Jump to content

സീനത്ത് മഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zeenat Mahal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീനത്ത് മഹൽ - അവസാനകാലത്തെ ഫോട്ടാഗ്രാഫ്. ഇത് റംഗൂണിൽവച്ച് ചിത്രീകരിച്ചതാണ്

അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിന്റെ ഭാര്യമാരിൽ പ്രധാനിയായിരുന്നു സീനത്ത് മഹൽ എന്ന നവാബ് സീനത്ത് മഹൽ ബീഗം. (ജീവിതകാലം: 1821-1882) സഫറിന്റെ ഭാര്യമാരിൽ പ്രഭുപശ്ചാത്തലത്തിൽനിന്നുള്ള ഒരേയൊരാളായിരുന്നു സീനത്ത് മഹൽ.[1] നവാബ് ഖിലി ഖാന്റെ കുടുബപരംമ്പരയിലുള്ള നവാബ് ഷംഷേറുദ്ദൌളയുടെ പുത്രിയായിരുന്നു അവർ.[2] 1840-ൽ സഫറുമായി വിവാഹിതയായി. ഈ സമയത്ത് സീനത്തിന് 19 വയസും സഫറിന് 64 വയസുമായിരുന്നു. സഫറിന്റെ പ്രിയപ്പെട്ട ഭാര്യയാകാൻ സീനത്തും മറ്റൊരു ഭാര്യയായിരുന്ന താജ് മഹൽ ബീഗവും തമ്മിൽ മത്സരമായിരുന്നു. മിർസ ജവാൻ ബഖ്ത് എന്ന ഒരു പുത്രൻ സീനത്തിനുണ്ടായിരുന്നു. സഫറിന്റെ 16 ആൺമക്കളിൽ പതിനഞ്ചാമത്തേതായിരുന്നു അയാൾ. സഫറിന്റെ മൂത്ത പുത്രൻമാരെ, പ്രത്യേകിച്ച് മിർസ ഫഖ്രുവിനെ തഴഞ്ഞ്, തന്റെ പുത്രനെ പിൻഗാമിയായി പ്രഖ്യാപിക്കാൻ സീനത്ത് മഹൽ പരിശ്രമം നടത്തിക്കൊണ്ടിരുന്നു. ഡെൽഹിയിലെ സഫറിന്റെ അവസാനകാലങ്ങളിൽ, അതായത് 1850-കളിൽ അദ്ദേഹം സീനത്തിന്റെ നിയന്ത്രണത്തിലായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. മിർസ ജവാൻ ബഖ്തിനെ പിൻഗാമിയാക്കുന്ന കാര്യവും അംഗീകരിക്കപ്പെട്ടിരുന്നു.[1]

1857-ലെ ലഹളക്കാലത്ത് ബ്രിട്ടീഷുകാർക്ക് അനുകൂലമായ നിലപാടാണ് സീനത്ത് മഹൽ സ്വീകരിച്ചിരുന്നത്. ലഹളക്കുശേഷം മകനെ ചക്രവർത്തിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാനായി സീനത്ത് മഹൽ, പുത്രനെ വിമതശിപായികളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. എന്നാൽ ലഹളക്കുശേഷം ഭർത്താവിനൊപ്പം സീനത്ത് മഹലിനെയും മകനെയും മ്യാൻമറിലേക്ക് നാടുകടത്തി.[1]

