Jump to content

യുഗാരിതീയ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ugaritic language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുഗാരിതീയ ഭാഷ
Native toപുരാതന യുഗാരിത്
Extinctക്രി.മു. 12-ആം ശതകം
ആഫ്രോ ഏഷ്യാറ്റിക്
  • സെമിറ്റിക്
    • പടിഞ്ഞാറൻ സെമിറ്റിക്
      • മദ്ധ്യ സെമിറ്റിക്
        • ഉത്തര-പശ്ചിമ സെമിറ്റിക്
          • യുഗാരിതീയ ഭാഷ
Language codes
ISO 639-2uga
ISO 639-3uga

ആധുനിക സിറിയയിലെ രാസ് സമ്ര ഗ്രാമത്തിനടുത്ത് 1928-ൽ ഫ്രഞ്ച് പുരാവസ്തുവിജ്ഞാനികൾ അനാവരണം ചെയ്ത പുരാതനനഗരമായ യുഗാരിതിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടുകിട്ടിയ ലിഖിതങ്ങളിലെ ഭാഷയാണ് യുഗാരിതീയ ഭാഷ. എബ്രായ ബൈബിൾ പഠിതാക്കൾക്ക് ബൈബിളിലെ എബ്രായ ഭാഷയുടെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ എബ്രായയുമായി കുടുംബബന്ധമുള്ള ഈ ഭാഷയുടെ കണ്ടെത്തൽ വലിയ സഹായമായി. പുരാതന ഇസ്രായേൽ സംസ്കൃതി, അയൽസംസ്കാരങ്ങളുമായി പങ്കിട്ട സമാനതകളിലേയ്ക്കും യുഗാരതീയ ഭാഷ വെളിച്ചം വീശുന്നു.


പുരാതന-ഈജിപ്തിലെ ചിത്രലിപിയുടേയും മെസൊപ്പൊട്ടേമിയയിലെ ആപ്പെഴുത്തിന്റേയും (cuneiform) അനാവരണത്തിനു ശേഷം പൗരാണികലോകത്തിൽ നിന്നുള്ള ഏറ്റവും വലിയ കണ്ടെത്തൽ എന്ന് യുഗാരിതീയ ഭാഷയെ വിശേഷിപ്പിക്കാറുണ്ട്.[1]". കെരേത്തിന്റെ ഐതിഹ്യം, ദാനെലിന്റെ ഐതിഹ്യം അഥവാ അക്കാട്ട് ഇതിഹാസം, ബാൽ-അലിയാന്റെ പഴങ്കഥ, ബാലിന്റെ മരണം എന്നിവ യുഗാരിതിൽ നിന്ന് കിട്ടിയ പൗരാണിക സാഹിത്യസൃഷ്ടികളിൽ ചിലതാണ്. പുരാതന-കാനാൻ ദേശത്തെ മതവിശ്വാസങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നവയാണ് ഈ രചനകളെല്ലാം.


യുഗാരിതീയഭാഷയുടെ കാലമായി കണക്കാക്കപ്പെടുന്നത് ക്രി.മു. 14 മുതൽ 12 വരെ നൂറ്റാണ്ടുകളാണ്. [2] ക്രി.മു. 1180/70-നടുത്തെങ്ങോ യുഗാരിത് നഗരം നശിപ്പിക്കപ്പെട്ടു.

ലിപി വ്യവസ്ഥ

[തിരുത്തുക]
യുഗാരിതീയ ലിപിവ്യവസ്ഥ

യുഗാരിതീയ ഭാഷ എഴുതിയിരുന്നത് ക്രി.മു. പതിനഞ്ചാം നൂറ്റാണ്ടുമുതൽ നിലവിലിരുന്ന, വ്യഞ്ജനങ്ങൾ മാത്രം അടങ്ങിയ ആപ്പുലിപികളുടെ(cuneiform abjad) വ്യവസ്ഥ ഉപയോഗിച്ചാണ്. മെസോപ്പൊട്ടേമിയയിലെ ആപ്പെഴുത്തുമായി അതിന് സാദൃശ്യം തോന്നുമെങ്കിലും, അവതമ്മിൽ ബന്ധമില്ല. ഫിനീഷ്യൻ, എബ്രായ, അരമായ ഭാഷകൾ ഉപയോഗിക്കുന്ന പടിഞ്ഞാറൻ സെമിറ്റിക് ലിപികളുടെ ഏറ്റവും പഴയ മാതൃകയാണ് ഈ ലിപി. ഇതിൽ ദീർഘാക്ഷരമാല എന്നറിയപ്പെടുന്നതിൽ 31 ചിഹ്നങ്ങളും ഹ്രസ്വാക്ഷരമാലയിൽ 22 ചിഹ്നങ്ങളും ഉണ്ട്. ഹറിയൻ പോലുള്ള അന്യഭാഷകൾ എഴുതാനും, യുഗാരിത് പ്രദേശത്തുമാത്രം ഈ ലിപി ഉപയോഗിച്ചിരുന്നു.


