ഇവാൻ ഇല്ലിച്ചിന്റെ മരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Death of Ivan Ilyich എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ ഡെത്ത് ഓഫ് ഇവാൻ ഇല്ല്യിച്ച്
1895-ലെ റഷ്യൻ പതിപ്പിന്റെ ചട്ട
കർത്താവ്ലിയോ ടോൾസ്റ്റോയി
യഥാർത്ഥ പേര്Смерть Ивана Ильича, (സ്മെർട്ട് ഇവാന ഇല്ല്യിച്ച)
ചിത്രരചയിതാവ്ഓട്ടോ അന്റോണിനി
രാജ്യംറഷ്യ
ഭാഷറഷ്യൻ
സാഹിത്യവിഭാഗംഫിക്ഷൻ, തത്ത്വചിന്ത
പ്രസിദ്ധീകരിച്ച തിയതി
1886
ഏടുകൾ114 താളുകൾ (പേപ്പർബാക്ക്)
ISBN978-0-307-26881-5

റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി(1828-1910) എഴുതിയ പ്രസിദ്ധമായ ഒരു ലഘുനോവലാണ് (Novella) ഇവാൻ ഇല്ലിച്ചിന്റെ മരണം(Russian: Смерть Ивана Ильича - സ്മെർറ്റ്' ഇവാനാ ഇല്ലിച്ചാ; ഇംഗ്ലീഷ്: The Death of Ivan Ilych). 1886-ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. റഷ്യയിലെ പ്രാദേശികകോടതികളിലൊന്നിൽ ജഡ്ജിയായിരുന്ന ഇവാൻ ഇല്ലിച്ച് എന്ന മനുഷ്യന്റെ മരണത്തിന്റേയും അതിന്റെ പശ്ചാത്തലത്തിൽ അയാളുടെ ജീവിതത്തിന്റേയും കഥയാണ് ഈ നോവൽ പറയുന്നത്.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി [[s:en:Main_Page|(in English) വിക്കിഗ്രന്ഥശാലയിലെ]] The Death of Ivan Ilych എന്ന താളിലുണ്ട്.

പശ്ചാത്തലം[തിരുത്തുക]

1875-78 കാലഘട്ടത്തിൽ കടന്നുപോയ ഒരു ആത്മീയപ്രതിസന്ധിയെ തുടർന്ന് താൻ ജനിച്ച് വളർന്ന റഷ്യൻ ഒർത്തോഡോക്സ് സഭ പോലുള്ള വ്യവസ്ഥാപിത മതങ്ങളുടെ ജീവിതവീക്ഷണത്തിൽ നിന്ന് ടോൾസ്റ്റോയി അകന്നു പോയിരുന്നു. റഷ്യൻ ഒർത്തൊഡോക്സ് സഭ ടോൾസ്റ്റോയിയെ അതിന്റെ കൂട്ടായ്മയിൽ നിന്നു പുറത്താക്കുകപോലും ചെയ്തു. പരമ്പരാഗതക്രൈസ്തവസമൂഹങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു പുതിയ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനമാണ് അദ്ദേഹത്തിന് സംഭവിച്ചത്. ഈപുതിയ മതവീക്ഷണമാണ് ഇവാൻ ഇല്ലിച്ചിന്റെ മരണത്തിന്റെ പശ്ചാത്തലം.

കഥാസംഗ്രഹം[തിരുത്തുക]

മരണം, പ്രതികരണം[തിരുത്തുക]

