ജിഞ്ചർ റോജേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിഞ്ചർ റോജേർസ്
ജിഞ്ചർ റോജേർസ് ജൂൺ 1945 ൽ
ജനനം
വിർജീനിയ കാതറീൻ മക്മത്ത്

(1911-07-16)ജൂലൈ 16, 1911
മരണംഏപ്രിൽ 25, 1995(1995-04-25) (പ്രായം 83)
അന്ത്യ വിശ്രമംഓൿലാന്റ്‍ മെമ്മോറിയൽ പാർക്ക് സെമിത്തേരി, ചാറ്റ്‍സ്‍വർത്ത്, കാലിഫോർണിയ, യു.എസ്.
തൊഴിൽ
  • നടി
  • നർത്തകി
  • ഗായിക
സജീവ കാലം1925–1987
ജീവിതപങ്കാളി(കൾ)
വെബ്സൈറ്റ്gingerrogers.com

ഹോളിവുഡിന്റെ "സുവർണ്ണ കാലഘട്ടത്തിലെ ഒരു അമേരിക്കൻ നടിയും നർത്തകിയും ഗായികയുമായിരുന്ന ജിഞ്ചർ റോജേർസ് പലപ്പോഴും ഒരു അമേരിക്കൻ ഐക്കണായി കണക്കാക്കപ്പെട്ടിരുന്നു. അവരുടെ യഥാർത്ഥ പേര് വിർജീനിയ കാതറീൻ മക്മത്ത്. 1911 ജൂലൈ 16 ന് അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്ത് ഇൻഡിപെൻഡൻസ് നഗരത്തിൽ ജനിച്ചു. ജിഞ്ചറിന് 9 വയസുള്ളപ്പോൾ കുടുംബം ടെക്സസിലെ ഫോർട്ട് വർത്തിലേയ്ക്കു വന്നു. റോജേർസിന്റെ ആദ്യ ചലച്ചിത്ര വേഷങ്ങൾ സഹനടിയായി അഭിനയിച്ച് 1933 ൽ പുറത്തിറങ്ങിയ 42ന്റ് സ്ട്രീറ്റ്, ഗോൾഡൻ ഡിഗ്ഗേർസ് ഓഫ് 1933 എന്നിവ ആയിരുന്നു. 1930 കളിൽ‌ സ്വിംഗ് ടൈം (1936), ടോപ്പ് ഹാറ്റ് (1935) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1940 ൽ റോജേർസ് അഭിനയിച്ച കിറ്റി ഫോയ്ൽ മികച്ച നടിയ്ക്കുള്ള അക്കാദമി അവാർഡ് ലഭിച്ചു. 1930 കളിൽ ഫ്രെഡ് അസ്റ്റയറുമൊത്തുള്ള ആർ‌കെ‌ഒയുടെ സംഗീത പ്രധാനമായ സിനിമകളിൽ അഭിനയിച്ചതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അക്കാലത്ത് ഹോളിവുഡിലെ ഏറ്റവു കൂടുതൽ പ്രതിഫലം പറ്റുന്ന താരം ആയിരുന്നു. ദ ബർക്കിലി ഓഫ് ബ്രോഡ്‍വേ (1949), ഹെല്ലോ, ഡോളി! (1965) ബെയ്ബ്സ് ഇൻ ആംസ് (1985) എന്നിവ ഏതാനും വിജയചിത്രങ്ങളാണ്. സിനിമാരംഗത്തോടൊപ്പം 1987 വരെ ടെലിവിഷൻ പരിപാടികളിൽ അഭിനയിച്ചിരുന്നു റേഡിയോ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

1925 ലെ ഒരു ചാൾസ്റ്റൺ നൃത്തമത്സരത്തിൽ വിജയിച്ചതിനുശേഷം  ഹാസ്യ നാടക നടിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജിഞ്ചർ, ഗേൾ ക്രേസി എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഒരു ബ്രോഡ്‍വേ നടിയായി യി അംഗീകാരം നേടി. ഇത് പാരാമൗണ്ട് പിക്ചേഴ്സുമായുള്ള കരാറിലേക്ക് നയിക്കുകയും ഇത് അഞ്ച് ചിത്രങ്ങളിലെ അഭിനയത്തിന് ശേഷം കരാർ അവസാനിക്കുകയും ചെയ്തു.

