ടെക്സ്റ്റൈൽ കെമിസ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Textile chemistry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രയുക്ത രസതന്ത്രശാഖയാണ് ടെക്സ്റ്റൈൽ കെമിസ്ട്രി. തുണിത്തരങ്ങളുടെ ഇഴ, നാര് എന്നിവയുടെ സമഗ്രപഠനമാണ് ഈ ശാസ്ത്രശാഖയുടെ ലക്ഷ്യം.തുണികളുടെ സൗന്ദര്യപരമായ ഗുണങ്ങളിലും പ്രയോഗധർമങ്ങളിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് രസതന്ത്രത്തിന്റെ പല പ്രാഥമിക ശാഖകളിലേയും പ്രവിധികൾ പ്രയോജനപ്പെടുത്താറുണ്ട്. പ്രകൃതിജന്യവും കൃത്രിമവും ആയ വ്യത്യസ്ത തുണിനാരുകളുടെ രാസ-ഭൗതിക ഗുണധർമങ്ങൾ ഈ ശാസ്ത്ര ശാഖ പഠനവിഷയമാക്കുന്നു. തുണിയുടെ അലക്കു സ്വഭാവം (സോപ്പ്, മറ്റ് അലക്കു പദാർഥങ്ങൾ എന്നിവയോടുള്ള പ്രതികരണം) പഠിക്കുന്നതിനായി പ്രതല രസതന്ത്ര (surface chemistry) തത്ത്വങ്ങൾ പ്രയോജനപ്പെടുത്തുന്നു. നാരുകളുടെയും, വസ്ത്ര നിർമ്മാണത്തിനാവശ്യമായി വരുന്ന മറ്റു രാസപദാർഥങ്ങളുടെയും രാസഘടനയിൽനിന്ന് തുണിത്തരങ്ങളുടെ സൗന്ദര്യപരവും, രാസികവും ഭൗതികവുമായ ഗുണങ്ങൾ പ്രവചിക്കുവാൻ ഒരു ടെക്സ്റ്റൈൽ കെമിസ്റ്റിന് സാധിക്കും. സൈദ്ധാന്തികവും പ്രായോഗികവുമായ അറിവുകൾ വേണ്ടവിധം വിനിയോഗിച്ചാണ് നവീനങ്ങളായ വസ്ത്രങ്ങൾ വിപണിയിലെത്തിക്കുന്നത്.

നാരുകൾ[തിരുത്തുക]

തുണികളുടെ രസതന്ത്രത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത് നാരുകളിൽ നിന്നാണ്. നാരുകൾ രണ്ടു വിധത്തിലുണ്ട്; പ്രകൃതിജന്യവും കൃത്രിമ നിർമിതവും. പ്രോട്ടീൻ നാരുകളായ സിൽക്ക്, കമ്പിളി; സെലുലോസ് നാരുകളായ പരുത്തി, ലിനൻ, റാമി; അത്രതന്നെ പ്രാധാന്യമർഹിക്കാത്ത മറ്റു ചില സസ്യനാരുകൾ എന്നിവ പ്രകൃതിയിൽ നിന്നു ലഭിക്കുന്നവയാണ്. ചില രാസവസ്തുക്കളുടെ പോളിമറീകരണം വഴിയാണ് കൃത്രിമ നാരുകൾ ഉണ്ടാക്കുന്നത്. പോളിഅമൈഡുകൾ (നൈലോൺ) പോളി അക്രിലേറ്റുകൾ, പോളിഎസ്റ്ററുകൾ എന്നിവയാണ് കൃത്രിമനാരുകൾ. ഇവയ്ക്ക് നിരവധി സമാന സ്വഭാവങ്ങളുണ്ടെങ്കിലും വ്യത്യസ്ത രാസപദാർഥങ്ങളുടെ പോളിമറുകൾ ആയതിനാൽ ഇവ വ്യത്യസ്ത ഗുണധർമങ്ങൾ പ്രദർശിപ്പിക്കുന്നു.