കോടതിനടപടികളുടെ ഇടവേളകളിലൊന്നിൽ, വർത്തമാനപ്പത്രത്തിലെ ചരമഅറിയിപ്പിൽ നിന്ന് ഇവാൻ ഇല്ലിച്ചിന്റെ മരണവാർത്ത അറിഞ്ഞ അടുത്ത സഹപ്രവർത്തകരെ അവതരിപ്പിച്ചുകൊണ്ടാണ് നോവലിന്റെ തുടക്കം. അവർക്ക് ആശ്വാസവും സന്തോഷവും ആയിരുന്നു. മരിച്ചത് താൻ അല്ലല്ലോ എന്നോർത്ത് ആശ്വസിക്കുകയും ഈ മരണം സൃഷ്ടിച്ച ഒഴിവിൽ കിട്ടാൻ സാധ്യതയുള്ള ഉദ്യോഗക്കയറ്റത്തിന്റെ കാര്യമോർത്ത് സന്തോഷിക്കുകയുമാണ് ഓരോരുത്തനും ചെയ്തത്. ബാല്യകൗമാരങ്ങൾ മുതൽ പരേതനെ അറിയാമായിരുന്ന പീറ്റർ ഇവാനോവിച്ചിന്റെ പോലും മനോഭാവം ഇതായിരുന്നെങ്കിലും എല്ലാവരും അനുശോചനത്തിന്റെ ഔപചാരികതകളിലൂടെ കടന്നുപോയി. മരണവീട് സന്ദർശിച്ച പീറ്റർ ഇവാനോവിച്ച്, മൃതദേഹത്തിന് മുൻപിൽ വണങ്ങുന്നതാണോ, കുരിശടയാളം വരയ്ക്കുന്നതാണോ ഉചിതമെന്നതിനെപ്പറ്റിയുള്ള സന്ദേഹം നിമിത്തം വണക്കവും കുരിശുവരയും കലർത്തിയാണ് ഉപചാരം കാട്ടിയത്. പരേതന്റെ വിധവ പ്രസ്കോവ്യക്കൊപ്പം പീറ്റർ ഇവാനോവിച്ച് കുറേ സമയം പങ്കിട്ട് അവരെ ആശ്വസിപ്പിച്ചു. ദുഃഖം പങ്കുവെയ്ക്കുമ്പോഴും, തനിക്ക് കിട്ടാൻ സാധ്യതയുള്ള പെൻഷന്റേയും മറ്റാനുകൂല്യങ്ങളുടേയും കാര്യമാണ് പ്രസ്കോവ്യക്ക് ചോദിക്കാനുണ്ടായിരുന്നത്. മരണവീട്ടിലേക്കുള്ള ഈ സന്ദർശനം ഒഴിവാക്കാനായില്ലെങ്കിലും, പീറ്റർ ഇവാനോവിച്ചിന് സായാഹ്നങ്ങളിൽ പതിവുള്ള ചീട്ടുകളിയിൽ അന്നും പങ്കു ചേരാനായി. അയാൾ എത്തുമ്പോൾ കളി ഒരു വട്ടം മാത്രമേ കഴിഞ്ഞിരുന്നുള്ളു.

ഭയാനകമായ സാധാരണജീവിതം[തിരുത്തുക]

ഇവാൻ ഇല്ലിച്ചിന്റെ 45 വർഷത്തെ ജീവിതം "ഒട്ടും സങ്കീർണതയില്ലാത്തതും തീരെ സാധാരണവും അതുകൊണ്ടുതന്നെ ഭയപ്പെടുത്തുന്നതും" ആയിരുന്നു.[1] ഒരു സർക്കാരുദ്യോഗസ്ഥന്റെ മൂന്നു മക്കളിൽ മൂപ്പിലും കഴിവിലും ശരാശരി ആയിരുന്നു അയാൾ. നിയമം പഠിച്ച് പാസായ ഇവാൻ ഇല്ലിച്ച് സിവിൽ സർ‌വീസിലെ ഒരു പരീക്ഷ എഴുതി ജയിച്ചതിനെ തുടർന്ന് ഒരു പ്രവിശ്യയിൽ ഗവർണറുടെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. ആദ്യത്തെ ഉദ്യോഗക്കയറ്റം അയാളെ മജിസ്ട്രേട്ട് സ്ഥാനത്തെത്തിച്ചു. എല്ലാക്കാര്യങ്ങളിലും അയാൾ നാട്ടുനടപ്പും തന്നേക്കാൾ മേലേയുള്ളവരുടെ മാതൃകയും പിന്തുടർന്നു. ഔദ്യോഗികജീവിതത്തിന്റെ ചുറ്റുവട്ടങ്ങളിൽതന്നെ ഇവാൻ ഇല്ലിച്ചിന്റെ സാമൂഹ്യബന്ധങ്ങളും രൂപപ്പെട്ടു. എല്ലാവരും ചെയ്യുന്നതുപോലെ, അത്യാവശ്യം സൗന്ദര്യവും, സാമാന്യം സ്വത്തുമുള്ള ഒരു പെൺകുട്ടിയെ പ്രണയിച്ച് അയാൾ വിവാഹവും കഴിച്ചു. തീർത്തും ശരിയായ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്.

