Jump to content

തെലുഗു സാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Telugu literature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ്രാവിഡഭാഷാഗോത്രത്തിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ഭാഷയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ദ്രാവിഡ ഭാഷകളിൽ ഒന്നായ തെലുഗു[അവലംബം ആവശ്യമാണ്]. ഭാരതീയ ഭാഷകളിൽ ഹിന്ദിക്കു പുറമേ ഏറ്റവുമധികം പേർ സംസാരിക്കുന്ന ഭാഷയും തെലുഗുവാണ്. പുലിക്കോട്ടു മുതൽ ചിക്കാക്കോൾ വരെയുള്ള കിഴക്കൻ സമുദ്രതീരപ്രദേശങ്ങളിലും ഉള്ളിലേക്ക് മഹാരാഷ്ട്രയുടെയും മൈസൂറിന്റെയും കിഴക്കേ അതിരോളം ബല്ലാരിയിൽ വടക്കുകിഴക്കൻ അതിർത്തിയും അനന്തപ്പൂരിന്റെ കിഴക്കുവശത്തു ഭൂരിഭാഗവും ഉൾക്കൊള്ളുന്ന സ്ഥലത്തും നാഗപ്പൂരിലും ഗോണ്ടിവനത്തിലും ഉള്ള ഏതാനും പ്രദേശങ്ങളിലും തെലുഗു സംസാരിക്കുന്നവർ അധിവസിക്കുന്നു. കൃഷ്ണദേവരായരുടെ കാലത്തും അതിനുശേഷവും കുടിയേറിപ്പാർത്തവരുടെ പിൻതലമുറക്കാരായിരിക്കാം തമിഴ്നാട്ടിൽ പലയിടത്തും തെലുഗു സംസാരിക്കുന്നവരായി കാണപ്പെടുന്നവർ. വടക്ക് ഒറിയ, ഹൽസി, ഗോണ്ടി, മറാഠി എന്നിവയും പടിഞ്ഞാറ് മറാഠി, കന്നഡ എന്നിവയും തെക്ക് തമിഴും ആണ് ഭാഷാപരമായ അതിരുകൾ.

പ്രധാന ലേഖനം: തെലുഗു

ഉത്പത്തിയും വികാസവും

[തിരുത്തുക]

സംഘകാല തമിഴ് സാഹിത്യത്തിൽ വഡഗു/വഡുഗ (വടക്ക്) എന്ന പദമാണ് തെലുഗുവിനെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നത്. തെലുഗുവിന് തെനൂഗു, തെനുങ്ക, തെലുഗ്, തെലുഗു, തെലുങ്ക് എന്നെല്ലാം രൂപഭേദങ്ങളുണ്ട്. ഇവയിൽ തെനൂഗു, തെലുഗു എന്നിവ ചില പണ്ഡിതന്മാർ സംസ്കൃതത്തിലെ ത്രിനഗം (മൂന്ന് മലകൾ), ത്രിലിംഗം (മൂന്ന് ലിംഗങ്ങൾ) എന്നീ പദങ്ങളിൽനിന്ന് വ്യുത്പാദിപ്പിക്കുന്നുണ്ട്. 'ത്രിലിംഗ' എന്ന സംസ്കൃതപ്രകൃതിയുടെ തത്ഭവമാണ് തെലുങ്ക് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ത്രിലിംഗ എന്നത് കാലേശ്വരം, ത്രിശൈലം, ഭീമേശ്വരം എന്നിവിടങ്ങളിൽ ആവിർഭവിച്ച മൂന്ന് ശൈവലിംഗങ്ങളെ ആസ്പദമാക്കി ഉണ്ടായ ദേശനാമമാണ്. അനുനാസിക വ്യഞ്ജനത്തിന്റെ സാന്നിധ്യം കൊണ്ട് 'ല'കാരത്തിനു 'ന'കാരാദേശം ഉണ്ടാകാം എന്നതിനാൽ തെലുഗു, തെനുഗു എന്നിവയിൽ പൂർവരൂപം തെലുഗു ആയിരിക്കാനാണ് സാധ്യത. 'ഇന്ന് തെലുഗു എന്ന് സാധാരണ ഉപയോഗിക്കപ്പെടുന്ന രൂപം 'തെലുംഗു' എന്നതിൽ ഉകാരത്തിന് അനുനാസിക്യം വന്ന് അനുനാസിക വ്യഞ്ജനം ലോപിച്ചുള്ള 'തെലുഗു' എന്ന രൂപത്തിൽ ഉകാരത്തിന്റെ അനുനാസിക്യം കൂടി ഇല്ലാതായി പ്രചാരത്തിൽ വന്നിട്ടുള്ളതാണ്' എന്നാണ് ഡോ. ഗോദവർമയുടെ അഭിപ്രായം. പോർച്ചുഗീസുകാർ ആന്ധ്രക്കാരെ 'ജന്തിയോ' എന്നും അവരുടെ ഭാഷയെ 'ജന്തു' എന്നും വിളിച്ചിരുന്നു. ഭാരതത്തിൽ ബ്രിട്ടീഷുകാർ രൂപവത്കരിച്ച പ്രഥമ സൈന്യത്തെ 'തെലംഗ' എന്നു വിളിച്ചുവന്നു.

മൂലഭാഷയായ പൂർവദ്രാവിഡം 5000 വർഷങ്ങൾക്കുമുമ്പ് മൂന്ന് ഉപഭാഷാ കുടുംബങ്ങളായി വേർപിരിയുകയുണ്ടായി. ദക്ഷിണദ്രാവിഡം, മധ്യദ്രാവിഡം, ഉത്തരദ്രാവിഡം എന്നിവയാണവ. ഇവയിൽ മധ്യദ്രാവിഡ ശാഖയിൽ ഉൾപ്പെടുന്ന ഭാഷയാണ് തെലുഗു. ഈ ശാഖയിൽ നിന്നു ആദ്യം സ്വതന്ത്രമായ ഭാഷ തെലുഗുവാണ്. ബി.സി. 6-ാം ശ.-ത്തിനു മുമ്പുതന്നെ തെലുഗു സ്വതന്ത്രഭാഷയായി മാറിയതിനു സൂചനകളുണ്ട്. സാംസ്കാരികമായി തെലുഗുവിന് ദക്ഷിണ ഭാഷകളായ തമിഴിനോടും കന്നഡയോടും അടുപ്പമുണ്ടെങ്കിലും ജനിതകമായി മധ്യദ്രാവിഡഭാഷകളായ ഗോണ്ടി, കൊണ്ട, കുയി മുതലായ ഭാഷകളുമായാണ് കൂടുതൽ അടുപ്പമുള്ളത്. ഇന്ത്യയിൽ ആദി മുതൽക്കേ ഉള്ള ഭാഷയല്ല, മൂലദ്രാവിഡത്തിന്റെ പുത്രിയാണ് തെലുഗു എന്നാണ് താരതമ്യഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

പ്രാചീന ലിഖിതങ്ങൾ

[തിരുത്തുക]

ബി.സി. 200 മുതൽ എ.ഡി. 500 വരെയുള്ള ആന്ധ്രയിലെ സംസ്കൃത ശിലാലിഖിതങ്ങളിലും സപ്തശതി എന്ന പ്രാകൃത പദ്യസമാഹാരത്തിലും കുമാരിലഭട്ടന്റെ തന്ത്രവാർത്തികത്തിലും മറ്റു പല പുരാരേഖകളിലും തെലുഗു ഭാഷയിലുള്ള സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും മാത്രമേ കാണുന്നുള്ളൂ. ഭരണകർത്താക്കളുടെ ഭാഷ മറ്റൊന്നായിരുന്നെങ്കിലും ജനങ്ങളുടെ ഭാഷ തെലുഗുവായിരുന്നുവെന്ന് ഇതിൽനിന്ന് ഊഹിക്കാം. കഡപ്പ ജില്ലയിൽ കണ്ടെടുത്ത എ.ഡി. 575-ലെ ശിലാലിഖിതത്തിലാണ് തെലുഗുഭാഷ വാക്യരൂപത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നന്നയയുടെ കാലമായപ്പോൾ (എ.ഡി. 1020) ജനങ്ങളുടെ ഭാഷ സാഹിത്യഭാഷയിൽനിന്നു വളരെ വ്യത്യസ്തമായി മാറി. ബി.സി. 3-ാം ശ. മുതൽ തന്നെ സംസ്കൃതത്തിന്റെയും പ്രാകൃതത്തിന്റെയും സ്വാധീനം തെലുഗുവിൽ പ്രകടമായിരുന്നു. വാക്യഘടനയിലും പദപ്രയോഗത്തിലും മറ്റും സംസ്കൃതത്തിന്റെ ഗണ്യമായ സ്വാധീനം കാണുന്നുണ്ട്.


ഉപഭാഷകൾ

[തിരുത്തുക]

തെലുഗു എല്ലായിടത്തും ഒന്നുപോലെയല്ല സംസാരിക്കപ്പെടുന്നത്. ഇതിനു പ്രധാനമായി കലിംഗ, കോസ്താ, തെലംഗാണ, റായലസീമ എന്നിങ്ങനെ നാല് പ്രാദേശിക ഭാഷകൾ കൂടിയുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ദേശ്യഭാഷകൾ കലർന്നും കാണാം. വിദ്യാഭ്യാസമില്ലാത്തവരുടെ ഭാഷയിൽ മഹാപ്രാണശബ്ദങ്ങൾ അപൂർവമാണ്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും ചില ജാതിക്കാരുടെ വ്യവഹാര ഭാഷയായ ബേരഡി, ദാസരി, കാമാഠി, വഡരി എന്നിവയിൽ ഒരല്പം വ്യത്യാസം ഉണ്ട്. സാധാരണ തെലുഗുവിൽ 'ച' എന്നത് 'ഝ' എന്ന് ഉച്ചരിക്കപ്പെടുമ്പോൾ കാമാഠിയിൽ അത് 'സ' എന്നാണ് ഉച്ചരിക്കുന്നത്. ദാസരിയിൽ 'രു' എന്നത് 'ളു' എന്നോ 'ലു' എന്നോ ആയിത്തീരുന്നുണ്ട്. ക്രിയാപദങ്ങളിൽ ഉത്തമപുരുഷ സർവനാമത്തെയും മധ്യമപുരുഷ സർവനാമത്തെയും കറിക്കുന്ന പ്രത്യയങ്ങൾ വഡരിയിൽ നഷ്ടപ്പെട്ടിരിക്കുന്നതും കാണാം. ഔപചാരികവും അല്ലാത്തതുമായ ഭാഷാശൈലികളും തെലുഗുവിനുണ്ട്.

മാനകഭാഷ

[തിരുത്തുക]

1966-ലാണ് തെലുഗു ആന്ധ്രപ്രദേശിലെ ഔദ്യോഗികഭാഷ ആയത്. 1968-ൽ സർവകലാശാലാതലത്തിൽ പഠനമാധ്യമവുമായി. ശാസ്ത്രീയ സാങ്കേതിക പദങ്ങൾ ഇംഗ്ളീഷിൽനിന്നും മറ്റും കടമെടുത്തു. പുതിയ പദങ്ങൾ സംസ്കൃതത്തെ ആധാരമാക്കി ഉണ്ടാക്കുകയും ചെയ്തു. ആധുനിക ശാസ്ത്രീയ സാഹിത്യ രചനകളിൽ ഉപയോഗിക്കുന്ന തെലുഗു തീരദേശഭാഷയുടെ ഒരു വികസിത രൂപമാണ്. ഇതിൽ ഇംഗ്ലീഷിൽനിന്നുള്ള തദ്ഭവങ്ങളും തത്സമങ്ങളും കാണാം. തീരദേശഭാഷ ചില പരിഷ്കാരങ്ങളോടെ ആധുനികകാലത്തെ മാനകഭാഷയായി മാറി.

സാഹിത്യം

[തിരുത്തുക]

പാണ്ഡരംഗന്റെ അദ്ദങ്കി രേഖയിലും (848) ചാലൂക്യഭീമന്റെ ധർമാവരം രേഖയിലും പദ്യങ്ങൾ കാണാം. യതിയും പ്രാസവും ഒക്കെ ഈ പദ്യങ്ങളിലുണ്ട്. കൊറവി ശിലാശാസനത്തിലെ ഗദ്യം പില്ക്കാലത്ത് നന്നയഭട്ടൻ രചിച്ച ആന്ധ്രമഹാഭാരതത്തിലെ ഗദ്യത്തോടു കിടപിടിക്കുന്നതാണ്. 9-ാം ശതകത്തിലെ ഈ ശാസനം ചാലൂക്യഭീമന്റേതാണ്. കന്ദുകൂരു ധർമാവരം ലിഖിതങ്ങളിലും യുദ്ധമല്ലന്റെ (934) ബജവാഡ ലിഖിതത്തിലും പദ്യരൂപങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗുണ്ടുരു ലിഖിതത്തിലും (1000) ചില പദ്യങ്ങൾ കാണാം. 9,10 ശതകങ്ങളിലെ പദ്യങ്ങളിലധികവും ദേശിരീതിയിലുള്ളവയാണ്. ഇവയിലധികവും വീരപരുഷന്മാരുടെ പരാക്രമങ്ങളും രാജാക്കന്മാരുടെയും മന്ത്രിമാരുടെയും ഗാനങ്ങളുമാണ് വിവരിക്കുന്നത്. അതിനാൽ അവയ്ക്ക് സാഹിത്യഗുണമുണ്ടെന്നു പറയാനാവില്ല. ഇക്കാലത്ത് ചില ജൈന കവികൾ നല്ല കാവ്യങ്ങൾ രചിച്ചിട്ടുണ്ടെന്നാണ് നിരൂപകരുടെ അഭിപ്രായം. ഇതിൽനിന്ന് നന്നയനു മുമ്പുതന്നെ ഒന്നാന്തരം സാഹിത്യശൈലി തെലുഗുവിൽ രൂപമെടുത്തുകഴിഞ്ഞിരുന്നു എന്നു മനസ്സിലാക്കാം. എന്നാൽ ഇപ്രകാരം എഴുതപ്പെട്ട സാഹിത്യകൃതികളൊന്നുംതന്നെ ലഭിച്ചിട്ടില്ല. തെലുഗുസാഹിത്യത്തെ പ്രാചീനഘട്ടം, മധ്യഘട്ടം, ആധുനികഘട്ടം എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം.

പ്രാചീനഘട്ടം

[തിരുത്തുക]

പുരാണേതിഹാസകാല(1020-1400)വും ശ്രീനാഥകാല(1400-1510)വും ചേർന്നതാണ് പ്രാചീനഘട്ടം.

പുരാണേതിഹാസകാലം

[തിരുത്തുക]

പുരാണേതിഹാസകാലത്തെ വിവർത്തനകാലമെന്നും വിളിക്കാം. മഹാഭാരതത്തിന്റെ തെലുഗു പരിഭാഷ നിർവഹിച്ച നന്നയഭട്ടൻ, തിക്കന, എർറാപ്രഗഡ എന്നിവർ 'കവിത്രയം' എന്ന പേരിൽ അറിയപ്പെടുന്നു. ഇക്കാലത്ത് സംസ്കൃതത്തിൽ നിന്ന് ഹിന്ദുമതതത്ത്വങ്ങൾ അടങ്ങിയ പുരാണങ്ങളും വേദങ്ങളും വിവർത്തനം ചെയ്യപ്പെട്ടു. വൈദികമതത്തിൽ അഭിനിവിഷ്ടനായിരുന്ന ചാലൂക്യരാജാവായ രാജരാജനരേന്ദ്രൻ (1022-63) ആവശ്യപ്പെട്ടതനുസരിച്ചാണ് നന്നയഭട്ടൻ ആന്ധ്രമഹാഭാരതത്തിന്റെ രചന തുടങ്ങിയത്. നന്നയഭട്ടൻ രാജരാജനരേന്ദ്രന്റെ സഭയിൽ ആസ്ഥാനകവിയായി കഴിയുമ്പോഴാണ് വ്യാസഭാരത വിവർത്തനത്തിൽ ഏർപ്പെടാൻ നിർദ്ദേശമുണ്ടായത്. സംസ്കൃത മഹാഭാരതം ആലപിച്ചുകേൾക്കുമ്പോഴെല്ലാം മഹാരാജാവിന് അനുഭവപ്പെട്ട ആനന്ദമാണ് ആ നിർദ്ദേശത്തിനു പിന്നിലുണ്ടായിരുന്നത്. മഹാഭാരതത്തിലെ ആദിപർവവും സഭാപർവവും ആരണ്യപർവത്തിന്റെ ഒരു ഭാഗവും മാത്രമാണ് നന്നയൻ പരിഭാഷപ്പെടുത്തിയത്. തെലുഗുവിലെ ആദികവിയായി അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. കവി അകാലത്തിൽ അന്തരിച്ചതുകൊണ്ട് പരിഭാഷ മുടങ്ങി.

ഹിന്ദുധർമപ്രചരണതത്പരനായ നന്നയഭട്ടൻ വ്യാസഭാരതത്തിന്റെ അന്തസ്സത്ത ശരിക്കും ഗ്രഹിച്ചുകൊണ്ടാണ് പരിഭാഷ നിർവഹിച്ചത്. അദ്ദേഹം വേദജ്ഞനായ ബ്രാഹ്മണനായിരുന്നു. സംസ്കൃതത്തിന്റെയും തെലുഗുവിന്റെയും സമഞ്ജസമായ സമ്മേളനരംഗമാണ് ആന്ധ്രമഹാഭാരതം. ഭക്തനായ നന്നയൻ മൂലകൃതിയിലെ ചില ഭാഗങ്ങൾ വിട്ടുകളയുകയും ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ദ്രൌപദി വിജയശ്രീലാളിതനായ അർജുനനെ വരണമാല്യമണിയിക്കുന്ന രംഗം പരിഭാഷയിൽ അതീവ ഹൃദ്യമാണ്, ഒപ്പം മൂലാതിശായിയുമാണ്. ദുര്യോധനൻ പാഞ്ചാലീവസ്ത്രാക്ഷേപത്തിനൊരുങ്ങുമ്പോൾ അയാളെ നാടുകടത്തണമെന്ന് ഗാന്ധാരി ധൃതരാഷ്ട്രരോട് ആവശ്യപ്പെടുന്ന രംഗം മൂലകൃതിയിലുള്ളതാണ്. നന്നയൻ ആ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നു. അങ്ങനെ പരിഭാഷയിൽ ഗാന്ധാരിയുടെ നീതിബോധം ചോർന്നുപോകുന്നു. വേദ ധർമ പ്രകാശകങ്ങളായ ചില ഭാഗങ്ങൾ പരിഭാഷയിൽ നന്നയൻ ഇണക്കിച്ചേർത്തിരിക്കുന്നു. നന്നയന്റെ കാലംതൊട്ട് അഞ്ഞൂറുവർഷത്തോളം പുരാണേതിഹാസ കൃതികളുടെ വിവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നതായി കാണാം. തികഞ്ഞ ആദരവോടെയാണ് തെലുഗർ നന്നയന്റെ രചനയെ നോക്കിക്കാണുന്നത്. ആദിപർവത്തിലെ കചദേവയാനീകഥയും സഭാപർവത്തിലെ ശിശുപാലവധവും ആരണ്യ പർവത്തിലെ നളചരിതവും മറ്റും വളരെ ആനന്ദത്തോടെയാണ് തെലുഗർ പാരായണം ചെയ്യുന്നത്.

നന്നയന്റെ ആന്ധ്രമഹാഭാരതം പിന്നെയും രണ്ടുശതാബ്ദകാലത്തോളം പൂർത്തിയാക്കാൻ ആരും തുനിഞ്ഞില്ല. 13-ാം ശ.-ത്തിൽ ആരണ്യപർവം ഒഴിച്ചുള്ള ഭാഗം തിക്കനയും 14-ാം ശ.-ത്തിൽ ആരണ്യപർവം എർറനയയും പരിഭാഷപ്പെടുത്തി. അങ്ങനെ ഈ കവിത്രയം-നന്നയ, തിക്കന, എർറന-പല കാലങ്ങളിലായി ആന്ധ്രമഹാഭാരത വിവർത്തനം പൂർണമാക്കി. ഈ മഹാകവികൾ പില്ക്കാലത്തെ കവികളുടെയും ആസ്വാദകരുടെയും ആരാധനയ്ക്കു പാത്രങ്ങളായി.

വീരശൈവ കവികൾ

[തിരുത്തുക]

നന്നയയ്ക്കും വിവർത്തനം തുടർന്ന് നടത്തിയ തിക്കനയ്ക്കും ഇടയ്ക്കുള്ള കാലം പൊതുവേ വീരശൈവകാലം എന്ന് അറിയപ്പെട്ടു. തെലുഗുവിലെ ആദ്യത്തെ ശൈവകവി 12-ാം ശതകത്തിന്റെ പ്രഥമാർദ്ധത്തിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നന്നിചോഡയാണ് (1150-1220). ചോള ഭരണാധികാരിയായിരുന്ന ചോഡബല്ലിയുടെ പുത്രനായ ഇദ്ദേഹം കുമാരസംഭവം രചിച്ചു. തെലുഗുവിലെ മൗലിക കാവ്യങ്ങളിൽ ആദ്യത്തേതാണ് ഇത്. ഇതിൽ 12 സർഗങ്ങളാണ് ഉള്ളത്. പാർവതീപരമേശ്വരന്മാരുടെ പ്രണയകഥ, കുമാരസ്വാമിയുടെ ജനനം, താരകാസുരന്റെ വധം എന്നിവയാണ് ഈ കാവ്യത്തിലെ മുഖ്യപ്രതിപാദ്യം. കുമാരസംഭവത്തിൽ നിന്നാണ് ഇതിവൃത്തം സ്വീകരിച്ചുള്ളതെങ്കിലും ഇതിനെ തെലുഗുവിലെ ആദ്യത്തെ മൌലിക കാവ്യമായി കണക്കാക്കുന്നു. വിശദവും സ്വാഭാവികവുമാണ് ഇതിലെ വർണനകൾ. സങ്കേതം, ശൈലി, ഭാഷ എന്നിവയെ സംബന്ധിച്ചിടത്തോളം മേന്മ അവകാശപ്പെടാൻ യോഗ്യതയുള്ള ഒരു കൃതിയാണ് നന്നിചോഡയുടെ കുമാരസംഭവം. നന്നിചോഡ തനിക്കു മുമ്പുള്ള തെലുഗുകവികളുടെ പേരുകളൊന്നുംതന്നെ കാവ്യാരംഭത്തിൽ എടുത്തുപറയുന്നില്ല. നന്നിചോഡ ശിവഭക്തനായിരുന്നു. അക്കാലത്തു പ്രശസ്തി നേടിയ ശൈവ സന്ന്യാസിയായ ജംഗമ മല്ലികാർജുനദേവന്റെ ശിഷ്യനുമായിരുന്നു. ശിവതത്ത്വസാരം രചിച്ച മല്ലികാർജുനപണ്ഡിതാരാദ്ധ്യ (1120-80), വിലപ്പെട്ട പല ഗ്രന്ഥങ്ങളുടെയും കർത്താവായ പാൽകുരികി സോമനാഥ (1200), സർവേശ്വരശതകരചയിതാവായ അന്നമയ്യ (1240) എന്നിവരായിരുന്നു പ്രസിദ്ധരായ ശൈവകവികൾ. 13-ാം ശ.-ത്തിൽ ജീവിച്ചിരുന്ന പാൽകുരികി സോമനാഥ ബസവപുരാണം, പണ്ഡിതാരാധ്യചരിതം തുടങ്ങിയ കൃതികളുടെ കർത്താവാണ്. നാടൻ ഭാഷാശൈലിയിലാണ് സോമനാഥ ബസവപുരാണവും പണ്ഡിതാരാധ്യചരിതവും രചിച്ചത്. ഈ രണ്ട് കാവ്യങ്ങളിലും അദ്ദേഹത്തിന്റെ കവിത്വവും പാണ്ഡിത്യവും പ്രകടമാകുന്നു. സമാകർഷകങ്ങളായ വർണനകൾ ഈ കൃതികളെ നിറം പിടിപ്പിക്കുന്നു. അനുഭവസാരം, വൃഷാധിപശതകം എന്നീ കൃതികളും സോമനാഥന്റേതാണ്. ലക്ഷണയുക്തമായ ആദ്യത്തെ തെലുഗു ശതകമാണിത്. ഗംഗോത്പത്തിരാഗദ എന്ന കൃതിയിൽ കവിയുടെ സംഗീത പരിജ്ഞാനം വെളിപ്പെടുന്നു. ദേശിദ്വിപദവൃത്തത്തിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത്. തെലുഗുസാഹിത്യത്തിൽ സോമനാഥയ്ക്ക് സമുന്നതമായ സ്ഥാനമാണുള്ളത്.

1200-നും 1300-നും ഇടയ്ക്കാണ് തിക്കന ജീവിച്ചിരുന്നത്. മതത്തിന്റെ പേരിൽ മല്ലടിക്കുന്ന ശൈവവൈഷ്ണവന്മാരെ, ശിവനും വിഷ്ണുവും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നു ധരിപ്പിക്കുന്നതിനായി തന്റെ മഹത്തായ ഭാരതത്തെ ശിവന്റെയും വിഷ്ണുവിന്റെയും സംയുക്തരൂപമായ ഹരിഹരനാണ് സമർപ്പിച്ചിരിക്കുന്നത്. നിർവചനോത്തരരാമായണമാണ് തിക്കനയുടെ പ്രഥമ കൃതി. നന്നയന്റെ മഹാഭാരതത്തിൽ ഗദ്യഭാഗങ്ങൾ ധാരാളമുണ്ട്. എന്നാൽ തിക്കന ഗദ്യസ്പർശമില്ലാതെയാണ് ഉത്തരരാമായണമെഴുതിയത്. നെല്ലൂർ രാജാവായ മനുസിദ്ധിയാണ് (1200-58) തിക്കനയ്ക്ക് പ്രോത്സാഹനമരുളിയത്. നന്നയനെ അപേക്ഷിച്ച് കുറേക്കൂടി സ്വതന്ത്രമായ രീതിയിലാണ് തിക്കന മഹാഭാരതം പരിഭാഷപ്പെടുത്തിയത്. ചില കഥകൾ തിക്കന വിട്ടുകളഞ്ഞു. സാഹിത്യമേന്മയും കലാമൂല്യവുമുള്ള വിവർത്തനമായിരുന്നു തിക്കനയുടെ ലക്ഷ്യം. വിരാടപർവം കാല്പനികസുന്ദരമാക്കി. ഉദ്യോഗപർവത്തിൽ ധീരസാഹസികതയുടെ തിളക്കമാണ് കാണുന്നത്. രസച്ചരടു പൊട്ടാത്ത മട്ടിലാണ് യുദ്ധചിത്രീകരണം. പല ഭാഗങ്ങളും വായിക്കുമ്പോൾ പരിഭാഷയാണെന്ന തോന്നൽ ഉണ്ടാകുന്നില്ല. പുതുമയും അന്തസ്സുമുള്ള ഭാഷയിലാണ് രചന. തെലുഗുഭാഷയും ദേവഭാഷയും രമ്യമായ നിലയിൽ അലിഞ്ഞുചേർന്നൊഴുകുന്നു. തെലുഗു പദങ്ങൾക്ക് പ്രാമുഖ്യം നല്കിയിരിക്കുന്നു. ദുർഗ്രഹങ്ങളായ ആത്മീയ ആശയങ്ങൾപോലും ലളിതമായ തെലുഗുപദങ്ങൾകൊണ്ട് ശക്തമായി പ്രകാശിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച കവിയാണ് ഇദ്ദേഹം. ഒരു രാജശില്പിയുടെ കരവിരുതാണ് തിക്കന മഹാഭാരത പരിഭാഷയിൽ പ്രകടമാക്കുന്നത്.

കേതന എന്ന കവി ബാണഭട്ടന്റെ (1200-50) കാദംബരി കാവ്യമായി രചിച്ചു. മൂലഘടിക കേതന എന്ന മറ്റൊരു കവിയുണ്ട് (1225-90). ഇദ്ദേഹമാണ് വിജ്ഞാനേശ്വരം എന്ന പേരിൽ യാജ്ഞവല്ക്ക്യ ധർമശാസ്ത്രം പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതും ഒരു സ്വതന്ത്ര വിവർത്തനമാണ്. ആദ്യത്തെ തെലുഗു വ്യാകരണ ഗ്രന്ഥമായ ആന്ധ്രഭാഷാഭൂഷണവും ഈ കേതനന്റെ കൃതിയാണ്. ദണ്ഡിയുടെ ദശകുമാരചരിതം വിവർത്തനം ചെയ്ത ഇദ്ദേഹം 'അഭിനവദണ്ഡി' എന്ന ബിരുദവും നേടിയിരുന്നു. ഈ സ്വതന്ത്ര പരിഭാഷ തിക്കനയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്. ലളിതമെങ്കിലും ശക്തവും ഹൃദ്യവുമാണ് ഭാഷാരീതി. മാരണമന്ത്രി എന്ന കവി മാർക്കണ്ഡേയപുരാണത്തെ അവലംബമാക്കി അതേ പേരിൽത്തന്നെ ഒരു കൃതി രചിച്ചു. ഗദ്യപദ്യമയമായ കൃതിയാണ് മാർക്കണ്ഡേയപുരാണം. ഭാരതം വിരാടപർവം മുതൽ വിവർത്തനം ചെയ്തതായി പറയപ്പെടുന്ന അഥർവണാചാര്യയും (13-ാം ശ.) നീതിസാരമുക്താവലിയുടെ കർത്താവായ ബദ്ദെഭൂപാല(1220-80)യും ഈ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ കവികളാണ്.

രാമകഥ തെലുഗുസാഹിത്യത്തിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഈ സ്വാധീനം പ്രകടമാകുന്നു. രംഗനാഥ രാമായണമാണ് ആദ്യത്തെ തെലുഗുരാമായണം (1250). ഗോന ബുദ്ധറെഡ്ഡി(1200-60)യാണ് ഇതിന്റെ രചയിതാവെന്ന് വിശ്വസിക്കപ്പെടുന്നു. ഗോന ബുദ്ധറെഡ്ഡിയാണ് കർത്താവ് എന്നതിന് ഈ ഗ്രന്ഥം തെളിവു തരുന്നില്ല. രാമായണത്തിന്റെ ഉത്തര കാണ്ഡം രചിച്ചത് റെഡ്ഡിയുടെ പുത്രന്മാരായ കചനും വിത്തലനുമാണെന്നു വിശ്വസിക്കപ്പെടുന്നു. റെഡ്ഡി തന്റെ പിതാവായ വിത്തലന്റെ പേരിലാണ് രാമായണം രചിച്ചതെന്നും പിതാവിന്റെ ചുരുക്കപ്പേര് രംഗനാഥൻ എന്നായിരുന്നു എന്നും കരുതപ്പെടുന്നു. രാവണൻ, കുംഭകർണൻ, വിഭീഷണൻ എന്നിവരുടെ തിളങ്ങുന്ന ചിത്രങ്ങളാണ് രംഗനാഥ രാമായണത്തിലുള്ളത്. പ്രതാപരുദ്രൻ ഒന്നാമന്റെ (വാറംഗൽ) ഒരു സാമന്തനായിരുന്നു ബുദ്ധറെഡ്ഡി.

രംഗനാഥ രാമായണം ഒരു വിവർത്തനമല്ല. വാല്മീകിരാമായണത്തെ അവലംബമാക്കി രചിച്ച ഒരു കൃതി എന്നുവേണം പറയേണ്ടത്. വാല്മീകി പറയാത്ത നിരവധി ഉപാഖ്യാനങ്ങൾ അതിലുണ്ട്. നാടോടിക്കഥകളിൽനിന്നു സ്വീകരിക്കപ്പെട്ടവയാണ് അവ. ജംബുമാലി, കാലനേമി, സുലോചന എന്നിവരെക്കുറിച്ചുള്ള ഉപാഖ്യാനങ്ങൾ ഉദാഹരിക്കാവുന്നവയാണ്. യഥാർഥ കവിതയുടെ തിളക്കം രംഗനാഥ രാമായണത്തിൽ കാണാം. സമാകർഷകമാണ് ശൈലി. സമുന്നത ചിന്തകൾ അവതരിപ്പിക്കുന്ന ഒരു ഉജ്ജ്വല കൃതിയാണ് രംഗനാഥ രാമായണം.

