കളരിപ്പയറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്.ഈ ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറ കളരിപ്പയറ്റാണ്. അത് കൊണ്ട് തന്നെ കളരിപ്പയറ്റിനെ എല്ലാ ആയോധനകലകളുടെയും മാതാവ് എന്ന് വിളിക്കുന്നു. മറ്റുള്ള എല്ലാ മാർഷ്യൽ ആർട്ടുകളും കളരിപ്പയറ്റിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ സ്വാധീനത്തിൽ നിന്നോ ഉണ്ടായതാണ്. എല്ലാ ആയോധന കലകളിലും പൊതുവായി കുറെ സവിശേഷതകൾ കാണാം.മറ്റു ആർട്സിൽ അവ വെറുതെ പഠിപ്പിക്കുമ്പോൾ അതെല്ലാം കളരിപ്പയറ്റിൽ കാര്യകാരണസഹിതം വിശദീകരിക്കുന്നു. കളരിപയറ്റിനെ ബോധിധർമൻ ചൈനയിലെ ഭൂഘടനക്കനുസരിച്ചു മാറ്റിയെടുത്തതാണ് ഷാവോലിൻ കുങ്ഫു. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കേരളത്തിൽ എല്ലാ വിഭാഗക്കാരും കളരിപ്പയറ്റ് അഭ്യസിക്കുന്നു.[1][2]

തെയ്യം, പൂരക്കളി, മറുത്ത് കളി, കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് .

ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് .

ആവിർഭാവ ചരിത്രം[തിരുത്തുക]

കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ ഉത്ഭവത്തെ കുറിച്ച് വസ്‌തുനിഷ്‌ഠമായ പ്രമാണങ്ങൾ നിരത്തുക പ്രയാസകരമാണ്. വ്യക്തമായ രേഖകളുടേയും തെളിവുകളുടെയും അഭാവമാണ്‌ സിദ്ധാന്തരൂപവത്കരണത്തിന്‌ തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഭൂരിപക്ഷ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കളരിയുടെ ഉദയമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ചരിത്രകാരൻ പ്രൊഫസർ ഫിലിപ്പ് സാരില്ലി ഈ നിഗമനം വെച്ച് പുലർത്തുന്നവരിൽ പ്രധാനിയാണ്. ഇളംകുളം കുഞ്ഞൻ പിള്ള പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമായാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കളരി ഉദയം ചെയ്യപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നു. എം.ജി.എസ്. നാരയണൻ അടക്കമുള്ള പല ചരിത്രകാരന്മാരും ഇതൊരു അഭ്യൂഹമായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര യോദ്ധാക്കളുടെ ആയോധനമുറകൾക്ക് വ്യവസ്ഥാപിത ചട്ടം കൈവരുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്.[3]പ്രാജീന കാലം മുതൽക്കേ നായർ, തീയർ തുടങ്ങിയ പല വിഭാകക്കാരും പാരമ്പര്യമായി കളരി അഭ്യസിച്ചിരുന്നു.[4][5][6][7][8][9][10][11]


ഐതിഹ്യം[തിരുത്തുക]

  • കളരിപ്പയറ്റ് ധനുർവേദ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും കളരി പരിശീലനത്തിന്റെ ഭാഗമായ ഉഴിച്ചിലും കളരി ചികിത്സയും ആയുർ‌വേദ പാരമ്പര്യമാണ്‌ എന്നു വിശ്വസിക്കുന്നവരും ഉണ്ട്.

നിഗമനങ്ങൾ[തിരുത്തുക]

  • സംഘകാലത്ത്‌ നിലവിലിരുന്ന ആചാരങ്ങളും വീരക്കൽ ആരാധനയും കണക്കിലെടുത്ത്‌ ചിലർ അക്കാലത്തേ കളരി നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു.[12]
  • കളരി എന്ന പദത്തിന്റെ മുൻകാലപ്രാബല്യം ഖലൂരികക്കപ്പുറത്തേക്കവർ കണ്ടെത്തിയിട്ടുണ്ട്‌. കളം, കളരി എന്നീ പദങ്ങൾ യുദ്ധക്കളം, അഭ്യാസപ്രകടന-മത്സരസ്ഥലങ്ങൾ എന്നീ അർത്ഥങ്ങളിലാണ്‌ മലയാളത്തിലും തമിഴിലും ഉപയോഗിക്കുന്നത്‌. പണ്ഡിതനായ ബറോ ഖലൂരിക കളരിയിൽ നിന്നാണ്‌ നിഷ്പന്നമായത് എന്ന അഭിപ്രായക്കാരനാണ്‌. [13]
  • കളരി എന്ന പദം അകനാനൂറ് പുറനാനൂറ് എന്നീ സംഘകൃതികളിൽ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്.[14]
  • കളരിയെ ബുദ്ധ മതവുമായി ബന്ധിപ്പിച്ചുള്ള ചരിത്ര പഠനങ്ങളുമുണ്ട്. ബോധി ധർമ്മനുമായി ബന്ധപ്പെട്ട ചരിത്രപഠനങ്ങൾ കളരിയിലെ ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്നവയാണെന്ന് കരുതുന്നവരും ചരിത്ര ലോകത്തിൽ കുറവല്ല.ബോധിതറ കളരിയുടെ പിന്നിലെ ബൗദ്ധ കാര്യങ്ങൾ വ്യക്തമാക്കുന്നതാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. [15]
  • കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് ഒരു അഭിപ്രായമുണ്ട്. എം.ഡി.രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ പറയുന്നുണ്ട്.
  • വൈദിക മതക്കാരാണ് കളരിക്ക് പിന്നിലെന്ന വിശ്വാസവുമുണ്ട് വേദങ്ങളിലെ ഇതിൽ ‘’വൃയാമകി വിദ്യ വിജഞാൻ ‘’ എന്ന കലാവിദൃയെ ഉപോത്ബലകമായി ആണ് കളരിപ്പയറ്റ് അടിസ്ഥാനപരമായി ചിട്ടപ്പെടുത്തിയതെന്നും . ധനുർ വേദവും ആയുർ വേദവും ആണ് ഇതിനു അടിസ്ഥാനപരമായി ഉപയോഗിച്ചതെന്നും വിശ്വസിക്കപ്പെടുന്നു .[അവലംബം ആവശ്യമാണ്]

ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി കോട്ടക്കൽ കണാരൻ ഗുരുക്കൾ എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു.[16]

കുഴിക്കളരിയും അങ്കക്കളരിയും[തിരുത്തുക]

ചെറുകളരി അഥവാ കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടുതരമാണ്‌ ആദ്യകാലത്തുണ്ടായിരുന്നത്‌. ആദ്യത്തേത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ്‌. അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി. എല്ലാവർക്കും സൗകര്യപ്രദമായ നിലയിൽ പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കക്കളരിയിൽ വച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത് . തർക്കത്തിൽ ഉൾപ്പെടുന്ന കക്ഷികൾ അവരവർക്കായി അങ്കംവെട്ടാനുള്ള പോരാളികളെ ഏർപ്പാടു ചെയ്യുന്നു . ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകേണ്ടിയിരുന്നു. തുടർന്ന് നിശ്ചിത സ്ഥലത്ത് മുൻകൂട്ടി തീരുമാനിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു. അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷിയാണ് ജയിച്ചതായി പ്രഖ്യാപിക്കുക.

പ്രതിഷ്ഠാദി സങ്കല്പങ്ങൾ[തിരുത്തുക]

കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരിയുടെ ചില പ്രത്യേക സ്ഥാനങ്ങൾ ഗുരുഭൂതന്മാർക്കായും ആരാധനാമൂർത്തികൾക്കുമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു.[17] ചില സങ്കല്പങ്ങൾക്കായി പ്രത്യേക പീഠങ്ങൾ അഥവാ തറകൾ അതതു സ്ഥാനങ്ങളിൽ നിർമ്മിക്കുന്നു .

  • പൂത്തറ - കളരിയിലെ ഏറ്റവും പ്രധാന സങ്കല്പമായ കളരി പരദേവതയുടെ സ്ഥാനമാണിവിടം . കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) പൂത്തറ . മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയുള്ള കുണ്ഡലിനിയുടെ യാത്രയുടെ സൂചന പൂത്തറയിലുണ്ട് . ഏഴു പടികളുള്ള പൂത്തറയിലെ ആറു പടികളും ആറാധാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു . ഏഴാമത്തെ പടി മണിത്തറ, മണിപീഠം, ഏഴാം തൃപ്പടി എന്നെല്ലാം അറിയപ്പെടുന്നു . ഏഴുവിരൽ നീളമുളളതും ഒരു കൂമ്പാകൃതിയിൽ ചെത്തിയെടുത്തതുമായ ഒരു കല്ല് മണിത്തറയിൽ കളരി പരദേവതയെ സങ്കല്പിച്ചുകൊണ്ട് പ്രതിഷ്ഠിക്കുന്നു .
  • ഗണപതിത്തറ - ഗണപതിപീഠം അഥവാ ഗണപതിത്തറ ഗണപതിയ്ക്കായുള്ള സങ്കല്പസ്ഥാനമാണ് .
  • നാഗത്തറ - പൂത്തറയുടെയും ഗണപതിത്തറയുടെയും ഇടയിലാണ് നാഗത്തറ . ഇവിടെ നാഗപ്രതിഷ്ഠാസങ്കല്പം മാത്രമാണുള്ളത് . പ്രത്യേക പീഠമില്ല .
  • ഗുരുപീഠങ്ങൾ - ഗണപതിത്തറയ്ക്ക് വടക്കായി മരംകൊണ്ടുണ്ടാക്കിയതും നാലു കാലുകളുള്ളതുമായ രണ്ട് പീഠങ്ങൾ സ്ഥാപിക്കുന്നു . ആദ്യപീഠം നാല് സമ്പ്രദായ ഗുരുക്കന്മാരെയും 21 ഉപഗുരുക്കന്മാരെയും സങ്കല്പിക്കാനുള്ളതാണ് . അതതു കളരികളിലെ പ്രധാനഗുരുനാഥന്മാരുടെ ഗുരുഭൂതന്മാരെ സങ്കല്പിക്കാനാണ് രണ്ടാമത്തെ പീഠം .

ഇവയ്ക്കു പുറമേ ധനുകോണിലും മീനകോണിലും മിഥുനകോണിലും യഥാക്രമം അന്തിവീരർ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ എന്നീ ദേവതാസങ്കല്പങ്ങളുണ്ടെങ്കിലും പ്രത്യേക പീഠങ്ങളില്ല. കൂടാതെ അഷ്ടദിക് പാലകരെ കളരിയിലെ എട്ടു ദിക്കിലും പൂവിട്ടു ആദരിക്കുന്നു

കളരിമുറകൾ[തിരുത്തുക]

പ്രധാനമായും നാല് ശൈലികളാണ് കളരിപ്പയറ്റിലുള്ളത്: തെക്കൻ രീതിയും, വടക്കൻ രീതിയും, മദ്ധ്യകേരള രീതിയും, തുളുനാടനും. വടക്കൻ രീതി കൂടുതൽ അനുക്രമങ്ങളും ഒഴുക്കുമുള്ള സങ്കീർണ്ണവുമായ ശൈലി അനുവർത്തിക്കുമ്പോൾ, തെക്കൻ രീതിയാകട്ടെ, വേഗതയേറിയ ചെറു നീക്കങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു. വടക്കൻ ശൈലി മെയ്യ് കൂടാതെ കൂടുതൽ ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ, തെക്കോട്ടാകട്ടെ, മെയ്യു കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂടുതൽ.

തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. വെള്ളാളർ, നാടാർമാർ ,തേവർമാർ തുടങ്ങിയ സമുദായത്തിൽ പെട്ടവരാണ് പ്രധാനമായും മുൻ‌കാലങ്ങളിൽ ഇതനുഷ്ഠിച്ചു വന്നത്. പ്രധാനമായും തമിഴ് ജാതി വിഭാഗങ്ങളിൽ നിന്നാണ് ഇത്‌ തെക്കൻ കേരളക്കരയിൽ എത്തുന്നതു, അന്നത്തെ തിരുവിതാംകൂറിൽ ഇന്നത്തെ തമിഴ് നാട്ടിലെ ചില സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നതും ഇത്‌ തെക്കൻ കേരളത്തിൽ പ്രചരിക്കാൻ കാരണമായി. അഗസ്ത്യ മുനിയിൽ നിന്നാണ് തെക്കൻ രീതി വന്നതെന്നാണ് പഴംകഥകൾ. തെക്കൻ ശൈലി എന്നത്‌ കളരിപ്പയറ്റ് ആയി പറയുന്നുണ്ടെങ്കിലും തെക്കൻ യഥാർത്ഥത്തിൽ തമിഴ് ആയോധന കലകളായ അടിതട, സിലംമ്പം, മർമ്മഅടി തുടങ്ങിയവയിൽ നിന്ന് തെക്കൻ കേരളത്തിൽ എത്തിയതാണ് അതുകൊണ്ടാണ് അടി തട, മർമ്മ അടി തുടങ്ങിയ പേരുകളും തെക്കൻ ശൈലി പ്രചാരത്തിലുള്ളത്.

കളരിപ്പയറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും തരുന്നു. ഇത് ശരീരത്തിലെ ദുർമേദസ്സ് മാറ്റി ശരീരത്തിന് ആരോഗ്യവും രൂപവും നൽകുന്നു. ഇതു സത്യത്തിന്റേയും ധർമത്തിന്റെയും മാർഗ്ഗം കർശനമായി പാലിക്കണമെന്നു നിഷ്കർഷിക്കുന്നതും ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്. സധർമ്മവും, ക്ഷമയും, സൽസ്വഭാവവും, ബുദ്ധിയും തുടങ്ങി എല്ലാ നല്ല ഗുണങ്ങളും ഉള്ള ശിഷ്യന്മാരെ മാത്രമേ ഗുരുക്കന്മാർ ഇതിനിടെ എല്ലാ വശങ്ങളും അഭ്യസിപ്പിച്ചിരുന്നുള്ളു.ലോകമാകമാനം വിവിധ തരത്തിലിള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റ് ഇപ്പോഴും സവിശേഷമായിത്തന്നെ നിലകൊള്ളുന്നു. വിവിധ അലിഖിത നിയമങ്ങളാൽ കലരിപ്പയറ്റ് മനുഷ്യകുലത്തിന് സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നീതിയുടേയും ഉന്നത മൂല്യങ്ങൾകൂടി പരിശീലിപ്പിച്ചിരുന്നു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും അക്രമം പാടില്ലെന്ന് കളരിപ്പയറ്റ് നിഷ്കർഷിക്കുന്നു. അധർമത്തിന് വേണ്ടി പോരാടാൻ പാടില്ല. ആയുധമില്ലാത്തവനോട് ആയുധസമേതം പോരാടാൻ പാടില്ല. ചതിപ്രയോഗങ്ങൾ കളരിപ്പയറ്റ് അനുവദിക്കുന്നില്ല.

കളരി അഭ്യാസത്തിലെ രഹസ്യം[തിരുത്തുക]

കളരി മാക്രോ ഘടന

കളരിയിലെ ഓരോ പഠനത്തിനും ഒരു പ്രയോഗ വശം ഉണ്ട് എന്ന് ചുരുക്കം ചില ആളുകള്ക്കെ അറിയുകയുള്ളു. ഇതിനു "കരമേറ്റം" എന്നോകെ വടകരയിൽ പറയാറുണ്ട്.. ഉദാഹരണത്തിന് "കൈ തൊഴുത് മാറിനു പിടച്ചു" ഇതിൽ മനുഷ്യ ശരീരത്തിലെ ഒട്ടു മിക്ക മർമ്മ ഭാഗങ്ങളും കൂപ്പിയ രണ്ടു കൈയി കൾക്കിടയിൽ ഒളിപിച്ചു പ്രതിരോധത്തിനും ‍ ആക്രമണത്തിനും ഉള്ള സാദ്യതകൾ അന്ദർലീനമായി കിടക്കുന്നു. പ്രയോഗവശങ്ങൾ പഠിക്കാത്തവർക്ക് കളരി ഒരു വ്യായാമ മുറ മാത്രമായി ചുരുങ്ങി പോകുന്നു.

കളരിപ്പയറ്റിലെ സമ്പ്രദായങ്ങളും അടിസ്ഥാന അഭ്യാസങ്ങളും[തിരുത്തുക]