1930 കളിൽ, ഫ്രെഡ് അസ്റ്റയറുമൊത്തുള്ള റോജേഴ്സിന്റെ ഒൻപത് സിനിമകൾ പ്രത്യേക  വിഭാഗത്തിൽ വിജയം നേടിയതോടൊപ്പം ആർ‌കെ‌ഒ പിക്ചേഴ്സിന്, പ്രത്യേകിച്ച് ദ ഗേ ഡിവോഴ്‌സി (1934), ടോപ്പ് ഹാറ്റ് (1935), ദ സ്വിംഗ് ടൈം (1936) പോലെയുള്ള ഏറ്റവും വലിയ വിജയങ്ങളും നൽകി.  എന്നാൽ അസ്റ്റയറുമായുള്ള ചിത്രങ്ങളുടെ രണ്ട് വാണിജ്യ പരാജയങ്ങൾക്ക് ശേഷം അവർ നാടകീയ, ഹാസ്യരസ പ്രധാന സിനിമകളിലേയ്ക്ക് ചുവടു മാറ്റി. സ്റ്റേജ് ഡോർ (1937), വിവേഷ്യസ് ലേഡി (1938), ബാച്ചിലർ മദർ (1939), ദി മേജർ ആൻഡ് മൈനർ (1942), ഐൽ ബി സീയിംഗ് യു (1944) എന്നീ ചിത്രങ്ങളിലെ അഭിനയം നിരൂപകരുടേയും പ്രേക്ഷകരുടേയുമിടയിൽ മികച്ച സ്വീകാര്യത നേടി. ഓസ്കാർ പുരസ്കാരം നേടിയതിന് ശേഷം, റോജേഴ്സ് 1940 കളിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ഘടകവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളുമായി മാറി.

റോജേഴ്സിന്റെ ജനപ്രീതി ദശകത്തിന്റെ അവസാനത്തോടെ അത്യുന്നതിയിലെത്തുകയായിരുന്നു. ഒരു വാണിജ്യ വിജയകരമായ മാറിയ ദി ബാർക്ലീസ് ഓഫ് ബ്രോഡ്‌വേ എന്ന ചിത്രത്തിലൂടെ 1949 ൽ അവർ അസ്റ്റയറുമായി വീണ്ടും ഒന്നിച്ചു. 1950 കളുടെ മധ്യത്തിൽ ചലച്ചിത്രനിർമ്മാണം വിജയകരമല്ലാത്ത ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, ഹാസ്യരസ പ്രധാനമായ മങ്കി ബിസിനസ് (1952), നിരൂപക പ്രശംസ നേടിയ ടൈറ്റ് സ്പോട്ട് (1955) എന്നിവയിൽ  അഭിനയിച്ച് റോജേർസ് 1965 ൽ ബ്രോഡ്‌വേയിലേക്ക് മടങ്ങിയെത്തുകയും ഹലോ, ഡോളി! എന്ന നാടകത്തിലെ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. കൂടുതൽ ബ്രോഡ്‌വേ വേഷങ്ങിൽ അഭിനയിച്ചതോടൊപ്പം 1985 ൽ സംവിധായികയായി അരങ്ങേറ്റം കുറിച്ച ബേബ്സ് ഇൻ ആർമ്സ് ബ്രോഡ്‌വേയ്ക്കു പുറത്ത് പ്രദർശിപ്പിക്കപ്പെട്ടു. സിനിമാ അഭിനയത്തോടൊപ്പം 1987 വരെ ടെലിവിഷനിലും പ്രത്യക്ഷപ്പെട്ട അവർ ജിഞ്ചർ: മൈ സ്റ്റോറി എന്ന ആത്മകഥ എഴുതി 1991 ൽ പ്രസിദ്ധീകരിച്ചു. 1992 ൽ കെന്നഡി സെന്റർ ഓണേഴ്സിൽ റോജേഴ്സിന് അംഗീകാരം നൽകപ്പെട്ടു. 1995 ഏപ്രിൽ 25ന് 83 വയസിൽ ഹാർട്ട് അറ്റാക്കിനാൽ മരണമടഞ്ഞു. ഏകദേശം 73 സിനിമകളിൽ അഭിനയിച്ചു.