മഹാഭാരത പരിഭാഷയിൽ ഏർപ്പെട്ട മൂന്നാമത്തെ കവിയാണ് എർറന പ്രഗഡ (14-ാം ശ.). തിക്കന വിവർത്തനം ചെയ്യാൻ ഉദ്യമിക്കാത്ത ആരണ്യകാണ്ഡത്തിന്റെ ഉത്തരഭാഗം ഇദ്ദേഹം പൂർത്തിയാക്കി. നന്നയയുടെ ശൈലിയിൽ തുടങ്ങി തിക്കനയുടെ ശൈലിയിൽ അവസാനിപ്പിച്ചു എന്നതാണ് പ്രത്യേകത. വാല്മീകി രാമായണ വിവർത്തനമാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതി. അതിപ്പോൾ ലഭ്യമല്ല. എർറനയുടെ പ്രതിഭ അതിന്റെ ഉദാത്തതയിൽ എത്തിനില്ക്കുന്നത് മൂന്നാമത്തെ കൃതിയായ ഹരിവംശത്തിലാണ്. സംസ്കൃതത്തിൽനിന്നുള്ള വിവർത്തനമാണ് ഈ കൃതി. ഇതിൽ ഹരിയുടെ വംശത്തിന്റെ കഥ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ബ്രഹ്മാണ്ഡപുരാണത്തിൽ നിന്നെടുത്തിട്ടുള്ള ഈ കഥയിൽ ഉചിതസ്ഥാനങ്ങളിൽ പല വർണനകളും കൂട്ടിച്ചേർത്ത് കൃത്രിമപ്രബന്ധത്തിന്റെ രൂപം നല്കിയിരിക്കുന്നതുകാണാം. സരളവും ശുദ്ധവും നിരർഗളവുമാണ് ഭാഷാരീതി. പ്രബന്ധരചനയിൽ സമർഥനായിരുന്നതിനാൽ പ്രബന്ധപരമേശ്വരൻ എന്നും ശിവഭക്തനായിരുന്നതിനാൽ ശംഭുദാസൻ എന്നും അറിയപ്പെടുന്നു.

ഭാസ്കര രാമായണമാണ് അടുത്ത രാമായണം (13-ാം ശ.). ഇതിന്റെ കർത്തൃത്വവും തർക്കവിഷയമാണ്. ഭാസ്കരഡു ആരാണ് എന്നതിനെക്കുറിച്ചാണ് തർക്കം. തിക്കനയുടെ പിതാമഹനായ മന്ത്രിഭാസ്കരയാണെന്നും കൊട്ടാരം കവിയായിരുന്ന ഹുളക്കി ഭാസ്കരഡു ആണെന്നും രണ്ടഭിപ്രായമുണ്ട്. ഭാസ്കര രാമായണ രചനയിൽ ഒരേ കുടുംബത്തിൽപ്പെട്ട സമകാലികരായ നാലഞ്ചു കവികൾക്ക് പങ്കുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. പല കാണ്ഡങ്ങൾ പലരാണ് രചിച്ചതെന്നു കരുതപ്പെടുന്നു. മന്ത്രിഭാസ്കരഡു ആരണ്യകാണ്ഡം രചിച്ചു എന്ന വിശ്വാസമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീടുള്ള ഗവേഷണങ്ങളുടെ ഫലമായി ഹൂളക്കിഭാസ്കരഡു, മല്ലികാർജുന ഭട്ട്, കുമാരരുദ്ര ദേവ അയ്യലാര്യഡു എന്നിവർ പല കാണ്ഡങ്ങളായി രചിച്ചു എന്ന വിശ്വാസം നിലവിൽവന്നു. ഹുളക്കി ഭാസ്കര ആരണ്യകാണ്ഡം മുഴുവനും യുദ്ധകാണ്ഡത്തിൽ 1133 പദ്യങ്ങളും എഴുതി. മല്ലികാർജുന ഭട്ട് ബാലകാണ്ഡവും കിഷ്കിന്ധകാണ്ഡവും സുന്ദരകാണ്ഡവും എഴുതി. കുമാരരുദ്രദേവൻ അയോധ്യകാണ്ഡവും അയ്യലാര്യഡു ഭാസ്കര തുടങ്ങിവച്ച യുദ്ധകാണ്ഡവും പൂർത്തിയാക്കി. ആരണ്യകാണ്ഡമാണ് ഏറ്റവും മെച്ചം. കവികൾ മാറുന്നതനുസരിച്ച് ഭാഷാരീതിക്കും മാറ്റമുണ്ടായിട്ടുണ്ട്. നല്ല ഒഴുക്കുള്ള ലളിതമായ ഭാഷയിലാണ് ആരണ്യകാണ്ഡത്തിന്റെ രചന നിർവഹിക്കപ്പെട്ടിട്ടുള്ളത്.

എർറനയുടെ പ്രായംകുറഞ്ഞ ഒരു സമകാലികനായിരുന്നു നാചന സോമനാഥ. ഉത്തരഹരിവംശം, വസന്തവിലാസം എന്നീ കൃതികൾ അദ്ദേഹം രചിച്ചതാണ്. ഉത്തരഹരിവംശത്തിലെ ആറു സർഗങ്ങൾക്ക് മൂലകൃതിയിൽ നിന്ന് അതിമനോഹരമായ ചില കഥകൾ തിരഞ്ഞെടുത്ത് ചില വർണനകൾ കൂടി കൂട്ടിച്ചേർത്തു. ഇത് ഉത്തരഹരിവംശത്തിന് ഒരു സ്വതന്ത്രകൃതിയുടെ രൂപം നല്കി. ഇദ്ദേഹം ശൃംഗാരരസാവിഷ്കരണത്തിൽ സമർഥനായിരുന്നു. പില്ക്കാലത്ത് പ്രബലമായിത്തീർന്ന 'പ്രബന്ധ' സാഹിത്യത്തിന്റെ ലക്ഷണങ്ങൾ ഉത്തരഹരിവംശത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കാര്യങ്ങളിൽ നന്നയയേയും തിക്കനയേയും നാചന സോമനാഥ പിന്നിലാക്കുന്നു. ഉഷാപരിണയകഥയും നരകാസുരവധകഥയും നാചന സോമനാഥ അത്യാകർഷകമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. സർവജ്ഞബിരുദം നേടിയ നാചന സോമനാഥ നല്ല പാണ്ഡിത്യമുള്ള കവിയായിരുന്നു. സകലഭാഷാഭൂഷണൻ, സാഹിത്യരസപോഷണൻ, സംവിധാന ചക്രവർത്തി എന്നിങ്ങനെ പല ബിരുദങ്ങളും അദ്ദേഹം നേടി. അദ്ദേഹത്തിന് വിജയനഗരാധിപതിയായ ബുക്കദേവരായ ഒരു ഗ്രാമം വിട്ടുകൊടുത്തതായി ഒരു രേഖയിൽ കാണുന്നു. രസകരമായ സന്ദർഭ സൃഷ്ടിയിൽ നാചന സോമനാഥന്റെ കവിപാടവത്തിന് ഉദാഹരണം: 'അങ്ങ് ഇന്ദ്രനെ തോല്പിച്ച് അദ്ദേഹത്തിന്റെ സർവസ്വത്തിനും അധിപതിയായി. എല്ലാ ദേവസുന്ദരിമാരും അങ്ങയുടെ ദാസിമാരാണ്. ഞാനും അവരിൽ ഒരുത്തിതന്നെ. പിന്നെ എങ്ങനെ അങ്ങയിൽനിന്ന് എനിക്ക് ഒഴിഞ്ഞുപോകാൻ കഴിയും? എന്നാൽ മഹർഷിമാർ ചെയ്യുന്ന യാഗകർമങ്ങളുടെ അധിപനല്ലെന്ന കുറ്റം എന്തുകൊണ്ട് അങ്ങയ്ക്കുണ്ടായി?'

വെമുലവാദ ഭീമകവിയുടെ കൃതികളൊന്നുംതന്നെ കിട്ടിയിട്ടില്ലെങ്കിലും ചില സമാഹാരങ്ങളിൽ അദ്ദേഹത്തിന്റെ കാവ്യഭാഗങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതായി കാണുന്നു. മദികിസിംഗന വസിഷ്ഠരാമായണം, പദ്മപുരാണം എന്നീ കൃതികൾ രചിച്ചു. വിക്രമസേനമുവിന്റെ കർത്താവായ ചിമ്മപുഡി അമരേശ്വര (14-ാം ശ.), കാവ്യാലങ്കാരചൂഡാമണിയുടെ കർത്താവായ വിന്നകോടപെദ്ദന (14-ാം ശ.), കേയൂനുബാഹുചരിത്ര കർത്താവായ മഞ്ചന, ത്രിപുരാന്തകോദാഹരണ കർത്താവായ രഘുപതി എന്നിവരാണ് ഈ കാലത്തു ജീവിച്ച് തെലുഗുസാഹിത്യത്തെ സമ്പന്നമാക്കിയ മറ്റു ചില പ്രമുഖ കവികൾ.

ശ്രീനാഥകാലം

[തിരുത്തുക]

1400 മുതൽ 1510 വരെയാണ് ശ്രീനാഥകാലം. ഈ കാലഘട്ടത്തിലെ അതിപ്രമുഖനായ കവി ശ്രീനാഥ (1365-1441) ആയിരുന്നു. പാണ്ഡിത്യത്തിലും കവിത്വശക്തിയിലും ഉന്നതനായിരുന്നു ഇദ്ദേഹം. സംസ്കൃതം, പ്രാകൃതം, തെലുഗു എന്നീ ഭാഷകളിൽ ശ്രീനാഥ പ്രാവീണ്യം നേടി. രാജാവായ വേമറെഡ്ഡി (1400-20) ശ്രീനാഥയ്ക്ക് നല്ലൊരു സ്ഥാനം നല്കിയിരുന്നു. അദ്ദേഹം രാജകൊട്ടാരത്തിൽത്തന്നെയാണു പാർത്തിരുന്നത്. പതിമൂന്ന് കൃതികളുടെ രചയിതാവാണ് ശ്രീനാഥ. പ്രസിദ്ധ താർക്കികനായ ഗൗഡ ഡിണ്ഡിമഭട്ടനെ തോല്പിച്ച പണ്ഡിതനായിരുന്നു ഇദ്ദേഹം. ഹരവിലാസമാണ് ശ്രീനാഥന്റെ മികച്ച കൃതികളിലൊന്ന്. പൽനാടി വീരചരിത്ര ശ്രീനാഥയുടെ പരമോത്കൃഷ്ട കൃതിയാണ്. ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനാഥ. അദ്ദേഹം പണ്ഡിതന്മാരെ വാദങ്ങൾ കൊണ്ട് അമർത്താനും സാധാരണക്കാരെ നേരമ്പോക്കുകൊണ്ട് ഉണർത്താനും വൈദഗ്ദ്ധ്യമുള്ള കവി ആയിരുന്നു. പ്രേമത്തിന് പ്രധാന സ്ഥാനമുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ കൃതികളിൽ. ശിവരാത്രിമാഹാത്മ്യം, ശൃംഗാര നൈഷധം, ദാരുകാവനവിഹാരം, ഹാലാഹലഭക്ഷണം, കിരാതാർജുനീയം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികൾ.

ശ്രീഹർഷന്റെ സുപ്രസിദ്ധ സംസ്കൃത മഹാകാവ്യമായ നൈഷധത്തിന്റെ വിവർത്തനമാണ് ശൃംഗാര നൈഷധം. പില്ക്കാല പ്രബന്ധങ്ങൾക്ക് അതൊരു മാതൃകയായിത്തീർന്നു. നളന്റെയും ദമയന്തിയുടെയും പരിണയമാണ് അതിലെ ഇതിവൃത്തം. ഗുണ്ടൂർ ജില്ലയിലെ പല്നാടുവിലെ വീരന്മാരുടെ പരാക്രമങ്ങളാണ് ദ്വിപദിവൃത്തനിബദ്ധമായ പല്നാടിവീര ചരിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ തെലുഗുവിൽ വളരെ പ്രചാരമുള്ള നിരവധി ചാടു (സാന്ദർഭിക) കവിതകളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാഷാ ശൈലി സംസ്കൃത പ്രചുരമെങ്കിലും നിരർഗളപ്രവാഹമാണ്. ശ്രീനാഥയുടെ കാവ്യരീതിക്ക് ഒരു ഭാഗം ഉദാഹരിക്കുന്നു. 'മഹാമേരു പർവതത്തിൽ നിന്നിറങ്ങി സ്വർഗംഗയിൽ കുറെനേരം നീന്തിക്കുളിച്ചശേഷം ഞങ്ങൾ ശീതളമായ സുവർണപക്ഷങ്ങൾ കൊണ്ട് ഉഷ്ണകാലത്ത് ചാമരം കൊണ്ട് എന്നപോലെ അദ്ദേഹത്തെ വീശി തണുപ്പിക്കുന്നു.'

പോതനയുടെ മുഖ്യകൃതി ഭാഗവതമാണ്. സംസ്കൃതഭാഗവതത്തെ അവലംബമാക്കി നിർമിച്ച കൃതിയാണിത്. മൂലാതിശായിയാണ് പോതനയുടെ ഭാഗവതമെന്നാണ് പണ്ഡിതപക്ഷം. അക്ഷരാഭ്യാസമുള്ളവർക്കെല്ലാം പോതനയുടെ ഭാഗവതത്തിലെ ചിലഭാഗങ്ങൾ കാണാപ്പാഠമാണ്. ചില ഭാഗങ്ങൾ പോതന ഭാഗവതത്തിൽ കൂട്ടിച്ചേർക്കുകയും ചിലത് വിട്ടുകളയുകയും ചെയ്തിട്ടുണ്ട്. ഓരോ കഥയും രസകരമായി ആവിഷ്കരിച്ചിരിക്കുന്നു. ഓരോ ഭാഗവും സ്വയം പൂർണവുമാണ്. ഭക്തിഭാവഭരിതമാണ് പോതനയുടെ ഭാഗവതം. ശരിയായ വാക്ക് ശരിയായിടത്ത് പ്രയോഗിക്കപ്പെട്ടിരിക്കുന്നു. കാവ്യാത്മകത നിറഞ്ഞു തുളുമ്പുന്നുണ്ട്. പ്രഹ്ളാദ ചരിത്രവും ഗജേന്ദ്രമോക്ഷവും ധ്രുവോപാഖ്യാനവും മറ്റും വെട്ടിത്തിളങ്ങുന്നു. ഗജേന്ദ്രമോക്ഷം പ്രഭാതവേളകളിൽ ഭക്തജനങ്ങൾ ആലപിക്കാറുണ്ട്. രുക്മിണീകല്യാണം തെലുഗുനാട്ടിലെ പെൺകുട്ടികൾക്ക് ഹൃദിസ്ഥമാണ്. അവർ ആ ഭാഗം ഹൃദ്യമായി ആലപിക്കുന്നു. ഭാഗവതത്തിന്റെ മിക്കവാറും ഭാഗം പോതനയാണ് രചിച്ചത്. ചില ഭാഗങ്ങൾ ചിതൽതിന്നുപോയെന്നും ആ ഭാഗങ്ങൾ പിന്നീട് ഇദ്ദേഹത്തിന്റെ ശിഷ്യരോ സ്നേഹിതരോ പൂർത്തിയാക്കിയതായിരിക്കാമെന്നും പറയപ്പെടുന്നു. പോതന ഈ കൃതി തന്റെ ആരാധനാമൂർത്തിയായ രാമനാണ് സമർപ്പിച്ചിരിക്കുന്നത്. ഭോഗിനീദണ്ഡകം, വീരഭദ്രവിജയം എന്നീ കൃതികളും പോതന രചിച്ചതാണെന്നു കരുതപ്പെടുന്നുണ്ട്. തന്റെ ഗുരുക്കന്മാരെക്കുറിച്ച് പോതന ഒന്നും പ്രസ്താവിക്കുന്നില്ല. തന്റേത് 'സഹജപാണ്ഡിത്യ'മാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

ഈ കാലത്തെ മറ്റൊരു ശ്രദ്ധേയനായ കവിയാണ് വിക്രമാർജുന കർത്താവായ ജക്കന (14-ാം ശ.-ത്തിന്റെ ഉത്തരാർധം). ആ കാലത്ത് അത്ഭുത കർമങ്ങളിൽ ജനങ്ങൾക്കുണ്ടായിരുന്ന താത്പര്യമാണ് ഈ ആഖ്യാനകാവ്യം ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ ഋതുവർണന, ശ്രീകൈലാസ ക്ഷേത്രവർണ, ആഖ്യാനം എന്നിവ സ്തുത്യർഹമാണ്. രസാഭരണം, അസന്തുനിഛന്ദസ്സ്, ഭോജരാജീയം എന്നിവയാണ് അന്നമചാര്യയുടെ (1400-55) പ്രധാന കൃതികൾ. ഭോജരാജീയത്തിൽ ഭോജരാജാവിനെപ്പറ്റിയുള്ള പല കഥകളും ഉണ്ട്. ആന്ധ്രയിൽ വളരെ പ്രചാരമുള്ളതാണ് ഇതിലെ ഗോവ്യാഘ്രസംവാദം. കരുണരസം നിറഞ്ഞതും സരള മധുരവുമാണ് ഇതിലെ ഭാഷാരീതി. ഹരിശ്ചന്ദ്രോപാഖ്യാനം, നവനാഥചരിത്രം എന്നിവയാണ് ഗൌരനയുടെ (15-ാം ശ.-ത്തിന്റെ പൂർവാർധം) പ്രധാന കൃതികൾ. തെലുഗുവിൽ ആദ്യമായി ഹരിശ്ചന്ദ്രചരിതം രചിച്ചത് ഇദ്ദേഹമാണ്. ദ്വിപദവൃത്തനിബദ്ധവും മനോഹരമായ വർണനകൾകൊണ്ട് മോടിപിടിപ്പിച്ചതുമാണ് ഈ കൃതി. സുപ്രസിദ്ധ മീനനാഥനനുൾപ്പെയുള്ള ശിവയോഗികളുടെ ചരിതമാണ് നവനാഥത്തിലെ പ്രതിപാദ്യം. പഴഞ്ചൊല്ലുകൾ രൂഢിപ്രയോഗങ്ങൾ, ഫലിതപ്രയോഗങ്ങൾ എന്നിവ ഗൗരനയുടെ കൃതിയിൽ ധാരാളം കാണാം. കാലകൌശികയുടെയും വഞ്ചകപുരോഹിതന്റെയും കഥകൾ കവിയുടെ ഫലിതപ്രയോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

പില്ലലമർറി പിനവീരഭദ്ര 15-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഗണനീയനായ ഒരു കവിയാണ്. ശൃംഗാരശാകുന്തളലു, ജൈമിനിഭാരതം എന്നിവ അദ്ദേഹത്തിന്റെ ലഭ്യമായ കൃതികളാണ്. ശൃംഗാരശാകുന്തളലുവിൽ ദുഷ്യന്തന്റെയും ശകുന്തളയുടെയും വിവാഹമാണ് വർണിക്കുന്നത്. കവി ചില കൂട്ടിച്ചേർക്കലുകൾ അതിൽ വരുത്തിയിട്ടുമുണ്ട്. ഈ കൃതിയും പില്ക്കാല പ്രബന്ധങ്ങൾക്ക് ഒരു മാതൃകയായിത്തീർന്നു. വ്യാസശിഷ്യന്മാരിലൊരാളായ ജൈമിന രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന മഹാഭാരതം അശ്വമേധത്തിന്റെ പരിഭാഷയാണ് ജൈമിന ഭാരതം. ഭീമനും അർജുനനും അശ്വമേധയാഗാശ്വത്തെ അനുഗമിക്കുന്നതും വഴിതടയാൻ ശ്രമിച്ച ശത്രുക്കളെ തോല്പിക്കുന്നതുമാണ് ഇതിലെ പ്രതിപാദ്യം. പിനവീരഭദ്രയുടെ കാവ്യശൈലി ഈ കൃതിയിൽ പരിപാകം പ്രാപിച്ചിരിക്കുന്നതു കാണാം. അസാധാരണ സിദ്ധിയുള്ള ഒരു കവിയാണിദ്ദേഹം. തെലുഗുവിലെ ആദ്യത്തെ യുഗ്മകവികളായ നന്ദിമല്ലയയും അദ്ദേഹത്തിന്റെ സഹോദരീപുത്രൻ ഘണ്ഡസിംഗന(15-ാം ശ.-ത്തിന്റെ ഉത്തരാർധം)യും ചേർന്ന് കൃഷ്ണമിശ്രന്റെ പ്രതിരൂപാത്മക നാടകമായ പ്രബോധചന്ദ്രോദയം ചമ്പൂരൂപത്തിലാക്കി (1480). മനുഷ്യമനസ്സിലെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും ഒടുവിൽ തിന്മയ്ക്കു നേരിടുന്ന പരാജയവും ഇതിൽ വർണിച്ചിട്ടുണ്ട്. അത്യന്തം സങ്കീർണമായ ദാർശനിക ചിന്തകൾപോലും വളരെ ലളിതവും വ്യക്തവുമായാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. വരാഹപുരാണമാണ് ഇവരുടെ മറ്റൊരു പ്രധാന കൃതി. ദുർജയ രാജാവിന്റെയും ഒരു ഭില്ലവനിതയായ അർജുനികിയുടെയും ഗൗതമമുനിയുടെയും ഗൗരിപരിണയത്തിന്റെയും കഥകൾ വളരെ ആകർഷകമാണ്. ഘണ്ഡസിംഗനയ്ക്ക് മലയമാരുത കവി എന്ന സ്ഥാനപ്പേരും ലഭിച്ചിട്ടുണ്ട്.

വാസിഷ്ഠ രാമായണത്തിന്റെയും സകല നീതിസമ്മതത്തിന്റെയും കർത്താവായ മഡികിസിംഗന (15-ാം ശ.), ശ്രീനാഥന്റെ ശിഷ്യനും നാചികേതോപാഖ്യാനത്തിന്റെ കർത്താവും ആയ ദുഗ്ഗുപ്പള്ളി ദുഗ്ഗന, ദ്വാത്രിംശികയുടെ കർത്താവായ കൊരവി ഗോപരാജു (1430-80), ചമ്പൂരൂപത്തിൽ സുപ്രസിദ്ധ പഞ്ചതന്ത്രം വിവർത്തനം ചെയ്ത ദുബഗുണ്ട നാരായണ കവി, വിഷ്ണുപുരാണം തർജുമ ചെയ്ത വെന്നലകണ്ഡിസൂരണ എന്നിവരാണ് ഈ കാലത്തെ മറ്റു പ്രധാന കവികൾ.

മധ്യഘട്ടം

[തിരുത്തുക]

പ്രബന്ധകാലവും (1510-1600) ദക്ഷിണകാലവും (1600-1820) ചേർന്നതാണ് മധ്യഘട്ടം.

പ്രബന്ധകാലം

[തിരുത്തുക]

തെലുഗുവിലെ ഒരു പ്രധാന സാഹിത്യരൂപമാണ് പ്രബന്ധം. സംസ്കൃതത്തിൽ നിന്നു വ്യത്യസ്തമായി മറ്റൊരർഥമാണ് തെലുഗുവിൽ പ്രബന്ധത്തിനുള്ളത്. കഥാവസ്തു പ്രഖ്യാതവും നായകൻ ധീരോദാത്തനും പ്രധാനരസം ശൃംഗാരവുമായുള്ള ഒരു പ്രത്യേകതരം കാവ്യമാണിത്. ഗതാനുഗതികമായ 18 വർണനകൾ, അഞ്ചോ ആറോ സർഗങ്ങൾ, അത്യന്തം പ്രശോഭിതമായ ശൈലി എന്നിവ അതിനുണ്ടായിരിക്കും. കൃഷ്ണദേവരായ(1485-1530)ന്റെ കാലമാണ് പ്രബന്ധകാലഘട്ടമെന്ന് അറിയപ്പെടുന്നത്. അത്യുത്കൃഷ്ടങ്ങളായ പ്രബന്ധങ്ങൾ രചിക്കപ്പെട്ട ഈ കാലമാണ് തെലുഗു സാഹിത്യത്തിന്റെ സുവർണകാലം.

ശ്രീകൃഷ്ണദേവരായ
[തിരുത്തുക]
പ്രധാന ലേഖനം: കൃഷ്ണദേവരായർ

ഇദ്ദേഹം സംസ്കൃതത്തിലും തെലുഗു ഭാഷയിലും നല്ല പാണ്ഡിത്യം നേടിയിരുന്നു. അനേകം കവികളെ ഇദ്ദേഹം പ്രോത്സാഹിപ്പിക്കുകയുണ്ടായി. കവികളുടെ രക്ഷാധികാരിയായതിനാൽ ആന്ധ്രഭോജൻ എന്ന പേരിൽ അറിയപ്പെട്ടു. നല്ലൊരു കവിയായിരുന്ന ഇദ്ദേഹത്തിന്റെ കൃതികൾ ഒന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. സംസ്കൃതത്തിലും തെലുഗുവിലും കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന കൃതിയാണ് ആമുക്തമാല്യദ. ആന്ധ്ര നായകനായ കൃഷ്ണദേവരായന് മഹാവിഷ്ണു സ്വപ്നത്തിൽ ദർശനം നല്കിയെന്നും സ്വപ്നവേളയിൽ ആമുക്തമാല്യദ രചിക്കാനാവശ്യപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. വിഷ്ണുചിത്തീയം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ സർവോത്കൃഷ്ടത സ്ഥാപിക്കുന്ന പല മനോഹര കഥകളും ഇതിലുണ്ട്. വർണനയിലും കഥാകഥനത്തിലും ആശയാവിഷ്കരണത്തിലും ഇദ്ദേഹം പ്രദർശിപ്പിക്കുന്ന സാമർഥ്യം അനിതരസാധാരണമാണ്.

കൃഷ്ണദേവരായരുടെ സഭയിൽ അഷ്ടദിഗ്ഗജങ്ങൾ എന്ന പേരിൽ എട്ട് കവികളുണ്ടായിരുന്നു.

1.മനുചരിത്രം എഴുതിയ അല്ലസാനി പെദ്ദന

2.പാരിജാതാപഹരണ കർത്താവായ നന്ദിതിമ്മന

3.രാമാഭ്യുദയ കർത്താവായ അയ്യലരാജുരാമഭദ്രഡു

4.കാളഹസ്തീശ്വര ശതക കർത്താവായ ധൂർജടി

5.രാജശേഖര ചരിത രചയിതാവായ മദയഗാരിമല്ലന

6.വാസുചരിതം എഴുതിയ ഭട്ടുമൂർത്തി (രാമരാജ ഭൂഷണ)

7.കലാപൂർണോദയം രചിച്ച പിംഗളിസൂരണ

8.പാണ്ഡുരംഗ മാഹാത്മ്യം എഴുതിയ തെനാലി രാമകൃഷ്ണ

പിംഗളിസുരനയും രാമരാജഭൂഷണയും കൃഷ്ണദേവരായരുടെ സഭയിൽ ഉണ്ടായിരുന്നില്ലെന്നും ചിന്തലപൂഡി യെല്ലനയും (രാധാമാധവകർത്താവ്) കന്ദുകുറിരുദ്രകവി(നിരങ്കുശോപാഖ്യാന കർത്താവ്)യുമാണ് ഉണ്ടായിരുന്നതെന്നും അഭിപ്രായമുണ്ട്.

പഞ്ചമഹാകാവ്യങ്ങളിൽ ഏറ്റവും മികച്ച കൃതിയായ മനുചരിത്രം (സ്വരോചിഷമനുസംഭവം) രചിച്ച കവിയാണ് പെദ്ദന. 'തെലുഗു കവിതയുടെ പിതാമഹൻ' എന്നാണ് കൃഷ്ണദേവരായർ കവിയെ വിശേഷിപ്പിച്ചിരുന്നത്. പ്രായവും പാണ്ഡിത്യവും മഹത്ത്വശക്തിയുമാണ് ഈ പ്രാമുഖ്യങ്ങൾക്കു കാരണം. മാർക്കണ്ഡേയ പുരാണത്തെ അവലംബമാക്കിയാണ് പെദ്ദന മനുചരിത്രം എഴുതിയത്. മൂലകഥ വിപുലീകരിച്ച് ആറുകാണ്ഡങ്ങളിലായി പെദ്ദന മനുചരിത്രം രചിച്ചു. അലങ്കാരഭരിതമായ ഒരു കൃതിയാണ് മനുചരിത്രം. ഓരോ ശ്ളോകത്തിലും കല്പനകളുണ്ട്. ഭാരതവും ഭാഗവതവും കഴിഞ്ഞാൽ ആന്ധ്രയിൽ ഏറെ പ്രചാരം നേടിയിട്ടുള്ള കൃതിയാണിത്. പെദ്ദന ഹരികഥാസാരം എന്ന വേറൊരു കൃതിയും രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. എന്നാൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.

ഹരിവംശത്തെ അവലംബമാക്കി രചിക്കപ്പെട്ട മനോഹരകൃതിയാണ് നന്ദിതിമ്മനയുടെ പാരിജാതാപഹരണം. കൃഷ്ണനോട് സത്യഭാമ പാരിജാതപുഷ്പം വേണമെന്നു ശഠിക്കുന്നതും കൃഷ്ണൻ സ്വർഗത്തിലെത്തി ഇന്ദ്രനെ യുദ്ധത്തിൽ പരാജയപ്പെടുത്തി പാരിജാതവൃക്ഷം കൊണ്ടുവരുന്നതുമാണ് കാവ്യപ്രമേയം. ശൃംഗാരഭരിതവും സുഖപാരായണക്ഷമവുമാണ് ഇതിലെ ആദ്യകാണ്ഡം. കോമളവും മധുരവും സുഖപ്രവാഹവുമാണ് തിമ്മനയുടെ ഭാഷാരീതി. 'മുക്തതിമ്മനർയു മുദ്ദു പലകു' (തിമ്മനയുടെ വാക്കുകൾ ഹൃദയാവർജകമാണ്) എന്ന് തെലുഗുവിൽ ഒരു ചൊല്ലുതന്നെ ഉണ്ടായിട്ടുണ്ട്.

മദയഗാരിമല്ലന 1515-ന് അടുപ്പിച്ച് രചിച്ച രാജശേഖരചരിതം ഒരു ശ്രേഷ്ഠകൃതിയാണ്. യുദ്ധരംഗങ്ങളിലേക്കു പോകുന്ന കൃഷ്ണദേവരായനെ മല്ലന, അല്ലസ്സാനി പെദ്ദന, നന്ദിതിമ്മന എന്നീ കവികൾ അനുഗമിച്ചിരുന്നു. ഹേമധന്വാവിന്റെ മകൻ രാജശേഖര രാജകുമാരനും സിന്ധ് രാജാവിന്റെ മകൾ കാന്തിമതിയും തമ്മിലുള്ള വിവാഹമാണ് രാജശേഖരചരിതത്തിലെ പ്രതിപാദ്യം. ഹ്രസ്വവും സമിചീനവുമാണ് മല്ലനയുടെ വർണനകൾ. സരളമാണ് രചനാരീതി. ധൂർജടിയുടെ കാളഹസ്തിമാഹാത്മ്യവും കാളഹസ്തീശ്വരശതകവും രസഭാവ ചിത്രീകരണത്തിൽ മികച്ചു നിൽക്കുന്നു. കാളഹസ്തീശ്വരശതകത്തിൽ അദ്ദേഹം തന്റെ കഴിഞ്ഞ ജീവിതത്തെപ്പറ്റി പശ്ചാത്തപിക്കുകയും രാജാക്കന്മാരുടെ ഗർവത്തെയും വിഷയലമ്പടതയെയും ഭർസിക്കയും ചെയ്യുന്നു. ശിവന് തന്റെ രണ്ടു കണ്ണും സമർപ്പിച്ച തിണ്ണയുടെ കഥയും ശിവൻതന്നെ രചിച്ച കവിതയ്ക്കു കുറ്റം കണ്ടെത്തിയ നക്തീരയുടെ കഥയും ധൂർജടി ഇതിൽ സമർഥമായി അവതരിപ്പിച്ചിട്ടുണ്ട്. ധൂർജടിയുടെ ശൈലി അതീവ ഹൃദ്യവും വർണന സ്വഭാവസുന്ദരവുമാണ്. അയ്യലരാജുരാമഭദ്രകവിയുടെ രാമാദ്യുദയവും മികച്ച കൃതിയാണ്. രാമായണകഥ അടിസ്ഥാനമാക്കി പ്രബന്ധാനുരൂപമായ പരമ്പരാഗത വർണനകളോടുകൂടിയാണ് ഇത് രചിച്ചിരിക്കുന്നത്.

സൂരണ (1520-80) തെലുഗു കവിതയ്ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കിയ മഹാകവിയാണ്. തെലുഗു കവികളിൽ അഗ്രഗണ്യൻതന്നെയാണ് അദ്ദേഹം. സംസ്കൃതത്തിലും തെലുഗുവിലും സുരനയ്ക്ക് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു കലാപൂർണോദയം എന്ന കൃതി കവിതയിൽ എഴുതപ്പെട്ട മനോഹരമായ ഒരു നോവൽ തന്നെയാണ്. ഹരിവംശത്തെ അവലംബമാക്കി രചിച്ച പ്രഭാവതീപ്രദ്യുമ്നം സുരനയുടെ മറ്റൊരു കൃതിയാണ്. അദ്ദേഹത്തിന്റെ ആദ്യകാല കൃതിയാണ് രാഘവപാണ്ഡവീയം. അതേപേരിലുള്ള സംസ്കൃതകൃതിയുടെ ചുവടുപിടിച്ച് രചിച്ച ഒരു മഹാകാവ്യമാണിത്. സൂരണയുടെ പാത്രസൃഷ്ടി, രസാവിഷ്കരണം, മനുഷ്യ മനഃശാസ്ത്രചിത്രണം എന്നിവ കിടയറ്റതാണ്. കാവ്യരീതിക്ക് കലാപൂർണോദയത്തിലെ ഒരു ഭാഗം ഉദാഹരിക്കുന്നു.