വടക്കൻ കളരിയുടെ ആസ്ഥാനമായ വടക്കേമലബാറിൽ പോലും പ്രദാനമായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ വെത്യസ്തമായിട്ടാണ് കളരിപ്പയറ്റു പഠിപ്പികുന്നത്. പലപ്പോഴും ഗുരുക്കന്മാരുടെ പഠനത്തിന്റെ ആഴതിനനുസരിച്ചു സമ്പ്രദായങ്ങളും ഉണ്ടായി എന്നാൽ യഥാർത്ഥത്തിൽ കളരിപ്പയറ്റ് എന്നത്‌ വടക്കൻ കളരിയാണ്, തെക്കൻകളരി എന്നത്‌ തമിഴ് ബന്ധമുള്ളതാണ് എങ്കിലും ഇന്ന് ഇത്‌ കളരിപ്പയറ്റിലെ ശൈലി ആയി പരിഗണിച്ച്‌ പോരുന്നൂ. പൊതുവേ തെക്കൻ കളരി എന്നാണ് പറഞ്ഞു വരുന്നതെങ്കിലും അതിലും ചില വ്യത്യസ്ത സമ്പ്രദായങ്ങൾ ഒക്കെ ഉണ്ട് . തനി തെക്കൻ കളരി, കിഴക്കൻ കളരി, മർമ്മ അടി, അടിതട തുടങ്ങിയവ. ഇതിൽ തെക്കൻ കളരിയിൽ വ്യക്തമായ പഠന രീതി ഉണ്ട്. ചുടുകൾ എന്ന ഓരോ നിൽപ്പ് രീതികളാണ് ഒന്ന്. കാലുകൾ ചേർത്ത് വച്ചുള്ള സമ(നേർ ) ചുവട്, ഒന്നര അടി അകറ്റിയുള്ള വട്ട ചുവട്, ഒരു കാൽ മുന്നിൽ വെച്ചുള്ള നില ചുവട് തുടങ്ങിയവ. പയറ്റിനുള്ള വിവിധ ഇരുത്തുകൾ ഉദാഹരണം വട്ടചുവടിൽ നിന്നും ഒരു കാലിൽ ഇരിക്കുന്ന വിരലിൽ ഇരുപ്പ് തുടങ്ങിയവ. അടി,ഇടി, വിവിധ ചവിട്ടുകൾക്കുള്ള പരിശീലനം അതോടൊപ്പം തന്നെ യുള്ള ഇതിന്റെ തട, ഒഴിവ്,അമർത്തുകൾ പഠിപ്പിക്കുന്ന രീതി. രണ്ടു പേർ ചേർന്നാണ് ഇതിന്റെ പരിശീലനം. അടി തട, അടി അമർത്ത് (അമർത്തി ഇരുന്നു), അടി തട ചവിട്ട് തട , അടി തട ഇടി അമർത്തി ചവിട്ടി തട തുടങ്ങി ഉള്ള പരിശീലനങ്ങൾ ആണിത്. ഇതോടൊപ്പം എടുത്തടികൾ, ഏറുകൾ ഒക്കെ ആണ് പരിശീലിക്കുന്നത്. ഇടുപ്പിൽ കേറ്റി എടുത്തടി, താടിയിൽ തൂക്കി, മുതുകിൽ കേറ്റി, കൈയിൽ കറക്കി തുടങ്ങിയവ ആണ് ഇത്. കൂടാതെ ൩൦ ഓളം പൂട്ടുകളും പരിശീലിക്കുന്ന. ഇതോടൊപ്പം 18 ഒറ്റ ചുവട്, 18 കൂട്ടചുവട്, 18 കൈ പോരുകൾ, കുവടി പോരുകൾ  ഒക്കെ പഠിപ്പിക്കുന്നു. ഇതെല്ലാം സ്വരക്ഷയ്ക്കുള്ളതാണ്.  കുറുവടി പോരിലെ അടവുകൾ  തന്നെ വടിക്കുപകരം കത്തി, വെട്ടു കത്തി , മഴു തുടങ്ങിയവ ഉപയോഗിച്ച് പരിശീലിക്കുന്നു. തുടർന്ന് നെടുവടി, വാൾ പരിച, ഉറുമി , കഠാര ഒക്കെ ഉപയോഗിച്ച് പയറ്റ് പരിശീലിക്കുന്നു. വാൾ പയറ്റിലെ പ്രത്യേക ഇനമാണ് ചെരമങ്ങൾ . ഇതിന്റെ ഭാഗമായിട്ടാണ് കളം ചവിട്ടു മുറകൾ പഠിക്കുന്നത്. ഇതാണ് തനി തെക്കൻ ശൈയിലി  രീതി.

ഭാരതീയമായ മറ്റെല്ലാ കലകളെപോലെതന്നെ ദേശ കാലാന്തരത്തിൽ കളരിപ്പയറ്റിനും വിവിധ വിഭാഗങ്ങളും ഉപവിഭാഗങ്ങളും വികസിച്ചു വന്നിട്ടുണ്ട്. വടക്കൻ, തെക്കൻ, തുളുനാടൻ എന്നിങ്ങനെ പലവിദതിൽ പല പേരുകളിൽ പ്രാഥമികമായ വിഭജനവും പിന്നെ പ്രദേശങ്ങൾക്കനുസരിച്ചും എന്തിനേറെ പറയുന്നു ഓരോ ഗുരുക്കൾക്കനുസരിച്ചു കളരി വേത്യസ്തമായി പഠിപ്പിച്ചു പോകുന്നു. ഇത് കളരിപ്പയറ്റിന്റെ വിജ്ഞാനമേഘല വികസിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ശാസ്ത്രിയമായ മാനദണ്ഡത്തിൽ ക്രമീകരിച്ചു ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ശ്രമം ഇതുവരെ കാര്യാമായ രീതിയിൽ പുരോഗമിച്ചിട്ടില്ല . കരാത്തെ കുങ്ഫു തുടങ്ങിയ ആയോധനകലകൾ, അതുപോലെ യോഗ, സംഗീതം തുടങ്ങിയവ എല്ലാം വളരെ കൃത്യമായി ക്രോഡീകരിച്ചു അതിന്റെ പഠനക്രമം എല്ലാവരും അംഗീകരിച്ചു വിവിധ സംബ്രദായങ്ങളായി തന്നെ ആർക്കും പഠിക്കാവുന്ന വിധത്തിൽ ലഭ്യമാണ്. കളരിപ്പയറ്റിൽ ഇങ്ങനെ ചെയ്യാത്തതു അതിന്റെ ആഗോള വികാസത്തിന് തടസ്സമായി കിടക്കുന്നു.

കളരിപ്പയറ്റിന്റെ വിവിധ സമ്പ്രദായങ്ങളെ വിവിധ സമ്പ്രദായങ്ങൾളായി തന്നെ നിലനിർത്തികൊണ്ട് ശാസ്ത്രീയമായി ക്രോഡീകരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനം ഗവർമെന്റിന്റെ നേതൃത്വത്തിൽ ഗുരുക്കന്മാരുടെ സഹായത്തോടെ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്താൽ കേരളം പോലെ ടൂറിസം ഒരു വ്യവസായമായി കരുതുന്ന പ്രദേശത്തിന്  വിദേശികൾക്ക് ഒരോ കളരി സമ്പ്രദായത്തിനെ പറ്റി മനസിലാക്കുകയും അനിയോജ്യമായതു തേടിവന്നു പഠിക്കാനും അവസരം കിട്ടുന്നു.

