ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുസ്തകത്തിന്റെ തലത്താൾ
പുസ്തകത്തിലെ മലയാളം അക്ഷരങ്ങൾ

ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ 'ജംഗമാച്ചുകൾ'(movable type) ഉപയോഗിച്ച് മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച പുസ്തകമാണ് ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം. ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം സൈവ് സംസ്കൃതോണിക്കം (Alphabetum grandonico-malabaricum sive samscrudonicum) [1] എന്നാണ് പുസ്തതകത്തിൻ്റെ മുഴുവൻ പേര്. മലയാള ലിപികളുടെ വ്യത്യസ്തമായ മാതൃകകളെക്കുറിച്ച് ചർച്ചചെയ്ത് അവതരിപ്പിക്കുന്ന ആദ്യത്തെ കൃതിയാണ്. ക്ലെമന്റ് പാതിരിയാണ് ഇതിന്റെ രചയിതാവ്.[2]

ആല്ഫബെത്തും എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥം 1772-ൽ റോമിലെ കോൺഗ്രഗേഷ്യോ ഡി പ്രൊപ്പഗാന്റാ ഫൈഡേ എന്ന അച്ചുകൂടത്തിൽ നിർമ്മിക്കപ്പെട്ടു. 16x10 സെ.മീ. വലിപ്പത്തിൽനൂറു പേജുകളുള്ള ലത്തീൻ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിന്റെ അവതാരിക എഴുതിച്ചേർത്തത് അച്ചുകൂടം മാനേജരായിരുന്ന ജോൺ ക്രിസ്റ്റോഫർ അമദാത്തിയസ് ആയിരുന്നു. 28 പേജുകൾ വരുന്ന ഈ അവതാരികയിൽ മലയാളത്തിലെ ഏറ്റവും ആദ്യത്തെ മുദ്രണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥമലയാളം അഥവാ സംസ്കൃതം അക്ഷരമാല മലബാർ പ്രദേശത്തു് ഉപയോഗിച്ചുവരുന്ന മൂന്നു ലിപിവിന്യാസരീതികളിൽ ഒന്നാണെന്നു് അമദാത്തിയസ് സൂചിപ്പിച്ചിരിക്കുന്നു. പതിനാറു സ്വരങ്ങളും 35 വ്യഞ്ജനങ്ങളും അടങ്ങുന്ന 51 അടിസ്ഥാനലിപികളാണ് ഭാഷയിലുള്ളതെന്നും എന്നാൽ അച്ചടിയുടെ ആവശ്യത്തിനു് ഇവയെ ഉൾച്ചേർത്ത 1128 അച്ചുകൾ വാർത്തെടുക്കേണ്ടി വരുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. അവതാരിക അവസാനിക്കുന്നത് "അലക്സാൻഡ്രിയയിലെ ക്ലമന്റ് പിയാനിയൂസ് ഈ ഭാഷയിലേക്കു വിവർത്തനം ചെയ്ത ക്രിസ്തീയ വേദസാരം നമ്മുടെ അച്ചുകൂടം ഉദ്വേഗത്തോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു" എന്ന സൂചനയോടെയാണ്.. ഈ വാക്യത്തിൽ ഉദ്ദേശിക്കുന്ന ക്രിസ്തീയവേദസാരം തന്നെയാണ് സംക്ഷേപവേദാർത്ഥം.[1]

റോമിൽ നിർമ്മിച്ച മലയാളം അച്ചുകളുപയോഗിച്ച് ആദ്യമായി അച്ചടിച്ച പുസ്തകമാണു് ആല്ഫബെത്തും എന്ന വസ്തുതയും ഈ അവതാരികയിൽ കാണാം.[1]

ആല്ഫബെത്തും സംക്ഷേപവേദാർത്ഥവും അച്ചടിക്കാൻ ഉപയോഗിച്ച 'റോമൻ' അച്ചുകൾ പൗലിനോസ് പാതിരിയുടെ സിദ്ധരൂപം സ്യു ഗ്രമാറ്റിക്ക സംസ്കൃതോണിക്ക (sidharubham seu Grammatica samscradonica - 1790), സെന്റം അഡാജിയ മലബാറിക്ക (centum Adagia Malabarica -1791) എന്നീ ഗ്രന്ഥങ്ങളിലും പിന്നീട് ഉപയോഗിച്ചിട്ടുണ്ട്..[1]

ഇതും കാണുക[തിരുത്തുക]

ഹോർത്തൂസ് മലബാറിക്കൂസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ആൽഫബെത്തും ഗ്രന്ഥത്തിന്റെ പ്രതി ഗൂഗിൾ ബുൿസിൽ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 കെ. എം. ഗോവി (1998). "2". ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. കേരളസാഹിത്യ അക്കാദമി. p. 19-20. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Unknown parameter |month= ignored (help)
  2. കെ.എം. ഗോവി (1998). ആദിമുദ്രണം - ഭാരതത്തിലും മലയാളത്തിലും. തൃശൂർ: കേരള സാഹിത്യ അക്കാദമി. p. 88. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)