അംഗുലേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ungulate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ungulate
Temporal range: Paleocene–present Possible Late Cretaceous – present
Donkey, Equus africanus
Spanish ibex (Capra pyrenaica)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Grandorder: Ferungulata
(unranked): അംഗുലേറ്റ
Linnaeus, 1766
Orders and Clades

കുളമ്പുകളുള്ള സസ്തനികളുടെ പൊതുനാമമാണ് അംഗുലേറ്റ'. മറ്റുവിധത്തിൽ അത്യധികം വൈവിധ്യങ്ങൾ ഈ ജന്തുക്കൾ തമ്മിലുണ്ടെങ്കിലും എല്ലാ അംഗുലേറ്റകളും സസ്യഭുക്കുകളാണ്. ഇവയുടെ ശരീരഘടന പൊതുവേയും, ദഹനേന്ദ്രിയഘടന പ്രത്യേകിച്ചും സസ്യാഹാരശീലം സുഗമമാക്കാൻ തക്കവണ്ണം പരിണമിച്ചതാണ്. ആട്, പശു, മാൻ‍, ഒട്ടകം, കുതിര, സീബ്ര, ആന, മുയലിനോളം മാത്രം വലിപ്പമുള്ള ഹൈറക്കോയ്ഡ്, കടൽപശു തുടങ്ങിയവയെല്ലാം അംഗുലേറ്റകളാണ്. ഇവയിൽ ഒടുവിൽ പറഞ്ഞ ചില ജന്തുക്കൾക്ക് പാദാന്തങ്ങളിൽ കുളമ്പിനുപകരം നഖമോ നഖരമോ തന്നെയാണ് ഇന്നും ഉള്ളത്. എന്നാൽ മറ്റു ലക്ഷണങ്ങളിൽ ഇവയെല്ലാം അംഗുലേറ്റകൾ തന്നെ.

എണ്ണത്തിലും വൈവിധ്യത്തിലും സസ്തനികളിൽ ഏറ്റവും പ്രമുഖവിഭാഗമാണ് അംഗുലേറ്റ. ക്രെട്ടേഷ്യസ് കല്പത്തിൽ (ആറുകോടി വർഷങ്ങൾക്കു മുമ്പ്) സസ്യാഹാരികളായ സസ്തനികൾ ഉണ്ടായിരുന്നില്ല. പ്രാണിഭക്ഷണമുപേക്ഷിച്ച് ചില സസ്തനികൾ സസ്യാഹാരം സ്വീകരിച്ചു തുടങ്ങിയ പാലിയോസീൻ യുഗത്തിലാണ്. ആദ്യകാലത്തെ ഈ സസ്യാഹാരികൾ കോണ്ടിലാർത്തുകൾ (Condylarths) എന്ന പേരിലറിയപ്പെടുന്നു.[4] ഈ മൃഗവർഗം അതിവേഗം അനവധി പ്രരൂപങ്ങൾക്ക് ഇടകൊടുത്തു. ഇയോസീൻഘട്ടം പകുതിയായപ്പോഴേക്ക് അംഗുലേറ്റകളുടെ വൈവിധ്യം പ്രകടമായിത്തുടങ്ങി. ആന, കുതിര എന്നിവയുടെയും പന്നിപോലുള്ള മറ്റു ചിലതിന്റെയും പൂർവികർ ഈ വേളയിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. സസ്യാഹാരം സുലഭവും മാംസഭുക്കുകളിൽനിന്ന് താരതമ്യേന സുരക്ഷിതവുമായ കാടുകളിലായിരുന്നു മിക്ക ആദികാല അംഗുലേറ്റകളും വസിച്ചിരുന്നത്. മയോസീൻ യുഗമാകുമ്പോഴേക്ക് വനവാസികളിൽ ഭൂരിഭാഗവും പുൽമേടുകളിലേക്ക് നീങ്ങി. ശരീരഘടനയിൽ പൊതുവായും ദന്തം, കൈകാലുകൾ എന്നിവയിൽ പ്രത്യേകിച്ചും സാരമായ മാറ്റങ്ങൾ വിവിധതരം അംഗുലേറ്റകളിൽ വന്നുതുടങ്ങിയത് ഇക്കാലത്താണ്.

