ആൻ റോബർട്ട് ജാക്വസ് ടർഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ റോബർട്ട് ജാക്വസ് ടർഗോ
Portrait of Turgot by Antoine Graincourt, now in Versailles
Controller-General of Finances
ഓഫീസിൽ
24 August 1774 – 12 May 1776
MonarchLouis XVI
മുൻഗാമിJoseph Marie Terray
പിൻഗാമിBaron de Nuits
Secretaries of State for the Navy
ഓഫീസിൽ
20 July 1774 – 24 August 1774
MonarchLouis XVI
മുൻഗാമിMarquis de Boynes
പിൻഗാമിAntoine de Sartine
വ്യക്തിഗത വിവരങ്ങൾ
ജനനം(1727-05-10)10 മേയ് 1727
Paris
മരണം18 മാർച്ച് 1781(1781-03-18) (പ്രായം 53)
Paris
ദേശീയതFrench
ആൻ റോബർട്ട് ജാക്വസ് ടർഗോ
Physiocrats
പ്രവർത്തനമേക്ഷലPolitical economics
പഠിച്ചത്Sorbonne
InfluencesFrançois Quesnay
InfluencedCondorcet, Murray Rothbard, Joseph Schumpeter, Adam Smith
ടർഗോ, ആൻ റോബർട്ട് ജാക്വസ് (1727 - 1781)

രാജ്യതന്ത്രജ്ഞൻ, സാമ്പത്തികശാസ്ത്രജ്ഞൻ, ചരിത്രതത്ത്വചിന്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച ഫ്രഞ്ചു പണ്ഡിതനായിരുന്നു ആൻ റോബർട്ട് ജാക്വസ്. 1727 മേയ് 10-ന് പാരീസിൽ ജനിച്ചു. പൗരോഹിത്യം ലക്ഷ്യമാക്കി 1743-ൽ ദൈവശാസ്ത്രപഠനം ആരംഭിച്ചു. ഈ രംഗത്തു സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് തത്ത്വശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗഹനങ്ങളായ നിരവധി ലേഖനങ്ങൾ എഴുതി. ചെറുപ്പ കാലത്തു തന്നെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുമായി അടുത്തിടപഴകാനും സമകാലിക സമ്പദ്ഘടനയുടെ സൂക്ഷ്മവശങ്ങളെക്കുറിച്ചു മനസ്സിലാക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സോബോൺ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ, വിപ്ലവത്തെ തടഞ്ഞു നിർത്തുന്നതിന് സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പാക്കണമെന്ന് ടർഗോ വാദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചിന്താഗതിക്ക് ഭരണരംഗങ്ങളിൽ അംഗീകാരം ലഭിച്ചതിനെ തുടർന്ന് ടർഗോ ദൈവശാസ്ത്രരംഗം ഉപേക്ഷിച്ച് ഗവൺമെന്റിന്റെ പല ഉന്നത തസ്തികകളിലും സേവനം അനുഷ്ഠിച്ചു. ഇക്കാലത്തു ഫ്രഞ്ച് എൻസൈക്ലോപീഡിയയ്ക്കുവേണ്ടി അതിഭൗതികശാസ്ത്രം (Metaphysics), ഭാഷാശാസ്ത്രം, ധനതത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു.

ഉന്നതപദവികളിൽ[തിരുത്തുക]

