തേനീച്ചയുടെ മെഴുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുത്ത തേനീച്ചമെഴുകുപാളികൾ.
മെഴുകുപാളി കേക്ക്
തേനീച്ചമെഴുകുപാളികൾ പൊളിച്ചെടുക്കുന്നു
സുതാര്യമായ തേനീച്ചമെഴുകുപാളികൾ, രൂപപ്പെട്ട ഉടനെ, ഏറ്റവും താഴെയുള്ള നിരയിൽ നടുവിൽ.

എപിസ് ജനുസ്സിൽപ്പെട്ട തേനീച്ച നിർമ്മിക്കുന്ന പ്രകൃതിദത്ത മെഴുകാണ് തേനീച്ചയുടെ മെഴുക്. ജോലിക്കാരായ തേനീച്ചകളുടെ വയറിലെ എട്ട് ഗ്രന്ഥികളിൽ നിന്നുമാണ് ഇത് ഉത്പാദിപ്പിയ്ക്കപ്പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന മെഴുക് അവ കൂട്ടിൽ തന്നെ നിക്ഷേപിക്കുന്നു. തേനീച്ചക്കൂട്ടിലെ ജോലിക്കാർ ഈ മെഴുക് ശേഖരിച്ച് തേനീച്ച അറകളുടെ രൂപഘടന ശക്തിപ്പെടുത്താനും തേൻ സൂക്ഷിക്കുന്ന അറകൾ നിർമ്മിക്കാനും ലാർവയുടേയും പ്യൂപ്പയുടേയും സൂക്ഷിക്കുന്ന അറകൾ നിർമ്മിക്കാനും അവയ്ക്കു സംരക്ഷണം നൽകാനുമായി ഉപയോഗിക്കുന്നു. പൂരിതമായതും അല്ലാത്തതുമായ സങ്കീർണമായ മോണോ എസ്റ്ററുകൾ, ഹൈഡ്രോകാർബൺസ്, ഫ്രീ ഫാറ്റി ആസിഡുകൾ തുടങ്ങിയവയുടെ ഒരു മിശ്രിതമാണ് തേനീച്ചമെഴുക്.[1]

ആഹാരത്തിന് രുചിയും മണവും നൽകാൻ പരമ്പരാഗതമായി മനുഷ്യർ ഇത് ഉപയോഗിച്ച് വരുന്നു. ഇത് ഭക്ഷ്യയോഗ്യമായതിനാൽ യൂറോപ്യൻ യൂണിയൻ ഇതിനെ E901 എന്ന ഇ നമ്പർ നൽകി ഭക്ഷണയോഗ്യമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യന്റെയും മറ്റു സസ്തനികളുടെയും ദഹനപ്രക്രിയയിൽ ഇത് ദഹിയ്ക്കപ്പെടാത്തതിനാൽ ഇതിനു പ്രത്യേക പോഷകമൂല്യം ഉള്ളതായി കണക്കാക്കുന്നില്ല.[2]

ഉത്പാദനം[തിരുത്തുക]

ജോലിക്കാരായ തേനീച്ചകളുടെ വയറിന്റെ 4 മുതൽ 7 വരെയുള്ള ഖണ്ഡങ്ങളിലെ ഉൾസ്തരത്തിലെ സ്റ്റെർണൈറ്റ്സ് എന്ന ഭാഗത്തുള്ള എട്ട് വ്യത്യസ്ത ഗ്രന്ഥികളിൽ നിന്നുമാണ് ഇത് ഉണ്ടാകുന്നത്.[3] ഈ ഗ്രന്ഥികളുടെ വലിപ്പം അവയുടെ പ്രായത്തെയും അവ ഇതുവരെ എത്ര പ്രാവശ്യം പറന്നിട്ടുണ്ട് എന്നതിനെയും ആശ്രയിച്ചിരിയ്ക്കുന്നു.