രാസവസ്തുക്കൾ[തിരുത്തുക]

വസ്ത്രനിർമ്മാണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്: നാരുകളിൽതന്നെ അവശേഷിക്കുന്ന രാസപദാർഥങ്ങൾ, നാരുകൾ നനയ്ക്കുന്നതിനോ വൃത്തിയാക്കുന്നതിനോ മറ്റ് ഏതെങ്കിലും ഘട്ടത്തിലോ താത്ക്കാലികമായി ഉപയോഗിക്കുന്ന രാസപദാർഥങ്ങൾ. ചായങ്ങളും, വസ്ത്രത്തിൽ അവസാനമിനുക്കിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഒന്നാമത്തെ വിഭാഗത്തിലും പ്രതലത്തിൽ പ്രവർത്തനക്ഷമമായ (surface active agents) സർഫാക്റ്റന്റുകൾ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. സർഫാക്റ്റന്റുകൾ പൊതുവായ രാസസ്വഭാവമുള്ളവയാണ്. R-Y എന്നാണ് സർഫാക്റ്റന്റുകളുടെ ഘടന. തന്മാത്രയുടെ പ്രധാന ഭാഗമായ 'R' എണ്ണയിൽ ലേയമാണ്, 'Y' ആകട്ടെ ജലത്തിൽ ലേയവും. ഇവ തമ്മിലുള്ള സന്തുലനമാണ് സർഫാക്റ്റന്റിന്റെ ഗുണം നിർണയിക്കുന്നത്. R ഒരു ദീർഘശൃംഖല ഹൈഡ്രോകാർബണാണ്. Y ഒരു ധന അയോണോ ഋണ അയോണോ ആകാം. ചില സാധാരണ Y ഗ്രൂപ്പുകൾ താഴെ പറയുന്നവയാണ്: സോഡിയം സ്റ്റിയറേറ്റ് സോപ്പാണ് ആദ്യ സർഫാക്റ്റന്റ് CH3(CH2)15 CH2-COO-Na+ പ്രയോഗത്തിനനുസൃതമായി സർഫക്റ്റന്റിന്റെ രാസഘടന തിരഞ്ഞെടുക്കാം.

രാസപ്രക്രിയകൾ[തിരുത്തുക]

Cotton manufacturing processes
Bale Breaker Blowing Room
Willowing
Breaker Scutcher Batting
Finishing Scutcher Lapping
Carding Carding Room
Sliver Lap
Combing
Drawing
Slubbing
Intermediate
Roving Fine Roving
Mule Spinning - Ring Spinning Spinning
Reeling Doubling
Winding Bundling Bleaching
Weaving shed Winding
Beaming Cabling
Warping Gassing
Sizing/Slashing/Dressing Spooling
Weaving
Cloth Yarn (Cheese)- - Bundle Sewing Thread

എല്ലാ നാരുകളും നിരവധി രാസഭൗതിക പ്രക്രിയകളിലൂടെ കടന്നു പോയതിനുശേഷമാണ് തുണിയായി വിപണിയിലെത്തുന്നത്. ഈ പ്രക്രിയകൾക്ക് നിയതമായ ഒരു രീതിയുണ്ട്. നാരുകൾ വരിയായി അടുക്കി നൂല് നൂറ്റെടുക്കുക, നൂല് നെയ്തെടുക്കുക, തുണി പാകപ്പെടുത്തുക, ചായം മുക്കലും മുദ്രണവും നടത്തുക, മിനുക്കുവേലകൾ ചെയ്യുക എന്നിവയാണവ. നൂൽ നൂൽപ്, നെയ്ത്ത്, തുന്നൽ എന്നിവയൊക്കെ ഭൗതികപ്രക്രിയകളാണെങ്കിലും നൂലിനും തുണിക്കും കേടു കൂടാതെ സംരക്ഷിക്കുന്നതിനായി രാസപദാർഥങ്ങളായ സ്നേഹകങ്ങളും പശകളും പ്രയോഗിക്കുന്നുണ്ട്. ഇതു കൂടാതെ തുണിനാരുകളും തുണികളും വസ്ത്രങ്ങളും മറ്റനവധി രാസപ്രക്രിയകൾക്കു വിധേയമാകാറുമുണ്ട്. ഈ രാസപ്രക്രിയകളെക്കുറിച്ചുള്ള പഠനം ആണ് ടെക്സ്റ്റൈൽ കെമിസ്ട്രിയിലെ പ്രധാന വിഷയം.

