കോഴിക്കോട് തളി മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thali Shiva Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് തളി ശിവക്ഷേത്രം
തളി ക്ഷേത്രഗോപുരം
തളി ക്ഷേത്രഗോപുരം
കോഴിക്കോട് തളി ശിവക്ഷേത്രം is located in Kerala
കോഴിക്കോട് തളി ശിവക്ഷേത്രം
കോഴിക്കോട് തളി ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°14′51″N 75°47′14″E / 11.24750°N 75.78722°E / 11.24750; 75.78722
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോഴിക്കോട് ജില്ല
പ്രദേശം:കോഴിക്കോട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ, ശ്രീകൃഷ്ണൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം (മേടമാസത്തിൽ)
ശിവരാത്രി
അഷ്ടമിരോഹിണി
ക്ഷേത്രങ്ങൾ:2
ചരിത്രം
സൃഷ്ടാവ്:പരശുരാമൻ
ക്ഷേത്രഭരണസമിതി:മലബാർ ദേവസ്വം ബോർഡ് വക സാമൂതിരിയുടെ ട്രസ്റ്റ്

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ മഹാക്ഷേത്രമാണ് തളി ശിവക്ഷേത്രം. തളിയമ്പലം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, പാർവ്വതീസമേതനായി ആനന്ദഭാവത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ, പ്രത്യേക ക്ഷേത്രത്തിൽ ശ്രീകൃഷ്ണനും കുടികൊള്ളുന്നുണ്ട്. ഇരുദേവതകൾക്കും സ്വന്തമായി കൊടിമരങ്ങളുമുണ്ട്.[1] ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), നരസിംഹമൂർത്തി, ശാസ്താവ്, ഭഗവതി (മൂന്ന് പ്രതിഷ്ഠകൾ), എരിഞ്ഞപുരാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ പരശുരാമൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രികക്രിയകളുടെ നിഷ്കർഷത കൊണ്ടും നിത്യനിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം.[2] പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം. [3]. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം ഏഴു ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി തിരുവാതിര നക്ഷത്രം വരെ നീണ്ടുനിൽക്കുന്ന ഒരു മഹോത്സവമായിരുന്നു ഒരുകാലത്ത് ഇത്. ഇപ്പോൾ ഇത് ഒരു പണ്ഡിതസദസ്സായി നടത്തിവരുന്നുണ്ട്. മേടമാസത്തിൽ വിഷുനാളിൽ കൊടിയേറി എട്ടാം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തോടുകൂടി സാമൂതിരിപ്പാട് മുഖ്യകാര്യദർശിയായി പ്രവർത്തിയ്ക്കുന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

ചരിത്രം[തിരുത്തുക]

കോഴിക്കോട് തളിക്ഷേത്രം 1951-ൽ

പെരുമാക്കന്മാരുടെ രാജ്യഭരണത്തിലും തുടർന്ന് സാമൂതിരിരാജവംശത്തിന്റെ ഭരണത്തിലും ദേവൻ രാജാധിരാജനായി ആരാധിക്കപ്പെട്ടു. സാമൂതിരി രാജവംശത്തിന്റെ ഭരണം പ്രശസ്തിയുടെയും, പ്രതാപത്തിന്റെആയും ഉന്നതിയിലിരുന്ന കാലത്ത് (15-ം നൂറ്റാണ്ടിൽ) ഈ ക്ഷേത്രത്തിൽ നടത്തിപോന്നിരുന്ന രേവതീ പട്ടത്താനം എന്ന പണ്ഡിതസദസ്സും അതിൽ പ്രശോഭിച്ചിരുന്ന പതിനെട്ടരകവികൾ ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കണ്ണിയായി നിലകൊണ്ടിരുന്നു. ഇവിടെത്തെ പണ്ഡിത പരീക്ഷയും വളരെ പ്രസിദ്ധമായിരുന്നു.

