ഇരുപത്തിയെട്ട് (ചീട്ടുകളി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Twenty-eight (card game) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപത്തിയെട്ട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇരുപത്തിയെട്ട് (വിവക്ഷകൾ) എന്ന താൾ കാണുക. ഇരുപത്തിയെട്ട് (വിവക്ഷകൾ)
ഇരുപത്തിയെട്ട്
ഗുലാൻ പരിശിലെ അടിസ്ഥാനരീതി
ഉദ്ഭവംഇന്ത്യ
തരംപിടുത്തം
കളിക്കാർ2, 3, 4, 6
ആവശ്യമുള്ള കഴിവുകൾഓർമ്മശക്തി, കൗശലം
ചീട്ടുകളുടെ എണ്ണം32
ചീട്ടിന്റെ തരംആംഗ്ലോ-അമേരിക്കൻ
കളിദിശഅപ്രദക്ഷിണദിശ
ചീട്ടുവില (വലുതു മുതൽ ചെറുതു വരെ)J 9 A 10 K Q 8 7
കളിസമയം5 മിനിട്ട്
ആകസ്മികതമദ്ധ്യമം
ബന്ധപ്പെട്ട കളികൾ
നാൽപ്പത്, അമ്പത്തിയാറ്, ബെലോട്ട്, ജാസ്സ്

ഗുലാൻ പരിശ് അഥവാ തുറുപ്പുകളി വിഭാഗത്തിൽപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ചീട്ടുകളിയാണ് ഇരുപത്തിയെട്ട്. കേരളത്തിലെ എറ്റവും പ്രിയപ്പെട്ട ചീട്ടുകളികളിലൊന്നാണിത്. നാലു പേർ, രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊതുവെ കളിക്കുന്നതെങ്കിലും രണ്ടോ മൂന്നോ ആറോ പേർക്കും കളിക്കാവുന്നതാണ്. കേരളത്തിൽ ഉടനീളം കളിക്കുന്നെങ്കിലും കളിനിയമങ്ങളിൽ ഒട്ടനവധി പ്രാദേശികഭേദങ്ങളുണ്ട്. ഉത്തരേന്ത്യൻ കളിയായ ഇരുപത്തിയൊമ്പതിന് ഇതിനോട് സാമ്യമുണ്ട്; മാത്രമല്ല ഇത് 29-ൽ നിന്ന് ഉരുത്തിരിഞ്ഞതാകാനും സാധ്യതയുണ്ട്.[1]

പകുതി ചീട്ടിട്ടതിനു ശേഷവും, മുഴുവൻ ചീട്ടുകളും വിളമ്പിയതിനു ശേഷവുമായി, രണ്ടു ഘട്ടങ്ങളിലായി ലേലം നടക്കുന്നു എന്നതാണ് മറ്റു തുറുപ്പുകളികളെ അപേക്ഷിച്ചുള്ള പ്രധാന പ്രത്യേകത. അതുകൊണ്ട് ഏറ്റവും അടിസ്ഥാനപരമായ തുറുപ്പുകളിയാണെങ്കിലും നിയമങ്ങൾ ഏറ്റവും സങ്കീർണ്ണമായിരിക്കുന്നതും ഇരുപത്തിയെട്ടിലാണ്.

ഉപയോഗിക്കുന്ന ചീട്ടുകളും വിലയും[തിരുത്തുക]

സാധാരണ ചീട്ടുകളികളിൽ നിന്ന് വ്യത്യസ്തമായി, ഒരു പെട്ടിയിലെ എല്ലാ ചീട്ടുകളും ഈ കളിയിൽ ഉപയോഗിക്കുന്നില്ല. J-Q-K-A-10-9-8-7 എന്നീ 8 ചീട്ടുകളാണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. നാലു ചിഹ്നങ്ങളിലുമായി 32 ചീട്ടുകൾ ആകെയുണ്ടാകും.[൧][൨]

ചീട്ട് വില മറ്റു വിവരങ്ങൾ
ഗുലാൻ അഥവാ ജാക്കി (J) 3
9 2
ഏയ്സ് (A) 1 പത്തിനും ഏയ്സിനും ഒരേ വിലയാണെങ്കിലും രണ്ടും ഒരുമിച്ച് വരുമ്പോൾ മുൻതൂക്കം ഏയ്സിനായിരിക്കും
10
രാജ (K) 0 ഈ ചീട്ടുകൾക്കൊന്നും വിലയില്ലെങ്കിലും ഇവ ഒരുമിച്ച് വന്നാൽ ഇടത്തേയറ്റത്തെ നിരയിൽ മുകളിൽ നിന്ന് താഴേക്കുള്ള ക്രമത്തിലായിരികും മുൻതൂക്കം[൧]
റാണി (Q)
8
7

നാല് ചിഹ്നങ്ങളിലുമായി, ആകെ ഇരുപത്തിയെട്ട് പോയിന്റ് വരുന്നത് കൊണ്ടാണ് ഇതിന് ഈ പേര് വന്നത്.