തുണി പാകപ്പെടുത്തൽ[തിരുത്തുക]

തുണി പാകപ്പെടുത്തൽ (preparation). ജലമോ മറ്റു ലായകങ്ങളോ ഉപയോഗിച്ച് തുണിയിൽ നിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയെ പാകപ്പെടുത്തൽ അഥവാ പ്രിപ്പറേഷൻ എന്നു പറയുന്നു. അവസാന മിനുക്കുപണികൾ ചെയ്യാനുതകുംവിധം തുണിക്ക് വൃത്തിയുള്ളതും അവശോഷണക്ഷമവുമായ ഒരു പ്രതലം ലഭിക്കുന്നത് ഈ പ്രക്രിയ മൂലമാണ്. നാരിന് അനുയോജ്യമായ രീതിയിലാണ് പാകപ്പെടുത്തൽ നടത്തേണ്ടത്. കൃത്രിമ നാരുകളിൽ പ്രകൃതിജന്യമാലിന്യങ്ങൾ ഒന്നും സ്വാഭാവികമായി ഉണ്ടാകാറില്ല. എന്നാൽ ഉത്പാദനസമയത്ത് നാരുകളിൽ പറ്റിപ്പിടിച്ചിരിക്കാനിടയുള്ള സ്നേഹകങ്ങളും മറ്റ് എണ്ണകളും ജലത്തിൽ ലേയമായ പശകളും നീക്കം ചെയ്യേണ്ടതായി വരും. എണ്ണയും മെഴുക്കും എമൾസ്സീകരിക്കാൻ (emulsify) കഴിയുന്ന അപമാർജകങ്ങൾ (detergents) ഉപയോഗിച്ച് ഈ മാലിന്യങ്ങൾ കഴുകികളയാം. നൈസർഗിക നാരുകളിൽ വളരെയധികം സ്വാഭാവിക മാലിന്യങ്ങൾ ഉണ്ടാവാനിടയുണ്ട്; മാത്രമല്ല നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ള പശകളും ഈ നാരുകളിൽ ഉണ്ടായിരിക്കും. സോഡിയം ഹൈഡ്രോക്സൈഡുപോലുള്ള ഗാഢ ക്ഷാര ലായനികളിൽ ഇട്ട് വളരെ നേരം ചൂടാക്കിയാൽ പരുത്തിനാരുകളിൽ നിന്ന് സ്വാഭാവിക മാലിന്യങ്ങൾ മാറിക്കിട്ടും. സ്റ്റാർച്ചും അതുമായി ബന്ധപ്പെട്ട പദാർഥങ്ങളും നീക്കം ചെയ്യാൻ എൻസൈമുകളോ പെറോക്സൈഡുകളോ സ്റ്റാർച്ച് ലയിപ്പിക്കുന്ന ലായനികളോ ഉപയോഗിക്കാം. ഈ രണ്ട് പ്രക്രിയകൾക്കും ശേഷം രാസലായനി ഉപയോഗിച്ച് നന്നായി കഴുകുമ്പോൾ അവശേഷിക്കുന്ന എല്ലാ മാലിന്യങ്ങളും മാറിക്കിട്ടും. സൾഫേറ്റുകളും സൾഫോണേറ്റുകളുമാണ് ഇതിനായി സാധാരണ ഉപയോഗിക്കാറുള്ളതെങ്കിലും ഫോസ്ഫേറ്റ് സർഫാക്റ്റന്റുകൾ അടങ്ങുന്ന ചൂടുള്ള ക്ഷാരലായനികൾ ആണ് മണ്ണ് വേർപെടുത്തുന്നതിന് അനുയോജ്യം. കമ്പിളിയും പട്ടും കഴുകാൻ സൾഫേറ്റു ചെയ്ത ആവണക്കെണ്ണയും വീര്യം കുറഞ്ഞ സോപ്പുകളും ആണ് ഉപയോഗിക്കുന്നത്. കമ്പിളിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജൈവ പദാർഥങ്ങൾ നീക്കം ചെയ്യുവാൻ ഗാഢ സൾഫ്യൂറിക് അമ്ലം ഉപയോഗിച്ച് കാർബണൈസ് ചെയ്യാറുണ്ട്. നിറമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുവാനായി നാരുകൾ ബ്ലീച്ച് ചെയ്യാവുന്നതാണ്. ഹൈഡ്രജൻ പെറോക്സൈഡാണ് ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്ന ബ്ലീച്ച്. മിശ്രനാരുകൾക്ക് (ബ്ളെൻഡുകൾ) അനുയോജ്യമായ പാകപ്പെടുത്തൽക്രമം തിരഞ്ഞെടുക്കുക പ്രയാസമുള്ള ജോലിയാണ്. വൃത്തിയാക്കുവാൻ കൂടുതൽ പ്രയാസമുള്ള ഘടകത്തിനനുയോജ്യമായ പാകപ്പെടുത്തൽ രീതി സ്വീകരിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഉദാ: പരുത്തി-പോളിഎസ്റ്റർ മിശ്രിതത്തിന് 100 ശ.മാ. പരുത്തി തുണികൾക്ക് സ്വീകരിക്കാറുള്ള രീതി പ്രയോഗിക്കുന്നു

