അന്താരാഷ്ട്ര സംഘടനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമാധികാരസ്വഭാവമുള്ള രാഷ്ട്രങ്ങൾ ചേർന്ന് രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാമൂഹികവും സാസ്കാരികവുമായ ആവശ്യങ്ങൾക്കുവേണ്ടി രൂപവത്കരിക്കുന്ന സംഘടനകളെ അന്താരാഷ്ട്ര സംഘടനകൾ (International organization) എന്നു പറയുന്നു. പ്രത്യേകം വിളിച്ചുകൂട്ടപ്പെട്ട അന്താരാഷ്ട്രസമ്മേളനങ്ങൾ വഴിയാണ് ഇത്തരം സംഘടനകൾ പ്രധാനമായും നിലവിൽ വരുന്നത്.

രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം[തിരുത്തുക]

ആധുനിക സാഹചര്യങ്ങളിൽ, ലോകത്തിലെ ഒരു രാഷ്ട്രവും സ്വയംപര്യാപ്തമല്ല. സൈനികകാര്യങ്ങൾ, വാണിജ്യം, അസംസ്കൃതസാധനങ്ങൾ, സാമ്പത്തികസഹായം, സാങ്കേതികോപദേശം, വ്യാവസായികോത്പന്നങ്ങൾ, വിദേശവിപണികൾ തുടങ്ങിയവയ്ക്കുവേണ്ടി ഒരു രാഷ്ട്രത്തിന് പലപ്പോഴും മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഈ പരസ്പരാശ്രയത്വം നിമിത്തം ലോകരാഷ്ട്രങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുകയാണ്. ലോകസമാധാനം നിലനിൽക്കുന്നതിനുതന്നെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധവും സഹകരണവും കൂടിയേതീരൂ. വിവിധ രാഷ്ട്രങ്ങളിലെ ജനതതികൾക്ക് പൊതുവായ മതമോ ഭാഷയോ രാഷ്ട്രീയ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ആ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം കുറേക്കൂടി ദൃഢമായിത്തീർന്നുവെന്നു വരും. പൊതുവായ ഏതെങ്കിലും പ്രശ്നങ്ങളുള്ള രാഷ്ട്രങ്ങൾ യോജിച്ച് സംഘടനയുണ്ടാക്കുമ്പോൾ അത് ഒരു അന്താരാഷ്ട്ര സംഘടനയായിത്തീരുന്നു.

ആദ്യകാലസംരംഭങ്ങൾ[തിരുത്തുക]

പുരാതന കാലം മുതൽക്കു തന്നെ ലോകത്ത് അനേകം അന്താരാഷ്ട്ര സംഘടനകളുണ്ടായിരുന്നു. പ്രാചീന ഗ്രീസിൽ ഏഥൻസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഡിലോസ്സഖ്യം (Confederacy of Delos)[1] ഇതിനൊരുദാഹരണമാണ്. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ (1769-1821) സാമ്രാജ്യവികസനത്തിനെതിരെ ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് സൈനികസഖ്യങ്ങൾ ഉണ്ടാക്കിയിരുന്നു. രാഷ്ട്രങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ അത് ഒരു സായുധസംഘട്ടനത്തിലേക്കു നീങ്ങുന്നതിനു മുൻപ് ആ തർക്കങ്ങൾ പറഞ്ഞൊതുക്കുന്നതിനും അന്താരാഷ്ട്രസംഘടനകൾ ശ്രമിച്ചിരുന്നു. ഒറ്റതിരിഞ്ഞു നിൽക്കുന്നതിനുപകരം മറ്റു രാഷ്ട്രങ്ങളുമായി സഖ്യങ്ങളുണ്ടാക്കിക്കഴിയുവാനായിരുന്നു എല്ലാ രാഷ്ട്രങ്ങളും ശ്രമിച്ചിരുന്നത്. ലോകരാഷ്ട്രങ്ങളെല്ലാം സംഘടിക്കണമെന്ന ആഗ്രഹത്തിൽനിന്നാണ് ഒന്നാം ലോകയുദ്ധത്തെത്തുടർന്ന്, 1920-ൽ സർവരാഷ്ട്രസഖ്യം (League of Nations)[2] ഉടലെടുത്തത്. അറുപതു രാഷ്ട്രങ്ങൾ അംഗങ്ങളായി ഉണ്ടായിരുന്ന ഈ സംഘടന 1939-ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടുകൂടി നാമാവശേഷമായി.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര സംഘടനകൾ[തിരുത്തുക]

ലോകത്ത് വിവിധ ലക്ഷ്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുന്ന അനേകം സംഘടനകളുണ്ട്. അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഐക്യരാഷ്ട്ര സംഘടന (യു.എൻ).193 അംഗരാഷ്ട്രങ്ങളുള്ള ഈ സംഘടന ലോകസമാധാനത്തിനും മാനവരാശിയുടെ ആകെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ഉന്നമനത്തിനുംവേണ്ടി പ്രവർത്തിക്കുന്നു.