ചീട്ടുപങ്കിടലും ലേലവും[തിരുത്തുക]

നാലു പേർ രണ്ടു സംഘങ്ങളായാണ് പൊതുവേ ഇരുപത്തിയെട്ട് കളിക്കുന്നത്. ചിത്രത്തിൽ എതിരേയിരിക്കുന്ന രണ്ടുപേർ പങ്കാളികളും അടുത്തിരിക്കുന്ന രണ്ടു പേർ എതിരാളികളുമായിരിക്കും

രണ്ടു പേർ വീതമുള്ള രണ്ട് സംഘങ്ങളായാണ് കളിക്കാനായി വട്ടമിട്ടിരിക്കുന്നത്. ഓരോരുത്തരുടേയും ഇടത്തും വലത്തും എതിർസംഘത്തിലെ അംഗമായിരിക്കും ഇരിക്കുക (പങ്കാളികൾ അഭിമുഖമായായിരിക്കും ഇരിക്കുക).[൩] ചീട്ടുപങ്കിടലും ലേലവും കളിയുമെല്ലാം അപ്രദക്ഷിണദിശയിലാണ് നടക്കുന്നത്. നാലു ചീട്ടുകൾ വീതം ഓരോ കളിക്കാരനും ആദ്യം വിതരണം ചെയ്യുന്നു.[൧]

ഈ നാലു ചീട്ടുകളെ പരിഗണിച്ചുകൊണ്ടു കളിക്കാർ തുറുപ്പ് നിശ്ചയിക്കുന്നതിനുള്ള അവകാശത്തിനായി ലേലം വിളിക്കുന്നു. ഏറ്റവും ഉയർന്ന ലേലം വിളിക്കുന്നയാളുടെ സംഘത്തിന് കളി ജയിക്കുന്നതിനായി, ലേലം വിളിച്ച അത്രയും പോയിന്റുകളെങ്കിലും നേടണം. ചീട്ടു പങ്കിട്ടയാളുടെ വലതുവശത്തുള്ള കളികാരനാണ് ലേലം വിളിയാരംഭിക്കുന്നത്. കൈവിളി എന്നറിയപ്പെടുന്ന ഈ ലേലംവിളിക്ക് അയാൾ കുറഞ്ഞത് 14 പോയിന്റെങ്കിലും വിളിക്കണം.[൪] ശേഷമുള്ള കളിക്കാർക്ക് ഒന്നുകിൽ കൂട്ടി വിളിക്കുകയോ അല്ലെങ്കിൽ വിട്ടുകൊടുക്കുകയോ ചെയ്യാം.[൫] ഇടതുവശത്തുള്ള എതിരാളി വിട്ടുതന്നതിനു ശേഷം സ്വന്തം പങ്കാളി വിളിച്ച പോയിന്റിനു മുകളിൽ വിളിക്കണമെങ്കിൽ കുറഞ്ഞത് ഓണേഴ്സ് (20) വിളിക്കണമെന്നത് നിർബന്ധമാണ്.

ലേലം ജയിച്ച കളിക്കാരൻ തനിക്ക് കിട്ടിയ നാലു ചീട്ടുകളെ പരിഗണിച്ച് തുറുപ്പ് ചിഹ്നം നിശ്ചയിക്കുകയും ആ ചിഹ്നത്തിലുള്ള ഒരു ചീട്ട് കമഴ്ത്തി വയ്ക്കുകയും ചെയ്യുന്നു. ഈ ചീട്ട് മറ്റു കളിക്കാർക്ക് കാണിച്ചുകൊടുക്കാത്തതിനാൽ തുറുപ്പ് ചിഹ്നം ഏതാണെന്ന് ലേലം ജയിച്ചയാളിനു പുറമേ മറ്റാർക്കും ആദ്യം അറിയാൻ സാധിക്കില്ല. കളിക്കിടയിൽ ആരെങ്കിലും തുറുപ്പ് ചിഹ്നം വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നതുവരെയോ, തുറുപ്പ് കമിഴ്ത്തിയയാൾ വെട്ടാനായി എടുക്കുന്നതു വരേയോ ഈ ചീട്ട് കമഴ്ന്നു തന്നെ കിടക്കും.

