ടാക്സോഡോണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടാക്സോഡോണ്ട
Temporal range: early Cambrian–Recent[1][2]
"Acephala", from Ernst Haeckel's Kunstformen der Natur (1904)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Bivalvia

Linnaeus, 1758
Subclasses

Anomalosdesmata
Cryptodonta
Heterodonta
Paleoheterodonta
Palaeotaxodonta
Pteriomorphia
see text

ലാമെല്ലിബ്രാങ്കിയ ഉപവർഗത്തിൽപ്പെടുന്ന ഇരട്ടക്കവച (Bivalves) ജന്തുവിഭാഗത്തിലെ ഒരു ഗോത്രമാണ് ടാക്സോഡോണ്ട. കവചങ്ങളുടെ വിജാഗിരി പോലുള്ള ദന്തവിന്യാസത്തിൽ സമാനരൂപത്തിലുള്ള അനേകം ദന്തങ്ങളും ദരങ്ങളും (teeth and sockets) ഏകാന്തരരീതിയിൽ ക്രമീകരിച്ചിരിക്കുന്ന അനുക്രമം ഇവയുടെ സവിശേഷതയാണ്. പെട്ടിയുടെ ആകൃതിയിൽ ഇരട്ടത്തോടുള്ള കക്കാപ്രാണികളായ ആർക്ക (Arca), ബാർബഷ്യ (Barbatia) അനാഡറ (Anadara) എന്നിവയാണ് ഈ ഗോത്രത്തിലെ പ്രധാന ജീനസ്സുകൾ. ഇവയെല്ലാം പരുക്കനോ മെടഞ്ഞതു പോലുള്ളതോ ആയ കട്ടികൂടിയ പരികവചങ്ങളുള്ളവയാണ്. ഇവയുടെ തോടിൽ ഗോളാകാരത്തിലുള്ള ആരീയ പർശുകങ്ങൾ (radial ribs) കാണപ്പെടുന്നു. ടാക്സോഡോണ്ടകളുടെ ഫിലിബ്രാങ്ക് (filibranch) ഇനം ഗില്ലുകൾ അധിവികസിതങ്ങളാണ്. ഇവ ആഹാരപദാർഥങ്ങൾ അരിച്ചെടുക്കാനുള്ള അവയവങ്ങളുടെ ഇരട്ടസ്തരങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഓഷ്ഠ സ്പർശകങ്ങൾ (labial palps) സങ്കീർണ തരംതിരിക്കൽ പ്രതലങ്ങളായിട്ടാണ് വർത്തിക്കുന്നത്.

ടാക്സോഡോണ്ടകൾക്ക് മെറ്റിലേസിയേ വർഗത്തിൽപ്പെട്ട യഥാർഥ സമുദ്രമസലുകൾ അഥവാ പച്ചച്ചിപ്പികളോട് വളരെ അകന്ന ബന്ധമേയുള്ളു. പച്ചച്ചിപ്പികളെപ്പോലെ ടാക്സോഡോണ്ടകളും സമുദ്രവാസികളാണ്. ഇവയുടെ പരസ്പരബന്ധവും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഗില്ലുകളിലെ സീലിയാ വിന്യാസത്തിലും ചിപ്പിയെ ബാഹ്യവസ്തുക്കളുമായി ബന്ധിപ്പിക്കുന്ന ഗുച്ഛഘടനയിലും ഇത് ഏറെ പ്രകടമാണ്. കവചങ്ങളെ ബന്ധിപ്പിക്കുന്ന ദന്തവിന്യാസത്തിലും മറ്റു ചില ഘടനാ സവിശേഷതകളിലും ഇവയ്ക്ക് പ്രോട്ടോബ്രാങ്ക് ഇരട്ടച്ചിപ്പികളുമായി സമാനതകൾ കാണുന്നുണ്ട്. ഇക്കാരണത്താൽ മുൻകാലങ്ങളിൽ ടാക്സോഡോണ്ടകളെ പ്രോട്ടോബ്രാങ്കുകളുമായി ചേർത്താണ് വർഗീകരിച്ചിരുന്നത്. എന്നാൽ ഇത്തരം സമാനതകൾ തികച്ചും ബാഹ്യം മാത്രമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. യഥാർഥ ലാമെല്ലിബ്രാങ്ക് ഉപവർഗത്തിലെ വേണ്ടത്ര പ്രത്യേകതകൾ ഉള്ള ഒരു ഗോത്രം ആയി ഇപ്പോൾ ടാക്സോഡോണ്ടകളെ വർഗീകരിച്ചിരിക്കുന്നത് ഇക്കാരണത്താലാണ്.

അവലംബം[തിരുത്തുക]

  1. doi:10.1080/03115518008618934
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  2. JSTOR 1304610
    Please expand by hand

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാക്സോഡോണ്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാക്സോഡോണ്ട&oldid=3797357" എന്ന താളിൽനിന്ന് ശേഖരിച്ചത്