'ശീതളമായ ചന്ദ്രികയുടെ സൗന്ദര്യത്തിന് സൌരഭ്യമുണ്ടെങ്കിൽ, ശീതളവും സുരഭിലവുമായ കർപ്പൂരഖണ്ഡങ്ങൾക്ക് മാർദവം കൂടിയുണ്ടെങ്കിൽ, ശീതളവും സുരഭിലവും മൃദുലവുമായ മലയാനിലന് മാധുര്യംകൂടിയുണ്ടെങ്കിൽ - എങ്കിൽ നമുക്കു വിചാരിക്കാം ഈ കവിയുടെ വാക്കിന് കിടനില്ക്കുന്ന മറ്റൊരു വസ്തുവുണ്ടെന്ന്'.

അവധാന കവിതകളിലും നിമിഷകവിതകളിലും വിദഗ്ദ്ധനായിരുന്നു രാമരാജഭൂഷണ എന്നുകൂടി പേരുള്ള ഭട്ടുമൂർത്തി (1500-70). കാവ്യാനുശാസന ഗ്രന്ഥമായ നരസഭൂപാലീയം, നളോപാഖ്യാനം, വാസുചരിത്രം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഒന്നാംകിട പ്രബന്ധങ്ങളിൽ ഉൾപ്പെടുന്ന കൃതിയാണ് വാസുചരിത്രം. പിന്നീട് വന്ന പല കവികളും വാസുചരിത്രത്തെ അനുകരിച്ച് ചിന്നവാസുചരിത്രങ്ങൾ രചിച്ചിട്ടുണ്ട്. നളന്റെയും ഹരിശ്ചന്ദ്രന്റെയും കഥ ഒരേസമയം അവതരിപ്പിക്കുന്ന ഈ കാവ്യം കവിയുടെ അതിവിപുലമായ പാണ്ഡിത്യമാണ് വ്യക്തമാക്കുന്നത്. സുപ്രസിദ്ധ കവിയായ തെന്നാലി രാമകൃഷ്ണ ഘടികാചല മഹാത്മ്യം, പാണ്ഡുരംഗ മാഹാത്മ്യം എന്നിങ്ങനെ രണ്ടു മഹാകാവ്യങ്ങൾ രചിച്ചു. ശൈവമതത്തെ അനുകരിച്ചുള്ള ഉദ്ഭടാരാധ്യചരിത്രവും ഇദ്ദേഹത്തിന്റേതാണെന്നു പറയപ്പെടുന്നു. ഫലിതമയവും സാന്ദർഭികവുമാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ആശയ ഗാംഭീര്യത്തിനും രസഭാവാവിഷ്കരണത്തിനും പാത്രചിത്രണത്തിനും വിശ്രുതനാണ് രാമകൃഷ്ണ.

അഷ്ഠദിഗ്ഗജങ്ങൾക്കു പുറമേ മറ്റു നിരവധി കവികളും ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നു. താള്ളപാക വംശത്തിൽപ്പെട്ട വെങ്കടേശ്വകവികൾ അനേകം പദ്യകൃതികളും അന്നമാചാര്യ നിരവധി ഭാവഗീതങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ പുത്രൻ തിരുമലാചാര്യൻ അനേകം കീർത്തനങ്ങളും ദണ്ഡകങ്ങളും രചിച്ചു. തിമ്മക്ക ദ്വിപദവൃത്തത്തിൽ സുഭദ്രാകല്യാണം എന്ന മനോഹര കാവ്യം എഴുതി. തിരുമലാചാര്യന്റെ പുത്രന്മാരും കവികളായിരുന്നു. ചിന്നണ്ണ, ചിന്നതിരുമലാചാര്യ എന്നിവരായിരുന്നു മറ്റുചില കവികൾ. സങ്കുസാല നൃസിംഹകവി (16-ാം ശ.) ആറുസർഗത്തിലുള്ള കവികർണരസായനം എന്ന പ്രബന്ധം രചിച്ചു. സാർഥകവും ഗംഭീരവുമാണ് ഇതിലെ വർണനകൾ. ഈ കാലഘട്ടത്തിലെ പ്രമുഖ തെലുഗു കവയിത്രിയാണ് ആതുകൂരിമൊല്ല. ശ്രീരാമഭക്തയായ ഇവർ കാവ്യരൂപത്തിൽ രാമായണസംഗ്രഹം രചിച്ചു. വെഗലപുഡി വെങ്കയാമാത്യ (ശ്രീകൃഷ്ണ കർണാമൃതം), കന്ദുകൂരി രുദ്രകവി (നിരങ്കുശോപാഖ്യാനം, ജനാർദനശതകം, ശൃംഗാരവിജയം), ഛരിഗൊണ്ഡ ധർമന്ന (ചിത്രഭാരതം), ഹരിഭട്ടൻ (വരാഹപുരാണം, മത്സ്യപുരാണം), അദ്ദങ്കിഗംഗാധരകവി (തപതീസംവരണോപാഖ്യാനം), സാരംഗു തമയ്യ (വൈജയന്തീവിലാസം), മല്ലാറെഡ്ഡി (സചക്രവർത്തി ചരിതം, പദ്മപുരാണം) എന്നിവരും ഈ കാലഘട്ടത്തിലെ ശ്രദ്ധേയരായ കവികളാണ്. അച്ചതെനുഗുവിൽ യയാതി ചരിത്രം രചിച്ച തെലഗന്നയാണ് മറ്റൊരു പ്രധാന കവി.

ദക്ഷിണകാലം

[തിരുത്തുക]

1600 മുതൽ 1820 വരെയുള്ള കാലമാണ് ദക്ഷിണകാലമായി അറിയപ്പെടുന്നത്. ഈ കാലത്ത് മധുര, തഞ്ചാവൂർ, പുതുക്കോട്ട, ചെഞ്ചി, മൈസൂർ എന്നീ പ്രദേശങ്ങളിൽ തെലുഗു സാഹിത്യം പുഷ്ടിപ്രാപിച്ചു. ഇവയിൽ മധുരയും തഞ്ചാവൂരും ആയിരുന്നു സർവപ്രധാനം. ഈ രാജ്യങ്ങളിലെ ഭരണാധികാരികളായ നായകന്മാർ കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് തെലുഗു സാഹിത്യം ഇവിടെ പുഷ്ടി പ്രാപിച്ചത്.

നായകന്മാരിൽ സർവപ്രധാനിയായ രഘുനാഥനായകനാണ് തഞ്ചാവൂർ കവികളിൽ ശ്രേഷ്ഠൻ. രാമായണം, വാല്മീകിചരിത്രം, രണ്ടു ദ്വിപദകാവ്യങ്ങൾ എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനം. രാമായണത്തിലെ നാലു സർഗങ്ങളേ ലഭിച്ചിട്ടുള്ളൂ. വാല്മീകിചരിത്രത്തിൽ വാല്മീകി മുനി കവിയായതെങ്ങനെ എന്ന് വിവരിച്ചിട്ടുണ്ട്. നളചരിത്രവും അച്യുതാഭ്യുദയവുമാണ് ദ്വിപദകാവ്യങ്ങൾ. പിതാവിന്റെ ചരിത്രമാണ് അച്യുതാഭ്യുദയത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രഘുനാഥന്റെ സദസ്യകവികളിലെ അഗ്രഗണ്യനാണ് ചേമകൂരി വേങ്കടകവി. സാരംഗനാഥചരിത്രം, വിജയവിലാസമു എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യങ്ങൾ. സാരംഗനാഥചരിത്രത്തിൽ കവിയുടെ നൈസർഗിക മഹത്ത്വം തെളിഞ്ഞു കാണാം. പഞ്ചമഹാകാവ്യങ്ങളുടെ നിലവാരം പുലർത്തുന്ന പ്രബന്ധങ്ങളിലൊന്നാണ് വിജയവിലാസം. മഹാഭാരതത്തിൽ നിന്നെടുത്തിട്ടുള്ള ഈ കഥയിൽ മനോഹരവർണനകളും ഉന്നത ആശയങ്ങളും ചേർത്ത് വിപുലപ്പെടുത്തിയിട്ടുണ്ട്.

രഘുനാഥന്റെ രക്ഷാധികാരത്തിൽ കഴിയുന്ന മറ്റു രണ്ടു കവികളാണ് കൃഷ്ണധ്വരിയും (1590-1660), കാളകവിയും (1633-73), നൈഷധപാരിജാതം, രഘുനാഥ ഭൂപാലീയം എന്നിവയാണ് കൃഷ്ണധ്വരിയുടെ കാവ്യങ്ങൾ. അഞ്ചുസർഗങ്ങളിലുള്ള രാജഗോപാലവിലാസമാണ് കാളകവിയുടെ കൃതി. നിരൂപകർ നന്നയയ്ക്കു സമാനമായ സ്ഥാനമാണ് ഇദ്ദേഹത്തിനും നല്കിയിട്ടുള്ളത്. അൻപതു കൃതികളുടെ കർത്താവാണ് വിജയരാഘവൻ. ഇവയിൽ ദ്വിപദികളും ഖണ്ഡകാവ്യങ്ങളും യക്ഷഗാനങ്ങളും ഉൾപ്പെടുന്നു. പാദകസഹസ്രം, ലഘുനാഥഭ്യുദയം, ഗോപികാഭ്രമരഗീതം എന്നിവ പ്രധാനമാണ്. വിജയരാഘവ സദസ്സിലെ കവയിത്രിയാണ് രംഗാജമ്മ. എട്ട് ഭാഷകളിൽ ഇവർ കാവ്യരചന നടത്തിയിരുന്നു. സംഗ്രഹഭാഗവതം, സംഗ്രഹഭാരതം, സംഗ്രഹ രാമായണം, ഉഷാപരിണയം എന്നിവയാണ് പ്രധാന കൃതികൾ. കുവലാശ്വചരിത്രത്തിന്റെ കർത്താവായ സവരമുചിന്ന നാരായണയാണ് (1600-60) മറ്റൊരു പ്രധാന കവി. ആഖ്യാനസങ്കേതം, വർണനയുടെ സ്വാഭാവികത, സംഭാഷണത്തിന്റെ ഔചിത്വം എന്നീ കാര്യങ്ങളിൽ കലാപൂർണോദയത്തിനു തുല്യമാണ് ഈ കൃതി. മാധുര്യവും ഒഴുക്കും ഉള്ളതാണ് രചനാരീതി.

മുദ്ദളഗിരിയുടെ സദസ്യ കവിയായ ലിംഗനമഖി കാളേശ്വരകവി (1673-70 - സത്യഭാമാ സാന്ത്വനം, സേനു മാഹാത്മ്യം), പല ശാസ്ത്രങ്ങളിലും വിശാരദനായ ഗണപരവു വേങ്കട കവി (17-ാം ശ. - രാജാവെങ്കടേശ്വര വിലാസം, സർവലക്ഷണ ശിരോമണി), സമുഖം വെങ്കട കൃഷ്ണപ്പനായക (1704-31 - അഹല്യാസംക്രന്തനം, ജൈമിനി ഭാഗവതം), മുദ്ദുപളനി (രാധികാ സാന്ത്വനം), ശേഷം വേങ്കിടപതി (താരാശശാങ്കവിജയം), കുണ്ടൂർത്തി വെങ്കടാചലപതി (1704-32, മിത്രാവിന്ദപരിണയം) എന്നിവയാണ് മധുരയിലെ പ്രധാന കവികൾ. സത്യഭാമാ സാന്ത്വനമാണ് സാന്ത്വനകാവ്യങ്ങൾക്കു തുടക്കം കുറിച്ചത്. എല്ലാ ലക്ഷണങ്ങളുടെയും ഒരു വിജ്ഞാനകോശമാണ് പത്ത് ഉല്ലാസങ്ങളുള്ള സർവലക്ഷണ ശിരോമണി. പുതുക്കോട്ട രാജാവായ വിജയരഘുനാഥന്റെ (1730-69) മകൻ രായരഘുനാഥനാണ് പുതുക്കോട്ടയിലെ പ്രധാന കവി. അത്യുത്കൃഷ്ട പ്രബന്ധങ്ങളിലൊന്നായ പാർവതീ പരിണയമാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. നവീനാശയങ്ങളും മനോഹര വർണനകളും കൊണ്ട് ഉത്കൃഷ്ടമാണ് ഈ കാവ്യം. മൈസൂർ രാജാവായ പാലവേകരി കദരീപതി (17-ാം ശ.) രചിച്ച ശുകസപ്തതി വളരെ പ്രസിദ്ധമാണ്. സമകാലിക ജീവിതം വളരെ വിശദമായി ചിത്രീകരിച്ചിട്ടുള്ള ഈ കൃതി പാഴ്സി, ഉർദു എന്നീ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്ര, തെലുങ്കാന പ്രദേശങ്ങളിലെ ചില കവികളും ഇക്കാലത്ത് ശ്രദ്ധേയമായ പല കൃതികളും രചിച്ചു. 17-ാം ശ.-ത്തിന്റെ മധ്യത്തിൽ ജീവിച്ചിരുന്ന വെങ്കല നായകന്റെ കൃഷ്ണചരിത്രം, ബഹുലാശ്വരചരിത്രം എന്നിവ പ്രസിദ്ധമാണ്. ബഹുലാശ്വ ചരിത്രത്തിൽ കൃഷ്ണന്റെ അഭാവത്തിൽ ഗോപികമാർക്കുണ്ടാകുന്ന ദുഃഖം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അന്ദുഗുല വെങ്കയ്യയുടെ നരപതിവിജയം, കുമാരധൂർജടിയുടെ കൃഷ്ണരായവിജയ എന്നിവയാണ് പ്രധാന ചരിത്രകാവ്യങ്ങൾ. കൃഷ്ണരായവിജയത്തിൽ വിജയനഗരസാമ്രാജ്യസ്ഥാപനം, ശ്രീകൃഷ്ണരായ നേടിയ വിജയങ്ങൾ എന്നിവ വർണിച്ചിരിക്കുന്നു. കവി സാർവഭൗമനായ കൂചിമഞ്ചി തിമ്മകവി (1700-56) രുഗ്മിണീസ്വയംവരം, ശിവലീലാവിലാസം, രാജശേഖരവിലാസം തുടങ്ങിയ പ്രബന്ധങ്ങളും നിലാസുന്ദരീപരിണയം, രാമായണം എന്നീ 'അച്ചതെനുഗു' കാവ്യങ്ങളും രചിച്ചു. സുഭദ്രാഹരണം, ചന്ദ്രരേഖാവിലാസം എന്നിവയാണ് അദ്ദേഹത്തിന്റെ സഹോദരനായ ജഗ്ഗകവിയുടെ പ്രധാന കൃതികൾ. എന്നഗു ലക്ഷ്മണ കവി, എലകൂചി ബാലസരസ്വതി, പുഷ്പഗിരി തിമ്മന എന്നിവർ ഭർതൃഹരിയുടെ സുഭാഷിത തൃശതി തെലുഗുവിലേക്കു പരിഭാഷപ്പെടുത്തി. അദിദം സുരകവി കവിജനരഞ്ജനം, രാമലിംഗേശ്വരശതകം, കവിസമസ്യാവിച്ഛേദം തുടങ്ങിയ കൃതികൾ രചിച്ചു. മൂന്നു സർഗങ്ങളിൽ ചന്ദ്രമതി പരിണയം പ്രതിപാദിച്ചിട്ടുള്ള കവിജനരഞ്ജനമാണ് ഇവയിൽ പ്രധാനം. ശുദ്ധവും ഹൃദ്യവുമാണ് സുരകവിയുടെ ഭാഷാരീതി.

കനുപർത്തി അബ്ബയാമാത്യ, കങ്കണ്ടി പാപരാജു, ദിട്ടകവി നാരായണ കവി എന്നിവരാണ് 18-ാം ശ.-ത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന ചില പ്രധാന കവികൾ. കങ്കണി പാപരാജു (1750-1800)വിന്റെ ഉത്തരരാമചരിത്രം, വാല്മീകിയുടെ ഉത്തരകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ചെയ്തിട്ടുള്ളത്. ദിട്ടകവിയുടെ രംഗരായചരിത്രത്തിൽ റാവുരംഗറാവുവിന്റെ സൈന്യങ്ങളും വിജയരാമരാജുവിന്റെ സൈന്യങ്ങളും തമ്മിലുള്ള തീവ്രമായ യുദ്ധം വർണിക്കുന്നു. ക്രിസ്തുവുമായി ബന്ധപ്പെട്ടവയാണ് മംഗലകവി ആനന്ദകവിയുടെയും (വേദാന്തരസായനം) പിംഗളി എല്ലാനാര്യയുടെയും (തോദ്യചരിത്രം) കൃതികൾ. ക്രിസ്തുദേവചരിതവും ഉപദേശങ്ങളുമാണ് വേദാന്തരസായനത്തിലെ ഉള്ളടക്കം. ഈ കാലഘട്ടത്തിലെ പ്രസിദ്ധനായ സന്ന്യാസ കവിയാണ് ശതക കർത്താവായ വേമന. പല അവസരങ്ങളിലായി അദ്ദേഹം ചൊല്ലിയ കവിതകൾ അദ്ദേഹത്തിന്റെ ശിഷ്യരാണ് സഞ്ചയിച്ചിട്ടുള്ളത് (വേമനപദ്യമുലു). രാവണദമ്മീയം അഥവാ ലങ്കാവിജയം എന്ന ദ്വയാർഥകാവ്യം രചിച്ച പിന്നിപ്രോലു ലക്ഷ്മണ കവിയാണ് മറ്റൊരു പ്രധാന കവി. നിസ്തൂല കൃഷ്ണമൂർത്തി ശാസ്ത്രി (സർവകാമദാപരിണയമു), മണ്ഡപാകപാർവതീശ്വര ശാസ്ത്രി (വെങ്കട ശൈലനാഥ ദ്വിശതി), ഗോപിനാഥം വെങ്കിട കവി (ഗോപീനാഥ രാമായണം) എന്നിവരാണ് 18-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിലും ജീവിച്ചിരുന്ന ചില പ്രധാന കവികൾ. തരിഗൊണ്ഡ വെങ്കമാംബയാണ് ഈ കാലത്തെ പ്രമുഖ കവയിത്രി. വെങ്കടഗിരി ക്ഷേത്ര മാഹാത്മ്യം വർണിച്ചിട്ടുള്ള വെങ്കടാചല മാഹാത്മ്യമാണ് ഇവരുടെ പ്രധാന കൃതി. തത്ത്വശാസ്ത്രം പ്രതിപാദിക്കുന്ന ജ്ഞാനവാസിഷ്ടം, രാജയോഗം പ്രതിപാദിക്കുന്ന രാജയോഗസാരമു എന്നിവയാണ് ഇവരുടെ മറ്റു കൃതികൾ. സരളവും സാധാരണ ഭാഷയോട് അടുക്കുന്നതുമാണ് ഇവരുടെ ഭാഷാരീതി.

ജാതപ്രോലു എസ്റ്റേറ്റുകാരനായ സുരഭി മാധവരായലു, വാരംഗലിലെ പരശുരാമപന്തലുവിരഹമൂർത്തി എന്നിവരാണ് ഈ കാലത്ത് തെലുങ്കാനയിൽ ജിവിച്ചിരുന്ന പ്രധാന കവികൾ. സുരഭി മാധവരായലുവിന്റെ ചന്ദ്രികാപരിണയത്തിൽ ചന്ദ്രികയുടെയും സുചന്ദ്രന്റെയും പ്രേമകഥയാണ് വർണിച്ചിരിക്കുന്നത്. ഇത് ചിന്നവാസു ചരിത്രം എന്ന പേരിലും അറിയപ്പെടുന്നു. സീതാരാമഞ്ജനേയ സംവാദം എന്ന ദാർശനിക കൃതിയാണ് ലിംഗമൂർത്തിയുടെ അറിയപ്പെടുന്ന കൃതി. ആത്മീയ കാര്യങ്ങൾ പോലും അനായാസവും നിപുണവുമായി ആഖ്യാനം ചെയ്യാനുള്ള ലിംഗമൂർത്തിയുടെ വൈദഗ്ദ്ധ്യം ഈ കൃതിയിൽ നിന്നു മനസ്സിലാക്കാം. 1750 മുതൽ 1850 വരെയുള്ള കാലത്തെ തെലുഗു സാഹിത്യത്തിന്റെ അപചയകാലമായി നിരൂപകർ കണക്കാക്കുന്നു. ഈ കാലത്ത് കവിതയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെട്ട് അത് വെറും കൃത്രിമമായിത്തീർന്നു എന്നാണ് അവർ അഭിപ്രായപ്പെടുന്നത്.

ആധുനികഘട്ടം

[തിരുത്തുക]

ഇംഗ്ലീഷ് സാഹിത്യം പഠിച്ച തെലുഗു സാഹിത്യകാരന്മാർ പല പരീക്ഷണങ്ങളും നടത്തിനോക്കി. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത എഴുത്തുകാരാകട്ടെ പഴയ രീതിതന്നെ തുടർന്നു. വീരേശലിംഗം പന്തുലു പുതിയ രീതിയിൽ നോവൽ, കഥ, നാടകം, ഉപന്യാസം, ലഘുകവിത, സാഹിത്യ നിരൂപണം, ജീവചരിത്രം, ആത്മകഥ, തുടങ്ങിയവയെല്ലാം രചിച്ചു. എന്നാൽ പഴയ രീതി പാടേ ഉപേക്ഷിച്ചതുമില്ല. ഇരുപതാം നൂറ്റാണ്ടിൽ തെലുഗുവിൽ ലഘുകവിതകളും ദീർഘ കവിതകളും രചിക്കപ്പെട്ടു. കാല്പനിക കൃതികൾ, ഭാവഗീതങ്ങൾ, കഥാകവിതകൾ, സങ്കീർത്തനങ്ങൾ, വിലാപഗീതങ്ങൾ, ഹാസ്യാനുകരണങ്ങൾ, ദേശഭക്തി ഗാനങ്ങൾ, ആദർശാധിഷ്ഠിത കവിതകൾ, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് കവിതകൾ, അധ്യാത്മിക കവിതകൾ എന്നിവ കവിതാരംഗത്തെ സമ്പന്നമാക്കി. നോവൽ, ചെറുകഥ, ചിത്രീകരണങ്ങൾ, ഉപന്യാസങ്ങൾ, സാഹിത്യനിരൂപണങ്ങൾ, യാത്രാവിവരണങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ, ശാസ്ത്രകൃതികൾ, ജീവചരിത്രങ്ങൾ, ആത്മകഥകൾ, കവികളുടെ ജീവചരിത്രങ്ങൾ എന്നിവ രചിക്കപ്പെട്ടു. നാടകം, നാടകശാസ്ത്രം, ഹരികഥ എന്നീ ശാഖകൾ വളർന്നു. ബാലസാഹിത്യം, പത്രസാഹിത്യം, നാടോടി സാഹിത്യം എന്നിവയും വളർച്ച നേടി. കവയിത്രികൾ പലരും രംഗപ്രവേശം ചെയ്തു.

ആംഗലസാഹിത്യ പരിചയമാണ് തെലുഗു സാഹിത്യത്തിൽ പല പുതുമകളും വരുത്തിയത്. പുതിയ സാഹിത്യരൂപങ്ങളിൽ ജീവിതാവിഷ്കരണം നടത്തുന്നതിന് ഈ പരിചയം സഹായകമായി. ഇന്ത്യയിലെ മറ്റു സാഹിത്യങ്ങളിലും ഇത്തരം മാറ്റങ്ങൾ ഇതേകാലത്തുതന്നെ കണ്ടുതുടങ്ങി. വീരേശലിംഗം (1848-1919) കാവ്യങ്ങളിൽ കാവ്യഭാഷതന്നെ സ്വീകരിച്ചു. സാമൂഹികാനാചാരങ്ങൾ നിർമാർജ്ജനം ചെയ്യാൻ സാഹിത്യത്തെ ഉപയോഗിച്ച ആദ്യത്തെ വിഖ്യാതകവിയായിരുന്നു ഇദ്ദേഹം. സാഹിത്യത്തെ ഗൗരവമായി കണ്ടു. ആർഭാടപൂർണമായ ശൈലിയുടെയും ഭാഷാപരമായ അഭ്യാസപ്രകടനങ്ങളുടെയും വ്യർഥത മനസ്സിലാക്കി. എന്നാൽ ഒരു പുതിയ കവിതാരൂപവും സൃഷ്ടിച്ചില്ല. ആധുനികവീക്ഷണഗതിയുള്ള പാരമ്പര്യവാദിയായ കവിയായിരുന്നു ഇദ്ദേഹം. സി.ആർ. റെഡ്ഡിയുടെ മുസലമ്മമരണമുവിലും ആധുനിക കവിതയുടെ ലാഞ്ഛനകൾ കാണാൻ കഴിയും.

ഈ കാലഘട്ടത്തിൽ കവിതകൾ രചിച്ച ഗുർജാഡ വെങ്കട അപ്പാറാവു(1848-1919)വും റായപ്രോലു സുബ്ബറാവു(ജ.1892)വും ആണ് പുതിയ പ്രവണതകളുടെ ഉപജ്ഞാതാക്കൾ എന്നു പറയാം. രായപ്രോലുവിന്റെ കവിതകൾക്കാണ് കൂടുതൽ അംഗീകാരം ലഭിച്ചത്. കുറേക്കാലം കഴിഞ്ഞപ്പോൾ ആധുനികകാലത്തെ സംബന്ധിച്ചിടത്തോളം 'യുഗകർത്താവാ'യി അംഗീകരിക്കപ്പെട്ടത് അപ്പാറാവുവാണ്.

അപ്പാറാവു മാതൃഭൂമിയെ ഏറെ സ്നേഹിച്ചിരുന്നു. എന്നാൽ സങ്കുചിതമായ പ്രാദേശിക ചിന്ത ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ആദർശങ്ങൾ കൃതികളിൽ പ്രകടമായിരിക്കുന്നു. അപ്പാറാവുവിന്റെ ദേശസ്നേഹം 'ദേശഭക്തി' എന്ന കവിതയിൽ വെളിപ്പെടുന്നു. 'മുത്യാലസരമുലു' (Garland) എന്ന കവിതയിൽ ലോകം മുഴുവൻ ഒരു വീടാണെന്നും വർണത്തെ ആധാരമാക്കിയുള്ള വിശ്വാസങ്ങളെല്ലാം ഇല്ലാതാക്കണമെന്നും സ്നേഹത്തിന്റെ ഫലം ആനന്ദമാണെന്നും വ്യക്തമാക്കുന്നു. കാവ്യരീതിക്ക് ഒരുഭാഗം നോക്കുക:

'സമസ്തലോകവുമൊരു വീടായാൽ
വർഗവരമ്പുകൾ മാഞ്ഞു മറഞ്ഞാൽ
സീമയെഴാത്തൊരു സ്നേഹത്തിൽ നി
ന്നാനന്ദങ്ങൾ പൊട്ടിവിരിഞ്ഞാൽ,
മതങ്ങൾ സർവ്വവുമപ്പോൾ മായും,
ജ്ഞാനം മാത്രം തെളിഞ്ഞു മിന്നും;
മാനവർ നമ്മൾ കിനാവു കാണും
നാകസുഖങ്ങൾ ഭൂമിയിലെത്തും'

ലവണരാസുകാല എന്ന കൃതിയിൽ ശിഷ്ടർ, ദുഷ്ടർ എന്നിങ്ങനെ രണ്ടു ജാതിക്കാരാണ് മനുഷ്യർ എന്നു പറയുന്നു. നല്ലവർ തൊട്ടുകൂടാത്തവരാണെങ്കിൽ തൊട്ടുകൂടാത്തവനാകാനാണ് തന്റെ ആഗ്രഹമെന്നും ഇദ്ദേഹം പ്രഖ്യാപിക്കുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല കവിതകളിൽ ഏറ്റവും പ്രസിദ്ധി നേടിയത് പുട്ടടി ബൊമ്മ പൂർണമ്മയാണ്. ഗുർജാഡയുടെ കവിതകൾ അദ്ദേഹത്തിന്റെ മരണശേഷം 1940-ഓടുകൂടിയാണ് ഏറെ ജനപ്രീതി നേടിയത്. ഇന്ന് ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

റായപ്രോലു സുബ്ബറാവു നന്നേ ചെറുപ്പത്തിൽത്തന്നെ ശ്രീ ശങ്കരന്റെ ഭജഗോവിന്ദം പരിഭാഷപ്പെടുത്തി. തുടർന്ന് ടെനിസന്റെ ഡോറ വിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ കഷ്ടകമല, സ്വപ്നകുമാരമു, ആന്ധ്രാവലി തുടങ്ങിയ കൃതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു. സുബ്ബറാവുവിന് ഭൂതകാലമാണ് പലപ്പോഴും പ്രചോദനമരുളിയത്. ഇനി തനിക്കൊരു ജന്മമുണ്ടെങ്കിൽ തെലുഗുതന്നെ ആയിരിക്കണം തന്റെ മാതൃഭാഷയെന്ന് ആഗ്രഹിച്ച കവിയാണ് റായപ്രോലു സുബ്ബറാവു. പ്രകൃതിയെ അദ്ദേഹം അങ്ങേയറ്റം ആരാധിച്ചിരുന്നു. ആന്ധ്രയെ മാത്രമല്ല ഭാരതത്തെയാകെ അദ്ദേഹം സ്നേഹിച്ചു. 'അമലിനശൃംഗാര'ത്തിന് അദ്ദേഹം കവിതകളിൽ പ്രാധാന്യം കല്പിച്ചു. പരിശുദ്ധപ്രേമത്തെ പല കൃതികളിലും അദ്ദേഹം ചിത്രീകരിക്കുന്നു.

രവീന്ദ്രനാഥ ടാഗൂറിന്റെ കൃതികൾ സുബ്ബറാവുവിനെ വളരെയേറെ സ്വാധീനിച്ചിരുന്നു. രൂപനവനീതം എന്ന പ്രതിരൂപാത്മക നാടകത്തിലും മാംസനിബദ്ധമല്ലാത്ത വിശുദ്ധ രാഗത്തിന് പ്രാധാന്യം കല്പിച്ചിരിക്കുന്നു. തൃണകങ്കണത്തിലും പരിശുദ്ധമായ സ്നേഹം തന്നെയാണ് നിറഞ്ഞുനില്ക്കുന്നത്. തെലുഗു കവിതയുടെ ചരിത്രത്തിൽ പുതിയ അധ്യായമായി മാറിയ ഈ കവിതയുടെ രജതജൂബിലി അളവറ്റ ആഹ്ളാദത്തോടുകൂടി ആഘോഷിക്കപ്പെട്ടു. ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു. ഇങ്ങനെ നൂറ്റാണ്ടു പഴക്കമുള്ള തെലുഗു കവിതയെ ഒരു പുതിയ ദിശയിലേക്ക് തിരിച്ചുവിട്ടെങ്കിലും പരമ്പരാഗത വൃത്തങ്ങൾതന്നെയാണ് ഇദ്ദേഹം തുടർന്നും ഉപയോഗിച്ചത്. റായപ്രോലുവിന്റെ കാല്പനിക കവിതയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട അനേകം കവികൾ അദ്ദേഹത്തെ പിൻതുടർന്നു.

