന്ന മുനിയുടെ ശാപത്താൽ ഒരുജോടി കൊമ്പുകളും ചിറകുകളും നഷ്ടമായി.

അവലംബം

  1. ഇ. സോമനാഥ്. "കഥയ്ക്കും കാര്യത്തിനുമിടയിൽ കല്ലാന". മനോരമ ഓൺലൈൻ. Retrieved 2009 നവംബർ 27. {{cite news}}: Check date values in: |accessdate= (help)
  2. "ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി". മലയാള മനോരമ ഓൺലൈൻ. 2007-04-10. Retrieved 2007-04-10.
  3. Sanparks - South African National Parks official website
  4. African elephants: World's largest terrestrial mammal still under threat -Global Species Programme
  5. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 294. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. http://worldwildlife.org/species/borneo-pygmy-elephant
  7. http://www.upali.ch/trunk_en.html What does the trunk consist of?
  8. 8.0 8.1 8.2 8.3 8.4 8.5 ആന എന്ന അത്ഭുത ജീവി- ഡോ.ജി. അfജിത്കുമർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
  9. മനേകാ ഗാന്ധി, ടൈംസ് ഓഫ് ഇന്ത്യ. ഞായർ പതിപ്പ്
  10. 10.0 10.1 10.2 ആന എന്ന അത്ഭുത ജീവി- ഡോ.ജി. അജിത്കുമർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
  11. ആന എന്ന അത്ഭുത ജീവി- ഡോ. ജി. അജിത് കുമാർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  12. http://www.uwyo.edu/wjm/Repro/spermat.htm
  13. ഇ. ഉണ്ണില്ക്ര്ഷ്ണന്, പേജ് 23, മാത്രുഭൂമി ആഴ്ചപ്പതിപ്പ്, 2010 ഡിസംബര് 5
  14. 14.0 14.1 14.2 ഇ. ഉണ്ണികൃഷ്ണൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 ഡിസംബർ 5
  15. Bruce Bagemihl, Biological Exuberance: Animal Homosexuality and Natural Diversity, St. Martin's Press, 1999; pp.427-430
  16. Elephant Listening Project
  17. മദപ്പാടിനെക്കുറിച്ചുള്ള സംശയങ്ങൾ
  18. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 734. 2012 മാർച്ച് 19. Retrieved 2013 മെയ് 05. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  19. "ആനയെപ്പറ്റി ആമുഖം- ഉണ്ണിനമ്പൂതിരി". മലയാള മനോരമ ഓൺലൈൻ. 2007-04-10. Retrieved 2007-04-10.
  20. ഹ്സ്ത്യായുർവേദം പ്രസാധകർ -പൂർണ്ണാനന്ദ പബ്ലിക്കേഷൻ പൂന 1906
  21. അല്പം ആനക്കാര്യം- എൻ. ജയകൃഷ്ണൻ, ജനപഥം മാസിക
  22. മാതംഗലീല- വള്ളത്തോൾ പ്രകാശനം, ചെറുതുരുത്തി
  23. WWF-UK: Elephants; David Sheldrick Wildlife Trust; IUCN – The World Conservation Union
  24. Smithsonian National Zoological Park
  25. "TED Case Studies ELEPHANT POPULATION IN BOTSWANA. ( A case against the complete ban of ivory trade)". Retrieved 2008. Although in the past Botswana has experienced major population reductions of some species, elephants have been an exception and have been on the increase in northern part of Botswana. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |month= and |coauthors= (help)
  26. IUCN's African Elephant Status Report 2002, page 17:
  27. [http://iucn.org/themes/ssc/sgs/afesg/pachy/pachy40.html
  28. http://iucn.org/themes/ssc/sgs/afesg/pachy/pachy40.html]
  29. The Learning Kingdom
  30. Associated Press, "ദഷിണാഫ്രിക്കൻ ആനകളെ കൊന്നൊടുന്നുന്നത് വന്യജീവിസ്നേഹികളെ തമ്മിലടിപ്പിക്കുന്നു: ക്രമാതീതമായി ജനസംഖ്യാവർദ്ധന ഉണ്ടാകുമ്പോൾ എന്ത് ചെയ്യും?", MSNBC, 2005-11-28

ആനയുമായി ബന്ധപ്പെട്ട ചൊല്ലുകൾ

  • കാട്ടിലെ തടി തേവരുടെ ആന - വലിയെടോ... വലി.
  • ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചാലോ?
  • നിത്യാഭ്യാസി ആനയെ എടുക്കും.
  • ആനവായിൽ അമ്പഴങ്ങ.
  • അടിതെറ്റിയാൽ ആനയും വീഴും.
  • ആനച്ചോറ് കൊലച്ചോറ്.
  • ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ല

ചിത്രശാല

അവലംബം

  • ആനയ്ക്കുണ്ടൊരു കഥ പറയാൻ- ശ്രീകുമാർ അരൂക്കുറ്റി, ഓതെന്റിക് ബുക്ക്സ്
  • അല്പം ആനക്കാര്യം- എൻ. ജയകൃഷ്ണൻ,പേജ്39, ജനപഥം മാസിക
  • ഗജരക്ഷായന്ത്രം -കൊപ്പറമ്പിൽ രാമൻ നമ്പീശൻ
  • ആനയെ അറിയാൻ - ഡോ.ടി,പി,സേതുമാധവൻ
  • http://www.elephantcare.org/manfacts.htm
  • http://www.elephantspotlight.com/aid1019-album.htm | കേരളത്തിലെ ആനകളുടെ വിശേഷങ്ങളും ചിത്രങ്ങളും