ചീട്ടു പങ്കിടുന്നയാൾ ഇതിനുശേഷം നാലു ചീട്ടുകൾ കൂടി എല്ലാവർക്കും കൊടുത്ത് പങ്കിടൽ പൂർത്തിയാക്കുന്നു. അപ്പോൾ എല്ലാവരുടെയും പക്കൽ എട്ടു ചീട്ടുകൾ വീതമുണ്ടാകും.[൧൨] ഇതിനു ശേഷം ഒരു വട്ടം കൂടി ലേലം നടക്കുന്നു. ആർക്കു വേണമെങ്കിലും ലേലം ഉയർത്താം. പക്ഷേ അങ്ങനെ ചെയ്യുകയാണെങ്കിൽ അയാൾ കുറഞ്ഞത് 24 പോയിന്റെങ്കിലും വിളിക്കണം.[൬] ലേലം ഉയരുകയാണെങ്കിൽ അതു വിളിച്ചയാൾക്ക് പുതിയ തുറുപ്പ് ചീട്ട് കമഴ്ത്തി വയ്ക്കാം.

കളി[തിരുത്തുക]

കളിയെ രണ്ടു ഘട്ടങ്ങളായി വിഭജിക്കാം: തുറുപ്പ് ചീട്ട് വെളിപ്പെട്ടതിനു മുമ്പും അതിനു ശേഷവും.

ഒന്നാം ഘട്ടം[തിരുത്തുക]

ചീട്ടു പങ്കിട്ടയാളുടെ വലതുവശത്തുള്ള കളിക്കാരനാണ് (കൈവിളിക്കാരൻ) ആദ്യത്തെ പിടിക്കായുള്ള കളി തുടങ്ങന്നത്. മറ്റു കളിക്കാർ ഇതേ ചിഹ്നത്തിലുള്ള ചീട്ടുകൾ ഇടണം. ആ ചിഹ്നത്തിലെ ഏറ്റവും ഉയർന്ന ചീട്ട് ഇട്ടയാൾ പിടി ജയിക്കുകയും, അയാൾ തന്നെ അടുത്ത പിടിക്കായുള്ള കളി തുടങ്ങുകയും ചെയ്യുന്നു. ഒന്നാം ഘട്ടത്തിൽ, ലേലം ജയിച്ചയാൾ (തുറുപ്പ് കമിഴ്ത്തി വച്ചിരിക്കുന്നയാൾ), തുറുപ്പ് ചിഹ്നത്തിലെ ചീട്ട് ഇട്ട് പിടി തുടങ്ങാൻ പാടില്ല. അയാളുടെ കൈയിൽ മറ്റു ചിഹ്നങ്ങളിലെ ഒറ്റ ചീട്ട് പോലുമില്ലെങ്കിൽ മാത്രമേ തുറുപ്പ് ചിഹ്നത്തിലെ ചീട്ടിട്ട് പിടി തുടങ്ങാൻ പാടുള്ളൂ. പിടി തുടങ്ങിയ ചിഹ്നത്തിലെ ചീട്ട് ഒരാളുടെ കൈവശമില്ലെങ്കിൽ അയാൾക്ക് രണ്ടു രീതിയിൽ കളിക്കാം:

  1. തഴച്ചിൽ - മറ്റേതെങ്കിലും ചിഹ്നത്തിലെ ഒരു ചീട്ട് തഴയാം.[൭][൮] ആ ചീട്ടിന് ഈ പിടി ജയിക്കാനാവില്ല.
  2. വെട്ട് - തുറുപ്പ് ചീട്ട് വെളിപ്പെടുത്താൻ ആവശ്യപ്പെടാം. ഇങ്ങനെ ചെയ്യുന്ന പക്ഷം ലേലം വിളിച്ചയാൾ തുറുപ്പ് ചീട്ട് മലർത്തി തുറുപ്പ് ചിഹ്നം വെളിപ്പെടുത്തുന്നു. ഇതിനു ശേഷം ഈ ചീട്ട് ലേലം വിളിച്ചയാൾ കൈവശം വയ്ക്കുന്നു. തുറുപ്പ് ചീട്ട് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടയാൾ ഈ പിടിയിൽ തുറുപ്പ് ചിഹ്നത്തിലെ ചീട്ട് തന്നെ ഇടണം. തുറുപ്പ് ചിഹ്നത്തിലെ ഒരു ചീട്ടും ഇല്ലാത്ത പക്ഷം ഏതു ചീട്ടിട്ട് വേണമെങ്കിലും തഴയാം. തുറുപ്പ് ഇട്ട് വെട്ടിയാൽ ആ പിടി വെട്ടിയയാൾക്ക് സ്വന്തമാകും. തുടർന്ന് കളി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.


