വി.ടി. ഭട്ടതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. T. Bhattathiripad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി.ടി. ഭട്ടതിരിപ്പാട്
വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട്
ജനനം1896 മാർച്ച് 26
മലപ്പുറം
മരണംഫെബ്രുവരി 12, 1982(1982-02-12) (പ്രായം 85)
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്സാമൂഹ്യ പരിഷ്കർത്താവ്

കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്([English:Bhattathiripad). 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ അങ്കമാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു [1]. മരണം-1982 ഫെബ്രുവരി 12ന്‌. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു[2].

പശ്ചാത്തലം

കേരളബ്രാഹ്മണരായ നമ്പൂതിരിമാർ വളരെ താമസിയാതെ അവരുടെ വിദ്യ, വേദജ്ഞാനം, ആയുർവേദജ്ഞാനം മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവിൽ വാണരുളുന്ന ഭൂദേവന്മാരായിത്തീർന്നു. വേദജ്ഞരായ അവർക്ക് അന്നത്തെ നാടുവാഴികൾ നൽകി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശങ്ങളെത്തന്നെ വാഴിക്കുന്ന ശക്തികളായും അവർ ഉയർന്നു. രാജാക്കന്മാർക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് തന്നെ അവരുടെ അധികാരം വളർന്നു. ഇങ്ങനെ സർവ്വാധിപത്യം സിദ്ധിച്ച ഒരു വർഗ്ഗത്തേയോ, വംശത്തേയോ ലോകത്തിൽ മറ്റൊരിടത്തും കാണുക സാദ്ധ്യമല്ല എന്നാണ് പി.കെ ബാലകൃഷ്ണൻ അവകാശപ്പെടുന്നത്.[3] ഭൂദേവന്മാർ എന്ന് ചിരപുരാതനകാലം മുതൽ ബ്രാഹ്മണർ സ്വയം വിഭാവനം ചെയ്തുപോന്നിരുന്നത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടാൻ കേരളത്തിലാണ് ഇടയായത്.

ഇവർ സമൂഹത്തിലെ പരമാധികാരം കൈയ്യാളിയിരുന്നെങ്കിലും അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായില്ല. നമ്പൂതിരിമാർ തന്നെ വികസിപ്പിച്ചെടുത്ത സവിശേഷ ആചാരങ്ങൾ ആണ് അതിനു കാരണം. സമുദായത്തിലെ മൂത്ത ആണിനു മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. മറ്റുള്ളവർ നായർ വീടുകളിലും മറ്റുമായി ഗാന്ധർവ്വരീതിയിൽ സംബന്ധം ചെയ്ത് പാർത്തിരുന്നു. നമ്പൂതിരിമാരുമായി വിവാഹംനായർ സ്ത്രീകൾ അന്തസ്സുള്ളതും അഭിമാനകരവുമായി കരുതി. പരിവേദനം അഥവാ ഇളയവർ കല്യാണം കഴിക്കുന്നത് നിരോധിച്ചതുനിമിത്തം നമ്പൂതിരി സ്ത്രീകളിൽ മൂന്നിലൊന്നോളം വരുന്ന സ്ത്രീകൾ വിവാഹത്തിന് ഭാഗ്യമില്ലാതെ മരിക്കേണ്ട അവസ്ഥ വന്നിരുന്നു. ഇതിന് ബദലായി അധിവേദനം അഥവാ മൂത്തയാൾ ഒന്നിലധികം വിവാഹം കഴിക്കുന്ന രീതി ഏർപ്പെടുത്തി. ഇതു മൂലം നമ്പൂതിരിമാരെ കല്യാണം കഴിച്ചിരുന്ന അപൂർവം ചില സ്ത്രീകൾക്കേ യൌവനയുക്തനായ ഭർത്താക്കന്മാരെ ലഭിച്ചിരുന്നുള്ളൂ. മിക്കവാറും വൃദ്ധരായ ഭർത്താക്കന്മാരാണ് ഭൂരിപക്ഷത്തേയും വിവാഹം കഴിച്ചിരുന്നത്. ഇക്കാരണത്താൽ തന്നെ മിക്ക വൃദ്ധ ഭർത്താക്കന്മാർക്കും തങ്ങളുടെ ഭാര്യമാരിൽ പാതിവ്രത്യസംശയം ഉണ്ടായി. സ്ത്രീകൾ കന്യകമാരായി മരിക്കുന്നതിലെ പാപം ഒഴിവാക്കാൻ പേരിന് ഏതെങ്കിലും വൃദ്ധബ്രാഹ്മണരുമായി ഒരു കൈപിടിക്കൽ ചടങ്ങ് നടത്തുക പതിവായി.

ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് സ്മാർത്തവിചാരം. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് നമ്പൂതിരിമാർ പെരുമാറിയിരുന്നത്.[4] ഇത്തരത്തിൽ കേരളം മുഴുവനും ഒച്ചപ്പാടുണ്ടാക്കിയ ഒരു സ്മാർത്തവിചാരമാണ് കുറിയേടത്ത് താത്രി എന്ന സാവിത്രിയുടേത്. ഇത് നടന്നത് കൊല്ലവർഷം 1079-ലാണ്. അക്കാലത്ത് അഞ്ചോളം സ്മാർത്തവിചാരങ്ങൾ നടക്കുകയും ചെയ്തതായു കാണിപ്പയൂർ തന്റെ പ്രസിദ്ധമായ ‘എന്റെ സ്മരണകൾ എന്ന പുസ്തകത്തിൽ പറയുന്നു.[5]. വൃദ്ധവിവാഹം നടന്നിരുന്നതിനാൽ മിക്ക സ്ത്രീകളും നേരത്തേ തന്നെ വിധവകൾ ആയി. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാൽ മിക്ക ഇല്ലങ്ങളിലും വിവാഹേതര ബന്ധങ്ങൾ അരങ്ങേറി. കുറേയേറെ താത്രിമാർ ഉണ്ടായി.

ഇത്തരം സാമൂഹികമായ അനാചാരങ്ങൾ കൊടികുത്തി വാഴുന്നിടത്താണ് വി.ടി. ഭട്ടതിരിപ്പാട് വേറിട്ട ഉൾക്കാഴ്ചയുമായി പ്രവേശിക്കുന്നത്. സമുദായത്തിലെ ഇത്തരം നീചമായ ആചാരങ്ങൾക്കെതിരെ അദ്ദേഹം യുദ്ധകാഹളം മുഴക്കി.

മൂസ്സ് നമ്പൂതിരിമാരുടെ (മൂത്തയാൾ) താഴെ വന്നിരുന്ന എല്ലാ നമ്പൂതിരി യുവാക്കളും അപ്ഫൻ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവർക്ക് ഉണും ഉറക്കവുമല്ലാതെ സ്വന്തം ഇല്ലത്ത് യാതൊരു ജോലിയോ, അധികാരമോ ഉണ്ടായിരുന്നില്ല. വിവാഹം നിഷിധമായ അവർ മറ്റു നായർ തറവാടുകളിൽ സംബന്ധം പുലർത്തിപോന്നതല്ലാതെ കുടുംബം സുഖം അനുഭവിച്ചിരുന്നില്ല. ഇത്തരത്തിൽ ഒരു അപ്ഫൻ നമ്പൂതിരിയായിരുന്നു വി.ടി.യും

ആദ്യകാലങ്ങൾ

വി.ടി.യുടെ ബാല്യകാലം ഒട്ടും ശോഭനമായിരുന്നില്ല. അത്രയൊന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലം കൂടുതലും പാതാക്കര മനയ്ക്കലും മുതുകുർശി മനയ്ക്കലുമായാണ് കഴിച്ചുകൂട്ടിയത്. മുതുകുർശിമനയിൽ വേദം അഭ്യസിച്ചകാലത്ത് അദ്ദേഹം അപ്ഫന്മാരുടെ കൂട്ടിരിപ്പിനേയും മൂസ്സ് നമ്പൂതിരിമാരുടെ അധിവേദനത്തേയും മറ്റുമുള്ള ചൂടുപിടിച്ച ചർച്ചകൾക്ക് സാക്ഷിയായിരുന്നു. വേദപഠനത്തിനു ശേഷം നിവൃത്തികേടുകൊണ്ട് അദ്ദേഹം മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനാവേണ്ടി വന്നു. ഈ ജോലിയിൽ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വലിയ ഒരു തുക സ്ത്രീധനമായി വാങ്ങി വേളികഴിക്കുന്നതുവരെ തുടർന്നു. അങ്ങനെ ഇല്ലത്ത് സാമ്പത്തിക നില കൈവന്നപ്പോൾ അദ്ദേഹം ശാന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുന:രാരംഭിച്ചു.