ഐക്യരാഷ്ട്ര സംഘടയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകൾ താഴെപ്പറയുന്നവയാണ്:

  1. ട്രാൻസ്പോർട്ട് ആൻഡ് കമ്യൂണിക്കേഷൻസ് കമ്മിഷൻ (15 അംഗങ്ങൾ).
  2. സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ (15 അംഗങ്ങൾ)
  3. സോഷ്യൽ കമ്മിഷൻ (15 അംഗങ്ങൾ)
  4. പോപ്പുലേഷൻ കമ്മിഷൻ (15 അംഗങ്ങൾ)
  5. കമ്മിഷൻ ഓൺ നർക്കോട്ടിക് ഡ്രഗ്സ് (15 അംഗങ്ങൾ)
  6. കമ്മിഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് (18 അംഗങ്ങൾ)
  7. കമ്മിഷൻ ഓൺ സ്റ്റാറ്റസ് ഒഫ് വിമെൻ (18 അംഗങ്ങൾ)
  8. ഇന്റർ നാഷണൽ ട്രേഡ് കമ്മോഡിറ്റി കമ്മിഷൻ (18 അംഗങ്ങൾ)
  9. എക്കണോമിക് കമ്മിഷൻ ഫോർ ഏഷ്യാ ആൻഡ് ദി ഫാർ ഈസ്റ്റ് (ECAFE-24 അംഗങ്ങൾ)
  10. എക്കണോമിക് കമ്മിഷൻ ഫോർ ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയ (ECLA-33 അംഗങ്ങൾ)
  11. എക്കണോമിക് കമ്മിഷൻ ഫോർ ആഫ്രിക്ക (ECA-53 അംഗങ്ങൾ)
  12. ഇന്റർനാഷണൽ ഡവലപ്പ്മെന്റ് അസോസിയേഷൻ (IDA-102 അംഗങ്ങൾ)
  13. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA-138 അംഗങ്ങൾ)
  14. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO 177 അംഗങ്ങൾ)
  15. ഫുഡ് ആൻഡ് അഗ്രിക്കൽച്ചറൽ ഓർഗനൈസേഷൻ (FAO-188 അംഗങ്ങൾ)
  16. യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക്ക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO 197 അംഗങ്ങൾ)
  17. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് എമർജൻസി ഫണ്ട് (UNICEF-155 അംഗങ്ങൾ)
  18. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO-192 അംഗങ്ങൾ)
  19. ഇന്റർ ഗവൺമെന്റൽ മാരിട്ടൈം കൺസൽട്ടേറ്റീവ് ഓർഗനൈസേഷൻ (IMCO-67 അംഗങ്ങൾ)
  20. വേൾഡ് മെറ്റിയറോളജിക്കൽ ഓർഗനൈസേഷൻ (WMO-187 അംഗങ്ങൾ)
  21. ഇന്റർ നാഷണൽ ടെലി കമ്യൂണിക്കേഷൻ യൂണിയൻ (ITU-189 അംഗങ്ങൾ)
  22. ഇന്റർനാഷണൽ ബാങ്ക് ഫോർ റികൺസ്റ്റ്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് (IBRD-184 അംഗങ്ങൾ)
  23. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU-190 അംഗങ്ങൾ)
  24. ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO 189 അംഗങ്ങൾ)
  25. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC 178 അംഗങ്ങൾ)
  26. ഇന്റർ നാഷണൽ മോണിറ്ററി ഫണ്ട് (IMF-184 അംഗങ്ങൾ)
  27. ഇന്റർ നാഷണൽ കോർട് ഒഫ് ജസ്റ്റിസ്
  28. യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്പ്മെന്റ് (UNCTAD-192 അംഗങ്ങൾ).

