ബാഷ്പീകരണം
ഒരു മൂലകമോ സംയുക്തമോ അവസ്ഥാന്തരണം മൂലം ദ്രാവകാവസ്ഥയിൽനിന്നും വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ബാഷ്പീകരണം എന്നുപറയുന്നത്[1]. രണ്ടുതരം ബാഷ്പീകരണം ഉണ്ട് തിളയ്ക്കലും ഇവാപറേഷനും. ഇവാപറേഷൻ ഒരു പ്രതല പ്രതിഭാസമാണ് എന്നാൽ തിളയ്ക്കൽ ഒരു കൂട്ടായ പ്രതിഭാസമാണ്.
നിർണ്ണായക താപനിലയ്ക്കു താഴെയുള്ള ഒരു ദ്രാവകം അവസ്ഥാന്തരണം മൂലം വാതമായി മാറുന്ന പ്രക്രീയയാണ് ഇവാപറേഷൻ. ദ്രാവകം വാതകമായി മാറുന്നത് തിളനിലക്കുതാഴെയുള്ള താപനിലയിലായിരിക്കും. ഇവാപറേഷൻ ഉപരിതലത്തിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ഒരു പദാർത്ഥത്തിന്റെ ബാഷ്പത്തിന്റെ ഭാഗിക മർദ്ദം സംതുലന ബാഷ്പമർദ്ദത്തിനേക്കാൾ കുറവാകുമ്പോഴാണ് ഇവാപറേഷൻ നടക്കുന്നത്.
തിളയ്ക്കലും ദ്രാവകാവസ്ഥയിലുള്ള പദാർത്ഥം വാതകാവസ്ഥയിലേക്ക് മാറുന്നതുതന്നെയാണ്. എന്നാൽ തിളയ്ക്കൽ നടക്കുന്നത് ദ്രാവകത്തിന്റെ അടിയിലാണ്. അവിടെ വാതകാവസ്ഥയിലുള്ള കുമിളകൾ രൂപപ്പെടുകയും അവ ദ്രാവക ഉപരിതലത്തിലേക്ക് എത്തുകയും ചെയ്യുന്നു. വസ്തുവിന്റെ സംതുലന ബാഷ്പമർദ്ദം അന്തരീക്ഷബാഷ്പമർദ്ദത്തിനേക്കാൾ കൂടുതലാവുമ്പോഴാണ് ദ്രാവകം തിളയ്ക്കുന്നത്. ദ്രാവകം തിളയ്ക്കുന്ന താപനിലയാണ് അതിന്റ തിളനില എന്നുപറയുന്നത്. ഇത് ചുറ്റുപാടിന്റെ മർദ്ദത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
വസ്തുക്കൾ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് പോകാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് പോകുന്നതിനെയാണ് ഉത്പതനം എന്ന് പറയുന്നത്. ഇതിൽ വസ്തുക്കൾ ദ്രാവകാവസ്ഥയിലെത്തുന്നില്ല. ഇതിൽ ദ്രാവകാവസ്ഥ ഉൾപ്പെടാത്തതുകൊണ്ട് ഇത് ബാഷ്പീകരണത്തിൽ ഉൾപ്പെടുന്നില്ല.
References
[തിരുത്തുക]