Jump to content

ട്വന്റി 20 ക്രിക്കറ്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Twenty20 cricket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റിന്റെ മത്സരരൂപങ്ങളിൽ ഒന്നാണ് ട്വന്റി 20 ക്രിക്കറ്റ്‌. 2003-ൽ യുണൈറ്റഡ് കിങ്ഡത്തിലെ അന്തർ-കൗണ്ടി മത്സരങ്ങൾക്കായി ഇംഗ്ലണ്ട് ആന്റെ വേ‌ൽസ് ക്രിക്കറ്റ് ബോർഡ് ആണ് ക്രിക്കറ്റിന്റെ ഈ രൂപം വികസിപ്പിച്ചെടുത്തത്. ഒരു ട്വന്റി20 മത്സരത്തിൽ രണ്ട് ടീമുകളും, ഓരോ ടീമിനും ബാറ്റ് ചെയ്യാൻ പരമാവധി 20 ഓവർ അടങ്ങുന്ന ഒരു ഇന്നിംഗ്സുമാണ് ലഭിക്കുക.

ഇതര സംഘകായിക വിനോദങ്ങളുടേതുപോലെ മത്സരദൈർഘ്യം ചുരുക്കി ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ട്വന്റി20 മത്സരങ്ങൾ സംഘടിപ്പിച്ചു തുടങ്ങിയത്. ഇത്തരം ക്രിക്കറ്റ് മത്സരങ്ങൾ ഏകദേശം മൂന്നുമണിക്കൂറുകൊണ്ട് അവസാനിക്കുന്നു. ഇരു ടീമുകളും ഇരുപത് ഓവറുകളുള്ള ഓരോ ഇന്നിംഗ്സ് കളിക്കുന്നതിനാലാണ് ട്വന്റി20 എന്ന പേരു ലഭിച്ചത്. 2003-ൽ ഇംഗ്ലണ്ട് ആൻഡ് വെയിൽ‌സ് ക്രിക്കറ്റ് ബോർഡ്(ഇ.സി.ബി.), കൌണ്ടിക്രിക്കറ്റിലാണ് ആദ്യമായി ട്വന്റി20 മത്സരങ്ങൾ ഔദ്യോഗികമായി സംഘടിപ്പിച്ചത്. വൈകാതെ ക്രിക്കറ്റിനു പ്രചാരമുള്ള ഇതര രാജ്യങ്ങളിലും ഇത്തരം മത്സരങ്ങൾ കളിച്ചുതുടങ്ങി. രണ്ടായിരത്തിആറോടെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ട്വന്റി20 മത്സരങ്ങൾ കളിച്ചുതുടങ്ങി.

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ റോസ്ബോളിൽ ജൂൺ 15 2006-ൽ നടന്ന ട്വന്റി20 ക്രിക്കറ്റ് മൽസരത്തിന്റെ ഒരു ദൃശ്യം

ചരിത്രം

[തിരുത്തുക]

തനതു രീതിയിലുള്ള ഏകദിനക്രിക്കറ്റ്‌ വിരസമാകുന്നോ എന്നു തോന്നിത്തുടങ്ങിയപ്പോൾ ഇംഗ്ലണ്ട്‌ ആൻഡ്‌ വെയിത്സ്‌ ക്രിക്കറ്റ്‌ ബോർഡാണ്‌ കളിയുടെ കരുത്തു ചോരാതെ 20 ഓവറിൽ ഒതുക്കുന്ന ട്വന്റി 20 ക്രിക്കറ്റിനു രൂപം നൽകിയത്‌. 50 ഓവർ ക്രിക്കറ്റിൽ ഫീൽഡിങ്ങ്‌ നിയന്ത്രണമുള്ള ആദ്യ 15 ഓവർ കഴിഞ്ഞാൽ 40-ാ‍ം ഓവർ വരെ കളി ബോറാണെന്ന ക്രിക്കറ്റ്‌ പ്രേമികളുടെ അഭിപ്രായത്തെത്തുടർന്നായിരുന്നു ഇത്‌. 90% മത്സരങ്ങളിലും കളി ഏതു വഴിക്കു പോകുമെന്ന്‌ മുൻകൂട്ടി അറിയാനാകുമെന്നതിനാൽ ഗ്യാലറികളെ ഇംഗ്ലീഷുകാർ ഉപേക്ഷിക്കാൻ തുടങ്ങിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കളി നിയമങ്ങൾ