ഈ പട്ടത്താനത്തിൽ നിന്നാണ് സാമൂതിരി കോവിലകത്തെയും ഈ ക്ഷേത്രത്തിന്റെയും തന്ത്രിയായ ചേന്നാസ് നമ്പൂതിരിയ്ക്ക് ഇന്നുള്ള തന്ത്രസമുച്ചയം എന്ന ഗ്രന്ഥം തയ്യാറാക്കാൻ സാധിച്ചത്. ഈ ഗ്രന്ഥം തളിമഹാദേവന്റെയും സാമൂതിരി രാജാവിന്റെയും, പട്ടത്താനത്തിന്റെയും മഹത്ത്വവും സംഭാവനയും ഏതുകാലത്തും എടുത്തു കാണിക്കുന്നു.

ടിപ്പു സുൽത്താൻ, ഹൈദരലി എന്നിവരുടെ ആക്രമണങ്ങളിൽ ഈ ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു. ഈ ആക്രമണങ്ങൾക്കു ശേഷം ക്ഷേത്രം 18-ആം നൂറ്റാണ്ടിൽ പുനരുദ്ധരിച്ചു. ഇന്നത്തെ ക്ഷേത്രത്തിന്റെ നിർമ്മിതി മാനവിക്രമൻ എന്ന സാമൂതിരിയുടെ കാലത്തേതാണ്.

ഐതിഹ്യം[തിരുത്തുക]

ഗോപുരത്തിന്റെ മറ്റൊരു ചിത്രം

പരശുരാമപ്രതിഷ്ഠിതമായ നാലു തളികളിൽ ഒന്നാമത്തെ തളിക്ഷേത്രമാണ് കോഴിക്കോട് തളിക്ഷേത്രം. പരശുരാമൻ തപശ്ശക്തിയാൽ പ്രത്യക്ഷപ്പെടുത്തിയ ഉമാമഹേശ്വരന്മാരെ (‌ശിവനും പാർവ്വതിയും) ശക്തിപഞ്ചാക്ഷരി ധ്യാനരൂപത്തിൽ തളിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസ്സിന്റെ‍ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിസ്വരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ്സ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ ഭാവി ഭാഗ്യാനുഭവമാകുന്ന കല്പപകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്. പ്രകൃതിദത്തമായ ഉപചാരപൂജകളെക്കൊണ്ടും, സിദ്ധന്മാരുടെ ആരാധനകൾ കൊണ്ടുൻ പൂർണ്ണ സാന്നിദ്ധ്യത്തോടെ പരിലസിച്ച് പോന്നതാണ് ഈ ദേവചൈതന്യം. ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പാണ് രാജകീയ ആനുകൂല്യങ്ങളായ താന്ത്രിക ചടങ്ങുകളോടു കൂടിയ ഈ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തു ഭ്രാന്തൻ ആണെന്നാണ് ഐതിഹ്യം. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. മലയാളം തുലാം മാസത്തിലായിരുന്നു ഈ മഹാമഹം നടന്നിരുന്നത്. പണ്ഡിതശ്രേഷ്ഠന്മാർക്ക് ഈ സമയത്ത് വിരുന്നുകളും സമ്മാനങ്ങളും നൽകിയിരുന്നു. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഈ ഉത്സവത്തിൽ സമ്മാനങ്ങൾക്കും ബഹുമതികൾക്കും പാത്രമായിട്ടുണ്ട്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ക്ഷേത്രപരിസരം[തിരുത്തുക]