തിരുപ്പതി വെങ്കിട കവുളു എന്നറിയപ്പെടുന്ന ദിവാകർല തിരുപ്പതിശാസ്ത്രി(1871-1919)യും ചെല്ലപ്പിള്ള വേങ്കടശാസ്ത്രി (1870-1950)യും അഭ്യസ്തവിദ്യരും നിരക്ഷരരുമായ ജനങ്ങൾക്കിടയിൽ കവിതയ്ക്ക് ഒരുപോലെ പ്രചാരം നേടിക്കൊടുത്തു. തിരുപ്പതി വെങ്കിടേശ്വരന്മാർ തെലുഗു സാഹിത്യ കുതുകികളുടെ ആദരവ് നേടിയിരുന്നു. വെങ്കിടശാസ്ത്രി ആദ്യത്തെ ആസ്ഥാനകവിയായി. വെങ്കിടേശ്വര കവികൾ ധാരാളം നാടകങ്ങളും കവിതകളും രചിച്ചു. ഇവർ എഴുതിയ ശ്രവണാനന്ദം എന്ന കാവ്യം വണ്ടി ഉരുട്ടുന്നവർ പോലും ആലപിച്ചിരുന്നു. ഇവരുടെ ദേവീഭാഗതവും ബുദ്ധചരിതവും മികച്ച കൃതികളാണ്. തിരുപ്പതിവേങ്കട കവികളിൽ പഴയ കവിത അവസാനിക്കുകയും പുതിയ കവിത തുടങ്ങുകയും ചെയ്യുന്നു. ശതാവധാനികൾ ആയിരുന്നു ഈ കവികൾ. ഇവരുടെ ആശു കവിത (ദ്രുതകവിത) സാധാരണക്കാരെ ആകർഷിച്ചു. വേലൂരി ശിവരാമശാസ്ത്രി (1892-1964), വിശ്വനാഥ സത്യനാരായണ (1895-1976), പിംഗളിലക്ഷ്മീകാന്തം (1893-1972), കടൂരി വെങ്കടേശ്വര റാവു (1895-1962) തുടങ്ങിയ അക്കാലത്തെ അനേകം കവികൾ അവരുടെ ശിഷ്യത്വം സ്വീകരിച്ചു. ആധുനിക കവിതയുടെ മുഖ്യസവിശേഷതകളിൽ ഒന്നായ ശൈലീപരമായ ലാളിത്യം ഇവരുടെ കവിതകളിൽ സുലഭമായി കാണാം. ഇവർ അനുവർത്തിച്ചിട്ടുള്ള സംഭാഷണശൈലി കവിതകൾക്ക് വശ്യതയും പ്രസന്നതയും പ്രദാനം ചെയ്തിട്ടുണ്ട്. ലക്ഷ്മീ നരസിംഹം (1857-1946), പാനുഗണ്ടി ലക്ഷ്മീ നരസിംഹറാവു (1865-1940), ബലിജേപ്പള്ളി ലക്ഷ്മീകാന്തം (1881-1953), വേദം വെങ്കിടരായശാസ്ത്രി (1853-1929), വഡ്ഡാദി സുബ്ബരായ (1854-1938), ധർമവരം രാമകൃഷ്ണമാചാര്യലു (1853-1912) തുടങ്ങിയവരായിരുന്നു ഈ കാലഘട്ടത്തിലെ മറ്റുചില പ്രധാന കവികൾ. ഇവർ തങ്ങളുടെ നാടകങ്ങളിലൂടെ കവിതയ്ക്ക് പ്രചാരം നല്കി. ഒന്നു രണ്ട് ദശാബ്ദകാലം ഇവരുടെ നാടകങ്ങൾ പ്രേക്ഷകരെ ഏറെ ആകർഷിക്കുകയുണ്ടായി.

കാല്പനിക കവിത. മറ്റു ഭാരതീയ ഭാഷകളിലെന്നതുപോലെ 1920-40 കളിലെ തെലുഗുവിലും കാല്പനിക പ്രസ്ഥാനം പ്രമുഖ ശക്തിയായിത്തീർന്നു. കാല്പനിക കവികളുടെ വസന്തകാലമായിരുന്നു അത്. നവ്യ കവിതയുടെ വളർച്ചയോടുകൂടി അതിന് ഒരു പേരിടുന്നതിനെപ്പറ്റി ജി. ഹരിസർവോത്തമറാവു പ്രസിദ്ധ പണ്ഡിതനായ ജി.വി. സീതാപതി തുടങ്ങിയവരുമായി ചർച്ച നടത്തുകയും 'ഭാവകവിത്വം' എന്ന പ്രയോഗം പ്രചരിപ്പിക്കുകയും ചെയ്തു. ഭാവകവിതകൾ എഴുതുന്നവരെ 'ഭാവകവുലു' എന്നു വിളിക്കാനും തുടങ്ങി. ഭാവകവിത ഗാനയോഗ്യവും ആത്മനിഷ്ഠവും വ്യംഗ്യപ്രധാനവുമാണ്. കവികളെ പാരമ്പര്യരീതിയിൽനിന്നു മോചിപ്പിച്ച് സ്വതന്ത്രവായു ശ്വസിപ്പിച്ചത് കാല്പനിക കവികളാണ്. അനവധി കവികൾ ശ്രവണ മധുരങ്ങളായ അനേകം കവിതകൾ രചിച്ചു. ഇപ്രകാരം തെലുഗു കവിതയെ സമ്പന്നതരമാക്കാൻ കാല്പനികതയ്ക്കു കഴിഞ്ഞു എന്നതാണ് പ്രത്യേകത. പ്രണയ കവിത, അജപാല കവിത, ദേശാഭിമാന കവിത, മിസ്റ്റിക് കവിത എന്നിങ്ങനെ വേർതിരിച്ചറിയാവുന്ന പല വിഭാഗങ്ങളും ഉണ്ടായി. ഇവയിൽ പ്രണയകവിതകളാണ് സ്വാഭാവികമായിത്തന്നെ മുന്നിട്ടു നില്ക്കുന്നത്.

അബ്ബൂരി രാമകൃഷ്ണറാവു (1896-1979), ദുവ്വൂരി രാമിറെഡ്ഡി (1895-1947), വേങ്കട പാർവതീശ്വര കവുലു, ഡി.വി. കൃഷ്ണശാസ്ത്രി (1897-1980), അഡിവി ബാപിരാജു (1895-1952), വേദുല സത്യനാരായണ, നന്ദൂരി വെങ്കട സുബ്ബറാവു (1895-1957) തുടങ്ങിയവരാണ് കാല്പനിക പ്രസ്ഥാനത്തെ സമ്പന്നമാക്കിയ പ്രമുഖ കവികൾ. ഇവരിൽ ഡി.വി. കൃഷ്ണശാസ്ത്രിയാണ് കാല്പനിക പ്രസ്ഥാനത്തെ ഏറ്റവും ഫലപ്രദമായി വികസിപ്പിച്ച കവി. അദ്ദേഹത്തിന്റെ പേര് ആധുനിക കവിതയുടെ പര്യായമായിത്തീർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു. കാവ്യരീതിക്ക് എതാനും വരികൾ നോക്കുക:

'എന്തിനാണീപ്പൂവുകൾ സുരഭിലമാകുന്നു?
എന്തിന്നീയമ്പിളിയിൽപ്പൂനിലാവു പൂക്കുന്നു?
എന്തിന്നീ ജലമൊഴുകുന്നു?
എന്തിന്നായീക്കാറ്റു വീശുന്നു?
എന്തിന്നായെൻ ഹൃദയം
നിന്നെ സ്നേഹിക്കുന്നു?'

കാല്പനികപ്രസ്ഥാനം പുരോഗമിച്ചുകൊണ്ടിരുന്ന ഈ കാലത്തുതന്നെ ബസവരാജു അപ്പറാവു (1894-1933), നന്ദൂരി വേങ്കട സുബ്ബറാവു (1895-1957), കൊനകൊണ്ട വെങ്കടരത്നം (ജ.1909), വിശ്വനാഥ സത്യനാരായണ തുടങ്ങിയ പല പ്രമുഖ കവികളും നിരവധി ഭാവഗീതങ്ങളും രചിക്കുകയുണ്ടായി. പുട്ടപർത്തി സത്യനാരായണാചാര്യലു (ജ.1915) ജനപ്രിയരാമായണം ഭാവഗീതശൈലിയിൽ രചിച്ചു. അനേകം പണ്ഡിതന്മാരുടെ ശ്രദ്ധ ആകർഷിച്ച ഗാനസമാഹാരമാണ് നന്ദൂരി വെങ്കട സുബ്ബറാവിന്റെ യേങ്കിടപാടലു. നാടോടി ഭാഷയിൽ രചിക്കപ്പെട്ട ഈ കൃതിയിൽ പ്രണയത്തിന്റെ പല അവസ്ഥാന്തരങ്ങളും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നതു കാണാം.

നാനാമുഖ പ്രതിഭയായ വിശ്വനാഥ സത്യനാരായണയുടെ ഏറ്റവും മികച്ച കൃതിയാണ് രാമായണ കല്പവൃക്ഷമു (ഇതിന് 1973-ൽ ജ്ഞാനപീഠ സമ്മാനം ലഭിച്ചു). ഇത് തെലുഗു ഭാഷയ്ക്ക് ഭാരതീയ സാഹിത്യത്തിലെ ഉന്നത പദവി നേടിക്കൊടുത്തു. ഇദ്ദേഹം നിരവധി ദീർഘ കവിതകളും ലഘുകവിതകളും രചിച്ചിട്ടുണ്ട്. കാല്പനാനിർഭരങ്ങളും വികാരവായ്പാൽ ത്രസിക്കുന്നവയുമായ ഗാനങ്ങളുടെ സമാഹാരമാണ് കിന്നരസാന്നി പാടലു. കിന്നരസാനി പാടലു എന്ന കാവ്യത്തിൽ ശ്വശ്രുവിനാൽ പീഡിപ്പിക്കപ്പെടുന്ന സൗമ്യശീലരായ 'കിന്നര' എന്ന യുവതിയുടെ കഥയാണ് പ്രതിപാദിച്ചിരിക്കുന്നത്. മറ്റു ഗാനങ്ങളിൽ കിന്നര എന്ന നദിയുടെ (കൃഷ്ണാ ജില്ലയിലെ ഒരു ചെറിയ പുഴ) ജനനം, നടനം, നൃത്തം, പാട്ട്, ദുഃഖം എന്നിവ ചിത്രീകരിച്ചിട്ടുണ്ട്.

കാല്പനിക കവിതകളോടൊപ്പം തന്നെ പാരമ്പര്യവാദികളായ കവികൾ നിരവധി പാരമ്പര്യ കാവ്യങ്ങളും രചിച്ചു. ജാതിചിന്ത ബാധിച്ച സമൂഹത്തെ പരിഗണിച്ചുകൊണ്ട് ജി.ജോഷ്വ (1895-1972) രചിച്ച ഗബ്ബിലം, ഫിർദൌസി; കരുണശ്രി എന്ന പേരിൽ അറിയപ്പെടുന്ന ജന്ധലാല പാപയ്യശാസ്ത്രി കുന്തിയെയും ബുദ്ധനെയും കേന്ദ്രീകരിച്ചു രചിച്ചിട്ടുള്ള കാവ്യങ്ങൾ; പിംഗളി ലക്ഷ്മീകാന്തം, കാടൂരി വെങ്കടേശ്വരറാവു എന്നിവരുടെ സൗന്ദര്യനന്ദം; ഗഡിയാരം വെങ്കടശേഷശാസ്ത്രിയുടെ ശിവഭാരതം; എം. സത്യനാരായണയുടെ ആന്ധ്രപുരാണം എന്നിവയാണ് പരമ്പരാഗത വൃത്തത്തിൽ രചിക്കപ്പെട്ട പ്രധാനപ്പെട്ട ദീർഘകാവ്യങ്ങൾ. ഉത്പല സത്യനാരായണ (ജ.1920) ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും കുറിച്ച് എഴുതിയിട്ടുള്ള ജണ്ടനഗരാലു എന്ന ആക്ഷേപഹാസ്യ കാവ്യവും ശ്രദ്ധേയമാണ്.

വിലാപകാവ്യങ്ങൾ. ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട കവികൾ വിലാപകാവ്യങ്ങൾ പലതും പരിഭാഷപ്പെടുത്തി. മൗലിക കൃതികളും ഉണ്ടായിട്ടുണ്ട്. വാവിലാലാ വാസുദേവശാസ്ത്രി പിതാവിന്റെ ചരമത്തെക്കുറിച്ച് പിത്രാരാധനമു, ഭാര്യയുടെ വിയോഗത്തെക്കുറിച്ച് രുക്മിണീ സ്മരണമു എന്നീ വിലാപകാവ്യങ്ങൾ എഴുതി. വഡ്ഡാദി സുബ്ബരായുഡു പത്നിയുടെ വേർപാടിനെക്കുറിച്ച് സതിസ്മൃതിയും പുത്രന്റെ നിര്യാണത്തെക്കുറിച്ച് സുതസ്മൃതിയും എഴുതി. 20-ാം ശ.-ത്തിന്റെ ആരംഭത്തിലുണ്ടായ വിലാപകാവ്യങ്ങളാണ് പുത്രശോകമു (1902-ബാപ്പയ്യാശാസ്ത്രി), പ്രേയസീസ്മൃതി (1904), മിത്രസ്മൃതി (1910- ഡി. ജഗന്നാഥറാവു) എന്നിവ. ദുവ്വൂരി രാമിറെഡ്ഡി, വിശ്വനാഥ സത്യനാരായണ, മാധവപ്പെദ്ദി ബുച്ചി സുന്ദരരാമശാസ്ത്രി എന്നിവരും ഭാര്യാമരണത്തെക്കുറിച്ച് വിലാപകാവ്യങ്ങൾ എഴുതിയിട്ടുണ്ട്. ബസവരാജു അപ്പാറാവു, പെദ്ദിഭട്ട്ല രാമചന്ദ്രറാവു, മാർക്കണ്ഡേയശർമ, അദ്ദെപ്പള്ളി നാഗഗോപാലറാവു എന്നിവരും പ്രസിദ്ധരായ വിലാപകാവ്യ കർത്താക്കളാണ്.

ദേശാഭിമാന കവിതകൾ. ദേശാഭിമാനപരങ്ങളായ പല കവിതകളും ഭാവകവിതകൾക്കു സമാന്തരമായി രചിക്കപ്പെട്ടിട്ടുണ്ട്. ബാലിജെപ്പള്ളി ലക്ഷ്മീകാന്തം, ഗാരിമെല്ലാ സത്യനാരായണ, മാധവപെദ്ദി ബുച്ചി സുന്ദര രാമശാസ്ത്രി തുടങ്ങിയ കവികൾ ചെറിയ കവിതകളിലൂടെ ദേശസ്നേഹം വ്യക്തമാക്കി. ഗാരിമെല്ലാ സത്യനാരായണയുടെ കവിതകൾ കാട്ടു തീപോലെ പടർന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ കവിതകൾ പാടിയവരും തുറുങ്കിലടയ്ക്കപ്പെട്ടു. അദ്ദേഹത്തിന് തൊഴിലവസരം നിഷേധിച്ചു. കഠിനമായ ദാരിദ്യ്രവും അനുഭവിക്കേണ്ടിവന്നു. ദേശീയഗാനങ്ങൾ ധാരാളമായി എഴുതിയ മാധവപ്പെദ്ദി ബുച്ചി സുന്ദരരാമശാസ്ത്രി സ്വന്തം കവിതകൾ ഹൃദ്യമായി ആലപിക്കുമായിരുന്നു. അയിത്തത്തിനെതിരായി അദ്ദേഹം ശക്തമായി പോരാടി. മഹാത്മാഗാന്ധിയെക്കുറിച്ച് നൂറു കണക്കിന് ഗീതങ്ങൾ രചിച്ചിരുന്നു. സോമരാജു രാമാനുജറാവു, ശ്രീപാദകൃഷ്ണമൂർത്തി ശാസ്ത്രി, മേറേപ്പള്ളി രാമചന്ദ്രശാസ്ത്രി, അഡിവി ബാപിരാജു, ശിവശങ്കരശാസ്ത്രി, അബ്ബൂരി രാമകൃഷ്ണറാവു, വേദുല സത്യനാരായണശാസ്ത്രി തുടങ്ങിയ കവികൾ ദേശഭക്തി കവിതകൾ രചിച്ചു. കവയിത്രികളും രംഗത്തെത്തി. പുട്ടപർതി കനകമ്മ കസ്തൂർബാഗാന്ധിയെ വാഴ്ത്തിക്കൊണ്ട് ഒരു കവിത രചിച്ചു.

ഈ കാലഘട്ടത്തിലെ കവികൾ രാഷ്ട്രീയ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ ധീരന്മാരെക്കുറിച്ച് കവിതകൾ രചിച്ചു. ദർഭാക രാജശേഖരശതാവധാനി(1888-1957)യുടെ റാണാപ്രതാപസിംഹചരിത്ര അത്യുജ്ജ്വലമായ ഒരു കാവ്യമാണ്. ഈ കൃതി രാമായണം പോലെ വായിക്കപ്പെടേണ്ടതാണെന്ന് തെലുഗുവിലെ ആദ്യത്തെ ആസ്ഥാന കവിയായ ചെല്ലപിള്ള അഭിപ്രായപ്പെടുകയുണ്ടായി. മുഗളന്മാരുമായി ഏറ്റുമുട്ടിയ പ്രതാപസിംഹൻ നയിച്ച ധീരസമരങ്ങളുടെ കഥ പറയുന്ന ഒരു കാവ്യമാണ് ഇത്.

പുരോഗമന കവിത. കാല്പനിക കവികളുടെ ആവർത്തനവിരസമായ കവിതാരീതിയെ പുരോഗമനവാദികൾ എതിർത്തു. ഛന്ദസ്സിനെയും കവികല്പനകളെയും കുറിച്ചുള്ള പരമ്പരാഗതരീതിയ്ക്കെതിരെ അവർ പോരാടി. മാത്രമല്ല പുരോഗമന കവിതാപ്രസ്ഥാനത്തിനു രൂപംനല്കുകയും ചെയ്തു. യുവകവികളും അതിനെ സ്വാഗതം ചെയ്തു. പുരോഗമന കവികൾ കവിതയെ വൃത്തത്തിന്റെ നിയന്ത്രണങ്ങളിൽ നിന്നു സ്വതന്ത്രമാക്കിയിട്ട് മുക്തഛന്ദസ്സ് പ്രയോഗിച്ചു. അവർ ഗദ്യകവിതയെ അനുകൂലിക്കുകയും ചിരപ്രതിഷ്ഠനേടിയ വൃത്തനിബദ്ധമായ പദ്യരൂപത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ശ്രീരംഗം ശ്രീനിവാസറാവു (ശ്രീ.ശ്രീ. - ജ.1910), പട്ടാഭിരാമിറെഡ്ഡി എന്നിവരായിരുന്നു പുരോഗമനവാദത്തിന്റെ പ്രധാന ഉപജ്ഞാതാക്കൾ. ഈ രംഗത്തെ ആദ്യപരീക്ഷണങ്ങളിൽ ഒന്നാണ് പട്ടാഭിയുടെ ഫിഡേലു രാഗലഡസൻ (ഫിഡിലിന്മേൽ ഒരു ഡസൻ രാഗങ്ങൾ) എന്ന കൃതി. കാല്പനിക കവികളെ പുതിയ ബിംബാവലികളിലൂടെ ഈ ആക്ഷേപഹാസ്യകൃതിയിൽ പരിഹസിച്ചിരിക്കുന്നതുകാണാം. നയാഗരാ കവികളായ ബെല്ലംകൊണ്ട രാമദാസ് (ജ.1923), കുണ്ടൂർത്തി ആജ്ഞനേയുലു (ജ.1922), എല്ച്ചൂരി സുബ്രഹ്മണ്യം (ജ.1920) എന്നിവരും ഗദ്യകവിതയുടെ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചിന്താഗതിയിലും ഭാഷയിലും വിപ്ളവം ഉണ്ടാക്കാൻ ശ്രമിച്ച കവിയാണ് ശിഷ്ഠലാ ഉമാമഹേശ്വരറാവു. അദ്ദേഹം തന്റെ കവിതയെ വൃത്തനിയമങ്ങളിൽ നിന്നു സ്വതന്ത്രമാക്കി. അബ്ബൂരി രാമകൃഷ്ണറാവു, ശിവശങ്കരശാസ്ത്രി എന്നിവരും പുതിയ കവികളെ പ്രോത്സാഹിപ്പിച്ചു. തീക്ഷ്ണവും ശക്തവുമായ ഗദ്യം കൈകാര്യം ചെയ്തിരുന്ന കവിയാണ് ഗുഡിപാടി വെങ്കടാചലം (1894-1979). പ്രമുഖ കവിയായ ബി.വി. സിംഗനാര്യ 'വിബ്ഗ്യോർ' എന്ന പേരിൽ നിരവധി വിശിഷ്ട ഗദ്യകവിതകൾ രചിച്ചു.

പുരോഗമന കവിതയുടെ മുഖ്യ പ്രചാരകൻ ശ്രീ.ശ്രീ.യാണ്. അദ്ദേഹം തെലുഗു കവിതയിൽ ഒരു പുതുയുഗം തന്നെ സൃഷ്ടിച്ചു. വിദ്യാർഥികൾക്കിടയിലും സാഹിത്യകാരന്മാർക്കിടയിലും പുരോഗമന കവിതയ്ക്ക് പ്രചാരമേകിയത് ഇദ്ദേഹമാണ്. ശ്രീരംഗം നാരായണ ബാബു (1906), പുരിപാണ്ഡ അപ്പളസ്വാമി എന്നിവരാണ് പുരോഗമന കവിതയെ പരിപോഷിപ്പിച്ച മറ്റു രണ്ട് കവികൾ. നാരായണബാബുവിന്റെ രുധിരജ്യോതിയിൽ ബീഭത്സങ്ങളായ ഒട്ടനവധി നൂതന ബിംബങ്ങൾ അണിനിരത്തിയിരിക്കുന്നതു കാണാം. ത്വമേവാഹം (1949), സീനിവാലി (1960) തുടങ്ങിയ നിരവധി കാവ്യങ്ങളുടെ കർത്താവായ ആരുദ്ര(ജ.1925)യാണ് മറ്റൊരു പ്രമുഖ കവി. പരീക്ഷണകുതുകിയായ ഇദ്ദേഹം സ്വന്തമായ ഒരു കാവ്യശൈലിതന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 'കുക്കചമ്പിനബിഡ്ഡ' (നായ കൊന്ന കുഞ്ഞ്) എന്ന കവിത വളരെ പ്രസിദ്ധമാണ്. കാലക്രമേണ കവിതയിൽ ഇടതുപക്ഷ പ്രവണത ദുർബലമാവുകയും പുരോഗമന പ്രസ്ഥാനത്തിൽപ്പെട്ട രചനകൾ നിർജീവങ്ങളാവുകയും ചെയ്തു. കവികൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലേക്കും അവർ അനുഭവിക്കുന്ന സുഖദുഃഖങ്ങളിലേക്കും ശ്രദ്ധതിരിച്ചു. എങ്കിലും പുരോഗമനവാദികളുടെ രചനകളിൽ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള അവബോധം നിറഞ്ഞുനില്ക്കുന്നതു കാണാം.

ആധുനിക കവികളെ വളരെയേറെ ആകർഷിച്ച മറ്റൊരു പ്രസ്ഥാനമാണ് മുക്തഛന്ദസ്സ്. 'നയാഗരാ' കവികളിൽ ഒരാളായ കുണ്ടൂർത്തിയാണ് ഇതിനുവേണ്ടി ശക്തമായി വാദിച്ച ആദ്യത്തെ കവി. തെലുങ്കാന, ദണ്ഡിയാത്ര എന്നിവയാണ് ഇദ്ദേഹത്തിന്റെ ഛന്ദോമുക്തമായ കാവ്യങ്ങൾ. ആധുനിക കവികളായ എം. സമോസുന്ദർ (ജ.1924), അരിപിരാല വിശ്വം (ജ.1936), എൻ. കൃഷ്ണകുമാരി, ജി. ഭാസ്കരറാവു എന്നിവരും ഛന്ദോമുക്തമായ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്.

വിക്ഷുബ്ധരായ ആറ് ചെറുപ്പക്കാർ ദിംഗബരകവികൾ എന്ന പേരിൽ രംഗത്തുവന്നു. ഇവർ ഭൂതകാലസംബന്ധികളെന്നു വിശേഷിപ്പിക്കപ്പെട്ട സകലതിനോടും എതിർപ്പു പ്രകടിപ്പിച്ചു. ക്ളാസ്സിക്കാവ്യങ്ങൾ, കാല്പനികപ്രസ്ഥാനം, പുരോഗമനപ്രസ്ഥാനം, മുക്തഛന്ദസ്സ് എന്നുവേണ്ട എല്ലാത്തിനെയും ഇവർ നിരാകരിച്ചു. നിലവിലുള്ള വ്യവസ്ഥിതികളിൽ അസംതൃപ്തരായ ഇവർ പുതിയ വ്യവസ്ഥിതി പടുത്തുയർത്താമെന്ന് വ്യാമോഹിച്ചു. ജുഗുപ്സാവഹവും സഭ്യേതരവുമായിരുന്നു ഇവരുടെ കാവ്യശൈലി. ഈ കാലഘട്ടത്തിന്റെ തകരാറുകളെപ്പറ്റി ഇവർ വിശദമായി പ്രതിപാദിച്ചു. എന്നാൽ ഇവർക്കും ഒരു പ്രസ്ഥാനമെന്ന നിലയിൽ നിലനില്ക്കാൻ കഴിഞ്ഞില്ല.

പുരോഗമനപരമായ വീക്ഷണഗതി പ്രകടിപ്പിക്കുന്നവരാണ് അത്യാധുനിക കവികളിലധികവും. ഇവരിൽ ചിലർ ഭാവഗായകരും മറ്റുചിലർ നവക്ളാസ്സിക് പ്രസ്ഥാനക്കാരുമാണ്. വിദ്വാൻ വിശ്വത്തിന്റെ (ജ.1915) ധീരസമരം പ്രമേയമാക്കിയിട്ടുള്ള 'ഒകനാഡു' (ഒരുനാൾ) എന്ന കവിത വൃത്തനിബദ്ധമാണ്. നവക്ളാസ്സിക് പ്രസ്ഥാനത്തിന്റെ മുന്നോടികളായി ബുച്ചി സുന്ദര രാമശാസ്ത്രി (1892-1950), ഏടുകൂറി വെങ്കടനരസയ്യ (1899-1950), ടി. രാമലിംഗേശ്വരറാവു (ജ.1921) തുടങ്ങിയവരുടെ കൃതികളെ കണക്കാക്കാം. പ്രമുഖ കവികളായ ദാശരഥി (1927), സി. നാരായണറെഡ്ഡി (ജ.1930) എന്നിവർ ഒരേസമയം പുരോഗമന കവിതയുടെ അഭിവൃദ്ധിക്കുവേണ്ടി ശ്രമിക്കുകയും നവക്ളാസ്സിക് കവിതയുടെ ആവിർഭാവത്തിന് കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയുടെ ആസ്ഥാനകവിയായ ദാശരഥി ചെറുപ്പകാലത്ത് അഗ്നിവീണ പോലുള്ള വിപ്ളവകവിതകൾ രചിച്ചു. പിന്നീട് പരമ്പരാഗത രൂപത്തിലും മുക്തഛന്ദസ്സിലും പദ്യരചന നടത്തി. കവിതാപുഷ്പകം (1966), ആലോചനാലോചനാലു (1975) എന്നിവയാണ് ഇദ്ദേഹത്തിന്റെ ചില പ്രധാന കവിതകൾ. 1957-ൽ പ്രസിദ്ധീകരിച്ച കർപ്പൂരവസന്തരായലുവാണ് സിംഹനാരായണറെഡ്ഡിയുടെ പ്രധാനകൃതി.

കാല്പനികതയും കാവ്യഭാവനയും മുന്നിട്ടുനില്ക്കുന്ന ഈ കൃതി തെലുഗു സാഹിത്യത്തിലെ ഒരു മികച്ച ഗ്രന്ഥമായി കരുതപ്പെടുന്നു. 14-ാം ശതകത്തിലെ ആന്ധ്രയുടെ ചരിത്രം ഈ കൃതിയിൽ വിവരിക്കുന്നു. ചില ചരിത്രസത്യങ്ങളും ഭാവനയും കൂട്ടിക്കലർത്തിയാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. നൃത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വർണനകളും ഈ കൃതിയുടെ സവിശേഷതയാണ്. വായനക്കാരും നിരൂപകരും ഒരുപോലെ സഹർഷം സ്വീകരിച്ച കൃതിയാണിത്. മണ്ടലു മാനവുഡു, മധ്യതരഗതി മന്ദഹാസം തുടങ്ങിയ കൃതികളിലെ കവിതകൾ മുക്തഛന്ദസ്സ് രീതിയിലാണ് രചിച്ചിട്ടുള്ളത്. സാർവലൌകിക വീക്ഷണത്തിൽ രചിക്കപ്പെട്ടിട്ടുള്ള ശക്തമായ കാവ്യമാണ് ദത്തുപുത്രിക (1976).

നക്സലൈറ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച് ദീർഘകാലം ഒളിവുജീവിതം നയിച്ച കവിയാണ് ഗദ്ദർ (1947-). ഗ്രാമീണ ജീവിതവുമായി ഇഴുകിച്ചേരുന്ന നിരവധി കവിതകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഗദ്ദറിന്റെ കാവ്യാവിഷ്കാരം കേൾക്കാൻ നിരവധി ആസ്വാദകർ തിങ്ങിക്കൂടുമായിരുന്നു. ദ് മ്യൂസിയം ഒഫ് എ ബാറ്റിൽഷിപ്പ് എന്ന പേരിൽ ഗദ്ദറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചിട്ടുണ്ട്.

ആധുനിക തെലുഗുകവിത സമ്പന്നവും വൈചിത്യ്രമാർന്നതുമാണ്. ജനങ്ങളിൽ സാമൂഹികാവബോധം ജനിപ്പിച്ചതാണ് ആധുനിക തെലുഗുകവിതയുടെ ശ്രദ്ധേയമായ നേട്ടം. ജനാധിപത്യം, സാമൂഹികസമത്വം, സാമ്പത്തികനീതി, മതേതരത്വം എന്നിവയാൽ പ്രചോദിതങ്ങളായ ആശയങ്ങൾ പ്രാമുഖ്യം നേടിയിരിക്കുന്നു.

നാടോടിപ്പാട്ടുകൾ. തെലുഗു നാടോടിപ്പാട്ടുകളെക്കുറിച്ചുള്ള പരാമർശം 11-ാം ശ. തൊട്ടുള്ള കൃതികളിലുണ്ട്. നന്ദിചോഡയും (11-ാം ശതകം) പാൽക്കുറികി സോമനാഥയും (12-ഉം 13-ഉം ശതകങ്ങൾ) നാടോടിപ്പാട്ടുകളെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു. നാടോടിപ്പാട്ടുകളുടെ കൂട്ടത്തിൽ കല്യാണപ്പാട്ടുകൾ, ശോകഗാനങ്ങൾ, ദാർശനികഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ശിശുഗാനങ്ങൾ, തൊഴിൽ സംബന്ധമായ ഗാനങ്ങൾ എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. നാടോടിപ്പാട്ടുകളെ സാഹിത്യത്തിന്റെ ഒരു ഭാഗമായി കരുതാൻ പണ്ഡിതന്മാർ മടിച്ചിരുന്നു. അവ നാടൻഭാഷയിൽ രചിക്കപ്പെട്ടവയായിരുന്നു. ആയിരത്തോളം ഗാനങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗാനങ്ങൾ ശേഖരിക്കാൻ മുൻകയ്യെടുത്തത് തെദുനുരി ഗംഗാധരം, എല്ലോറ ഹരിആദിശേഷു, കൃഷ്ണശ്രീ, ബി. രാമരാജു തുടങ്ങിയവരാണ്. ആയിരക്കണക്കിന് ഗാനങ്ങൾ നഷ്ടപ്പെട്ടിരിക്കണം. കൃഷ്ണശ്രീ തെലുഗുനാട് മുഴുവൻ സഞ്ചരിച്ച് തെലുങ്കാനയിലും റായലസീമയിലും തീരദേശ പ്രവിശ്യകളിലും പ്രചരിച്ചിരുന്ന 187 പാട്ടുകൾ ശേഖരിക്കുകയുണ്ടായി. ഹരിആദിശേഷു ജനപദഗേയ വാങ്മയപരിചയമു എന്ന ഗ്രന്ഥം 1954-ൽ പ്രസിദ്ധീകരിച്ചു. അതിന് സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. 1958-ൽ ബി. രാമരാജു തെലുഗു ജനപദഗേയ സാഹിത്യമു

(തെലുഗു നാടോടിപ്പാട്ടു സാഹിത്യം) പ്രസിദ്ധീകരിച്ചു. അതിൽ ആയിരത്തിൽപ്പരം നാടോടിപ്പാട്ടുകളുണ്ട്. എല്ലോറ, കൃഷ്ണശ്രീ ആദിശേഷു, നെടുനൂരി ഗംഗാധരം തുടങ്ങിയവർ പ്രസിദ്ധീകരിച്ച നാടോടിപ്പാട്ടുകളടങ്ങിയ ഗ്രന്ഥങ്ങൾ പരിശോധിച്ചതിനുശേഷമാണ് ബി. രാമരാജു ഇവിടെ പരാമൃഷ്ടമായ ഗ്രന്ഥം രചിച്ചത്. നന്ദിരാജൂചലപതി റാവു സ്ത്രീലപാടലു എന്ന പേരിൽ സ്ത്രീകളെ സംബന്ധിക്കുന്ന പാട്ടുകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിലുള്ള പാട്ടുകൾ പലതും രചിച്ചത് വനിതകളാണ്.

