പി. വരദരാജുലു നായിഡു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുമാൾ വരദരാജുലു നായിഡു
വ്യക്തിഗത വിവരങ്ങൾ
ജനനം(1887-06-04)4 ജൂൺ 1887
രാസിപുരം, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം23 ജൂലൈ 1957(1957-07-23) (പ്രായം 70)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഒരു ഇന്ത്യൻ വൈദ്യശാസ്ത്രജ്ഞനും രാഷ്ട്രീയ പ്രവർത്തകനും മാധ്യമ പ്രവർത്തകനും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു പി. വരദരാജുലു നായിഡു എന്ന പെരുമാൾ വരദരാജുലു നായിഡു (4 ജൂൺ 1887 – 23 ജൂലൈ 1957). [1]

ആദ്യകാല ജീവിതം[തിരുത്തുക]

1887 ജൂൺ 4 - ന് തമിഴ്നാട്ടിലെ സേലത്തിന് സമീപത്തുള്ള രാസിപുരത്തിൽ ജനിച്ചു. വരദരാജുലു നായിഡുവിന്റെ പിതാവ് പെരുമാൾ നായിഡു അക്കാലത്തെ പ്രശസ്തരായ ഭൂപ്രഭുക്കന്മാരിൽ ഒരാളായിരുന്നു. മദ്രാസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആയുർവേദം പഠിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയം[തിരുത്തുക]

സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ വരദരാജുലു നായിഡു രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വരദരാജുലു നായിഡു ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയുണ്ടായി. 1917 - ൽ, തന്റെ വൈദ്യശാസ്ത്ര രംഗത്തെ പഠനങ്ങൾ ഉപേക്ഷിച്ചു. തുടർന്ന് ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരിൽ ഒരാളായി മാറി. ചേരമാൻമഹാദേവി സ്കൂൾ വിവാദം നടക്കുന്ന കാലഘട്ടത്തിൽ വരദരാജുലു നായിഡുവായിരുന്നു തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ്.

ചേരമാൻമഹാദേവി സ്കൂൾ വിവാദം[തിരുത്തുക]

ഡോക്ടർ ജോലി ഉപേക്ഷിച്ച ശേഷം വരദരാജുലു, പെരിയാർ ഇ.വി. രാമസ്വാമിയുമായും കല്യാണസുന്ദരം മുതലിയാരുമായും ബന്ധപ്പെടുകയും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ, വി.വി.എസ്. അയ്യരിന്റെ നേതൃത്വത്തൽ നടന്നിരുന്ന ചേരമാൻമഹാദേവി ഗുരുകുലം എന്ന സ്ഥാപനത്തിൽ ബ്രാഹ്മണരായ വിദ്യാർത്ഥികൾക്കും ബ്രാഹ്മണരല്ലാത്ത വിദ്യാർത്ഥികൾ പ്രത്യേകം ഭക്ഷണമുറികളിൽ ഭക്ഷണം നൽകിയിരുന്നു. ഇതിനെതിരെ പെരിയാർ, കല്യാണസുന്ദരം എന്നിവരോടൊപ്പം വരദരാജുലുവും പ്രതിഷേധിച്ചിരുന്നു. ഈ വിവാദത്തെത്തുടർന്ന് മഹാത്മാഗാന്ധി ഈ പ്രശ്നത്തിൽ ഇടപെടുകയും ഒടുവിൽ വി.വി.എസ്. അയ്യർ രാജിവയ്ക്കുകയും ചെയ്യുകയുണ്ടായി. 1925 - ൽ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ഈ പ്രശ്നം ചർച്ച ചെയ്യുന്നതിനായി യോഗം കൂടിയപ്പോൾ, കോൺഗ്രസ് ഇതിൽ നേരിട്ട് ഇടപെടേണ്ടതില്ലെന്നും വേർതിരിവ് ഒഴിവാക്കാൻ സ്കൂളിനോട് നിർദ്ദേശിക്കാമെന്നും സി. രാജഗോപാലാചാരിയും ടി.എസ്.എസ്. രാജനും അഭിപ്രായപ്പെട്ടു. ഇതിനുശേഷം യോഗത്തിൽ പ്രവർത്തകർ തമ്മിലുണ്ടായ അഭിപ്രായഭിന്നതകളെ തുടർന്ന് രാജഗോപാലാചാരി ഉൾപ്പെടെ ആറ് അംഗങ്ങൾ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും രാജിവയ്ക്കുകയുണ്ടായി. [2] എന്നിരുന്നാലും, പെരിയാർ ഇ.വി. രാമസ്വാമി പാർട്ടിയിൽ നിന്നും പുറത്തുപോയതിനു ശേഷവും വരദരാജുലു നായിഡു ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തന്നെ തുടരുകയാണുണ്ടായത്.

ക്ഷേത്രപ്രവേശനം[തിരുത്തുക]

തുടർന്നുള്ള വർഷങ്ങളിൽ, മദ്രാസ് പ്രസിഡൻസിയിലെ ക്ഷേത്ര പ്രവേശനത്തിനായുള്ള സമരങ്ങളിൽ വരദരാജുലു നായിഡു സജീവമായി പ്രവർത്തിച്ചിരുന്നു.

മാധ്യമ പ്രവർത്തനം[തിരുത്തുക]

1925 - ൽ തമിഴ്നാട് എന്ന പേരിൽ ഒരു വാരിക വരദരാജുലു സ്ഥാപിക്കുകയുണ്ടായി. കൂടാതെ 1931 - ൽ ദ ഇന്ത്യൻ എക്സ്പ്രസ് എന്ന ദിനപത്രവും ആരംഭിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിനകം സാമ്പത്തിക പ്രശ്നങ്ങളാൽ ഈ പത്രത്തിന്റെ അച്ചടി അവസാനിപ്പിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. http://www.thehindu.com/news/states/tamil-nadu/article3487237.ece Varadarajulu Naidu, a committed nationalist with varied interests
  2. David Arnold (1977). The Congress in Tamilnad: Nationalist politics in South India, 1919-1937. Manohar. p. 85. ISBN 978-0-908070-00-8.

പുറം കണ്ണികൾ[തിരുത്തുക]

  • Dr. P. Varadarajulu Naidu commemoration volume. Birthday Celebration Committee. 1955.

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._വരദരാജുലു_നായിഡു&oldid=3424402" എന്ന താളിൽനിന്ന് ശേഖരിച്ചത്