ആദ്യത്തെ കുട്ടിയുടെ ജനനത്തിനു തൊട്ടുമുൻപുള്ള സമയം തൊട്ടു അവരുടെ ദാമ്പദ്യജീവിതം സ്വരച്ചേർച്ചയില്ലാത്തതായി. ഉദ്യോഗകാര്യങ്ങൾക്കും ചീട്ടുകളിക്കും കൂടുതൽ സമയം നീക്കിവച്ചുകൊണ്ടാണ് ഇവാൻ ഇല്ലിച്ച് വിവാഹജീവിതത്തിലെ വിരസതയെ നേരിട്ടത്. ഇതിനിടയിലും ഔപചാരികതകൾക്കൊന്നും കുറവില്ലാതെ, ജീവിതം സാധാരമെന്ന മട്ടിൽ നീങ്ങി. ഔദ്യോഗികജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും അസാധാരണമായതൊന്നും സംഭവിക്കാൻ അയാൾ ഇടകൊടുത്തില്ല. ഇവാൻ ഇല്ലിച്ചിന് വേറേയും ഉദ്യോഗക്കയറ്റങ്ങൾ ലഭിച്ചു. അവർക്ക് പലകുട്ടികൾ ജനിക്കുകയും ചിലതൊക്കെ മരിക്കുകയും ചെയ്തു. അവരുടെ മൂത്ത മകൾക്ക് പതിനാറ് വയസ്സയി. മകൻ സ്കൂളിൽ പഠിക്കുക്കയായിരുന്നു. ഇതിനിടെ, 1880-ൽ, കിട്ടേണ്ട ഒരുദ്യോഗക്കയറ്റം കിട്ടാതെ പോയത് ഇവാൻ ഇല്ലിച്ചിനെ ഉലച്ചു. പ്രൗഢിയിലുള്ള ജീവിതത്തിനു ശമ്പളം തികയാതായിരുന്നു. തലസ്ഥാനത്ത് പോയി ചില പരിചയങ്ങൾ ഉപയോഗിച്ച് അയാൾ അയ്യായിരം റൂബിൾ ശമ്പളമുള്ള പുതിയൊരു ജോലി അവിടെത്തന്നെ സംഘടിപ്പിച്ചു. പുതിയ ജോലിസ്ഥലത്തെ വീട് സജ്ജീകരിക്കുമ്പോൾ ഉൽസാഹം മൂത്ത് ഒരു കർട്ടൻ സ്വയം പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഒരുവശം ഇടിച്ച് വീണതുമൂലമുണ്ടായ വേദന താമസിയാതെ മാറി. പുതിയ സാഹചര്യങ്ങളിൽ ജീവിതം "നന്നായി മാറ്റങ്ങളൊന്നുമില്ലാതെ ആനന്ദപൂർ‌വം ഒഴുകി".

രോഗം[തിരുത്തുക]

വീഴചയെത്തുടർന്നുണ്ടായ വേദന വീണ്ടും തോന്നിയപ്പോൾ ഇവാൻ ഇല്ലിച്ച് വൈദ്യസഹായം തേടി. ആർക്കും ഊഹിക്കാവുന്ന ചില ചോദ്യങ്ങൾക്കും മറുപടികൾക്കും ശേഷം, കാര്യങ്ങളുടെ കിടപ്പ് ഡോക്ടർ അയാൾക്ക് സമർഥമായി പറഞ്ഞുകൊടുത്തു. എന്നാൽ രോഗം ഗുരുതരമാണോ എന്ന അയാളുടെ അപ്രസക്തമായ ചോദ്യം കേട്ട ഡോക്ടർ, അയാളോട് കോടതിയിൽ വായാടിയാകുന്ന തടവുകാരനോടെന്ന പോലെയാണ് പെരുമാറിയത്. വീട്ടിലെത്തിയപ്പോൾ ഭാര്യയോടും മകളോടും കാര്യങ്ങൾ വിവരിക്കാൻ നോക്കിയെങ്കിലും അവർക്കും ക്ഷമയുണ്ടായിരുന്നില്ല. മരുന്ന് മുറക്കു കഴിച്ചാൽ എല്ലാം ശരിയാകും എന്ന അഭിപ്രായമായിരുന്നു ഭാര്യക്ക്. കൊടിയ വേദനയും വായിലെ അരുചിയും അയാളെ വിട്ടുമാറിയില്ല. പ്രശ്നം വൃക്കയുടേതാണെന്നും അപ്പെൻഡിക്സിന്റേത് ആണെന്നുമൊക്കെ വൈദ്യന്മാർ തോന്നിയതുപോലെ ഓരോന്നു പറഞ്ഞു. ജീവിതത്തിന്റേയും മരണത്തിന്റേയും പ്രശ്നത്തിനു മാത്രം സമാധാനം കിട്ടിയില്ല.