പരിണാമ ചരിത്രം[തിരുത്തുക]

കോണ്ടിലാർത്ത്

അംഗുലേറ്റ്-പരിണാമം ലഘുവോ ഋജുവോ ആയിരുന്നില്ല. ഇവയ്ക്കു പൊതുവായി പല ലക്ഷണങ്ങളുമുണ്ടെങ്കിലും അവയുടെ വൈവിധ്യം തെളിഞ്ഞുനില്ക്കുന്നുണ്ട്. സവിശേഷവത്കൃതമല്ലാത്ത ഒരേ ആദിമപൂർവികനിൽ നിന്നല്ല ഇവ പരിണമിച്ചത്; ഒരു ആദിമ പൂർവികൻ വിവിധ ശാഖകളായി അപസരിക്കുകയല്ല (divergence), വിവിധ പൂർവികൻമാരിൽനിന്നുടലെടുത്ത ജീവിവിഭാഗങ്ങൾ സമാന പരിതഃസ്ഥിതിയിൽ ജീവിക്കുവാൻ അഭിസരിക്കുകയാണ് (Convergence) ചെയ്തതെന്നർഥം. എന്നാൽ ഈ പൂർവികർ തമ്മിൽ തീർച്ചയായും ബന്ധമുണ്ടായിരുന്നു. അതിലും ആദിമമായ, തീരെ വിശേഷവത്കൃതമല്ലാത്ത, ഒരു സസ്തനിപ്രരൂപത്തിൽനിന്ന് അപസരിച്ചവരാണ് വിവിധ അംഗുലേറ്റ ഗ്രൂപ്പുകളുടെ പൂർവികർ. അനുകൂലനപ്രക്രിയകൾക്കു വിധേയമായി ഒരു ആദിമ-അസവിശേഷവത്കൃത(Unspecialized) സസ്തനി ആദ്യം അപസരിച്ച് വിവിധ പരമ്പരകളായിത്തീരുകയും പിന്നീട് ഈ വിവിധഗ്രൂപ്പുകൾ സമാനമായ പരിതഃസ്ഥിതികളിൽ സമാനലക്ഷണങ്ങൾ വികസിപ്പിക്കുകയും ചെയ്ത അതിബൃഹത്തായ പരിണാമപ്രക്രിയയാണ് അംഗുലേറ്റകളുടെ ചരിത്രത്തിൽ ദർശിക്കുന്നത്. ഈ അപസരണ-അഭിസരണ പ്രക്രിയകൾക്കു മുൻപുള്ള പരികല്പിതജീവിയെ ആദിമ അംഗുലേറ്റ എന്നു വിളിക്കുന്നു. ദീർഘമായ മുഖവും വാലുമുള്ള, ചലനക്ഷമമായ, ഒരു നാല്ക്കാലി മൃഗമായിരുന്നിരിക്കണം ആദിമ അംഗുലേറ്റ. അതിന്റെ ഓരോ കാലിലും അഞ്ചു വിരലുകളും വിരലിന്റെ അറ്റത്ത് നഖരവുമുണ്ടായിരുന്നിരിക്കണം. അവയുടെ പല്ലുകൾ ലഘുവും സസ്യ-മാംസങ്ങളടങ്ങിയ മിശ്രാഹാരം ഭക്ഷിക്കാൻ പര്യാപ്തമായവയുമായിരുന്നിരിക്കാനാണിട. ആറുകോടി വർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന കോണ്ടിലാർത്തുകൾ ഈ അവസ്ഥയിൽനിന്നും വളരെയൊന്നും വിഭിന്നമായിരുന്നില്ല. കോണ്ടിലാർത്തുകൾക്കുശേഷം നിരവധി അംഗുലേറ്റ വിഭാഗങ്ങൾ അരങ്ങേറുകയും തിരോധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അസ്തമിത അംഗുലേറ്റകൾ[തിരുത്തുക]

കോണ്ടിലാർത്ര, ലിറ്റോപ്റ്റെർന, നോട്ടാംഗുലേറ്റ, ആസ്റ്റ്രാപൊത്തീരിയ, പൈറോത്തീരിയ, ക്സെനംഗുലേറ്റ എന്നിവയാണ് മുഖ്യവിഭാഗങ്ങൾ.

കോണ്ടിലാർത്ര[തിരുത്തുക]