പണ്ഡിതന്മാർക്ക് നാടോടിപ്പാട്ടുകളിൽ താത്പര്യമില്ലാതിരുന്നതുമൂലം അവ ആദ്യമൊന്നും അച്ചടിക്കപ്പെട്ടില്ല. സാധാരണ സംഭാഷണത്തിന് ഉപയോഗിച്ചുവന്ന ഭാഷതന്നെയായിരുന്നു നാടോടിപ്പാട്ടുകളിലും പ്രയോഗിച്ചിരുന്നത്. അവ 'ദേശി' വൃത്തങ്ങളിൽ രചിക്കപ്പെട്ടവയുമായിരുന്നു. സംസ്കൃതവൃത്തങ്ങൾ അവയെ സ്വാധീനിച്ചിരുന്നില്ല. ധീരനായകന്മാരെ വാഴ്ത്തുന്ന നാടോടിപ്പാട്ടുകളും ഉണ്ടായിരുന്നു. ശ്രീനാഥ(15-ാം ശതകം)യുടെ പാൽനാടി വീരചരിത്രയാണ് ആദ്യത്തെ വീരകഥാഗീതി. അക്കിരാജു ഉമാകാന്തം സുദീർഘമായ അവതാരികയോടുകൂടി ഇതു പ്രസിദ്ധീകരിച്ചു. 1182-ൽ നടന്ന പൽനാടി യുദ്ധത്തെ ആധാരമാക്കിയാണ് ഈ പാട്ടുകൃതി രചിച്ചത്. കടമരസു എന്ന പ്രമാണിയുടെ കഥ കാവ്യമാക്കി പ്രകാശിപ്പിച്ചത് കൊമനാലാ യെല്ലയ ആണ്. കടമരസുവിന് ഒരു ദേവന്റെ സ്ഥാനമാണ് പില്ക്കാലത്തു ലഭിച്ചത്. ബൊബ്ബിലപാട മറ്റൊരു ജനകീയ കഥാഗീതിയാണ് (ബാലെഡ്). പെദ്ദാദമല്ലേശമാണ് ഇതിന്റെ രചയിതാവ്.

ഗുഹകളും മലകളും താവളമാക്കിക്കൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരായി യുദ്ധം ചെയ്ത 'അലൂരി സീതാരാമരാജൂ' എന്ന ധീരപുരുഷന്റെ കഥ (1921) സുങ്കാരസത്യനാരായണ നാടോടിക്കഥാകാവ്യമായി രചിക്കുകയുണ്ടായി. ഈ കഥാകാവ്യങ്ങളെല്ലാം തന്നെ തംബുരുനാദത്തിന്റെ അകമ്പടിയോടെ ഗായകർ നാടുനീളെ പാടിയിരുന്നു. ആധുനിക രീതിയിലുള്ള ബുർറ കഥ, നാടോടി ഗീതികാവ്യങ്ങളിൽനിന്ന് രൂപമെടുത്തതാണ്. ബുർറ കഥ ആദ്യമായി രചിച്ചത് സുങ്കാരസത്യനാരായണ ആണ്. നാസർഷേക്ക് ഈ രംഗത്ത് ഏറ്റവും വിജയിച്ച ഗായകനും രചയിതാവുമാണ്. ഉമാമഹേശ്വർ റാവു, കൃഷ്ണമൂർത്തി, രാധാരുക്മിണി എന്നിവരും ബുർറ കഥാരംഗത്ത് പ്രസിദ്ധിനേടി. ഹരികഥയും ബുർറ കഥയും കൂടി കലർത്തി പ്രയോഗിക്കുന്നതിൽ പ്രയാഗാ നരസിംഹശാസ്ത്രി വൈദഗ്ദ്ധ്യം കാട്ടി.

പല കവികൾക്കും നാടോടിപ്പാട്ടുകൾ പ്രചോദനമരുളിയിട്ടുണ്ട്. ഗുർജാഡ അപ്പറാവു, ബസവരാജൂ അപ്പാറാവു, ചിന്താദീക്ഷിതുലു, ദേവുലപ്പള്ളി കൃഷ്ണശാസ്ത്രി, വിശ്വനാഥസത്യനാരായണ, തുരഗവെങ്കടരാമയ്യ, കവികൊൺഡല വെങ്കടറാവു തുടങ്ങിയവർ അക്കൂട്ടത്തിൽപ്പെടുന്നു. അഡിവി ബാപിരാജു, നന്ദൂരിവെങ്കട സുബ്ബറാവു, കവികൊണ്ഡല വെങ്കടറാവു എന്നിവർ നാടോടിപ്പാട്ടുകളുടെ മാതൃകയിൽ ധാരാളം പാട്ടുകൾ എഴുതിയിട്ടുണ്ട്. റ്റി. രാമഞ്ജനേയുലു ബുർറ കഥാരംഗത്ത് വളരെയേറെ അറിയപ്പെടുന്ന ഒരു രചയിതാവാണ്.

ചെറുകഥ

[തിരുത്തുക]

'ചെറുകഥ' എന്ന ആധുനിക സാഹിത്യരൂപം കടന്നുവരുന്നതിനുമുമ്പുതന്നെ തെലുഗുവിൽ കെട്ടുകഥകളും നീണ്ടകഥകളുമുണ്ടായിരുന്നു. കാശിമജിലികഥലു, പഞ്ചതന്ത്രകഥകൾ, കഥാസരിത്സാഗരം, തെനാലിരാമൻ കഥകൾ തുടങ്ങിയവ 'ചെറുകഥ'യുടെ വരവിനു മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പേർഷ്യൻ കഥകളും ജാതക കഥകളും പാലി-പ്രാകൃത കഥകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ആധുനിക രീതിയിലുള്ള ആദ്യത്തെ തെലുഗു ചെറുകഥ 'മാതമന്തി' (Chitchat) ആണ്. ഗുർജാഡ വെങ്കട അപ്പാറാവു ആണ് ആ കഥ എഴുതിയത്. ത്രിലിംഗ എന്ന പ്രസിദ്ധീകരണത്തിലൂടെ അദ്ദേഹത്തിന്റെ ഏതാനും കഥകൾ (1910-11) പുറത്തുവന്നു. ആചണ്ട വേങ്കട സാംഖ്യായനശർമയാണ് തെലുഗുവിലെ ആദ്യത്തെ ചെറുകഥ എഴുതിയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കുറച്ചുകാലത്തിനിടയിൽ ചെറുകഥാരചന പുരോഗമിച്ചു. ഗുഡിപാഡി വെങ്കടാചലം ('ചലം') അപ്പാറാവുവിന്റെ കഥകളെക്കാൾ മികച്ച കഥകൾ രചിച്ചു. ഏറെ കഥകൾ ചലം എഴുതി. ശക്തമായ ഒരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. സാധാരണ ജീവിതരംഗങ്ങൾ തന്നെയാണ് അദ്ദേഹം കഥകളിൽ പകർത്തിയത്. നിന്ദിതരുടെയും പീഡിതരുടെയും പക്ഷത്തായിരുന്ന അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യം സ്വാധീനിച്ചിരുന്നു.

ചിന്താദീക്ഷിതുലു വിശ്വസാഹിത്യകാരന്മാരുടെ കഥകളിൽ നിന്നു പ്രചോദനം നേടിയാണ് കഥാരചന നടത്തിയത്. അദ്ദേഹത്തിന്റെ പല കഥകളിലും ഗ്രാമീണജീവിതം പ്രതിഫലിക്കുന്നു. കുട്ടികൾക്കുവേണ്ടിയും അദ്ദേഹം കഥകൾ എഴുതി. 'ശിലാപ്രതിമ' എന്ന കലാസൃഷ്ടി അത്യുജ്ജ്വലമാണ്. ഒരു ബലിയുടെ (നാരീബലി) കഥ ഹൃദയസ്പൃക്കായ രീതിയിൽ അതിൽ അവതരിപ്പിച്ചിരിക്കുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ വിശ്വനാഥ സത്യനാരായണയുടെ 'നില്ലണം തിർച്ചുക്കൊന്ന' ശോകം നിറഞ്ഞു തുളുമ്പുന്ന കഥയാണ്. നോറി നരസിംഹശാസ്ത്രി (1900 - 78) മികച്ച ചെറുകഥകൾ പലതും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'മറുവിഷയമു' എന്ന കഥ ഒരു ഉജ്ജ്വല കലാസൃഷ്ടിയാണ്. അഡിവി ബാപിരാജുവിന്റെ 'വീണ' വളരെ ഹൃദ്യമായ ഒരു കഥയാണ്. സൗന്ദര്യം, സംഗീതം, സന്തോഷം, ധ്യാനം എന്നിവയാണ് ഈ കഥയുടെ പ്രമേയങ്ങൾ. 'മെത്ലു' എന്ന കഥയിൽ സമൂഹത്തിന്റെ മേൽത്തട്ടിലേക്കു പിടിച്ചുയർത്തപ്പെടുന്ന ഒരു ദലിത ബാലികയെ അവതരിപ്പിക്കുന്നു. സുരവരം പ്രതാപറെഡ്ഡിയുടെ 'നിരീക്ഷണ' എന്ന കഥ കന്യാകുമാരി പശ്ചാത്തലമാക്കി രചിച്ചതാണ്. കന്യ എന്ന യുവതിയുടെയും മീൻപിടിത്തക്കാരനായ ശങ്കരന്റെയും കഥയാണിത്. കന്യാകുമാരിയിൽ പഴയകാലത്ത് പ്രചരിച്ചിരുന്ന ഒരു കഥയുടെ പശ്ചാത്തലമാണ് 'നിരീക്ഷണ'ത്തിനുള്ളത്. വേലൂരി ശിവരാമശാസ്ത്രി (1892-1967) പ്രാചീനഭാരതത്തിൽ പ്രചരിച്ചിരുന്ന ചില കഥകളെ ആധാരമാക്കി കലാസുന്ദരമായ കൃതികൾ രചിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയുടെ രൂക്ഷതയെക്കുറിച്ചും അദ്ദേഹം കഥകൾ എഴുതിയിട്ടുണ്ട്. മല്ലാടി രാമകൃഷ്ണശാസ്ത്രി (1906-65) ഇരൂന്നൂറോളം ചെറുകഥകൾ രചിച്ചു. ഗഹനമായ ചിന്തയും ശക്തമായ ഭാവനയും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. മല്ലാടിയുടെ 'ദുമു വുലു' വളരെ രസകരമായ ഒരു കഥയാണ്. കൊടവടി ഗണ്ടി കുടുംബറാവു അദ്ദേഹത്തിന്റെ ചെറുകഥകൾ പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ത്രിപുരനേനി ഗോപീചന്ദ് (1910-65) ധാരാളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. യഥാതഥമായ രീതിയിലാണ് അദ്ദേഹം ജീവിതാവിഷ്കരണം നിർവഹിച്ചത്. അദ്ദേഹത്തിന്റെ 'ഭാര്യലോണേഉണ്ഡി', 'തന്ദ്രലുകൊടുകുലു' എന്നീ കഥകൾ വളരെ രസകരങ്ങളാണ്. 'സമ്പെംഗപുവ്വു' (ചെമ്പകപ്പൂവ്) മൗലികതയുള്ള ഉജ്ജ്വലശില്പമാണ്.

മൊക്കപാടി നരസിംഹശാസ്ത്രി(ജ.1892)യുടെ 'കണ്ണാവിവിണ്ണാവി', 'ആഖരുമാത' തുടങ്ങിയ കഥകൾ വളരെ പ്രസിദ്ധങ്ങളാണ്. പല കഥകളും നർമരസം തുളുമ്പുന്നവയാണ്. മുനിമാണിക്യം നരസിംഹറാവു (1898-1972) ഹാസ്യമയങ്ങളായ കഥകൾ പലതും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'വെണ്ഡികണ്വം' (വെള്ളിത്തളിക) വളരെ ഹൃദ്യമാണ്.

ബുച്ചിബാബു എന്ന പേരിൽ അറിയപ്പെടുന്ന ശിവരാജു വെങ്കട സുബ്ബറാവു ധാരാളം ചെറുകഥകൾ എഴുതിയിട്ടുണ്ട്. 'മേടമേട്ട്ലു', 'അടവിനികാച്ചിനവെണ്ണെല', 'നിരന്തരത്രയം', 'ആദ്യന്തലു' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചെറുകഥകളാണ്. ആൺഡേ നാരായണസ്വാമി നൂറോളം ചെറുകഥകൾ രചിച്ചിട്ടുണ്ട്. 'വ്യത്യാസമുലു', 'സ്നേഹിതുലു', 'ഉപാസനബലമു', 'പുത്രസന്താനമു' തുടങ്ങിയവ അസാധാരണ ചാരുതയുള്ള കഥകളാണ്. ബലിവാഡ കാന്തറാവു (1927) 'അർധഭാഗലാലോഭിന്നഹൃദയലു', 'ശ്രമികുലു' തുടങ്ങിയ കഥകൾ എഴുതിയിട്ടുണ്ട്. 'ലോകം' എന്ന കഥയിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നു. പന്തുല ശ്രീരാമശാസ്ത്രി (ജനനം - 1922) അറുപതോളം കഥകൾ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ബാദ്ധ്യത' എന്ന കഥ ഒരു പരീക്ഷണമാണ്. കൊമ്മൂരി വേണുഗോപാലറാവു (ജനനം - 1935) പതിനാറാം വയസ്സിൽ കഥകൾ എഴുതിത്തുടങ്ങി. കൊമ്മൂരികഥലു, പിള്ളദോംഗ, ഇല്ലുകൊണ്ണാഡു തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങൾ. കൊമ്മൂരി പദ്മാവതിദേവി (ജനനം - 1908) ഏതാനും ചെറുകഥകൾ എഴുതിയിട്ടുണ്ട്. അവർ പത്രപ്രവർത്തകയും മഹിളാപ്രവർത്തകയും ആയിരുന്നു. 'പൊഗാഡദണ്ഡാ' എന്ന കഥ വളരെ ഹൃദയസ്പൃക്കാണ്.

ഇല്ലിന്ദല സരസ്വതീദേവി (1915) അനേകം ചെറുകഥകളെഴുതിയിട്ടുണ്ട്. 'പാണ്ഡുഗബഹുമാനം', 'ജാതിരത്നമു' തുടങ്ങിയവ അവരുടെ കഥകളാണ്. നാർലാ വെങ്കിടേശ്വരറാവുവിന്റെ 'സഭ്യത' എന്ന കഥ പ്രസിദ്ധമാണ്. കനുപർത്തി വരലക്ഷ്മമ്മ(1896-1970) യുടെ 'ഓട്ടു' എന്ന കഥ മേലേക്കിടയിലുള്ള ചിലരുടെ സംസ്കാരശൂന്യത വെളിപ്പെടുത്തുന്നു. കപ്പഗന്തുല സത്യനാരായണയുടെ 'എവരി കിവരേണ' ഹൃദ്യമായ ഒരു കഥയാണ്. ചെറുകുപള്ളി ജമദഗ്നിശർമയുടെ 'ചിലാക-ഗോരിങ്ക' എന്ന കഥ മറ്റു ജീവികളിൽനിന്ന് മനുഷ്യൻ പഠിക്കേണ്ട കാര്യങ്ങൾ ചിത്രീകരിക്കുന്നു. കരുണകുമാർ, (കന്ദുകൂറി ആനന്ദം), ഗോരാശാസ്ത്രി (ഗോവിന്ദരാമശാസ്ത്രി) എന്നിവരും നല്ല ചെറുകഥകൾ എഴുതിയിട്ടുണ്ട്. ആലൂരി ബൈരാഗി ഹിന്ദി കഥകൾ പലതും വിവർത്തനം ചെയ്തു. ശ്രീപാദസുബ്രഹ്മണ്യ ശാസ്ത്രി (1891-1951), പാലഗുമ്മി പദ്മരാജു (1915 - 83) എന്നിവരും നല്ല കഥാകൃത്തുക്കളാണ്.

തെലുങ്കാനയിൽ മാഡപാടി ഹനുമന്തറാവു കഥാരചന തുടങ്ങിവച്ചു. അദ്ദേഹം പ്രേംചന്ദിന്റെ കൃതികൾ പരിഭാഷപ്പെടുത്തി. ബർഗുലരംഗനാഥ റാവു ധാരാളം കഥകളെഴുതി. പി.എസ്.ആർ. ആഞ്ജനേയശാസ്ത്രി ഗണ്ഡിപദ്ദജീവിതമുലു എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തി. നന്ദഗിര ഇന്ദിരാദേവിയും ധാരാളം കഥകൾ രചിച്ചു. ഏ.ആർ.കൃഷ്ണ, ഭാസ്കരഭട്ട്ലാ കൃഷ്ണറാവു (1918 - 66), വെൽഡൂർത്തി മാണിക്യറാവു (ജനനം - 1910), ഊടുകുറു രംഗറാവു തുടങ്ങിയവർ ഏറെ കഥകൾ എഴുതി. ധരണികോട ശ്രീനിവാസുലു, മുദ്ദവിശ്വനാഥം, അവസരാല സൂര്യറാവു തെന്നേടി സൂരി, അവന്ത്സാ സോമസുന്ദർ, അനിസെട്ടി സുബ്ബറാവു തുടങ്ങിയവർ പ്രശസ്തി നേടിയ കഥാകൃത്തുക്കളാണ്. ചാഗണ്ടി സോമയാജലൂ, ശ്രീനിവാസ ശിരോമണി, ശ്രീദേവി, ദിഗുമർത്തി വെങ്കടരാമറാവു എന്നീ കഥാകാരന്മാരും ശ്രദ്ധേയരാണ്. ഗുണത്തിലും എണ്ണത്തിലും വർധിച്ചുകൊണ്ടിരിക്കുകയാണ് തെലുഗു കഥകൾ.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രംഗത്തുവന്ന കഥാകാരന്മാർ അവരുടെ കഥാപാത്രങ്ങളെ സാമൂഹിക ശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലാണ് വ്യാഖ്യാനിച്ചത്. ചിലർ ജീവിതപ്രശ്നങ്ങളെ സംബന്ധിച്ച് വിഷാദാത്മകമെങ്കിലും യഥാതഥചിത്രങ്ങൾ വരച്ചപ്പോൾ മറ്റുചിലർ ശുഭാപ്തിവിശ്വാസപൂർവം ആദർശാത്മക ചിത്രങ്ങൾ രചിച്ചു. ഈ കാലയളവിലെ തെലുഗു ചെറുകഥയിൽ ഇംപ്രഷനിസവും എക്സ്പ്രഷനിസവും ഉൾപ്പെടെ അനേക രീതികൾ അവലംബിച്ചുകാണുന്നു. രാവൂരി ഭരദ്വാജ (1927-) ജീവിതം യാഥാർഥ്യബോധത്തോടെ ചിത്രീകരിച്ചു. മനുഷ്യൻ തന്റെ പരിതഃസ്ഥിതികളുടെ സന്താനമാണെന്നു വാദിക്കുന്ന പ്രകൃതിവാദം ഇദ്ദേഹത്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നു. 'പരസ്ഥിതുല വാരസുലു' എന്ന കഥ ഈ ആശയം വിദഗ്ദ്ധമായി പ്രതിഫലിപ്പിക്കുന്നു.

ശാരദ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന നടരാജൻ (1921-55) യാഥാതഥ്യത്തോടെ പ്രകൃതിവാദ പ്രമേയങ്ങൾ അവതരിപ്പിച്ചു. 'രക്തസ്പർശ' ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥയാണ്. ജമദഗ്നിയുടെ (1920-) 'ബല്ലോകി വെല്ലലി', വേലുരി സഹജാനന്ദയുടെ (1920-) 'ജീവിക', പന്തുലശ്രീരാമശാസ്ത്രിയുടെ (1922-) 'കില്ലി ദുക്കാനം' എന്നീ കഥകളും ഈ വിഭാഗത്തിലെ ശ്രദ്ധേയമായ രചനകളാണ്. മധുരാന്തകം രാജാറാം (1930-) മനുഷ്യൻ തന്റെ ചുറ്റുപാടുകളുടെ ഉത്പന്നമാണെന്ന വീക്ഷണത്തോട് അനുകൂലിക്കുന്ന ഒരു സാഹിത്യകാരനാണ്. കഥാപാത്രങ്ങളെ യഥാതഥമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഥകളിൽ ആദർശപരതയുടെ സ്വരവും ഉയർന്നുകേൾക്കാം. 'ജാരുദുമെത്ലു', 'താനുവെലിഗിഞ്ചിന ദീപലു' എന്നിവ രാജാറാമിന്റെ മികച്ച കഥകളാണ്.

സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ പ്രമുഖനായ ഒരു കഥാകാരനാണ് രചകൊണ്ട വിശ്വനാഥശാസ്ത്രി (1922-). രവി ശാസ്ത്രി എന്നപേരിൽ പ്രസിദ്ധനായ ഇദ്ദേഹം കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളിൽനിന്നെഴുതുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്ന എക്സ്പ്രഷനിസ്റ്റ് സങ്കേതമാണ് ഉപയോഗപ്പെടുത്തുന്നത്. കഥാപാത്രങ്ങളും അവരുടെ ചിന്താപ്രക്രിയകളുമാണ് അദ്ദേഹത്തിന്റെ മുഖ്യ താത്പര്യ വിഷയം. ഉപബോധാബോധമനസ്സുകൾ അദ്ദേഹം വിദഗ്ദ്ധമായി പര്യവേക്ഷണം ചെയ്യുകയും പ്രതീകങ്ങളും സർറിയലിസ്റ്റ് ബിംബങ്ങളും സമൃദ്ധമായി ഉപയോഗിക്കുകയും ചെയ്യുന്നു. വിശാഖപട്ടണം ജില്ലയിലെ ദേശ്യഭാഷയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. ഇദ്ദേഹത്തിന്റെ ചെറുകഥകൾ അനേകം വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'ആകലി', 'ജരിഅഞ്ചുതെല്ലചീര' മുതലായ കഥകൾ ഏറെ പ്രസിദ്ധി നേടിയവയാണ്.

ബിണാദേവിയാണ് ഇതേ സങ്കേതത്തിൽ കഥാരചന നടത്തുന്ന മറ്റൊരു സാഹിത്യകാരി. ബി.റ്റി. സുന്ദരാമ്മ എന്നതാണ് ഇവരുടെ യഥാർഥ നാമം. സമൂഹത്തിന്റെ ഒരു പരിഛേദത്തിൽപ്പെട്ട കഥാപാത്രങ്ങളെ ഇവർ തനിമയോടെ അവതരിപ്പിക്കുന്നു. 'പോസ്റ്റുമോർട്ടം', 'ഡബ്ബു', 'തൊഡിമുലേനിപുവ്വു' എന്നിവയാണ് ഇവരുടെ പ്രസിദ്ധിയാർജിച്ച ചില കഥകൾ. ശ്രീകാകുളം പ്രദേശത്തെ ഗ്രാമ്യഭാഷ ഉപയോഗിച്ച് നൂറുകണക്കിനു ചെറുകഥകൾ രചിച്ച കഥാകാരനാണ് ബലിവാഡ കാന്തറാവു (1927-). കാവടികുന്തളു, അന്തരാത്മ എന്നിവയാണ് മുഖ്യകഥാസമാഹാരങ്ങൾ. പല കഥകളും റെയിൽവേയുടെയും നേവിയുടെയും പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്നു. ധാർമികതയും ഭൌതികനേട്ടങ്ങളും തമ്മിലുള്ള സംഘട്ടനമാണ് ഇവയിൽ നിലീനമായ പ്രമേയം.

അങ്ഗരവേങ്കട കൃഷ്ണറാവു (1920-), ബാലഗംഗാധര തിലക് (1921-), ബൊമ്മിറെഡ്ഡിപ്പല്ലി സൂര്യറാവു (1923-), സി. രാമചന്ദ്രറാവു (1931-), ആദിവിഷ്ണു (1940-) എന്നിവരുടെ കഥകളിലും മൂല്യങ്ങൾക്കുവേണ്ടിയുള്ള അന്വേഷണത്തിനാണ് മുൻഗണന. കൃഷ്ണറാവുവിന്റെ 'തൊഗരുചെത്തു', തിലകിന്റെ 'ദൊങ്ഗ', സൂര്യറാവുവിന്റെ 'ദൊങ്ഗലുന്നാരുജാഗ്രത' മുതലായ കഥകൾ ഏറെ ചർച്ചചെയ്യപ്പെട്ടവയാണ്. മധ്യവർഗജീവിതത്തിന്റെ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആധുനികരിൽ കല്യാണസുന്ദരി ജഗന്നാഥ്, പൂമാ രമണമൂർത്തി, ആർ.എസ്. സുദർശനം, ഭാരതീരാമകൃഷ്ണ, ഭമിടി പാടി രാമഗോപാലം, അവസരാല രാമകൃഷ്ണറാവു എന്നിവർ ഏറെ ശ്രദ്ധേയരാണ്. ജഗന്നാഥിന്റെ 'അലരാസപുത്തിലു', രമണമൂർത്തിയുടെ 'സന്ധ്യാദീപം', 'ഭാനുമതി' രാമകൃഷ്ണയുടെ 'അത്തഗാരികഥലു', ഭമിടിപാടിയുടെ 'വെന്നലനീഡ', രാമകൃഷ്ണറാവുവിന്റെ 'അന്ദചന്ദലകഥ', 'ലളിതസംഗീതം' എന്നീ കഥകൾ മധ്യവർഗജീവിതത്തിന്റെ യഥാതഥ ചിത്രം ആവിഷ്കരിക്കുന്നു. അമരേന്ദ്ര എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സി.എൻ. ശാസ്ത്രിയുടെ (1924-) 'ത്രിവേണി' എന്ന കഥയിൽ ഭാരതീയ സ്ത്രീത്വത്തിന്റെ ആത്മസൗന്ദര്യം അനാച്ഛാദനം ചെയ്യുന്നു.

പുരാണം സുബ്രഹ്മണ്യശർമ(1929-)യുടെ 'നീലി' എന്ന കഥയിൽ വികലാംഗയായ ഒരു യുവതിയുടെ അഭിലാഷങ്ങൾ ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നു. മധ്യവർഗത്തെ സംബന്ധിക്കുന്ന അനേകം കഥകൾ രചിച്ച് തെലുഗു സാഹിത്യത്തെ പരിപോഷിപ്പിച്ച സാഹിത്യകാരനാണ് ഇച്ചാപുരപു ജഗന്നാഥറാവു. 'വരമിച്ചിനവേലുപു', 'ചീകടിലോപാരിജാതം', 'ശ്രീമതി സുജാത' തുടങ്ങിയ പല കഥകളും പ്രസിദ്ധമാണ്. 'വരമിച്ചിനവേലുപു' എന്ന കഥ ഭാരതത്തിലെ പരമ്പരാഗത സംസ്കാരത്തിന്റെ മൂല്യം സ്ഥിരീകരിക്കുന്നു. റാവുവിന്റെ മിക്ക ചെറുകഥകളിലും ചെറിയ കോളിളക്കങ്ങൾ രൂപംകൊള്ളുകയും പിന്നീട് അവ ശാന്തമാവുകയും ചെയ്യുന്നതു കാണാം.

നർമരസം കലർന്ന ശൈലിയിൽ കഥകൾ രചിക്കുന്ന മുള്ളപുഡി വേങ്കടരമണയുടെ (1931-) ജനതാ എക്സ്പ്രസ്സ് പ്രധാന ചെറുകഥാ സമാഹാരമാണ്. ഇടത്തരക്കാരുടെ പ്രശ്നങ്ങളാണ് മിക്ക കഥകളിലെയും പ്രമേയം. വാകാടിപാണ്ഡു രംഗറാവുവിന്റെ (1934-) 'അപരാജിതാ', പെദ്ദിഭൊത്ല സുബ്ബരാമയ്യയുടെ (1938-) 'നീലു', കൊണ്ടമുടി രാമചന്ദ്രമൂർത്തിയുടെ (1937-) 'പാമുലാടിബതുകു' എന്നീ കഥകളും ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. ക്ഷുദ്രമായ രാഷ്ട്രീയവ്യവഹാരംമൂലം ഗ്രാമജീവിതത്തിലുണ്ടാകുന്ന മലിനീകരണം തുറന്നുകാട്ടുന്ന കഥാകൃത്താണ് താളൂരി നാഗേശ്വരറാവു (1931-). തരംതാണ രാഷ്ട്രീയപ്രവർത്തനങ്ങൾ ഗ്രാമീണജീവിതത്തെ മലീമസമാക്കുന്നതിന്റെ ചിത്രം 'വദ്രംഗിവീരെണ്ണ' എന്ന കഥയിൽ കാണാം. അമരാവതി കഥകളിലൂടെ പ്രസിദ്ധനായ സത്യം ശങ്കരമഞ്ചി (1935-) തീർഥാടക കേന്ദ്രമായ അമരാവതിയിലെ ജനങ്ങളുടെ ഭൂതവർത്തമാനകാല ജീവിതങ്ങൾ വരച്ചുകാട്ടുന്നു.

കഴിവുറ്റ അനേകം സ്ത്രീകഥാകൃത്തുകളുടെ അരങ്ങേറ്റവും തെലുഗു കഥാസാഹിത്യത്തെ പരിപോഷിപ്പിക്കുന്നു. കെ. രാമലക്ഷ്മി, വാസിറെഡ്ഡി സീതാദേവി, കൊഡൂരി കൌസല്യാദേവി, ഐ.വി. എസ്. അച്യുതവല്ലി, യദ്ദനപുഡി സുലോചനാറാണി മുതലായവർ ഇവരിൽ ഉൾപ്പെടുന്നു. മാലതി ചെന്ദൂറിന്റെ 'ശാന്തമ്മ' എന്ന കഥയിൽ അധഃകൃതരുടെ ജീവിതം ചിത്രീകരിക്കുമ്പോൾ മുപ്പലരംഗനായകാമ്മയുടെ 'അമ്മ' എന്ന കഥയിൽ സാമൂഹികമായ ഒരു സർഗശക്തിയായി ആവിർഭവിക്കുന്ന സ്ത്രീയെ അവതരിപ്പിക്കുന്നു. ശുദ്ധമായ തെലുഗു ദേശ്യഭാഷയിൽ തെലുങ്കാനയിലെ ഗ്രാമീണ വനിതയെ ചിത്രീകരിക്കുന്ന കഥാകാരിയാണ് യശോദാറെഡ്ഡി.

തെലുഗു കഥാരംഗത്തെ പുതിയ ഒരു സംഭവ വിശേഷമാണ് 'നവതരംഗ' സാഹിത്യകാരന്മാരുടെ അരങ്ങേറ്റം. സാമൂഹിക പ്രശ്നങ്ങളുടെ പരിഹാരത്തിന് മാനവികതയെ ആശ്രയിക്കുക എന്നതാണ് ഇവരുടെ മുഖ്യ വാദഗതി. കാളിപട്ടണം രാമറാവുവിന്റെ 'യജ്ഞം' ഈ വിഭാഗത്തിൽപ്പെട്ട കഥയാണ്. സി.എസ്. റാവുവിന്റെ 'ഊരുമടിബതുകുലു', ദോനെപുഡി രാജറാവുവിന്റെ 'കൊത്ത ഡയറി', വി. രാജാറാം മോഹൻ റാവുവിന്റെ 'വരദ' എന്നീ കഥകൾ നവതരംഗ വിഭാഗത്തിൽപ്പെട്ടവയാണ്.

ചെറുകഥ ബഹുജനങ്ങൾക്ക് തികച്ചും അഭിഗമ്യമായ ഒരു സുശക്ത കലാമാധ്യമമാണെന്നതിനെപ്പറ്റി തെലുഗു കഥാകാരന്മാർ ബോധവാന്മാരാണ്. മറ്റു സാഹിത്യ ശാഖകളെപ്പോലെ ചെറുകഥയും നിലവിലുള്ള സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികളുടെ കടന്നുകയറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

നാവല എന്ന പേരാണ് തെലുഗു ഭാഷയിൽ നോവലിനുള്ളത്. വൈകിപ്പിറന്ന ഒന്നാണ് തെലുഗുനോവൽ. കഥാസരിത്സാഗരം, ശൂകസപ്തതി, ഹംസവിംശതി തുടങ്ങിയ നീണ്ടകഥകൾ നേരത്തേതന്നെ ഉണ്ടായിട്ടുണ്ട്. അവയിൽനിന്നു വ്യത്യസ്തമായ രീതിയിലാണ് നോവലുകൾ രൂപമെടുത്തത്. ഇംഗ്ളീഷ് നോവലുകളുടെ മാതൃകയിൽ നോവലുകൾ എഴുതാനാണ് 19-ാം ശ.-ത്തിന്റെ രണ്ടാം പകുതിയിൽ ശ്രമം നടന്നത്.

