Jump to content

വെള്ളാപ്പള്ളി നടേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vellappally Natesan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളാപ്പള്ളി നടേശൻ
ജനനം (1937-09-10) സെപ്റ്റംബർ 10, 1937  (87 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽBusiness, Social Service

എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യകാര്യനിർവ്വാഹകനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ ജനനം.വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഇവരുടെ പന്ത്രണ്ടു മക്കളിൽ ഏഴാമനാണ് നടേശൻ.[1][2][3] പ്രീതിയാണ് ഭാര്യ. തുഷാർ, വന്ദന, പരേതനായ വിനീത് എന്നിവർ മക്കളും.

ജീവിത രേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കണിച്ചുകുളങ്ങരയിലെ ഒരു ഈഴവ കുടുംബത്തിൽ വെള്ളാപ്പള്ളി കേശവൻ മുതലാളിയുടേയും ദേവകിയമ്മയുടേയും 12 മക്കളിൽ ഏഴാമനായി 1937 സെപ്റ്റംബർ പത്തിന് ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്രത്തിൽ ജനനം. നടേശൻ, നടരാജൻ ഇരട്ട സഹോദരന്മാരിൽ മൂത്തയാളാണ്. പങ്കജാക്ഷി, മോഹൻദാസ്, അംബുജാക്ഷി, മണിയമ്മ, വിലാസിനി, വിനോദിനി, രാമചന്ദ്രൻ, സുന്ദരേശൻ, കമലമ്മ, സുഭകേശൻ എന്നിവർ മറ്റ് സഹോദരങ്ങളാണ്.

നടേശൻ്റെ ചെറുപ്രായത്തിൽ അദ്ദേഹത്തിൻ്റെ പിതാവിനെ സന്ദർശിക്കാൻ വീട്ടിലേക്ക് എത്തിയിരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറുമായിട്ടുള്ള സമ്പർക്കം നടേശനെ ശ്രീനാരായണീയ ആശയങ്ങളിൽ കൂടുതൽ ജ്ഞാനം നേടാൻ സഹായിച്ചു.

സ്കൂളിൽ പഠിക്കുമ്പോഴെ നേതൃത്വ പരിശീലനം ലഭിച്ച നടേശൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് കോൺഗ്രസിൻ്റെ നേതാവും സ്കൂൾ ലീഡറുമായിരുന്നു. കമ്മ്യൂണിസം നിറഞ്ഞ് നിൽക്കുന്ന ആലപ്പുഴ ജില്ലയിൽ നടേശൻ അങ്ങനെ ശ്രദ്ധേയനായി. വിദ്യാഭ്യാസത്തിന് ശേഷം പലചരക്ക് കട നടത്തിയാണ് കച്ചവട രംഗത്തേക്കുള്ള നടേശൻ്റെ വരവ്. ഷോപ്പ് നഷ്ടത്തിലായപ്പോൾ കെട്ടിട നിർമാണ പ്രവർത്തനങ്ങളിലേക്ക് വഴിമാറി.

1962-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റിൽ തകഴി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. കേവലം ആറ് വോട്ടുകൾക്കാണ് നടേശൻ പരാജയപ്പെട്ടത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിവായി.

ജന്മി-ഭൂപ്രഭു-കുടിയാൻ സംവിധാനം നിലനിൽക്കുന്ന സമയത്താണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ പ്രസിഡൻ്റായി നടേശൻ ചുമതലയേറ്റത്. 1964-ൽ ക്ഷേത്ര പ്രസിഡൻ്റായ അദ്ദേഹം സമൂഹത്തിൽ നിലനിന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒരു പരിധി വരെ മാറ്റിയെടുക്കാൻ ശ്രമിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന എം.കെ.രാഘവനാണ് നടേശൻ്റെ നേതൃ ഗുണത്തെ പ്രോത്സാഹിപ്പിച്ചത്. യോഗത്തിൻ്റെ നേതൃ നിരയിലേക്ക് നടേശനെ എത്തിച്ച രാഘവൻ നടേശൻ്റെ നേതൃത്വ മികവിൽ വീണ്ടും യോഗത്തിൻ്റെ നേതാവായി തുടർന്നു.