ഇവയ്ക്കു പുറമേ, യു.എന്നുമായി ഔദ്യോഗികബന്ധമില്ലാത്ത അനവധി അന്താരാഷ്ട്രസംഘടനകൾ നിലവിലുണ്ട്. യു.എൻ. വോട്ടിങ്ങിൽ ഈ സംഘടനകളിലെ അംഗങ്ങൾ നിർണായകമായ സ്വാധീനം ചെലുത്താറുണ്ട്. സാമ്പത്തിക രാഷ്ട്രീയ സൈനിക സാമൂഹിക സാംസ്കാരിക ലക്ഷ്യങ്ങളെ ആസ്പദമാക്കി രൂപവത്കരിക്കപ്പെട്ട മറ്റ് അന്താരാഷ്ട്ര സംഘടനകൾ താഴെപ്പറയുന്നവയാണ്.

സാമ്പത്തിക/വാണിജ്യ ലക്ഷ്യമുള്ളവ[തിരുത്തുക]

  1. അറബ് കോമൺമാർക്കറ്റ്. 1965 ജനുവരി 1-ന് നിലവിൽ വന്ന ഈ സംഘടനയുടെ ആസ്ഥാനം കെയ്റോ ആണ്. അംഗരാഷ്ട്രങ്ങൾ: ഇറാക്ക്, ജോർദാൻ, സിറിയ, ഈജിപ്റ്റ്, ലിബിയ, മോറിറ്റേനിയ യെമൻ
  2. അസോസിയേഷൻ ഒഫ് സൌത്ത് ഈസ്ററ് ഏഷ്യൻ നേഷൻസ്. 1967 ആഗസ്റ്റ് 8-ന് രൂപംകൊണ്ടതാണ് ഈ സംഘടന. അംഗങ്ങൾ: ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂർ, ഫിലിപ്പീൻസ്, തായ്‌ലൻഡ് ബ്രൂണൈ ദരുസ്സലം, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ
  3. ബനലക്സ് എക്കണോമിക്ക് യൂണിയൻ. 1960 നവംബർ 1-ന് പ്രാബല്യത്തിൽ വന്നു. ആസ്ഥാനം ബ്രസൽസ്. അംഗങ്ങൾ: ബെൽജിയം, നെതർലൻഡ്, ലക്സംബർഗ്.
  4. സെൻട്രൽ അമേരിക്കൻ കോമൺ മാർക്കറ്റ്. 1960-ൽ രൂപവത്കരിച്ച ഈ സംഘടനയുടെ കേന്ദ്രം ഗ്വാട്ടിമാലസിറ്റി. അംഗങ്ങൾ: കോസ്റ്ററിക്ക, എൽസാൽവഡോർ, ഗ്വാട്ടിമാല, നിക്കരാഗുവ
  5. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ. 1960 മേയിൽ നിലവിൽവന്നു. ആസ്ഥാനം ജനീവ. അംഗങ്ങൾ: ഐസ്‌ലൻഡ്, ലിച്ചൻസ്റ്റൈൻ, നോർവെ, സ്വിറ്റ്സർലൻഡ്
  6. യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ സഖ്യമായ ഈ സംഘടനയിൽ ഇന്ന് 25 (2006) അംഗങ്ങളുണ്ട്.
  7. കൊളംബൊ പദ്ധതി. 1951-ൽ സ്ഥാപിച്ചു. ആസ്ഥാനം കൊളംബൊ. അംഗങ്ങൾ: അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഫിജി, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, ലാവോസ്, മലേഷ്യ, മാലിദ്വീപുകൾ, മംഗോളിയ
  8. സൌത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ ഓപ്പറേഷൻ (SAARC)[3] 1985-ൽ സ്ഥാപിതമായി. അംഗങ്ങൾ: ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപുകൾ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക.
  9. ലോകവ്യാപാരസംഘടന (WTO).[4] സാമ്പത്തിക ലക്ഷ്യങ്ങളുള്ള മറ്റൊരു സുപ്രധാന സംഘടനയാണ് ലോകവ്യാപാര സംഘടന. 1995 ജനുവരി 1-ന് സ്ഥാപിതമായ ഈ സംഘടനയിൽ 149 അംഗങ്ങളാണ് ഉളളത്. പൊതുവേ ആഗോളതലത്തിൽ വ്യാപാര-വാണിജ്യ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇത് നാല് പ്രത്യേക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ലോക വ്യാപാര ഉടമ്പടികൾ നടപ്പിലാക്കുക; വ്യാപാര തർക്കങ്ങൾ പരിഹരിക്കുക; വാണിജ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനുളള വേദിയൊരുക്കുക; അംഗരാജ്യങ്ങളുടെ വാണിജ്യ നയങ്ങൾ അവലോകനം ചെയ്യുക.

രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവ[തിരുത്തുക]

  1. കോമൺ വെൽത്ത് ഒഫ് നേഷൻസ്. ബ്രിട്ടിഷ് സാമ്രാജ്യത്തിൽനിന്നും സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണ് ഈ സംഘടനയുടെ ഭൂരിപക്ഷം അംഗങ്ങളും. ഇപ്പോൾ (2006) 53 അംഗങ്ങളുണ്ട്. ഇതിന്റെ ആസ്ഥാനം ലണ്ടൻ ആണ്.
  2. അറബിലീഗ്. 1945-ൽ സ്ഥാപിതമായി. ആസ്ഥാനം: കെയ്റോ. അംഗങ്ങൾ: ഈജിപ്റ്റ്, സിറിയ, അൽജീറിയ, ഇറാക്ക്, ജോർദാൻ, കുവെയ്റ്റ്, ലെബനൻ, ലിബിയ, മൊറോക്കോ, സൌദി അറേബ്യ, സുഡാൻ, ടുണീഷ്യ, യെമൻ, യു.എ.ഇ., ബഹറിൻ, ഖത്തർ, ഒമാൻ, മോറിറ്റേനിയ, സൊമാലിയ, പലസ്തീൻ, ജിബൌട്ടി, കൊമൊറാസ്.
  3. ഓർഗനൈസേഷൻ ഒഫ് ആഫ്രിക്കൻ യൂണിറ്റി. 1963 മേയ് 25-ന് നിലവിൽവന്നു. ആസ്ഥാനം: ആഡിസ് അബാബ. ദക്ഷിണാഫ്രിക്കയിൽ അപാർതീഡ് അവസാനിപ്പിക്കുന്നതിലും ഭൂരിപക്ഷഭരണം നടപ്പാക്കുന്നതിലും ഒ.എ.യു. പ്രധാന പങ്ക് വഹിച്ചു. ഒ.എ.യു.വിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുടർച്ച നൽകുവാൻ വേണ്ടി 2001-ൽ സ്ഥാപിക്കപ്പെട്ട ആഫ്രിക്കൻ യൂണിയൻ (എ.യു.) 2002-ൽ ഒ.എ.യു.വിന്റെ സ്ഥാനം പൂർണമായും ഏറ്റെടുത്തു.
  4. ഓർഗനൈസേഷൻ ഒഫ് അമേരിക്കൻ സ്റ്റേറ്റ്സ് (അമേരിക്കൻ സ്റ്റേറ്റ് സംഘടന). 1951 ഡിസംബർ 13-ന് നിലവിൽ വന്നു. ആസ്ഥാനം: വാഷിങ്ടൺ (ഡി.സി.). അമേരിക്കൻ വൻകരയിലെ 35 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.
  5. ഓർഗനൈസേഷൻ ഒഫ് സെൻട്രൽ അമേരിക്കൻ സ്റ്റേറ്റ്സ്. 1951-ൽ നിലവിൽ വന്നു. ആസ്ഥാനം: സാൻസാൽവഡോർ. അംഗങ്ങൾ: കോസ്റ്റിറിക്ക എൽസാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ.

സൈനിക ലക്ഷ്യങ്ങളുള്ളവ[തിരുത്തുക]

  1. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO).[5] 1949 ആഗസ്റ്റ് 24-ന് നിലവിൽ വന്നു. ആസ്ഥാനം: ബ്രസൽസ്. അംഗങ്ങൾ: 26.
  2. ആൻസുസ് (ANZUS)[6] 1951-ൽ നിലവിൽ വന്നു. ആസ്ഥാനം: കാൻബറ. അംഗങ്ങൾ: ആസ്ട്രേലിയ, യു.എസ്.

ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയിറ്റസ് ആൻഡ് മെഷേർസ് (1876), ഇന്റർനാഷണൽ കമ്മിറ്റി ഒഫ് ദി റെഡ് ക്രോസ് (1863), ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ - 1956) എന്നിവ മറ്റുചില അന്താരാഷ്ട്ര സംഘടനകളാണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-03. Retrieved 2011-08-19.
  2. http://www.historylearningsite.co.uk/leagueofnations.htm
  3. http://www.saarc-sec.org/
  4. http://www.wto.org/english/thewto_e/whatis_e/whatis_e.htm
  5. http://www.nato.int/cps/en/natolive/index.htm
  6. http://www.britannica.com/EBchecked/topic/29147/ANZUS-Pact

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര സംഘടനകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്താരാഷ്ട്ര_സംഘടനകൾ&oldid=3987930" എന്ന താളിൽനിന്ന് ശേഖരിച്ചത്