എബ്രായ, ഗ്രീക്ക്, ലത്തീൻ ലിപിവ്യവസ്ഥകളുടെ പൂർവരൂപങ്ങളായ ലിവാന്തീയ, ദക്ഷിണസെമിറ്റിക് ലിപികളുടെ ലഭ്യമായതിൽ ഏറ്റവും പഴയ മാതൃക കണ്ടെത്താനാവുന്നത് യുഗാരിതിലെ കളിമൺപലകകളിലാണ്. ഉഗാരിതീയ ലിപി എഴുതിയിരുന്നത് ഇടത്തുനിന്ന് വലത്തോട്ടാണ്.

കണ്ടെത്തലിന്റെ പ്രാധാന്യം

[തിരുത്തുക]
യുഗാരിതിലെ ദൈവങ്ങളുടെ പട്ടിക യുഗാരിതീയ ഭാഷയിൽ

പുരാതന ഇസ്രായേലിന്റെ ഭാഷാ-ചിഹ്നലോകങ്ങളെക്കുറിച്ചുള്ള അറിവിന് ഇരുപതാം നൂറ്റാണ്ടിൽ കിട്ടിയ ഏറ്റവും വലിയ മുതൽക്കുട്ടാണ് യുഗാരിതീയ ഭാഷയുടെ അനാവരണം. ബൈബിളിലെ എബ്രായ ഭാഷയെക്കുറിച്ച് നേരത്തേ ഉണ്ടായിരുന്ന അറിവിനെ വിപുലപ്പെടുത്താനും തിരുത്താനും യുഗാരിതീയ ഭാഷ നൽകുന്ന ഉൾക്കാഴ്ച ഉപകരിക്കുന്നു. ഉത്തര-പശ്ചിമ സെമിറ്റിക് ഭാഷകളുടെ വ്യാകരണവ്യവസ്ഥയെക്കുറിച്ച് അതു നൽകിയ അറിവ് എബ്രായ ബൈബിളിന്റെ പരിഭാഷ എളുപ്പമാക്കി. വ്യാകരണദൃഷ്ട്യാ അസാധ്യമെന്നോ വികൃതമെന്നോ കരുതപ്പെട്ട പല ബൈബിൾ പാഠങ്ങൾക്കും ഈ പുതിയ അറിവ് വിശദീകരണമായി. കവിതാഘടനകളിലും ശൈലീസങ്കേതങ്ങളിലും യുഗാരിതീയ-എബ്രായ ഭാഷകൾ തമ്മിലുള്ള സമാനതകൾ മൂലം, എബ്രായ ബൈബിളിലെ ഛന്ദസ്സിനെക്കുറിച്ചുള്ള അറിവിനും യുഗാരതീയ ഭാഷയുടെ കണ്ടെത്തൽ ആഴം പകർന്നു.