ഷൊർണൂർ മുണ്ടമുകക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ട ഒരു സംഭവം ഉണ്ടായി. ഒരു തിയ്യാടി പെൺകുട്ടിയിൽ നിന്ന് അക്ഷരാഭ്യാസം സ്വീകരിച്ചതാണ് ആ സംഭവം. ഇത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. വായിക്കാനും അറിവുനേടാനുമുള്ള ആഗ്രഹം അദ്ദേഹത്തിൽ വളരാൻ ഇടയാക്കി. മറ്റൊരു സംഭവം മുണ്ടമുക ക്ഷേത്രത്തിൽ ശാന്തിയായിരിക്കുമ്പോൾ അവിടെയുള്ള അമ്മുക്കുട്ടി വാരസ്യാരുമായി പ്രേമത്തിലായതും എന്നാൽ അവളെ പെരുമനത്ത് നമ്പൂതിരി സംബന്ധം ചെയ്യാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ മനസ്സിന് വലിയ ആഘാതം ഏൽപ്പിച്ചു.

കൂടുതൽ പഠിക്കാനായി വി.ടി. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അവിടെ നടന്ന മുറജപത്തിൽ പങ്കു കോണ്ട് അത്യാവശ്യം ജീവിച്ചുപോന്നു. ഇക്കാലത്ത് അദ്ദേഹം കേരളത്തിൽ വളർന്നു വന്നിരുന്ന പുരോഗമനവാദിയും വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവുമായ കുട്ടൻ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാൻ ഇടയായി. ‘ഉണ്ണി നമ്പൂതിരി‘ എന്ന യോഗക്ഷേമ മാസികയുടെ പത്രാധിപത്യത്തിൽ ഇരുന്നുകൊണ്ട് മിതവാദികൾക്കും യാഥാസ്ഥിതികർക്കും നേരേ പടവാൾ ഓങ്ങിയ ആൾ ആയിരുന്നു കുമാരമംഗലത്ത് കുട്ടൻ നമ്പൂതിരി.[6]

പിന്നീട് പാതാക്കരമനയ്ക്കൽ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശമനുസരിച്ച് പെരിന്തൽമണ്ണ ഹൈസ്കൂളിൽ 1918-ൽ ഒന്നാം ക്ലാസിൽ ചേർന്നു പഠനം ആരംഭിച്ചു. എന്നാൽ ചരിത്രാദ്ധ്യാപകന്റെ അധിക്ഷേപത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയതിന് അദ്ദേഹത്തെ സ്കൂളിൽ നിന്ന് പുറത്താക്കി. 1921 ൽ ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടർന്ന് പഠിച്ചത്. എന്നാൽ അവിടേയും വി.ടി. യെ പഠനം തുടരാൻ സാഹചര്യങ്ങൾ അനുവദിച്ചില്ല. സ്വാതന്ത്ര്യ സമരാവേശം തലക്കുപിടിച്ച ചില സഹപാഠികളുമൊത്ത് വി.ടി. അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗസ്സ് പ്രവർത്തനത്തിനായി പോയി. അക്കാലത്ത് വിദേശത്ത് പോകുക എന്നത് തന്നെ നിഷിദ്ധമായിരുന്നു. ഏതായാലും വി.ടി. പ്രായശ്ചിത്തത്തിന് തയ്യാറാവാൻ വിസമ്മതിച്ചതു കൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാതെ വന്നു.