ഒരു അടിയുറച്ച റിപ്പബ്ലിക്കൻ പക്ഷക്കാരിയും  ഭക്തയായ ക്രിസ്ത്യൻ സയന്റിസ്റ്റുമായ റോജേഴ്സ് അഞ്ച് തവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തു. അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. തന്റെ നീണ്ടകാലത്തെ അഭിനയ ജീവിതത്തിനിടയിൽ റോജേഴ്സ് 73 സിനിമകളിൽ അഭിനയിക്കുകയും AFIയുടെ 100 ഇയേഴ്സ് ... 100 സ്റ്റാർസ്  പട്ടികയിൽ ക്ലാസിക് അമേരിക്കൻ സിനിമയിലെ വനിതാ താരങ്ങളുടെ നിരയിൽ 14-ആം സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.

ആദ്യകാലം[തിരുത്തുക]

വിർജീനിയ കാതറീൻ മക്മാത് 1911 ജൂലൈ 16 ന് മിസോറിയിലെ ഇൻഡിപെൻഡൻസ് നഗരത്തിൽ ഒരു പത്ര റിപ്പോർട്ടർ, തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ലേല എമോജിൻ (മുമ്പ്, ഓവൻസ്; 1891-1977), ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന വില്യം എഡ്ഡിൻസ് മക്മാത്ത് (1880-1925) എന്നിവരുടെ ഏക പുത്രിയായി ജനിച്ചു.r.[1]:9, 10[1]:16[2] വിൽമ സഫ്രോണ (മുമ്പ്, ബാൾ), വാൾട്ടർ വിൻഫീൽഡ് ഓവൻസ് എന്നിവരായിരുന്നു അവളുടെ മാതൃ മുത്തശ്ശീമുത്തഛന്മാർ..[3]:3 ജിഞ്ചർ റോജേർസിന് സ്കോട്ടിഷ്, വെൽഷ്, ഇംഗ്ലീഷ് വംശ പാരമ്പര്യമാണുണ്ടായിരുന്നത്.[4] ആശുപത്രിയിൽ തന്റെ മുൻ ശിശുവിനെ നഷ്ടപ്പെട്ട മാതാവ് ഭവനത്തിലാണ് ജിഞ്ചറിനെ പ്രസവിച്ചത്..[5]:11അവൾ ജനിച്ച് അധികം താമസിയാതെ മാതാപിതാക്കൾ വേർപിരിഞ്ഞു..[6]:1, 2, 11കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള വിഫലമായ ശ്രമത്തിന് ശേഷം മകളെ രണ്ടുതവണ തട്ടിക്കൊണ്ടുപോയ മക്മാത്തിൽനിന്ന് മാതാവ് താമസിയാതെ വിവാഹമോചനം നേടുകയും ചെയ്തു.[7]:7, 15[8] തന്റെ യഥാർത്ഥ പിതാവിനെ പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്ന് റോജേഴ്സ് പറഞ്ഞിരുന്നു.[9]:15

