അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി
അന്താരാഷ്ട്രതലത്തിൽ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നിലനിന്നിരുന്ന ഒരു സ്ഥാപനമാണ് അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി. യുണൈറ്റഡ്നേഷൻസ് റിലീഫ് ആൻഡ് റിഹാബിലിറ്റേഷൻ അഡ്മിനിസ്ട്രേഷൻ (United Nations Relief and Rehabilitation Administration) എന്നതിലെ ഇംഗ്ലീഷ് പദസമുച്ചയത്തിന്റെ ആദ്യക്ഷരങ്ങൾ സമാഹരിച്ച് പ്രസ്തുത സംഘടനയ്ക്ക് നല്കിയിട്ടുള്ള ചുരുക്കപ്പേരാണ് അൺറാ.
ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രതലത്തിൽ സാമൂഹ്യക്ഷേമപരിപാടികൾ നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെ 1943-ൽ ഈ സംഘടന സ്ഥാപിതമായി. അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റിന്റെ അധ്യക്ഷതയിൽ, വാഷിംഗ്ടണിൽ, 1943 നവംബർ 9-ന് നടന്ന ചടങ്ങിൽ ഇതിന്റെ സ്ഥാപനപ്രമാണത്തിൽ 44 രാഷ്ട്രങ്ങൾ ഒപ്പുവച്ചു. ഈ സംഘടന ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പ്രാധാന്യം നല്കിയിരുന്നു. യുദ്ധം നിമിത്തമുണ്ടായ നാശനഷ്ടങ്ങൾകൊണ്ട്, ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഇറക്കുമതികൾ നടത്താൻ സാമ്പത്തികക്ലേശം അനുഭവിച്ചിരുന്ന രാഷ്ട്രങ്ങളിലേക്കാണ് അൺറാ ആദ്യമായി ശ്രദ്ധതിരിച്ചത്.
പ്രവർത്തനം
[തിരുത്തുക]ആഹാരം, വസ്ത്രം, പാർപ്പിടസൌകര്യങ്ങൾ, മരുന്നുകൾ ഇവയുടെ വിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് അൺറാ കൂടുതൽ ശ്രദ്ധിച്ചിരുന്നു. യുദ്ധക്കെടുതികൊണ്ട് നശിച്ചിരുന്ന രാഷ്ട്രങ്ങളുടെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സഹകരണം നല്കുന്നതിലും അൺറാ ശ്രദ്ധിച്ചു. യുദ്ധംമൂലം അനാഥരായിത്തീർന്ന ജനങ്ങൾക്ക് താത്കാലിക ക്യാമ്പുകളുണ്ടാക്കിയും പുനരധിവാസസൌകര്യങ്ങൾ ഏർപ്പെടുത്തിയും അൺറാ സഹായിച്ചിരുന്നു. 25 രാഷ്ട്രങ്ങളിലായി അൺറാ ഏകദേശം 100 കോടി ജനങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുമതല വഹിച്ചു. 400 കോടി ഡോളർ വിലവരുന്ന സാധനങ്ങൾ വിതരണം ചെയ്തു. സഹായം ലഭിച്ച രാഷ്ട്രങ്ങൾ ഏറ്റവും ചുരുങ്ങിയ കാലയളവിൽ സ്വയം പര്യാപ്തമാകണമെന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടായിരുന്നു അൺറായുടെ പ്രവർത്തനം. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികൾക്ക് വിധേയമാകാത്ത രാഷ്ട്രങ്ങൾ 1943 ജൂൺ 30-ന് അവസാനിക്കുന്ന സാമ്പത്തികവർഷത്തിലെ ദേശീയവരുമാനത്തിന്റെ ഒരു ശതമാനം അൺറായുടെ പ്രവർത്തനങ്ങൾക്ക് നല്കണമെന്ന നിശ്ചയം അനുസരിച്ച് അമേരിക്ക 270 കോടി ഡോളറും ഇംഗ്ലണ്ട് 62.465 കോടി ഡോളറും കാനഡ 13.87 കോടി ഡോളറും സംഭാവന നല്കി.
1943 മുതൽ 1946 വരെ അൺറായുടെ ഡയറക്ടർ ജനറൽ ഹെർബർട് ലേമാൻ ആയിരുന്നു. ഫിയോറെല്ലാ എഛ്. ലെ ഗാർഡിയാ, ലെ വെൽ ഡബ്ലിയൂ. റൂക്സ് എന്നിവർ പിൽക്കാലത്ത് ഡയറക്ടർ ജനറൽമാരായി സേവനം അനുഷ്ഠിച്ചു. 1947 ജൂൺ 30-ന് അൺറായുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. അൺറായുടെ പൂർണമാകാത്ത പ്രവർത്തനങ്ങൾ അതിനുശേഷം അന്താരാഷ്ട്ര-അഭയാർഥി സംഘടനയും അന്താരാഷ്ട്ര-ശിശുക്ഷേമനിധിയും ഏറ്റെടുത്തു നടത്തുവാൻ തുടങ്ങി.
പുറംകണ്ണികൾ
[തിരുത്തുക]- അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി
- അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി
- അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അൺറാ-ഐക്യരാഷ്ട്ര ദുരിതാശ്വാസ പുനരധിവാസ സമിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |