ഉള്ളടക്കത്തിലേക്ക് പോവുക

തമ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thampu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമ്പ്
പ്രമാണം:Thampu poster.jpg
സംവിധാനംഅരവിന്ദൻ
കഥഅരവിന്ദൻ
നിർമ്മാണംകെ. രവീന്ദ്രൻ നായർ
അഭിനേതാക്കൾഭരത് ഗോപി
നെടുമുടി വേണു
വി.കെ. ശ്രീരാമൻ
ജലജ
ഛായാഗ്രഹണംഷാജി എൻ. കരുൺ
സംഗീതംഎം.ജി. രാധാകൃഷ്ണൻ
നിർമ്മാണ
കമ്പനി
ജനറൽ പിക്ചേഴ്സ്
റിലീസ് തീയതി
1978
ദൈർഘ്യം
130 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തമ്പ്. പുരസ്കാരങ്ങൾ ഏറെ വാരിക്കൂട്ടിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജി. അരവിന്ദൻ ആണ്. ഭരത് ഗോപി. നെടുമുടി വേണു, വി. കെ. ശ്രീരാമൻ, ജലജ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[1] അരവിന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്.

ജി. അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഭരത് ഗോപി, നെടുമുടി വേണു, വി. കെ. ശ്രീരാമൻ, ജലജ എന്നിവരും ഗ്രേറ്റ് ചിത്ര സർക്കസിലെ കലാകാരന്മാരും അഭിനയിച്ചു.കേരളത്തിലുടനീളം സഞ്ചരിക്കുന്ന തെരുവ് സർക്കസിന്റെ ജീവിതവും അതുമായി ബന്ധപ്പെട്ട മനുഷ്യരുടെ അനുഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. നേരിട്ടുള്ള ഡോക്യുമെന്ററി ശൈലിയോട് സാമ്യമുള്ള ആഖ്യാനരീതിയാണ് അരവിന്ദൻ ഇതിനായി സ്വീകരിച്ചത്.[2][3][4]

2021-ൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ തമ്പിന്റെ 4K പുനഃസ്ഥാപനം നടത്താൻ തീരുമാനിച്ചു. പുനഃസ്ഥാപിച്ച ചിത്രം 2022-ലെ കാൻ ചലച്ചിത്രമേളയിൽ കാൻ ക്ലാസിക് വിഭാഗത്തിൽ ലോക പ്രീമിയറായി പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.[5]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
  • മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.

കാസ്റ്റ്

[തിരുത്തുക]

പ്രധാന അവാർഡുകൾ

[തിരുത്തുക]

തമ്പുവിന്റെ പുനഃസ്ഥാപനം

[തിരുത്തുക]

ചിത്രത്തിന്റെ പുനഃസ്ഥാപനം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, L’Immagine Ritrovata ഡയറക്ടർ ഡേവിഡ് പോസി എന്നിവർ ചേർന്നാണ് നടത്തിയത്. ഒറിജിനൽ ക്യാമറ നെഗറ്റീവ് ലഭ്യമല്ലായിരുന്നെങ്കിലും, എൻ.എഫ്.എ.ഐയിൽ സൂക്ഷിച്ചിരുന്ന 35 മില്ലിമീറ്റർ പ്രിന്റിൽ നിന്ന് തയ്യാറാക്കിയ ഡ്യൂപ്പ് നെഗറ്റീവ് ഉപയോഗിക്കാൻ കഴിയുമെന്ന് പുനഃസ്ഥാപനസംഘം കണ്ടെത്തി. താരതമ്യത്തിനായി രണ്ടാമത്തെ 35 എംഎം പ്രിന്റ് ഉപയോഗിച്ചു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ കൺസർവേറ്റർമാർ തയ്യാറാക്കിയ കണ്ടീഷൻ അസസ്‌മെന്റ് റിപ്പോർട്ട് അനുസരിച്ച്, കൺസർവേറ്റർമാർ നന്നാക്കിയ ഫിലിമുകളിൽ കീറലും തകർന്ന സ്‌പ്രോക്കറ്റുകളും ഉണ്ടായിരുന്നു. മറ്റൊരു സങ്കീർണത ഡ്യൂപ്പ് നെഗറ്റീവ് ഒരു പ്രിന്റിൽ നിന്ന് അടർന്നുപോയതായിരുന്നു എന്നതാണ്. പുനഃസ്ഥാപനത്തിൽ ടീമിനൊപ്പം പങ്കാളിയായിരുന്ന ചെന്നൈയിലെ പ്രസാദ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ സായിപ്രസാദ് അക്കെനേനി. ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ അവർ പ്രിന്റും ഡ്യൂപ്പ് നെഗറ്റീവും സ്കാൻ ചെയ്തു. ചിത്രത്തിന്റെയും ശബ്ദത്തിന്റെയും സ്കാനിംഗും, പോറലുകളും കീറലുകളും നീക്കം ചെയ്യുന്നതിനും ദൃശ്യങ്ങൾ സ്ഥിരതയാർന്നതാക്കുന്നതിനുമായി മണിക്കൂറുകളോളം നടത്തിയ മാനുവൽ ഡിജിറ്റൽ ശുചീകരണപ്രവർത്തനങ്ങളും പ്രസാദ് സ്റ്റുഡിയോസിലാണ് നടന്നത്.[7]

തമ്പ് കറുപ്പും വെളുപ്പും നിറങ്ങളിലാണ് ചിത്രീകരിച്ചത്. ഷാജി എൻ. കരുണാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഇന്ത്യയിൽ നിർമ്മിച്ചിരുന്ന, ഊട്ടിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന ഇൻഡു സ്റ്റോക്ക് ഫിലിം സ്റ്റോക്കാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്.

ചിത്രത്തിന്റെ മൂല ഫിലിം മെറ്റീരിയൽ മോശം അവസ്ഥയിലായിരുന്നതിനാൽ സ്കാൻ ചെയ്ത ഫിലിമിൽ കട്ടിയുള്ള കറുത്ത വരകളും വളരെ കൂടുതലായ ഗ്രെയിനും ഉണ്ടായിരുന്നു. ദൃശ്യങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിനും പ്രത്യേകം പ്രവർത്തിക്കേണ്ടിവന്നു. പ്രിന്റിൽ കറുപ്പ് ഭാഗങ്ങൾ വളരെ ഇരുണ്ടതും വെളുപ്പ് ഭാഗങ്ങൾ വളരെ തെളിച്ചമുള്ളതുമായിരുന്നു. ഇടനിലയിലുള്ള ടോണുകൾ തീരെ കുറവായിരുന്നതിനാൽ നിഴൽഭാഗങ്ങളിലെ വിശദാംശങ്ങളും വ്യക്തമായി ലഭിച്ചിരുന്നില്ല.[8]

അരവിന്ദൻ തന്റെ ചിത്രങ്ങളിലെ ശബ്ദരൂപകൽപ്പനയ്ക്ക് എപ്പോഴും വലിയ പ്രാധാന്യം നൽകിയിരുന്നു. തമ്പിൽ ശബ്ദത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. കാരണം, പ്രധാനമായും സർക്കസ് സംഘത്തിലെ പ്രൊഫഷണൽ അഭിനേതാക്കളല്ലാത്ത കലാകാരന്മാരെ ഉൾപ്പെടുത്തി സിനിമാ വെരിറ്റേ ശൈലിയിലാണ് ചിത്രം ചിത്രീകരിച്ചത്. ചുറ്റുപാടിൽ നിന്നുള്ള സ്വാഭാവിക ശബ്ദങ്ങളും ചെറിയ ശബ്ദവിശദാംശങ്ങളും അവയുടെ പാളികളായ അവതരണവും ചിത്രത്തിന്റെ കലാപരമായ മികവിന്റെ പ്രധാന ഘടകങ്ങളായിരുന്നു. വെള്ളത്തിന്റെ ശബ്ദം, ആളുകളുടെ മൃദുവായ സംസാരശബ്ദം, പ്രാണികളുടെ മൂളൽ തുടങ്ങിയ സ്വാഭാവിക ശബ്ദങ്ങൾ ഇതിൽ ഉൾപ്പെടുന്നു.[9]

ചിത്രത്തിന്റെ യഥാർഥ ശബ്ദ നെഗറ്റീവ് ലഭ്യമല്ലാതിരുന്നതിനാൽ ശബ്ദ പുനഃസ്ഥാപനം പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. പുനഃസ്ഥാപിച്ച തമ്പ് കാൻ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപ്പറ്റ് ലോക പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ടു. പുനഃസ്ഥാപനത്തിനുശേഷം ചിത്രം ഇൽ സിനിമ റിട്രോവാറ്റോ ചലച്ചിത്രമേളയിൽ ബൊളോഞ്ഞയിലും, ബി.എഫ്.ഐ. ലണ്ടൻ ഫിലിം ഫെസ്റ്റിവലിലും, ബെർലിനിലെ ഫിലിം റിസ്റ്റോർഡ് ഫെസ്റ്റിവലിലും നാന്റിലെ ഫെസ്റ്റിവൽ ദെ ത്രോവ കോൺറ്റിനോയിലും പ്രദർശിപ്പിച്ചു.

അമേരിക്കയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലും നിരവധി സർവകലാശാലകളിലും ചിത്രം പ്രദർശിപ്പിച്ചു. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള കേരളയിലും ചിത്രം പ്രദർശിപ്പിച്ചു. 2022-ൽ ഫ്രാൻസിലെ നാന്റിൽ നടന്ന ഫെസ്റ്റിവൽ ദെ ത്രോവ കോൺറ്റിനോയിലും തമ്പ് നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കപ്പെട്ടത്.[10]

ശബ്‌ദട്രാക്ക്

[തിരുത്തുക]

സംഗീതം ഒരുക്കിയത് എം. ജി. രാധാകൃഷ്ണൻ കൂടാതെ വരികൾ എഴുതിയത് കാവാലം നാരായണ പണിക്കർ.

ഇല്ലഗാനംഗായകർവരികൾനീളം (m:ss)
1"കാനകപ്പെണ്ണ്"ഉഷാ രവികാവാലം നാരായണ പണിക്കർ
2"കാനകപ്പെണ്ണ്" (ബിജിഎം ഇല്ല)ഉഷാ രവികാവാലം നാരായണ പണിക്കർ
3"ഒരു യമുനാനദി"ഉഷാ രവികാവാലം നാരായണ പണിക്കർ
4"ശ്രീപാലക്കടലിൽ"എം. ജി. രാധാകൃഷ്ണൻ, കാവാലം ശ്രീകുമാർകാവാലം നാരായണ പണിക്കർ

കഥാസാരം

[തിരുത്തുക]

ഒരു നദിക്കരയിലെ ശാന്തവും മനോഹരവുമായ ഗ്രാമജീവിതത്തിലേക്ക് ഒരു സഞ്ചരിക്കുന്ന സർക്കസ് സംഘം കടന്നുവരുന്നതോടെ അവിടുത്തെ സ്വസ്ഥമായ ജീവിതത്തിൽ ചെറിയ ചലനങ്ങൾ ഉണ്ടാകുന്നു. ജി. അരവിന്ദന്റെ കാവ്യാത്മകവും പ്രതീകാത്മകവുമായ ചിത്രമായ തമ്പ് ഈ മാറ്റങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ ക്ഷണികതയും സമൂഹത്തിന്റെ അരികുകളിൽ കഴിയുന്നവരുടെ വേരറ്റ ജീവിതവും അന്വേഷിക്കുന്നു.

ജി. അരവിന്ദൻ യഥാർഥ സർക്കസ് കലാകാരന്മാരെ ഉൾപ്പെടുത്തി ഒരു സംഘത്തെ രൂപീകരിക്കുകയും അവരോടൊപ്പം ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ ഗ്രാമത്തിലേക്ക് യാത്രതിരിക്കുകയും ചെയ്തു. സിനിമാ വെരിറ്റേ ശൈലിയോടടുത്ത രീതിയിലായിരുന്നു ചിത്രീകരണം. ആദ്യ ദിവസം തന്നെ ഗ്രാമത്തിൽ സർക്കസ് കൂടാരം സ്ഥാപിക്കുകയും ഗ്രാമത്തിലെ എല്ലാവരെയും പ്രദർശനം കാണാൻ ക്ഷണിക്കുകയും ചെയ്തു.

“ഞങ്ങൾക്ക് ഒരു തിരക്കഥ ഉണ്ടായിരുന്നില്ല. സംഭവങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയുണ്ടായോ അങ്ങനെ തന്നെയാണ് ഞങ്ങൾ ചിത്രീകരിച്ചത്,” എന്ന് അരവിന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സർക്കസ് കാണാനെത്തിയവരിൽ പലരും ജീവിതത്തിൽ ആദ്യമായാണ് ഒരു സർക്കസ് കാണുന്നത്. പ്രദർശനം കാണുമ്പോൾ അവരുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും ചിത്രീകരിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ, തങ്ങൾ ചിത്രീകരിക്കപ്പെടുകയാണെന്ന കാര്യവും ക്യാമറയും ലൈറ്റുകളും അവർ മറന്നു. അവർ പൂർണമായും സർക്കസ് പ്രകടനത്തിൽ ലയിച്ചു.