1915-ൽ റോജേഴ്സ്  കൻസാസ് സിറ്റിയ്ക്കു സമീപത്ത് താമസിച്ചിരുന്ന അവളുടെ മുത്തച്ഛന്റെ അടുത്തേയ്ക്ക് മാറുകയും മാതാവ് താൻ എഴുതിയ ഒരു ഉപന്യാസം സിനിമയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹോളിവുഡിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു..[10]:19 ലേല ഈ സംരഭത്തിൽ വിജയിക്കുകയും ഫോക്സ് സ്റ്റുഡിയോയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന ജോലി തുടരുകയും ചെയ്തു.[11]:26–29 മുത്തച്ഛനുമായി അടുത്തിടപഴകിയിരുന്ന റോജേർസ്, പിന്നീട് 1939 ൽ ഒരു താരമായപ്പോൾ, കാലിഫോർണിയയിലെ ഷെർമാൻ ഓക്‌സിലെ 5115 ഗ്രീൻബഷ് അവന്യൂവിൽ ഒരു വീട് വാങ്ങി അദ്ദേഹത്തെ അവിടെയ്ക്ക് കൊണ്ടുവന്നതിനാൽ സ്റ്റുഡിയോയിൽ ചിത്രീകരണത്തിനിടയിൽ റോജേർസിന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ലഭിച്ചിരുന്നു. റോജേഴ്സിന്റെ യുവതിമാരായ കസിൻമാരിൽ ഒരാളായ ഹെലന് "വിർജീനിയ" എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നതിനാൽ ഈ പേര്"ബദിന്ദ" എന്ന് ചുരുക്കി വിളിക്കുകയും താമസിയാതെ ഈ വിളിപ്പേര് "ജിഞ്ച" എന്നായി മാറുകയും ചെയ്തു.

ജിഞ്ചർ റോജേഴ്സിന് ഒൻപത് വയസ് പ്രായമുള്ളപ്പോൾ അവരുടെ മാതാവ് ജോൺ ലോഗൻ റോജേഴ്സിനെ വിവാഹം കഴിച്ചു. ജിഞ്ചർ തന്റെ രണ്ടാം പേരായി റോജേഴ്സ് എന്ന നാമം സ്വീകരിച്ചുവെങ്കിലും അവൾ നിയമപരമായി ദത്തെടുക്കപ്പെട്ടിരുന്നില്ല. ഫോർട്ട് വർത്തിലാണ് അവർ താമസിച്ചിരുന്നത്. ഇതിനിടെ ദ ഫോർട്ട് വർത്ത് റെക്കോർഡ് എന്ന പ്രാദേശിക പത്രത്തിന്റെ നാടക നിരൂപകയായി അമ്മ മാറി. ഫോർട്ട് വർത്തിലെ സെൻട്രൽ ഹൈസ്‌കൂളിൽ (പിന്നീട് ഗ്രീൻ ബി. ട്രിംബിൾ ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്ന് പുനർനാമകരണം ചെയ്തു) ചേർന്നുവെങ്കിലും അവിടെനിന്ന് ബിരുദം നേടിയില്ല.

കൗമാരപ്രായത്തിൽ, റോജേഴ്സ് ഒരു സ്കൂൾ അദ്ധ്യാപികയാകുന്നതിനേക്കുറിച്ച് ചിന്തിച്ചുവെങ്കിലും ഹോളിവുഡിലും നാടകവേദിയിലുമുള്ള മാതാവിന്റെ താൽപര്യം മൂലം, നാടകാഭിനയത്തോടുള്ള അവളുടെ ആദ്യകാല താൽപ്പര്യം ക്രമേണ വർദ്ധിച്ചു. മജസ്റ്റിക് നാടകാലയത്തിന്റെ വശങ്ങളിൽ മാതാവിനെ കാത്തുനിൽക്കുന്ന ഇടവേളകളിൽ അവർ വേദിയിലെ അവതാരകരോടൊപ്പം  പാടാനും നൃത്തം ചെയ്യാനും ആരംഭിച്ചു.[12]

സ്വകാര്യജീവിതം[തിരുത്തുക]