മെർസിറൈസേഷൻ.[തിരുത്തുക]

പരുത്തിത്തുണികളിൽ മാത്രം പ്രയോഗിക്കുന്ന ഒരു സവിശേഷ പ്രക്രിയയാണിത്. തുണി നിവർത്തി വലിച്ചുകെട്ടിയതിനുശേഷം 20 ശ. മാ. സോഡിയം ഹൈഡ്രോക്സൈഡ് ലായനി ഉപയോഗിച്ചു കഴുകുമ്പോൾ നാരുകൾക്ക് രാസപരവും ഭൗതികവും ആയ പല വ്യത്യാസങ്ങളും ഉണ്ടാകുന്നു. ഇഴകൾക്ക് ബലവും തിളക്കവും മാർദവവും വർധിക്കുന്നതോടൊപ്പം ചായം കൂടുതൽ നന്നായി പിടിക്കുകയും (dye affinity) ഇളകിപോകാതിരിക്കുകയും ചെയ്യുന്നു (stabilization). ക്ഷാരലായനി (caustic soda) ഇഴകൾക്കിടയിലൂടെ ഒരുപോലെ വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ പ്രക്രിയയ്ക്കുശേഷം ക്ഷാരം പൂർണമായും കഴുകി കളയേണ്ടതാണ്.

നിറം കൊടുക്കൽ[തിരുത്തുക]

ചായം മുക്കിയും മുദ്രണം ചെയ്തും തുണികൾക്ക് നിറം നൽകാം. ബ്ലീച്ച് ചെയ്താണ് വെള്ളനിറം വരുത്തുന്നത്. ചായം അടങ്ങുന്ന ലായനിയിൽ തുണി മുക്കിവയ്ക്കുമ്പോൾ വളരെ ചെറിയ കണികകളായി ലായനിയിൽ വിലയം പ്രാപിക്കുന്ന ചായം നാരുകൾക്കുള്ളിലേക്ക് ലയിച്ച് ചേരുന്നു. ലേയമല്ലാത്ത രഞ്ജകങ്ങൾ ഉപയോഗിക്കുമ്പോൾ പശയോ ബന്ധകങ്ങളോ ചേർക്കണം.

മുദ്രണം[തിരുത്തുക]

ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു. മുദ്രണം ആകട്ടെ പ്രത്യേക സ്ഥലങ്ങളിൽ മാത്രം നിറം നൽകുവാൻ ഉപയോഗിക്കുന്നു. ചായത്തിന്റേയോ രഞ്ജകത്തിന്റേയോ കൊഴുത്ത ലായനി അഥവാ പേസ്റ്റ് രൂപത്തിലുള്ള ഒരു മിശ്രിതം ചിത്രം പതിച്ച അച്ചുകളിലൂടെ തുണിയിൽ യഥാസ്ഥാനങ്ങളിൽ പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ആവി കൊള്ളിച്ചോ ചൂടു പിടിപ്പിച്ചോ ചായം പേസ്റ്റിൽ നിന്ന് നാരിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നു. പ്രത്യേക തുന്നലിന്റേയോ നെയ്ത്തിന്റേയോ ആവശ്യമില്ലാതെ തന്നെ വിവിധ നിറത്തിലുള്ള സങ്കീർണങ്ങളായ രൂപമാതൃകകൾ തുണികളിൽ മുദ്രണം ചെയ്യാനാവും.

