തിരുനന്തിക്കര ശാസനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thirunanthikkara plates and Inscriptions എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുനന്തിക്കര ക്ഷേത്രം

തിരുനന്തിക്കരയെ സംബന്ധിക്കുന്ന ചെമ്പു പട്ടയവും ശിലാശാസനങ്ങളുമാണ് തിരുനന്തിക്കര ശാസനങ്ങൾ എന്നറിയപ്പെടുന്നത്.

ഒന്നാമത്തെ ശാസനം[തിരുത്തുക]

ഇവയിൽ ആദ്യത്തേത് വിക്രമാദിത്യ വരഗുണൻ എന്ന ആയ് രാജാവ് തന്റെ എട്ടാം ഭരണ വർഷത്തിൽ (992) തെങ്ങനാട്ടു കിഴവൻ ചാത്തൻ മുരുകന്റെ മകൾ മുരുകൻ ചേന്തിയെ 'തിരുവടിച്ചാർത്തിയ' ശേഷം അവളുടെ ചെലവിനായി ഒട്ടേറെ കൃഷിഭൂമി ദാനമായി നല്കുന്ന ചെപ്പേടാണ്. തിരുവടിച്ചാർത്തുക എന്നത് ഭാര്യയായി സ്വീകരിച്ചുവെന്നോ തിരുനന്തിക്കര ദേവന്റെ ദാസിയായി നിയമിച്ചുവെന്നോ അർഥമാകാം. തെങ്ങനാട് നെയ്യാറിനും കരമനയാറിനും ഇടയ്ക്കുള്ള ഭൂവിഭാഗമാണ്. കിഴവൻ എന്നത് ഭരണാധികാരിയാണ്.

രണ്ടാമത്തെ ശാസനം[തിരുത്തുക]

ക്ഷേത്ര ശിലാശാസനമാണ് രണ്ടാമത്തേത്. കുലശേഖരദേവന്റെ മകളും വിജയരാഗദേവന്റെ ഭാര്യയുമായ കിഴാനടികൾ തിരുനന്തിക്കര ഭട്ടാരകന് കെടാവിളക്കിനുവേണ്ടി മുപ്പതു കഴഞ്ച് നല്ല സ്വർണം നല്കിയതായി രേഖപ്പെടുത്തുന്നതാണ് ലിഖിതം. പൗരജനങ്ങളും തളിയാഴ്വാനും ക്ഷേത്ര ഭരണാധികാരികളും ക്ഷേത്രത്തിന്റെ മാടക്കോവിലിൽ കൂടിയിരുന്നതായി പ്രസ്താവമുണ്ട്. കൊടുങ്ങല്ലൂരെ ചേര രാജാവാണ് കുലശേഖരൻ. താണുരവിപ്പെരുമാളുടെ കാലത്ത് വിജയരാഗദേവൻ കോയിലധികാരികളായിരുന്നുവെന്ന് കൊല്ലം തരിസ്സാപ്പള്ളി ശാസനത്തിൽ പറയുന്നുണ്ട്. വിജയരാഗദേവന്റെ മകൾ ഇരവിനീലി 936-ൽ മദ്രാസിനു സമീപത്തുള്ള തിരുവൊറ്റിയൂർ ശിവക്ഷേത്രത്തിന് വാടാവിളക്കിന് മുപ്പതു കഴഞ്ചു സ്വർണം നല്കിയതായി ആ ക്ഷേത്രത്തിൽ ലിഖിതമുണ്ട്. കിഴാനടികളുടെ തിരുനന്തിക്കര ശാസനം പത്താം ശതകത്തിന്റെ ആദ്യ ദശകത്തിലേതായിരിക്കാമെന്നു കരുതപ്പെടുന്നു.

മൂന്നാമത്തെ ശാസനം[തിരുത്തുക]

തിരുനന്ദിക്കര ഗുഹാക്ഷേത്രം

രാജരാജ ചോളന്റെ പതിനെട്ടാം ഭരണ വർഷത്തിലുള്ളതാണ് (1003) തിരുനന്തിക്കര ക്ഷേത്രത്തിലെ മറ്റൊരു ശിലാശാസനം. ആണ്ടുതോറും അല്പശി മാസത്തിലെ ചതയ നക്ഷത്രത്തിൽ ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവം നടത്തുവാനും രാജരാജന്റെ പേരിൽ ഒരു വാടാവിളക്ക് കത്തിക്കുവാനും ആവശ്യമായ ചെലവിനുവേണ്ടി കന്യാകുമാരിക്കു സമീപമുള്ള മുട്ടം എന്ന ഗ്രാമം ദേവദാനമായി നൽകുന്നതുമാണ് ശാസനവിഷയം. അല്പശി മാസത്തിലെ ചതയമാണ് രാജരാജന്റെ ജന്മനക്ഷത്രം. ദേവദാനമായി നല്കിയ മുട്ടം ഗ്രാമത്തിന് മമ്മുടി ചോളനല്ലൂർ എന്ന പേരു നല്കി. രാജരാജന്റെ അപദാനങ്ങൾ ശാസനത്തിൽ വിവരിച്ചിട്ടുണ്ട്. രാജരാജന്റെ അതിവിശാലമായ സാമ്രാജ്യത്തിൽ ധാരാളം ക്ഷേത്രങ്ങളുള്ളപ്പോൾ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുവാൻ കുഗ്രാമത്തിലുള്ള തിരുനന്തിക്കര ക്ഷേത്രം എന്തിനു തിരഞ്ഞെടുത്തു എന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജരാജന്റെ മാതാവ് ചേരവംശജയാണ്. ചേരവംശത്തിലെ കിഴാനടികൾ തിരുനന്തിക്കര ക്ഷേത്രത്തിനു വാടാവിളക്കു കത്തിക്കുവാൻ സ്വർണം ദാനം ചെയ്തു എന്നതിൽ നിന്നും തെക്കൻ തിരുവിതാംകൂറിൽ ഒരു ചേര ശാഖ ഉണ്ടായിരുന്നു എന്ന വസ്തുത തെളിയുന്നു.