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗമായ ചാലപ്പുറം ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. തളി ദേവസ്വം ഓഫീസ്, സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ, പോസ്റ്റ് ഓഫീസ്, ബ്രാഹ്മണസമൂഹമഠം, വിവിധ കടകംബോളങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ നാലുഭാഗങ്ങളിലുമായി കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ് ഇവിടെയുള്ള കിഴക്കേ ഗോപുരം. ഏകദേശം അഞ്ഞൂറുവർഷത്തിലധികം പഴക്കമുള്ള കിഴക്കേ ഗോപുരം, ഇന്നും പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നു. കിഴക്കേ ഗോപുരത്തിന് നേരെമുന്നിൽ ചെറിയൊരു പേരാലും അല്പം മാറി വലിയൊരു അരയാലും കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അങ്ങനെ, ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായി ഹൈന്ദവർ അരയാലിനെ കണക്കാക്കുന്നു. ദിവസവും രാവിലെ അരയാലിന് ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. വടക്കുഭാഗത്താണ് അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണിത്. ശാന്തിക്കാരും ഭക്തരും ദർശനത്തിനെത്തുന്നത് ഈ കുളത്തിൽ കുളിച്ചശേഷമാണ്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. 2021-ൽ ഈ ഭാഗങ്ങളിൽ വൻ തോതിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നു. കുളം സൗന്ദര്യവത്കരിച്ചതിനൊപ്പം പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി ധാരാളം ചിത്രങ്ങൾ വരച്ചുവയ്ക്കുകയുമുണ്ടായി. സാമൂതിരിയുടെ ചരിത്രം കാണിയ്ക്കുന്ന ചിത്രങ്ങളാണ് ഇവയിലധികവും. ഇന്ന് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിലൊന്നാണിവിടം. കുളത്തിന്റെ എതിർവശത്താണ് പ്രസിദ്ധമായ തളി മഹാഗണപതി-ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോഴിക്കോട്ട് ഏറ്റവുമധികം തമിഴ് ബ്രാഹ്മണർ താമസിയ്ക്കുന്ന സ്ഥലമാണ് തളി. അവരുടെ ആരാധനാകേന്ദ്രമാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ നിർമ്മാണശൈലി പിന്തുടരുന്ന ഈ ക്ഷേത്രത്തിൽ പ്രധാന ദേവതകളായ ഗണപതിഭഗവാനെയും സുബ്രഹ്മണ്യസ്വാമിയെയും കൂടാതെ നവഗ്രഹങ്ങൾക്കും വിശേഷാൽ പ്രതിഷ്ഠയുണ്ട്. വിനായക ചതുർത്ഥി, സ്കന്ദഷഷ്ഠി, തൈപ്പൂയം തുടങ്ങിയവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇതുകൂടാതെ മറ്റൊരു ക്ഷേത്രവും ഇവിടെയുണ്ട്. ശ്രീരാമനും ഹനുമാനുമാണ് ഇവിടെ പ്രതിഷ്ഠകൾ. ഇത് തളി ദേവസ്വത്തിന്റെ തന്നെ കീഴിലുള്ള ക്ഷേത്രമാണ്.

മതിലകം[തിരുത്തുക]

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ നടപ്പുരയിലേയ്ക്കാണെത്തുക. അസാമാന്യ വലുപ്പമുള്ള ഈ ആനക്കൊട്ടിലിൽ ഏകദേശം ഏഴ് ആനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യമുണ്ട്. ഇതിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം നൂറടി ഉയരം വരുന്ന ഈ കൊടിമരം 1962-ലാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ആലോചനകൾ നടന്നുവരുന്നുണ്ട്. കൊടിമരത്തിനപ്പുറം ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് സ്ഥിതിചെയ്യുന്നു. ഇവിടെ ബലിക്കൽപ്പുര പണിതിട്ടില്ല. താരതമ്യേന ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെയുള്ളത്. അതിനാൽ, നടപ്പുരയിൽ നിന്നുനോക്കിയാൽത്തന്നെ ശിവലിംഗം കാണാവുന്നതാണ്. നടപ്പുരയുടെ തെക്കുഭാഗത്ത് പ്രത്യേകം മതിൽക്കെട്ടിലാണ് ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ. അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമായ ശ്രീകോവിലിൽ, യോഗനരസിംഹരൂപത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം പടിഞ്ഞാറോട്ട് ദർശനം നൽകുന്നു. പാനകം, പാൽപ്പായസം, തുളസിമാല തുടങ്ങിയവയാണ് നരസിംഹമൂർത്തിയുടെ പ്രധാന വഴിപാടുകൾ. രേവതി പട്ടത്താനം നടക്കുന്ന അവസരങ്ങളിൽ നരസിംഹമൂർത്തിയ്ക്കും വിശേഷാൽ പൂജകൾ നടത്താറുണ്ട്.