ചായം[തിരുത്തുക]

നാരിന്റെ രാസസ്വഭാവത്തിനനുസൃതമായ ചായവസ്തുവാണ് ഉപയോഗിക്കേണ്ടത്. കമ്പിളി, നൈലോൺ നാരുകൾക്ക് ധനചാർജുള്ള (NH) ഗ്രൂപ്പുകളുണ്ട്. അതിനാൽ ഋണ ഗ്രൂപ്പുകൾ (SO3) അടങ്ങുന്ന ചായം ആണ് ഈ നാരുകൾക്കനുയോജ്യം. ഋണ സൾഫോണേറ്റ് ഗ്രൂപ്പുകളുള്ള അക്രിലിക്നാരുകൾക്ക് ധനഗ്രൂപ്പുകളുള്ള ചായങ്ങളാണ് ഫലപ്രദം. പോളിഎസ്റ്റർ നാരുകൾ അയോണികമല്ലാത്തതിനാൽ വളരെ നേർത്ത കണികകളുടെ രൂപത്തിലുള്ള ചാർജില്ലാത്ത ചായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇവ നാരുകൾക്കുള്ളിൽ ഖരലായനികളുണ്ടാക്കുന്നു. പരുത്തി നാരുകളിലെ ചായം നിവേശിക്കുന്ന സ്ഥലങ്ങൾ ഹൈഡ്രോക്സിൽ ഗ്രൂപ്പുകളാണ്. അതിനാൽ നാരുമായി പ്രതിപ്രവർത്തിച്ച് സഹസംയോജക ബന്ധങ്ങൾ രൂപീകരിക്കുന്നതോ നേരിട്ട് ഹൈഡ്രജൻ ബന്ധങ്ങൾ രൂപീകരിക്കുന്നതോ ആയ ചായങ്ങളാണ് ഏറ്റവും അനുയോജ്യം. വാറ്റ് (vat), നാഫ്തോൾ തുടങ്ങിയ പരുത്തി ചായങ്ങൾ നാരുകളിൽ അലേയമായ വ്യുത്പന്നം ഉണ്ടാക്കുന്നു.

യഥാർഥ ചായവസ്തു കൂടാതെ മറ്റനവധി രാസപദാർഥങ്ങളും ചായം മുക്കുവാനായി ഉപയോഗിക്കുന്നുണ്ട്. ചായം ഓരോ നാരിന്റേയും ഉള്ളിലേക്ക് കയറി സമാനമായി വ്യാപിക്കുന്നതിനായി പ്രത്യേക രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ചില രാസപദാർഥങ്ങൾ ചായം നാരിന്റെ ഉള്ളിലേക്ക് കടക്കുന്നത് മന്ദഗതിയിലാക്കുന്നു (retardders). ചായത്തിന്റെ തന്മാത്രകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വ്യാപരിക്കാൻ സഹായിക്കുന്ന മൈഗ്രേറ്റിങ് ഏജന്റുകളും ചായം മുക്കുമ്പോൾ ഉപയോഗിക്കുന്നുണ്ട്. ചായം വ്യാപിക്കുന്നത് ത്വരിതപ്പെടുത്തുന്ന പെനിട്രന്റുകൾ, സർഫാക്റ്റന്റുകളോ സ്വെലിങ് ഏജന്റുകളോ ആയിരിക്കും. ചായത്തിന്റേതിനേക്കാൾ വളരെ ചെറിയ തന്മാത്രകളുള്ള രാസപദാർഥങ്ങളായിരിക്കും റിറ്റാർഡന്റുകൾ. ഈ തന്മാത്രകൾ ചായവസ്തു നിവേശിക്കുന്ന സ്ഥലങ്ങളിൽ സ്ഥാനം പിടിക്കും. ഇവയെ സാവധാനത്തിൽ ചായവസ്തു പ്രതിസ്ഥാപിക്കുന്നു. ഉദാ: അക്രിലിക് നാരുകളിൽ RN+(CH3)3 റിറ്റാർഡർ ആയി പ്രവർത്തിക്കുന്നു. അക്രിലിക് നാരുകളുടെ ചായവസ്തു ധനചാർജുള്ള വലിയ തന്മാത്രകളാണ്.

നനയ്ക്കുമ്പോഴും മറ്റും ചായം ഇളകിപ്പോകാതിരിക്കാനായി ചില രാസപദാർഥങ്ങൾ പ്രയോഗിക്കാറുണ്ട്. മുദ്രണത്തിനും ഇതേ രാസപദാർഥങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. നാരിന് അനുയോജ്യമായ സാന്ദ്രീകരണ ദ്രവ്യങ്ങളാണ് (thickener) മുദ്രണത്തിനുവേണ്ട കൊഴുത്ത ലായനി ഉണ്ടാക്കാൻ തിരഞ്ഞെടുക്കേണ്ടത്.