യൂത്തീരിയൻ

സസ്യാഹാരികളും സർവാഹാരികളുമടങ്ങുന്ന ഒരു നാല്ക്കാലിവിഭാഗമാണിത്. പാലിയോസീൻ യുഗത്തിലും ഇയോസീൻ യുഗത്തിന്റെ ആദ്യഘട്ടത്തിലും ജീവിച്ച ഇവയുടെ ഫോസ്സിലുകൾ ലഭിച്ചിട്ടുള്ളത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ്. ആദിമ യൂത്തീരിയൻ (Eutherian) സസ്തനിയുടെയും,[5] പരികല്പിതമായ ആദിമ അംഗുലേറ്റയുടെയും മധ്യേ വർത്തിക്കുന്ന കോണ്ടിലാർത്തുകൾ സസ്തനപരിണാമത്തിന്റെ സുപ്രധാനമായ കണ്ണിയാണ്. ഇവയുടെ തലയോടുകൾ വിശേഷവത്കൃതവും മാംസഭുക്കുകളുടെ തലയോടിനോട് സാമ്യമുള്ളതുമായിരുന്നു. മൂന്നു മുൻപല്ലുകൾ, ഒരു നായ്പ്പല്ല്, നാല് മുൻമോളാറുകൾ, മൂന്നു മോളാറുകൾ എന്നിങ്ങനെയായിരുന്നു ദന്തവിന്യാസം. ദന്തശിഖരങ്ങൾ താഴ്ന്നതും ഉരുണ്ടതുമായിരുന്നു. പാദഘടനയിൽ വൻപിച്ച വൈവിധ്യം പ്രകടമായിരുന്നു. വാസ്തവത്തിൽ അംഗുലേറ്റകൾ പിന്നീട് കൈവരിച്ച വൈവിധ്യവത്കരണ സൂചനകൾ വിവിധ കോണ്ടിലാർത്ര കുടുംബങ്ങൾ പ്രകടമാക്കിയിരുന്നു. കണങ്കാലിലെ അസ്ട്രഗാലസ് (astragalus) എല്ല് പന്തുപോലെ വികസിക്കുകയും കപ്പ് രൂപത്തിലുള്ള നാവിക്യുലാർ (navicular) എല്ലിലേക്ക് തള്ളി വർത്തിക്കുകയും ചെയ്തിരിക്കുന്നു. കണങ്കാലിന്റെ ഈ ഘടനയിൽനിന്നാണ് കോണ്ടിലാർത്ര എന്ന പേർ വന്നതുതന്നെ. ഹയോപ്സോഡോണ്ടിഡേ (Hyopso -dontidae) കുടുംബാംഗങ്ങളിൽ കണങ്കാലിലെ ടാർസസ് (tarsus) എല്ല് ഏകാന്തരസ്വഭാവം പ്രകടമാക്കുന്നുണ്ട്. ആർടോസിയോണിഡ് (Arctocyonid) മാംസഭുക്കുകളിലും, ആദി-ഇയോസീൻകാലത്തെ ഇരട്ടക്കുളമ്പുള്ളവയിലും ഈ സ്ഥിതിവിശേഷംതന്നെയാണ് കാണപ്പെടുന്നത്. ഫിനോക്കോഡോണ്ടിഡേ കുടുംബത്തിൽപെട്ട ഫിനോക്കോഡസ് (Phenocodus) വളരെയധികം പഠനവിധേയമായ ഒരു ഫോസ്സിലാണ്. ഒറ്റക്കുളമ്പുള്ളവ, ആനകൾ, കടൽപശുക്കൾ, ഡെസ്മോസ്റ്റൈലിയ (Desmostylia) എന്നിവയുമായി ഇവയ്ക്ക് വ്യക്തമായ ബന്ധമുണ്ട്. ഡൈഡൊലോഡോണ്ടിഡേ (Didolobontidae) കുടുംബത്തിലെ അംഗങ്ങൾ ഒരു ഭാഗത്ത് ഫിനോകോഡോണ്ടുകളുമായും മറുഭാഗത്ത് ലിറ്റോപ്റ്റെർന, നോട്ടാംഗുലേറ്റ, ആസ്റ്റ്രാപൊത്തീരിയ, പൈറോത്തീരിയ, ക്സെനംഗുലേറ്റ (Xenungulata) തുടങ്ങിയവയുമായും ബന്ധപ്പെട്ടിരിക്കുന്നു. മെനിസ്കോതെറിഡേ (Meniscopheridae) കുടുംബാംഗങ്ങൾ നന്നേ ചെറുതായിരുന്നുവെന്നു മാത്രമല്ല, ജീവിച്ചിരിപ്പുള്ള ഹൈറക്കോയ്ഡുകളുമായി ബന്ധമുള്ളവയുമാണ്.

ലിറ്റോപ്റ്റെർന[തിരുത്തുക]

പാലിയോസീനിന്റെ അന്ത്യം തുടങ്ങി പ്ളീസ്റ്റോസിൻയുഗംവരെ ഇവ ജീവിച്ചിരുന്നു. പിന്നീട് അസ്തമിതമായിത്തീർന്ന ഈ മൃഗങ്ങൾ ദന്തങ്ങളുടെ രൂപത്തിലും പാർശ്വവിരലുകളുടെ ന്യൂനനത്തിലും മയോസീൻ കുതിരകളോട് സാമ്യം പുലർത്തിയിരുന്നു. പാദങ്ങളിൽ പ്രവർത്തനക്ഷമമായ മൂന്ന് വിരലുകളേ ഉണ്ടായിരുന്നുള്ളുവെന്നതാണ് ഇവയുടെ ലക്ഷണം. തെ. അമേരിക്കയിൽ മാത്രമാണ് ഇവയുടെ ഫോസ്സിലുകൾ കണ്ടെത്തിയിട്ടുള്ളത്.[6]