ഏകമകളായിരുന്ന ജിഞ്ചർ റോജേഴ്സ് ജീവിതത്തിലുടനീളം മാതാവ് ലേല റോജേഴ്സുമായി ഗാഢബന്ധം പുലർത്തിയിരുന്നു. പത്ര റിപ്പോർട്ടർ, തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ലേല, മറൈൻ കോർപ്സിൽ ചേരുന്നതിനുള്ള പട്ടികയിൽ ഇടംപിടിച്ച  ആദ്യ വനിതകളിൽ ഒരാളാണ് എന്നതുപോലെതന്നെ ആർ‌കെ‌ഒ സെറ്റിലെത്താൻ അഭിലഷിക്കുന്ന അഭിനേതാക്കൾക്കും നടിമാർക്കും വേണ്ടിയുള്ള വിജയകരമായ "ഹോളിവുഡ് പ്ലേ ഹൌസിന്റെ" സ്ഥാപകയും മോഷൻ പിക്ച്ചർ അലയൻസ് ഫോർ ദ പ്രിസർവേഷൻ ഓഫ് അമേരിക്കൻ ഐഡൽസ്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു ആജീവനാന്ത അംഗമായിരുന്ന ജിഞ്ചർ റോജേഴ്സ് 1944 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ[13] തോമസ് ഡേവിക്കുവേണ്ടി പ്രചാരണം നടത്തുകയും ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്‌വെൽറ്റിനെ ശക്തമായി എതിർക്കുകയും ഒപ്പം അദ്ദേഹത്തിന്റെ ന്യൂ ഡീൽ നിർദ്ദേശങ്ങൾക്ക് എതിരായി സംസാരിക്കുകയും ചെയ്തു. ഡോട്ടേർസ് ഓഫ് അമേരിക്കൻ റവലൂഷനിലെ ഒരു അംഗവുംകൂടിയായിരുന്നു അവർ.

റോജേഴ്സിനും മാതാവിനും വളരെ അടുത്ത ഔദ്യോഗിക ബന്ധമുണ്ടായിരുന്നു. ന്യൂയോർക്ക് നഗരത്തിലും ഹോളിവുഡിലുമുള്ള മകളുടെ ആദ്യകാല വിജയങ്ങൾക്ക് നിരവധി നിർണായക സംഭാവനകൾ നൽകിയതിന്റെ ഖ്യാതി കൂടാതെ ആർ‌കെ‌ഒയുമായുള്ള കരാർ ചർച്ചകളിൽ ലേല റോജേഴ്സ് മകൾക്ക് ഏറെ സഹായം നൽകി. മകളെ കേന്ദ്ര കഥാപാത്രമാക്കി കുട്ടികളുടെ ഒരു മിസ്റ്ററി പുസ്തകവും അവർ എഴുതിയിരുന്നു.[14]

1929 മാർച്ച് 29 ന് റോജേഴ്സ് തന്റെ 17-ആം വയസ്സിൽ തന്റെ നൃത്ത പങ്കാളിയായ ജാക്ക് പെപ്പറെ (യഥാർത്ഥ പേര് എഡ്വേഡ് ജാക്സൺ കൾപ്പെപ്പർ) വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞയുടനെ വേർപിരിഞ്ഞ അവർ 1931 ൽ വിവാഹമോചനം നേടി. 1932 ൽ മെർവിൻ ലെറോയിയുമായി ഡേറ്റ് ചെയ്തു ജിഞ്ചർ  പക്ഷേ ബന്ധം അവസാനിപ്പിക്കുകയും 1987 ൽ അയാളുടെ  മരണംവരെ സുഹൃത്തുക്കളായി തുടരുകയും ചെയ്തു. 1934 ൽ അവർ നടൻ ലൂ അയേറസിനെ (1908–96) വിവാഹം കഴിച്ചു. ഏഴു വർഷത്തിനുശേഷം വിവാഹമോചനം നേടി.

1943 ൽ റോജേഴ്സ് തന്റെ മൂന്നാമത്തെ ഭർത്താവായിരുന്ന യു.എസ്. മറൈൻ ഉദ്യോഗസ്ഥൻ ജാക്ക് ബ്രിഗ്ഗ്സിനെ വിവാഹം കഴിച്ചു. രണ്ടാം ലോക മഹായുദ്ധരംഗത്തു നിന്ന് മടങ്ങിയെത്തിയ ബ്രിഗ്‌സ് തന്റെ മൊട്ടിട്ടു വരുന്ന ഹോളിവുഡ് ജീവിതം തുടരാൻ താൽപര്യം കാണിച്ചില്ല. 1949 ൽ അവർ വിവാഹമോചനം നേടി. 1953 ൽ, പാരീസ് സന്ദർശനവേളയിൽ പരിചയപ്പെട്ട തന്നേക്കൾ 16 വയസ്സ് കുറവായ ഫ്രഞ്ച് നടൻ ജാക്വസ് ബെർഗെറാക്കിനെ അവർ വിവാഹം കഴിച്ചു. ഫ്രാൻസിലെ ഒരു അഭിഭാഷകനായിരുന്ന അദ്ദേഹം അവളോടൊപ്പം ഹോളിവുഡിൽ എത്തുകയും ഒരു നടനായിത്തീരുകയും ചെയ്തു. 1957 ൽ അവർ വിവാഹമോചനം നേടി. സംവിധായകനും നിർമ്മാതാവുമായ വില്യം മാർഷലായിരുന്നു അവരുടെ അഞ്ചാമത്തെയും അവസാനത്തെയും ഭർത്താവ്. 1961 ൽ വിവാഹിതരായ അവർ അയാളടെ മദ്യപാനവും ജമൈക്കയിലെ സംയുക്ത ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ സാമ്പത്തിക തകർച്ചയ്ക്കും ശേഷം 1969 ൽ വിവാഹമോചനം നേടി.

നടിമാരായ ലൂസിലെ ബോൾ, ബെറ്റി ഡേവിസ് എന്നിവരുമായി ഒരു ആജീവനാന്ത സൌഹൃദമുണ്ടായിരുന്നു റോജേഴ്സിന്. 1971 നവംബർ 22 ന് ഹിയേഴ്സ് ലൂസിയുടെ ഒരു എപ്പിസോഡിൽ അവൾ ലൂസിലെ ബോളിനൊപ്പം പ്രത്യക്ഷപ്പെടുകയും അതിൽ റോജേഴ്സ് നിരവധി വർഷങ്ങൾക്ക് ശേഷം ആദ്യമായി ചാൾസ്റ്റൺ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഒരു വനിതാ സഹ സംവിധായികയും സഹ-തിരക്കഥാകൃത്തുമായ വാണ്ട തുചോക്കിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ ഫിനിഷിംഗ് സ്കൂളിൽ (1934) റോജേഴ്സ് അഭിനയിച്ചിരുന്നു. ജിഞ്ചർ റോജേഴ്സ് എഴുത്തുകാരിയും കുലീന വനിതയും റാൻഡം ഹൗസ് പ്രസാധകൻ ബെന്നറ്റ് സെർഫിന്റെ ഭാര്യയുമായിരുന്ന തന്റെ കസിൻ ഫിലിസ് ഫ്രേസറുമായി ഒരു അടുത്ത സുഹൃദ്‌ബന്ധം സ്ഥാപിച്ചിരുന്നുവെങ്കിലും അവർ  റിത ഹെയ്‌വർത്തിന്റെ സ്വാഭാവിക കസിൻ ആയിരുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹെയ്‌വർത്തിന്റെ മാതൃ അമ്മാവനായ വിന്റൺ ഹെയ്‌വർത്ത് റോജേഴ്സിന്റെ മാതൃ അമ്മായി ജീൻ ഓവൻസിനെയാണ് വിവാഹം കഴിച്ചിരുന്നത്.

ഒരു ക്രിസ്ത്യൻ സയന്റിസ്റ്റായി വളർന്ന അവൾ ആജീവനാന്തം ഈ വിശ്വാസത്തിന്റെ അനുയായിയായി തുടർന്നു. ഔദ്യോഗിക ജീവിതത്തിലുടനീളം തന്റെ വിശ്വാസത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന തരത്തിൽ ഒരു  ആത്മകഥയ്ക്കുവേണ്ടി ധാരാളം സമയം ചെലവഴിച്ചു.[15] റോജേഴ്സിന്റെ മാതാവ് 1977-ൽ അന്തരിച്ചു. 1990 വരെ റോജേഴ്സ് 4-ൽ (റോജേഴ്സ് റോഗ് റിവർ റാഞ്ചിൽ) തുടർന്ന ജിഞ്ചർ സ്വത്ത് വിൽക്കുകയും അടുത്തുള്ള ഒറിഗണിലെ മെഡ്‌ഫോർഡിലേക്ക് താമസം മാറുകയും ചെയ്തു.