ഉണ്ടായ ഉടനെ ഈ മെഴുകിന് സുതാര്യവും വർണരഹിതവുമാണ്. എന്നാൽ കൂട്ടിലെ ജോലിക്കാർ എത്തിയ്ക്കുന്ന പരാഗങ്ങളുമായുള്ള സമ്പർക്കം മുഖേന ഇത് അതാര്യമായിത്തീരുന്നു. മെഴുകിന്റെ പാളികൾക്ക് ഏതാണ്ട് 3 mm (0.12 in) അകലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് ഏതാണ്ട് 0.1 mm (0.0039 in) കനം ഉണ്ടാകാറുണ്ട്. ഒരു ഗ്രാം മെഴുക് ഉണ്ടാകാൻ ഇത്തരം 1100 പാളികൾ വേണ്ടി വരുന്നു.[4]

തേനീച്ചകൾ ഈ മെഴുക് ഉപയോഗിച്ച് അവയുടെ കൂടിന്റെ അറകൾ ഉണ്ടാക്കുന്നു. ചെറുതേനീച്ചകൾക്ക് ഭക്ഷണമായും പരാഗങ്ങൾ സൂക്ഷിച്ചു വെയ്ക്കാനും അവ ഇത് ഉപയോഗിയ്ക്കുന്നു. 33 °C മുതൽ 36 °C വരെയുള്ള(91 °F മുതൽ 97 °F വരെ) ഊഷ്മാവിൽ മാത്രമേ ജോലിക്കാർക്ക് ഈ മെഴുക് ഉത്പാദിപ്പിയ്ക്കാൻ സാധിയ്ക്കുകയുള്ളൂ.

തേനീച്ചകൾ ഇത് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിയ്ക്കുന്ന തേനിന്റെ അളവ് ഇതുവരെ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. "ബീ വാക്സ് പ്രൊഡക്ഷൻ, ഹാർവെസ്റ്റിംഗ്, പ്രോസസ്സിംഗ് ആൻഡ് പ്രോഡക്റ്റ്സ്" എന്ന പുസ്തകത്തിൽ ഒരു കിലോ മെഴുക് ഉപയോഗിച്ച് 22 കിലോ തേൻ സൂക്ഷിയ്ക്കാം എന്നു പറയുന്നുണ്ട്.[5]:41 വിറ്റ്കോമ്പിന്റെ 1946 ലെ പരീക്ഷണപ്രകാരം 6.66 കിലോ തൊട്ട് 8.80 കിലോ തേൻ ഉപയോഗിച്ചാൽ 1 കിലോ മെഴുക് ലഭിയ്ക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.[6][7]

സംസ്കരണം[തിരുത്തുക]

തേനീച്ചമെഴുകിന്റെ ഘടകങ്ങൾ ശതമാനം
ഹൈഡ്രോകാർബണുകൾ 14%
മോണോ എസ്റ്ററുകൾ 35%
ഡൈ എസ്റ്ററുകൾ 14%
ട്രൈ എസ്റ്ററുകൾ 3%
ഹൈഡ്രോക്സി മോണോ എസ്റ്ററുകൾ 4%
ഹൈഡ്രോക്സി പോളി എസ്റ്ററുകൾ 8%
ആസിഡ് എസ്റ്ററുകൾ 1%
ആസിഡ് പോളി എസ്റ്ററുകൾ 2%
ഫാറ്റി ആസിഡുകൾ 12%
ഫ്രീ ഫാറ്റി ആൽക്കഹോളുകൾ 1%
അറിയപ്പെടാത്ത ഘടകങ്ങൾ 6%

വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിയ്ക്കുമ്പോൾ, തേനീച്ച ജോലിക്കാർ മെഴുക് ഉണ്ടാക്കിയ ഉടനെ തന്നെ കത്തിയോ മറ്റു യന്ത്രങ്ങളോ ഉപയോഗിച്ച് അവയെ കൂട്ടിൽ നിന്നും വേർപെടുത്തി എടുക്കുന്നു. ഇവയുടെ നിറം വെള്ള മുതൽ ബ്രൗൺ വരെയാകാം. എന്നാൽ ഇത് അവയുടെ ശുദ്ധത, അവ ഉണ്ടായ പ്രദേശം, ഏതു പൂക്കളിൽ നിന്നാണ് തേനീച്ചകൾ തേൻ ശേഖരിയ്ക്കുന്നത് തുടങ്ങിയവയെയൊക്കെ ആശ്രയിച്ചു ഇരിയ്ക്കും. റാണി മുട്ടയിടുന്ന ഭാഗത്തു നിന്നും ശേഖരിയ്ക്കുന്ന മെഴുക് മറ്റുള്ള സ്ഥലത്തുനിന്നും ശേഖരിയ്ക്കുന്നതിനേക്കാൾ ഇരുണ്ടിരിയ്ക്കും. ബ്രൂഡ്കോംബ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് അഴുക്കുകൾ പെട്ടെന്ന് അടിഞ്ഞു കൂടുന്നു.[8]

ജലവുമായി ചേർത്ത് ചൂടാക്കി ഇതിന്റെ അശുദ്ധത നീക്കാൻ സാധിയ്ക്കുന്നതാണ്. ഇതിനെ എണ്ണകളുമായി കൂട്ടിച്ചേർത്തു സൂക്ഷിച്ചാൽ അത് സാധാരണ ഊഷ്മാവിലും മൃദുവായി ഇരിയ്ക്കുന്നതാണ്.

രാസ-ഭൗതിക സ്വഭാവങ്ങൾ[തിരുത്തുക]

ട്രൈ അസോൺടൈൽ പാൽമിറ്റേറ്റ് എന്ന വാക്സ് എസ്റ്റർ തേനീച്ചമെഴുകിലെ ഒരു പ്രധാന ഘടകമാണ്.

പല സംയുക്തങ്ങൾ ഒരുമിച്ചു ചേർന്ന ഒരു തരം മെഴുകാണ് ഇത്. ഇതിന്റെ ഒരു ഏകദേശ രാസ ഫോർമുല C15H31COOC30H61.[9] എന്നതാണ്. പാൽമിറ്റേറ്റ്, പാൽമിറ്റൊളൈക് ആസിഡ്, ഒലേയ്ക് ആസിഡുമായി ആലിഫാറ്റിക് അൽക്കഹോളുകൾ ചേർന്നുണ്ടാകുന്ന എസ്റ്ററുകൾ എന്നിവയാണ് ഇവയിലെ പ്രധാന രാസസംയുക്തങ്ങൾ. ഇതിലെ ഏറ്റവും പ്രധാനമായ രണ്ടു സംയുക്തങ്ങളായ ട്രൈ അസോൺടൈൽ പാൽമിറ്റേറ്റ് (CH3(CH2)29O-CO-(CH2)14CH3) സെറോട്ടിക് ആസിഡ്[10] (CH3(CH2)24COOH) എന്നിവ 6:1 എന്ന അംശബന്ധത്തിൽ കാണപ്പെടുന്നു.

യൂറോപ്പ്യൻ, പൗരസ്ത്യം എന്നിങ്ങനെ രണ്ടായി തേനീച്ചമെഴുകിനെ തരം തിരിയ്ക്കുന്നു. യൂറോപ്യൻ മെഴുകിന്റെ സാപോണിഫിക്കേഷൻ മൂല്യം(1 ഗ്രാം കൊഴുപ്പിനെ സോപ്പ് ആക്കി മാറ്റാൻ ആവശ്യമുള്ള പൊട്ടാസിയം ഹൈഡ്രോക്സൈഡിന്റെ അളവ്) കുറവാണ് (3 - 5). പൗരസ്ത്യ ഇനങ്ങൾക്ക് ഇത് 8 - 9 വരെയാകാം.