മിനുക്കുപണികൾ (finishing). തുണിക്ക് ആത്യന്തികമായി ഉണ്ടായിരിക്കേണ്ട സകല ഗുണങ്ങളും നൽകുന്ന യാന്ത്രിക രാസപ്രക്രിയകളെ ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. വസ്ത്രം ചുരുങ്ങുന്നത് തടയുന്നതിനായി തുണിയെ സങ്കോചിപ്പിക്കുക (compress), തുണി മിനുസപ്പെടുത്തുക, പരുപരുത്തതാക്കുക

തുടങ്ങിയ പ്രക്രിയകൾക്കെല്ലാം പ്രത്യേക യന്ത്രസംവിധാനങ്ങളുണ്ട്. തുണിക്ക് മിനുസം നൽകാൻ ഉപയോഗിക്കുന്ന രാസപദാർഥങ്ങളാണ് സോഫ്നറുകൾ. ലേയ സ്വഭാവമുള്ള ഗ്രൂപ്പുകളടങ്ങുന്ന ദീർഘശൃംഖലാ കൊഴുപ്പമ്ലങ്ങളാണ് ഇവ. പോളി എതിലീൻ ഗ്ളൈക്കോൾ മോണോസ്റ്റിയറേറ്റ് (അയോണികമല്ല) ഡൈമീതൈൽ ടാലോ അമോണിയം ക്ളോറൈഡ് (ധന ചാർജ്) എന്നിവ ഉദാഹരണങ്ങളാണ്. എണ്ണ, വാക്സ്, പോളി എതിലീൻ എന്നിവയുടെ എമൾഷനുകളും സോഫ്നറുകളായി ഉപയോഗിക്കാറുണ്ട്. സോഫ്നറുകൾ മികവോടെ പ്രയോഗിച്ചാൽ തുണിക്ക് പളപളപ്പും മൃദുലതയും മേന്മയും ഉണ്ടാവും. പോളിവിനൈൽ അസറ്റേറ്റ്, യൂറിയ - ഫോർമാൽഡിഹൈഡ്റൈഡിന്റെ പോളിമർ എന്നിവ പ്രയോഗിച്ച് പ്രത്യേകവടിവും ചുരുളും സൃഷ്ടിക്കാൻ കഴിയും.

തീയും വെള്ളവും ചെറുക്കാൻ കഴിയുന്ന (fire retardant and water repellent) സവിശേഷ ഫിനിഷുകളുമുണ്ട്. ഫോസ്ഫറസ്, നൈട്രജൻ, ക്ളോറിൻ, ആന്റിമണി, ബ്രോമിൻ എന്നിവയിലേതെങ്കിലും ഉയർന്ന അനുപാതത്തിലടങ്ങിയിട്ടുള്ള മിശ്രിതമാണ് അഗ്നി പ്രതിരോധ ഫിനിഷായി ഉപയോഗിക്കുന്നത്. ഉദാ: ടെട്രാകിസ്ഹൈഡ്രോക്സി മീതൈൽ ഫോസ്ഫോണിയംക്ളോറൈഡ് (THPC), ടെട്രാമെതിലോൾ മെലാമിൻ (TMM) മിശ്രിതം ഫലപ്രദമായ ഒരു അഗ്നി പ്രതിരോധ ഫിനിഷാണ്. ബർ അല്ലെങ്കിൽ വിനൈൽ പൂശിയാണ് ജലരോധവസ്ത്രങ്ങൾ ഉണ്ടാക്കുന്നത്. മെഴുകുകൾ, സിലിക്കോണുകൾ, ലോഹ സോപ്പുകൾ എന്നീ ഹൈഡ്രോഫോബിക് പദാർഥങ്ങളും വെള്ളം പിടിക്കാത്ത വസ്ത്രങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. സെലുലോസ് അടങ്ങുന്ന വസ്ത്രങ്ങളിൽ സെലുലോസുമായി പ്രതിപ്രവർത്തിച്ച് ക്രോസ്ലിങ്കുകൾ ഉണ്ടാക്കുന്ന പദാർഥങ്ങൾ തുണി ചുരുങ്ങുന്നതും ചുളിവുകൾ വീഴുന്നതും തടയുന്നു. N,N ഡൈമെതിലോൾ കാർബമേറ്റ്, ഡൈ മെതിലോൾ ഡൈ ഹൈഡ്രോക്സിൽ എതിലീൻ യൂറിയ എന്നിവയാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ക്രോസ്ലിങ്കിങ് ഏജന്റുകൾ. അടുത്തടുത്തുള്ള സെലുലോസ് ശൃംഖലകളുമായി സഹസംയോജകബന്ധങ്ങൾ രൂപീകരിച്ചാണ് ക്രോസ് ലിങ്കുകളുണ്ടാവുന്നത്.

