ടർക്മെൻ
ടർക് മെനിസ്ഥാനിലെ ഭൂരിപക്ഷജനവിഭാഗം. ടർക് മെൻ ഭാഷ സംസാരിക്കുന്ന ഇവരുടെ ജനസംഖ്യ ഏതാണ്ട് 30 ലക്ഷത്തോളമുണ്ട്. 25 ലക്ഷത്തോളം ടർക് മെനുകൾ ടർക്മെനിസ്ഥാനിലും ബാക്കി അഫ്ഗാനിസ്ഥാന്റെയും ഇറാനിന്റെയും അതിർത്തികളിലും വസിക്കുന്നു. മധ്യേഷ്യ, തുർക്കി, ഇറാക്ക് എന്നിവിടങ്ങളിലും ഇവരെ കാണാം.
ബി. സി. രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുള്ള സംസ്കാരമാണ് ടർക് മെൻ വംശജരുടേത്. അതിപ്രാചീന കാലഘട്ടത്തിൽ തന്നെ ടർക് മെനിസ്ഥാനിൽ കൃത്രിമ ജലസേചന സംവിധാനങ്ങൾ വികസിപ്പിച്ചിരുന്നു. അതിനാൽ നഗരാധിഷ്ഠിതമായ ഒരു വാണിജ്യനാഗരികത നിലനിന്നിരുന്നതായി പുരാവസ്തുഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബി. സി. 4-ാം ശ.-ത്തിൽ അലക്സാണ്ടർ ചക്രവർത്തി ടർക് മെനിസ്ഥാൻ കീഴടക്കി. എ. ഡി. 3-ാം ശ. മുതൽ സസാനിഡ്സ്, എഫ്താലൈറ്റ്സ്, ഹുയാങ്-നൂ, ടർകിക് കോക് ടർക് എന്നീ രാജവംശങ്ങളാണ് ടർക് മെനിസ്ഥാനിൽ ഭരണം നടത്തിയിരുന്നത്.
എ. ഡി. 716-ൽ ഈ പ്രദേശം ഖലീഫമാരുടെ അധീനതയിലായതോടെയാണ് ടർക് മെനുകൾ മുസ്ലീം മത വിശ്വാസികളായത്. ഇപ്പോൾ ടർക് മെനുകൾ സുന്നിമുസ്ലീങ്ങളായി അറിയപ്പെടുന്നു. 13-ാം ശ.-ത്തിൽ ജെങ്കിസ്ഖാന്റെ മംഗോൾ സാമ്രാജ്യം ടർക് മെനിസ്ഥാനെ കീഴടക്കിയതോടെ, ടർക് മെനുകളിൽ ഭൂരിഭാഗവും നാടോടികളായി മാറുകയാണുണ്ടായത്. ചെറിയൊരു വിഭാഗം കച്ചവടത്തിലേക്കു തിരിയുകയും ചെയ്തിട്ടുണ്ട്. 19-ആം ശതകത്തിന്റെ അന്ത്യത്തിൽ ഇവർ റഷ്യൻ സാമ്രാജ്യത്തിന്റെ അധീനതയിലായി.
അടുത്തകാലം വരെയും ടർക് മെനുകൾ നാടോടി ജീവിതരീതിയാണ് അവലംബിച്ചിരുന്നത്. കൂട്ടുകുടുംബസംവിധാനവും പിതൃദായക്രമവും പിന്തുടരുന്നു. ഇവർ അനവധി സ്വതന്ത്രഗോത്ര വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചാൻഡോർ, എർസാരി, അലെയ്ലി, സാലോർ, സാരിക്ക്, ടെക്കോ, ഗോക്ക്ലാൻ, യോമുത്ത് എന്നിവയാണ് പ്രധാന ഗോത്രങ്ങൾ. അധിവാസഭൂമിയുടെ ഭൂരിഭാഗവും ഫലഭൂയിഷ്ഠത കുറഞ്ഞ വരണ്ട ഭൂപ്രദേശങ്ങളാണ്. ഇപ്പോൾ ഇതിൽപ്പെട്ട ഭൂരിഭാഗം ആളുകളും കാർഷിക ജീവിതം നയിക്കുന്നവരാണ്. ടർക് മെനിസ്ഥാൻ സോവിയറ്റ് അധീനതയിലാകുന്നതുവരെയും ഇവർ കൊള്ളയും പിടിച്ചുപറിയും ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരുന്നു. ടർക് മെനുകൾ ആയിരക്കണക്കിനു പേർഷ്യക്കാരെ ആക്രമിച്ചു കീഴടക്കുകയും അടിമച്ചന്തകളിൽ വിൽക്കുകയും ചെയ്തിരുന്നതായി ചരിത്രപണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. 1930-കളിൽ ടർക് മെനിസ്ഥാൻ, ഇറാൻ, [1] എന്നിവിടങ്ങളിലെ ഗവൺമെന്റുകളാണ് ഇവരുടെ കൊള്ള സംസ്കാരത്തിന് അന്ത്യം കുറിച്ചത്. അങ്ങനെയാണ് ഭൂരിപക്ഷമാളുകൾ കാർഷികവൃത്തി സ്വീകരിക്കുവാനിടയായത്. ആട്, കുതിര, ഒട്ടകം, കഴുത, ഇതര കന്നുകാലികൾ എന്നിവയുടെ പരിപാലനവും ഇവരുടെ ഉപജീവനമാർഗങ്ങളാണ്. മുൻ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് വൻകിട ജലസേചന പദ്ധതികൾ നിർമിച്ചിട്ടുള്ളത്. ഇത് ഒരു കാർഷിക-വ്യാവസായിക സമൂഹത്തിന്റെ രൂപീകരണത്തിന് സഹായകമായിട്ടുണ്ട്. ചോളം, ഉരുളക്കിഴങ്ങ്, തക്കാളി, മുന്തിരി തുടങ്ങിയവയാണ് പ്രധാനവിളകൾ. കമ്പിളിപരവതാനിയുടെ നിർമ്മാണത്തിന് സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ സ്ഥാനമുണ്ട്. ടർക് മെൻ അധിവാസപ്രദേശങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വിവിധ മേഖലകളായി തിരിച്ചിരിക്കുന്നു. ഒരു മേഖലയുടെ തലവൻ 'ഖാൻ' എന്ന പേരിൽ അറിയപ്പെടുന്നു. മുൻ സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നപ്പോൾ ഈ സംവിധാനം നിർത്തലാക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ അഫ്ഗാനിസ്ഥാൻ
അധിക വായനക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടർക്മെൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |