ബിസ്മില്ലാ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉസ്താദ് ബിസ്മില്ലാ ഖാൻ
1964-ൽ ബിസ്മില്ലാ ഖാൻ ഷെഹ്‌നായ് വാദനത്തിനിടയിൽ
1964-ൽ ബിസ്മില്ലാ ഖാൻ ഷെഹ്‌നായ് വാദനത്തിനിടയിൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംQamaruddin
ഉത്ഭവംIndia
വിഭാഗങ്ങൾIndian classical music
തൊഴിൽ(കൾ)Shehnai
ഉപകരണ(ങ്ങൾ)Shehnai

ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്.

ബാല്യം[തിരുത്തുക]

1916-ൽ ബീഹാറിൽ‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീൻ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കൾ നൽകിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങൾ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തിൽ പിറന്നുവീണതുമുതൽ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാൽത്തന്നെ ആ ബാലൻ തിരഞ്ഞെടുത്തതും ഷെഹ്നായിറ്റുടെ വഴി തന്നെയായി.

ബിസ്മില്ലയുടെ അമ്മാവനായ അലിബക്ഷ് വിലായത് മിയാൻ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം വായ്പാട്ടും അഭ്യസിപ്പിച്ചു. വാദ്യസംഗീതത്തിൽ പൂർണതനേടുവാൻ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനിൽനിന്നു മനസ്സിലാക്കി.

പ്രായത്തിൽ കവിഞ്ഞ ആത്മാർത്ഥതയോടെ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ ബിസ്മില്ലയ്ക്ക് എതിർപ്പുനേരിടേണ്ടിവന്നത് സ്വന്തം അച്ഛനിൽനിന്നുതന്നെയായിരുന്നു. സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛൻ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ നിർബന്ധബുദ്ധിയായ ബാലൻ കുഴലിന്റെ വഴിവിട്ട് ഒഴുകാൻ കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക് മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയിൽ കെട്ടാൻ സാധ്യമല്ലെന്നു ആ പിതാവ് മനസ്സിലാക്കി. ബിസ്മില്ലയുടെ സ്കൂൾ പഠിപ്പ് അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വർഷങ്ങൾ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. ഗംഗയുടെ കരയിൽ കഴിച്ചുകൂട്ടിയ ബാല്യവും കൌമാരവുമൊക്കെ റിയാസിന്റെ - സാ‍ധനയുടെ -കാലഘട്ടമായിരുന്നു. വാരണാസിയിലെ പ്രസിദ്ധസംഗീതസമ്മേളനങ്ങൾക്കൊക്കെ മഹാസംഗീതജ്ഞരുടെ പാട്ടുകേൾക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയിൽ ഒരു പള്ളിയിൽ തനിച്ചിരുന്ന് ബിസ്മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാർഗ്ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകൻ എന്നും സന്ധ്യയ്ക്ക് കാശിയിലെ വിശ്വനാഥക്ഷേത്രത്തിൽ നാദാർച്ചനയ്ക്കെത്തിയിരുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ തീണ്ടുന്നതുവരെ അദ്ദേഹം ഈ പതിവു തുടർന്നു. ഭക്തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്മില്ലയുടെ അടിസ്ഥാനവിക്ഷണങ്ങളെ ബാല്യം മുതൽ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്ത വിശ്വാസങ്ങളുടെ നേർക്ക് ഉദാരമായ സൗഹാർദ്ദം പുലർത്താനും അതിന്റെ ഫലമായി മാത്രം ഉണ്ടാകുന്ന ശാന്തി ഉള്ളുനിറച്ച് അനുഭവിക്കാനും ബിസ്മില്ലയ്ക്കു കഴിഞ്ഞു.

ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീൻഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികൾ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോൾ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തിൽനിന്നുപോലും ഉൾവലിഞ്ഞുപോയി. കാലം ആ മുറിവുകൾ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്.

ഷെഹ്നായി വാദനം[തിരുത്തുക]

അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിർഭരവുമായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോൾ ഒരു ഗാഢപ്രാർത്ഥനയായെങ്കിൽ അത് മറ്റുചിലപ്പോൾ അക്ഷമയായ കാമുകിയുടെ പിടിവാശികളായി. ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീർണ്ണതകൾ തന്റെ രാഗങ്ങളിൽ നിന്ന് ഒഴിവാക്കി.