യന്ത്രങ്ങളുടെ ഉപയോഗം[തിരുത്തുക]

സാധാരണയായി പാഡിങ് എന്ന പ്രക്രിയയിലൂടെയാണ് ഫിനിഷുകൾ പ്രയോഗിക്കുന്നത്. ഫിനിഷിങ്ങിനുപയോഗിക്കുന്ന രാസപദാർഥം ഒരു ജലീയ ലായനിയിൽ നിന്ന് തുണി വലിച്ചെടുക്കും. പിന്നീട് അധിക ലായനി നീക്കം ചെയ്യുന്നതിനായി റോളറുകൾക്കിടയിലൂടെ (squeeze rolls) കടത്തിവിടുന്ന പ്രക്രിയയാണ് പാഡിങ് എന്നറിയപ്പെടുന്നത്. പാഡിങ് ലായനിയിൽ ഈർപ്പം വരുത്തുന്ന പദാർഥവും (wetting agents) പെനിട്രന്റും ഉൾപ്പെടുത്താറുണ്ട്. പാഡിങ് ലായനിയുടെ സാന്ദ്രതയും റോളറുകളുടെ മർദവും നിയന്ത്രിക്കുക വഴി വസ്ര്തത്തിലുണ്ടായിരിക്കേണ്ട രാസപദാർഥങ്ങളുടെ തോത് ക്രമീകരിക്കാനാവും. 50-100 ശ. മാ. വരെ ലായനി വസ്ത്രത്തിൽ നിലനിൽക്കുന്നതായി കാണാം. ഇതിൽ അധികവും ബാഷ്പീകരിച്ചുപോകും. ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം. ഇതിനായി പല സങ്കേതങ്ങളും പ്രയോഗിച്ചു നോക്കുന്നുണ്ട്. രാസപദാർഥത്തിന്റെ ഒരു ഗാഢ ലായനി വസ്ത്രത്തിൽ സ്പ്രേ ചെയ്യുക വഴി ജലത്തിന്റെ അളവ് കുറയ്ക്കാനാവുമെങ്കിലും സമാനമായ ഒരു വിതരണം ലഭിക്കുക പ്രയാസമാണ്. ഫോം ഫിനിഷിങ്ങാണ് ഏറ്റവും നല്ല പ്രതിവിധി. രാസപദാർഥത്തിന്റെ ഒരു ഗാഢ ലായനിയും ഒരു ഫോമിങ് ഏജന്റും അടങ്ങുന്ന മിശ്രിതത്തിലൂടെ വായു കുത്തിവച്ച് യന്ത്രമുപയോഗിച്ച് നന്നായി പതപ്പിച്ച് (mechanical beating) നിശ്ചിത ആപേക്ഷിക സാന്ദ്രതയും ഈർപ്പവുമുള്ള ഒരു ഫോം ആയി മാറ്റുന്നു. ഇപ്രകാരം, രാസപദാർഥം നേർപ്പിക്കുന്ന ജലത്തിനെ വായു കൊണ്ട് പ്രതിസ്ഥാപിക്കാം.

ടെക്സ്റ്റൈൽ കെമിസ്ട്രിയുടെ രംഗത്ത് അനവധി ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങൾക്ക് ആകർഷണീയതയും മറ്റ് സവിശേഷ ഗുണങ്ങളും ഉണ്ടാക്കുന്നതോടൊപ്പം വസ്ത്രനിർമ്മാണത്തിന് ലാഭകരവും ലളിതവുമായ രാസപ്രക്രിയകൾകൂടി കണ്ടെത്തുകയാണ് പ്രധാന ഗവേഷണ ലക്ഷ്യങ്ങൾ.

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെക്സ്റ്റൈൽ കെമിസ്ട്രി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.