കടുവ ക്ഷേത്രം

Coordinates: 14°6′57″N 99°13′53″E / 14.11583°N 99.23139°E / 14.11583; 99.23139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tiger Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടുവയുമൊത്ത് ചിത്രമെടുക്കുന്ന സന്ദർശകൻ

തായ്‌ലാന്റിലെ കാഞ്ചനബുരി പ്രവിശ്യയിൽ സായി യോക് ജില്ലയിൽ സ്ഥിതിചെയ്തിരുന്നതും 2016-ൽ പ്രവർത്തനം അവസാനിപ്പിച്ചതുമായ ഒരു ബുദ്ധക്ഷേത്രമാണ് കടുവ ക്ഷേത്രം അഥവാ ടൈഗർ ടെമ്പിൾ.[1] മനുഷ്യരോട് ഇണങ്ങിച്ചേർന്ന നൂറുകണക്കിനു കടുവകളുടെ സാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തെ ലോകപ്രശസ്തമാക്കിയത്. ഇവിടെയുള്ള കടുവകൾക്കു ഭക്ഷണം നൽകുന്നതിനും അവയോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കുന്നതിനും സഞ്ചാരികളെ അനുവദിച്ചിരുന്നു. കടുവകളെ നായ്ക്കളെപ്പോലെ അനുസരണാശീലമുള്ളവരാക്കി കൂടെ കൊണ്ടുനടക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. [2]

മനുഷ്യരും മൃഗങ്ങളും ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഒരു ആരാധനാലയം എന്ന ലക്ഷ്യത്തോടെ 1994-ൽ ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായാണ് കടുവ ക്ഷേത്രത്തിന്റെ തുടക്കം. ബുദ്ധ സന്യാസിമാർക്കാണ് ഇവിടുത്തെ മേൽനോട്ടച്ചുമതലയുണ്ടായിരുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 2001-ൽ ഇവിടെ ഏഴു കടുവകളെ കൊണ്ടുവന്നു. 2016 ജനുവരിയോടെ കടുവകളുടെ എണ്ണം 150 ആയി.[3] കടുവകളോടൊത്തു സമയം ചെലവഴിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്നുപോലും സന്ദർശകരെത്തിയിരുന്ന ഇവിടെ മാസം തോറും ആയിരക്കണക്കിന് ഡോളർ വരുമാനവും ലഭിച്ചിരുന്നു.[4]

പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ ക്ഷേത്രത്തിനെതിരെ വിവിധ വന്യജീവി സംരക്ഷണ സംഘടനകൾ രംഗത്തെത്തിയിരുന്നു.ക്ഷേത്രത്തിന്റെ മറവിൽ ബുദ്ധ സന്യാസിമാർ മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇവർ ആരോപിച്ചു. 2016-ൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ ഇവിടുത്തെ ഭക്ഷണപ്പുരയിലെ ഫ്രീസറിൽ നിന്നും 40 കടുവകളുടെ ജഡം കണ്ടെത്തി. വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനായി മുപ്പതോളം കടുവക്കുട്ടികളെ ടിന്നിലടച്ച നിലയിലും കണ്ടെത്തി.[5][6] നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്നു തെളിഞ്ഞതോടെ 2016 മേയിൽ തായ്‌ലാന്റ് സർക്കാർ കടുവാ ക്ഷേത്രം അടച്ചുപൂട്ടി. ഇവിടെയുണ്ടായിരുന്ന 137 കടുവകളെയും സർക്കാർ ഏറ്റെടുത്തു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.[7][8]

സ്ഥാനം[തിരുത്തുക]

പടിഞ്ഞാറൻ തായ്‌ലാന്റിലെ കാഞ്ചനബുരി പ്രവിശ്യയിലെ സായി യോക് ജില്ലയിലാണ് കടുവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തായ്ഭാഷയിൽ 'വാട്ഫ ലുവാങ് തബുവ യനസമ്പന്നോ' (วัดป่าหลวงตามหาบัว ญาณสัมปันโน) എന്നാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക നാമം. തായ്‌ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.[4]

ചരിത്രം[തിരുത്തുക]

കടുവയുടെ സമീപത്തുകൂടി പോകുന്ന ബുദ്ധ സന്യാസി

1994-ൽ വനത്തിനുള്ളിൽ 5 ഹെക്ടേർ സ്ഥലത്ത് ബുദ്ധ ക്ഷേത്രത്തോടൊപ്പം ഒരു വന്യജീവി സംരക്ഷണ കേന്ദ്രം എന്ന നിലയിൽ കടുവ ക്ഷേത്രം ആരംഭിച്ചു. 1999-ൽ ഗ്രാമവാസികൾക്കു വനത്തിൽ നിന്നും ലഭിച്ച ഒരു കടുവക്കുട്ടിയെ ക്ഷേത്രത്തിൽ ഏൽപ്പിച്ചു. പിന്നീട് ഇവിടേക്ക് ധാരാളം കടുവകളെ കൊണ്ടുവന്നു. അക്കൂട്ടത്തിൽ ഇൻഡോചൈനീസ് കടുവയും ബംഗാൾ കടുവയും മലയൻ കടുവയും ഉണ്ടായിരുന്നു. ബുദ്ധ സന്യാസിമാർ ഇവയെ ഇണക്കിവളർത്തുകയും അനുസരണശീലമുള്ളവരാക്കി മാറ്റുകയും ചെയ്തു.മനുഷ്യരെ ഉപദ്രവിക്കാതെ ജീവിക്കുവാൻ അവയെ പരിശീലിപ്പിച്ചു. കടുവകളോടൊപ്പം സമയം ചെലവഴിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ എത്തിയതോടെ കടുവാ ക്ഷേത്രം പ്രശസ്തിയിലേക്കുയർന്നു. സന്ദർശകർ കടുവകളുമായി ഇടപെഴകുവാൻ ധാരാളം പണം മുടക്കിയതോടെ ക്ഷേത്രത്തിന്റെ വരുമാനവും വർദ്ധിച്ചു.[2]

പ്രശ്നങ്ങൾ[തിരുത്തുക]

ക്ഷേത്രദർശനത്തിനുപരി വിനോദസഞ്ചാരത്തിലൂടെയുള്ള വരുമാനത്തിനു പ്രാധാന്യം നൽകിയതോടെയാണ് കടുവ ക്ഷേത്രത്തിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വാണിജ്യ താൽപ്പര്യങ്ങൾക്കും മൃഗക്കടത്തിനുമാണ് ഈ ക്ഷേത്രം പ്രവർത്തിച്ചിരുന്നതെന്ന് വന്യജീവി സംരക്ഷണ സംഘടനകൾ ആരോപിച്ചു. ഇണങ്ങാൻ കൂട്ടാക്കാത്ത മൃഗങ്ങളെ ബുദ്ധ സന്യാസിമാർ ഉപദ്രവിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. സംരക്ഷിത ഇനത്തിൽപ്പെട്ട 38 ഇനം പക്ഷികളെ 2005-ൽ ഇവിടെ നിന്നു കണ്ടെത്തി.[9][10][11] വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ലൈസൻസ് ഇല്ലാതെയാണ് കടുവ ക്ഷേത്രം പ്രവർത്തിക്കുന്നതെന്നും ഇവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായും തെളിഞ്ഞു.

നിയമവിരുദ്ധ പ്രജനനം[തിരുത്തുക]

