തിരുവോണത്തോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thiruvona thoni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവോണത്തോണി

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ സ്ഥിതിചെയ്യുന്ന ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി. [1]പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമായിട്ടുള്ളതാണ്.[2] ആറന്മുള ദേശത്തുണ്ടായിരുന്ന കാട്ടൂർ മനയിലെ കാരണവർ ചിങ്ങമാസത്തിലെ തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിൽ സദ്യ തയ്യാറാക്കി എത്തിച്ചിരുന്നു. ഇങ്ങനെ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യ എത്തിച്ച വഞ്ചിയാണ് പിന്നീട് പ്രസിദ്ധമായ തിരുവോണത്തോണിയായി അറിയപ്പെട്ടത്.

ഐതിഹ്യം[തിരുത്തുക]

ആറന്മുളയ്ക്കു കിഴക്കുള്ള കാട്ടൂർ ഗ്രാമത്തിൽ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ തിരുവോണനാളിലും വിഷ്ണുപൂജയുടെ ഭാഗമായി ഒരു ബ്രാഹ്മണനു കാൽകഴുകിച്ചൂട്ട് നടത്തിവന്നിരുന്നു. ഒരുവർഷം ഊണുകഴിക്കാനായി ആരും എത്തിയില്ല. വർഷങ്ങളായുള്ള തന്റെ വ്രതം മുടങ്ങുന്നതിൽ ദു:ഖിതനായ ഭട്ടതിരി ആറന്മുളഭഗവാനെ പ്രാർഥിച്ച് ഓണനാളിൽ ഉപവസിക്കാൻ തീരുമാനിച്ചു. അപ്പോൾ തേജസ്വിയായ ഒരു ബാലൻ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. അന്ന് കാൽ കഴുകിച്ചൂട്ട് നടന്നതിനുശേഷം ബാലൻ അദ്ദേഹത്തോട് ഇനിയുള്ള കാലം ഓണത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കി ആറന്മുളയിൽ എത്തിച്ചാൽ മതിയെന്നു പറഞ്ഞാണ് പോയത്.

അന്നു രാത്രി സ്വപ്ന ദർശനത്തിൽ വന്നതു സാക്ഷാൻ ആറന്മുളഭഗവാൻ ആയിരുന്നുവെന്നു മനസ്സിലാക്കിയ മങ്ങാട്ടൂ ഭട്ടതിരി പിറ്റേവർഷംമുതൽ ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ഒരു തോണിയിൽ നിറച്ച് ഉത്രാടനാളിൽ കാട്ടൂരിൽനിന്നു പുറപ്പെട്ട് തിരുവോണപ്പുലർച്ചയിൽ ആറന്മുള ക്ഷേത്രക്കടവിൽ എത്തിച്ചുതുടങ്ങി. ഇങ്ങനെ വർഷങ്ങൾ കടന്നു പോകുകയും അദ്ദേഹത്തിന്റെ പിൻ തലമുറകളും ഈ ആചാരം ഭംഗിയായി നടത്തി കൊണ്ടുപോന്നിരുന്നു. ഒരിക്കൽ കോവിലന്മാർ എന്ന ആയൂർ പ്രദേശത്തെ മാടമ്പിമാർ ആറന്മുളക്കു പുറപ്പെട്ട കാട്ടൂർ ഭട്ടതിരിയെ തടഞ്ഞ് തിരുവോണത്തോണിയെ ആക്രമിച്ചു. ഇത് അറിഞ്ഞ് തിരുവോണ തോണിയുടെ സംരക്ഷണാർഥം കരനാഥന്മാർ വലിയ വള്ളങ്ങളിൽ സംഘമായെത്തി കോവിലരെ തുരത്തി ഓടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ തോണിയുടെ സംരക്ഷണാർഥം, കൂടുതൽപേർക്കു കയറാവുന്ന വള്ളങ്ങൾ ഉണ്ടാക്കി തോണിയെ അനുധാവനം ചെയ്തുപോന്നു.

കാട്ടൂർ മങ്ങാട്ടുമന[തിരുത്തുക]