ഒന്നാം ഘട്ടത്തിൽ കമഴ്ത്തി വച്ചിരുന്ന തുറുപ്പ് ചീട്ട്, ലേലം വിളിച്ചയാളുടെ കൈവശമുള്ള ചീട്ടായി പരിഗണിക്കില്ല. ലേലം വിളിച്ചയാൾക്ക് പിടി തുടങ്ങിയ ചിഹ്നത്തിലെ ചീട്ട് ഇല്ലെങ്കിൽ മറ്റു കളിക്കാരെ പോലെ തന്നെ ഏതെങ്കിലും ചീട്ട് തഴയുകയോ, കമഴ്ത്തി വച്ചിരുന്ന തുറുപ്പ് ചീട്ട് വെളിപ്പെടുത്തിയ ശേഷം തുറുപ്പ് ചിഹ്നത്തിലെ ഒരു ചീട്ട് ഇട്ട് വെട്ടുകയോ ചെയ്യാം.[൯]

ഒന്നാം ഘട്ടത്തിൽ, തുറുപ്പ് ചിഹ്നം വെളിപ്പെടുന്നതിനു മുമ്പിട്ട തുറുപ്പ് ചീട്ടുകൾക്ക് യാതൊരു സ്വാധീനവുമില്ല: പിടി തുടങ്ങിയ ചിഹ്നത്തിലെ ഏറ്റവും ഉയർന്ന ചീട്ടിട്ടയാൾ ഓരോ പിടിയും ജയിക്കുന്നു.

രണ്ടാം ഘട്ടം[തിരുത്തുക]

തുറുപ്പ് ചീട്ട് വെളിപ്പെട്ട പിടി മുതൽ തുടർന്നുള്ള എല്ലാ പിടികളിലും ഏറ്റവും ഉയർന്ന തുറുപ്പ് ചീട്ട് ഇട്ടയാൾ പിടി ജയിക്കുന്നു. ഒരു തുറുപ്പ് ചീട്ടുപോലുമില്ലാത്ത പിടികൾ, പിടി തുടങ്ങിയ ചിഹ്നത്തിലെ ഏറ്റവും ഉയർന്ന ചീട്ടിട്ടയാൾ ജയിക്കുന്നു. പിടി തുടങ്ങിയ ചിഹ്നത്തിലെ ഒറ്റ ചീട്ട് പോലുമില്ലെങ്കിൽ മാത്രമെ തുറുപ്പ് ചീട്ട് ഇട്ട് വെട്ടാനോ, മറ്റേതെങ്കിലും ചിഹ്നത്തിലെ ചീട്ടിട്ട് തഴയാനോ പാടുള്ളൂ. ഒന്നാം ഘട്ടത്തിലെ പോലെ തന്നെ പിടി ജയിച്ചയാൾ അടുത്ത പിടി തുടങ്ങുന്നു. തുറുപ്പ് വെളിപ്പെട്ടതിനു ശേഷം, ലേലം ജയിച്ചയാൾക്ക് തുറുപ്പ് ചിഹ്നത്തിലെ ചീട്ടും പിടി തുടങ്ങാൻ ഉപയോഗിക്കാം. ആദ്യ ഏഴു പിടികൾ കഴിഞ്ഞ ശേഷവും ആരും തുറുപ്പ് ചീട്ട് വെളിപ്പെടുത്താൻ അവശ്യപ്പെട്ടില്ലെങ്കിൽ, ലേലം വിളിച്ചയാളുടെ ഒരേയൊരു ചീട്ട് അതായതിനാൽ, അവസാന പിടിയിൽ അയാൾക്കത് വെളിപ്പെടുത്തിയ ശേഷം കളിക്കേണ്ടി വരും.

വിജയം[തിരുത്തുക]

കുണുക്കിട്ട് ഇരുപത്തിയെട്ട് കളിക്കുന്നയാൾ
പ്രധാന ലേഖനം: ഗുലാൻ പരിശ്#വിജയം

ലേലം വിളിച്ചയാളുടെ സംഘം, അവർ വിളിച്ചയത്ര പോയിന്റെങ്കിലും അവർക്ക് ലഭിച്ച പിടികളിൽ നിന്ന് കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ അവർ ഒരു കളി ജയിക്കുന്നു. അല്ലാത്തപക്ഷം അവർ തോൽക്കുന്നു. ഒരു കളി വിളിച്ചു ജയിച്ചാൽ അവർക്ക് ഒരു പോയിന്റ് ലഭിക്കും, വിളിച്ച് തോൽക്കുകയാണെങ്കിൽ 2 പോയിന്റ് നഷ്ടമാകും. ഓണേഴ്സിനു (20) മുകളിലുള്ള വിളികളിൽ ജയിക്കുമ്പോഴും തോൽക്കുമ്പോഴുമുള്ള പോയിന്റുകൾക്ക് വ്യത്യാസമുണ്ട്. പോയിന്റുകളുടെ എണ്ണത്തിലും പ്രാദേശികമായ ഭേദങ്ങളുമുണ്ട്.