മരണവുമായി മുഖാമുഖം[തിരുത്തുക]

"സീസർ മനുഷ്യനാണ്, മനുഷ്യരെല്ലാം മരിക്കും, അതിനാൽ സീസറും മരിക്കും" എന്ന സില്ലോഗിസം ഇവാൻ ഇല്ലിച്ച് കേട്ടിരുന്നെങ്കിലും അത് സീസറേയും മറ്റു മനുഷ്യരേയും മാത്രം ബാധിക്കുന്ന നിയമമാണെന്നാണ് കരുതിയുരുന്നത്.[2] രോഗം തുടങ്ങി മൂന്നു മാസം ആയതോടെ ഇവാൻ ഇല്ലിച്ചിന്റെ കാര്യത്തിൽ എല്ലാവർക്കുമുള്ള താത്പര്യം എന്നു മരിക്കുമെന്നത് മാത്രമാണെന്ന് വ്യക്തമായി. ആർക്കും അയാളോട് ആത്മാർഥതയോ സഹതാപമോ ഇല്ലായിരുന്നു. ഇതിന് ഒരപവാദമായിരുന്നത്, വിസർജ്ജനം പോലെയുള്ള സ്വകാര്യതകളിൽ പോലും നിസ്സഹായത വന്ന അയാൾക്ക്, സഹായത്തിനു കിട്ടിയ ജെറാസിം എന്ന കർ‍ഷകയുവാവ് ആയിരുന്നു. രോഗത്തിന്റേയും മരണത്തിന്റേയും അനിവാര്യത അറിഞ്ഞിരുന്ന അവൻ അയാളെ സഹതാപപൂർ‌വം സഹായിച്ചു. അയാൾ മരിക്കുകയല്ല ഭേദമായിക്കൊണ്ടിരിക്കുകയാണെന്ന് ഭാവിച്ച ബന്ധുക്കളുടേയും പരിചയക്കാരുടേയും നുണയും വഞ്ചനയും ആണ് ഇവാൻ ഇല്ലിച്ചിനെ ഏറ്റവും വേദനിപ്പിച്ചത്. ആ നുണയിൽ പങ്കുചേരാൻ അവർ രോഗിയെ നിർബ്ബന്ധിച്ചു. ഒരോ സന്ദർശനത്തിലും സാധാരണമട്ടിൽ വിപുലമായ പരിശോധനകൾക്ക് അയാളെ വിധേയനാക്കിയ ഡോക്ടറോട്, "നുണപറയുന്നതിൽ ലജ്ജയില്ലേ" എന്നു ചോദിക്കണമെന്നു തോന്നി അയാൾക്ക്. മരണത്തെ അശ്ലീലമാക്കുകയായിരുന്നു അവരെല്ലാം. ജെറാസിം മാത്രം നുണ പറഞ്ഞില്ല. ഇവാൻ ഇല്ലിച്ചിന്റെ ലജ്ജാശീലനായ മകനും പിതാവിനെ ഇടക്ക് സഹതാപപൂർ‌വം നോക്കി.