കുറിപ്പുകൾ

  • ^ ഇരുപത്താം നൂറ്റാണ്ടിന്റെ അവസാ‍നം വരെ, ശാസ്ത്രജ്ഞർ ആഫ്രിക്കൻ ആനകൾ Loxodonta africana എന്ന ഒരേ ഒരു ഗണമേ ഉള്ളുവെന്ന് വിശ്വസിച്ചിരുന്നു. ഇവയ്ക്ക് രണ്ട് കീഴ് ഗണങ്ങൾ ഉണ്ട് എന്നതും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന ഡി.എൻ.എ വിശകലനം ഈ രണ്ട് കീഴ് ഗണങ്ങളേയും രണ്ട് ഗണങ്ങളായി തന്നെ കണക്ക് കൂട്ടേണ്ടതുണ്ടെന്ന് തെളിയിച്ചു.
  • ^ ചിലർ വിശ്വസിക്കുന്നത് ഇത് വളരെ സ്ഥിരമായ ഒരു ജനസംഖ്യ ആണെന്നും ഇതിനി കുറയാൻ സാധ്യതയില്ലാത്തതിനാൽ ഇവ സംരക്ഷിക്കപ്പെടണ്ട അവസ്ഥ ഇല്ലെന്നുമാണ്. മറ്റുള്ളവർ ഈ വാദത്തെ എതിർത്ത് കൊണ്ട് പറയുന്നത് ആനകളുടെ കൂട്ടം ചിലയിടങ്ങളിൽ മാത്രമാണ് വളരെയധികം കാണപ്പെടുന്നതും, ഇവരുടെ മൊത്തത്തിലുള്ള എണ്ണം കഴിഞ്ഞ കുറേക്കാലം കൊണ്ട് വളരെയധികം കുറഞ്ഞിട്ടുമുണ്ടെന്നതുമാണ്. 1979-ൽ 13 ലക്ഷം ആഫ്രിക്കൻ ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ അതിന്റെ പകുതി പോലുമില്ല എന്നത് അവർ തെളിവായി നിരത്തുന്നു. ഇത് ആനയുടെ ആവാസവ്യവസ്ഥിതി ഇല്ലാതായിക്കൊണ്ടിരിക്കുന്നതുകൊണ്ടും ആനവേട്ട കൊണ്ടും ഉണ്ടായ കുറവാണ്.
  • ^ ഇക്കാലത്തെ ആനകൾ ഈ കഴിവ് നിലനിർത്തിപ്പോരുന്നു, ഇതേ പോലെ ആണ് മണിക്കൂറോളവും അൻപത് കിലോമീറ്ററോളവും നീന്താൻ ആനകൾക്ക് കഴിയും.
  • ^ ശ്രീലങ്കയിലെ പിന്നവേല എന്ന സ്ഥലത്ത് മുറിവേറ്റതും ശാരീരികമായ അസ്വാസ്ഥ്യതകളുമുള്ളതായ ആനകൾക്ക് അഭയം നൽകുന്ന ഒരു അനാഥാലയം ഉണ്ട്. ശ്രീലങ്കൻ‍ ആനകൾ നാമാവശേഷമാകാതിരിക്കാൻ ഈ ആലയം വലിയൊരു പങ്ക് വഹിക്കുന്നു.
  • ^ വനങ്ങൾ അപ്രത്യക്ഷമാകുന്നതോട് കൂടി, പരിസ്ഥിതിയിൽ വളരെ തീവ്രമായ ആഘാതം ഉണ്ടാകുന്നു. മണ്ണിനെ ഉറപ്പാക്കി നിർത്തുവാനും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനും ചെടികൾ വഹിക്കുന്നത് വലിയ പങ്കാണ്. വെള്ളപ്പൊക്കവും മണ്ണൊലിപ്പും വനനശീകരണം മൂലം ഉണ്ടാകുന്നതാണ്. ആനകൾക്ക് വളരെ അധികം സ്ഥലം വേണം ജീവിക്കാൻ. കർഷകരെപ്പോലെ ഇവർ പഴയ മരങ്ങൾ പിഴുതെറിഞ്ഞും, പഴയ ചെടികൾ ചവുട്ടിമെതിച്ചും പുതിയവ വളരാൻ വഴിയൊരുക്കുന്നു. വനങ്ങൾ ഇല്ലാതാകുന്നതോട് കൂടി ആനകൾ ഒരു ചെറിയ സ്ഥലത്തേക്ക് ചുരുങ്ങുകയും അവിടെയുള്ള ചെടികളും മരങ്ങളും കൂടി കാലക്രമേണ മുഴുവനായി‍ ഇല്ലാതാക്കുകയും ചെയ്യും.
  • ^ ഒരാന വളരാനും പ്രതുത്പാദനം ചെയ്യാനും വളരെയധികം വർഷങ്ങൾ എടുക്കുന്നു. ശരാശരി മുന്നൂറ് പൗണ്ട് (നൂറ്റിനാൽപ്പത് കിലോഗ്രാം) ഭക്ഷണം ഇവയ്ക്ക് ദിവസവും വേണം ജീവിക്കാൻ.

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ആന എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ആന&oldid=1860079" എന്ന താളിൽനിന്ന് ശേഖരിച്ചത്