വീരേശലിംഗം പന്തുലുവിന്റെ രാജശേഖര ചരിത്ര (1878) ആണ് തെലുഗുവിലെ ആദ്യനോവലെന്ന് അദ്ദേഹം ആത്മകഥയിൽ അവകാശപ്പെടുന്നു. എന്നാൽ നരഹരിഗോപാലകൃഷ്ണമ്മ ചെട്ടിയുടെ ശ്രീരംഗരാജചരിത്ര(1872)ത്തെയാണ് നിരൂപകർ ആദ്യനോവലായി കണക്കാക്കുന്നത്. സത്യവതിചരിത്ര എന്ന ലഘു നോവലും വീരേശലിംഗത്തിന്റേതാണ്. രംഗരാജചരിത്രയാണ് തെലുഗുവിലെ ആദ്യത്തെ നോവൽ എന്ന അഭിപ്രായവുമുണ്ട്. ഗള്ളിവറുടെ സഞ്ചാരകഥകളെ ആധാരമാക്കി സത്യരാജപൂർവദേശയാത്രലു എന്ന കൃതിയും പന്തലു രചിച്ചു. ചിന്താമണി എന്ന പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ വർഷത്തെയും മികച്ച നോവലുകൾക്ക് സമ്മാനങ്ങൾ നല്കാൻവേണ്ട ഏർപ്പാടുകൾ ചെയ്തതും വീരേശലിംഗമാണ്. ചിലകമർത്തിയും ഖണ്ഡവല്ലിയും മികച്ച നോവലിസ്റ്റുകളായി അറിയപ്പെട്ടിരുന്നു. ചിലകമർത്തി ധാരാളം നോവലുകൾ എഴുതി. ചിലകമർത്തിയുടെ രംഗപ്രവേശത്തോടുകൂടി നോവൽരംഗത്ത് ഒരു പുതുയുഗം തുടങ്ങി. ബുലുസു പാപയ ശാസ്ത്രി, രെണ്ടാല വെങ്കടസുബ്ബറാവു, കെ. ലക്ഷ്മി നരസയ്യ എന്നിവരും നല്ല നോവലുകൾ രചിച്ചു.

1901-ൽ ഒരു ചരിത്രനോവൽ പ്രകാശിതമായി - ധരണീപ്രഗഡ വെങ്കടശിവറാവുവിന്റെ ഭുവനമോഹിനി. ഈ ചരിത്ര നോവൽ നൂർജിഹാന്റെ കഥ പറയുന്നു. ചിലകമർത്തി 'ആന്ധ്രാ സ്കോട്ട്' ആയി വാഴ്ത്തപ്പെട്ടു. തെലുഗുസാഹിത്യകാരന്മാർക്ക് ചരിത്രനോവലുകൾ രചിക്കാനുള്ള ആവേശം പകർന്നുകൊടുത്തത് ഇദ്ദേഹമാണ്. വേലാലസുബ്ബറാവു, രായസം വെങ്കടശിവഡു, കേതവരപു വെങ്കട ശാസ്ത്രി, ഭോഗരാജൂ നാരായണമൂർത്തി തുടങ്ങിയവർ ശ്രദ്ധേയങ്ങളായ ചരിത്രനോവലുകൾ രചിച്ചു. സാഹിത്യസംഘടനകളുടെ ശ്രമഫലമായും പല നോവലുകൾ പുറത്തുവന്നു. ബംഗാളി നോവലുകളുടെ പരിഭാഷകളും പ്രസിദ്ധീകൃതമായി. ആനന്ദമഠം 1907-ലും കപാലകുണ്ഡല 1908-ലും പ്രകാശിതമായി. ഈ കൃതികൾ ജനപ്രീതി നേടി

നിരവധി അന്യഭാഷാകൃതികളും വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ചാഗണ്ടി ശേഷയ്യയാണ് ദുർഗ്ഗേശനന്ദിനിയുടെ വിവർത്തകൻ. ശരത്ചന്ദ്ര ചാറ്റർജിയുടെ നോവലുകൾ ജനങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. ചക്രപാണി, വേലൂരി ശിവരാമശർമ എന്നിവർ അദ്ദേഹത്തിന്റെ പല കൃതികളും പരിഭാഷപ്പെടുത്തി. ശിവശങ്കരശാസ്ത്രിയും ബംഗാളി നോവലുകൾ വിവർത്തനം ചെയ്തു. ടാഗോർ കൃതികളുടെ തെലുഗു രൂപങ്ങളും പ്രകാശിതമായി. മൌലിക കൃതികളെക്കാൾ കൂടുതൽ പരിഭാഷകളാണ് പുറത്തു വന്നത്.

ലോകപ്രസിദ്ധങ്ങളായ പല നോവലുകളും തെലുഗുവിൽ വിവർത്തനംചെയ്യപ്പെട്ടു. സ്കോട്ട്, വിക്റ്റർ യൂഗോ, അലക്സാണ്ടർ ഡ്യൂമാ എന്നിവരുടെ കൃതികൾ അക്കൂട്ടത്തിൽപ്പെടുന്നു. ലേമിറാബ്ലേയുടെ അനുകരണങ്ങളായി വേലൂരി ശിവരാമശർമയുടെ ദിവ്യജീവനമു, കാമേശ്വരറാവുവിന്റെ പ്രേമസുന്ദരി എന്നിവ പുറത്തുവന്നു. ടോൾസ്റ്റോയി, ഗോർക്കി, ചെക്കഫ് തുടങ്ങിയവരുടെ കൃതികളും വിവർത്തനം ചെയ്യപ്പെട്ടു. ചന്തുമേനോന്റെ ഇന്ദുലേഖയെ അനുകരിച്ചുകൊണ്ട് ഡോഡ്ലാ വെങ്കടരാമിറെഡ്ഡി കലാവതി എന്ന കൃതി പ്രസിദ്ധീകരിച്ചു.

തെലുഗുദേശത്തെ ജനജീവിതം ശരിക്കും പ്രതിഫലിച്ചത് മൌലിക കൃതികളിലാണ്. ഉന്നവ ലക്ഷ്മീനാരായണ (1880-1953) മാലപല്ലി എന്ന നോവലിലൂടെ പ്രസിദ്ധനായിത്തീർന്നു. ഒരു കൊടുങ്കാറ്റുപോലെയാണ് ഈ കൃതി കടന്നുവന്നത്. തെലുഗു നോവലുകളുടെ കൂട്ടത്തിൽ ഈ കൃതിക്ക് സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. ആദർശാത്മകതയുടെ തിളക്കമുള്ള കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. ഇത് ഹരിജനങ്ങളുടെ പ്രശ്നങ്ങൾ സമർഥമായി അവതരിപ്പിച്ചു. മൊക്കപാടി നരസിംഹശാസ്ത്രിയുടെ ബാരിസ്റ്റർ പാർവതീശം എന്ന ഹാസ്യനോവൽ ജനശ്രദ്ധയെ ആകർഷിച്ചതും ഇക്കാലത്താണ്.

പണ്ഡിതനും കവിയും നാടകകൃത്തും ചെറുകഥാകൃത്തുമായ വിശ്വനാഥ സത്യനാരായണ നോവലിസ്റ്റ് എന്ന നിലയിലും പ്രസിദ്ധി നേടി. വേയിപദഗളു ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവൽ. മൂന്ന് തലമുറകളുടെ ചരിത്രമാണ് വേയിപദഗളുവിൽ അവതരിപ്പിക്കുന്നത്. മാതൃഭൂമിയോടുള്ള സ്നേഹം അദ്ദേഹത്തിന്റെ നോവലുകളിൽ നിറഞ്ഞുനില്ക്കുന്നു. ചെളിയലികട്ട, ബദ്ദണ്ണസേനാനി, ഏകവീര, ഹാഹാ ഹൂഹൂ, സ്വർഗനികി നിച്ചേനലു എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച നോവലുകൾ. ആധുനിക ഘട്ടത്തിലെ മൌലികതയുള്ള നോവലിസ്റ്റുകളുടെ കൂട്ടത്തിൽ സുപ്രധാനമായ സ്ഥാനമാണ് അഡിവി ബാപിരാജു വിനുള്ളത്. ഇംഗ്ളീഷ് നോവലുകളുടെ സ്വാധീനം ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രകടമാണ്. ആന്ധ്ര സംസ്കാരത്തോടുള്ള പ്രതിപത്തി നോവലുകളിൽ വ്യക്തമാകുന്നു. നാരായണറാവുവാണ് പരമോത്കൃഷ്ട കൃതി. ഹിമബിന്ദുവും ഗോണഗണ്ണറെഡ്ഡിയും ഇദ്ദേഹം രചിച്ച ചരിത്ര നോവലുകളാണ്.

നോറി നരസിംഹശാസ്ത്രി (1900-78) ആധുനികഘട്ടത്തിലെ മികച്ച നോവലിസ്റ്റാണ്. നാരായണഭട്ടു, രുദ്രമാദേവി, മല്ലറെഡ്ഡി എന്നീ മികച്ച നോവലുകൾ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ടേകുമല്ല രാജഗോപാലറാവു എഴുതിയ ലഘുനോവലുകളാണ് ലളിതയും വിഹംഗയാനവും. അസമർഥുനി ജീവയാത്ര (ത്രിപുരനേനി ഗോപിചന്ദ്), ചിവരികിമിഗിലെദി (ബുച്ചിബാബു) എന്നീ നോവലുകൾ ഉത്തമ കലാസൃഷ്ടികളാണ്.

മുപ്പതുകളിലും നാല്പതുകളിലും നോവൽ രചന കച്ചവട പ്രധാനമായി. കൊവ്വാലി ലക്ഷ്മീ നരസിംഹറാവു, ജമ്പാന ചന്ദ്രശേഖരറാവു തുടങ്ങിയവർ ജനപ്രിയ നോവലുകൾ എഴുതിയവരാണ്. സർ ആർതർ കോനൻ ഡോയൽ, പെറീ മാസൺ തുടങ്ങിയവരുടെ സ്വാധീനമുള്ള കുറ്റാന്വേഷണ നോവലുകൾ പലതും ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. മനശ്ശാസ്ത്ര നോവലുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചല്ല രാധാകൃഷ്ണ ശർമ എഴുതിയ ദളവായിരാമപ്പയ്യ ശ്രദ്ധേയമായ ഒരു ചരിത്രനോവലാണ്. ദേവരകൊണ്ട ചിന്നി കൃഷ്ണശർമയുടെ വിജയി, ജി.വി. കൃഷ്ണറാവുവിന്റെ കിലുബൊമ്മലു, ഇല്ലിന്ദ്ര രംഗതായകുലുവിന്റെ രാമമൂർത്തി തുടങ്ങിയവ ഇക്കാലത്തുണ്ടായ മേന്മയേറിയ നോവലുകളിൽപ്പെടുന്നു. രാമമൂർത്തിയിൽ ഉപ്പുസത്യഗ്രഹത്തിന്റെ നാളുകളാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

ആധുനിക വനിതകളുടെ പ്രശ്നങ്ങൾ പലതും വനിതകൾ തന്നെ നോവലുകളിൽ അവതരിപ്പിച്ചു. വാസിറെഡ്ഡി സീതാദേവി, സി. സീതാരാമം, ഡി. കാമേശ്വരി, എം.ജി. സരസ്വതി എന്നിവരുടെ കൃതികൾ ഇത്തരത്തിലുള്ളവയാണ്. തൊഴിലില്ലായ്മയുടെ രൂക്ഷത മുളളപൊഡാലു എന്ന നോവലിൽ നവീൻ എന്ന നോവലിസ്റ്റ് ചിത്രീകരിക്കുന്നു. പസുപുലേടി മല്ലികാർജുന റാവുവിന്റെ പക്ഷുലു എന്ന നോവലിൽ തെലുങ്കാനയിലെ കഷ്ടപ്പെടുന്നവരുടെ ചിത്രങ്ങളാണുള്ളത്. ജനപ്രിയ നോവലിസ്റ്റായ മാലതി ചെന്ദൂറിന്റെ കൃതികൾ സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. ആധുനിക തെലുഗു നോവലിസ്റ്റുകളിൽ പലരും വിശ്വസാഹിത്യകാരന്മാരുടെ കൃതികളുടെ സ്വാധീനവലയത്തിലാണ്. ഡിറ്റക്റ്റീവ് നോവലുകൾ തെലുഗുവിൽ ധാരാളം രചിക്കപ്പെട്ടിട്ടുണ്ട്.

അറുപതുകളിലും എഴുപതുകളിലും അരങ്ങത്തുവന്ന പുതുനോവലിസ്റ്റുകളിൽ മിക്കവരും സർവകലാശാലകളിൽനിന്നു പുറത്തുവന്ന ചെറുപ്പക്കാരാണ്. വിദ്യാഭ്യാസംകൊണ്ട് പുതിയ ജീവിത വീക്ഷണം നേടിയ കഥാകാരികളിൽ സി. ആനന്ദാരാമം, ഡി. കാമേശ്വരി, എം.ജി. സരസ്വതി, കെ. രുക്മിണീദേവി മുതലായവർ ശ്രദ്ധേയരാണ്. കുടുംബത്തിലും സമൂഹത്തിലും പലതരം സങ്കീർണപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന ആധുനിക സ്ത്രീയാണ് ഇവരുടെ നോവലുകളിലെ മുഖ്യകഥാപാത്രം. 1972-ൽ ചിട്ടറെഡ്ഡി സൂര്യകുമാരി പ്രസിദ്ധീകരിച്ച പാമുപഗ എന്ന നോവൽ എമിലി ബ്രോൺടിയുടെ വതറിങ് ഹൈറ്റ്സ് എന്ന നോവലിനെ അനുസ്മരിപ്പിക്കുന്നു. വഞ്ചിതയായ ഒരു സ്ത്രീയുടെ ജീവിതം ചിത്രീകരിക്കുന്ന നോവലാണ് എം.ജി. സരസ്വതിയുടെ ആശാലു വേഗിനകാടു (1973). രുക്മിണീദേവിയുടെ നവതമാനവത (1977) മാനവികതയുടെ മഹത്ത്വം എടുത്തുകാട്ടുന്നു. ഒരു മികച്ച നോവലിസ്റ്റ് എന്ന നിലയിൽ പ്രതിഷ്ഠ നേടിയ ആനന്ദരാമം രചിച്ച സമത, വൈതരണി, അഡവിമല്ലേ എന്നീ നോവലുകൾ നിശിത ഹാസ്യാത്മക കൃതികളാണ്.

ഈ കാലയളവിലെ പുരുഷ നോവലിസ്റ്റുകളിൽ പലരും ജീവിതത്തെ അനുസ്യൂതമായ ഒരു നാടകമായിട്ടാണ് കാണുന്നത്. നവീനിനെപ്പോലെയുള്ള നോവലിസ്റ്റുകൾ ജെയിംസ് ജോയ്സിന്റെ ബോധധാരാസങ്കേതം ഉപയോഗിച്ച് നോവലുകൾ രചിച്ചു. 1970-ൽ പ്രസിദ്ധീകരിച്ച മുൾച്ചെടികൾ ഇതിന് ഉദാഹരണമാണ്. യുവജനതയെ ശക്തമായി ബാധിച്ചിട്ടുള്ള തൊഴിലില്ലായ്മപ്രശ്നമാണ് ഈ കൃതിയിലെ ഇതിവൃത്തം. മറ്റൊരു ആധുനികനായ ദാശരഥിരംഗാചാര്യ (1930-) നൈസാം ഭരണകാലത്തും അതിനുശേഷവുമുള്ള തെലുങ്കാനാജീവിതം ചരിത്രരൂപത്തിൽ അവതരിപ്പിക്കുന്നു. കലയോടും സോഷ്യലിസത്തോടും ആധുനികതയോടും പ്രതിജ്ഞാബദ്ധനായ നോവലിസ്റ്റാണിദ്ദേഹം. തെലുഗു ജീവിതത്തിലെ ദാരിദ്യ്രവും പക്ഷപാതങ്ങളും ചിത്രീകരിക്കുന്ന ജി.വി.കൃഷ്ണറാവുവിന്റെ പാപികൊണ്ടലു (1969) അപൂർണമായ ഒരു നോവലാണ്. മുനഗചെട്ടു, പ്രേമാകുപഗ്ഗാലു, രാതിമേഡ മുതലായ പ്രസിദ്ധ നോവലുകളുടെ കർത്താവായ വീരാജി �(1939-) വിഭിന്ന വീക്ഷണകോണുകളിലൂടെ പ്രേമത്തിന്റെ യഥാർഥ സ്വഭാവം ആരായുന്നു. രംഗാചാര്യയുടെ ചില്ലറദേവുളു, മോദുഗുപുലു, ജനപദം എന്നീ നോവലുകളും ഹിതശ്രീയുടെ അന്തർവാഹിനി (1968), സാമാനുഡി കാമന (1970) എന്നീ രചനകളും പസുപുലേടി മല്ലികാർജുനറാവുവിന്റെ പക്ഷുലു, കൊണ്ടമുടി ശ്രീരാമചന്ദ്രമൂർത്തിയുടെ (1936-) കരുണ, പാപംപഡഗനിദ, ദൈവോപാത്തുലു, ചികാട് ലോ ചിരുദീപം, യജ്ഞസമിധാലു എന്നീ നോവലുകളും ജനപ്രീതി ആർജിച്ചവയാണ്.

കൊർറപാടി ഗംഗാധരറാവുവിന്റെ ലംബോഡോള്ള രാമദാസ് (1970) ആക്ഷേപഹാസ്യാത്മകമായ ഒരു നാടോടി നോവലാണ്. ദേശ്യഭാഷകളുപയോഗിച്ച് നോവലുകൾ രചിക്കുന്ന പോറങ്കി ദക്ഷിണാമൂർത്തിയുടെ വെലുഗുവെണ്ണല ഗോദാവരി (1971) എന്ന നോവലിൽ ഗോദാവരിയെ അതിന്റെ എല്ലാ സമൃദ്ധിയോടും പോരായ്മകളോടുംകൂടി ചിത്രീകരിക്കുന്നു. പന്യാല രംഗനാഥറാവു (1920-) ഗദ്വാലാതെല്ലചിര എന്ന നോവലിൽ ഭർത്താവിനാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു അസാധാരണ സ്ത്രീയുടെ ജീവിതം ചിത്രീകരിക്കുമ്പോൾ രാമകൃഷ്ണശർമയുടെ (1930-) ലയതപ്പിന ഹൃദയതാലു എന്ന നോവലിൽ പ്രേമം എന്നത് ഒരു ആജീവനാന്ത ഭക്തിയാണെന്നു സമർഥിക്കുന്നു. ഏറ്റവുമധികം ജനപ്രീതി നേടിയ നോവലിസ്റ്റ് യെദ്ദനപുഡി സുലോചനാ റാണി (1938-)യുടെ വിജേതാ, മീനാബംഗാരു കലാലു, കീർത്തി കിരീടാലു, അദിശാപം മുതലായ നോവലുകൾ അഭിജാത മധ്യവർഗത്തിന്റെ കാപട്യങ്ങളെ തുറന്നുകാട്ടുന്ന അതിഭാവുക കഥകളാണ്.

പിലകാ ഗണപതി ശാസ്ത്രിയുടെ (1911-) കശ്മീരപട്ടമഹർഷി (1969), ആദിവിഷ്ണുവിന്റെ (1936-) രാക്ഷസീ നി പേരു രാജകീയമാ? എന്നീ നോവലുകളും ഇക്കാലത്ത് ജനപ്രീതി ആർജിച്ചവയാണ്. ഭരണാധികാരികളുടെ വിലക്ഷണതയും മനുഷ്യസ്വഭാവത്തിന്റെ സങ്കീർണതയും വർണിക്കാൻ പുരാതനങ്ങളായ പശ്ചാത്തലങ്ങളാണ് ഗണപതിശാസ്ത്രി ഉപയോഗപ്പെടുത്തുന്നത്. പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ചുള്ള നിശിതമായ ആക്ഷേപഹാസ്യമാണ് ആദിവിഷ്ണുവിന്റെ നോവലിൽ കാണുന്നത്. മറ്റൊരാധുനികനായ രാവൂരി ഭരദ്വാജയുടെ പാകുഡുരാള്ളൂ എന്ന നോവലിൽ സിനിമാലോകത്തെയാണ് ചിത്രീകരിക്കുന്നത്. അശുഭവിശ്വാസിയായി അറിയപ്പെടുന്ന ബലിവാഡ കാന്തറാവു അനേകം നോവലുകൾ രചിച്ചിട്ടുണ്ട്. ഗാർഹികാന്തരീക്ഷത്തിൽ മാതൃകാപരമായ ലാളിത്യത്തോടെ രചിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നോവലാണ് ഗോഡാമിദാബൊമ്മ. പാലുഗുമ്മി പദ്മരാജൂ, കൊമ്മുരിവേണു ഗോപാലറാവു, പുരാണം സുബ്രഹ്മണ്യശർമ, ധനികൊണ്ടഹനുമന്തറാവു, താള്ളൂരി നാഗേശ്വരറാവു, ഗൊല്ലപൂഡി മാരുതി റാവു, രന്ധി സോമരാജു മുതലായവർ ഈ കാലയളവിലെ ശ്രദ്ധേയരായ മറ്റു നോവലിസ്റ്റുകളാണ്.

തെലുഗു നോവലിലെ നൂതന പ്രവണതകളിൽ ബോധധാരാ സങ്കേതവും മാനസികാപഗ്രഥന സങ്കേതവും ഏറെ പ്രാധാന്യമർഹിക്കുന്നു. ബുച്ചിബാബുവിന്റെ ചിവരകുമിഗിലേദി എന്ന നോവലിൽ നായകന്റെ വ്യക്തിപരമായ ഒരന്വേഷണം സാർവലൌകികമായ ഒരന്വേഷണവുമായി കൂടിക്കലർന്നുപോകുന്നതിനെയാണ് ചിത്രീകരിക്കുന്നത്. രചകൊണ്ട വിശ്വനാഥശാസ്ത്രി (രവിശാസ്ത്രി, ജ.1922)യുടെ അല്പജീവി, വിനുഗൊണ്ട നാഗരാജുവിന്റെ താഗുബോത്തു, ആർ.എസ്. സുദർശനത്തിന്റെ മള്ളി വസന്തം എന്നീ നോവലുകൾ യുങ്ങിന്റെ മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതികളാണ്. രവിശാസ്ത്രിയുടെ അല്പജീവി ആധുനിക ക്ളാസ്സിക്കുകളിലൊന്ന് എന്ന അംഗീകാരം നേടിയിട്ടുണ്ട്. അധമതാബോധത്തിന് ഇരയായ കഥാപാത്രങ്ങളെയാണ് ഈ കഥകളിൽ അവതരിപ്പിക്കുന്നത്. ഫ്രോയ്ഡിയൻ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ കഥാപാത്രങ്ങളുടെ ഇരുളടഞ്ഞ അന്തർമണ്ഡലങ്ങളിലേക്കു കടന്നുചെല്ലുന്ന നോവലിസ്റ്റാണ് വിശ്വനാഥ സത്യനാരായണ. ഇദ്ദേഹത്തിന്റെ ഏകവീര, മാബാബു (1946) എന്നീ കൃതികളിൽ വിചാരവും വ്യവഹാരവും തമ്മിലുള്ള സംഘർഷങ്ങളും പൊരുത്തക്കേടുകളും പ്രതീകാത്മകങ്ങളായ ബിംബസങ്കല്പങ്ങളിലൂടെ വർണിക്കുന്നു. ഭാസ്കരഭട്ല കൃഷ്ണറാവുവിന്റെ വെല്ലുവലോപൂചികപുല്ലലു, ശ്രീദേവിയുടെ കാലാതീതവ്യാക്തുലു, വഡ്ഡര ചണ്ഡി ദാസുവിന്റെ ഹിമജ്വാല എന്നീ നോവലുകൾ ബോധധാരാസങ്കേതത്തിൽ രചിക്കപ്പെട്ടവയാണ്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒരു ദിവസത്തെ സംഭവങ്ങളെല്ലാം പട്ടികയാക്കി ക്രോഡീകരിക്കുന്ന നവീനിന്റെ അംബസയ്യ എന്ന നോവൽ ജെയിംസ് ജോയ്സിന്റെ യുളിസസ്സിന്റെ മാതൃകയാണ് അവലംബിക്കുന്നത്. വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്.

മഞ്ജുശ്രീ എന്ന പേരിൽ അറിയപ്പെടുന്ന അക്കിരാജു രമാപതിറാവു (1936-) പത്ത് നോവലുകളും നാല് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ് തത്ത്വങ്ങളിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന ആൾവാർസ്വാമി വട്ടിക്കോട്ട (1915-61) അനേകം നോവലുകൾ പ്രസിദ്ധീകരിച്ചു. പ്രജാലമനിഷി (1964), ഗംഗു (1965) എന്നിവയാണ് മുഖ്യ കൃതികൾ. സമകാലീന സത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ് ഇദ്ദേഹത്തിന്റെ നോവലുകൾ. നൈസാമിന്റെ കാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ, സ്തുതിപാഠകരായ പ്രഭുക്കൾ, നിസ്സഹായരായ അടിമകൾ, അധഃസ്ഥിതരുടെ മതപരിവർത്തനം തുടങ്ങിയവ അക്കാലത്തു നിലനിന്നിരുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ദേവത, വക്രിഞ്ചിന സരളരേഖളു എന്നിവയാണ് കാഞ്ചിരാമകൃഷ്ണമോഹന്റെ പ്രധാന നോവലുകൾ. ഉർദു, കന്നഡ എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വക്രിഞ്ചന സരളരേഖളു എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരവും ജനപ്രീതി നേടി.

നോവൽ, ചെറുകഥ എന്നീ വിഭാഗങ്ങളിലായി 25-ൽപ്പരം കൃതികൾ രചിച്ച ഡി. കാമേശ്വരി (1935-) സ്വതന്ത്രപത്രപ്രവർത്തകയുമാണ്. കൊത്തനീരു (1973), വിധിവഞ്ചിതുലു (1973), വിവാഹബന്ധലു (1976), ശുഭോദയം (1977), അഗ്നിപരീക്ഷ (1992), പരാജിതുലു എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. കന്നീടികിനവ്വോച്ചിന്തി (1977), പൂജുപനികിരാണി പൂവ്വുലു (1977) എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ നോവലിസ്റ്റാണ് കാശിവിശ്വനാഥ്. കെ.വി. കൃഷ്ണകുമാരി (1947-) നോവൽ, ചെറുകഥാ വിഭാഗങ്ങളിലായി നാല്പതിൽപ്പരം കൃതികൾ രചിച്ചിട്ടുണ്ട്. വേദെന്യായം കർമയോഗി, അപർണ എന്നിവയാണ് മികച്ച നോവലുകൾ.

തെലുഗുസാഹിത്യത്തിൽ കാല്പനികത കൊടികുത്തിവാണകാലത്ത് യാഥാതഥ്യത്തിൽ വേരൂന്നിനിന്ന കഥാകാരനാണ് കൊടവടിഗണ്ടി കുടുംബറാവു (1907-80). വ്യക്തികളെയും പ്രശ്നങ്ങളെയും ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിലാണ് കഥാകൃത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ചദുവു, അരുണോദയം, ഗഡ്ഡുറോജുലു എന്നീ നോവലുകളിൽ രണ്ടു ദശകക്കാലത്തെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലേക്ക് കുടുംബറാവു വെളിച്ചം വീശുന്നു. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾക്കു നേരിടേണ്ടിവരുന്ന അനീതികളെ അപഗ്രഥിക്കുന്നതിൽ നോവലിസ്റ്റ് മുന്നിട്ടുനില്ക്കുന്നു. നികെംകവിലി, കുലംലെനി മനിസി, എന്റമവുലു, മരുപെർലു എന്നീ നോവലുകളിലെ സ്ത്രീകഥാപാത്രങ്ങൾ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചതിനെത്തുടർന്ന് ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നവരാണ്. 1970-ൽ ഇദ്ദേഹം റവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷനിൽ അംഗമായി ചേർന്നു. ചദുവു എന്ന നോവലാണ് കുടുംബറാവുവിന്റെ ഏറ്റവും മികച്ച രചനയായി കരുതപ്പെടുന്നത്.

ആധുനിക തെലുഗു നോവലിസ്റ്റായ കൊടൂരി കൌസല്യാദേവിയുടെ ചക്രഭ്രമണമു, ശാന്തിനികേതനമു, ധർമചക്രമു, പ്രേമസാഗർ, കല്യാണമന്ദിരമു, ചക്രനേമി എന്നീ നോവലുകൾ ശ്രദ്ധേയങ്ങളാണ്. ചരിത്രാധ്യാപകനായി സേവനമനുഷ്ഠിച്ച കൊലിപാകരമാമണി (1938-) ഒരു ഡസനോളം നോവലുകൾ പ്രസിദ്ധീകരിച്ചു. വെന്നലലോ പില്ലന ഗ്രോവി, ഹളഹളംലോ അമൃതം എന്നിവയാണ് മുഖ്യ കൃതികൾ.

നിരവധി നോവലുകൾ രചിച്ച കോമളദേവി (1955-) തെലുഗു നോവൽ സാഹിത്യത്തിലെ പുതിയൊരു വാഗ്ദാനമാണ്. ബംഗാരുപഞ്ചാരം, ആരാധന, പുലതേരളു, ദാമ്പത്യലു, ആനവളിഗിഞ്ചിന ദീപാലു, അന്തുകുന്നസ്വർഗം എന്നിവ മുഖ്യ നോവലുകളിൽ ഉൾപ്പെടുന്നവയാണ്. തമിഴ്, കന്നഡ ഭാഷകളിലേക്ക് ഇവരുടെ നോവലുകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗംഗപ്പ ശ്രീരാമപ്പഗാരി (1936-) അനേകം നോവലുകളും നിരൂപണ കൃതികളും രചിച്ചിട്ടുണ്ട്. ഗുഡവേങ്കട സുബ്രഹ്മണ്യം (1935-) നോവൽ, നാടകം, നിരൂപണം എന്നീ വിഭാഗങ്ങളിലായി അനേകം കൃതികൾ രചിച്ചു. രാഗമഞ്ജരി (1958), ജീവനഗംഗ (1963) എന്നിവയാണ് മുഖ്യനോവലുകൾ. തെലുഗു സാഹിത്യചരിത്രം പരിശോധിച്ചാൽ നോവലിനെപ്പോലെ വ്യാപകവും പ്രാതിനിധ്യസ്വഭാവമുള്ളതുമായ മറ്റൊരു സാഹിത്യശാഖയും ഇല്ലെന്നു കാണാം.

1870-നു മുമ്പ് തെലുഗുവിൽ നാടകങ്ങളോ നാടക വിവർത്തനങ്ങളോ ഉണ്ടായിട്ടില്ല. എന്നാൽ ദൃശ്യാവിഷ്കാരങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. പാവക്കൂത്തുകളെക്കുറിച്ചുള്ള പരാമർശം പന്ത്രണ്ടാം നൂറ്റാണ്ടു മുതൽക്കുള്ള കൃതികളിൽ കാണാം. പതിനഞ്ചാം നൂറ്റാണ്ടിലെ കവിയായ ശ്രീനാഥ സംഗീതനാടകരൂപത്തിലുള്ള യക്ഷഗാനത്തെക്കുറിച്ചു പറയുന്നുണ്ട്. 1876ൽ വാവിള്ള വാസുദേവശാസ്ത്രി ഷെയ്ക്സ്പിയറുടെ ജൂലിയസ് സീസർ പരിഭാഷപ്പെടുത്തി (സീജറുചരിത്രമുഃ). 1876ൽ ആണ് ആ തർജുമ പുറത്തു വന്നത്. 1880ൽ ഗുരുജാഡ ശ്രീരാമമൂർത്തിയും കെ.വീരേശലിംഗവും 'വെനിസിലെ വ്യാപാരി' എന്ന ഷെയ്ക്സ്പിയർ നാടകത്തിലെ ആദ്യത്തെ രണ്ട് അങ്കങ്ങൾ വിവർത്തനം ചെയ്തു. ഷെറിഡൻ, ഇബ്സൻ തുടങ്ങിയവരുടെ നാടകങ്ങളുടെ വിവർത്തനങ്ങളും പുറത്തുവന്നു. ഷെയ്ക്സ്പിയറുടെ കൃതികൾക്കാണ് കൂടുതൽ പരിഭാഷകളുണ്ടായത്. ഷെറിഡൻ രചിച്ച ദ് ഡ്യയന്ന എന്ന നാടകം രാഗമഞ്ജരി എന്ന പേരിലും ദ് റൈവൽസ് എന്ന നാടകം കല്യാണകല്പവല്ലി എന്ന പേരിലും തർജുമ ചെയ്യപ്പെട്ടു. കന്ദുകൂരി വീരേശലിംഗമാണ് വിവർത്തകൻ. ഭമിഡിപാടി കാമേശ്വരറാവുവാണ് മോളിയേയുടെ നാടകങ്ങൾ തർജുമ ചെയ്തത്. ദ് ചെറി ഓർച്ചഡ് എന്ന ചെഖോഫ് കൃതി ശ്രീ ശ്രീ (ശ്രീരംഗം ശ്രീനിവാസറാവു) പരിഭാഷപ്പെടുത്തി.