മങ്ങാട്ട് മന പണ്ട് സ്ഥിതിചെയ്തിരുന്നത് ആറന്മുളക്ക് കിഴക്ക് കാട്ടൂർ ദേശത്തായിരുന്നു. പിന്നീട് എപ്പൊഴോ മങ്ങാട്ടുമന കാട്ടൂരിൽ നിന്നും മാറി കോട്ടയത്തിനടുത്ത് കുമാരനല്ലൂരിൽ വന്ന് മാറി താമസിച്ചു. ഇന്ന് മീനച്ചിലാറ്റിൻ തീരത്തായി കുമാരനെല്ലൂരാണ് മങ്ങാട്ട് മനയിൽ നിന്നുമാണ് തിരുവോണത്തോണി പുറപ്പെടുന്നത്.[3] കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ മൂത്ത ഭട്ടതിരി ചുരുളൻ വള്ളത്തിൽ ആറന്മുളയ്ക്കു പുറപ്പെടുന്ന ചടങ്ങ് മൂലം നാളിലാണ്. ഭട്ടതിരി തിരുവോണത്തോണിയുമായി ആറന്മുളയ്ക്കടുത്തുള്ള കാട്ടൂരിൽ എത്തുന്നതോടെ കരക്കാരുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും പിന്നീട് അലങ്കരിച്ച വലിയ തിരുവോണത്തോണിയിലേക്ക് മാറ്റുകയും കുമാരനെല്ലൂരിൽ നിന്നും വന്ന വള്ളം അകമ്പടിത്തോണിയായി മാറുകയും ചെയ്യും. പിന്നീട് കാട്ടൂരിൽ നിന്നു ഭട്ടതിരിയും കരക്കാർക്ക് ഒപ്പമാണ് ആറന്മുളയിലേക്ക് പമ്പാനദിയിലൂടെ യാത്ര തുടരുന്നത്.

തോണിയുടെ സഞ്ചാരവഴി[തിരുത്തുക]

മീനച്ചിലാർ, മണിമലയാർ, പമ്പാനദി എന്നി പ്രധാന നദികൾ വഴി സഞ്ചരിച്ചാണ് ഇന്ന് തിരുവോണത്തോണി കുമാരനെല്ലൂരിൽ നിന്നും ആറന്മുളയിൽ എത്തുന്നത്. മങ്ങാട്ടില്ലത്തെ കടവിൽ നിന്നു സഹായിക്കൊപ്പമാണ് ഭട്ടതിരിയുടെ യാത്ര. നാഗമ്പടം, ചുങ്കം വഴി ആദ്യം കൊടൂരാറ്റിൽ പ്രവേശിക്കും. ആദ്യ ദിനത്തിലെ യാത്ര കിടങ്ങറയിലാണ് അവസാനിക്കുന്നത്. ഇവിടെ രണ്ടാം പാലത്തിനു സമീപം ഭട്ടതിരി വിശ്രമിക്കും. സമീപത്തെ ഇല്ലത്തു നിന്നു ഭക്ഷണം കഴിച്ചു രാത്രിയിൽ ഭട്ടതിരിയും തുഴച്ചിൽക്കാരനും വള്ളത്തിൽ തന്നെയാണു കഴിച്ചുകൂട്ടുക. പിറ്റേന്നു കൊടുതറ വഴി തിരുവല്ല പുഴക്കരയിലെത്തി മണിമലയാറ്റിലേക്കു പ്രവേശിക്കും. മൂവടമഠത്തിലാണ് അന്നത്തെ ഉച്ചയൂണ്.പിന്നീട് ആറാട്ടുപുഴയിലൂടെ പമ്പാനദിയിൽ എത്തുന്ന തോണി, വൈകിട്ടു ക്ഷേത്രക്കടവിൽ അടുക്കും. അന്നു ഭട്ടതിരിക്ക് ക്ഷേത്ര ദർശനമില്ല. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഭട്ടതിരി തോണിയിൽ കോഴഞ്ചേരിയിലെ വെള്ളൂർ മനക്കടവിലേക്കു പോകും. ഇവിടെ നിന്ന് അയിരൂർ പുതിയകാവു ക്ഷേത്രം, കാട്ടൂർ ക്ഷേത്രം എന്നിവ ചുറ്റി തിരുവോണപ്പുലരിയിൽ വീണ്ടും ആഘോഷമായി ആറന്മുളയിൽ എത്തിചേരും.

ആറന്മുള ക്ഷേത്രം[തിരുത്തുക]

ആറന്മുള ക്ഷേത്രം

പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ പുണ്യനദിയായ പമ്പയുടെ ദക്ഷിണതീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് എന്നാണ് കേൾവി.[4] എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം. കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. കിഴക്കോട്ടാണ് ദർശനം ഉള്ള ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്.

തിരുവോണത്തോണിയുടെ എഴുന്നള്ളത്ത്[തിരുത്തുക]

