അബ്ദുൽ ഹലീം ശരർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉർദു നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു അബ്ദുൽ ഹലീം ശരർ (ഉർദു: عبدالحلیم شرار, ഹിന്ദി: अब्दुल हलीम शरार). ഇദ്ദേഹം 1860-ൽ ലക്നൗവിൽ ജനിച്ചു. പ്രാരംഭ വിദ്യാഭ്യാസം ലക്നൌവിലും ഉപരിവിദ്യാഭ്യാസം കൊൽക്കത്തയിലും നിർവഹിച്ചു. ഇദ്ദേഹം ഉർദു, പേർഷ്യൻ‍, അറബി എന്നീ ഭാഷകളിൽ പാണ്ഡിത്യം നേടി. ആദ്യകാലങ്ങളിൽ ഉർദുവിലും പേർഷ്യനിലും കവിതകളെഴുതിക്കൊണ്ടിരുന്നു. ലഖ്നൗവിലെ അവധ് അഖ്ബാർ എന്ന ഉർദു ദിനപത്രത്തിന്റെ പത്രാധിപസമിതിയിൽ അംഗമായതോടെ ധാരാളം ഗദ്യലേഖനങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും സന്ദർഭം ലഭിച്ചു. ആകർഷകമായ ശൈലീവൈദഗ്ദ്ധ്യം നേടിയ ഗദ്യകാരൻ എന്ന യശസ്സ് പത്രപ്രവർത്തനകാലത്ത് ആർജിക്കുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ഗദ്യലേഖനങ്ങളോടൊപ്പം തന്നെ ധാരാളം ചെറുകഥകളും നോവലുകളും ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഉർദു നോവൽസാഹിത്യശാഖയ്ക്ക് ആധുനിക രൂപം നൽകിയ ശില്പികളിൽ ഒരാൾ കൂടിയാണ് ശരർ. നോവൽ രചനയുടെ നൂതന സാങ്കേതിക മാർഗങ്ങൾ ഉർദുസാഹിത്യത്തിൽ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികളിൽ പ്രമുഖൻ എന്ന സ്ഥാനം സാഹിത്യചരിത്രത്തിൽ ഇദ്ദേഹത്തിനുണ്ട്. ഉത്തരേന്ത്യൻ മുസ്ലീംസമുദായത്തിൽ അടിഞ്ഞുകിടക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മിഥ്യാബോധങ്ങളും തന്റെ നോവലുകളിലൂടെ ഇദ്ദേഹം മറനീക്കിക്കാണിച്ചു. പാത്രപ്രധാനവും സംഭവ പ്രധാനവുമായ നോവലുകൾ ശരർ രചിച്ചിട്ടുണ്ട്. അവയെല്ലാംതന്നെ പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന യഥാർഥ നോവലുകളാണ്. ശരറിന്റെ ഫിർ ദൌസേ ബരീ എന്ന നോവൽ ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ പല ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1926-ൽ ലക്നൌവിൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഹലീം ശരർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹലീം_ശരർ&oldid=2280218" എന്ന താളിൽനിന്ന് ശേഖരിച്ചത്