ഇക്കാലത്ത് ധാരാളം നാടകസംഘങ്ങളും രൂപമെടുത്തു. (ചിന്താമണി നാടകസംഘം, ജഗന്മിത്ര നാടകസമാജം, സുരഭി തുടങ്ങിയവ). നാടിന്റെ നാനാഭാഗങ്ങളിൽ നാടകങ്ങൾ അരങ്ങേറി. ചിലകമർത്തി ലക്ഷ്മി നരസിംഹം, വഡ്ഡാദി സുബ്ബരായുലു തുടങ്ങിയ നാടകരചയിതാക്കൾ ശ്രദ്ധേയരായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ മികച്ച നാടകമാണ് രാസപുത്രവിജയം. ഇച്ഛാപുരവു യജ്ഞനാരായണയാണ് ഈ നാടകം രചിച്ചത്. രജപുത്രരുടെ ധീരത ഈ നാടകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. റോഷനാര (കൊപ്പരപു സുബ്ബറാവു), പാണ്ഡവവിജയം (തിരുപതി വെങ്കിടേശ്വരകവുലു), ശ്രീകൃഷ്ണതുലാഭാരം (മുട്ടറാസുസുബ്ബറാവു), ഖിൽജിരാജ്യപതനം (ഗുണ്ടിമേട വെങ്കടസുബ്ബറാവു), വിന്ധ്യറാണി, നാരാജു (പി. നാഗേന്ദ്രറാവു) തുടങ്ങിയ നാടകങ്ങൾ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബംഗാളി സാഹിത്യകാരനായ ഡി.എൽ.റോയിയുടെ ചന്ദ്രഗുപ്ത, ഷാജഹാൻ, ദുർഗാദാസ് എന്നീ നാടകങ്ങളും വിവർത്തനം ചെയ്യപ്പെട്ടു. ശ്രീപാദ കാമേശ്വരറാവു ഹിന്ദി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലെ ചില നാടകങ്ങൾ പരിഭാഷപ്പെടുത്തി. രവീന്ദ്രനാഥ ടാഗൂറിന്റെ ചിത്ര, കർണനും കുന്തിയും തുടങ്ങിയ നാടകങ്ങൾ ബി. ഗോപാലറെഡ്ഡി വിവർത്തനം ചെയ്തു. 1896ൽ വേദംവെങ്കിടാചാര്യ ശാസ്ത്രി എഴുതിയ പ്രതാപരുദ്രീയം എന്ന നാടകം വളരെ പ്രസിദ്ധിനേടി. അനേകം പേർ വായിച്ചാസ്വദിച്ച ഈ ഉജ്ജ്വലകൃതി പല തവണ അരങ്ങിലുമെത്തി. കാകതീയ ചരിത്രത്തിലെ ഏടുകളെ ആധാരമാക്കി രചിക്കപ്പെട്ട നാടകമാണത്. ഗുരുജാഡ അപ്പാറാവുവിന്റെ കന്യാശുൽക്കം എന്ന സാമൂഹികനാടകം പാത്രസൃഷ്ടിയിലും മികച്ചു നില്ക്കുന്നു. സമൂഹത്തിലെ തിന്മകളെ നശിപ്പിക്കുന്നതിനുവേണ്ടി ആചണ്ട വേങ്കട സാംഖ്യായനശർമ, ബാപിരാജു എന്നിവരും നാടകങ്ങൾ രചിച്ചു. വീരേശലിംഗം ധാരാളം പ്രഹസനങ്ങൾ എഴുതി.

തെലുഗു നാടകചരിത്രത്തിൽ പാനുഗണ്ടി ലക്ഷ്മിനരസിംഹറാവു(1895-1940)വിന് പ്രധാനമായ സ്ഥാനമാണുള്ളത്. നരസിംഹറാവു മികച്ച ഗദ്യകാരനായിരുന്നു. അദ്ദേഹത്തിന്റെ പാദുകപട്ടാഭിഷേകം, രാധാകൃഷ്ണ എന്നീ നാടകങ്ങൾ പുരാണകഥ ചിത്രീകരിക്കുന്നവയാണ്. കാന്താഭരണം, വൃദ്ധവിവാഹം എന്നിവ സാമൂഹികനാടകങ്ങളാണ്. അബ്ബൂരി രാമകൃഷ്ണറാവു, ശിവശങ്കരസ്വാമി എന്നിവർ കാവ്യനാടകങ്ങളും ഗേയനാടകങ്ങളും എഴുതിയവരാണ്. പിഠാപുരം യുവരാജാവായിരുന്ന ആർ.വി.യും എം.ജി. രാമറാവുവും ചില നാടകങ്ങൾ രചിച്ചിട്ടുണ്ട്. ആലോകമുനൻഡി ആഹ്വാനം, വരൂഥിനി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. വരുഥിനിയിലെ കഥ പെദ്ദനയുടെ മനുചരിത്രയിൽ ഉള്ളതാണ്. മുദ്ദുകൃഷ്ണയുടെ രസകരങ്ങളായ ഹാസ്യനാടകങ്ങളാണ് റ്റീ കപ്പുലോതുപാന് (ചായക്കോപ്പയിലെ കൊടുങ്കാറ്റ്), ഭീമകലാപം എന്നിവ. ധാരാളം ലഘുനാടകങ്ങളെഴുതിയ പി.വി. രാജമന്നാർ രചിച്ച തപ്പെവരിദി (തെറ്റാരുടേതാണ്) മികച്ച സാമൂഹികനാടകമാണ്. അദ്ദേഹത്തിന്റെ നാടകങ്ങളുടെ കൂട്ടത്തിൽ മനോരമയ്ക്ക് പ്രധാനമായ സ്ഥാനമാണുള്ളത്. ആത്രേയ, കൊണ്ടമുടി ഗോപാലരായ തുടങ്ങിയവർ ആധുനിക നാടകവേദിക്കുവേണ്ടി നാടകങ്ങൾ രചിച്ചവരാണ്.

രൂപനവനീതം (രായപ്രോലു സുബ്ബറാവു), പ്രേമദ്വര (സ്വയം പാകുല ആദിശേഷയ്യ), നരസണ്ണഭട്ടു (വിഞ്ജാമുരിലക്ഷ്മീനരസിംഹറാവു), മദനസായകം (യെല്ലപ്പന്തുലജഗന്നാഥം) തുടങ്ങിയ നാടകങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നു.

ഭാസൻ, ഭവഭൂതി തുടങ്ങിയവരുടെ നാടകങ്ങൾ തെലുഗുവിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബോയി ഭീമണ്ണയുടെ രാഗവാസിഷ്ഠം എന്ന നാടകവും മികച്ച കലാസൃഷ്ടിയാണ്. മണ്ഡലപർത്തി ഉപേന്ദ്രശർമ, പിനിസെട്ടി ശ്രീരാമമൂർത്തി, ചെറുലവാഡ പിച്ചയ്യ, ചില്ലാറ ഭവനാരായണ എന്നിവർ ആധുനിക കാലഘട്ടത്തിലെ മികച്ച നാടകകൃത്തുക്കളാണ്.

ആധുനികകാലത്ത് ധാരാളം ലഘുനാടകങ്ങളും ഏകാങ്ക നാടകങ്ങളും തെലുഗുവിൽ രചിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ കൃതികൾ തന്നെയാണ് ഇവിടെയും പ്രചോദനമേകിയത്. അവയ്ക്ക് സംസ്കൃത നാടകങ്ങളോട് കടപ്പാടൊന്നുമില്ല. പാശ്ചാത്യനാടകങ്ങളോടുള്ള കടപ്പാട് സങ്കേതത്തെമാത്രം സംബന്ധിക്കുന്നതാണ്. ബർണാഡ് ഷാ, ഇബ്സൻ, ചെക്കോഫ് തുടങ്ങിയവരുടെ നാടകങ്ങൾ വിവർത്തനം ചെയ്യപ്പെടുകയും ഉണ്ടായി.

തെലുഗു സാഹിത്യത്തിൽ ചരിത്രനാടകങ്ങൾക്കും പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. മാറേമന്ദരാമറാവു മൂന്ന് ചരിത്രനാടകങ്ങൾ രചിച്ചു. ഒരു നാടകത്തിൽ ഛായയും ചന്ദ്രഗുപ്തനും തമ്മിലുള്ള പ്രണയം ചിത്രീകരിക്കുന്നു. കടയവേമന് തന്റെ രാജ്യത്തിന്റെ ഒരു ഭാഗം കൊടുക്കുന്ന കുമാരഗിരി റെഡ്ഡിയുടെ കഥ മറ്റൊരു നാടകത്തിൽ അവതരിപ്പിക്കുന്നു. മൂന്നാമത്തെ നാടകം കൃഷ്ണദേവരായർ തിമ്മരസുവിനു നല്കുന്ന ശിക്ഷയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. മുദ്ദുകൃഷ്ണയും സത്യനാരായണയും അനാർക്കലിയുടെ കഥ നാടകമാക്കി. കൊമ്പല്ലെ ജനാർദ്ദനറാവു(1907-37)വിന്റെ താൻസൻ, മല്ലാഡി അവധാനിയുടെ താര, ശ്രീപാദസുബ്രഹ്മണ്യ ശാസ്ത്രിയുടെ രാജരസു എന്നിവ ശ്രദ്ധേയങ്ങളായ ചരിത്രനാടകങ്ങളാണ്. ധർമവരം രാമകൃഷ്ണമാചാരിയുടെ ശിവജി വളരെ പ്രസിദ്ധി നേടിയിട്ടുണ്ട്. 1949-ൽ രചിക്കപ്പെട്ട ഈ കൃതി ഹിന്ദു-മുസ്ലിം ഐക്യത്തിന് പ്രാധാന്യം കല്പിക്കുന്നു. പാനുഗണ്ഡിയുടെ പ്രചണ്ഡചാണക്യം മൌര്യകാലഘട്ടത്തിന്റെ പുനരാവിഷ്കാരം നടത്തുന്നു. പുരാണ കഥാപാത്രങ്ങളായ ശബരി, രേണുക, ശർമിഷ്ഠ എന്നിവരെക്കുറിച്ചും നാടകങ്ങൾ രചിക്കപ്പെട്ടു.

തെലുഗുവിൽ അനവധി സാമൂഹിക നാടകങ്ങൾ ഉണ്ട്. 1880ൽ വാവിള്ള വാസുദേവശാസ്ത്രി രചിച്ച നന്ദകരാജ്യമാണ് തെലുഗുവിലെ ആദ്യത്തെ സാമൂഹിക നാടകം. സാമൂഹിക നാടകരംഗത്തെ അതികായനാണ് പി.വി. രാജമന്നാർ. ഏമിമഗവല്ലു അദ്ദേഹം രചിച്ച മികച്ച സാമൂഹിക നാടകം എന്ന അംഗീകാരം നേടി. ദയ്യാലലങ്കാ എന്ന നാടകത്തിന് തൊട്ടടുത്ത സ്ഥാനം നല്കാം. നാർലവെങ്കിടേശ്വര റാവുവിന്റെ ലഘുനാടകസമാഹാരമാണ് കൊട്ടഗദ്ദ (പുതുമണ്ണ്). സ്വാമിശിവശങ്കരശാസ്ത്രിയുടെ സ്ത്രീവിരോധിയും ഗണനീയം തന്നെ. എം. വിശ്വനാഥ കവിരാജ രസകരങ്ങളായ നാടകങ്ങൾ രചിച്ചു. ഹാസ്യവും ആക്ഷേപഹാസ്യവും നിറഞ്ഞവയാണ് ബി. നാഗരാജാമാത രചിച്ച നവകവി, മിസലപക്ഷുലു തുടങ്ങിയ നാടകങ്ങൾ. സ്ത്രീപക്ഷ ചിന്തകൾ നിറഞ്ഞവയാണ് ഗുഡിപാടി വെങ്കടാചലം രചിച്ച ഭാനുമതി, പങ്കജം എന്നീ നാടകങ്ങൾ. മാഞ്ചർല ഗോപാലറാവു ഹിരണ്യ കശിപു എന്ന നാടകത്തിൽ ഹിരണ്യ കശിപുവിനെ കമ്യൂണിസ്റ്റായി അവതരിപ്പിച്ചു. മൊക്കപാടി നരസിംഹശാസ്ത്രിയും ജി.വി. കൃഷ്ണറാവുവും ശ്രദ്ധേയരായ നാടകകൃത്തുക്കളാണ്. കെ.വൈകുണ്ഠറാവു ബംഗാളിയിൽനിന്ന് ഗൃഹപ്രവേശവും മറ്റു ചില നാടകങ്ങളും പരിഭാഷപ്പെടുത്തി. മഹാകവി രവീന്ദ്രനാഥ ടാഗൂറിന്റെ എട്ട് നാടകങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തു. ഇക്കൂട്ടത്തിൽ കചദേവയാനിയും ചിത്രാംഗദയുമുണ്ട്.

നോറി നരസിംഹശാസ്ത്രി തെനെതെട്ടേ എന്ന ലഘുനാടക സമാഹാരം 1950-ൽ പ്രസിദ്ധപ്പെടുത്തി. ചെറുപ്പകാലത്ത് ശാസ്ത്രി എഴുതിയ സോമനാഥവിജയത്തിലുപയോഗിച്ചിരിക്കുന്നത് സംഭാഷണഭാഷയാണ്. ബോയി ഭീമണ്ണ എഴുതിയ പഡിപൊട്ടുണ്ണ അദ്ദുഗൊഡലു ശ്രദ്ധേയമായ ഏകാങ്കനാടകമാണ്. ജി. ത്രിപുരസുന്ദരി എഴുതിയ ആറ് ഏകാങ്കനാടകങ്ങൾക്ക് 1955-ൽ സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. കൊപ്പരപു സുബ്ബറാവു എഴുതിയ റോഷനാരയ്ക്കും താരാശശാങ്കത്തിനും ജനപ്രീതി ലഭിക്കുകയുണ്ടായി. കുറ്റാന്വേഷണ ഏകാങ്കനാടകവിഭാഗത്തിൽപ്പെട്ട കൊർറപാടി ഗംഗാധരറാവുവിന്റെ പ്രാർഥന വളരെ രസകരമാണ്.

തെലുങ്കാനയിലെ പ്രസിദ്ധരായ ഏകാങ്കനാടകരചയിതാക്കളാണ് എ.ആർ.കൃഷ്ണ, അംബടിപുഡി വെങ്കടരത്നം, ഭമിഡിപാടി രാധാകൃഷ്ണ, വിഡിയാലാ ചന്ദ്രശേഖരറാവു എന്നിവർ. പതിത, വിലുവലു (മൂല്യങ്ങൾ) തുടങ്ങിയ ചെറുനാടകങ്ങൾ എഴുതിയ ഗൊല്ലാപുഡി മാരുതിറാവുവും ശ്രദ്ധേയനാണ്. വിലുവലു എന്ന ചെറുനാടകത്തിൽ സ്ത്രീകഥാപാത്രങ്ങളേയില്ല. കേശവപന്തുല നരസിംഹശാസ്ത്രി പൊതുക്കുചി സാംബവശാസ്ത്രി, ഗോരാശാസ്ത്രി എന്നിവർ രചിച്ച നാടകങ്ങൾ അഭിനയിക്കുന്നതിനും വായിക്കുന്നതിനും അനുയോജ്യമാണ്.

സാമൂഹിക വിഷയങ്ങൾ അടിസ്ഥാനമാക്കി രചന നടത്തിയ ആധുനിക നാടകകൃത്തായ അംഗരസൂര്യറാവു(1928-)വിന്റെ നീളിതരാളു, ഇതിദാരുകാടു, ചന്ദ്രസേന, ഗാലിഗോപുര, സംസാരസാഗര എന്നീ നാടകങ്ങളും കലോദ്ധാരകുലു, പാപിഷ്ടി ദബ്ബു, എനിമിദിനദികളു, ശ്രീമതുളു, പുരാപലകുലു എന്നീ ഏകാങ്കങ്ങളും ജനപ്രീതി നേടിയവയാണ്. തെലുഗു നാടകത്തെപ്പറ്റി പഠനങ്ങൾ നടത്തിയ പി.എസ്.ആർ. അപ്പാറാവു (1923-) താജ്മഹൽ എന്ന നാടകവും രചിച്ചിട്ടുണ്ട്.

ആലൂരി സീതാരാമരാജു (1960), സികന്ദർ (1962), ഗൌതമബുദ്ധ (1963) തുടങ്ങിയ ചരിത്രനാടകങ്ങളും സമർപ്പണം (1957) എന്ന ഹ്രസ്വനാടകവും രചിച്ച ആകുല സുബ്രഹ്മണ്യം (1929-) ഈടുറ്റ സംഭാവനകൾ നല്കി. ലോഡ് ബൈറണിന്റെ ലൌ ഇൻ ദ് ഡെസർട്ട് എന്ന നാടകത്തിന്റെ വിവർത്തനമാണ് അടവിഗാചനവെന്നല (1954). ഇദ്ദേഹത്തിന്റെ ആലൂരി സീതാരാമരാജു റഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. തിക്കണ വിജ്ഞാനപീഠത്തിന്റെ അധ്യക്ഷനാണ് ആകുല സുബ്രഹ്മണ്യം.

പരിവർത്തന എന്ന നാടകത്തിന്റെ രചനയിലൂടെ അംഗീകാരം നേടിയ എഴുത്തുകാരനാണ് ആചാര്യ ആത്രേയ. കിളമ്പി വെങ്കട നരസിംഹാചര്യലു എന്നാണ് യഥാർഥനാമം. ഏനുഡു (1947), എൻ.ജി.ഒ. (1949), ഭയം (1961), വിശ്വസന്ധി (1953), കപ്പലു (1954) തുടങ്ങിയ നാടകങ്ങളും പ്രഗതി, എവരു ദെങ്ഗ, വരപ്രസാദ തുടങ്ങിയ ഏകാങ്കങ്ങളും ഇദ്ദേഹത്തിന്റെ മുഖ്യ കൃതികളിൽ ഉൾപ്പെടുന്നു. ദാരിദ്യ്രംകൊണ്ടു വലയുന്ന പാവപ്പെട്ട ഒരു ഗുമസ്തന്റെ ദുരിതങ്ങളാണ് എൻ.ജി.ഒ. എന്ന നാടകത്തിൽ ചിത്രീകരിക്കുന്നത്. ഇത് തെലുഗു നാടകരംഗത്ത് റിയലിസത്തിന്റെ പുതിയ മാനം സൃഷ്ടിച്ചു. നാടകരംഗത്തെന്നപോലെ ചലച്ചിത്രരംഗത്തും ആത്രേയയുടെ സംഭാവനകൾ ശ്രദ്ധേയമാണ്.

സപ്തപദി, മരനി മനീഷി എന്നീ നാടകങ്ങളും പരിഷ്കൃതി-ഉദ്ധാരകുലു, നൂതനപാദഹാരു - ചരിത്രഹിനുലു എന്നീ ഏകാങ്കങ്ങളും രചിച്ച കപ്പഗന്തുല മല്ലികാർജുനറാവു (1937-) ആധുനിക നാടകകൃത്തുക്കളിൽ പ്രമുഖനാണ്. അമച്വർ നാടകവേദിയുടെ പ്രാധാന്യം മനസ്സിലാക്കി അതിനുവേണ്ടി തീവ്രയത്നം നടത്തിയ നാടക രചയിതാക്കളിൽ പ്രമുഖനാണ് ഭമിടിപാടി കാമേശ്വരറാവു (1897-1958). ഇദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളും അമച്വർ നാടകവേദിക്കുവേണ്ടി രചിക്കപ്പെട്ടവയാണ്. പല നാടകങ്ങളുടെയും പ്രമേയം കടംകൊണ്ടതാണെങ്കിലും അവയിലെല്ലാം കാമേശ്വരറാവുവിന്റെ സ്വതസ്സിദ്ധമായ രചനാശൈലി വെട്ടിത്തിളങ്ങുന്നതു കാണാം. എവൽ ഗോദവ വല്ലാഡി (1940), രെണ്ടരെല്ലു (1942), സ്വരാജ്യം (1953), നമതെ നെഗ്ഗിന്ദി എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യ രചനകളിൽപ്പെടുന്നു.

കൂർമ വേണുഗോപാലസ്വാമി (1903-) നാടകകല സൈദ്ധാന്തികമായും പ്രായോഗികമായും അഭ്യസിക്കുകയും അത് അരങ്ങിൽ പ്രയോഗിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമം മൂലമാണ് തെലുഗു അമച്വർ നാടകരംഗം ഇന്നത്തെ നിലയിൽ അഭിവൃദ്ധി കൈവരിച്ചത്. ആന്ധ്ര സർവകലാശാലയിലെ രംഗവേദിയും ഇദ്ദേഹത്തിന്റെ ആശയത്തിൽനിന്ന് ഉടലെടുത്തതാണ്. ആന്ധ്രയിൽ ലിറ്റിൽ തിയെറ്റർ സ്ഥാപിക്കുന്നതിലും ഇദ്ദേഹം സജീവ പങ്കു വഹിച്ചു. തെലുഗു ഡ്രാമ, ഇബ്സൻ: എ സെന്റിനറി എസ്റ്റിമേറ്റ് എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികൾ. സഹധർമിണിയുമായി സഹകരിച്ച് നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്.

നൂറിലേറെ നാടകങ്ങൾ രചിച്ച കൊർറപാടി ഗംഗാധരറാവുവിന്റെ സംഭാവനകളിൽ ഭൂരിഭാഗവും ഏകാങ്കനാടകങ്ങളാണ്. തെലുഗുകോപം, ഗുഡ്ഡിലോകം, തേരാതൊനരാ, നിജരുപാലു, കമല, യഥാരാജ തഥാപ്രജ, ഡിറ്റക്റ്റീവ്, നാനാലോതനു, രാഗശോഭിത എന്നിവ മുഖ്യ കൃതികളിൽ ചിലതാണ്. 1952-ൽ കൊർറപാടി ഗംഗാധരറാവു 'കലാവാണി' എന്ന പേരിൽ ഒരു നാടകവേദിക്കു തുടക്കം കുറിച്ചു. അനേകം നടന്മാരും നാടകസംവിധായകരും ഈ സ്ഥാപനത്തിൽ പരിശീലനം നേടി. ഒട്ടേറെ നാടകങ്ങൾക്കു കൊർറപാടി സംവിധാനം നിർവഹിച്ചു. നാടികാപഞ്ചവിംശതി എന്ന പേരിൽ ആന്ധ്രപ്രദേശ് സാഹിത്യ അക്കാദമിക്കുവേണ്ടി 25 ആധുനിക തെലുഗു നാടകങ്ങളുടെ സമാഹാരം ഇദ്ദേഹം പ്രസാധനം ചെയ്യുകയുണ്ടായി. ഗണപതിരാജ അച്യുതരാമരാജു (1924-) നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. ബ്രഹ്മ (1952), മഹാരാജശ്രീ (1952), തീർപ്പു ചിന്നപില്ലലു (1953), വിനായകുടിപെല്ലി (1957) എന്നീ നാടകങ്ങൾ ഏറെ ജനപ്രീതി നേടി.

തെലുഗു നാടകത്തിന് ഒരു നൂറ്റാണ്ടു പ്രായമേ ഉള്ളൂ എങ്കിലും മറ്റു സാഹിത്യശാഖകളോടൊപ്പം വളർച്ച പ്രാപിക്കുവാൻ അതിനു കഴിഞ്ഞിരിക്കുന്നു. മറുഭാഷാനാടകങ്ങളിൽനിന്ന് നല്ലതെല്ലാം ഉൾക്കൊണ്ട തെലുഗു നാടകം ഒരു പ്രധാന സാഹിത്യ രൂപമായി വികസിച്ചിട്ടുണ്ട്.

ഗദ്യസാഹിത്യം

[തിരുത്തുക]

വൈകിപ്പിറന്നതാണ് തെലുഗു ഗദ്യം. നന്നയന്റെ കാലംതൊട്ടുതന്നെ ഗദ്യം സാഹിത്യത്തിൽ പ്രയോഗിക്കപ്പെട്ടിരുന്നു (11-ാം ശതകം). എന്നാൽ അത്തരം ഗദ്യഭാഗങ്ങൾ കാവ്യഭാഷയിൽ എഴുതപ്പെട്ടവയായിരുന്നു. ഗദ്യം മധുര നായ്ക്കന്മാരുടെ ഭരണകാലത്ത് പുഷ്ടിപ്രാപിച്ചു. സമുഖം വെങ്കടകൃഷ്ണപ്പ (1680-1750) ജൈമിനിഭാരതവും ശാർങ്ഗധര ചരിത്രവും ഗദ്യത്തിലെഴുതി. കൃഷ്ണപ്പയുടെ കൃതികളിൽ സംഭാഷണഭാഷ അങ്ങിങ്ങായി കാണുന്നു. 1730 അടുപ്പിച്ച് കലുവവീരരാജൂ (1680-1750) മഹാഭാരതം ഗദ്യത്തിലെഴുതി. റാവിപാടി ഗുരുമൂർത്തി ശാസ്ത്രി വിക്രമാർക്കകഥകൾ 1819-ലും പഞ്ചതന്ത്രകഥകൾ 1834-ലും പ്രസിദ്ധപ്പെടുത്തി. ശുകസപ്തതി കഥളു (രാമസ്വാമിശാസ്ത്രി), ഹരിശ്ചന്ദ്രകഥ (1840 - നരസിംഹശാസ്ത്രി), വിജയവിലാസവചനം (1841 - രംഗശാസ്ത്രി) എന്നീ കൃതികൾ അനേകം തവണ പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടു. സി.പി.ബ്രൌണിനെപ്പോലെയുള്ള പാശ്ചാത്യ പണ്ഡിതന്മാരും തെലുഗു ഗദ്യത്തിന്റെ വളർച്ചയെ സഹായിച്ചു. കൃഷ്ണദേവരായരുടെ കാലത്തു ജീവിച്ചിരുന്ന താതാചാരിയുടെ കഥകൾ സി.പി. ബ്രൌൺ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തി.

ചിന്നയസൂരി സ്വന്തം രചനകൾകൊണ്ട് ഗദ്യത്തിന്റെ പുരോഗതി തടയാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ മിത്രഭേദ, മിത്രലാഭ എന്നീ കൃതികൾ 1853-ൽ എഴുതപ്പെട്ടു. കൃത്രിമത്വവും താളാത്മകതയുമാർന്ന കാവ്യഭാഷയിൽ എഴുതപ്പെട്ട ആ കൃതികൾ ആസ്വദിക്കാൻ പലർക്കും കഴിഞ്ഞില്ല. അറുപതോളം വർഷം ആ കൃതികൾ പാഠപുസ്തകങ്ങളായിരുന്നു. ആധുനിക തെലുഗു ഗദ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന എഴുത്തുകാരനാണ് വിരേശലിംഗം പന്തുലു. അദ്ദേഹം കൈവയ്ക്കാത്ത സാഹിത്യശാഖകളില്ല. അദ്ദേഹം ചാൾസ് ലാംബിന്റെ ഷെയ്ക്സ്പിയർ കഥകൾ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

ജീവചരിത്രം-ആത്മകഥ

[തിരുത്തുക]

ഇംഗ്ലീഷ് സാഹിത്യവുമായി പരിചയപ്പെട്ടതിനുശേഷമാണ് തെലുഗുവിലെ സാഹിത്യകാരന്മാർ ജീവചരിത്രത്തിന്റെയും ആത്മകഥയുടെയും മേഖലയിലേക്കു കടന്നത്. ആദ്യകാല ജീവചരിത്രങ്ങൾ ഇംഗ്ലീഷിൽനിന്നുള്ള തർജുമകളായിരുന്നു. 1856ൽ ജോൺ ബനിയന്റെ ജീവചരിത്രം തെലുഗുവിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. വീരേശലിംഗം പന്തുലു ജീസസ്, ഷെല്ലി, വിക്ടോറിയാ മഹാരാജ്ഞി എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതി. 1897-ൽ ചൈതന്യന്റെ ജീവചരിത്രം പ്രസിദ്ധീകൃതമായി. സാമുവൽ ജോൺസന്റെ 'കവികളുടെ ജീവിതചരിത്രങ്ങ'ളെ മാതൃകയാക്കിക്കൊണ്ട് ഗുരുജാഡ ശ്രീരാമമൂർത്തി കവിജീവിതമുലു എഴുതി. ഗുരുജാഡ ശ്രീരാമമൂർത്തി ബെൻഡപുഡി അന്നമാമന്ത്രി, തുമ്മരുസു, ഭാസ്ക്കരമന്ത്രി, സ്വാമി വിദ്യാരണ്യ തുടങ്ങിയ ജീവചരിത്രങ്ങൾ രചിച്ചു. ഈ ജീവചരിത്രങ്ങളെല്ലാംതന്നെ 19-ാം ശതകത്തിന്റെ അന്ത്യഘട്ടത്തിൽ പ്രസിദ്ധീകൃതമായി. ഏതാനും മഹതികളുടെ ജീവചരിത്രങ്ങൾ ഒന്നിച്ചുചേർത്ത് 1900ത്തിൽ രായസം വെങ്കടശിവുഡു ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അച്ചമാംബ ഭണ്ഡാരുവും വാവിള്ള വെങ്കടശിവാവാധാനിയും ജീവചരിത്രഗ്രന്ഥങ്ങൾ എഴുതി. ഇക്കാലത്ത് ശിവജിയുടെ ജീവചരിത്രത്തിന് കെ.വി.ലക്ഷ്മണറാവു രൂപംനല്കി. അത് മികച്ച ഒരു സൃഷ്ടിയായി പരിഗണിക്കപ്പെടുന്നു. 1946-ൽ ഗിഡുഗു രാമമൂർത്തിയുടെ ജീവിതകഥ അദ്ദേഹത്തിന്റെ പുത്രൻ സീതാപതി രചിച്ചു. ഗൊർറപാടി വെങ്കടസുബ്ബയ്യ, ചിരന്തനനന്ദസ്വാമി, കോനാ വെങ്കടരായശർമ തുടങ്ങിയവരും ജീവചരിത്ര മേഖലയ്ക്കു സംഭാവനകൾ നല്കി. കന്ദുകുറി വീരേശലിംഗം (1848-1919), ഗുരുജാഡ അപ്പാറാവു (1861-1915), ഗിഡുഗു രാമമൂർത്തി (1862-1940), കൊമ്മരസു ലക്ഷ്മണറാവു (1877-1923), കാശിനാഥുനി നാഗേശ്വരറാവു (1867-1938), മാഡപാടി ഹനുമന്തറാവു എന്നിവരും ജീവചരിത്രശാഖയെ വളർത്തി.

ശൃംഗാരകവി സർവരായകവി ശിവജിയുടെ ജീവചരിത്രം മികച്ച ശൈലിയിൽ അവതരിപ്പിച്ചു. ഹരിസർവോത്തമറാവുവിന്റെ എബ്രഹാം ലിങ്കണും എണ്ണപ്പെട്ട ജീവചരിത്രമാണ്. അട്ടിലി സൂര്യനാരായണയുടെ മഹാകവി രവീന്ദ്ര രസകരമായ ജീവചരിത്രഗ്രന്ഥമാണ്. വീരേശലിംഗത്തെക്കുറിച്ച് ബസവരാജു എഴുതിയ ജീവചരിത്രവും പരാമർശം അർഹിക്കുന്നു. വീരേശലിംഗം ജീവിച്ചിരിക്കുമ്പോൾത്തന്നെയാണ് തൊലേടി വെങ്കടസുബ്ബറാവു അദ്ദേഹത്തിന്റെ മറ്റൊരു ജീവകഥയെഴുതിയത്. സാമൂഹികപരിഷ്കർത്താവും ഒന്നാംകിട ഗദ്യരചയിതാവും കവിയുമായ റാവുബഹദൂർ കെ. വീരേശലിംഗത്തിന്റെ ജീവചരിത്രം എഴുതുക എന്ന കൃത്യം അഭിമാനപൂർവം താൻ ഏറ്റെടുക്കുന്നുവെന്ന് വെങ്കിട സുബ്ബറാവു ഗ്രന്ഥത്തിന്റെ മുഖവുരയിൽ പ്രസ്താവിക്കുന്നു. പുണ്ഡ്ലരാമകൃഷ്ണയ്യ, കാമരാജു ഹനുമന്തറാവു, വാവിള്ള വെങ്കിടേശ്വരശാസ്ത്രി എന്നിവർ മികച്ച ജീവചരിത്രങ്ങൾ എഴുതിയവരാണ്. ഗോഖലെ, തിലകൻ, നവറോജി, റാനഡേ, രാമകൃഷ്ണ പരമഹംസൻ, വിവേകാനന്ദൻ, ആനി ബെസന്റ,് അരവിന്ദഘോഷ് എന്നിവരുടെ ജീവചരിത്രങ്ങൾ വാവിള്ള വെങ്കടേശ്വരശാസ്ത്രി രചിച്ചിട്ടുണ്ട്.