അദ്ദേഹത്തിന്റെ സംഗീതത്തിലെ അരങ്ങേറ്റം കൽകത്തയിൽ വെച്ച് 1924ഇൽ തന്റെ അമ്മാവന് അകമ്പടിയായി ആയിരുന്നു. അദ്ദേഹം 1937ഇൽ കൽകത്തയിലെ പ്രശസ്തമായ സംഗീതസമ്മേളനത്തിൽ ഒറ്റക്ക് ഷെഹ്നായി വായിച്ച് സംഗീതലോകത്ത് ഓളങ്ങാൾ സൃഷ്ടിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പ്രശസ്തി അപ്രതിരോധമായിരുന്നു.

ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളിൽ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂർണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അർദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. ധുൻ, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോൾ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂർവമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊർജ്ജം കലർന്നതാണ് ആ വാദനം. തുമ്രിയിലെ ബനാറസ് അംഗ് എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരിൽ ഒരാളാണ് ബിസ്മില്ലാഖാൻ.

ബിസ്മില്ലയുടെ വാദനം സൗമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്. അഭിനന്ദനീയമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഭലപ്രദമാക്കുന്നു. അനായാസമാണ് അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്. ഭംഗിയും ചിട്ടയുമുള്ള അടുക്ക് അവയ്ക്കുണ്ട്. വ്യാപ്തിയിലും വൈദഗ്ദ്ധ്യത്തിലും ഒന്ന് മറ്റൊന്നിനെ നിഷ്പ്രഭമാക്കാതെ, വസ്തുനിഷ്ഠമായ ഒരടുക്ക്. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേർന്ന കാവ്യാത്മകത തുളുമ്പിനിൽക്കുന്ന ഒരു ശൈലി.

അഫ്ഗാനിസ്ഥാൻ, യൂറോപ്പ്, ഇറാൻ, ഇറാഖ്, കാനഡ, വടക്കേ ആഫ്രിക്ക, അമേരിക്ക, റഷ്യ, ജപ്പാൻ, ഹോങ്കോങ്ങ്, തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിലെ മിക്കവാറും എല്ലാ പ്രശസ്ത നഗരങ്ങളിലും അദ്ദേഹം ഷെഹ്നായി വായിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാൻ. അദ്ദേഹത്തിന് ഭാരത സർക്കാർ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം അവാർഡും സമ്മാനിച്ചു[1]. പണ്ഡിറ്റ് രവിശങ്കറിനുശേഷം വാദ്യോപകരണങ്ങൾ വായിക്കുന്ന സംഗീതജ്ഞരിൽ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. (സംഗീതജ്ഞരിൽ ഭാരതരത്നം ലഭിച്ചിട്ടുള്ള മറ്റൊരു പ്രമുഖ എം. എസ്‌. സുബ്ബലക്ഷ്മിയാണ്).

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാൻ. ബോംബെയിലെ ഇന്ത്യാഗേറ്റിൽ‍ ഷെഹ്നായി വായിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയി.

ജീവിത രീതി[തിരുത്തുക]

എല്ലാ പ്രശസ്തിയുമിരിക്കിലും അദ്ദേഹം വാരണാസി വിട്ട് മറ്റെങ്ങോട്ടും താമാ‍സം മാറ്റാൻ കൂട്ടാക്കിയില്ല. വാർദ്ധക്യം വരെ അദ്ദേഹത്തിന്റെ ഇഷ്ട വാഹനം സൈക്കിൾ‌റിക്ഷ ആയിരുന്നു. അദ്ദേഹം ഒരു ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിലെ പാട്ടുകാർ കാണപ്പെടേണ്ടവരല്ല, കേൾക്കപ്പെടേണ്ടവരാണ്.

മരണം[തിരുത്തുക]

വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം അദ്ദേഹം 90-ആമത്തെ വയസ്സിൽ 2006 ഓഗസ്റ്റ് 21-ന് പുലർച്ചെ രണ്ടുമണിയോടെ വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സമീപത്തെ കർബല ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ‘ഒരു ജീവിതകാലത്തിൽ ഒരിക്കൽമാത്രം അവതരിക്കുന്ന അമൂല്യ സംഗീതരത്നമാണ് ഉസ്താദ് ബിസ്മില്ലാഖാൻ എന്ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി അബ്ദുൾകലാം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യാ രാജ്യം ഉസ്താദിന്റെ ഓർമയ്ക്കുമുൻപിൽ തലകുനിച്ച് ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2008-06-10.
"https://ml.wikipedia.org/w/index.php?title=ബിസ്മില്ലാ_ഖാൻ&oldid=3786210" എന്ന താളിൽനിന്ന് ശേഖരിച്ചത്