"സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ku:Muzîk
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ug:مۇزىكا
വരി 195: വരി 195:
[[tr:Müzik]]
[[tr:Müzik]]
[[tt:Музыка]]
[[tt:Музыка]]
[[ug:مۇزىكا]]
[[uk:Музика]]
[[uk:Музика]]
[[ur:موسیقی]]
[[ur:موسیقی]]

10:52, 24 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം.[1] രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്[2].

സമ്യക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം. .[3] ശ്രോതാക്കളിൽ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. ഈ കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. ശബ്ദങ്ങൾ ഉപയോഗിച്ച് ഇരകളെ ആകർഷിക്കുവാനും, മറ്റാശയങ്ങൾ വിനിമയം ചെയ്യാനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു.[അവലംബം ആവശ്യമാണ്] പിന്നീട്, സമൂഹമായി ജീവിക്കാനും കൂട്ടായി അധ്വാനിക്കാനും തുടങ്ങിയപ്പോൾ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരികപുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. സംഗീതോപകരണം ഉപയോഗിച്ചും വായ കൊണ്ടുമാണ് മനുഷ്യൻ സംഗീതം ആലപിക്കുന്നത്. പടിഞ്ഞാറൻ സംഗീതം, കിഴക്കൻ സംഗീതം എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ ഭൂമിശാസ്ത്രപരമായി വേർതിരിചിട്ടുള്ളത്. മനുഷ്യർ(പല രാജ്യങ്ങളിലെയും) കൂടുതൽ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലർന്നു. അത് പിന്നീട് ഫ്യൂഷൻ സംഗീതം എന്ന വിഭാഗമായും അറിയപ്പെട്ടുതുടങ്ങി.

ഭാരതീയ സംഗീതം

പ്രധാന ലേഖനം: ഭാരതീയ സംഗീതം

ഭാരതത്തിൽ ആധുനികസംഗീതത്തെ ഹിന്ദുസ്ഥാനി, കർണാടകം എന്നു രണ്ടായി തരംതിരിക്കാം. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള കർണാടകസംഗീതത്തിൽ മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയിൽ ഒരുപാട് വ്യത്യാസം ഇന്നുണ്ട്. ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകൾ കൊണ്ട് എന്നും സമ്പന്നമാണ് കർണാടകസംഗീതം. പഴയ ശൈലികൾ ചിലത് നിലനിൽക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താൽ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു.

മുമ്പ് സംഗീതകച്ചേരികൾ 5 മണിക്കൂറോളം ദൈർഘ്യമുണ്ടായിരുന്നത് ഇന്ന് 3 മണിക്കൂറിൽ താഴെ ഒതുങ്ങുന്നു. പല താളങ്ങളിൽ ഉള്ള രാഗം-താനം- പല്ലവിയും വിസ്തരിച്ച മറ്റൊരു പ്രധാന കീർത്തനവും കച്ചേരികളിൽ നിർബന്ധമായിരുന്നു. ഇന്നത്തെ സദസ്സുകളിൽ പല്ലവി പ്രയോഗിക്കുന്നുവെങ്കിലും സ്വാഭാവികമായി രാഗമാലിക സ്വരത്തിലേക്ക് വഴിമാറുന്നു. ആസ്വാദകരുടെ ആസ്വാദനരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാവാം പഴയ ശൈലികൾ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം.

സംഗീതം അഭ്യസിക്കുന്നവരെ പ്രോത്സാഹിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമായി ധാരാളം സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഇത്തരം വേദികളിൽ ശോഭിക്കുന്ന പല കലാകാരന്മാരും സംഗീതലോകത്ത് പിന്നീട് ശ്രദ്ധിക്കപ്പെടുന്നു

സോപാന സംഗീതം

മലയാളിയുടെ ‘ദേശി’ സംഗീതധാരയിൽ ഏറ്റവുമധികം പ്രകീർതിക്കപ്പെടുന്ന പ്രസ്ഥാനമാണ് സോപാനസംഗീതം. ‘മാർഗി’ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി-കർണാടക സംഗീത പദ്ധതികളുടെ ബലിഷ്ടമായ മുന്നേറ്റം മൂലം നാനാരൂപത്തിൽ പുലർന്ന് പോന്ന ‘ദേശി’ സംഗീതത്തിന് കേരളത്തിൽതന്നെയല്ല ഇന്ത്യയിലെ ഇതരദേശങ്ങളിലും വല്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടു.