കാട്ടൂരിൽ നിന്നു ആഘോഷമായി ഭക്തരുടെ അകമ്പടിയോടെ തിരുവോണത്തോണിയും അകമ്പടിത്തോണിയും പുറപ്പെടുന്നത്.[5] തിരുവോണ ദിനത്തിൽ ആറന്മുള ഭഗവാൻ പള്ളിയുണരുന്നതോടെ ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി. മങ്ങാട്ട് ഭട്ടതിരി കൊണ്ടുവരുന്ന വിഭവങ്ങൾ കൂട്ടിച്ചേർത്താണു സദ്യ ഒരുക്കുന്നത്. അത്താഴപൂജ കഴിഞ്ഞു ക്ഷേത്ര പൂജാരിയിൽ നിന്നു പണക്കിഴി ഏറ്റുവാങ്ങുന്നതോടെ യാത്രയ്ക്കു സമാപനമാകും. സദ്യവട്ടത്തിന്റെ ചെലവു കഴിഞ്ഞിട്ടു ബാക്കിയുള്ള തുകയാണത്രേ ഇത്. പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ചു ഭട്ടതിരി മടങ്ങിപ്പോരും. മടക്കയാത്ര തോണിയിലല്ല. കാട്ടൂരിലെ 18 നായർ തറവാടുകളിൽ നിന്ന് ശേഖരിക്കുന്നവിഭവങ്ങളും തോണിയിലുണ്ടാകും.ചേന, കാച്ചിൽ, ചേമ്പ്, മത്തങ്ങ, വെള്ളരിക്ക, ഏത്തക്ക, പഴക്കുല, ഉപ്പിലിട്ടത്, അരി തുടങ്ങിയ സദ്യക്കുള്ള എല്ലാ സാധനങ്ങളും തോണിയിലുണ്ടാവും. തിരുവോണ ദിവസം പുലർച്ചെ തോണി ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തും.

ഉത്തൃട്ടാതി വള്ളംകളി[തിരുത്തുക]

ഇപ്രകാരം കാട്ടൂർ ഭട്ടതിരിക്കുവേണ്ടി തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാൻ കൂടുതൽ കരക്കാർ ചുണ്ടൻവള്ളങ്ങൾ ഉണ്ടാക്കി രംഗത്തു വരികയും ചെയ്തു. ആദ്യകാലത്തു പമ്പാനദിയുടെ ഇരുകരകളിലുമായി 48 പള്ളിയോടങ്ങൾ (ചുണ്ടൻവള്ളം)ഉണ്ടായിരുന്നു. ഓരോ പള്ളിയോടത്തിലും ഭഗവാൻ കൃഷ്ണന്റെ അദൃശ്യസാന്നിധ്യം ഉണ്ടെന്നാണു വിശ്വാസം. കാട്ടൂരിൽ നിന്നും ഉത്രാടരാത്രിയിൽ പുറപ്പെട്ട് തിരുവോണപ്പുലർച്ചെ ആറന്മുളയിൽ എത്തുന്ന തോണിയെയും അവയ്ക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെയും കൂടുതൽ പേർക്കു കാണാൻ സാദിക്കാതെ വന്നു, ഇതിനാലാണത്രെ തിരുവോണം കഴിഞ്ഞു മറ്റൊരു ദിവസംകൂടി പള്ളിയോടങ്ങൾ ആറന്മുളയിൽ എത്താൻ തീരുമാനിച്ചത്. അതു പാർഥസാരഥിവിഗ്രഹ പ്രതിഷ്ഠാദിനമായ ഉത്തൃട്ടാതിനാളിലെന്നു നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആറന്മുള ജലമേളയുടെ ഉത്ഭവം എന്നു കരുതുന്നു.

ഇതുംകാണുക[തിരുത്തുക]

പുതിയ തോണി[തിരുത്തുക]

മങ്ങാട്ട് മനയിലെ പഴയ തിരുവോണത്തോണി ഇരുനൂറ് വർഷത്തിലധികം പഴക്കമുള്ളതിനാൽ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് ആറന്മുളയിലെ പള്ളിയോടസേവാസംഘം 10 ലക്ഷത്തോളം രൂപ ചെലവാക്കി 2011-ൽ പുതിയ തോണി നിർമ്മിച്ചു. 100 ഇഞ്ചിലധികം വണ്ണവും 40 അടി നീളവും ഉള്ള രണ്ട് ആഞ്ഞിലിത്തടിയാണ് തോണി നിർമ്മാണത്തിന് ഉപയോഗിച്ചത്. 250 കിലോഗ്രാം വീതം ചെമ്പും ഇരുമ്പും ഉപയോഗിച്ച് ചങ്ങംകരി സ്വദേശി വേണു ആചാരിയുടെ നേതൃത്വത്തിൽ നാല് ശില്പികൾ തോണിയുടെ പണിതീർത്തു.[6]

അവലംബം[തിരുത്തുക]

  1. ഐതിഹ്യമാല/ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്
  2. ഐതിഹ്യമാല/ആറന്മുളമാഹാത്മ്യം -- കൊട്ടാരത്തിൽ ശങ്കുണ്ണി
  3. "തിരുവോണത്തോണി പുറപ്പെട്ടു". Archived from the original on 2007-06-26. Retrieved 2007-06-26.
  4. ഐതിഹ്യമാല/ആറന്മുളമാഹാത്മ്യം -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്
  5. തിരുവോണത്തോണിയുടെ യാത്ര
  6. പുതിയ തിരുവോണത്തോണി[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തിരുവോണത്തോണി&oldid=3993853" എന്ന താളിൽനിന്ന് ശേഖരിച്ചത്