തേനീച്ച മെഴുകിന്റെ ദ്രവണാങ്കം 62 °C മുതൽ 64 °C വരെയാണ് (144 °F മുതൽ 147 °F വരെ). ഇതിനെ 85 °C (185 °F) യിൽ കൂടുതൽ ചൂടാക്കിയാൽ ഇതിന്റെ നിറം നഷ്ടപ്പെടുന്നു. ഇതിന്റെ ഫ്ലാഷ് പോയന്റ് 204.4 °C (400 °F) ആണ്.[11] തണുത്ത മെഴുക് എളുപ്പത്തിൽ ഒടിഞ്ഞു പോകുന്നു. എന്നാൽ സാധാരണ ഊഷ്മാവിൽ ഒട്ടുന്നതാണ്. 15 °C (59 °F) ൽ ഇതിന്റെ ആപേക്ഷികസാന്ദ്രത 0.958 ആണെങ്കിൽ 98 to 99 °C (208.4 to 210.2 °F) ഊഷ്മാവിൽ ഇത് 0.975 ആണ്.[12]

ഉപയോഗങ്ങൾ[തിരുത്തുക]

തേനീച്ചമെഴുക് കൊണ്ടുണ്ടാക്കിയ മെഴുകുതിരികളും രൂപങ്ങളും
തനീച്ചമെഴുക് ഏറ്റവും ഉൽപ്പാദിപ്പിയ്ക്കുന്ന രാജ്യങ്ങൾ (2015, in tonnes)
 ഇന്ത്യ 22,000
 എത്യോപ്യ 5,000
 അർജന്റീന 5,000
 ടർക്കി 4,235
 ദക്ഷിണ കൊറിയ 4,000
ലോകത്തെ മൊത്ത ഉത്പാദനം 67,000
Source: [3] [13]

പ്രധാനമായും ഇത് തേനീച്ചകൾ അവയുടെ കൂടിന്റെ നിർമ്മാണത്തിനാണ് ഉപയോഗിയ്ക്കുന്നത്.

മനുഷ്യർ ഇതിനെ തേനീച്ചമെഴുക് ഭക്ഷണ പദാർത്ഥങ്ങളിലും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും മരുന്നിലും ചേർക്കാനായി ഉപയോഗിയ്ക്കുന്നു. മഞ്ഞ, വെള്ള, കേവലം (absolute) എന്നീ മൂന്നു തരമായി ഇത് ലഭ്യമാണ്. തേനീച്ചകൂടിൽ നിന്നും നേരിട്ട് എടുക്കുന്ന മെഴുക് ആണ് മഞ്ഞ എന്നറിയപ്പെടുന്നത്. ഇതിനെ ശുദ്ധീകരിച്ചാണ് വെള്ള മെഴുക് ഉണ്ടാക്കുന്നത്.[14] വെള്ളമെഴുകിനെ ആൽക്കഹോൾ ഉപയോഗിച്ച് പ്രതിപ്രവർത്തിപ്പിച്ചാണ് കേവല മെഴുക് നിർമ്മിയ്ക്കുന്നത്.[15]

ഭക്ഷണസംസ്കരണത്തിൽ പ്രധാനമായും ചീസിന്റെ പുറത്തുള്ള കോട്ടിങിന് വേണ്ടിയാണ് ഇത് ഉപയോഗിയ്ക്കുന്നത്. ഇതുമൂലം ചീസിന് വായുവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാകുകയും തൽഫലമായി അതിന്മേൽ മോൾഡ് രൂപപ്പെടുന്നത് തടയപ്പെടുകയും ചെയ്യുന്നു. ഭക്ഷണപദാർത്ഥങ്ങൾക്ക് തിളക്കം നൽകാനും ചിലപ്പോൾ ഇത് ഉപയോഗിയ്ക്കുന്നു. ചില തരം പഴങ്ങൾക്ക് ഈ കോട്ടിങ് നൽകുന്നതിലൂടെ അവയിലെ ജലാംശം നഷ്ടപ്പെടുന്നത് തടയപ്പെടുന്നു. പ്രകൃതിദത്ത ച്യൂയിങ് ഗമ്മിലെ ഒരു പ്രധാന ചേരുവയാണ് തേനീച്ചമെഴുക്.