തുടർന്ന് പ്രദക്ഷിണം വച്ചുവരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ ശാസ്താവിന്റെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ കാണാം. ഏകദേശം രണ്ടടി ഉയരം വരുന്ന ശാസ്താവിഗ്രഹം, പൂർണ്ണാ-പുഷ്കലാസമേതനായ ശാസ്താവിന്റെ രൂപത്തിലാണ്. മണ്ഡലകാലത്ത് ഇവിടെ 41 ദിവസവും ശാസ്താംപാട്ടും ആഴിപൂജയും പതിവാണ്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമൊക്കെ ഇവിടെ വച്ചാണ്. അയ്യപ്പന്റെ പ്രതിഷ്ഠയ്ക്ക് സമീപമാണ് തേവാരത്തിൽ ഭഗവതിയുടെ പ്രതിഷ്ഠ. ക്ഷേത്രം തന്ത്രിയായ ചേന്നാസ് നമ്പൂതിരിയുടെ കുടുംബത്തിലെ പൂർവ്വികർ പൂജിച്ചിരുന്ന ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയെയാണ് തേവാരത്തിൽ ഭഗവതിയായി ആരാധിച്ചുവരുന്നത്. വാൽക്കണ്ണാടിയുടെ രൂപത്തിലാണ് ഈ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറേമൂലയിലെത്തുമ്പോൾ അവിടെ ആൽമരച്ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയും കാണാം. നാഗരാജാവായി വാസുകി വാഴുന്ന ഈ കാവിൽ, കൂടെ നാഗയക്ഷി അടക്കമുള്ള പരിവാരങ്ങളുമുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവാണ്. ഇതിന് സമീപമായി മറ്റൊരു കുളം കാണാം. ഇത് 1917-ൽ പണികഴിപ്പിച്ചതാണ്. ദീർഘചതുരാകൃതിയിലുള്ള ഈ കുളം പണികഴിപ്പിച്ചത്, പ്രസിദ്ധമായ തളി സമരത്തോടനുബന്ധിച്ചാണ്. തളി ക്ഷേത്രത്തിന് സമീപമുള്ള വഴികളിലൂടെ അവർണ്ണസമുദായക്കാർക്ക് നടക്കാനുള്ള അവകാശം സാമൂതിരി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഞ്ചേരി രാമയ്യർ, സി.വി. നാരായണയ്യർ, സി. കൃഷ്ണൻ എന്നിവർ ചേർന്ന് ക്ഷേത്രപരിസരത്തുകൂടി യാത്ര ചെയ്ത സംഭവമായിരുന്നു, കേരളീയ നവോത്ഥാനപ്രസ്ഥാനത്തിലെ സുപ്രധാന ഏടുകളിലൊന്നായ തളി സമരം. തീയ സമുദായാംഗമായിരുന്ന സി. കൃഷ്ണൻ സമരത്തിൽ പങ്കെടുത്തതാണ് പ്രശ്നത്തിന് കാരണം. ഇതിന് പരിഹാരമായാണ് അകത്ത് കുളം കുഴിച്ചത്. നിലവിൽ ഇത് ആരും ഉപയോഗിയ്ക്കാറില്ല.

ശ്രീകൃഷ്ണക്ഷേത്രം[തിരുത്തുക]

രേവതി പട്ടത്താനം[തിരുത്തുക]

പ്രധാന ലേഖനം: രേവതി പട്ടത്താനം

തളി ശിവക്ഷേത്രത്തിൽ പണ്ട് നടത്തപ്പെട്ടിരുന്ന ഒരു തർക്കസദസ്സാണ് രേവതി പട്ടത്താനം. മലയാള മാസം ആയ തുലാം മാസത്തിലായിരുന്നു ഈ മഹാമഹം നടന്നിരുന്നത്. പണ്ഠിതശ്രേഷ്ഠന്മാർക്ക് ഈ സമയത്ത് വിരുന്നുകളും സമ്മാനങ്ങളും നൽകിയിരുന്നു. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഈ ഉത്സവത്തിൽ സമ്മാനങ്ങൾക്കും ബഹുമതികൾക്കും പാത്രമായിട്ടുണ്ട്. തിരുനാവായയിൽ മാമാങ്കം ഉത്സവം നടത്തിയിരുന്ന സാമൂതിരിമാരായിരുന്നു രേവതി പട്ടത്താനവും നടത്തിയിരുന്നത്.