നവോത്ഥാനത്തിന്റെ തീപ്പൊരികൾ

1923-ൽ അദ്ദേഹം യോഗക്ഷേമം കമ്പനിയിൽ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് അദ്ദേഹത്തെ മംഗളോദയം കമ്പനിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ശ്രീ നാരായണഗുരു വിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആദർശത്തോട് ആദരവ് തോന്നാനും എസ്.എൻ.ഡി.പി. യോഗം എന്ന സംഘടനയോട് അടുപ്പം തോന്നാനും ഇക്കാലത്ത് അദ്ദേഹത്തിന് തോന്നിയിരുന്നു. ഈഴവരുട പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കു കൊള്ളുകയും അവരുടെ വീടുകളിൽ നിന്ന് സഹഭോജനം നടത്തുകയും ചെയ്തു. മിശ്രഭോജനം, മിശ്രവിവാഹം എന്നീ വിപ്ലവാശയങ്ങൾ അദ്ദേഹത്തിൽ കടന്നുകൂടിയതും ഇക്കാലത്താണ്.

ഇതേ കാലത്ത് തന്നെ അദ്ദേഹം പ്രസിദ്ധനായ സഖാവ് കെ.കെ. വാരിയർ എം.പി.യുമായി പരിചയത്തിലായി. അദ്ദേഹത്തിന് വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് വഴികാട്ടിയായി അദ്ദേഹം വർത്തിച്ചു.

അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം നമ്പൂതിരി സമൂഹം നന്നേ അധ:പതിച്ചു കഴിഞ്ഞിരുന്നു. എന്നാൽ പുതിയ യോഗക്ഷേമക്കാർ അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നവരായിരുന്നില്ല. അദ്ദേഹം സമുദായത്തിൽ പറ്റിപ്പിടിച്ച് അഴുക്കിനെ ഇല്ലാതാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അതിനായി ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ ആഹ്വാനം ചെയ്തു. പരിവേദനം, മിശ്രവിവാഹം , വിധവാവിവാഹം തുടങ്ങിയവക്ക് സ്വന്തം പ്രവർത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ചു. അപ്ഫനായ അദ്ദേഹം ഇട്ട്യാമ്പറമ്പത്ത് വാസുദേവൻ നമ്പൂതിരിയുടെ മകൾ ശ്രീദേവി അന്തർജനത്തെ 1930-ല് വിവാഹം ചെയ്തു. അതിനു മുന്ന് 1924-ല് തൃത്താല വടക്കെവാര്യത്ത് മാധവിക്കുട്ടി വാരസ്യാരെ സംബന്ധമുറ പ്രകാരം വിവാഹം ചെയ്തിരുന്നു. വി.ടി.യ്ക്ക് ഈ സംബന്ധത്തിൽ രണ്ടുമൂന്ന് മക്കളുണ്ടായിരുന്നു. അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. വി.ടി.യ്ക്ക് ശ്രീദേവി അന്തർജനത്തിലുണ്ടായ മകനാണ് തൃത്താല ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനായിരുന്ന വി.ടി. വാസുദേവൻ മാസ്റ്റർ. 1935-ല് ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തർജനത്തെ എം.ആർ.ബി.യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു. 1940-ല് സ്വന്തം സഹോദരി പാർവതി അന്തർജനത്തെ എൻ.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. അദ്ദേഹം വീണ്ടും ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ സി.പി.ഐ. നേതാവായിരുന്ന കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു. കുറിയേടത്ത് താത്രി സ്മരിക്കപ്പെടേണ്ട ഒരു നവോത്ഥാന നായികയാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