നോട്ടാംഗുലേറ്റ[തിരുത്തുക]

നോട്ടാംഗുലേറ്റ

തെക്കേ അമേരിക്കയിൽ സമൃദ്ധമായിരുന്ന മറ്റൊരു ആദിമ അംഗുലേറ്റാ വിഭാഗം. പ്രവർത്തനക്ഷമമായ വിരലുകൾ മൂന്നോ രണ്ടോ ആയി ചുരുങ്ങിയിരിക്കുന്നു. ദന്തങ്ങൾ അത്യധികം സവിശേഷവത്കരിക്കപ്പെടുകയും കസ്പുകൾ (cusps) കൂടിച്ചേർന്ന് ലോഫൊഡോണ്ട് (Lophodont) അവസ്ഥ പ്രാപിക്കുകയും ചെയ്തിരുന്നു. ഉയർന്ന ശിഖരങ്ങളുള്ള ഹിപ്സൊഡോണ്ട് (Hipsodont) അവസ്ഥയും ചിലവ കൈവരിച്ചിരുന്നു. ടൈപ്പോത്തീരിയ (Typotheria), ഹെഗറ്റോത്തീരിയ (Hegatotheria) എന്നിവ മുയലിനോളം വലിപ്പമുള്ള, വേഗത്തിലോടുന്ന മൃഗങ്ങൾ ഉൾപ്പെട്ട ഉപഗോത്രങ്ങളായിരുന്നു. ഉപഗോത്രം ടോക്സോഡോണ്ടയിൽ (Toxodonta) റൈനോസെറസിനോളം വലിപ്പമുള്ള വൻമൃഗങ്ങൾ ഉൾപ്പെട്ടിരുന്നു.

പാലിയോസീൻ-ഇയോസീൻ യുഗങ്ങളിൽ ജീവിച്ചിരുന്ന നോഷിയോപ്രൊഗോണിയ (Notioprogonia) ശ്രദ്ധേയമായ ഒരു ഉപഗോത്രമാണ്. ആർടോസ്റ്റൈലോപ്സ് എന്ന ജീനസ് വ. അമേരിക്കയിലെ ലോവർ ഇയോസീൻ സ്തരങ്ങളിൽനിന്നും, ബന്ധപ്പെട്ട പാലിയോസ്റ്റൈലോപ്സ് മംഗോളിയയിലെ അപ്പർ ഇയോസീൻ സ്തരങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്. ഈ ജീനസുകൾ ആർടോസ്റ്റൈലോപിഡെ (Arcostilopidae) എന്ന കുടുംബത്തിൽ പെട്ടവയാണ്. ഇവയുടെ വിപുലമായ വിതരണം സൂചിപ്പിക്കുന്നത് തെക്കേ അമേരിക്കയിൽ മാത്രമല്ല, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലും നോഷിയോപ്രൊഗോണിയ സുലഭമായിരുന്നു എന്നാണ്. നോട്ടാംഗുലേറ്റകൾ ആദ്യം പരിണമിച്ചത് തെക്കേ അമേരിക്കയിലാണെങ്കിൽ ഇത്രയും ദൂരസ്ഥലങ്ങളിലെത്തിച്ചേരാൻ അവയ്ക്ക് എങ്ങനെ കഴിഞ്ഞു? നോട്ടാംഗുലേറ്റകൾ ഉടലെടുത്തത് ഏഷ്യയിലായിരുന്നോ?- ഇന്നുള്ള അറിവ് ഇത്തരം ചോദ്യങ്ങൾക്കുത്തരം നല്കാൻ പര്യാപ്തമല്ല.[7]

ആസ്റ്റ്രാപൊത്തീരിയ[തിരുത്തുക]

അന്ത്യപാലിയോസീൻ തുടങ്ങി മധ്യമയോസീൻവരെ തെക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന ഒരു ഗോത്രം. അമേരിക്കയിലുണ്ടായിട്ടുള്ള അംഗുലേറ്റകളിൽ ഏറ്റവും വലുതാണിവ. ഇവയുടെ രണ്ടു താടിയിലേയും നായ്പ്പല്ലുകൾ തേറ്റ (tusk)കളായി മാറിയിരുന്നു. കരയിൽ മാത്രമല്ല വെള്ളത്തിലും ഇവ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

പൈറോത്തീരിയ[തിരുത്തുക]