പരിശീലനം[തിരുത്തുക]

മതത്തിന്റെയും ആത്മീയതയുടെയും അംശങ്ങൾ കളരിപ്പയറ്റിൽ ഉൾക്കൊണ്ടിരിക്കുന്നു. ശിഷ്യന്മാരുടെ ധാർമികത, സൽസ്വഭാവം, നീതിബോധം, ക്ഷമ, ധൈര്യം, ദൈവഭക്തി, ഗുരുഭക്തി തുടങ്ങി പല ഗുണങ്ങളും നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷമേ പ്രധാനപ്പെട്ട പല വിദ്യകളും കളരിപ്പയറ്റിൽ ഗുരുക്കന്മാർ പരിശീലിപ്പിക്കാറുള്ളു. കാരണം മുകളിൽ പറഞ്ഞ ഗുണങ്ങൾ ഇല്ലാത്ത ഒരാൾക്കു പരിശീലനവും ആയുധവും കിട്ടിയാൽ സമൂഹത്തിന് ഗുണമാവില്ലെന്ന് ഉള്ള വിലയിരുത്തൽ തന്നെ. അഭ്യസിപ്പിക്കാനും യോഗ്യത നിശ്ചയിച്ചിരുന്നു.ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലന രീതിയാണ് കളരിപ്പയറ്റിനുള്ളത്.

പരിശീലന സമയത്ത് സംഭവിക്കുന്ന അപകടങ്ങൾ പരിഹരിക്കാൻ കൂടിയുള്ള അറിവും പരിശീലനവും ലഭിച്ച ഒരാൾ മാത്രമേ പരിശീലകനാകാവൂ.വർഷങ്ങളുടെ തപസ്യയും,നിരന്തര പരിശീലനവും, അർപ്പണബോധവും ആവശ്യമുള്ള ഒരു കലയാണ് കളരിപ്പയറ്റ്. ഗുരുവിന്റെ മരണശയ്യയിലും തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് ഉപദേശിക്കാൻ പലതും ഉണ്ടാവുമെണ് പറയപ്പെടുന്നു. ആചാ‍ര നിഷ്ടകൾ പാലിച്ച്, നിശ്ചിത അളവുകൾക്കനുസരിച്ച് തയ്യാറാക്കിയ കളരിയിൽ, പ്രത്യേക വേഷം ധരിച്ചാണ് കളരിപ്പയറ്റ് അഭ്യസിക്കാ‍റ്. കളരിപയറ്റിന്റെ പഠനം പ്രധാനമായി നാലു ഭാഗമായി ആണ് ചിട്ടപെടുത്തിയിട്ടുള്ളത്.

എം ഇ സുരേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ കടത്തനാട് ചന്ദ്രൻ ഗുരുക്കളുടെ കളരി പഠന രീതി പുസ്തക രൂപത്തിൽ "കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ" എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാതിച്ചിട്ടുണ്ട്.

മേയ്യിതോഴിൽ[തിരുത്തുക]

ഇതിലൂടെ ആണ് ഒരു അഭ്യാസി ഉണ്ടാകുന്നത്. ഇതുതന്നെ ആണ് കളരിപ്പയറ്റിലെ പ്രധാന ഭാഗവും. മേയിതോഴിൽ ശരിയായി പരിശീലിച്ച ഒരാളുടെ ശരീരവും മനസും കളരിപ്പയറ്റിന്റെ പ്രായോഗികമായ അഭ്യാസ പരിശീലനത്തിന് രൂപാന്തരപ്പെട്ടിരിക്കും.

ഇതിലൂടെ ആണു കളരി പഠനം ആരംഭിക്കുന്നത്. കടത്തനാട്ടിലെ മെയ്യിതൊഴിൽ പാഠ്യ പദ്ധതി താഴെ കൊടുക്കുന്നു.[18]

  • വണക്കങ്ങൾ
  • ഗുരു വണക്കം
  • ഈശ്വര വണക്കം
  • ദിക്ക് വണക്കം
  • നാഗ വണക്കം
  • സൂര്യ ചന്ദ്ര വണക്കങ്ങൾ
  • തെമ്പും കൈയ്യി വണക്കം
  • കൂട്ട് മുഷ്ട്ടി കയ്യി വണക്കം
  • പഞ്ചമുഷ്ടി കൈ വണക്കം
  • അടി കയ്യി വണക്കം
  • വെട്ടു കൈ വണക്കം
  • തേറ്റ കൈ വണക്കം
  • നേർ കാൽ വണക്കം
  • കൊണ്കാൽ വണക്കം
  • വീത് കാൽ വണക്കം
  • അകം കാൽ വണക്കം
  • വെട്ടി കാൽ വണക്കം
  • ചുഴറ്റി കാൽ വണക്കം
  • പതിനെട്ടു മെയ്യടവുകൾ
ഒറ്റക്കോൽ
  1. തിരിഞ്ഞു വലിയൽ
  2. വാങ്ങി വലിയൽ
  3. പകർന്നു വലിയൽ
  4. വീത് പുളയൽ
  5. വളയൽ
  6. സൂചിക്ക് ഇരിക്കൽ
  7. തോൾ കണ്ടു പൊങ്ങൽ
  8. കുനിഞ്ഞു പൊങ്ങൽ
  9. വളഞ്ഞു പൊങ്ങൽ
  10. ചവുട്ടി പൊങ്ങൽ
  11. തരിഞ്ഞു ചാടൽ
  12. കിടന്നു ചാടൽ
  13. പകരി ചാടൽ
  14. പതുങ്ങി ചാടൽ
  15. ഓതിരം മറിയൽ
  16. ചരിഞ്ഞു മറിയൽ
  17. കരണം മറിയൽ
  18. അന്ത മലക്കം
  • ഇരുപത്തിനാല് മെയ് പയറ്റുകൾ
  • 6 കയ്യി കുത്തി പയറ്റുകൾ
  • 6 കാലു ഉയർത്തി പയറ്റുകൾ
  • 6 പകർച്ച കയ്യി പയറ്റുകൾ
  • 6 പകർച്ച കാൽ പയറ്റുകൾ

കോൽത്താരി[തിരുത്തുക]

വിവിധ അളവിലുള്ള വടി കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ്‌ ഇതിൽ ഉള്ളത്.