മൂന്ന് ദിവസത്തേക്ക് ആ സർക്കസ് ഗ്രാമജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നു. എന്നാൽ അതിനുശേഷം ഗ്രാമവാസികൾക്ക് സർക്കസിനോടുള്ള താൽപര്യം കുറഞ്ഞുതുടങ്ങുന്നു. അവർ നാട്ടിലെ ഉത്സവത്തിനുള്ള ഒരുക്കങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഒടുവിൽ സഞ്ചരിക്കുന്ന സർക്കസ് സംഘം ഗ്രാമത്തിൽ യാതൊരു അടയാളവും അവശേഷിപ്പിക്കാതെ അവിടെനിന്ന് പിരിഞ്ഞുപോകുന്നു.

വിദേശത്തുനിന്ന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഉയർന്ന മധ്യവർഗത്തിൽപ്പെട്ട ഒരു യുവാവ് സ്വന്തം ചുറ്റുപാടിൽ തന്നെ ഏകാന്തനായി മാറുന്നതും ചിത്രത്തിലെ മറ്റൊരു പ്രധാന പ്രമേയമായ അന്യവൽക്കരണത്തെ കൂടുതൽ ആഴത്തിൽ അവതരിപ്പിക്കുന്നു. തന്റെ അസംതൃപ്തിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമായി ഒടുവിൽ അയാൾ സഞ്ചരിക്കുന്ന സർക്കസ് സംഘത്തോടൊപ്പം ചേരാൻ തീരുമാനിക്കുന്നു.

ചിത്രത്തിന്റെ സൗന്ദര്യം അതിലെ ആലോചനാപൂർവമായ ഇടവേളകളിലും, സൂക്ഷ്മവും അതേസമയം തീക്ഷ്ണവുമായ നിരീക്ഷണങ്ങളിലും, സർക്കസ് കലാകാരന്മാരുടെ ദൈനംദിന ജീവിതത്തിലെ ദുഃഖഭാവത്തെ അവതരിപ്പിക്കുന്ന രീതിയിലുമാണ്. അതിലും ശക്തമായി, വികാരരഹിതമായ ക്ലോസപ്പ് ദൃശ്യങ്ങളിൽ അവർ നേരിട്ട് ക്യാമറയോട് സംസാരിക്കുന്ന രംഗങ്ങൾ അവരുടെ ജീവിതത്തിലെ നിസ്സഹായതയും വേദനയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

സർക്കസിന്റെ വലിയ കൂടാരം ഒടുവിൽ അഴിച്ചുമാറ്റി സംഘം യാത്രതിരിച്ചുപോയാലും, ചിത്രത്തിലെ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ദൃശ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ഏറെക്കാലം മായാതെ നിലനിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. ↑ Sashi Kumar (January 02-15, 2010). "Aravindan's art". Frontline. Archived from the original on 2010-10-20. Retrieved April 11, 2011. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  2. ↑ "Aravindan's profile". India Film database. Archived from the original on 2011-09-12. Retrieved 11 April 2011.
  3. ↑ Sashi Kumar (2–15 January 2010). "Aravindan's art". Frontline. Archived from the original on 20 October 2010. Retrieved 11 April 2011.
  4. ↑ "Aravindan's 'Thampu' to be screened at Cannes, actors hail his masterclass". New Indian Express. 21 May 2022.
  5. ↑ "Aravindan's 'Thampu' to be screened at Cannes, actors hail his masterclass". The New Indian Express. 21 May 2022.
  6. 1 2 3 4 "കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് 1977 - 2012". Kerala Film Critics Association (in Malayalam). Retrieved 25 January 2023.
  7. ↑ "Film Heritage Foundation's restoration of Aravindan's "Thamp̄" (1978) premiered at the Cannes Film Festival 2022!". Film Heritage Foundation. 3 March 2021.
  8. ↑ Ramachandran, Naman (25 May 2022). "Film Heritage Foundation Chief on Restoration of Cannes Classics Selection 'Thamp,' Indian Film Preservation". Variety.
  9. ↑ "Shivendra Singh Dungarpur on restoring G Aravindan's Malayalam classic Thamp, and its premiere at Cannes 2022". Firstpost (in ഇംഗ്ലീഷ്). 10 May 2022.
  10. ↑ Nagarajan, Saraswathy (12 May 2022). "G. Aravindan's 'Thampu', about a Kerala village and a circus, will get a red carpet premiere at Cannes". The Hindu (in Indian English).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തമ്പ്_(ചലച്ചിത്രം)&oldid=4657389" എന്ന താളിൽനിന്ന് ശേഖരിച്ചത്