ലേലം ജയിച്ചാൽ ലഭിക്കുന്ന പോയിന്റ് തോറ്റാൽ നഷ്ടമാകുന്ന പോയിന്റ്
14 - 19 1 2
20 - 23 2 3
24 - 27[൧൦] 3 4
28, തനി 4 5

തുടർച്ചയായി കളിച്ച്, എതിരാളിയേക്കാൾ ആറോ ഏഴോ പോയിന്റുകൾ കൂടുതൽ നേടുമ്പോഴാണ് ഒരു സമ്പൂർണ്ണവിജയം (സ്ലാം) നേടുന്നത്. വിനോദത്തിനു വേണ്ടിയുള്ള കളികളിൽ ഒരു സ്ലാം ആകുമ്പോൾ തോറ്റ സംഘത്തിന് ചെവിയിൽ മച്ചിങ്ങ കൊണ്ടുള്ള കുണുക്കണിയിക്കുകയാണ് പതിവ്.

പ്രത്യേകവിളികൾ[തിരുത്തുക]

ഓണേഴ്സ്[തിരുത്തുക]

ഇരുപതോ അതിനു മുകളിലോ ഉള്ള വിളികളെ പറയുന്ന പേരാണ് ഓണേഴ്സ്. 20 വിളിയെ[൧൧] ഓണേഴ്സ് എന്നും 21, 22 എന്നിവയെ ഓണേഴ്സ് വൺ, ഓണേഴ്സ് ടു എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നു. 24-നു മുകളിലുള്ള വിളികളെ സീനിയർ എന്നു പറയുന്നു.

ഓണേഴ്സ് വിളിച്ച് കളി ജയിക്കുകയാണെങ്കിൽ സാധാരണ കളിയിൽ നിന്നും വ്യത്യസ്തമായി രണ്ട് പോയിന്റ് ലഭിക്കും. വിളിച്ച് തോല്ക്കുകയാണെങ്കിൽ മൂന്നു പോയിന്റ് നഷ്ടപ്പെടുകയും ചെയ്യും. ഇരുപത്തിനാലോ അതിനു മുകളിലോ ഓണേഴ്സ് വിളിച്ച് കളി ജയിക്കുകയാണെങ്കിൽ മൂന്ന് പോയിന്റ് ലഭിക്കും. തോല്ക്കുകയാണെങ്കിൽ നാല് പോയിന്റ് നഷ്ടമാകും.[൧൦]

20 മുതൽ 23 വരെയുള്ള ഓണേഴ്സ് ആദ്യത്തെ നാല് ചീട്ടിലാണ് വിളിക്കേണ്ടത്. 24 മുതൽ 28 വരെ, മുഴുവൻ ചീട്ട് ഇട്ടതിനു ശേഷം വിളിക്കാം.

മറ്റുള്ളവ[തിരുത്തുക]

ഇരുപത്തിയെട്ടിലെ ഏറ്റവും ഉയർന്ന വിളിയാണ് തനി. 28 പോയിന്റുകൾ പിടിക്കുക എന്നു മാത്രമല്ല, കളിക്കുന്ന എല്ലാ പിടികളും സ്വന്തം സംഘാംഗങ്ങളുടെ സഹായം പോലുമില്ലാതെ പിടിക്കണം എന്നതാണ് തനിയുടെ പ്രത്യേകത.

ചെറിയ വിളികൾ വിളിച്ചതിനു ശേഷം, വിളിച്ചയാളുടെ സംഘം മുഴുവൻ പിടികളും അവകാശപ്പെട്ട് കരസ്ഥമാക്കുന്ന ജോഡി അഥവാ കോട്ട്, വിളിച്ചയാളുടെ സംഘത്തിന് ഒരു പിടി പോലും നൽകാത്ത മറുജോഡി അഥവാ മറുകോട്ട് എന്നിവയും ഈ കളിയിലെ പ്രത്യേകവിളികളാണ്.

