Jump to content

വോൾഗ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Volga River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വോൾഗ നദി
Physical characteristics
നദീമുഖംകാസ്പിയൻ കടൽ
units?
നീളം3,690 കി.മീ. (2,293 മൈൽ)

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്‌ വോൾഗ (Russian: Во́лга, റഷ്യൻ ഉച്ചാരണം: [ˈvolɡə]). ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വൃഷ്ടിപ്രദേശത്തിന്റെ വിസ്തൃതി എന്നിവ വച്ചുനോക്കിയാലും യൂറോപ്പിലെ ഏറ്റവും വലിയ നദി ഇതുതന്നെ. റഷ്യയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്ന ഈ നദീപ്രദേശത്താണ്‌, തലസ്ഥാനമായ മോസ്കോ ഉൾപ്പെടെ, റഷ്യയിലെ ഏറ്റവും വലിയ ഇരുപത് നഗരങ്ങളിൽ പതിനൊന്നും സ്ഥിതിചെയ്യുന്നത്. 3,692 കിലോമീറ്റർ നീളമുള്ള ഈ നദി 225 മീറ്റർ ഉയരമുള്ള വൽദായി (Valdai) കുന്നുകളിൽ ഉത്ഭവിച്ച് കാസ്പിയൻ കടലിൽ ചേരുന്നു.

യൂറോപ്യൻ റഷ്യയിലൂടെയാണ് ഈ നദിയൊഴുകുന്നത്. റഷ്യയുടെ ദേശീയനദിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അണകൾ കെട്ടിയുണ്ടാക്കിയ പല വലിയ തടാകങ്ങളും വോൾഗയിലുടനീളമുണ്ട്. റഷ്യൻ സംസ്കാരത്തിൽ ഈ നദിക്ക് പ്രതീകാത്മകമായ സ്ഥാനമുണ്ട്. വോൾഗ-മാറ്റുഷ്ക (വോൾഗാ മാതാവ്) എന്നാണ് റഷ്യൻ സാഹിത്യത്തിലും ഐതിഹ്യങ്ങളിലും ഈ നദിയെപ്പറ്റി പറയുന്നത്.

മനുഷ്യചരിത്രം

[തിരുത്തുക]
റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആരാധനാലയങ്ങളും മൊണാസ്റ്ററികളും വോൾഗാതീരത്തുടനീളം കാണപ്പെടുന്നുണ്ട്.

എ.ഡി. ഒന്നാം സഹസ്രാബ്ദത്തിൽ ഹൂണുകളും മറ്റ് ടർക്കിക് ജനവിഭാഗങ്ങളും സ്കൈത്തിയൻ ജനവിഭാഗങ്ങളെ പുറന്തള്ളി ഇവിടെ താമസമുറപ്പിക്കുകയുണ്ടായി. അലക്സാണ്ട്രിയയിലെ ടോളമി തന്റെ ജിയോഗ്രാഫി എന്ന ഗ്രന്ഥത്തിൽ വോൾഗാനദിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ട് (ബുക്ക് 5, ചാപ്റ്റർ 8, ഏഷ്യയുടെ രണ്ടാമത്തെ ഭൂപടം). റാ എന്നാണ് ടോളമി ഈ നദിയെ വിളിക്കുന്നത്. സ്കൈത്തിയൻ ജനത ഈ നദിയെ വിളിച്ചിരുന്നത് റാ എന്നായിരുന്നു. ഡോൺ നദിയും വോൾഗാനദിയും ഒരേ സ്ഥലത്തുനിന്നാണ് (ഹൈപ്പർ ബോറിയൻ മലനിരകൾ) ടോളമി കരുതിയിരുന്നത്.