  • മുച്ചാ ൺ പയറ്റു
  • ആർചാൺ പയറ്റു
  • കേട്ട് താരി പയറ്റു
  • പന്തീര്ചാൺ വീശൽ
  • പട വീശൽ
  • ഒറ്റ പയറ്റു
കടത്താനാട്ടിൽ 12 ഒറ്റപ്പയറ്റുകൾ കണ്ടുവരുന്നു

കളരിൽ ഏറ്റവും മെയ് വഴക്കം ആവശ്യമായതും അപകടം നിറഞ്ഞതുമാണ് ഈ വിഭാഗം. ഒറ്റ പയറ്റിലെ ഓരോ പ്രയോഗവും കൃത്യമായും മർമ്മ സ്ഥാനങ്ങളിലേക്കാണ്. ആനയും സിംഹവും തമ്മിലുള്ള പയറ്റായി കണക്കാകുന്നു. ഒറ്റ പന്ത്രണ്ടും പയറ്റി തെളിഞ്ഞവൻ തികഞ്ഞ അഭ്യാസിയാണ്.

ഒറ്റ പയറ്റാൻ ഉപയോഗിക്കുന്ന "ഒറ്റ കോൽ" ആണ് ചിത്രത്തിൽ ഉള്ളത്

അങ്കത്താരി[തിരുത്തുക]

വിവിധ ലോഹ ആയുധങ്ങൾ കൊണ്ടുള്ള പരിശീലനവും പ്രയോഗവുമാണ്‌ ഇതിൽ ഉള്ളത്.

  • വാൾ പയറ്റു
  • വാളും പരിചയും പയറ്റു
  • കടാര പയറ്റു
  • കുന്ത പയറ്റു
  • മറപിടിച്ചു കുന്ത പയറ്റു
  • ഉറുമി വീശൽ


വെറും കൈ[തിരുത്തുക]

നാലാമത്തെ സ്റ്റേജ് ആണ് വെറും കൈ.

ആറ്‌ പ്രയോഗ കൈകൾ

  • തെമ്പു കൈ
  • പഞ്ചമുഷ്ടി കൈ
  • അടി കൈ
  • വെട്ടു കൈ
  • തെറ്റ കൈ
  • കൂട്ട് മുഷ്ടി കൈ

ഇതുമുമ്പേ ആണ് ശരീരത്തെ കാരിരുമ്പ് പോലെ ഉറപ്പിക്കാനുള്ള ശാസ്ത്രിയമായ ഒരു വിഭാഗം കളരിപ്പയറ്റിലുണ്ട്. വടക്കേമലബാറിൽ തന്നെ വളരെ ചുരുങ്ങിയ ഗുരുക്കൻ മാർക്കു മാത്രമെ ഇതിനെകുറിച്ചു അറിവുള്ളൂ.

ഇത് പൂർണ്ണമായും വടക്കൻ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവുകളാണെന്നു തെക്കൻ സമ്പ്രദായം അഭ്യസിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. തെക്കൻ സമ്പ്രദായത്തിന് വ്യക്തമായ സിലബസ് ഇല്ല എന്ന അപര്യാപ്തതക്കു കാരണം കളരി ആശാൻ (ഗുരുവിനെ ആശാൻ എന്നു വിളിക്കുന്നു)തന്റെ ശിഷ്യനെ ചുവടുകൾ മുഴുവൻ പഠിപ്പിച്ചുകഴിഞ്ഞ ശേഷം മർമ്മ ചികിൽസാരീതി പഠിപ്പിക്കുന്നു... ഇത് പൂർണ്ണ്മായും "മർമ്മ നിദാനം" എന്ന അഗസ്ത്യമുനിയുടെ ഗ്രന്ധത്തെ ആസ്പദമാക്കിയാണ്. ഇന്നുള്ള ഓരോ ഗുരുക്കന്മാരുടെ കൈകളിലും ഈ ഗ്രന്ധമുൻടാകും പക്ഷെ അതു പൂർണ്ണതയെത്തിയ ശിഷ്യനു മാത്രമേ നൽകുവാൻ പാടുള്ളൂ. ചെന്തമിഴ് ഭാഷയിലാണിതിന്റെ രചന നടത്തപ്പെട്ടിട്ടുള്ളത്. "കൈപാകം കണ്ടവനേ പെരിയവനാകൂ..." എന്നുള്ള തമിഴ് കലർന്ന കാവ്യശൈലിയിലുള്ള ഈ മഹത് ഗ്രന്ധം ഹർദ്യസ്ഥമാക്കിയിട്ടുള്ള ആർക്കും ഇതിന്റെ പൊരുൾ മനസ്സിലാക്കാനാകും.

  1. ഒറ്റച്ചുവട് - 12 എണ്ണം
  2. കൂട്ടച്ചുവട് - 18 എണ്ണം
  3. കുറുവടി - 18 എണ്ണം
  4. നെടുവടി - 18 എണ്ണം
  5. വടിവാൾ - 12 എണ്ണം
  6. ചുറ്റുവാൾ - 12 എണ്ണം

എന്നിവയ്ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട അടിമുറ 108 എണ്ണം . അടിമുറ പഠിച്ചുകഴിഞ്ഞാൽ അതിന്റെ പിരിവ് പിന്നെ പിരിവിന്റെ മേൽ പിരിവ് എന്നിങ്ങനെ അഭ്യസിച്ചശേഷം ആശാൻ ഗ്രന്ധം പകർത്തിയെഴുതാൻ കൈകളിലേൽപ്പിക്കും. അങ്ങനെ ലഭിച്ചശേഷം ആ ഗ്രന്ധം ഇവ്വണ്ണം സാധന ചെയ്ത ശിഷ്യനുമാത്രമേ കൈമാറുകയുള്ളൂ എന്നതിനാൽ എറ്റ്ര ഏകീകരിച്ചാലും കളരിയൗടെ നിഗൂഡത അവശേഷിക്കും. അതിനാൽ അത് അഭ്യസിക്കുക എന്നതു തന്നെയാണ് കളരിയുടെ തെക്കൻ സമ്പ്രദായത്തെക്കുറിച്ചറിയാനുള്ള വഴി.