6 പേരുടെ  കളി  ആണെങ്കിൽ  ക്രമം (16 ) മുതൽ 28 വരെ ഉള്ള ഏതു വിളിക്കു മുകളിലും COT വിളിക്കാവുന്നതാണ് , മറുപക്ഷം 4 പേരുടെ കളി  ആണെങ്കിൽ ക്രമത്തിനു  (14 ) മുകളിൽ COT വിളിക്കാൻ അനുവദിക്കാറില്ല. COT വിളിച്ചു കഴിഞ്ഞാൽ മുഴുവൻ പോയിന്റ് പിടിക്കുന്നതോടൊപ്പം 4 പേരുടെ കളി  ആണെങ്കിൽ 8 പിടിയും 6 പേരുടെ കളി ആണെങ്കിൽ 6 പിടിയും COT  വിളിച്ച ടീം പിടിക്കേണ്ടതാണ് . അതായത്  Raja , Rani , 8 , 7 , 6 തുടങ്ങിയ പോയിന്റ് ഇല്ലാത്ത ഒരു പിടി എതിർ ടീം പിടിച്ചാലും COT  തോറ്റുപോകും. COT ജയിച്ചാൽ സാധാരണ ജയിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ ഒരു പോയിന്റ് / മേശ അധികം ലഭിക്കും തോറ്റാൽ ഒന്ന് അധികം നഷ്ടമാക്കും. ഉദാഹരണത്തിന്‌ 28  വിളിച്ചു ജയിച്ചാൽ 3  പോയിന്റ് / മേശ ലഭിക്കും എങ്കിൽ COT കൂടി വിളിച്ചാൽ 4 പോയിന്റ് / മേശ ലഭിക്കും. 28 +COT വിളിച്ചു തോറ്റാൽ 5 പോയിന്റ്/മേശ നഷ്ടമാകും. തനിയിൽ നിന്ന് വ്യത്യസ്തമായി എല്ലാ പിടിയും പിടിക്കാൻ സ്വന്തം സംഘാംഗങ്ങളുടെ സഹായം ഉപയോഗിക്കാം.

കളിക്കാരുടെ എണ്ണമനുസരിച്ചുള്ള മാറ്റങ്ങൾ[തിരുത്തുക]

നാലു പേർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഇരുപത്തിയെട്ട് കളിക്കുന്ന വിധമാണ് മുകളീൽ വിവരിച്ചിരിക്കുന്നത്. കളിക്കാരുടെ എണ്ണത്തിലുള്ള മാറ്റമനുസരിച്ച് കളിയിലുള്ള പല വ്യത്യാസങ്ങളുണ്ട്.

ആറു പേർ[തിരുത്തുക]

മൂന്നു പേർ വീതമുള്ള രണ്ട് സംഘങ്ങളായാണ് ആറു പേർ ഇരുപത്തിയെട്ട് കളിക്കുന്നത്. നാലുപേർ കളിക്കുന്ന ചീട്ടുകളോടൊപ്പം 6 ചേർക്കുന്നതുകൊണ്ട്, ആകെ ചീട്ടുകളുടെ എണ്ണം 36 ആയിരിക്കും. കളിക്കാരുടെ എണ്ണം ആറാകുന്നത് കൊണ്ട്, ഓരോരുത്തർക്കും എട്ടിനു പകരം ആറ് ചീട്ടുകളും ലഭിക്കും. മുമ്മൂന്ന് ചീട്ടുകൾ വീതമായിരിക്കും ഓരോ തവണയും വിതരണം ചെയ്യുന്നത്. നാലു പേരുടെ കളി പോലെത്തന്നെ (മൂന്നു ചീട്ടുകൾ വീതം വിളമ്പി) രണ്ടുഘട്ടങ്ങളിലായാണ് ലേലം.

രണ്ടു പേർ വീതമുള്ള മുന്ന് സംഘങ്ങളായി ആറു പേർ കളിക്കുന്ന മറ്റൊരു രീതിയുമുണ്ട്. ഇവിടെ കൈവിളിക്കാരന്റെ കുറഞ്ഞ വിളി 12 ആയിരിക്കും. ലേലം വിജയിച്ച സംഘത്തിനെതിരെ മറ്റു നാലു പേർ ഒറ്റക്കെട്ടായി കളിക്കുകയും ചെയ്യുന്നു. മൂന്ന് സംഘങ്ങളായി കളിക്കുമ്പോൾ ചിലയിടങ്ങളിൽ ഓണേഴ്സ് 18 ആയിരിക്കും.[1]

ആറു പേർ കളിക്കുമ്പോൾ ചിലയിടങ്ങളിൽ മൂന്നു വീതം ആറു ചീട്ടുകളും ഇട്ടതിനു ശേഷം ലേലം ആരംഭിക്കുന്ന രീതിയുമുണ്ട്.

