മാതരാം (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫലകം:Infobox settlement\മാതരാം (ഇന്തോനേഷ്യൻ : കോട്ട് മറ്റരാം) ഇന്തോനേഷ്യൻ പ്രവിശ്യയായ പടിഞ്ഞാറൻ നുസാ തെങ്കാരയുടെ തലസ്ഥാനമാണ് (ഇന്തോനേഷ്യൻ: കോട്ട മാതരാം). കരഭാഗം മുഴുവനായും പടിഞ്ഞാറൻ ലോമ്പോക്ക് റീജൻസിയാൽ (കാബുപാട്ടെൻ ലൊമ്പോക്ക് ബരത്) വലയം ചെയ്യപ്പെട്ട ഈ നഗരം ഇന്തോനേഷ്യയിലെ ലൊമ്പോക്ക് ദ്വീപിന്റെ പടിഞ്ഞാറൻ ദിശയിലാണു സ്ഥിതിചെയ്യുന്നത്. പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവുംകൂടിയായ ഇതിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 402,296 ആയിരുന്നു. 2014 ജനുവരിയിലെ പുതുക്കിയ കണക്കുകളിൽ ജനസംഖ്യ 420,941 ആയിരുന്നു.  


ഒരു പ്രവിശ്യാ തലസ്ഥാനമായി സേവനമനുഷ്ഠിക്കുന്നതുകൂടാതെ, സർക്കാർ, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, മറ്റു സേവനങ്ങൾ എന്നിവയുടേയും ഒരു കേന്ദ്രം കൂടിയാണ് മാതരാം. പടിഞ്ഞാറു മുതൽ കിഴക്കുവരെ സമീപസ്ഥങ്ങളായ മൂന്നു നഗരങ്ങൾ സംഘടിപ്പിക്കപ്പെട്ടാണ് മാതരാം പ്രദേശം രൂപപ്പെടുന്നത്. അംബെനാൻ, മാതരാം, കക്രാനെഗാര എന്നിവയാണ് ഈ നഗരങ്ങൾ. ഇവ വിഭിന്നങ്ങളായ നഗരങ്ങളാണെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നു. വിശാലമായ അർത്ഥത്തിൽ, അംബെനാൻ ഒരു തുറമുഖ തുറമുഖ നഗരവും, മാതരാം നഗരം പ്രവിശ്യയുടെ ഭരണകൂട സംബന്ധിയായ വിഷയങ്ങളുടേയും കാര്യാലയങ്ങളുടെയും കേന്ദ്രവും കക്രനെഗാര നഗരം ദ്വീപിലെ പ്രധാന വ്യാപാര കേന്ദ്രവുമാണ്. നഗരം ഭരണപരമായി ആറ് ജില്ലകളായി (കെക്കമാതൻ) വിഭജിക്കപ്പെട്ടിരിക്കുന്നു. അമ്പെനാൻ, കക്രനെഗാര, മാതരാം, പെജാൻഗ്ഗിക്, സെലാപരാങ്, സെക്കർബെല എന്നിവയാണ് ഈ 6 ജില്ലകൾ. മാതരാം പ്രദേശത്ത് 50 കാംപുങുകളും (ഗ്രാമങ്ങൾ / അയൽപക്കങ്ങൾ), 297 (RT) കാംപുങ് ഉപവിഭാഗങ്ങളുമുണ്ട്.

മദ്ധ്യ ലൊമ്പോക്കിൽ പ്രായ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്ന ലൊമ്പോക്ക് അന്താരാഷ്ട്ര വിമാനത്താവളവും (ബന്ദാരാ ഇന്റർനാഷണൽ ലൊമ്പോക്ക്)  തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ലെമ്പർ ഹാർബർ തുറമുഖവും സുമ്പാവയിലെ പോട്ടോ ടാനോയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ തീരത്തെ ലബുഹാൻ ലൊമ്പോക്ക് കടത്തുകടവും നഗരത്തിനു സേവനം നൽകുന്നു.

ലാമ്പോക്കിന്റെ പടിഞ്ഞാറൻ തീരത്തായാണ് മാതരാം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഇതിന്റെ സ്ഥാനം ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രവും അമ്പെനാനിൽ നിന്ന് വടക്കോട്ട് ഒരു ചെറിയ ദൂരത്തിൽ സ്ഥിതിചെയ്യുന്നതുമായ സെൻഗ്ഗിഗിക്കു തൊട്ടടുത്താണ്. 2000 ൽ റീജൻസിയുടെ വിഭജനത്തിനും പടിഞ്ഞാറൻ ലോമ്പോക്കിന്റെ തലസ്ഥാനം ഗെരുങിലേയ്ക്കു മാറ്റുന്നതിനും മുമ്പുള്ള കാലത്ത്  മാതരാം പടിഞ്ഞാറൻ ലോമ്പോക്ക് റീജൻസിയുടെ ഒരു ഭാഗമായിരുന്നു. മാതരാമിലെ രാജാവിന്റെ (സെരാജാ) ഒരു ശക്തിസ്ഥലമായിരുന്ന ഇതിനെ അദ്ദേഹത്തിനുവേണ്ടി ചിലപ്പോഴൊക്കെ അയലത്തെ ബാലിയിലുള്ള സിൻഗരാജ നഗരം വഴിയും നിയിന്ത്രിച്ചിരുന്നു.