ചെരമങ്ങൾ

വാൾ പയറ്റിലെ പ്രത്യേക ഇനമാണ് ചെരമങ്ങൾ . ഇതിന്റെ ഭാഗമായിട്ടാണ് കളം ചവിട്ടു മുറകൾ പഠിക്കുന്നത്. ഇതിലെ വാൾ പ്രയോഗങ്ങൾ ആദ്യത്തേത് തന്നെ 18 എണ്ണ ആയിട്ടാണ് തുടങ്ങുന്നത്. തുടർന്നുള്ള അടവുകളിൽ ഇതു കൂടിയും ഇരട്ടിച്ചും ആണ് പോകുന്നത്. ഒരാൾ ഒരുസ്ഥലത്തു തന്നെ നിന്ന് കൊണ്ടും മറ്റേ ആൾ ആൾക്ക് ചുറ്റി നടന്നും തുടർന്ന് ഇതു പരിശീലിക്കുന്നു. രണ്ടു പേർ ഒരു വാളുപയോഗിച്ചും, ഓരോരുത്തരും രണ്ടു വാളുപയോഗിച്ചും ഇതു പരിശീലിക്കുന്ന. വാല് പ്രയോഗത്തിനിടയിൽ അടി, ചവിട്ട് , തട്ട്, അമർത്ത് തുടങ്ങിയവയും ഇതിലുണ്ട്.

മർമ്മ പ്രയോഗങ്ങൾ[തിരുത്തുക]

ഇതു കൂടാതെ നാലാം ഭാഗത്തിലൂടെ തന്നിലെ കഴിവ് പ്രായോഗികമായി ശത്രുവിനെതിരെ പ്രയോഗിക്കാൻ പരിശീലിച്ച ഒരു അഭ്യാസിക്ക് വീണ്ടും ലോകത്തിലെ ഒരു അയോധനകലയിലും ഇല്ലാത്ത ഒരു സമഗ്രമായ വിഭാഗവും കളരിയിൽ ഉണ്ട്. അതാണ് മർമ്മ പ്രയോഗങ്ങൾ. കളരിയിലെ പ്രയോഗങ്ങൾ മനുഷ്യ ശരീരത്തിലെ അറുപത്തിനാല് കുലബ്യാസ മർമ്മങ്ങളിലേക്ക് അനുയോജ്യമായി ഫോക്കസ് ചെയുക എന്നതാണ് ഇതിൽ പ്രധാനമായി പഠിക്കുന്നത്.

കളരി ചികിൽസ[തിരുത്തുക]

നടുവേദ പിന്നെ വളരെ വലിയ ഒരു ഭാഗമാണ് കളരി ചികിൽസ. പിന്നെ ഭാരതത്തിലെ എല്ലാ കലകളുടെയും അവസാനം ആധ്യതമികതയാണ്. അതെ പോലതന്നെ അവസാനം ശാന്തതയിലൂടെ മോക്ഷത്തിലെക്കുള്ള മാർഗ്ഗമാണ് കളരിയും.

വടിവുകളും ചുവടുകളും[തിരുത്തുക]

  • ഗജവടിവ്
  • അശ്വവടിവ്
  • സിംഹവടിവ്
  • വരാഹവടിവ്
  • മത്സ്യവടിവ്
  • മാർജ്ജാരവടിവ്
  • കുക്കുടവടിവ്
  • സർപ്പവടിവ്

ഇവയെല്ലാം തന്നെ വടക്കൻ ആണ്

അങ്കക്കളരിയും, അങ്കത്തട്ടും[തിരുത്തുക]

കളരിപ്പയറ്റിനുപയോഗിക്കുന്ന ആയുധങ്ങൾ[തിരുത്തുക]

മൂന്ന് ഞാൺ നീളമുള്ള വടി (കുറുവടി), ആറ് അടി നീളമുള്ളതും, എട്ട് അടി നീളമുള്ളതുമായ വടികൾ, കുന്തം, കത്തി, ചുരിക, വാൾ, പരിച, ഉറുമി, ഗദ തുടങ്ങി പലതരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനമുറകൾ ഉണ്ടെങ്കിലും ഒരു തികഞ്ഞ അഭ്യാസിക്ക് കയ്യിൽ കിട്ടുന്നതെന്തും ആയുധമാക്കാൻ കഴിയും. കത്തിയും, ഉറുമിയും ഉൾപ്പെടെ ഏതു ആയുധവും വെറും കയ്യോടെ ശത്രുവിന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങാനും തിരിച്ചു ഉപയോഗിക്കാനും കളരിപ്പയറ്റിൽ പരിശീലിപ്പിക്കുന്നു.

കളരിപ്പയറ്റിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ
കെട്ടുകാരി/നെടുവടി/പിറമ്പ്/ശരീരവടി
Longstaff
കുരുന്താടി/ചെറുവടി/മുച്ചൻ
വടി
ലാത്തി
Long stick
ഉറുമി/ചുട്ടുവാൾ
വഴക്കമുള്ള വാൾ
കുറുവടി
നീളം കുറഞ്ഞ വടി
ഒറ്റ
വളഞ്ഞ തരം വടി
ഗദ
Club/Mace
കതാർ
ഒരു തരം കത്തി
വെട്ടുകത്തി
Machete/Kukri
ചുരിക
ചെറിയ വാൾ
വാൾ
നീളമുള്ള വാൾ
പരിച
Buckler
കുന്തം
Spear
മുൻപ് ഉപയോഗിച്ചിരുന്നത്
പോണ്ടി
അമ്പും വില്ലും
അമ്പും വില്ലും
വെണ്മഴു
ഒരു തരം മഴു
കത്തുതല
തൃശ്ശൂലം
Trident


കളരിപ്പയറ്റിലെ പതിനെട്ട് അടവുകളെ  കുറിച്ചുള്ള സൂചനകൾ[തിരുത്തുക]

18 മെയ്യി അടവുകൾ[തിരുത്തുക]

വടക്കൻ കളരിയിലെ ശ്രീ ചന്ദ്രൻഗുരുക്കൾ കളരി സമ്പ്രദായത്തിൽ ശരീരം ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അടവുകൾ ചിട്ടപ്പെടുത്തിയത് - അത് മെയ്യി അടവുകൾ എന്നും പറയുന്നു. ഈ തിരെഞ്ഞെടുത്ത വിശിഷ്ട ശരീര ചലനങ്ങൾ കളരിപ്പയറ്റിന്റെ എല്ലാ പഠന വിഭാഗത്തിലും അനിയോജ്യമായ ഉപയോഗിക്കുന്ന