നാലാമത്തെയും അഞ്ചാമത്തെയും ശാസനങ്ങൾ[തിരുത്തുക]

തിരുനന്തിക്കരയിലെ പൗരമുഖ്യന്മാരും തളിയാഴ്വാനും ചേർന്ന് തിരുനന്തിക്കര ഗണപതിക്ക് ഭൂദാനം ചെയ്യുന്നതാണ് മറ്റൊരു ശാസനം. ഭൂമിയുടെ അതിരുകൾ പറയുന്നുണ്ട്. ഭൂമിക്ക് ശ്രീ നന്ദിമംഗലം എന്ന് പേരും നല്കുന്നു. നാഞ്ചിനാട്ടുവേക്കോട്ടുമലയിൽ ശിത്തുക്കുട്ടി അമ്പി എന്ന അഞ്ഞൂറ്റുവ മുത്തരയൻ വാടാവിളക്കിനായി ഒരു വിളക്കും അതു ദിവസവും നെയ്യിൽ കത്തിക്കുവാൻ ഒമ്പതു വലിയ എരുമകളേയും നല്കുന്നതാണ് മറ്റൊരു ശാസനം. ഈ രണ്ടു ശാസനങ്ങളുടേയും കാലം പറഞ്ഞിട്ടുള്ളത് പ്രത്യേക രീതിയിലാണ്. ആദ്യത്തേത് 'തലക്കുളത്തുകലമറ്റയാണ്ട്' എന്നും രണ്ടാമത്തേത് 'കരകണ്ഠീശ്വരത്തു കലമറ്റയാണ്ട്' എന്നുമാണ് പറഞ്ഞിട്ടുള്ളത്. തലക്കുളത്തിലേയും കരകണ്ഠീശ്വരത്തേയും ചാലകൾക്ക് (വിദ്യാപീഠങ്ങൾക്ക്) നല്കിയിരുന്ന ധനസഹായം നിറുത്തിവച്ച വർഷം എന്നാണ് വിവക്ഷ. 'കല'ത്തിന് 'ശാല' (വിദ്യാപീഠം) എന്നു മാത്രമല്ല, കപ്പൽ എന്നുകൂടി അർഥമുണ്ട്. രാജരാജ ചോളൻ കാന്തളൂർശാല കലമറുത്തതായി 992-ലെ ദർശനംകോപ്പു ശാസനത്തിലുണ്ട്. കരകണ്ഠീശ്വരത്തേയും തലക്കുളത്തേയും ചാലകളുടെ കലമറുത്തതും ഒരു പക്ഷേ ഇതോടൊപ്പം ആയിരിക്കാം. ആ ചാലകൾക്കു നല്കിയിരുന്ന ഭൂമിയായിരിക്കാം തിരുനന്തിക്കര ക്ഷേത്രത്തിനു നല്കിയത്.

ഗുഹാക്ഷേത്രത്തിലെ ശാസനം[തിരുത്തുക]

തിരുനന്തിക്കര ക്ഷേത്രത്തിനു സമീപത്തുള്ള ഗുഹാക്ഷേത്രത്തിലാണ് മറ്റൊരു ശിലാശാസനമുള്ളത്. ശാസനകാലം 800-ന് അടുപ്പിച്ചാണെന്നു ഭാഷാരൂപത്തിൽ നിന്നു മനസ്സിലാക്കാം. മംഗലച്ചേരി നാരായണൻ ശിവാകരൻ എന്നയാൾ തിരുവല്ലാ ഭട്ടാരകനും തിരുനന്തിക്കര ഭട്ടാരകനും ദാനമായി നല്കുന്ന ഭൂമിയുടെ പട്ടികയാണ് ശാസനത്തിൽ. ക്ഷേത്ര ജീവനക്കാരുടെ ശമ്പളം, ബലി, കെടാവിളക്ക് തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടിയാണ് ധാരാളം ഭൂമി നല്കിയിരിക്കുന്നത് എന്ന് അനുമാനിക്കാം.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ശാസനങ്ങൾ തിരുനന്തിക്കര ശാസനങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.