ചന്ദ്രിക ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രിക
തരംദിനപത്രം
FormatBroadsheet
ഉടമസ്ഥ(ർ)Kerala Muslim Printing and Publishing Co Ltd
സ്ഥാപിതം1934
ആസ്ഥാനംകോഴിക്കോട്[1]
ഔദ്യോഗിക വെബ്സൈറ്റ്chandrikadaily.com

കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ ചന്ദ്രിക. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്‌. കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളിൽ നിന്നും അറേബ്യൻ ഗൾഫിൽ ദുബൈ, ബഹ്‌റൈൻ , ഖത്തർ എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ 'മിഡിലീസ്റ്റ്‌ ചന്ദ്രിക' എന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. M.Ummer ണ് നിലവിൽ Managing Editor.

ചരിത്രം[തിരുത്തുക]

1934-ൽ[2] തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1946-ൽ കോഴിക്കോട്ടുനിന്നായി പ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപ്പതിപ്പ് തുടക്കം കൊണ്ടു.

നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്.

അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.

ഉള്ളടക്കം[തിരുത്തുക]

മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും കുറിച്ചുള്ള വാർത്തകൾക്കാണ് പ്രാമുഖ്യം. മുസ്ലിം സമുദായത്തിലെ പ്രബലവിഭാഗമായ സുന്നികളിലെ രണ്ട് ചേരികളിൽ ഇ.കെ വിഭാഗത്തോടെ കൂടുതൽ മമത പ്രകടിപ്പിക്കുകയും എ.പി വിഭാഗത്തോട് അടുപ്പം കാണിക്കാതിരിക്കുകയും ചെയ്യുന്നത് ലീഗിലുള്ളതിനാൽ വാർത്തകളിലും അത് പ്രകടമാണ്. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.

സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഇവയിലെ മേച്ചേരി, വാഹനാപകടത്തിൽ അന്തരിച്ച മുൻ പത്രാധിപർ റഹീം മേച്ചേരിയുടെയും തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെയും ഓർമയായി നൽകിയതാണ്‌.

ആഴ്‌ചപ്പതിപ്പ്‌[തിരുത്തുക]

കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. സി.എച്ച്‌. മുഹമ്മദ്‌കോയ പത്രാധിപരായിരുന്നു. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, വി.കെ.എൻ, വൈക്കം മുഹമ്മദ്‌ ബഷീർ, എൻ.എസ്‌ മാധവൻ തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ഇടക്കാലത്ത്‌ മുടങ്ങിയിരുന്നു. 2011 ഏപ്രിൽ 23-ന്‌ ആഴ്‌ചപ്പതിപ്പിന്റെ പുനഃപ്രകാശനം എം.ടി വാസുദേവൻ നായർ [3] നിർവഹിച്ചു . ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ ആണ്‌ ഇപ്പോൾ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ.

ഇപ്പോൾ പ്രസിദ്ധീകരണം നിർത്തി

മറ്റു പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • മഹിള ചന്ദ്രിക (പ്രസിദ്ധീകരണം നിർത്തി)
  • ചങ്ങാതി (നിർത്തി)
  • ആരോഗ്യ ചന്ദ്രിക (നിർത്തി)
  • ചന്ദ്രിക ആഴ്ചപ്പതിപ്പ് (പ്രസിദ്ധീകരണം നിർത്തി)

അവലംബം[തിരുത്തുക]

  1. Natarajan, J. History of Indian Journalism. Publication Division, Ministry of Information and Broadcasting, Govt. of India. p. 246. Retrieved 11 May 2020.
  2. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 464.
  3. http://www.mathrubhumi.com/online/malayalam/news/story/903381/2011-04-24/kerala[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=ചന്ദ്രിക_ദിനപ്പത്രം&oldid=3780763" എന്ന താളിൽനിന്ന് ശേഖരിച്ചത്