പൈറോത്തീരിയ

ടെർഷ്യറി യുഗത്തിലെ ആനകളുമായി സാദൃശ്യമുണ്ടായിരുന്ന ഈ മൃഗങ്ങൾ ഭീമാകാരൻമാരായിരുന്നുവെന്നു മാത്രമല്ല പല്ലിന്റെയും തലയോടിന്റെയും ഘടനയിൽ ആനകളുമായി ബന്ധമുള്ളവയുമായിരുന്നു. മേൽത്താടിയിൽ നാലും കീഴ്ത്താടിയിൽ രണ്ടും തേറ്റകൾ വീതം ഇവയ്ക്കുണ്ടായിരുന്നു. തേറ്റകളുടെ അഗ്രങ്ങൾ മൺവെട്ടിപോലെ പരന്നിരുന്നുവെന്നത് ശ്രദ്ധാർഹമാണ്. പൈറോത്തീരിയകൾക്ക് ഒരു തുമ്പിക്കൈയുമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.[8]

ക്സെനംഗുലേറ്റ[തിരുത്തുക]

അപ്പർ പാലിയോസീൻ യുഗത്തിൽപെട്ട കറോഡ്നിയ മാത്രമാണ് ഇക്കൂട്ടത്തിൽ അറിയപ്പെട്ട ഒരേയൊരു ഉദാഹരണം. ആർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിൽനിന്നാണ് കറോഡ്നിയയുടെ ഫോസ്സിലുകൾ ലഭിച്ചിട്ടുള്ളത്. വളരെയേറെ പ്രത്യേകതയുള്ള ഒരു മൃഗമായിരുന്നു ഇത്. പാദങ്ങളിൽ കുളമ്പുള്ള അഞ്ചു വിരലുകൾ, മൂർച്ചയുള്ള പരന്ന മുൻപല്ലുകൾ, കൂർത്ത് വികസിതമായ നായ്പ്പല്ലുകൾ എന്നിവ ഇവയുടെ പ്രത്യേകതകളിൽ ചിലതാണ്. അത്യധികം വിശേഷവത്കരിക്കപ്പെട്ട ഈ മൃഗങ്ങൾ ചുരുങ്ങിയ കാലയളവിൽ അസ്തമിതമാവുകയാണ് ചെയ്തത്.

വിലുപ്തമായ അംഗുലേറ്റകളിൽ ബഹുഭൂരിഭാഗവും സമൃദ്ധമായുണ്ടായിരുന്നത് തെ. അമേരിക്കയിലായിരുന്നു. വ. അമേരിക്കയിൽനിന്ന് തെ. അമേരിക്ക വേർപെട്ടപ്പോൾ ആദികാല സസ്തനികളിൽ അപൂർവം ചിലതു മാത്രമേ തെക്കേ അമേരിക്കയിൽ എത്തിച്ചേർന്നിരുന്നുള്ളു. ഏതാനും പ്രാഥമിക അംഗുലേറ്റകൾ ഇതിൽപ്പെടുന്നു. മാംസഭുക്കുകളുടെ അഭാവം കാരണം നിരവധി വിചിത്രപ്രരൂപങ്ങളായി പരിണമിക്കുവാൻ ഈ മൃഗങ്ങൾക്ക് കഴിഞ്ഞു. പോരെങ്കിൽ പ്ളീസ്റ്റോസീൻ യുഗത്തിൽ രണ്ട് അമേരിക്കകൾ തമ്മിൽ കരബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതുവരെ മറ്റ് അംഗുലേറ്റകളുമായുള്ള മത്സരവുമുണ്ടായിരുന്നില്ല. എന്നാൽ പ്ളീസ്റ്റോസീനിനുശേഷം, പുതിയ മത്സരത്തെ നേരിടേണ്ടിവന്നപ്പോൾ, ഈ ആദി-അംഗുലേറ്റകളിൽ ബഹുഭൂരിഭാഗവും അസ്തമിതമായിത്തീർന്നു. ജീവിച്ചിരിപ്പുള്ള അംഗുലേറ്റകൾ ഏതാണ്ട് പൂർണമായും പരിണമിച്ചത് പഴയ ലോകത്തിലും വടക്കേ അമേരിക്കയിലുമായിരുന്നെങ്കിലും അസ്തമിത അംഗുലേറ്റാ ഗോത്രങ്ങളുടെ സുവർണദശ തെ. അമേരിക്കയിലായിരുന്നുവെന്ന് ഓർക്കേണ്ടതുണ്ട്. അവയുടെ വൈവിധ്യം ഇന്നത്തെ അംഗുലേറ്റാ വൈവിധ്യത്തിൽനിന്ന് ഒട്ടും കുറവായിരുന്നില്ല.[9]

ഭൂമുഖത്ത് ഇപ്പോഴും നിലനില്ക്കുന്ന അംഗുലേറ്റകൾ[തിരുത്തുക]

ഇപ്പോഴും നിലനില്ക്കുന്ന അംഗുലേറ്റകളെ അഞ്ചു ഗോത്രങ്ങളായി തിരിക്കാം.