1995-ൽ ആദ്യമായി വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടേശൻ്റെ സംഘടനാ സംവിധാനത്തിൽ ഈഴവ സമുദായം കേരളത്തിലെ പ്രബല വിഭാഗമായി മാറി. അബ്കാരിയായിരുന്ന നടേശൻ്റെ നേതൃഗുണം എസ്എൻഡിപി യോഗത്തെ കേരളത്തിലെ അധികാര രാഷ്ട്രീയത്തിൻ്റെ എല്ലാ തലങ്ങളിലേക്കും വളർത്തി. എസ് എൻ ട്രസ്റ്റിന് കീഴിലുള്ള 143 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 90 എണ്ണവും തുടങ്ങിയത് നടേശൻ നേതൃ സ്ഥാനത്ത് എത്തിയതിനെ തുടർന്നാണ്.

അബ്കാരിയായ നടേശൻ കേരളത്തിലെ പതിനാല് ജില്ലകളിലും ബാർ ലൈസൻസ് നേടി സ്വന്തമായി ബാർ ഹോട്ടലുകളും കൺവെൻഷൻ സെൻ്ററുകളും ഓഡിറ്റോറിയവും നടത്തി വരുന്നു.

ഒരു കെട്ടിട നിർമാണ കോൺട്രാക്റ്റർ കൂടിയായ നടേശൻ വെള്ളാപ്പള്ളി നടേശൻ & കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. പൊതു മരാമത്ത് കോൺട്രാക്റ്ററായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്.

1967 ജൂലൈ 13 നായിരുന്നു പ്രീതിയുമായുള്ള വിവാഹം. ബിസിനസുകാരനും എസ്എൻഡിപി യൂത്ത് മൂവ്മെൻ്റിൻ്റെ ജനറൽ സെക്രട്ടറിയുമായ തുഷാറും സിംഗപ്പൂരിൽ ബിസിനസ് നടത്തുന്ന എൻജിനീറിംഗ് ബിരുദദാരിയായ വന്ദനയും വെള്ളാപ്പള്ളി നടേശൻ്റെ മക്കളാണ്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറിന് ശേഷം ഒരേ സമയം തന്നെ എസ്എൻഡിപി യോഗത്തിന്റെയും ശ്രീ നാരായണ ട്രസ്റ്റിൻ്റെയും നേതൃനിരയിലെത്തിയ നേതാവാണ്. 1996 ജനുവരി 27ന് എസ്.എൻ. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ നടേശൻ അതേ വർഷം നവംബർ 17ന് എസ്.എൻ.ഡി.പി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2012-ൽ 15 വർഷം യോഗം ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാൻ്റെ റെക്കോർഡ് മറികടന്ന വെള്ളാപ്പള്ളി നിലവിൽ 27 വർഷമായി ആ പദവികളിൽ തുടരുന്നു.

1964-ൽ 27-മത്തെ വയസിൽ കണിച്ചുകുളങ്ങര ക്ഷേത്ര പ്രസിഡൻ്റ് സ്ഥാനത്ത് എത്തിയ നടേശൻ നിലവിൽ 59 വർഷമായി ആ സ്ഥാനത്ത് തുടരുന്നു.[4][5][6]

ആത്മകഥ

[തിരുത്തുക]
  • എൻ്റെ ഇന്നലെകൾ[7][8][9]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-07. Retrieved 2019-09-09.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-07. Retrieved 2019-09-09.
  3. "Vellappally Natesan's journey: Bar owner to rising force of Kerala politics". The Indian Express. 3 October 2015. Retrieved 2 April 2019.
  4. Vellappally Nadeshan
  5. വെള്ളാപ്പള്ളി നടേശന് ശതാഭിഷേകം
  6. സംഘാടക മികവിൽ പത്താം തവണയും വെള്ളാപ്പള്ളി യോഗം ജനറൽ സെക്രട്ടറി
  7. എൻ്റെ ഇന്നലെകൾ
  8. അനുഭവങ്ങളുടെ കരുത്ത് വെള്ളാപ്പള്ളി നടേശൻ
  9. നക്സൽ അനുഭാവികൾ മുതൽ ലീഗുകാർ വരെ എസ്എൻഡിപി യോഗത്തിലുണ്ട്
"https://ml.wikipedia.org/w/index.php?title=വെള്ളാപ്പള്ളി_നടേശൻ&oldid=4103691" എന്ന താളിൽനിന്ന് ശേഖരിച്ചത്