മിസോറിയിലെ ഇൻഡിപെൻഡൻസ് നഗരം 1994 ൽ ജിഞ്ചർ റോജേഴ്സിന്റെ ജന്മസ്ഥലം ചരിത്രപരമായി പ്രധാനപ്പെട്ട ഒരു ലാൻഡ്മാർക്ക്  ആയി നിശ്ചയിച്ചു. 1994 ജൂലൈ 16 ന് ജിഞ്ചറും അവരുടെ സെക്രട്ടറി റോബർട്ട ഓൾഡനും മിസോറിയിലെ ഇൻഡിപെൻഡൻസ്  നഗരം അവതരിപ്പിച്ച ജിഞ്ചർ റോജേർസ് ദിനത്തിൽ പങ്കെടുക്കാൻ നഗരം സന്ദർശിച്ചു. 1911 ജൂലൈ 16 ന് അവർ ജനിച്ച വീടിന്റെ മുൻവശത്ത് മേയർ റോൺ സ്റ്റുവാർട്ട് ഒരു ചരിത്ര ലാൻഡ്മാർക്ക് പ്രോപ്പർട്ടി ഫലകം ഘടിപ്പിച്ചപ്പോൾ ജിഞ്ചർ സന്നിഹിതയായിരുന്നു. ഈ പരിപാടിയിൽ രണ്ടായിരത്തിലധികം ഓട്ടോഗ്രാഫുകളിൽ അവർ ഒപ്പിട്ടിരുന്നു. അവരുടെ അവസാനത്തെ പൊതുപരിപാടികളിൽ ഒന്നായിരുന്നു ഇത്.

2016 ൽ ത്രീ ട്രയൽസ് കോട്ടേജ് ഈ വീട് വാങ്ങി പുനരുദ്ധാരണം നടത്തുകയും തുടർന്ന് ലേല ഓവൻസ്-റോജേഴ്സിനും ജിഞ്ചർ റോജേഴ്സിനുമായി സമർപ്പിക്കപ്പെട്ട ഒരു മ്യൂസിയമാക്കി മാറ്റി. ഇതിൽ സ്‌മരണികകൾ, മാഗസിനുകൾ, മൂവി പോസ്റ്ററുകൾ, ലേലയുടെയും ജിഞ്ചറുടേയും ഉടമസ്ഥതയിലുണ്ടായിരു റാഞ്ചിൽ നിന്നുള്ള നിരവധി ഇനങ്ങൾ എന്നിവയും അടങ്ങിയിരിക്കുന്നു. ജിഞ്ചർ റോജേഴ്സ് ധരിച്ചിരുന്ന നിരവധി വസ്ത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് മ്യൂസിയം കാലാനുസൃതമായി തുറന്നിരുന്നതോടൊപ്പം ഓരോ വർഷവും നിരവധി പ്രത്യേക പരിപാടികൾ ഇവിടെ  നടക്കുന്നു. 2019 ഓഗസ്റ്റിൽ ഈ മ്യൂസിയം അടച്ചു.[16]

1995 മാർച്ച് 18 ന് വിമൻസ് ഇന്റർനാഷണൽ സെന്റർ (WIC) ലിവിംഗ് ലെഗസി അവാർഡ് ലഭിച്ചപ്പോഴാൺ ജിഞ്ചർ റോജേഴ്സ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. 1926 ൽ ഒരു വാഡെവില്ലിയൻ ആയി ക്രറ്റേറിയൻ തീയേറ്ററിൽ തുടക്കം കുറിച്ച അവർ വർഷങ്ങളോളം, റോജേഴ്സ് മെഡ്ഫോർഡിലെ ക്രേറ്റേറിയൻ തിയേറ്ററിനെ പിന്തുണയ്ക്കുകയും വ്യക്തിഗത അവതരണങ്ങൾ നടത്തുകയും ചെയ്തിരുന്നു.  1997 ൽ തിയേറ്റർ സമഗ്രമായി പുന സ്ഥാപിക്കപ്പെടുകയും ജിഞ്ചറിന്റെ മരണാനന്തരം ആദരസൂചകമായി ക്രേറ്റേറിയൻ ജിഞ്ചർ റോജേഴ്സ് തിയേറ്റർ എന്ന് ഇത് പുനർനാമകരണം നടത്തുകയും ചെയ്തു.

