വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ
ആധുനിക ഇന്ത്യൻ സർക്കസിന്റെ തുടക്കക്കാരനും, ഇന്ത്യന് സർക്കസിന്റെ പിതാവും[1][2] (കീലേരി കുഞ്ഞിക്കണ്ണനെയും ഇന്ത്യൻ സർക്കസിന്റെ പിതാവായി വിശേഷിപ്പിക്കാറുണ്ട്[3]) ആയി വിശേഷിപ്പിക്കുന്ന വ്യക്തിയാണ് വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ (1840-1905).
ജീവിതരേഖ
[തിരുത്തുക]മഹാരാഷ്ട്രയിലെ സംഗാലിയിലെ അംഗൽഖോപ്പ് എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ മൊറേശ്വർ ഛത്രെ ജംഘണ്ടി കൊട്ടാരത്തിലെ ഖജാൻജിയായിരുന്നു.[4] കുട്ടിക്കാലത്ത് തന്നെ ഛത്രെ പക്ഷികളോടും മൃഗങ്ങളോടും വലിയ ഇഷ്ടം സൂക്ഷിച്ചിരുന്നു.
അച്ഛൻ്റെ നിർബന്ധപ്രകാരം തൻ്റെ പതിനാറാം വയസ്സിൽ അദ്ദേഹം വിവാഹിതനായി.[4] വിവാഹ ശേഷം അച്ഛൻ്റെ നിർദ്ദേശപ്രകാരം രാംദുർഗ്ഗ് കൊട്ടാരത്തിലെ കുതിരാലയത്തിൽ ജോലിക്ക് കയറി. രാംദുർഗ്ഗിൽ അധികനാൾ കഴിയുന്നതിന് മുമ്പ് സ്വന്തം ഇഷ്ടപ്രകാരം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് മാറി. ഗ്വാളിയോർ കൊട്ടാരത്തിലെ കുതിരാലയത്തിൽ ജോലി നോക്കവേ അക്കാലത്തെ മികച്ച കുതിര പരിശീലകനായ ബാബാ സാഹിബ് ആപ്തെ, കുതിരകളുടെ സ്വഭാവ സവിശേഷതകളും കുതിരകളെ എങ്ങനെ പരിശീലിപ്പിക്കണമെന്നും ഒക്കെ ഛത്രെയെ പഠിപ്പിച്ചു.[4] ഗ്വാളിയോറിൽ ഉള്ള കാലത്ത് തന്നെ സംഗീതത്തോടുള്ള ഇഷ്ടം കാരണം ഉസ്താദ് ഹദ്ദു ഖാൻ്റെ കീഴിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും പഠിച്ചിരുന്നു അദ്ദേഹം.[4]
ഗ്വാളിയോറിന് ശേഷം ഛത്രെ സംഗാലിയിലെ കുരുന്ദ്വാഡ് എന്ന നാട്ടുരാജ്യത്തിലെ രാജാവായ ബാലസാഹിബ് പട്വർധന്റെ കുതിരാലയത്തിന്റെ പ്രധാന ചുമതലക്കാരനായി മാറി.[5] ഛത്രെയെ പുതിയ സർക്കസ് കമ്പനി തുടങ്ങാൻ സഹായിച്ചവരിൽ ബാലാ സാഹിബും ഉണ്ടായിരുന്നു.
1890 ൽ അദ്ദേഹം സർക്കസിൻ്റെ ചുമതലകളെല്ലാം സഹോദരനെ ഏൽപ്പിച്ച് തൻ്റെ അന്നത്തെ സംഗീത ഗുരുവായ ഉസ്താദ് റഹ്മത്ത് ഖാനോടൊപ്പം ഇൻഡോറിൽ താമസമാക്കി.[4] പ്രമേഹരോഗിയായ അദ്ദേഹം 1905 ഫെബ്രുവരി 20ന് ഇൻഡോറിൽ വെച്ച് മരണപ്പെട്ടു.[4]
ഇന്ത്യൻ സർക്കസിന്റെ ജനനം
[തിരുത്തുക]1879 ൽ ഗ്യൂസെപ്പെ ചിയാരിനിയുടെ റോയൽ ഇറ്റാലിയൻ സർക്കസ് ഇന്ത്യയിൽ പര്യടനം നടത്തി. തന്റെ എല്ലാ ഷോയും തുടങ്ങുന്നതിന് മുന്പ് ചിയാരിനി ഇന്ത്യക്ക് ശരിയായ സർക്കസ് ഇല്ലെന്നും ഒരെണ്ണം വികസിപ്പിക്കുന്നതിന് ഇനിയും ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനോട് പറയുമായിരുന്നു. അതോടൊപ്പം, ആറുമാസത്തിനുള്ളിൽ തന്റെ ധീരമായ സ്റ്റേജ് ഇഫക്റ്റുകൾ ആവർത്തിക്കാൻ കഴിയുന്ന ഏതൊരാൾക്കും “ആയിരം ബ്രിട്ടീഷ് ഇന്ത്യൻ രൂപ” യും ഒരു കുതിരയും സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. ചിയാരിനിയുടെ വെല്ലുവിളി സ്വീകരിച്ച ഛത്രെ, ആറ് മാസമല്ല, മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറുന്ദ്വാഡിൽ സ്വന്തം കുതിരകളുമായി അഭ്യാസ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. 1880 മാർച്ച് 20 ന് കുറുന്ദ്വാഡ് കൊട്ടാരം മൈതാനത്ത് തന്റെ സർക്കസുമായി ഛത്രെ തയ്യാറായി എത്തിയെങ്കിലും ചിയാരിനി ഇത് കാണാൻ എത്തിയില്ല.