അതുവരെ, താൻ ജീവിച്ചിരുന്നത് ശരിയായ രീതിയിലാണ് എന്നു കരുതിയിരുന്ന ഇവാൻ ഇല്ലിച്ചിനെ ചിലപ്പോൾ സംശയങ്ങൾ പിടികൂടിയെങ്കിലും അവയെ അയാൾ മനസ്സിൽ നിന്ന് തുരത്തി. പകരം, ഒറ്റക്കാകുമ്പോൾ, അർഹിക്കാത്ത ഈ വിധി തനിക്ക് തന്ന ദൈവത്തോട് ഇല്ലിച്ച് ന്യായവാദം നടത്തി. തന്റെ സഹനത്തിന് എന്തെങ്കിലും അർത്ഥമോ വിശദീകരണമോ കണ്ടെത്താൻ അയാൾ‍ക്കായില്ല. എല്ലാവരേയും അയാൾ വെറുത്തു. തന്റെ നിസ്സഹായതയും ഏകാന്തതയും, മനുഷ്യന്റേയും ദൈവത്തിന്റേയും ക്രൂരതയും, ദൈവത്തിന്റെ അസാന്നിദ്ധ്യവും ഓർത്ത് ഇവാൻ ഇല്ലിച്ച് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. ഇടക്ക് ഭാര്യയുടെ നിർബ്ബന്ധത്തിനു വഴങ്ങി അയാൾ കുമ്പസാരിച്ച് കുർബ്ബാന സ്വീകരിച്ചു. അപ്പോൾ, ആശ്വാസം തോന്നുന്നില്ലേ എന്നു ഭാര്യയുടെ അന്വേഷണത്തിന് ഇവാൻ ഇല്ലിച്ച്, മനസ്സില്ലാതെയാണെങ്കിലും ആദ്യം ഉണ്ടെന്ന് മറുപടി പറഞ്ഞു. എന്നാൽ അങ്ങനെ പറഞ്ഞ ഉടനെ തന്നെ അയാൾ, അലറിക്കരയാൻ തുടങ്ങി. മൂന്നു ദിവസം തുടർച്ചയായി അയാൾ അലറിക്കൊണ്ടിരുന്നു. ആ അലർച്ച അകലെ കേൾക്കാമായിരുന്നു. കൊലക്കുവിധിക്കപ്പെട്ടവൻ ആരാച്ചാരുമായി മൽ‌പ്പിടിത്തം നടത്തുന്നതു പോലെയായിരുന്നു അത്. തനിക്കു കടന്നു ചെല്ലാൻ പറ്റാത്ത ഇരുട്ടുനിറഞ്ഞ ഒരു കുഴിയിലേക്ക് ആരോ തന്നെ ബലം പ്രയോഗിച്ച് ഇറക്കുകയാണെന്ന് ഇവാൻ ഇല്ലിച്ചിന് തോന്നി. തന്റെ ജീവിതം നല്ലതായിരുന്നു എന്ന അയാളുടെ വിശ്വാസമാണ് അതിലേക്ക് കടക്കാൻ അയാളെ അനുവദിക്കാതിരുന്നത്.

മരണം[തിരുത്തുക]

അലർച്ച തുടങ്ങി മൂന്നാം ദിവസം അവസാനം, മരിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ്‍, കൈകാലടിച്ച് അലറുകയായിരുന്ന ഇവാൻ ഇല്ലിച്ചിനെ ഏതോ ശക്തി പ്രഹരിച്ചു. അതോടെ, നേരത്തേ കയറാൻ പറ്റാതിരുന്ന ആ കുഴിയിലേക്ക് ഇവാൻ ഇല്ലിച്ച് വീണു. അതിനടിയിൽ വെളിച്ചമായിരുന്നു. സംഭവിച്ചതിതായിരുന്നു: അലറുന്നതിനിടെ വീശിക്കൊണ്ടിരുന്ന ഇവാൻ ഇല്ലിച്ചിന്റെ കൈ, അപ്പോൾ അയാളുടെ കിടക്കയ്ക്കരികിൽ പതുങ്ങിയെത്തിയ മകന്റെ തലയിലിടിച്ചു. കുട്ടി ആ കൈ പിടിച്ച് അമർത്തി ചുംബിച്ച് കരയാൻ തുടങ്ങി. ആ നിമിഷം ഇവാൻ ഇല്ലിച്ച് കുഴിയിലേക്കു വീണ് അതിനടിയിലെ വെളിച്ചം കണ്ടു. തന്റെ ജീവിതം വേണ്ടതുപോലെയായിരുന്നില്ലെങ്കിലും അതിനെ ഇനിയും രക്ഷപെടുത്താനാകുമെന്ന് അപ്പോൾ അയാൾ അറിഞ്ഞു. മകനെ അയാൾ സഹതാപത്തോടെ നോക്കി. അവിടെ വന്ന ഭാര്യയോടും ഇവാൻ ഇല്ലിച്ചിന് അനുകമ്പ തോന്നി. എല്ലാവരേയും അയാൾ സഹതാപത്തോടെ കണ്ടു. തന്നെ അലട്ടിയിരുന്ന ബാധകളൊന്നായി വിട്ടുപോകുന്നത് ഇവാൻ ഇല്ലിച്ച് അറിഞ്ഞു. അത് എത്ര എളുപ്പം സംഭവിച്ചു എന്നോർത്തപ്പോൾ അയാൾ‍ക്ക് അത്ഭുതം തോന്നി. ശരീരത്തിന് തോന്നിയിരുന്ന വേദനയെക്കുറിച്ച് ഇവാൻ ഇല്ലിച്ച് ഓർത്തു. അത് അപ്പോഴും ഉണ്ടായിരുന്നു. പക്ഷേ വേദന ഇപ്പോൾ അയാൾക്ക് പ്രശ്നമായി തോന്നിയില്ല. അതിനെ അയാൾ അതിന്റെ വഴിക്ക് വിട്ടു. മരണത്തോടുള്ള ഭയം അയാളെ വിട്ടുപോയിരുന്നു. മരണത്തിന്റെ സ്ഥാനത്ത് ഇപ്പോൾ വെളിച്ചമാണ് അയാൾ കണ്ടത്. അയാൾക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. താമസിയാതെ ഇവാൻ ഇല്ലിച്ച് അന്ത്യശ്വാസം വലിച്ചു. പരേതന്റെ മുഖത്തെ നോവലിസ്റ്റ് വർണ്ണിച്ചിരിക്കുന്നത് ഇങ്ങനെയാണ്[3]:-