ശ്രീകോവിലിന്റെ ചവിട്ടുപടികൾക്ക്(സോപാനം) സമീപം നിന്ന് അമ്പലവാസികളായ മാരാരോ പൊതുവാളോ ഇടയ്ക്ക് വായിച്ച് പാടുന്ന ദേവതാസ്തുതികളായിട്ടാണ് സോപാന സംഗീതം അറിയപ്പെടുന്നതു. ജയദേവരുടെ ഗീതഗോവിന്ദം ചരിത്രത്തിന്റെ ഏതോ സന്ധിയിൽ സോപാനപ്പാട്ടിന്റെ ഭാഗമായി തീർന്നു. കൈരളീഭക്തരായ സംഗീതസൈദ്ധാന്തികർ ഇതിന്റെ പ്രകൃതം ഇങ്ങനെ സംക്ഷേപിക്കുന്നു. ‘അ’ കാരത്തിൽ ഉള്ള രാഗാലാപനം,ജീവസ്വരങ്ങളിൽ ഒതുങ്ങുന്ന വ്യവഹാരം,സാഹിത്യ സ്ഫുടത,ഉടനീളം ഭക്തിഭാവം,അകന്നകന്ന് വരുന്ന ഗമകം,‘ഭൃഗ’കളുടെ അഭാവം,പരിചിത രാഗങ്ങളിൽ മാത്രം പെരുമാറ്റം-ഇത്രയുമായാൽ സോപാന സംഗീതമായി.

കേരള സംഗീതം

കൃഷ്ണനാട്ടം,കഥകളി, മോഹിനിയാട്ടം, തുള്ളൽ, കൈകൊട്ടിക്കളി എന്നിവയിൽ ആണ്‌ പൂർവികർ സോപാനസംഗീതത്തിന്റെ മൂർത്തഭാവങ്ങൾ ദർശിക്കുന്നത്. കഥകളിപ്പാട്ടും തുള്ളല്പാട്ടുകളുമാണ് സോപാനസംഗീതത്തിന്റെ സാരം നമ്മെ ബോദ്ധ്യപ്പെടുത്താനുതകുന്ന രണ്ട് വാമൊഴിത്തഴക്കങ്ങൾ. നിരവധി കേരളീയ ഗാനങ്ങളുടെയും താളങ്ങളുടെയും പേരുകൾ നൂറ്റിയൊന്ന് ആട്ടക്കഥകളിലും അറുപത് തുള്ളൽക്കഥകളിലുമായി ചിതറിക്കിടപ്പുണ്ടെങ്കിലും അവയിൽ ബഹുപൂരിപക്ഷവും കാലപ്രവാഹത്തിൽ വിസ്മൃതമായി കഴിഞ്ഞു. ശേഷിക്കുന്നവയാണ് കാനക്കുറിഞ്ഞി, പുറനിര, ഗൌളിപന്ത്, പാടി, നവരസം, ഘണ്ടാരം, ദുഃഖഘണ്ടാരം എന്നീ രാഗങ്ങളും ലക്ഷ്മാ, മർമ്മം, കുണ്ടനായ്യി എന്നീ താളങ്ങളും. രാഗങ്ങളിൽ ‘സാമന്തമലഹരി’ അറിവിലുണ്ടെങ്കിലും പ്രയോഗത്തിൽ നിന്ന് എന്നോ മാഞ്ഞുപോയിരിക്കുന്നു. ശാസ്ത്രീയമായി ഇനിയും സ്വരപ്പെടുത്തി കഴിഞ്ഞിട്ടില്ലാത്ത ഈ രാഗങ്ങളുടെയും വിന്യാസഭേദം സൂക്ഷ്മതരമാക്കിയിട്ടില്ലാത്ത താളങ്ങളുടെയും പിന്ബലത്തിലാണ് ഇന്ന് ‘കേരള സംഗീത’മെന്ന സങ്കല്പം കുടിക്കൊള്ളുന്നത്.

കഥകളി സംഗീതം

മലയാള ഗാനസംസ്കാരത്തിന്റെ മുഴുവൻ ചമൽക്കാരവും നമ്മെ അറിയിക്കാൻ പ്രാപ്തമായ വിശിഷ്ടമണ്ഡലമാണ് കഥകളി സംഗീതം.കഥകളിപ്പാട്ടിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിലുണ്ടായ കർണാടകസംഗീതാധിഷ്ടിതമായ വ്യത്യനങ്ങളെ പരിഗണിക്കാതെതന്നെ ‘അഭിനയ സംഗീത’മെന്ന നിലയിൽ അതിനവകാശപ്പെടാവുന്ന നേട്ടങ്ങൾ പലതുണ്ട്. കളിയരങ്ങിൽ ‘നവരസ’ങ്ങളെ പാട്ടിലേയ്ക്ക് പരാവർത്തനം ചെയ്യുന്ന പൊന്നാനി-ശങ്കിടി ഗായകർ വാസ്തവത്തിൽ മലയാളിയുടെ സംഗീത പാരമ്പര്യം സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നതു. ഉച്ചാരണത്തിലും ഭാവോല്പാദനത്തിനും ഭാവപകർച്ചകളിലും ബദ്ധ ശുദ്ധമായ കഥകളി സംഗീതത്തിന് കേരളസംഗീതത്തിന്റെ പ്രാതിനിധ്യം വഹിക്കാൻ കെല്പും അർഹതയുമുണ്ട്.