യുഗാരിതീയരുടെ മതവിശ്വാസത്തിന്റെ പഠനം, പുരാതന ഇസ്രായേലിന്റെ വിശ്വാസവ്യസ്ഥയെക്കുറിച്ചുള്ള അറിവിനും പുതിയ മാനം നൽകി. എബ്രായ ബൈബിളിൽ പ്രവാചകന്മാർ അപലപിക്കുന്ന ദൈവങ്ങളായ ബാലും മറ്റും യുഗാരിതീയരുടെ വിശ്വാസവ്യവസ്ഥയിൽ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. ഇസ്രായേലിന്റെ ദൈവസങ്കല്പം കാനാനിലെ ഇതരജനതകളുടെ വിശ്വാസലോകത്തെ പലതരത്തിലും സ്പർശിച്ചുനിന്നിരുന്നെന്നും യുഗാരിത് ഫലകങ്ങൾ വെളിപ്പെടുത്തി. ഏൽ, ബാൽ മുതലായ യുഗാരിതീയ ദൈവങ്ങളുടെ പല സവിശേഷതകളും എബ്രായ ബൈബിളിലെ യഹോവയ്ക്ക് പകർന്നു കിട്ടി. ഏലിനെപ്പോലെ യഹോവയും അത്യുന്നത ദൈവമായി. കൊടുങ്കാറ്റിന്റെ ദൈവമായ ബാലിനെപ്പോലെ യഹോവയ്ക്കും പ്രപഞ്ചത്തിലെ പ്രളയശക്തികൾക്കെതിരെ സമരം ചെയ്യുന്ന യോദ്ധാവിന്റെ പ്രതിച്ഛായ കിട്ടി. എബ്രായബൈബിളിലെ 29-ആം സങ്കീർത്തനത്തിൽ ഉടനീളം യുഗാരിതീയ ആരാധനയിലെ ശൈലിയും സങ്കല്പങ്ങളുമാണ്. ബാലിന്റെ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു കീർത്തനം യഹോവയ്ക്കായി മാറ്റിയെടുത്തപ്പോൾ രൂപപ്പെട്ടതാണ് ആ സങ്കീർത്തനമെന്ന കാര്യത്തിൽ പണ്ഡിതന്മാർ യോജിക്കുന്നു.[3] യുഗാരിതീയ ഗ്രന്ഥങ്ങളിൽ ഒന്നായ ദാനെലിന്റെ ഐതിഹ്യത്തിലെ ദാനെൽ, എബ്രായബൈബിളിലെ ദാനിയേലിന്റെ പൂർവരൂപമായിരിക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]


ബൈബിൾപാഠങ്ങളുടെ സൂക്ഷ്മവിശകലത്തിലും യുഗാരിതീയ ഭാഷ സഹായകമാകുന്നു. ഉദാഹരണത്തിന്, ആമോസ് പ്രവാചനകനേയും, മോവാബിലെ മേഷാ രാജാവിനേയും ബൈബിൾ ആട്ടിടയന്മാർ എന്നു വിശേഷിപ്പിക്കുന്നതായി കരുതപ്പെട്ടിരുന്നു. എന്നാൽ 'ആട്ടിടയൻ' എന്ന് പരിഭാഷപ്പെടുത്തപ്പെട്ട എബ്രായ വാക്കിന് സമാനമായ വാക്ക് യുഗാരിതീയ ഫലകങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രത്യേക തൊഴിൽ സംഘടനയിൽ അംഗമായ ബഹുമാന്യവ്യക്തി എന്ന അർത്ഥത്തിലാണ്. ഇത്തരം അറിവുകൾ പാഠഭാഗങ്ങളുടെ സൂക്ഷ്മമായ പുനർവായനയ്ക്ക് വഴിതുറക്കുന്നു. അതിനാൽ, യുഗാരിതീയ ഭാഷയുടെ കണ്ടെത്തലിനു ശേഷം ആ ഭാഷയുടെ പഠനം ബൈബിൾ പാണ്ഡിത്യത്തിന്റെ അവശ്യഘടകമായി മാറിയിരിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. Cyrus Herzl Gordon (1965). പുരാതന സമീപപൗരസ്ത്യദേശം. ഡബ്ലിയൂ.ഡബ്ലിയൂ. നോർട്ടൺ & കമ്പനി പ്രെസ്. ISBN 0-393-00275-6. {{cite book}}: Text "ഗോർഡൺ, സൈറസ് ഹെർസൽ" ignored (help) പുറം 99
  2. ക്വാർട്ട്സ് ഹിൽ ദൈവശാസ്ത്രവിദ്യാലയം, യുഗാരിതും ബൈബിളും
  3. 3.0 3.1 യുഗാരിതിക്ക്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 785-86)
  4. കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറങ്ങൾ 275-76)
"https://ml.wikipedia.org/w/index.php?title=യുഗാരിതീയ_ഭാഷ&oldid=3779905" എന്ന താളിൽനിന്ന് ശേഖരിച്ചത്