പുത്രന് വേണ്ടിയുള്ള പദ്ധതികൾ

[തിരുത്തുക]
മിർസ ജവാൻ ബഖ്തും (ഇടത്) അർദ്ധസഹോദരൻ മിർസ ഷാ അബ്ബാസും

മുഗൾ രാജകുടുംബത്തിൽ തന്റെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നിരവധി ശ്രമങ്ങൾ സീനത്ത് മഹൽ നടത്തി. പുത്രനായ മിർസ ജവാൻ ബഖ്തിനെ യുവരാജാവായി ഉയർത്തിക്കാണിക്കുക എന്ന ലക്ഷ്യത്തിൽ 1852 ഏപ്രിലിൽ ബഖ്തിന്റെ വിവാഹം, അയാളുടെ ജ്യേഷ്ഠൻമാരുടെ വിവാഹച്ചടങ്ങുകളെയെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയിൽ അതിഗംഭീരമായി സീനത്ത് മഹൽ നടത്തി. സീനത്ത് മഹലിന്റെ മരുമകളായിരുന്ന നവാബ് ഷാ സമാനി ബീഗമായിരുന്നു വധു. സമാനി ബീഗത്തിന്റെ പിതാവായ മലാഗഢിലെ വാലിദാദ് ഖാൻ സീനത്ത് മഹലിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു. വെറും പതിനൊന്നും വയസുമാത്രം പ്രായമുള്ള ബഖ്തിനെയും സമാനി ബീഗത്തേയും അന്നത്തെ രാഷ്ട്രീയപരിതഃസ്ഥിതികൾ മൂലം തിടുക്കത്തിൽ വിവാഹം ചെയ്യിക്കുകയായിരുന്നു.[3] ക്രൂരതക്ക് കുപ്രസിദ്ധനായ കൊട്ടാരത്തിലെ അന്തഃപുരകാര്യസ്ഥനായിരുന്ന ആയിരുന്ന മഹ്ബൂബ് അലി ഖാന്റെ സഹായത്തോടെ, ദില്ലിയിലെ പണമിടപാടുകാരിൽനിന്ന് കടമെടുത്താണ് സീനത്ത് മഹൽ ഈ വിവാഹത്തിനാവശ്യമായ പണം സംഘടിപ്പിച്ചത്.[4]

സീനത്ത് മഹലിന്റെ ഹവേലി

[തിരുത്തുക]

ഇന്നത്തെ ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷന് ഏകദേശം രണ്ടു കിലോമീറ്റർ വടക്കായി പുരാനി ദില്ലിയിലെ ലാൽ കുവ പ്രദേശത്ത് സീനത്ത് മഹലിന്റെ ഒരു മാളികയുണ്ടായിരുന്നു. ഇതിന്റെ വളരെക്കുറച്ച് അവശിഷ്ടങ്ങൾ മാത്രം ഇന്ന് ശേഷിക്കുന്നുണ്ട്. മാളികയിരുന്നിരുന്ന സ്ഥാനത്ത് സർവോദയ കന്യാ വിദ്യാലയ് എന്ന ദില്ലി സർക്കാരിന്റെ പെൺകുട്ടികൾക്കായുള്ള ഒരു ഉർദ്ദുമാധ്യമവിദ്യാലയം പ്രവർത്തിക്കുന്നു.[5][6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ലാസ്റ്റ് മുഗൾ[൧], താൾ: XV-XVII
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-15. Retrieved 2013-08-03.
  3. ലാസ്റ്റ് മുഗൾ[൧], താൾ: 30
  4. ലാസ്റ്റ് മുഗൾ[൧], താൾ: 31
  5. മധുർ തൻഖ (2013 ജൂൺ 21). "സീനത്ത് മഹൽ ഹവേലി ടേൺസ് എ ഫ്രീ-ഫോർ-ഓൾ ഗ്രൗണ്ട് ഫോർ എൻക്രോച്ചേഴ്സ്". ദ ഹിന്ദു (in ഇംഗ്ലീഷ്). Retrieved 2013 ജൂലൈ 6. {{cite news}}: Check date values in: |accessdate= and |date= (help)
  6. ആർ.വി. സ്മിത്ത് (2013 ഒക്ടോബർ 16). "ദ സാഡ് പ്ലൈറ്റ് ഓഫ് സീനത്ത് മഹൽ". ദ ഹിന്ദു. Retrieved 2013 ജൂലൈ 6. {{cite news}}: Check date values in: |accessdate= and |date= (help)

കുറിപ്പുകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സീനത്ത്_മഹൽ&oldid=3647527" എന്ന താളിൽനിന്ന് ശേഖരിച്ചത്