കടുവകളും സന്യാസിയും

വംശനാശഭീഷണി നേരിടുന്ന മൃഗമായതിനാൽ കടുവയെ വളർത്തുന്നതിനും പ്രജനനം നടത്തുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. 1992-ലെ തായ് വൈൽഡ് ആനിമൽസ് റിസർവേഷൻ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കടുവകളുടെ പ്രജനനം നടത്തുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്.[12] എന്നാൽ ഇത്തരം സജ്ജീകരണങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇൻഡോചൈനീസ് കടുവ, ബംഗാൾ കടുവ, മലയൻ കടുവ എന്നിവയുടെ സങ്കരയിനങ്ങളെ ഇവിടെ സൃഷ്ടിച്ചെടുത്തതായി കണ്ടെത്തി.[13] വരുമാനത്തിനും വിൽപ്പനയ്ക്കും വേണ്ടിയാണ് ബുദ്ധ സന്യാസിമാർ കടുവകളുടെ പ്രജനനം നടത്തിയതെന്ന് നാഷണൽ ജ്യോഗ്രാഫിക് അഭിപ്രായപ്പെട്ടു.

സെൽഫി വിവാദം[തിരുത്തുക]

2014-ലെ അന്താരാഷ്ട്ര കടുവാ ദിനത്തിൽ (ജൂലൈ 29-ന്) കെയർ ഫോർ ദ വൈൽഡ് ഇന്റർനാഷണൽ എന്ന സംഘടന ക്ഷേത്രത്തിൽ കടുവകളോടൊപ്പം സെൽഫിയെടുക്കുന്നതിനെതിരെ രംഗത്തെത്തി. കേവലം വിനോദത്തിനുവേണ്ടി വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പും നൽകി. കടുവകളോടൊപ്പം സെൽഫിയെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട 60 സംഭവങ്ങൾ ആ വർഷം ഉണ്ടായതായി അവർ ചൂണ്ടിക്കാട്ടി.[14][15] ഇതിൽ പല സംഭവങ്ങളും കടുവ ക്ഷേത്രത്തിലാണ് നടന്നത്.

പ്രതിഷേധവും അന്വേഷണവും[തിരുത്തുക]

അനധികൃതമായി പ്രവർത്തിച്ചുവന്ന കടുവാ ക്ഷേത്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി 39 സംഘടനകൾ രംഗത്തുവന്നു. ഇവർ സംയുക്തമായി തയ്യാറാക്കിയ നിവേദനം നാഷണൽ പാർക്ക്സ് ഓഫ് തായ്‌ലാന്റിന്റെ ഡയറക്ടർ ജനറലിനു കൈമാറി.[16] അതിൻപ്രകാരം അന്വേഷണം ആരംഭിക്കുവാൻ തായ്‌ലാന്റ് സർക്കാർ തീരുമാനിച്ചു. 2001-ൽ തന്നെ ക്ഷേത്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുവാൻ സർക്കാരിനു കഴിയുമായിരുന്നു. ക്ഷേത്രം കാണാനെത്തുന്ന ലക്ഷക്കണക്കിനു വിനോദസഞ്ചാരികളും അവരിൽ നിന്നുള്ള വരുമാനവും നഷ്ടപ്പെടുമെന്നോർത്ത് അധികൃതർ അന്നു പിന്മാറിയിരുന്നു.[17]

കണ്ടെത്തലുകൾ[തിരുത്തുക]

2015 ഫെബ്രുവരിയിൽ ക്ഷേത്രത്തിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. കടുവകൾക്കു ഭക്ഷണം നൽകാനുള്ള മുറിയിലെ ഫ്രീസറിൽ നിന്നും 40 കടുവകളുടെ ജഡം കണ്ടെത്തി. ചില ജഡങ്ങൾക്ക് 5 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു. വിദേശത്തേക്കു കടത്തുന്നതിനായി ടിന്നിലടച്ച നിലയിൽ 30 കടുവാക്കുട്ടികളെയും കണ്ടെത്തി.[18][19] കടുവാത്തൊലിയുള്ള ആയിരത്തിലധികം ഏലസ്സുകൾ, രണ്ടു കടുവാത്തോലുകൾ, പത്തു കടുവാപ്പല്ലുകൾ, കരടിയുടെ ജഡം, പോത്തിന്റെ ശരീര ഭാഗങ്ങൾ എന്നിവയും ഇവിടെയുണ്ടായിരുന്നു. ചില മരുന്നുകളുടെ നിർമ്മാണത്തിനായി കടുവകളുടെ ശരീര ഭാഗങ്ങൾ ചൈനയിലേക്കും ലാവോസിലേക്കും കയറ്റുമതി ചെയ്തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.[17] നിയമലംഘനങ്ങളെല്ലാം തെളിയിക്കപ്പെട്ടതോടെ ചില സന്യാസിമാരെ അറസ്റ്റ് ചെയ്യുകയും 2016 മേയിൽ കടുവ ക്ഷേത്രം അടച്ചുപൂട്ടുകയും ചെയ്തു. അപ്പോൾ അവിടെയുണ്ടായിരുന്ന 137 കടുവകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