സൗന്ദര്യസംവർദ്ധക വസ്തുക്കളിൽ ഇതിന്റെ ഉപയോഗം വർധിച്ചു വരുന്നുണ്ട്. പെട്രോളിയം ജെല്ലിയെ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന ബാരിയർ ക്രീമുകളേക്കാൾ (ഉദാ: കാവിലോൺ ക്രീം) മെച്ചമാണ് തേനീച്ചമെഴുക് ഉപയോഗിച്ച് ഉണ്ടാക്കിയ ക്രീമുകൾ എന്ന് ഒരു ജർമൻ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.[16] ചുണ്ടുകളിൽ പുരട്ടുന്ന ബാമുകളിലും, ലിപ് ഗ്ലോസ്സുകളിലും, കണ്ണുകൾക്ക് ചുറ്റും ഉപയോഗിയ്ക്കുന്ന സൗന്ദര്യസംവർദ്ധകവസ്തുക്കളിലും തേനീച്ചമെഴുക് ഒരു പ്രധാന ഘടകമാണ്.

മെഴുകുതിരി വ്യവസായത്തിൽ തേനീച്ചമെഴുക് കാലാകാലങ്ങളായി ഉപയോഗിച്ചുപോരുന്നു. എളുപ്പം കത്തുന്ന ഇതിന്റെ സ്വഭാവം മൂലം ഈസ്റ്റർ മെഴുകുതിരികൾ ഉണ്ടാക്കാൻ ഇത് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. സാധാരണ മെഴുകിനെക്കാൾ കൂടുതൽ പ്രകാശത്തിലും കൂടുതൽ നേരവും തേനീച്ചമെഴുക് ഉപയോഗിച്ച് നിർമ്മിച്ച മെഴുകുതിരികൾ കത്തുന്നു.[17] ഇതിനുപുറമെ റോമൻ കാത്തോലിക് പള്ളികളിൽ വിശുദ്ധ കുർബാനയ്ക്കും ഇത്തരം മെഴുകുതിരികൾ ഉപയോഗിയ്ക്കണം എന്ന് ശുപാർശ ചെയ്തിട്ടുണ്ട്.[18] ഓർത്തഡോൿസ് പള്ളികളിലും തേനീച്ചമെഴുകുകൊണ്ടുള്ള മെഴുകുതിരികൾ ആണ് ഉപയോഗിയ്‌ക്കേണ്ടത് എന്നാണ് കീഴ്വഴക്കം.[19][20]

എൻകോസ്റ്റിക് പെയിന്റുകളിൽ ഒരു ബൈൻഡർ ആയും എണ്ണഛായത്തിൽ ഒരു സ്റ്റെബിലൈസർ ആയും തേനീച്ചമെഴുകിന്റെ ഉപയോഗം കലാലോകത്തും വിപുലമാണ്.[21]

വൈദ്യശാസ്ത്രരംഗത്തും തേനീച്ചമെഴുക് വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നു. അസ്ഥികളുടെ ശസ്ത്രക്രിയയുടെ സമയത്ത് രക്തസ്രാവം തടയാനായി ഉപയോഗിയ്ക്കുന്നു. ചില ഷൂ പോളിഷുകളുടെ ഘടകമായും ഇത് ഉപയോഗിയ്ക്കുന്നു.

