തിരുമുല്ലവാരം മഹാവിഷ്ണുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thirumullavaram temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം
കൊല്ലം നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കൊല്ലം നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം is located in Kerala
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം
കേരളത്തിലെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°53′40″N 76°31′21″E / 8.89444°N 76.52250°E / 8.89444; 76.52250
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കൊല്ലം
പ്രദേശം:തിരുമുല്ലവാരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാവിഷ്ണു
പ്രധാന ഉത്സവങ്ങൾ:മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ട്.
ക്ഷേത്രങ്ങൾ:1

പ്രസിദ്ധമായ 108 മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം ക്ഷേത്രം[അവലംബം ആവശ്യമാണ്]. കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്തുണ്ടായിരുന്ന മൂലക്ഷേത്രം കടലിൽ താഴ്ന്നതാണെന്നും ഇപ്പോഴുള്ളത് പിന്നീട് പുതുക്കി പണിതീർത്തതാണെന്നുമാണ് ഐതിഹ്യം. പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളായ ഭഗവാൻ "മഹാവിഷ്ണുവും" "പരമശിവനുമാണ്" പ്രധാന ആരാധനാ മൂർത്തികൾ. എങ്കിലും മഹാവിഷ്ണുവിനാണ് കൂടുതൽ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. കിഴക്ക് ദർശനമായി മഹാവിഷ്ണുവും പടിഞ്ഞാറ് ദർശനമായി പരമശിവനും. വിഷ്ണുവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവിൽ വട്ടത്തിൽ പണികഴിപ്പിച്ചിട്ടുള്ളതാണ്. ദിവസം മൂന്ന് പൂജകളുണ്ട്. തിരുവിതാംകൂർ ദേവസ്വത്തിന്റെ മേൽക്കോയ്മയിലുള്ളതാണ് ഈ ക്ഷേത്രം.

വിശ്വാസം[തിരുത്തുക]

കുലശേഖര കാലഘട്ടത്തിൽ കൊല്ലം തലസ്ഥാനമാക്കി നാടു ഭരിച്ചിരുന്ന രാജാവിന്റെ ആരാധനാമൂർത്തിയായിരുന്നു ഇവിടുള്ള മഹാവിഷ്ണു എന്നൊരു വിശ്വാസം പ്രബലമായുണ്ട്. ക്ഷേത്രക്കുളം കടലോരത്താണെങ്കിലും ക്ഷേത്രക്കുളത്തിലെയും ക്ഷേത്രക്കിണറ്റിലെയും വെള്ളത്തിന് ഉപ്പുരസമില്ലെന്നത് ശ്രദ്ധേയമാണ്. ഇവിടെ ബലിയിട്ടാൽ പരേതാത്മാക്കൾക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. ഇവിടുത്തെ മഹാവിഷ്ണുവിനെ മോക്ഷദായകനായ "പരമാത്മാവ്‌" ആയിട്ടാണ് സങ്കൽപ്പിചിരിക്കുന്നത്. തിലഹോമമാണ് ഭഗവാന്റെ ഇഷ്ടവഴിപാട്.

ചരിത്രം[തിരുത്തുക]

പ്രാചീനകാലത്ത് ഈ ക്ഷേത്രം ഒരു പ്രസിദ്ധമായ ബുദ്ധവിഹാരമായിരുന്നു. ശ്രീമൂലവാസം എന്ന പുകൾപെറ്റ ബുദ്ധകേന്ദ്രമായിരുന്നു ഇത് എന്ന് നിർവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് കണ്ടെടുത്ത ബുദ്ധപ്രതിമകളിൽ ദക്ഷിണപാഥേ ശ്രീമൂലവാസേ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ സ്ഥലത്തെ പറ്റിയാണ്. ഈ പ്രതിമകൾ ക്രിസ്തുവിനു മുൻപ് നിർമ്മിക്കപ്പെട്ടവയാണ്. വീരരാഘവന്റെ തരിസാപ്പള്ളി ചെപ്പേടുകളിലും ശ്രീമൂലവാസം ക്ഷേത്രത്തിലേക്കു നൽകുന്ന സംഭാവനയെപ്പറ്റി വിവരണമുണ്ട്. കൊല്ലം ജില്ലയിൽ കര കടൽ കയറിയായിരിക്കാം ഈ പ്രദേശം നശിച്ചുപോയത് എന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 2004 ഡിസംബർ 26-ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ച സുനാമി വരുന്നതിന് തൊട്ടുമുമ്പ് കടൽ ഉൾവലിഞ്ഞപ്പോൾ മൂലക്ഷേത്രം നിന്ന ഭാഗം ദൃശ്യമായിരുന്നു.

പിതൃപൂജയും തിലഹോമവും[തിരുത്തുക]

ഈ ക്ഷേത്രം പിതൃപൂജയ്ക്കും തിലഹോമത്തിനും പ്രസിദ്ധമാണ്. മേൽപ്പറഞ്ഞ പൂജകൾ നടത്തിയാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നും പിതൃദോഷം പരിഹരിക്കപ്പെടുമെന്നും ഉള്ള വിശ്വാസമാണ് ഇതിന്റെ കാരണം.

കർക്കിടകവാവ് ബലി[തിരുത്തുക]

കർക്കിടകമാസത്തിലെ കറുത്തവാവുദിവസം ധാരാളം ഭക്തർ കടൽത്തീരത്ത് മരിച്ച ബന്ധുക്കൾക്ക് ബലിയിടാനായും തിലഹോമം നടത്താനും എത്തിച്ചേരുന്നു.

ഉപദേവതകൾ[തിരുത്തുക]

മഹാദേവന്റെ ശ്രീകോവിലിൽ ശ്രീ പാർവ്വതീദേവി, ഗണപതിഭഗവാൻ, ധർമ്മശാസ്താവ്, ശ്രീമുരുകൻ എന്നിവരെ കൂടാതെ മറ്റുപദേവതകളായി ഭുവനേശ്വരിദേവിയും രക്ഷസ്സും കുടികൊള്ളുന്നുണ്ട്.

ഉത്സവം[തിരുത്തുക]

മീനമാസത്തിലെ അത്തംനാളിൽ കൊടിയേറി മഹാവിഷ്ണുവിന്റെ തിരുനാളായ തിരുവോണത്തിന് ആറാട്ടോടുകൂടി അവസാനിക്കുന്നു. ഇതോടൊപ്പം വർണ്ണാഭമായ "കടൽപൂരവും" നടത്തുന്നു.

അവലംബം[തിരുത്തുക]

1.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുമുല്ലവാരം_ക്ഷേത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

2. കേരളത്തിലെ ക്ഷേത്രങ്ങൾ

പുറംകണ്ണികൾ[തിരുത്തുക]