രേവതിപട്ടത്താനത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഇപ്രകാരമാണ്. ക്ഷേത്രത്തിലെ മൂസ്സതുമാരുടെ സഹായത്തോടെ പന്തലായിനിക്കൊല്ലത്തെ കോലസ്വരൂപത്തിന്റെ ശാഖയിലെ ഒരു തമ്പുരാൻ ബ്രാഹ്മണവേഷത്തിൽ സാമൂതിരി കോവിലകത്ത് കടന്നുകൂടിയെന്നും കോവിലകത്തെ ഒരു തമ്പുരാട്ടി ഈ ബ്രാഹ്മണനെ കണ്ട് മോഹിച്ചുവെന്നും തിരുവിളയനാട്ടു കാവിലെ ഉത്സവത്തിരക്കിൽ രണ്ടുപേരും പന്തലായനി കൊല്ലത്തേക്ക് ഒളിച്ചോടിയെന്നും ഇതറിഞ്ഞ സാമൂതിരി ആ തമ്പുരാട്ടിയെ വംശത്തിൽ നിന്ന് പുറന്തള്ളിയെന്നും പറയപ്പെടുന്നു. സാമൂതിരിപ്പാട് കോലത്തുനാട് ആക്രമിക്കാൻ സൈന്യത്തെ അയച്ചപ്പോൾ കോലത്തിരി അനന്തരവന്റെ കുറ്റം സമ്മതിച്ച് സന്ധിക്ക് തയ്യാറായെന്നും സാമൂതിരി ആവശ്യപ്പെട്ട പ്രകാരം പന്തലായിനി ഉൾപ്പെട്ട നാടും തളിപ്പറമ്പു ക്ഷേത്രത്തിലെ കോയ്മ സ്ഥാനവും സാമൂതിരിക്ക് വിട്ടുകൊടുത്തു എന്നും തിരിച്ചുവന്ന സാമൂതിരി മൂസ്സതുമാർ ബ്രാഹ്മണരാണെങ്കിലും അവരെ ക്ഷേത്ര ഊരാണ്മ സ്ഥാനത്തു നിന്ന് ഒഴിവാക്കിയപ്പോൾ അവർ പട്ടിണിവ്രതം അനുഷ്ഠിച്ചു മരിച്ചുവെന്നും ഇത് ബ്രഹ്മഹത്യയായി ദേവപ്രശ്നക്കാർ വിധിച്ചതിനെത്തുടർന്ന് അതിന് പ്രായശ്ചിത്തമായി സാമൂതിരിപ്പാട് ബ്രാഹ്മണഭോജനവും വിദ്വത്സദസ്സും ആരംഭിച്ചുവെന്നും ആ സദസ്സാണ് രേവതി പട്ടത്താനം എന്നും കരുതപ്പെടുന്നു. ബാലഹത്യാദോഷം നീക്കാനാണ് പട്ടത്താനം ആരംഭിച്ചതെന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്. തിരുന്നാവായ യോഗക്കാരുടെ നിർദ്ദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയതെന്ന് മൂന്നാമതൊരു അഭിപ്രായവുമുണ്ട്.

ഉത്സവങ്ങൾ[തിരുത്തുക]