മരണം[തിരുത്തുക]

റോഞ്ചേഴ്സ് ശൈത്യകാലം റാഞ്ചോ മിറാജിലും വേനൽക്കാലം ഒറിഗണിലെ മെഡ്‌ഫോർഡിലും ചെലവഴിച്ചു. 1995 ഏപ്രിൽ 25 ന്‌ 83 വയസ്സുള്ളപ്പോൾ‌ റാഞ്ചോ മിറാജിലെ ഭവനത്തിൽവച്ച് അവർ അന്തരിച്ചു.[17][18][19] ശവദാഹത്തിന്ശേഷം ചിതാഭസ്മം കാലിഫോർണിയയിലെ ചാറ്റ്സ്‌വർത്തിലെ ഓക്ക്വുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ മാതാവ് ലേല എമോജിനൊപ്പം സംസ്കരിച്ചു.[20]

അവലംബം[തിരുത്തുക]

  1. 1.0 1.1 Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  2. Ware, Susan (2004). "Ginger Rogers". Notable American Women: A Biographical Dictionary Completing the Twentieth Century. Harvard University Press. p. 551. ISBN 978-0-6740-1488-6.
  3. Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  4. "Ancestry of Ginger Rogers". Famous Kin.com.
  5. Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  6. Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  7. Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  8. "Family History of Ginger Rogers, A Glamour Girl, Turns to Missouri". The Maryville Daily Forum. Vol. 34, no. 295. 19 May 1944. p. 4. Retrieved 27 February 2015 – via Newspapers.com. The actress was kidnapped by her father two times after (their) separation.
  9. Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  10. Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  11. Rogers, Ginger (1991). Ginger: My Story. New York: HarperCollins. ISBN 978-0-0615-6470-3.
  12. "Ginger Rogers – Actress and Singer". BBC News. Archived from the original on 28 January 2014. Retrieved 3 August 2013.
  13. Critchlow, Donald T. (2013-10-21). When Hollywood Was Right: How Movie Stars, Studio Moguls, and Big Business Remade American Politics. ISBN 9781107650282.
  14. Friedman, Drew (2017-05-03). "Flashback: Meeting Ginger Rogers". Leonard Maltin's Movie Crazy (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-01-03.
  15. Zoller, Matt. "From the Archives: Final step: Ginger Rogers, 1911-1995". Reel Classics. Archived from the original on 2021-02-24. Retrieved 2021-01-31.
  16. Genet, Mike. "Ginger Rogers home in Independence set to close". The Examiner of East Jackson County (in ഇംഗ്ലീഷ്). Archived from the original on 2019-11-29. Retrieved 2020-01-20.
  17. Oliver, Myrna (April 26, 1995). "From the Archives: Movie Great Ginger Rogers Dies at 83". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-15.
  18. "Oscar Winner Ginger Rogers Dies". The Washington Post (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0190-8286. Retrieved 2019-01-03.
  19. Flint, Peter B. (1995-04-26). "Ginger Rogers, Who Danced With Astaire and Won an Oscar for Drama, Dies at 83". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2020-05-27.
  20. Baggelaar, Kristin (December 17, 2012). Dancing With a Star: The Maxine Barrat Story (in ഇംഗ്ലീഷ്). Midnight Marquee & BearManor Media. ISBN 978-1936168279.
"https://ml.wikipedia.org/w/index.php?title=ജിഞ്ചർ_റോജേർസ്&oldid=3939951" എന്ന താളിൽനിന്ന് ശേഖരിച്ചത്