യാചനായാത്ര

1931-ൽ അദ്ദേഹം കേരളത്തിന്റെ വടക്കേ അറ്റം വരെ ഒരു യാചനായാത്ര നടത്തി. തൃശ്ശൂരിലെ നമ്പൂതിരി മഠത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാർത്ഥം നടത്തിയതായിരുന്നു ആ യാത്ര. വി.ടി. യെ സംബന്ധിച്ചിടത്തോളം ധനശേഖരണത്തിലുപരി ഒരാദ്ധ്യാത്മിക വിപ്ലവമായിരുന്നു ഉദ്ദേശ്യം. ഒരു മഹത്തായ സന്ദേശത്തിന്റെ പ്രചരണമാണ് അതുകൊണ്ട് സാധിച്ചത്. യാഥാസ്ഥിതികരുടെ ഇടയിൽ ഒരു ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തീ ഒന്നു പിടിച്ചുണർത്താനും ഈ യാത്രകൊണ്ട് സാധിച്ചു. ഇക്കാലത്ത് അദ്ദേഹം കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ അംഗമായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. എന്നാൽ അദ്ദേഹം 1956-ൽ കോൺ‌ഗ്രസ്സിൽ നിന്ന് രാജിവെച്ച് കമ്യൂണിസത്തിനെ കൂട്ടുപിടിച്ചെങ്കിലും താമസിയാതെ അതും തനിക്ക് ചേരുന്നതല്ല എന്നു മനസ്സിലാക്കി അതും ഉപേക്ഷിച്ചു.

വിധവാ വിവാഹം

വി.ടി. ഭട്ടാതിരിപ്പാടിൻെറ കാർമ്മികത്വത്തിൽ 1934 സെപ്തംബർ 13 ന് അദ്ദേഹത്തിൻെറ വീടായ രസികസദനത്തിൽ വച്ച് നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാ വിവാഹം നടന്നു.വി.ടി യുടെ ഭാര്യാസഹോദരിയും വിധവയുമായ ഉമാദേവി അന്തർജനത്തെ മുല്ലമംഗലത്ത് രാമൻ ഭട്ടതിരി (എം.ആർ.ബി) വിവാഹം ചെയ്തു.എം.സി. ജോസഫ്,മന്നം മാരാർ,അയ്യപ്പൻ,ഇ.എം.എസ്, ചൊവ്വര പരമേശ്വരൻ,കെ എ ദാമോദര മേനോൻ എന്നീ പ്രമുഖർ സന്നിഹിതരായിരുന്നു.[7]

നാടകം ജനിക്കുന്നു

യോഗക്ഷേമസഭക്കാരുടേയും നമ്പൂതിരി യുവജനസംഘത്തിന്റേയും ശ്രമഫലമായി ശരിയാക്കിയ ‘നമ്പൂതിരി ബില്ലിന്‘ യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മർദ്ദം മൂലം കൊച്ചി രാജാവ് നിയമ സാധുത നൽകിയില്ല. ഇതിൽ പരിക്ഷീണിതരായ വി.ടി. യും മറ്റും പ്രഹസനമെന്ന നിലയിൽ ഒരു നാടകം അവതരിപ്പിക്കാൻ ശ്രമം തുടങ്ങി. ഇതാണ് പ്രസിദ്ധമായ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്‘ എന്ന നാടകം. നമ്പൂതിരി വർഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം വിവിധ അരങ്ങുകളിൽ പ്രദർശിക്കപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടതായി വന്നു. സ്വന്തം ഇല്ലത്ത് പ്രദർശിപ്പിച്ച വേളയിൽ സ്വന്തം സഹോദരൻ അദ്ദേഹത്തിന് നേരേ വധശ്രമം വരെ നടത്തുകയുണ്ടായി. പ്രദർശനം ഒരു വൻ വിജയമായിരുന്നു. പ്രദർശിപ്പിക്കപ്പെട്ട ഇല്ലങ്ങളിലെല്ലാം അന്തർജനങ്ങൾ മറക്കുള്ളിലിരുന്ന് നാടകം കണ്ടു. അവരെല്ലം ഉദ്ബുദ്ധരായി. നിരവധി സ്ഥലങ്ങളിൽ അന്തർജന സമാജങ്ങൾ രൂപം കൊണ്ടു.