1.തിരിഞ്ഞു വലിയൽ

2.വാങ്ങി വലിയൽ

3.പകർന്നു വലിയൽ

4.വീത് പുളയൽ

5.വളയൽ

6.സൂചിക്ക് ഇരിക്കൽ

7.തോൾ കണ്ടു പൊങ്ങൽ

8.കുനിഞ്ഞു പൊങ്ങൽ

9.വളഞ്ഞു പൊങ്ങൽ

10.ചവുട്ടി പൊങ്ങൽ

11.തരിഞ്ഞു ചാടൽ

12.കിടന്നു ചാടൽ

13.പകരി ചാടൽ

14.പതുങ്ങി ചാടൽ

15.ഓതിരം മറിയൽ

16.ചരിഞ്ഞു മറിയൽ

17.കരണം മറിയൽ

18. അന്തം മലക്കം

അടവുകൾ കുറിച്ചുള്ള മറ്റൊരു സൂചന[തിരുത്തുക]

  1. ഓതിരം
  2. കടകം
  3. ചടുലം
  4. മണ്ഡലം
  5. വൃത്തചക്ര
  6. സുഖംകാളം
  7. വിജയം
  8. വിശ്വമോഹനം
  9. അന്യോന്യം
  10. സുരഞ്ജയം
  11. സൌഭദ്രം
  12. പാടലം,
  13. പുരഞ്ജയം
  14. കായവൃത്തി
  15. സിലാഘണ്ഡം
  16. ഗദാശാസ്‌ത്രം
  17. അനുത്തമം
  18. ഗദായഘട്ടം

വടക്കനിലെ പതിനെട്ടു അടവുകളെ പറ്റിയുള്ള മറ്റൊരു വിവരം

  1. ഓതിരം
  2. ഒറ്റ പ്പയറ്റ്
  3. തട്ട്
  4. വാളുവലി
  5. പരിചതട്ട്
  6. അന്തഃകരണം
  7. കുന്തം കുത്ത്
  8. തോട്ടിവലി
  9. തടവ്
  10. തിക്ക്
  11. ചാട്ടുകയറ്റം
  12. മർമ്മക്കയ്യ്
  13. മാറിത്തടവ്
  14. ആകാശപ്പൊയ്യത്ത്
  15. കുന്നമ്പട
  16. നിലമ്പട
  17. തൂശിക്കരണം
  18. തുണ്ണിപ്പൊയ്ത്ത്

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The Combos and Jumping Devils:A Social History
  2. PR, Dr.Nisha (2020). Jumbos and Jumping Devils: A Social History of Indian. Oxford: Oxford. ISBN 9780199496709.
  3. https://books.google.co.in/books?id=WdcDAAAAMBAJ&printsec=frontcover#v=onepage&q=Kalari&f=false
  4. Jenniffer G.Wollok (2011). Rethinking Chivalry and Courtly Love. ABC publishing. p. 250. ISBN 9780275984885.
  5. Indudhara Menon (2018). Hereditary Physicians of Kerala: Traditional Medicine and Ayurveda in Modern India. Taylor & Francis, 2018. ISBN 9780429663123.
  6. James John (2020). The Portuguese and the Socio-Cultural Changes in Kerala: 1498-1663. Routledge. ISBN 9781000078718.
  7. David Waterhouse (1998). Dance of India University of Toronto, Centre for South Asian Studies. p. 167. ISBN 9781895214154.
  8. k. Thulaseedharan. Conflict and Culture Sociological Essays. college books google. p. 70.
  9. By Phillip B. Zarrilli (1998). When the Body Becomes All Eyes Paradigms, Discourses, and Practices of Power in Kalarippayattu, a South Indian Martial Art. Oxford university press. p. 36. ISBN 9780195639407. {{cite book}}: line feed character in |title= at position 31 (help)
  10. P., Girija, K. Mapping the History of Ayurveda : Culture, Hegemony and the Rhetoric of Diversity. ISBN 978-1-000-48139-6.{{cite book}}: CS1 maint: multiple names: authors list (link)
  11. By Filippo Osella, Filippo Caroline, Caroline Osella (2000). Social Mobility In Kerala Modernity and Identity in Conflict. pluto press. p. 265. ISBN 9780745316932. {{cite book}}: line feed character in |title= at position 26 (help)CS1 maint: multiple names: authors list (link)
  12. എൻ., അജിത്ത്കുമാർ (2004). കേരള സംസ്കാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-88087-17-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  13. Burrow T -DraviDian Studies VII University bulletin of School of Oriental and African Studies, 1947 page 367
  14. അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ
  15. കളരിപ്പയറ്റ് അറിയപ്പെടാത്ത ചരിത്രം.അജിത് ഘോഷ്.ആരോഗ്യ ശാസ്ത്രം മാസിക. 2011 ഡിസംബർ
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-28. Retrieved 2020-11-21.
  17. പി . ബാലകൃഷ്ണന് കളരിപ്പയറ്റ്, ഗ്രന്ഥകര്ത്താവ്, തിരുവനന്തപുരം 1994
  18. കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ എന്ന ഗ്രന്ഥം

കുറിപ്പുകൾ[തിരുത്തുക]

  • ^ ചില താളിയോല ഗ്രന്ഥങ്ങളിൽ പരശുരാമനിൽ നിന്ന് ദ്രോണം വെള്ളി, ഉഗ്രം വെള്ളി, കോരം വെള്ളി, ഉള്ളൂർ തുരത്തിയാട് എന്നിങ്ങനെ നാൾ ഇല്ലങ്ങൾക്ക് കളരി വിദ്യ ലഭിച്ചു എന്ന് കാണുന്നുണ്ട്.
"https://ml.wikipedia.org/w/index.php?title=കളരിപ്പയറ്റ്&oldid=4069840" എന്ന താളിൽനിന്ന് ശേഖരിച്ചത്