പെരിസോഡാക് ടൈല[തിരുത്തുക]

ഒറ്റക്കുളമ്പുള്ള സസ്തനി വർഗം. കുതിരയും ടപീറും കാണ്ടാമൃഗവും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ആർട്ടിയോഡാക്ടൈല[തിരുത്തുക]

ഇരട്ടക്കുളമ്പുള്ള സസ്തനികൾ ഉദാ: ആട്, കാള, മാൻ, പന്നി, നീർക്കുതിര.[10]

പ്രൊബോസിഡിയ[തിരുത്തുക]

പ്രൊബോസിഡിയ അഥവാ ആന

തുമ്പിക്കൈയും സവിശേഷമായ ദന്ത സംവിധാനവും വലിപ്പം കൂടിയ ശരീരപ്രകൃതിയും ഉള്ള അംഗുലേറ്റകൾ. ഇവയുടെ കാലുകളിലെ അഞ്ചു വിരലുകളും ജാലപാദമായി കൂടി ചേർന്നിരിക്കുന്നു. വിരലുകളുടെ അഗ്രത്തിൽ ചെറിയ പരന്ന കുളമ്പു പോലെയുള്ള നഖങ്ങളും ഇവയുടെ പ്രത്യേകതയാണ്.[11]

ഹൈറാകോയ്ഡിയ[തിരുത്തുക]

ഹൈറാകോയ്ഡിയ

ആഫ്രിക്ക, അറേബ്യ, സിറിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചെറു മുയൽ വർഗം. പിളർന്ന മോന്തയാണ് ഇവയുടെ സവിശേഷത.[12]

സൈറിനിയ[തിരുത്തുക]

ജലാനുകൂല അംഗുലേറ്റകളായ ഇവ സാധാരണ കടൽപശുക്കൾ (Dugong) എന്നാണ് അറിയപ്പെടുന്നത്. ഒറ്റക്കുളമ്പുള്ളവയും ഇരട്ടക്കുളമ്പുള്ളവയുമാണ് എണ്ണത്തിലും വൈവിധ്യത്തിലും പ്രാധാന്യമർഹിക്കുന്ന ഗോത്രങ്ങൾ. കൈവിരലിലെണ്ണാവുന്ന സ്പീഷീസുകൾ മാത്രം ഉൾക്കൊള്ളുന്ന ചെറുഗോത്രങ്ങളാണ് മറ്റു മൂന്നും.[13]

പൊതുസ്വഭാവങ്ങൾ[തിരുത്തുക]

ഇവയ്ക്ക് പൊതുവായ പല സ്വഭാവങ്ങളുമുണ്ട്. ദേഹവലിപ്പം കൈവരിക്കാനുള്ള പ്രവണതയാണ് ഏറ്റവും പ്രകടമായത്. ഇവയുടെ തൊലി വളരെ കട്ടിയുള്ളതും പലതരം പ്രതിരോധവർണങ്ങളോടു കൂടിയതുമാണ്. പ്രതിരക്ഷാവയവങ്ങളായി കൊമ്പുകൾ മിക്കവയിലും കാണാം. മിക്ക അംഗുലേറ്റകളിലും കൈകാലുകൾ ശീഘ്രഗമനത്തിനുള്ള ഉപകരണങ്ങളാണ്. അവ ദീർഘവും കുളമ്പുള്ളവയുമാണ്. കുളമ്പിന്റെ വികാസം ഒന്നോ രണ്ടോ വിരലുകളിലാണ് മുഖ്യമായി സംഭവിച്ചിട്ടുള്ളത്. കുളമ്പുകൾ വികസിക്കാത്ത വിരലുകൾ അപ്രത്യക്ഷമാകുകയെന്നതാണ് ഈ പരിണാമത്തിന്റെ ഫലം. ഇവയുടെ കാലുകൾ മുന്നോട്ടും പിന്നോട്ടും നീങ്ങുന്നവയാണ്. കൈകാലുകളിലെ സന്ധികൾ കപ്പിയും കൊളുത്തുമായി രൂപാന്തരപ്പെട്ടിരിക്കുന്നു; പ്രത്യേകിച്ച് ഇരട്ടക്കുളമ്പുള്ളവയിൽ. മെറ്റാപോഡിയൻ (metapodian) എല്ലുകൾ രണ്ടു കാർപലു(carpel)കളുടെയോ ടാർസലു(tarsel)കളുടെയോ ഇടയിലേക്കു തള്ളിനില്ക്കുകയും ഒരേ ചലനതലത്തിൽ വിന്യസിക്കപ്പെടുകയും ചെയ്യുന്നു. അൾന (ulna), ഫിബുല (fibula) എന്നീ എല്ലുകൾ ചെറുതാവുകമാത്രമല്ല, റേഡിയസ് (radius), ടിബിയ (tibia) എന്നിവയുമായി സംയോജിക്കുകയും ചെയ്യുന്നു. കീഴ്ഭാഗത്തെ അവയവങ്ങളാണ് മുഖ്യമായി ദീർഘിച്ചിരിക്കുന്നത്. ഹ്യൂമറസും (humerus) ഫീമറും (femur) നന്നേ ചെറുതാണ്. കുളമ്പുകളുടെ വികാസരീതി അത്യന്തം ശ്രദ്ധേയമായിരിക്കുന്നു. വിരലിന്റെ ഒടുവിലത്തെ എല്ല് (ഫലാഞ്ച്- phalange) വിസ്തൃതമാകുകയും അതിനെ വലയംചെയ്ത് നഖരം വളരുകയും ചെയ്യുന്നു. ഇതാണ് ക്രമേണ കുളമ്പായി രൂപാന്തരപ്പെടുന്നത്.