ഏഷ്യയിൽ നിന്ന് യൂറോപ്പിലേയ്ക്കുള്ള യാത്രയിൽ ഒരു പ്രധാന കണ്ണിയായിരുന്നു വോൾഗാ നദി. കാമ നദി വോൾഗയിൽ ചേരുന്നയിടത്ത് പണ്ട് വോൾഗ ബൾഗേറിയ എന്ന രാഷ്ട്രീയശക്തി ഭരണം നടത്തിയിരുന്നു. ഘസാറിയ എന്ന വിഭാഗമാണ് നദിയുടെ താഴെഭാഗങ്ങൾ നിയന്ത്രിച്ചിരുന്നത്. മദ്ധ്യകാലഘട്ടത്തെ ഏറ്റവും വലിയ പട്ടണങ്ങളിൽ ചിലതായ ആറ്റിൽ, സാക്വ്‌സിൻ, സറായ് എന്നിവ വോൾഗാതീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. നദീവ്യാപാരം വ്യാപകമായിരുന്നു. ഇറാൻ, സ്കാൻഡിനേവിയ, റൂസ്, വോൾഗാ ബൾഗേറിയ, ഘസാറിയ എന്നിവിടങ്ങൾ ഈ പ്രദേശത്തായിരുന്നു പരസ്പരം ബന്ധപ്പെട്ടിരുന്നത്.

ഘസാറുകൾക്കു പകരം പിന്നീട് കിപ്ചാക്കുകളും, കിമെക്കുകളും മംഗോളുകളും ഭരണത്തിലെത്തി. മംഗോളുകളാണ് പിന്നീട് നദിയുടെ സമുദ്രത്തിനോടടുത്ത ഭാഗത്ത് ഗോൾഡൻ ഹോർഡ് ഭരണസംവിധാനം സ്ഥാപിച്ചത്. പിന്നീട് ഈ സാമ്രാജ്യം കസാൻ ഖാനേറ്റ്, അസ്ട്രഖാൻ ഖാനേറ്റ് എന്നിങ്ങനെ വിഭജിച്ചു. ഇവ രണ്ടും പതിനാറാം നൂറ്റാണ്ടിലെ റൂസോ ഖസാൻ യുദ്ധങ്ങളിലൂടെ റഷ്യൻ സാമ്രാജ്യം പിടിച്ചടക്കി. വോൾഗ റഷ്യൻ ജനതയുടെ സംസ്കാരത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ലേ ഓഫ് ഇഗോർസ് കാമ്പെയിൻ എന്ന ഇതിഹാസകാവ്യം മുതൽ ഈ സ്വാധീനം കാണപ്പെടുന്നുണ്ട്.[1] വോൾഗയിലെ വഞ്ചിക്കാരന്റെ പാട്ട് പോലെ ധാരാളം കവിതകൾ ഈ നദിക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

സോവിയറ്റ് ഭരണകാലത്ത് നിർമിച്ച വോൾഗാ നദിയിലെ വലിയ അണക്കെട്ടുകൾ ധാരാളം ആൾക്കാരെ കുടിയൊഴിപ്പിക്കുന്നതിലേയ്ക്കും ചരിത്രപൈതൃകങ്ങൾ നഷ്ടപ്പെടുന്നതിലേയ്ക്കും വഴിവച്ചിട്ടുണ്ട്. ഉദാഹരണത്തിന് മോളോഗ എന്ന പട്ടണം റൈബിൻസ്ക് തടാകം നിർമിച്ചപ്പോൾ മുങ്ങിപ്പോയി. റൈബിൻസ്ക് തടാകമാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകം. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ നിർമിച്ച പല മൊണാസ്റ്ററികളും ഉഗ്ലിച്ച് തടാകം നിർമിച്ചപ്പോൾ മുങ്ങിപ്പോവുകയുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ സാമ്പത്തികനേട്ടം സാംസ്കാരികനഷ്ടത്തേക്കാൾ വലുതാണെന്ന കണക്കുകൂട്ടലാണുണ്ടായത്.[2]

അവലംബം

[തിരുത്തുക]
  1. "Volga River". Volga writer.com. Archived from the original on 2010-06-20. Retrieved 2010-06-11.
  2. "In all, Soviet dams flooded 2,600 villages and 165 cities, almost 78,000 sq. km. – the area of Maryland, Delaware, Massachusetts, and New Jersey combined – including nearly 31,000 sq. km. of agricultural land and 31,000 sq. km. of forestland". Quoted from: Paul R. Josephson. Industrialized Nature: Brute Force Technology and the Transformation of the Natural World. Island Press, 2002. ISBN 1-55963-777-3. Page 31.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വോൾഗ_നദി&oldid=4113758" എന്ന താളിൽനിന്ന് ശേഖരിച്ചത്