മൂന്നു പേർ[തിരുത്തുക]

ഓരോ കളിയിലും ലേലം വിളിക്കുന്നയാൾ ഒറ്റപ്പെടുകയും, മറ്റു രണ്ടു പേർ പങ്കാളികളായും മാറുന്നു എന്നതാണ് മൂന്നു പേരുടെ കളിയിലെ പ്രധാന പ്രത്യേകത. മൂന്നു പേരുടെ കളിയെ തനിപ്പിടിയെന്ന് വിളിക്കാറുണ്ട്. ആകെയുള്ള 32 ചീട്ടുകളിൽ നിന്ന് 7, 8 എന്നിവ ഒഴിവാക്കി 24 ചീട്ടുകളുപയോഗിച്ചാണ് കളിക്കുക. അതുകൊണ്ട്, ഓരോരുത്തർക്കും എട്ടു ചീട്ടു വീതം തന്നെ കിട്ടും. കൈവിളിക്കാരന്റെ കുറഞ്ഞ വിളി 12 ആയിരിക്കും (നാലു പേരുടെ കളിയിൽ ഇത് 14 ആണ്). നാലുപേരുടെ കളിയിലെന്ന പോലെ, നാലുവീതം ചീട്ടുകൾ വിതരണം ചെയ്ത്, രണ്ടു ഘട്ടങ്ങളിലായി ലേലം വിളി നടത്തുന്നു.

മൂന്നു പേർ കളിക്കുമ്പോൾ മൂന്ന്-രണ്ട്-മൂന്ന് എന്നക്രമത്തിലായിരിക്കും ചിലയിടങ്ങളിൽ ചീട്ട് പങ്കിടുന്നത്. അതായത് ആദ്യതവണ എല്ലാപേർക്കും മൂന്ന് ചീട്ട് അടുത്ത റൗണ്ടിൽ രണ്ട് ചീട്ട് മൂന്നാം റൗണ്ടിൽ മൂന്ന് ചീട്ട് എന്നിങ്ങനെ എന്നാൽ എട്ട് ചീട്ടുകളും കണ്ടതിന് ശേഷം ലേലം വിളിച്ചാൽ മതിയാകും അതുപോലെ തന്നെ ഒരാൾക്ക് 12 നു മുകളിൽ എത്ര വേണമെങ്കിലും രണ്ടാം വട്ടം വിളിക്കാം. മൂന്ന് പേർ കളിക്കുമ്പോൾ ചിലയിടങ്ങളിൽ ഓണേഴ്സ് 18 ആയിരിക്കും.

രണ്ടു പേർ[തിരുത്തുക]

മൂന്നു പേരുടെ കളിയിലെന്ന പോലെ 7,8 എന്നിവ ഒഴിവാക്കി 24 ചീട്ടുകളുപയോഗിച്ചാണ് രണ്ടു പേരുടെ കളിയും കളിക്കുക. ഇവിടെ രണ്ടു ഘട്ടങ്ങളിലായി നാലുവീതം ചീട്ടുകൾ വിളമ്പുകയും ലേലം വിളിക്കുകയും ചെയ്തതിനു ശേഷം മിച്ചം വരുന്ന 8 ചീട്ടുകൾ കളത്തിൽ കമിഴ്ത്തി വക്കും. ഇതിൽ നിന്നും ഓരോ കളികൾ കഴിയുമ്പോഴും ഇരു കളിക്കാരും ഓരോ ചീട്ടുകൾ എടുക്കും.

കുറിപ്പുകൾ[തിരുത്തുക]