കർണാടക സംഗീതം കേരളത്തിൽ

തമിഴ്നാടിനോട് തൊട്ട്കിടക്കുന്ന തിരുവനന്തപുരത്തും പാലക്കാട്ടുമാണ് കർണാടക സംഗീതം അതിന്റെ ശക്തി-ചൈതന്യം തെളിയിച്ചത്. പാലക്കാടിനെ ആവാസഭൂമിയാക്കിയ തമിഴ് ബ്രാഹ്മണ സമൂഹങ്ങളാണ് കാവേരിയുടെ ‘കീർത്തനക്കാറ്റ്’ കൊച്ചിയിലും തെക്കേ മലബാറിലും വ്യാപിപ്പിച്ചത്. നൂറ്റാണ്ടുകളായി തമിഴ് സംസ്കാരത്തിന്റെ മായികപ്രഭാവത്തിൽ കഴിഞ്ഞ്പോരുന്ന തിരുവനന്തപുരവും പരിസര പ്രദേശങ്ങളും സ്വാതി തിരുനാളിന്റെ കാലം മുതൽക്ക് കർണാടകസംഗീതത്തിൻറേയും ദേവദാസി നൃത്തമായ ഭരതനട്യത്തിൻറേയും വിലാസഭൂമിയായി മാറി. തിരുവിതാംകൂരിലെ ക്ഷേത്രസംഗീതസംസ്കാരത്തിന് ഇളക്കം തട്ടിയത് പതിനെട്ടാം നൂറ്റാണ്ടോടെയാവണം. നാഗസ്വരവും തവിലും അമ്പലങ്ങളിൽ നിർബന്ധമായി. സോപാന സംഗീതം നാലമ്പലത്തിൽ ഒതുങ്ങി.

സമകാലികസംഗീതം

‘ദേശി’ സംഗീതത്തിന്റെ എണ്ണമറ്റ കൈവഴികളെ തിരസ്കരിച്ചുകൊണ്ടുള്ള ഒരു ഏകാത്മകദർശനമാണ് കേരളത്തിൽ ഇന്ന് നമുക്ക് അനുഭവിക്കാനാവുക. കർണാടകസംഗീതത്തിന്റെയും ഒരളവുവരെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെയും വശ്യതയിൽ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓർമകളിൽ നിന്ന് പോലും അകറ്റികഴിഞ്ഞു. വടക്കൻപാട്ടിന്റെ ഈണങ്ങളും ,പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും, പുള്ളുവൻപാട്ടിന്റെ പരുക്കൻ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ നിരങ്കുശമായ ഒഴുക്കും പൊതുജനാഭിരുചിയിൽ നിന്ന് മിക്കവാറും മാറികഴിഞ്ഞു. ഭാരതീയവും പാശ്ചാത്യവുമായ ഈണങ്ങളെ താൽകാലികവിഭ്രമം സൃഷ്ടിക്കാനുതകും വണ്ണം ചലച്ചിത്ര-ലളിതഗാനങ്ങളിൽ വിനിവേശിപ്പിക്കുന്നവരുടെ പിൻഗാമികളാവാനാണ് ഇളംതലമുറക്കാരുടെ ശ്രമം. [4].

സംഗീതം ഹിന്ദുമതത്തിൽ

ഹിന്ദുമതം സംഗീതത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. ശിവൻ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങൾ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു.

അവലംബം

  1. സംഗീതശാസ്ത്രപ്രവേശിക, ഡോ. വെങ്കടസുബ്രഹ്മണ്യഅയ്യർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‍,
  2. അഴീക്കോട്, സുകുമാർ (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 98–101. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക വകുപ്പ്, കേരളസർക്കാർ, 1985
  4. ഭക്തപ്രിയ- ഗുരുവായൂർ ദേവസ്വം പ്രസിദ്ധികരണം
"https://ml.wikipedia.org/w/index.php?title=സംഗീതം&oldid=1116338" എന്ന താളിൽനിന്ന് ശേഖരിച്ചത്