അവലംബം[തിരുത്തുക]

  1. "Scientific Opinion of the Panel on Food additives, Flavourings, Processing aids and Materials in Contact with Food (AFC)" (PDF). efsa.europa.eu. Archived from the original (PDF) on 2018-06-02. Retrieved 2018-05-12. Beeswax is a complex mixture of saturated and unsaturated linear and complex monoesters (see below), hydrocarbons, free fatty acids, free fatty alcohols and other minor exogenous substances
  2. Beeswax absorption and toxicity Archived 2018-06-02 at the Wayback Machine.. Large amounts of such waxes in the diet pose theoretical toxicological problems for mammals.
  3. Sanford, M.T.; Dietz, A. (1976). "The fine structure of the wax gland of the honey bee (Apis mellifera L.)". Apidologie. 7: 197–207. doi:10.1051/apido:19760301.
  4. Brown, R, H. (1981) Beeswax (2nd edition) Bee Books New and Old, Burrowbridge, Somerset UK. ISBN 0-905652-15-0
  5. Beeswax Production, Harvesting, Processing and Products, Coggshall and Morse. Wicwas Press. 1984-06-01. ISBN 1878075063.
  6. Les Crowder (2012-08-31). Top-Bar Beekeeping: Organic Practices for Honeybee Health. Chelsea Green Publishing. ISBN 1603584617.
  7. Top-bar beekeeping in America Archived 2014-07-29 at the Wayback Machine..
  8. "Why do brood combs turn black?". Retrieved 11 മേയ് 2018.
  9. Umney, Nick; Shayne Rivers (2003). Conservation of Furniture. Butterworth-Heinemann. p. 164.
  10. "LIPID MAPS Databases : LIPID MAPS Lipidomics Gateway". Lipidmaps.org. Archived from the original on 2014-06-05. Retrieved 2013-07-05.
  11. "MSDS for beeswax".
  12. A Dictionary of Applied Chemistry, Vol. 5. Sir Edward Thorpe. Revised and enlarged edition. Longmans, Green, and Co., London, 1916. "Waxes, Animal and vegetable. Beeswax", p. 737
  13. "Which Country Produces the Most Beeswax in the World?". Retrieved 2018-05-11.
  14. [1] Candle Bee Farm, Beeswax Facts
  15. Burdock, George A. (2004). Fenaroli's Handbook of Flavor Ingredients. CRC Press. p. 130. ISBN 978-0849330346.
  16. Peter J. Frosch; Detlef Peiler; Veit Grunert; Beate Grunenberg (July 2003). "Wirksamkeit von Hautschutzprodukten im Vergleich zu Hautpflegeprodukten bei Zahntechnikern – eine kontrollierte Feldstudie. Efficacy of barrier creams in comparison to skin care products in dental laboratory technicians – a controlled trial". Journal der Deutschen Dermatologischen Gesellschaft (in German). Blackwell Synergy. 1 (7): 547–557. doi:10.1046/j.1439-0353.2003.03701.x. PMID 16295040. Retrieved 2018-05-11. CONCLUSIONS: The results demonstrate that the use of after work moisturizers is highly beneficial and under the chosen study conditions even superior to barrier creams applied at work. This approach is more practical for many professions and may effectively reduce the frequency of irritant contact dermatitis.{{cite journal}}: CS1 maint: unrecognized language (link)
  17. Norman, Gary (2010). Honey Bee Hobbyist: The Care and Keeping of Bees. California, USA: BowTie Press. pp. 160. ISBN 978-1-933958-94-1.
  18. 'Altar Candles", 1913 Catholic Encyclopedia
  19. [2], Use of Candles in the Orthodox Church
  20. Uwe Wolfmeier, Hans Schmidt, Franz-Leo Heinrichs, Georg Michalczyk, Wolfgang Payer, Wolfram Dietsche, Klaus Boehlke, Gerd Hohner, Josef Wildgruber "Waxes" in Ullmann's Encyclopedia of Industrial Chemistry, Wiley-VCH, Weinheim, 2002. doi:10.1002/14356007.a28_103.
  21. 1895-1979., Mayer, Ralph,. The artist's handbook of materials and techniques. Sheehan, Steven. (Fifth edition, revised and updated ed.). New York. ISBN 0670837016. OCLC 22178945. {{cite book}}: |last= has numeric name (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേനീച്ചയുടെ_മെഴുക്&oldid=3799965" എന്ന താളിൽനിന്ന് ശേഖരിച്ചത്