1774-ൽ ലൂയി പതിനാറാമൻ ഇദ്ദേഹത്തെ നാവിക മന്ത്രിയായി നിയമിച്ചു. അധികം താമസിയാതെ കൺട്രോളർ ജനറൽ ഒഫ് ഫിനാൻസ് എന്ന ഉന്നതപദവിയിൽ നിയുക്തനായി. തുടർന്ന്, പല സാമ്പത്തിക പദ്ധതികളും ഇദ്ദേഹം ആവിഷ്ക്കരിച്ചു നടപ്പിലാക്കി. നികുതി സമ്പ്രദായത്തിൽ പല പരിഷ്ക്കാരങ്ങളും വരുത്തി. രാജ്യാന്തര ധാന്യവ്യാപാര രംഗത്തു നിലവിലിരുന്ന പ്രാദേശിക നിയന്ത്രണങ്ങൾ നീക്കംചെയ്തു. എന്നാൽ തൊഴിലാളി സംഘടനകളെ അടിച്ചമർത്തുന്ന നയമാണ് ഇദ്ദേഹം സ്വീകരിച്ചത്. ഇത്തരം നടപടികൾ കോടതികളിലും പാർലമെന്റിലും ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് രാജകീയ പിന്തുണ നഷ്ടപ്പെട്ട ടർഗോ 1776-ൽ ഉദ്യോഗം രാജിവച്ചു.

ടർഗോയുടെ സാമ്പത്തിക സിദ്ധാന്തങ്ങൾ[തിരുത്തുക]

റിഫ്ളെക്ഷൻസ് ഓൺ ദ് ഫോർമേഷൻ ആൻഡ് ദ് ഡിസ്ട്രിബ്യൂഷൻ ഒഫ് റിച്ചസ് എന്ന ഗ്രന്ഥത്തിൽ ടർഗോ തന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സമ്പത്തിന്റെ പരമമായ ഉറവിടം ഭൂമിയാണെന്നും സമ്പൽസമൃദ്ധിയെ നിർണയിക്കുന്നത് മൂലധനത്തിന്റെ വളർച്ചയും നിർവിഘ്ന പ്രവാഹവും ആണെന്നും ഇദ്ദേഹം പ്രസ്താവിച്ചു. ഉത്പാദനത്തെ അടിസ്ഥാനമാക്കി ഭൂപ്രഭുക്കന്മാർ നികുതി നൽകണമെന്നു വ്യവസ്ഥ ചെയ്യുന്നതും കച്ചവടത്തെയും വ്യവസായത്തെയും നികുതിയിൽ നിന്ന് ഒഴിവാക്കുന്നതുമായ ഒരു സമ്പ്രദായമാണ് ടർഗോ വിഭാവന ചെയ്തിരുന്നത്.

‌ഭരണകൂടം മതസഹിഷ്ണുത അനുവർത്തിക്കേണ്ടതിന്റെ ആവശ്യകത ടർഗോ തന്റെ രചനകളിലൂടെ ഊന്നിപ്പറഞ്ഞിരുന്നു. മനുഷ്യന്റെ അറിവും അനുഭവങ്ങളും വർധിക്കുന്നതിനനുസൃതമായി ബാഹ്യപ്രകൃതിയിൽ നിന്നു മോചനം നേടാൻ യുക്തിയും സ്വാതന്ത്ര്യബോധവും അവനെ അനുവദിക്കുമെന്ന് ടർഗോ പ്രഖ്യാപിച്ചു. ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ ശാസ്ത്രരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങൾ അഭംഗുരം തുടരുമെന്നും ടർഗോ അഭിപ്രായപ്പെട്ടു. ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റുകളെക്കുറിച്ചും നടമാടുന്ന തിന്മകളെപ്പറ്റിയും ടർഗോ ബോധവാനായിരുന്നു. മനുഷ്യചരിത്രത്തിലും പുരോഗതിയിലും ശുഭാപ്തി വിശ്വാസം പുലർത്തിയിരുന്ന ടർഗോയുടെ ചിന്തകൾക്ക് ശാസ്ത്രീയമായ അടിത്തറ വേണ്ടത്ര ഇല്ലായിരുന്നുവെങ്കിലും അവയെ യാഥാർഥ്യവുമായി പൊരുത്തപ്പെടുത്തുവാൻ ഇദ്ദേഹത്തിനു സാധിച്ചിരുന്നു. 1781 മാർച്ച് 18-ന് പാരീസിൽ ഇദ്ദേഹം അന്തരിച്ചു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻ റോബർട്ട് ജാക്വസ് ടർഗോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.