നഷ്ടത്തിലായ ചിയാരിനിയുടെ കമ്പനിയിലെ സർക്കസ് സാമഗ്രികളിൽ ഏറെയും വിഷ്ണുപന്ത് ഛാത്രെ വാങ്ങി.[6] പിന്നീട് ഒരു വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്ന പേരിൽ പുതിയ സർക്കസ് കമ്പനി ഉണ്ടാക്കി.[6] ഇന്ത്യയിലെ ആദ്യത്തെ സർക്കസ് കമ്പനി ഇതാണ്. തൻ്റെെ സർക്കസിൽ ഒരു വനിതാ സാന്നിദ്ധ്യം ആവശ്യമാണെന്ന് കരുതിയ ഛത്രെ തൻ്റെ രണ്ടാം ഭാര്യ അവുദാ ഭായി പരുലേൽക്കർക്ക് സിംഗിൾ ട്രപ്പീസിലും മൃഗങ്ങളുമൊത്തുള്ള പ്രകടനത്തിലും പരിശീലനം നൽകി കൂടെക്കൂട്ടിയിരുന്നു.[7]
ബോംബെയിൽ ചിയാരിനിയുടെ പ്രദർശനം നടന്ന അതേ സ്ഥലത്ത് ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശ്രീലങ്ക, സിംഗപ്പൂർ, ക്വാലാലംപൂർ, ജക്കാർത്ത, ജപ്പാൻ എന്നിവിടങ്ങലിലും ഛത്രെയുടെ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് പര്യടനം നടത്തി. ഒടുവിൽ അദ്ദേഹം തന്റെ സർക്കസ് കമ്പനിയെ തന്റെ കസിന്റെ കമ്പനിയുമായി ലയിപ്പിച്ച് കാർലേക്കർ ഗ്രാൻഡ് സർക്കസ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. കാർലേക്കർ ഗ്രാൻഡ് സർക്കസ് 1935 വരെ നീണ്ടുനിന്നു.
കീലേരി കുഞ്ഞിക്കണ്ണനുമൊത്ത്
[തിരുത്തുക]1887 ൽ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് തലശ്ശേരിയിൽ പര്യടനം നടത്തിയപ്പോൾ കളരി ഗുരുവായ കീലേരി കുഞ്ഞിക്കണ്ണനും ഛത്രെയും കണ്ട്മുട്ടി.[2] ഈ സന്ദർശനത്തിൽ കീലേരിയും ഛത്രെയും തമ്മിൽ ഒരു കരാർ ഒപ്പിട്ടു, അതനുസരിച്ച് കീലേരി സർക്കസിലേക്ക് പരിശീലകരെ പരിശീലിപ്പിക്കാൻ സമ്മതിക്കുകയും ഛത്രെ അവർക്ക് ജോലി നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച രാജ്യത്തെ ആദ്യത്തെ സർക്കസ് അക്കാദമിയുടെ വികാസത്തിലേക്ക് നയിച്ചു.[8]
പുരസ്കാാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]ബോംബെ യൂണിവേഴ്സിറ്റി അദ്ദേഹത്തെ "പ്രൊഫസർ" എന്ന പദവി നൽകി ആദരിച്ചിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ സ്കറിയ, എഴുത്ത് എ വി മുകേഷ്, മാതൃഭൂമി ന്യൂസ്/ ചിത്രങ്ങൾ: സാബു. "റിങ്ങിനുള്ളിലും പുറത്തും ജീവിതത്തോട് തോൽക്കുകയാണ് സർക്കസ് | അതിജീവനം 05" (in ഇംഗ്ലീഷ്). Archived from the original on 2020-10-24. Retrieved 2020-10-22.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ 2.0 2.1 ":: Welcome to aum9.com ::". Retrieved 2020-10-22.
- ↑ "The Indian Circus - Circopedia". Retrieved 2020-10-22.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 Champad, Sreedharan (September 2013). An Album of Indian Big Tops: (History of Indian Circus) (in ഇംഗ്ലീഷ്). Strategic Book Publishing. ISBN 978-1-62212-766-5.
- ↑ "Mumbaiwale: How India's circus acts took to the stage" (in ഇംഗ്ലീഷ്). 2018-11-17. Retrieved 2020-10-22.
- ↑ 6.0 6.1 "ഗ്രേറ്റ് ഇന്ത്യൻ സർക്കസ്, ജംബോ സർക്കസ്.. അറിയാം സർക്കസ്സിന്റെ കഥ". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-10-24. Retrieved 2020-10-22.
- ↑ N; Nov 16, ini Sengupta | TNN |; 2014; Ist, 07:17. "Swadeshi girls in the ring - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-25.
{{cite web}}
:|last3=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "A fine balance". www.thehindu.com.