ശീഘ്രഗമനത്തിന് മുഖ്യമായി സഹായകമാകുന്നത് പിൻകാലുകളാണ്. ദേഹഭാരം താങ്ങുകയെന്നതാണ് മുൻകാലുകളുടെ പ്രധാനജോലി. മുൻ-പിൻ കാലുകളിൽ വന്ന ഈ പരിവർത്തനങ്ങൾക്കനുസരിച്ച് അസ്ഥികൂടത്തിൽ പൊതുവേ ഗണ്യമായ വ്യതിയാനങ്ങൾ വന്നുചേർന്നിരിക്കുന്നു. കശേരുക്കൾ തമ്മിലുള്ള അടുപ്പം, വാരിയെല്ലുകളുടെ എണ്ണക്കൂടുതൽ എന്നിവ ഇതിൽപ്പെടുന്നു.

നിരവധി അംഗുലേറ്റകൾ നീണ്ട കഴുത്തോടുകൂടിയവയാണ്. മേല്പോട്ട് മരക്കൊമ്പുകളിലേക്കും കീഴ്പോട്ട് കുറ്റിച്ചെടികളിലേക്കും നീട്ടാൻ മാത്രമല്ല, ശത്രുക്കളെ ദൂരെനിന്ന് കാണാൻകൂടി കഴുത്തിന്റെ ദൈർഘ്യം സഹായിക്കുന്നു.

പുറംചെവി പൊതുവേ വലുതാണ്. സൂക്ഷ്മശബ്ദങ്ങളെപ്പോലും ശ്രവിക്കാനും ശബ്ദദിശ തിരിച്ചറിയാനും ഇതു സഹായകമാണ്. കാഴ്ചശക്തിയും ഘ്രാണശക്തിയും സുവികസിതങ്ങളാണ്. കാറ്റിൽ വരുന്ന മണം തിരിച്ചറിഞ്ഞ് മേഞ്ഞുനീങ്ങുന്ന മൃഗങ്ങൾ പലതുണ്ട്.

പല അംഗുലേറ്റകളും സാമൂഹികജീവികളാണ്. യാത്ര ചെയ്യുന്ന പാതകളും സ്വവാസകേന്ദ്രങ്ങളും അടയാളപ്പെടുത്താനും പരസ്പരം ആശയവിനിമയം ചെയ്യാനും ഗന്ധ ഗ്രന്ഥികൾ സഹായകമാകുന്നു. കൂട്ടമായി നീങ്ങുന്ന അംഗുലേറ്റകൾക്ക് നേതൃത്വം അനിവാര്യമാണ്. നേതാവിനെ മറ്റു മൃഗങ്ങൾ പിന്തുടരുന്നു.

ഗർഭകാലം സാമാന്യം ദീർഘമാണ്. മിക്കവയിലും ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ കാണും. ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ പറ്റത്തോടൊപ്പം ഓടാൻ കുഞ്ഞുങ്ങൾക്കു കഴിയും.