സേവനങ്ങളും വികസനവും[തിരുത്തുക]

അമ്പബെനാനു തൊട്ടു തെക്കുവശത്ത് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഒരു PLN ജനറേറ്റിംഗ് പ്ലാന്റാണ് നഗരത്തിന്റെ വൈദ്യുതി വിതരണം നിർവ്വഹിക്കുന്നത്. മാതരാം ദ്വീപ് മുഴുവനായിത്തന്നെയും വർഷങ്ങളായി ഗുരുതരമായ വൈദ്യുതി പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും 2010 പകുതിയോടെ ഈ പ്രശ്നം ഒരു പ്രതിസന്ധി ഘട്ടത്തിലേയക്കെത്തുകയും ചെയ്തു. സുസ്ഥിരമായ വൈദ്യുതി ലഭ്യമാക്കുമെന്നു PLN ഉറപ്പുനൽകിയിരുന്നെങ്കിലും, പ്രശ്നം നിലനിൽക്കുകയും‌, ദ്വീപ് ഇപ്പോഴും ദൈനംദിന വൈദ്യുതി തകരാറുകൾക്ക് വിധേയവുമാണ്.

ജനസംഖ്യാ കണക്കുകൾ[തിരുത്തുക]

നഗരത്തിലെ ആകെയുള്ള 362,243 (2008) പേരിൽ 177,719 പേർ പുരുഷന്മാരും 184,524 പേർ സ്ത്രീകളുമാണ്.

2008 ലെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക് വെസ്റ്റ് നുസ ടെങ്കാര പ്രവിശ്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്, നഗരത്തിലെ ജനസംഖ്യയിൽ 40.74 ശതമാനം പേർ അവിവാഹിതരും 52.01 ശതമാനം വിവാഹിതരും 2.51 ശതമാനം വിവാഹമോചിതരും 4.75 ശതമാനം വൈധവ്യ അവസ്ഥയിലുള്ളവരുമാണ്. 2008-ൽ മാതരാം നഗരത്തിൽ 90,748 കുടുംബങ്ങളും ഒരു കുടുംബത്തിൽ ശരാശരി 3.99 ആളുകളുമുണ്ടായിരുന്നു.

വംശീയത[തിരുത്തുക]

സസാക് ജനതയാണ് ലാമ്പാക്കിലെ തദ്ദേശീയ ജനങ്ങൾ. മാതരാമിലെ അധിവാസികളിൽ ഭൂരിപക്ഷവും ഇവരാണ്. ബാലിനീസ്, ജാവനീസ്, ചൈനീസ്, ടിയോങ്ഹോവ-പെരനകാൻ ജനങ്ങളിലെ കലർപ്പ് ഇന്തോനേഷ്യൻ വംശജർ, ചൈനീസ് വംശജർ എന്നിവരോടൊപ്പം പ്രധാനമായി യെമനി വംശപരമ്പരയിൽപ്പെട്ടവരും ആദ്യകാല തുറമുഖ നഗരമായിരുന്ന അമ്പെനാനിൽ കുടിയേറിയവരുമായ  ഒരു ചെറുവിഭാഗം അറബ് ഇന്തോനേഷ്യക്കാരുമാണ്  മാതരാമിലെ ജനവിഭാഗങ്ങൾ.

നഗരവാസികളായിട്ടും, മാതരാമിലെ സസാക് ജനത ഇപ്പോഴും അവരുടെ ഉത്ഭവവും സസാക് സംസ്കാരവും ശക്തമായി തിരിച്ചറിയുന്നവരാണ്. 2000 ജനുവരി 17 ന് ലൊമ്പോക്കിൽ നടന്ന കലാപങ്ങളുടെ ഉറവിടം ബാഹ്യ സ്വാധീനമായിരുന്നുവെന്നു കണക്കാക്കപ്പെടുന്നു. പ്രശ്നങ്ങൾ മറികടന്നതിനശേഷം, മാതരാമിലെ സമൂഹം സൗഹാർദ്ദപരമായി ജീവിതത്തിലേയ്ക്കു തിരിച്ചെത്തിയിരുന്നു.

മതം[തിരുത്തുക]

മാതരാം അധിവാസികളിൽ 80 ശതമാനം ആളുകളും ഇസ്ലാം മതസ്ഥരാണ്. ജനസംഖ്യയിൽ 14 ശതമാനം പേർ വിശ്വസിക്കുന്ന ഹിന്ദുമതമാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്തുമതം, ബുദ്ധമതം, കൺഫുഷ്യനിസം എന്നിവയാണ് മാതരാമിലെ ജനങ്ങൾ അനുഷ്ടിക്കുന്ന ഇതര മതങ്ങൾ.

ഭാഷ[തിരുത്തുക]

മാതരാം സമൂഹം പൊതുവേ സസാക് ഭാഷയാണു സംസാരിക്കുന്നത്. ബഹാസാ സസാക്ക് ഭാഷ ലൊമ്പോക്കിലെ തദ്ദേശീയ ജനതയുടെ ദേശീയ ഭാഷയാണ്. ഔപചാരിക വ്യവഹാരം, വിദ്യാഭ്യാസം, സർക്കാർ ഇടപാടുകൾ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷ ഇന്തോനേഷ്യനാണ്. വീടുകളിലും വിനോദ കേന്ദ്രങ്ങളിലുമൊക്കെ മാതരാം സസാക്ക് ഭാഷ ഉപയോഗിക്കുന്നതാണ് പൊതുവേയുള്ള രീതി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാതരാം_(നഗരം)&oldid=3479714" എന്ന താളിൽനിന്ന് ശേഖരിച്ചത്