ഘോഷാബഹിഷ്കരണം

പാർവ്വതി നെന്മേനിമംഗലം എന്ന അന്തർജനത്തിന്റെ അദ്ധ്യക്ഷതയിൽ അന്തർജനസമാജം ആദ്യത്തെ യോഗം ചേർന്നു. അതിന്റെ മൂന്നാമത്തെ യോഗം വി.ടി.യുടെ രസികസദനം എന്ന ഇല്ലത്ത് വച്ചായിരുന്നു. സംഭവ സമയത്ത് വി.ടി. അടുത്തുള്ള സ്കൂൾ വാർഷികത്തിൽ പ്രസംഗിക്കുകയായിരുന്നു. യോഗം കഴിഞ്ഞശേഷം അന്തർജനങ്ങൾ മറക്കുട ഇല്ലാതെ ജാഥയായി വി.ടി. പ്രസംഗിച്ചിരുന്ന വേദിയിലേക്ക് കയറിച്ചെന്നു. ഇതായിരുന്നു ആദ്യത്തെ ഘോഷാബഹിഷ്കരണം. വി.ടി.യെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

ബഹുമതസമൂഹം

1935-ൽ അദ്ദേഹം വിശാലമായ മറ്റൊരാശയം മുന്നോട്ട് വച്ചു. നാനാജാതി മതസ്ഥർ ഒന്നിച്ചു താമസിക്കുന്ന ഒരു സ്ഥലം ആയിരുന്ന് അദ്ദേഹം മുന്നോട്ട് വച്ചത്. കൊടുമുണ്ട കോളനി എന്ന പേരിൽ അറിയപ്പെട്ട് ഇത് 1935-ൽ തന്നെ സ്ഥാപിക്കപ്പെട്ടു. നാനാജാതിക്കാർ കുറേക്കാലം ഒന്നിച്ചു കഴിഞ്ഞു എന്നാൽ ഇത് വി.ടി.ക്ക് കനത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കി.

കൃതികൾ

നാടകം

കഥാസമാഹാരം

  • രജനീരംഗം
  • പോംവഴി
  • തെരഞ്ഞെടുത്ത കഥകൾ

ഉപന്യാസം

  • സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു (1961)
  • വെടിവട്ടം (1970)
  • കാലത്തിന്റെ സാക്ഷി

ആത്മകഥ, അനുഭവം

  • കണ്ണീരും കിനാവും*
  • കർമ്മവിപാകം*
  • ജീവിതസ്മരണകൾ*
  • വി.ടി.യുടെ സമ്പൂർണ്ണകൃതികൾ*

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.[8]

സ്മാരകങ്ങൾ

അവലംബം

  1. കർമ്മവിപാകം - ആത്മകഥ വി.ടി. ഭട്ടതിരിപ്പാട്
  2. "മലയാള നാടകത്തെക്കുറിച്ച്. ശേഖരിച്ചത് --". Archived from the original on 2007-04-24. Retrieved 2007-03-06.
  3. ഉദ്ധരിച്ചിരിക്കുന്നത് ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്,ഏട്. 15, ജൂൺ 2005.
  4. പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
  5. കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്- എന്റെ സ്മരണകൾ ഉദ്ധരിച്ചിരിക്കുന്നത് ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്, ഏട്, 16. ജൂൺ 2005.
  6. യോഗക്ഷേമ സഭയുടെ സൈറ്റ് ശേഖരിച്ച തിയ്യതി മാർച്ച് 6 2007
  7. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, കേരള സർക്കാർ (2018). തമസോ മാ ജ്യോതിർഗമയ. തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്. p. 39.
  8. കേരള പാഠാവലി എട്ടാം ക്ലാസ് - പൂക്കളും ആണ്ടറുതികളും (page20)
  9. [ http://gist.ap.nic.in/cgi-bin/edn/ednshow.cgi/?en=2628[പ്രവർത്തിക്കാത്ത കണ്ണി] വി.ടി. ഭട്ടതിരിപ്പാട് സ്മാരക കലാലയം ശേഖരിച്ച തിയ്യതി2007 മാർച്ച് 6]
"https://ml.wikipedia.org/w/index.php?title=വി.ടി._ഭട്ടതിരിപ്പാട്&oldid=3713981" എന്ന താളിൽനിന്ന് ശേഖരിച്ചത്