അംഗുലേറ്റകളുടെ പരിണാമ പ്രക്രിയയിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ വന്നിട്ടുള്ളത് ദഹനേന്ദ്രിയത്തിലും ദഹനരീതിയിലുമാണ്. മുക്കോണാകൃതിയിലുള്ള മോളാറുകൾ (Molars -അണപ്പല്ലുകൾ) ചതുരമായിത്തീരുന്നു. ഈ പല്ലുകളിലെ ഉയർന്ന ശിഖരങ്ങൾ ക്രമേണ താഴ്ന്നവയായിത്തീരുകയും ശിഖരങ്ങൾക്കിടയിൽ വരമ്പുകൾ വളരുകയും ചെയ്യുന്നു. വരമ്പുകൾക്കിടയിൽ പലപ്പോഴും ഇടവരമ്പുകളും കാണാം. പല അംഗുലേറ്റകളിലും മോളാറുകളുടെ സവിശേഷവത്കരണം മുൻമോളാറുകളിലും കാണാവുന്നതാണ്. മോളറീകരണം (molarization) എന്ന് ഈ പ്രക്രിയയെ വിവരിക്കുന്നു. മുൻപല്ലുകൾ മേച്ചിലിന് ഉപകരിക്കുന്നരീതിയിൽ മൂർച്ചയുള്ളതായിത്തീരുകയോ തീരെ അപ്രത്യക്ഷമാകുകയോ ചെയ്യുന്നു. ഭൂരിഭാഗം അംഗുലേറ്റകളിലും ശ്വാനദന്തം (Canine) ഇല്ലാതായിരിക്കുന്നു; ഉള്ളവയിൽ അവ നന്നേ ചെറുതുമാണ്. ചുണ്ടുകൾ, നാവ്, താടിയെല്ല് എന്നിവയെല്ലാം ചർവണം സുഗമമാക്കാൻ തക്കവിധം രൂപാന്തരപ്പെട്ടിരിക്കുന്നു.

സസ്യഭുക്കുകളെങ്കിലും സെല്ലുലോസിനെ ദഹിപ്പിക്കാൻ അംഗുലേറ്റകളുടെ ദഹനേന്ദ്രിയത്തിനു കഴിവില്ല. സെല്ലുലോസ് ദഹിപ്പിക്കാൻ കഴിവുള്ള ബാക്റ്റീരിയകളെ ആമാശയത്തിൽ സംഭരിക്കുകയെന്നതാണ് ഇതിനു കണ്ടെത്തിയിരിക്കുന്ന പോംവഴി. ദഹനക്കുഴലിൽ സവിശേഷവത്കൃതമായ പല അറകളും രൂപപ്പെട്ടിട്ടുണ്ട്. ബാക്റ്റീരിയകളുടെ പ്രവർത്തനത്തിനു സാവകാശം നല്കുവാൻ ഇത് സഹായകമാകുന്നു. അറകളുടെ എണ്ണം, സവിശേഷവത്കരണം എന്നിവ വിഭിന്നരീതിയിലാണ് വിവിധ ഗ്രൂപ്പുകളിൽ കാണപ്പെടുന്നത്. റൂമിനൻഷിയ (Ruminantia)-ആടുമാടുകൾ, മാനുകൾ, ജിറാഫ് തുടങ്ങിയവ എന്ന ഉപഗോത്രത്തിലാണ് ആമാശയ അറകളുടെ സവിശേഷവത്കരണം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Cooper et al. 2014
  2. Welker, F; Collins, MJ; Thomas, JA; Wadsley, M; Brace, S; Cappellini, E; Turvey, ST; Reguero, M; Gelfo, JN; Kramarz, A; Burger, J; Thomas-Oates, J; Ashford, DA; Ashton, PD; Rowsell, K; Porter, DM; Kessler, B; Fischer, R; Baessmann, C; Kaspar, S; Olsen, JV; Kiley, P; Elliott, JA; Kelstrup, CD; Mullin, V; Hofreiter, M; Willerslev, E; Hublin, JJ; Orlando, L; Barnes, I; MacPhee, RD (18 March 2015). "Ancient proteins resolve the evolutionary history of Darwin's South American ungulates". Nature. 522 (7554): 81–84. Bibcode:2015Natur.522...81W. doi:10.1038/nature14249. PMID 25799987.
  3. Burger, Benjamin J., "The Systematic Position of the Saber-Toothed and Horned Giants of the Eocene: The Uintatheres (Order Dinocerata)", Society of Vertebrate Paleontology Annual Meeting, Dallas; Bethesda: Society of Vertebrate, Paleontology; 15 October 2015. Explanation and conclusions: Episode 17: Systematic position of the Uintatheres (Order Dinocerata) യൂട്യൂബിൽ. Abstract (p. 99) Archived 2019-12-24 at the Wayback Machine..
  4. Condylarthra
  5. Eutheria, the Placental Mammals
  6. Notoungulata and Litopterna of the Early Miocene Chucal fauna, northern Chile (2004)
  7. "Notoungulata". Archived from the original on 2010-12-04. Retrieved 2010-10-28.
  8. A NEW PRE-DESEADAN PYROTHERE (MAMMALIA ...
  9. Xenungulata
  10. Artiodactyla
  11. Proboscidean Mammals
  12. Hyracoidea
  13. Sirenia
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗുലേറ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗുലേറ്റ&oldid=3984043" എന്ന താളിൽനിന്ന് ശേഖരിച്ചത്