[തിരുത്തുക]

അമ്പത്‌ ഓവർ മത്സരങ്ങളിൽ നിന്ന്‌ ചെറിയ വ്യത്യാസങ്ങളാണ്‌ ട്വന്റി 20ക്കുള്ളത്‌. മൂന്നു മണിക്കൂറിനുള്ളിൽ മത്സരം അവസാനിക്കുമെന്നതാണ് പ്രധാന കാര്യം. 75 മിനിറ്റു വീതമുള്ള ഇന്നിങ്ങ്സുകളാണ്‌ ടീമുകൾ കളിക്കുക. നോബോൾ ആയത് ബൗളർ ക്രീസിനപ്പുറത്ത് ചുവടുവെച്ച് എറിഞ്ഞതു കൊണ്ടാണെങ്കിൽ അടുത്ത പന്ത്‌ ഫ്രീ ഹിറ്റ്‌. അതായത്‌ ഈ പന്തിൽ ബാറ്റ്സ്മാനെ പുറത്താക്കാൻ സാധാരണ നോബോളിലേതു പോലെ റണ്ണൌട്ട്‌ മാത്രമേ വഴിയുള്ളൂ. ഒരു ബോളർക്ക്‌ നാല്‌ ഓവർ മാത്രമാണു ലഭിക്കുക. 75 മിനിറ്റിനുള്ളിൽ ഓവറുകൾ തീർന്നില്ലെങ്കിൽ പിന്നീടെറിയുന്ന ഓരോ ഓവറിനും ആറ്‌ എക്സ്ട്രാ റൺസ്‌ വീതം ബാറ്റിങ്ങ്‌ ടീമിനു കിട്ടും. ഏതെങ്കിലും ടീം സമയം കളയുന്നുവെന്ന്‌ അംപയർക്കു തോന്നിയാൽ അഞ്ചു പെനൽറ്റി റൺസ്‌ എതിർ ടീമിനു കൊടുക്കാം.നിശ്ചിത ഓവറിനു ശേഷം 2 ടീമുകളും സ്കോറിൽ തുല്യത പാലിക്കുയാണെങ്കിൽ സൂപ്പർ ഓവറ് എന്ന നിയമം ഉപയോഗിച്ചാണ് വിജയികളെ നിശ്ചയിക്കുന്നത്.

ലോകകപ്പ്

[തിരുത്തുക]

2007 സെപ്റ്റംബറിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിൽ(ഐ.സി.സി.) ദക്ഷിണാഫ്രിക്കയിൽവച്ച് ആദ്യ ട്വന്റി20 ലോകകപ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 24-നു നടന്ന ഫൈനലിൽ 5 റൺസിനു ഇന്ത്യൻ ടീം പാകിസ്താനെ പരാജയപ്പെടുത്തി വിജയികളായി.ഇന്ത്യൻ താരം ഇർഫാൻ പഠാൻ കളിയിലെ കേമനായും,പാകിസ്താൻ താരം ഷാഹിദ് അഫ്രിദി പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു. 2009 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന രണ്ടാം ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ വിജയികളായി. 2010 മേയിൽ വെസ്റ്റ് ഇൻഡീസിൽ നടന്ന മൂന്നാം ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ജേതാക്കളായി.

റെക്കോഡുകൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ട്വന്റി_20_ക്രിക്കറ്റ്‌&oldid=3804832" എന്ന താളിൽനിന്ന് ശേഖരിച്ചത്