പതിവുപോലെ, മരണശേഷം അയാളുടേയും മുഖം ജീവിച്ചിരുന്നപ്പോഴത്തേക്കാൾ സുന്ദരവും കുലീനവും ആയി കാണപ്പെട്ടു.
സാധിക്കേണ്ടത് സാധിച്ചെന്നും, നന്നായി സാധിചെന്നും മുഖത്തെ ഭാവം പറഞ്ഞു.
അതിനു പുറമേ, ജീവിച്ചിരിക്കുന്നവർക്കുനേരേ ഒരു കുറ്റപ്പെടുത്തലും മുന്നറിയിപ്പും ആ മുഖത്തുണ്ടായിരുന്നു.

വിലയിരുത്തൽ[തിരുത്തുക]

യുദ്ധവും സമാധാനവും, അന്നാ കരേനിന തുടങ്ങി ഐതിഹാസികമായ ബൃഹദ്കൃതികൾ രചിച്ച ടോൾസ്റ്റോയിക്ക്, 1870-കളിലെ ആത്മീയപ്രതിസന്ധിക്കും പരിവർ‍ത്തനത്തിനും ശേഷം അത്തരം രചനകളിൽ താത്പര്യമില്ലാതായി. പിന്നീടുള്ള രചനകളിൽ ഒരു ധർ‍മ്മപ്രഭാഷകന്റെ മട്ടായിരുന്നു അദ്ദേഹത്തിന്. വെറും കഥാരചനയിൽ താത്പര്യമില്ലാതായ ടോൾസ്റ്റോയി, ഒടുവിലെഴുതിയ ഹാഡ്ജി മുറാദ് എന്ന ഒന്നാംതരം കഥ പ്രസിദ്ധീകരിച്ചതുതന്നെയില്ല. ആ കൃതി വെളിച്ചംകണ്ടത് ഗ്രന്ഥകർ‍ത്താവിന്റെ കാലശേഷമാണ്. ഇവാൻ ഇല്ലിച്ചിന്റെ മരണം കലാകാരനായ ടോൾ‍സ്റ്റോയിയുടെ ഒരു തിരിച്ചുവരവായിരുന്നു. അതിൽ വായനക്കാർക്ക് ധർമ്മപ്രഭാഷകനായ ടോൾസ്റ്റോയിയേയും കാണാം. കലാകാരനായ ടോൾസ്റ്റോയിയും പ്രഭാഷകനായ ടോൾസ്റ്റോയിയും ചേർന്ന് നിർ‌വഹിച്ച രചനയാണത്. ഇതിൽ ടോൾസ്റ്റോയി കലാസൃഷ്ടിയുടെ മാധ്യമത്തിലൂടെ തന്റെ പുതിയ മതവീക്ഷണം അവതരിപ്പിക്കുന്നു. [4]

അവലംബം[തിരുത്തുക]

  1. "Ivan Ilych's life had been most simple and most ordinary and therefore most terrible." ഇവാൻ ഇല്ലിച്ചിന്റെ മരണം, രണ്ടാം അദ്ധ്യായത്തിന്റെ തുടക്കം- Louise and Aylmer Maude-ന്റെ പരിഭാഷ - https://web.archive.org/web/20010418142604/http://www.geocities.com/short_stories_page/tolstoydeath.html
  2. ഇവാൻ ഇല്ലിച്ചിന്റെ മരണം - ആറാം അദ്ധ്യായം
  3. ഇവാൻ ഇല്ലിച്ചിന്റെ മരണം - ഒന്നാം അദ്ധ്യായം
  4. http://www.ourcivilisation.com/smartboard/shop/smmnsej/tolstoy/chap10.htm