അവലംബം[തിരുത്തുക]

  1. "കടുവ ക്ഷേത്രത്തില് ഇനി കടുവയില്ല". മാധ്യമം ദിനപത്രം. 2016-05-31. Archived from the original on 2017-11-21. Retrieved 2017-11-21.
  2. 2.0 2.1 "തായ്ലന്റിലെ കടുവ ക്ഷേത്രം പ്രസിദ്ധിയിൽ നിന്നു കുപ്രസിദ്ധിയിലേക്ക്..." ദീപിക. 2016. Archived from the original on 2017-11-21. Retrieved 2017-11-21.
  3. Charuvastra, Teeranai (2016-01-20). "Temple Refuses to Release Tigers, Again". Khaosod English. Archived from the original on 2016-01-28. Retrieved 23 January 2016.
  4. 4.0 4.1 "Thailand's popular Tiger Temple to shut down soon". The Hindu. 2016-06-01. Archived from the original on 2017-11-21. Retrieved 2017-11-21.
  5. "Thailand Tiger Temple: Forty dead cubs found in freezer". BBC. June 1, 2016. Retrieved June 2, 2016.
  6. "30 more dead cubs found". Bangkok Post. 3 June 2016.
  7. Olarn, Kocha. "'Mayhem' as authorities try to capture 137 tigers at Thai temple". CNN. Retrieved 1 June 2016.
  8. "At 'Tiger Temple,' Thai Officials Seize 33 of the Big Cats". The New York Times. Retrieved 1 June 2016.
  9. http://www.bangkokpost.com/news/general/473540/tiger-temple-cleared-of-abuse
  10. Piyarach Chongcharoen (February 4, 2015). "Wild birds seized from Tiger Temple". Bangkok Post. Retrieved February 4, 2015.
  11. "Tiger Temple raided". Thai PBS English News Service. February 4, 2015. Retrieved February 4, 2015.
  12. Care for the Wild International, Retrieved 2012-07-22
  13. http://www.traffic.org/home/2007/6/13/cites-breeding-tigers-for-trade-soundly-rejectedwwftraffic.html
  14. "Wildlife charity calls for an end to tiger selfies". The Guardian. 29 July 2014. Retrieved 2 February 2015.
  15. "Tigers at Thai Temple Drugged Up or Loved Up?". ABC News. 17 December 2008. Retrieved 20 October 2013.
  16. "International Tiger Coalition". Retrieved 2012-03-11.[പ്രവർത്തിക്കാത്ത കണ്ണി]
  17. 17.0 17.1 "തായ് ബുദ്ധ ക്ഷേത്രത്തില് നിന്ന് 40 കടുവ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി". മാതൃഭൂമി. 2016-06-01. Archived from the original on 2017-11-21. Retrieved 2017-11-21.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-23. Retrieved 2017-11-21.
  19. Guynup, Sharon (January 21, 2016). "Exclusive: Tiger Temple Accused of Supplying Black Market". National Geographic. Retrieved March 9, 2016.

പുറംകണ്ണികൾ[തിരുത്തുക]

14°6′57″N 99°13′53″E / 14.11583°N 99.23139°E / 14.11583; 99.23139

"https://ml.wikipedia.org/w/index.php?title=കടുവ_ക്ഷേത്രം&oldid=3774514" എന്ന താളിൽനിന്ന് ശേഖരിച്ചത്