8 ദിവസം[അവലംബം ആവശ്യമാണ്] നീണ്ടുനിൽക്കുന്ന ക്ഷേത്ര തിരുവുത്സവം മേടമാസത്തിൽ വിഷുസംക്രമദിവസം കൊടിയേറി എട്ടുദിവസം നീണ്ടുനില്ക്കുന്നതാണ് ഇവിടത്തെ ഉത്സവം. അങ്കുരാദി ഉത്സവമാണ് ഇവിടെയും നടത്തപ്പെടുന്നത്. ഉത്സവത്തിന് ഒരാഴ്ച മുമ്പ് മുളയിട്ടുകൊണ്ട് ശുദ്ധിക്രിയകൾ തുടങ്ങുന്നു. വിഷുസംക്രമദിവസം വൈകീട്ട് രണ്ട് കൊടിമരങ്ങളിലും കൊടിയേറ്റം നടത്തുന്നു. തുടർന്നുള്ള എട്ടുദിവസം ക്ഷേത്രപരിസരം വിവിധതരം താന്ത്രികച്ചടങ്ങുകളും ചെണ്ടമേളവും പഞ്ചവാദ്യവും കലാപരിപാടികളും കൊണ്ട് നിറഞ്ഞിരിയ്ക്കും. ക്ഷേത്രത്തിന് സമീപമുള്ള സാമൂതിരി ഗുരുവായൂരപ്പൻ ഹാളിലും പ്രത്യേകം നിർമ്മിച്ച സ്റ്റേജിലുമാണ് കലാപരിപാടികൾ നടത്തുക. അഞ്ചാം ദിവസം ശിവക്ഷേത്രത്തിലും ആറാം ദിവസം ശ്രീകൃഷ്ണക്ഷേത്രത്തിലും ഉത്സവബലി നടത്തുന്നു. ഏഴാം ദിവസം രാത്രി പള്ളിവേട്ടയ്ക്ക് പുറപ്പെടുന്ന ഭഗവാന്മാർ തിരിച്ചെഴുന്നള്ളിയശേഷം മണ്ഡപത്തിൽ പള്ളിക്കുറുപ്പ് കൊള്ളുന്നു. പിറ്റേന്ന് രാവിലെ വളരെ വൈകിയാണ് ഇരുവരും ഉണരുക. അന്ന് വൈകീട്ട് അഞ്ചുമണിയോടെ കൊടിയിറക്കി ആറാട്ടിനു പുറപ്പെടുന്ന ഭഗവാന്മാർ നഗരപ്രദക്ഷിണം കഴിഞ്ഞുവന്ന് രാത്രി ഒമ്പതുമണിയോടെ ക്ഷേത്രക്കുളത്തിൽ ആറാടുന്നു. തുടർന്ന് തിരിച്ചെഴുന്നള്ളുന്ന ഭഗവാന്മാരെ ജനങ്ങൾ നിറപറയും വിളക്കും നൽകി സ്വീകരിയ്ക്കുന്നു. ക്ഷേത്രത്തിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ഏഴുതവണ ഭഗവാന്മാർ സ്വന്തം ശ്രീകോവിലുകളെ വലം വയ്ക്കുന്നു. തുടർന്ന് ഇരുവരും ശ്രീകോവിലിലേയ്ക്ക് പ്രവേശിയ്ക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു.

തിരുവുത്സവത്തെക്കൂടാതെ കുംഭമാസത്തിലെ ശിവരാത്രി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, രേവതി പട്ടത്താനം എന്നിവയും വിശേഷദിവസങ്ങളാണ്.

എത്തിചേരാൻ,[തിരുത്തുക]

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ലിങ്ക് റോഡ്, കണ്ടംകുളം റോഡ് വഴി ഒരു കിലോമീറ്റർ വടക്കുകിഴക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൊഫ്യൂസൽ ബസ് സ്റ്റാന്റിൽ നിന്നും ചിന്താവളപ്പ് ജംഗ്ഷൻ വഴി ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാട്ട് വന്നാലും തളിമഹാക്ഷേത്രത്തിൽ എത്താം.

നവീകരണം[തിരുത്തുക]

കോഴിക്കോട് മിശ്കാൽ പള്ളിയുടെയും തളി ക്ഷേത്രത്തിന്റെയും നവീകരണം പൂർത്തിയായ പ്രഖ്യാപനം 11/11/11 ന് കോഴിക്കോട് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുക്കുന്ന സ്നേഹസംഗമം പരിപാടിയിൽ വെച്ച് നടത്തി.[4].

അവലംബം[തിരുത്തുക]

  1. "Thali temple, Calicut". calicut.net. calicut.net. Archived from the original on 2009-10-11. Retrieved 2009-10-19.
  2. "Thali Shiva temple". keralatourism.org. keralatourism.org. Archived from the original on 2011-09-29. Retrieved 2009-10-19.
  3. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-14. Retrieved 2011-11-11.