ക്രയോജനിക് ഡാർക്ക് മാറ്റർ സെർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാണാനും തൊടാനും കഴിയാത്ത രീതിയിൽ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ദ്രവ്യമായ തമോദ്രവ്യത്തെ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരമ്പരയെയാണ് ക്രയോജനിക് ഡാർക്ക് മാറ്റർ സെർച്ച് (സി.ഡി.എം.എസ്.) അഥവാ ക്രയോജനിക് തമോദ്രവ്യ തെരച്ചിൽ എന്നു വിളിക്കുന്നത്. ദുർബല പ്രതിപ്രവർത്തക ബൃഹത്കണങ്ങൾ അഥവാ വിമ്പുകളുടെ രൂപത്തിലാണ് ഈ തമോദ്രവ്യം നിലനിൽക്കുന്നത് എന്നത്രേ ശാസ്ത്രലോകം അനുമാനിക്കുന്നത്. വിമ്പ് തമോദ്രവ്യവും ഭൗമിക വസ്തുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനത്തെപ്പറ്റി മില്ലികെൽവിൻ താപനിലയിലുള്ള അർദ്ധചാലക ഡിറ്റക്റ്ററുകളുടെ ഒരു നിര ഉപയോഗിച്ച് പഠിക്കുന്നതിൽ സി.ഡി.എം.എസ്. വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലാ വളപ്പിനടിയിലുള്ള ഒരു തുരങ്കത്തിലാണ് ഇതിന്റെ ആദ്യ പരീക്ഷണമായ സി.ഡി.എം.എസ്. I നടന്നത്. ഇപ്പോഴത്തെ പരീക്ഷണമായ സി.ഡി.എം.എസ്. II നടക്കുന്നത് അമേരിക്കയിലെ തന്നെ വടക്കൻ മിനസോട്ടയിൽ സ്ഥിതിചെയ്യുന്ന ഭൂമിക്കടിയിലെ സൗഡാൻ ഖനിയിലാണ്.

നിർദ്ദിഷ്ട പരിഷ്കരണം[തിരുത്തുക]

സി.ഡി.എം.എസ്.II -ന്റെ പിൻഗാമിയാണ് സൂപ്പർ സി.ഡി.എം.എസ്. സൂപ്പർ എന്ന പദം സൂചിപ്പിക്കുന്നത് കൂടുതൽ വലിപ്പവും കാര്യക്ഷമതയുമുള്ള ഡിറ്റക്റ്ററുകളെയാണ് . സൗഡാനിൽ പ്രവർത്തിക്കുന്നതിനാൽ ഇത് സൂപ്പർ സി.ഡി.എം.എസ്. സൗഡാൻ എന്ന പേരിലറിയപ്പെടുന്നു. കൂടുതൽ വലിയ (1.4 കി.ഗ്രാം.) ഡിറ്റക്റ്ററുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. കാനഡയിലെ സഡ്ബറിയിലെ സ്നോലാബ് എന്ന കൂടുതൽ ആഴത്തിലുള്ളതും വലിപ്പമേറിയതുമായ സജ്ജീകരണത്തിൽ ഇവയാവും ഉപയോഗിക്കപ്പെടുക. സൗഡാനെ അപേക്ഷിച്ച് കൂടുതൽ ആഴത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് സ്നോലാബിൽ കോസ്മിക് കിരണങ്ങളിൽ നിന്നുള്ള ന്യൂട്രോണുകളുടെ സാന്നിദ്ധ്യം താരതമ്യേന കുറവായിരിക്കും എന്ന നേട്ടമുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]