  • ^ ആറുപേർ കളിക്കുന്ന അവസരത്തിൽ മുകളിൽ പറഞ്ഞ ചീട്ടുകൾക്ക് പുറമേ വിലയില്ലാത്ത ആറാം (6) നമ്പർ ചീട്ടുകൂടെ ഉപയോഗിക്കും, ഇങ്ങനെ കളിക്കുമ്പോൾ ആകെ 36 ചീട്ടുകളുണ്ടാകും. ആറുപേരുടെ കളിയിൽ മുമ്മൂന്ന് ചീട്ടുകൾ വീതമാണ് വിതരണം ചെയ്യുക.
  • ^ 7, 8 എന്നീ ചീട്ടുകൾ ഒഴിവാക്കി, ആകെ 24 ചീട്ടുകൾ മാത്രം ഉപയോഗിച്ചും ചില പ്രദേശങ്ങളിൽ കളിക്കാറുണ്ട്. ഇവിടെ മൂന്നു ചീട്ടുകൾ വീതം വിളമ്പുകയും, ആകെ ആറു ചീട്ടുകൾ ഒരു കളിക്കാരന് ലഭിക്കുകയും ചെയ്യുന്നു.
  • ^ ഗുലാൻ പരിശ് കളികളിൽ പങ്കാളികളെ നിശ്ചയിക്കുന്ന രീതി കാണുക.
  • ^ ആദ്യം വിളിക്കുന്നയാൾക്ക് ലഭിക്കുന്ന നാലു ചീട്ടുകളിൽ വിലയുള്ള ചീട്ടുകൾ (J,9,A,10 എന്നിവ) ഒന്നുംതന്നെയില്ലെങ്കിൽ അയാൾക്ക് ലേലം വിളിക്കാതെ വിടാനാകും, ഈ അവസരത്തിൽ പ്രസ്തുത കളി അസാധുവാകും. അയാളുടെ കൈവിളിയും നഷ്ടപ്പെടും.
  • ^ നാല് ചീട്ട് വിളമ്പിയതിനു ശേഷമുള്ള ആദ്യവട്ടം വിളിക്കു ശേഷം, (രണ്ടാംവട്ടം ചീട്ടിടുന്നതിന് മുൻപുതന്നെ) രണ്ടാമത് ഓണേഴ്സ് (20) മുതൽ വീണ്ടുമൊരുവട്ടം കൂടി വിളിക്കാനുള്ള അവസരം ചില പ്രദേശങ്ങളിലുണ്ട്. ആദ്യവട്ടത്തിലെ വിളി 20-നു മുകളിലെത്തിയിട്ടുണ്ടെങ്കിൽ, 24 മുതലായിരിക്കും ഈ രണ്ടാം വിളി. എന്നാൽ ഓരോ തവണ ചീട്ടിട്ടതിനു ശേഷം, ഓരോ വട്ടം വിളി മാത്രമേ പലയിടങ്ങളിലും അനുവദിക്കാറുള്ളൂ.
  • ^ ചിലയിടങ്ങളിലെ കളിയിൽ, രണ്ടാം ഘട്ടം ലേലം വിളിയിൽ തനി മാത്രമേ അനുവദിക്കുന്നുള്ളൂ. എന്നാൽ എട്ട് ചീട്ട് കണ്ടതിനു ശേഷമുള്ള രണ്ടാംവട്ട ലേലത്തിൽ ചിലയിടങ്ങളിൽ 20 മുതലോ മറ്റു ചിലയിടങ്ങളിൽ 24 മുതലോ രണ്ടാംഘട്ട ലേലം വിളിക്കാം.
  • ^ മറ്റു ചീട്ടുകൾ കൈവശമുണ്ടെങ്കിൽ, ഗുലാൻ (J) തഴയുന്നത്, ചിലയിടങ്ങളിൽ അനുവദിക്കുന്നില്ല. എന്നാൽ, നേരത്തേ കളിയിറങ്ങാത്ത ചിഹ്നങ്ങളുടെ ഗുലാൻ തഴയുന്നതിന് മാത്രമേ ചിലയിടങ്ങളിൽ അനുവാദമില്ലാതുള്ളൂ.
  • ^ ചിലയിടങ്ങളിൽ തുറുപ്പ് കമിഴ്ത്തിയയാൾക്ക്, ആ ചിഹ്നം തഴയാൻ അനുവാദമില്ല.
  • ^ തുറുപ്പ് കമിഴ്ത്തിയയാൾ, അത് പ്രദർശിപ്പിച്ച് വെട്ടുമ്പോൾ, കമിഴ്ത്തിയ ചീട്ട് ഉപയോഗിച്ച് തന്നെ വെട്ടണം എന്ന നിർബന്ധം ചിലയിടങ്ങളിലുണ്ട്.
  • ൧൦ ^ ചിലയിടങ്ങളിൽ 20 മുതൽ 28 വരെയുള്ള ഓണേഴ്സ് വിളികൾ ജയിക്കുമ്പോൾ 2 പോയിന്റും തോൽക്കുമ്പോൾ 3 പോയിന്റും മാത്രമാണ് കൈമാറുന്നത്. തനിയോ കോട്ടോ ജയിക്കുമ്പോൾ 3-ഉം തോൽക്കുമ്പോൾ 4-ഉം ആണ് കൈമാറൂന്നത്.
  • ൧൧ ^ കളിയിലുള്ള ആൾക്കാരുടെ എണ്ണമനുസരിച്ച് പ്രാദേശികമായി ഓണേഴ്സിന് മാറ്റം വരാം, നാലിൽ കുറവ് ആളുകൾ കളിക്കുമ്പോൾ 18 ഓണേഴ്സാക്കാറുണ്ട്.
  • ൧൨ ^ ചിലയിടങ്ങളിൽ എട്ടു ചീട്ടുകൾ ഇട്ടതിനു ശേഷം ഒരാളുടെ പക്കൽ തന്നെ നാലു ഗുലാനും വരികയാണെങ്കിൽ കളി അസാധുവാകും. കൈവിളിക്കാരന്റെ കൈവിളിയും നഷ്ടപ്പെടും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]