തെലുഗു കവികളെ നിരൂപണാത്മകമായി വിലയിരുത്തുന്ന ജീവചരിത്രകൃതിയാണ് 1950ൽ പ്രസിദ്ധീകരിച്ച ആന്ധ്രകാവുലുചരിത്ര. കന്ദുകൂറിവീരേശലിംഗമാണ് ഇതിന്റെ രചയിതാവ്. ഈ കൃതിയുടെ പ്രസിദ്ധീകരണത്തെത്തുടർന്ന് ഇത്തരത്തിലുള്ള അനേകം ജീവചരിത്രഗ്രന്ഥങ്ങൾ പുറത്തുവന്നു. കവിത്വവേദി കെ.വി. നാരായണറാവുവിന്റെ ആന്ധ്രവാങ്മയചരിത്രസംഗ്രഹമു �(1951), ചാഗണ്ടി ശേഷയ്യയുടെ ആന്ധ്രകവിതരംഗിണി (1958), ബുലുസു വെങ്കടരമണയ്യയുടെ ആന്ധ്രകവിസപ്തതി (1956), ആരുദ്രയുടെ സമഗ്രആന്ധ്രസാഹിത്യമു (1968), എന്നിവ ഈ വിഭാഗത്തിലുൾപ്പെടുന്ന ശ്രദ്ധേയ കൃതികളാണ്. കാലാടിസ്ഥാനത്തിൽ രചിക്കപ്പെട്ട ജീവചരിത്ര ഗ്രന്ഥമാണ് ഇന്ദ്രഗണ്ടി ശ്രീകണ്ഠശർമയുടെ സാഹിത്യപരിചയം (1978).

ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള ജീവചരിത്രങ്ങളിൽ ഏറ്റവും ജനപ്രീതിയാർജിച്ച കൃതിയാണ് കെ.വെങ്കടേശ്വരശാസ്ത്രി രചിച്ച ആന്ധ്രകേസരി തംഗുട്ടൂരി പ്രകാശം പന്തുലുവിന്റെ ജീവിതകഥ (1966). ഒരു പാവപ്പെട്ടകുടുംബത്തിൽ ജനിച്ച പന്തുലു 'പ്രകാശം' എന്ന പേരിൽ പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ എത്തിയ കഥയാണിത്. ഈ വിഭാഗത്തിൽപ്പെട്ട മറ്റൊന്നാണ് കനക് പ്രവാസിയുടെ ആന്ധ്രരക്നദുഗ്ഗിരാല ഗോപാലകൃഷ്ണയ്യ. ഭാഷാപണ്ഡിതനും സംഗീതാചാര്യനുമായ ശ്രീഅജ്ജദ ആദി ഭട്ലനാരായണദാസിന്റെ ജീവിതകഥയായ പൂർണപുരുഷുഡു ഇത്തരത്തിൽ മറ്റൊരു മികച്ച ഗ്രന്ഥമാണ്. യാമിജാല പദ്മനാഭ സ്വാമിയാണ് ഈ കൃതിയുടെ രചയിതാവ്.

സാമൂഹിക പരിഷ്കർത്താക്കളായ ചിലകമർത്തി ലക്ഷ്മീനരസിംഹം, ഉന്നവ ലക്ഷ്മീനാരായണ, ബ്രഹ്മശ്രീ രഘുപതി വെങ്കടരത്നം നായിഡു മുതലായവരുടെയും പണ്ഡിതന്മാരായ ഗിഡുഗു രാമമൂർത്തി, ചിന്നയ്യസൂരി മുതലായവരുടെയും സംഗീതാചാര്യന്മാരായ ത്യാഗരാജൻ, അന്നമാചാര്യ, ക്ഷേത്രയ്യ തുടങ്ങിയവരുടെയും ജീവചരിത്രഗ്രന്ഥങ്ങൾ തെലുഗു ജീവചരിത്ര സാഹിത്യത്തിനു മുതൽക്കൂട്ടാണ്. ആന്ധ്രക്കാരല്ലാത്ത മഹനീയരുടെ ജീവചരിത്രങ്ങളിൽ ഝാൻസി ലക്ഷ്മി (1973), നാനാ ഫർനാവിസ് (1976), സർദാർ പട്ടേൽ (1978), ദേശബന്ധു ചിത്തരഞ്ജൻദാസ് (1978) എന്നിവ ഉൾപ്പെടുന്നു. ആത്മീയഗുരുക്കളായ ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ, ഗുരുനാനാക്ക്, സ്വാമി ദയാനന്ദസരസ്വതി മുതലായവരുടെ ജീവചരിത്രങ്ങളും ഏറെ പ്രചാരം നേടിയവയാണ്.

ആധുനികരായ ജീവചരിത്രകാരന്മാരിൽ പ്രമുഖനായ ഗ്രിഗോറപ്പെടി വെങ്കടസുബ്ബയ്യ പ്രസിദ്ധ ബംഗാളി നോവലിസ്റ്റായ ശരത്ചന്ദ്ര ചാറ്റർജിയെപ്പറ്റി രചിച്ച ശരത് ദർശനം (1955) പ്രത്യേക പരിഗണന അർഹിക്കുന്നു. ചിലകമർത്തി മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മഹാപുരുഷ ജീവിതമുലു പോലുള്ള സമാഹാരങ്ങളും ജീവചരിത്രശാഖയെ പരിപോഷിപ്പിച്ചിട്ടുണ്ട്.

തെലുഗുവിൽ ആത്മകഥ ആദ്യമായി എഴുതിയത് വീരേശലിംഗമാണ്. 1910-ൽ അദ്ദേഹത്തിന്റെ സ്വീയ ചരിത്ര പ്രകാശിതമായി. ചിന്നയസൂരി സ്വന്തം കഥ സ്വചരിത്രം എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. ചെല്ലപ്പിള്ള വെങ്കടശാസ്ത്രി, രായസം വെങ്കടശിവുഡു, പാനുഗണ്ടി നരസിംഹറാവു, ചിലകമർത്തി നരസിംഹറാവു എന്നിവരും ആത്മകഥാരംഗത്ത് പ്രശോഭിച്ചു. ആന്ധ്രകേസരി പ്രകാശത്തിന്റെ ആത്മകഥ ചെറുതെങ്കിലും മനോഹരമാണ്. വളരെ താഴ്ന്ന നിലയിൽനിന്ന് ഉയർന്നുവന്ന കെ.എൻ. കേസരി ഹൃദ്യമായ രീതിയിൽ ആത്മകഥ എഴുതി. ഗാന്ധിജിയു ടെയും നെഹ്റുവിന്റെയും ആത്മകഥകൾ തെലുഗുവിലേക്ക് പരിഭാഷപ്പെടുത്തിയത് വേലൂരി ശിവരാമശാസ്ത്രി, മുടിഗണ്ടി ജഗണ്ണശാസ്ത്രി എന്നിവരാണ്. ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഒരാത്മകഥയാണ് അയ്യദേവര കാലേശ്വരറാവുവിന്റെ നാ ജീവിതകഥ-നവ്യാന്ധ്രമു (എന്റെ ജീവിതകഥ- നവ്യആന്ധ്ര). കാലേശ്വരറാവു ജീവിച്ചിരുന്ന കാലഘട്ടം ഈ മികച്ച കൃതിയിൽ പ്രതിഫലിക്കുന്നു. പിഠാപുരത്തെ ദസരി ലക്ഷ്മണ സ്വാമിയുടെ ആത്മകഥയ്ക്ക് (1956) തെലുഗു ആത്മകഥകളുടെ കൂട്ടത്തിൽ മികച്ച സ്ഥാനമാണുള്ളത്. 1900 മുതൽ 1950 വരെയുള്ള കാലഘട്ടത്തിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രം ഈ ആത്മകഥയിൽ പ്രതിഫലിക്കുന്നു. ശ്രീപാദസുബ്രഹ്മണ്യശാസ്ത്രിയുടെ ജ്ഞാപകലു, എ. കമലേശ്വരറാവുവിന്റെ നജീവിതമുനവ്യാന്ധ്രമു (1959), ആചണ്ഡ ജാനകീറാമിന്റെ നാസ്മൃതിപഥമുലോ സാഗുതുണ്ണയാത്ര (1960) എന്നീ ഗ്രന്ഥങ്ങളും തെലുഗു ആത്മകഥാ സാഹിത്യത്തിന് മുതൽക്കൂട്ടാണ്. ഭാഷാശൈലിയുടെയും രചനാശൈലിയുടെയും സവിശേഷതകൾകൊണ്ട് ശ്രദ്ധേയമായ കൃതികളാണ് നാദിംപിള്ളി വെങ്കടലക്ഷ്മിനരസിംഹറാവു, ദുവ്വുരി വെങ്കടരമണശാസ്ത്രി, തെന്നേടി ഹേമലത എന്നിവരുടെ ആത്മകഥകൾ. അതിസൂക്ഷ്മമായ ഫലിതത്താലും പുതുമയുടെ സ്പർശത്താലും ആകർഷകമാണ് നാദിംപിള്ളി വെങ്കടലക്ഷ്മി നരസിംഹറാവുവിന്റെ (1889-1978) ആത്മകഥ. ആന്ധ്രസർവകലാശാലയിലെ പ്രസിദ്ധ പണ്ഡിതനും തെലുഗു വൈയാകരണനുമാണ് ദുവ്വുരി വെങ്കട രമണശാസ്ത്രി (1898-1976). പ്രസിദ്ധ നോവൽകർത്രിയായ തെന്നേടി ഹേമലതയുടെ ആത്മകഥ നർമമധുരവും നിശിതവുമാണ്.

മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ആത്മകഥകൾ തുമ്മല സീതാരാമമൂർത്തി ചൌധുരി (ജനനം -1901) പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഉപന്യാസം-സാഹിത്യനിരൂപണം

[തിരുത്തുക]

തെലുഗുവിലെ ആദ്യത്തെ ഉപന്യാസകാരൻ സാമിനേനിമുദ്ദു നരസിംഹനായിഡുവാണ്. ഇദ്ദേഹത്തിന്റെ ഹിതസൂചിനിയിൽ ഒട്ടേറെ ഉപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. ഉപന്യാസ ശാഖയുടെ വളർച്ചയ്ക്കു സഹായകമായിത്തീർന്നത് ഇംഗ്ളീഷ് ഭാഷയിലുള്ള ഉപന്യാസങ്ങളാണ്. കന്ദുകുറി വീരേശലിംഗമാണ് രണ്ടാമത്തെ ഉപന്യാസകാരൻ. അദ്ദേഹം ലളിതമായ ഭാഷയിൽ ഉപന്യാസങ്ങൾ രചിച്ചു. ദുഗ്ഗിരാല വെങ്കടസൂര്യപ്രകാശറാവു അക്കാലത്തെ പ്രസിദ്ധനായ ഒരു ഉപന്യാസകാരനാണ്. 19-ാം ശതകത്തിന്റെ അവസാന വർഷങ്ങളിൽത്തന്നെ തെലുഗു ഭാഷയെക്കുറിച്ചും തെലുഗു സാഹിത്യത്തെക്കുറിച്ചുമുള്ള ഉപന്യാസങ്ങൾ പ്രസിദ്ധീകൃതങ്ങളായി. വാവിലാലാ വാസുദേവശാസ്ത്രി ആന്ധ്രഭാഷ എന്ന പ്രബന്ധം 1861ൽ പ്രസിദ്ധീകരിച്ചു. പിംഗളി സുരനയെക്കുറിച്ച് പി.ദക്ഷിണാമൂർത്തി ഒരു പ്രബന്ധം രചിക്കുകയുണ്ടായി. ആർ.ഗോപാലറാവു, വെണ്ണേറ്റി രാമചന്ദ്രറാവു, കാശിഭട്ല ബ്രഹ്മയ്യ ശാസ്ത്രി, ഗിഡുഗു വെങ്കടരാമമൂർത്തി, മുത്ത്നൂറി കൃഷ്ണറാവു, കെ.വി. ലക്ഷ്മണറാവു, അക്കിരാജു ഉമാകാന്തം തുടങ്ങിയവർ സാഹിത്യനിരൂപണങ്ങളും മറ്റു തരത്തിലുള്ള പ്രബന്ധങ്ങളും രചിച്ചവരാണ്.

വജ്ജല ചിന സീതാരാമശാസ്ത്രി, വേടൂരി പ്രഭാകര ശാസ്ത്രി എന്നിവരും ധാരാളം പ്രബന്ധങ്ങൾ രചിച്ചു. പ്രഭാകരശാസ്ത്രി (1888-1950) ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഉള്ള പഠനങ്ങൾ എഴുതി. റാല്ലപ്പള്ളി അനന്തകൃഷ്ണശർമ സാഹിത്യവിഷയങ്ങളിൽ ഉപന്യാസങ്ങൾ രചിച്ചു. മല്ലമ്പള്ളി സോമശേഖരശാസ്ത്രി, തിമ്മാവജ്ജല കോദണ്ഡരാമയ്യ എന്നിവരും ഉപന്യാസശാഖയെ വളർത്തിയവരാണ്.

തെലുഗു സാഹിത്യ നിരൂപണം ആധുനിക ഘട്ടത്തിലെത്തിയത് സി. രാമലിംഗറെഡ്ഡിയുടെ വരവോടുകൂടിയാണ്. അദ്ദേഹത്തിന്റെ കവിതതത്ത്വവിചാരമു വളരെ പ്രസിദ്ധി നേടി. തെലുഗു മഹാഭാരതത്തെക്കുറിച്ച് പ്രബന്ധം രചിച്ച ഭൂപതി ലക്ഷ്മി നാരായണറാവു ഇക്കാലത്തെ ശ്രദ്ധേയനായ ഒരു ഉപന്യാസകാരനാണ്. ദിപാല പിച്ചയ്യ ശാസ്ത്രി, നന്ദൂരിബംഗാരയ്യ, കൊറാഡ രാമകൃഷ്ണയ്യ, നിഡദവോലു വെങ്കടറാവു, ഗണ്ഡിജോഗി സോമയാജി, ദിവാകർല വെങ്കടാവധാനി, ഖണ്ഡവല്ലി ലക്ഷ്മിരഞ്ജനം, കുറുഗണ്ടി സീതാരാമഭട്ടാചാര്യ, പില്ലലമർറി വെങ്കട ഹനുമന്തറാവു, മദ്ദുകൂറി ചന്ദ്രശേഖരറാവു, ജമ്മല മഡുകു മാധവരാമശർമ, പഞ്ചാഗ്നുല ആദിനാരായണ ശാസ്ത്രി, ജി.വി. സീതാപതി തുടങ്ങിയവർ ഗണനീയരായ ഉപന്യാസകാരന്മാരാണ്. ആന്ധ്രമഹാഭാരതോപന്യാസമുലു 1955-ലും ആന്ധ്രമഹാഭാഗവതോപന്യാസമുലു 1957ലും പ്രസിദ്ധീകൃതമായി. വിശ്വനാഥ സത്യനാരായണ, വേഡാല തിരുവെങ്കലാചാര്യുലു തുടങ്ങിയവരാണ് ആദ്യഗ്രന്ഥത്തിലെ ഉപന്യാസങ്ങൾ രചിച്ചിരിക്കുന്നത്. രണ്ടാമത്തെ ഗ്രന്ഥത്തിലെ പ്രബന്ധങ്ങൾ എഴുതിയത് മല്ലമ്പള്ളി സോമശേഖരശർമ, കുറുഗണ്ടി സീതാരാമ ഭട്ടാചാര്യ തുടങ്ങിയവരാണ്. പണ്ഡിതോചിതങ്ങളായ ഉപന്യാസങ്ങൾ തന്നെയാണ് ഇവയെല്ലാം.

ജൊന്നലഗദ്ദ സത്യനാരായണ മൂർത്തിയുടെ സാഹിത്യോപന്യാസമുലു, ബുലുസു വെങ്കടരമണയ്യയുടെ പൊഗഡദണ്ഡ, എന്നിവ സാഹിത്യവിഷയങ്ങളിലെ ഉപന്യാസങ്ങളുടെ സമാഹാരങ്ങളാണ്. മറ്റൊരു മികച്ച ഗദ്യകാരനാണ് നിരൂപകനായ ശ്രീവാസ്തവ. അദ്ദേഹത്തിന്റെ ഉഷാകിരണാലുവിൽ 19-ാം ശതകത്തിലെ തെലുഗു സാഹിത്യചരിത്രം വിവരിച്ചിരിക്കുന്നു. കലാസാഹിത്യ നിരൂപകനെന്ന നിലയിൽ പ്രസിദ്ധനായിത്തീർന്ന ആചണ്ട ജാനകീറാമിന്റെ ശ്രദ്ധേയമായ ഒരു കൃതിയാണ് സ്മൃതിപഥം. അമരേശം രാജേശ്വരശർമയും വേൽദണ്ഡ പ്രഭാകരാമാത്യയും ഉപന്യാസ ശാഖയെ പുഷ്ടിപ്പെടുത്തിയവരാണ്. തെലുഗു ഭാഷയിലും സാഹിത്യത്തിലുമുള്ള പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് കൊത്തപ്പള്ളി വീരഭദ്രറാവു എഴുതി പ്രസിദ്ധീകരിച്ച ഗവേഷണഗ്രന്ഥം 19-ാം ശ.-ത്തിലെ നൂറുകണക്കിന് കൈയെഴുത്തുപ്രതികളും ഗ്രന്ഥങ്ങളും പരിശോധിച്ചു തയ്യാറാക്കിയതാണ്. എസ്.വി. ജോഗറാവുവിന്റെ ആന്ധ്രയക്ഷഗാനവാങ്മയമു, ഡി. രാമരാജുവിന്റെ നാടോടിസാഹിത്യം, പി.മാധവശർമയുടെ ആന്ധ്രമഹാഭാരതഛന്ദശില്പമു എന്നിവ സാഹിത്യനിരൂപണത്തെ മുന്നോട്ടു നയിക്കുകയുണ്ടായി.

1950കളുടെ ആരംഭത്തിൽ വ്യക്തിഗതോപന്യാസ രചനയിൽ വി.ആർ. നാർല (1908-) ഒരു പരീക്ഷണം നടത്തി. സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും അർഥവത്തായ പല പുതുമകളും അദ്ദേഹം അവതരിപ്പിച്ചു. 'മാടാമന്തീ', 'പിച്ചാപാടി' മുതലായ ശീർഷകങ്ങളിൽ അനേകം ലഘു ഉപന്യാസങ്ങൾ എഴുതി. ആർ.എസ്. സുദർശനത്തിന്റെ (1927-) സാഹിത്യോപന്യാസങ്ങൾ ആധുനിക സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള നവ വീക്ഷണം അവതരിപ്പിക്കുന്നു. രാമനുജറാവുവിന്റെ സാരസ്വതനവനീതം (1955), വ്യാസമഞ്ജുഷ (1956) എന്നിവ സാധാരണക്കാരനുവേണ്ടി രചിക്കപ്പെട്ട കൃതികളാണ്. താരതമ്യ സാഹിത്യവിഭാഗത്തിൽപ്പെട്ട വിജ്ഞാനപ്രദങ്ങളായ അനേകം ഉപന്യാസങ്ങൾ രചിച്ച സാഹിത്യകാരനാണ് സി.ആർ. ശർമ.

നാടകം, നോവൽ മുതലായ സാഹിത്യ രൂപങ്ങളെക്കുറിച്ച് ചില സമ്പൂർണ പഠനങ്ങൾ നടന്നിട്ടുണ്ട്. പി.എസ്.ആർ. അപ്പാറാവുവിന്റെ തെലുഗുനാടകവികാസമു (1967) എല്ലാ നാടകധർമങ്ങളെക്കുറിച്ചും സമഗ്രമായ പഠനം നടത്തുന്നു. തെലുഗു നാടകത്തിന്റെ ഉത്പത്തിവികാസങ്ങളും രചനയിലും അവതരണത്തിലും വന്നുചേർന്ന പരിവർത്തനങ്ങളും ഇതിൽ പ്രതിപാദിക്കുന്നു. ബി. കുടുംബറാവു രചിച്ച ആന്ധ്രനാവലപരിണാമം (1971) നോവലിന്റെ ചരിത്രം വിവരിക്കുന്നു. കെ.വി.ആർ. നരസിംഹത്തിന്റെ പ്രബന്ധസാഹിത്യരൂപം (1945), എം. കുലശേഖരറാവുവിന്റെ വചനവാങ്മയമു (1964), ജി. നാഗയ്യയുടെ ദ്വിപദവാങ്മയമു (1966), പി. മാധവശർമയുടെ ആന്ധ്രമഹാഭാരതഛന്ദശിൽപ്പമു മുതലായ കൃതികൾ സാഹിത്യനിരൂപണത്തെ മുന്നോട്ടു നയിച്ച അഗാധപഠനങ്ങളാണ്.

നിരൂപണോപന്യാസങ്ങളുടെ അനേകം സമാഹാരങ്ങൾ ആധുനിക കാലത്ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. പ്രശസ്ത നിരൂപകനായ വിശ്വനാഥ സത്യനാരായണ ക്ളാസ്സിക് കവികളുടെ കൃതികൾക്കു രചിച്ച വ്യാഖ്യാനങ്ങൾ ജനസമ്മതി നേടി. നിരൂപണോപന്യാസങ്ങളുടെ സമാഹാരമായ അമേരന്ദ്രന്റെ ഭാവവീണ (1967) മികച്ച സാഹിത്യ കൃതികളെ രസകരമായ രീതിയിൽ സാധാരണക്കാർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു. കാവ്യലഹരി (1971) എന്ന ഉപന്യാസ സമാഹാരത്തിന്റെ കർത്താവായ ഡി.വെങ്കടാവധാനി സമകാലിക നിരൂപകരിൽ പ്രമുഖനാണ്. ശൈവ കവികളെക്കുറിച്ച് ബണ്ടാരുതമ്മയ്യ രചിച്ച വ്യാസവള്ളി (1968), ഗുണ്ടൂരുശേഷേന്ദ്ര ശർമയുടെ താരതമ്യാത്മക കാവ്യശാസ്ത്രപഠനമായ കവിസേനമാനിഫെസ്റ്റോ (1978), ക്ളാസ്സിക്കുകളുടെ വിമർശനാത്മക പഠനമായ സാഹിത്യകൌമുദി (1968) എന്നിവയും ആധുനിക നിരൂപണത്തിലെ വിലപ്പെട്ട കൃതികളാണ്. സി. നാരായണറെഡ്ഡിയുടെ ആധുനികാന്ധ്രകവിത്വമു സമ്പ്രദായമുലു പ്രയോഗമുലു എന്ന കൃതി ആധുനിക കവിതാനിരൂപണങ്ങളിൽ ശ്രദ്ധേയമാണ്.

തെലുഗു പണ്ഡിതനായ അമരേശം രാജേശ്വരശർമ (1930-) യുടെ ഗവേഷണ പ്രബന്ധമായ ആന്ധ്രവ്യാകരണവികാസമു തെലുഗു വ്യാകരണത്തെക്കുറിച്ചുള്ള പ്രാമാണിക കൃതിയാണ്. നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെലുഗു സാഹിത്യത്തിലെ വൈഷ്ണവ ദർശനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ ഗവേഷകനാണ് വേട്ടൂരി ആനന്ദമൂർത്തി (1930-). വൈഷ്ണവാന്ധ്ര വാങ്മയമു (1986) ഇദ്ദേഹത്തിന്റെ മികച്ച ഒരു കൃതിയാണ്. സാഹിത്യകാരനും ചരിത്രകാരനുമായ ഈശ്വരദത്തകുന്ദൂർത്തി(1910-79)യുടെ പ്രാചീനാന്ധ്ര ചരിത്രിക ഭൂഗോളമു എന്ന ഗവേഷണ ഗ്രന്ഥം തെലുഗു ഭാഷയ്ക്ക് അമൂല്യ സംഭാവനയാണ്. ശാസനശബ്ദകോശമു, ജീർണ വിജയനഗര ചരിത്രം എന്നിവയും ഗവേഷണ പ്രധാനമായ കൃതികളാണ്. തെലുഗു ഭാഷയിലും സാഹിത്യത്തിലും പുതിയ നിരൂപണ ശൈലിക്ക് അടിത്തറ പാകിയ പണ്ഡിതനാണ് കൊറാഡ രാമകൃഷ്ണയ്യ (1891-1961). ഇദ്ദേഹത്തിന്റെ ആന്ധ്രഭാരത കവിതാവിമർശനമു, കാളിദാസനികവിതാപ്രതിഭാലു തുടങ്ങിയ സാഹിത്യ പ്രബന്ധങ്ങൾ ശ്രദ്ധേയങ്ങളാണ്. തെലുഗു സാഹിത്യത്തിന്റെ ചരിത്രം, വികാസം എന്നിവയെ സംബന്ധിച്ച് രാമകൃഷ്ണയ്യ നടത്തിയ പ്രഭാഷണങ്ങൾ ക്രോഡീകരിച്ച് ഭാഷോത്പത്തി ക്രമമുഭാഷാചരിത്രമു എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണം, ഗവേഷണം എന്നിവകളിലായി നിരവധി കൃതികൾ രചിച്ച മറ്റൊരു പണ്ഡിതനാണ് ഖണ്ഡവല്ലി ലക്ഷ്മീരഞ്ജനമു. മൈത്രേയി എന്ന പേരിൽ ഗ്രന്ഥരചന നടത്തുന്ന ഗഡിയാരം രാമകൃഷ്ണ ശർമയുടെ (1919-) സംഭാവനകളും എടുത്തുപറയത്തക്കതാണ്.

ബാലസാഹിത്യം

[തിരുത്തുക]

തെലുഗുവിലെ ബാലസാഹിത്യത്തിന് വളരെ പഴക്കമില്ല. ആന്ധ്രയിൽ നാലുവയസ്സും നാലുമാസവും ആകുമ്പോൾ കുട്ടികളെ അക്ഷരം പഠിപ്പിക്കുകയും തുടർന്ന് വേമനശതകം, സുമതിശതകം എന്നിവ ചൊല്ലിക്കുകയും ചെയ്തിരുന്നു. കാവ്യരൂപത്തിലുള്ള ആന്ധ്രനാമ സംഗ്രഹവും പഠിപ്പിച്ചുപോന്നു. കുട്ടികൾ കുറേക്കൂടി മുതിരുമ്പോൾ രുഗ്മിണീകല്യാണം, ഗജേന്ദ്രമോക്ഷം എന്നീ ഭാഗവത (പോതന എഴുതിയ ഭാഗവതം) ഭാഗങ്ങൾ പഠിച്ചിരുന്നു. എളിയ തുടക്കമാണ് തെലുഗു ബാലസാഹിത്യത്തിനുള്ളത്. 19-ാം ശ.-ത്തിന്റെ അവസാനഘട്ടത്തിൽ ക്രിസ്ത്യൻ മിഷനറിമാർ സചിത്ര കഥാപുസ്തകങ്ങൾ കുട്ടികൾക്കുവേണ്ടി പ്രസിദ്ധീകരിച്ചുതുടങ്ങി. ആ ഗ്രന്ഥങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രാമയ്യ, സൂരി, സൂര്യപ്രകാശറാവു തുടങ്ങിയവർ കഥാപുസ്തകങ്ങളും ഗാനങ്ങളും കുട്ടികൾക്കുവേണ്ടി എഴുതി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ വീരേശലിംഗം ഈസോപ്പുകഥകൾ കവിതാരൂപത്തിൽ പരിഭാഷപ്പെടുത്തി. കുറേക്കഴിഞ്ഞപ്പോൾ കുട്ടികൾക്കുവേണ്ടി ശതകങ്ങൾ എഴുതപ്പെട്ടു. കുമാരശതകവും കുമാരീശതകവും മറ്റും രചിക്കപ്പെട്ടത് അങ്ങനെയാണ്. കുട്ടികളുടെ സന്മാർഗബോധം വളർത്താൻ വേണ്ടി രചിക്കപ്പെട്ട കൃതികളാണവ. ഇതേ ലക്ഷ്യത്തോടുകൂടി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ കൃതികളിലെ കഥകൾ വാവിലികോലനു സുബ്ബാറാവു പ്രസിദ്ധപ്പെടുത്തി. ഏഷ്യൻയാത്ര, യൂറോപ്പ് യാത്ര എന്നീ കൃതികൾ 1897-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

ഭാരതിയുടെ പത്രാധിപരായിരുന്നകാലത്ത് ജി.വി. സീതാപതി മാസികയുടെ രണ്ടുപുറങ്ങൾ കുട്ടികൾക്കുവേണ്ടി നീക്കിവച്ചു. 'ബാലാനന്ദം' എന്ന തലക്കെട്ടും നല്കി. അതിനെത്തുടർന്ന് മിക്ക പ്രസിദ്ധീകരണങ്ങളും കുട്ടികളുടെ സാഹിത്യത്തിനുവേണ്ടി കുറെസ്ഥലം ഒരുക്കുകയുണ്ടായി. 1945-ൽ കുട്ടികൾക്കുവേണ്ടി ബാല എന്നപേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി. 1950-ൽ അതിന്റെ പ്രസിദ്ധീകരണം മുടങ്ങി. ബാലമിത്ര, ചന്ദമാമ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ പുറത്തുവന്നത് അതിനുശേഷമാണ്. ചന്ദമാമയുടെ പത്രാധിപർ ചക്രപാണി ആയിരുന്നു. കെ. കുടുംബറാവു, മുദ്ദാവിശ്വനാഥൻ തുടങ്ങിയവർ അദ്ദേഹത്തെ സഹായിച്ചു. തമിഴ്, മലയാളം കന്നട, ഹിന്ദി, മറാഠി എന്നിങ്ങനെ പല ഭാഷകളിലും ചന്ദമാമ പ്രസിദ്ധീകരിക്കപ്പെട്ടു.

തെലുഗു ഭാഷയിൽ ആധുനിക രീതിയിലുള്ള ബാലസാഹിത്യം പ്രചരിച്ചു തുടങ്ങിയത് ജി.വി. സീതാപതി (1885-1969)യുടെ റെയിലുബണ്ടി, ചിലകമ്മ പെല്ലി എന്നീ ശിശുഗാനങ്ങൾ 1907-ൽ പ്രസിദ്ധീകരിച്ചതോടെയാണ്. അയത്നലളിതമായ സംഭാഷണശൈലിയിൽ ബാലകഥകൾ രചിച്ച സാഹിത്യകാരനാണ് സീതാപതി. ബാലസാഹിത്യകൃതികൾ രചിച്ച മറ്റനേകം എഴുത്തുകാരുണ്ട്. 1907-ൽ വെഗുജ്ജുക്കാ എന്ന മാസികയിൽ അദ്ദേഹത്തിന്റെ അനുമാനംപെനുഭൂതം ('സംശയം ഭയപ്പെടുത്തുന്ന ഭൂതം'), പിച്ചാശുപത്രി (ഭ്രാന്താലയം) എന്നീ കൃതികൾ പ്രസിദ്ധീകൃതമായി. ചിന്താദീക്ഷിതുലുവിന്റെ സമാകർഷകമായ ഗാനങ്ങളും കഥകളും തുടർന്ന് പ്രകാശിതമായി. സൂരി, സീതി, വെങ്കി എന്നിങ്ങനെ മൂന്ന് പെൺകുട്ടികളെക്കുറിച്ച് അദ്ദേഹം മനോഹരങ്ങളായ കഥകളെഴുതി. ബി.വി. നരസിംഹറാവു, ഉത്പല സത്യനാരായണാചാര്യാലു എന്നിവർ ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചിട്ടുള്ളവരാണ്. മെഡിചേർല ആഞ്ജനേയമൂർത്തി, തേക്കുമല്ല കാമേശ്വരറാവു, ബെല്ലാംകൊണ്ട ചന്ദ്രമൌലീശ്വരശാസ്ത്രി, നാർലചിരഞ്ജീവി, ബാല അന്നയ, ആലപർടി വെങ്കട സുബ്ബറാവു, സാംബശിവറാവു, ജാനകീരാമശർമ, കെ. നാരായണമൂർത്തി, ശ്രീകാന്തം കൃഷ്ണറാവു, രവി, വാരാണസി മുല്ലപുഡിവെങ്കടരമണ, കെ. സഭ, ഇല്ലിന്ദാല സരസ്വതീദേവി, ശ്രീവാത്സവ, ചല്ലരാധാകൃഷ്ണ തുടങ്ങിയവർ ബാലസാഹിത്യ മേഖലയിൽ വളരെ അറിയപ്പെടുന്നവരാണ്. കുട്ടികൾക്കുവേണ്ടി കഥകളും പാട്ടുകളും രചിക്കുന്നതിൽ വിശേഷവൈദഗ്ദ്ധ്യം നേടിയിരുന്നു ചിന്താദീക്ഷിതുലു (1891-1960). തന്റെ കൃതികളിൽ ആനന്ദാനുഭൂതികളും ആദർശവും ഭംഗിയായി കൂട്ടിയിണക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഹനുമന്ദുനിതോകാ (1955) എന്നപേരിൽ ഇദ്ദേഹം രചിച്ച കഥാഗാനം വിനോദപ്രധാനമാണ്. ആലിസ് ഇൻ വണ്ടർലാൻഡ് എന്ന കൃതിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് രചിച്ച നീണ്ടകഥയാണ് ലീലാസുന്ദരി (1958).

വേലൂരി ശിവരാമശാസ്ത്രി (1892-1967) വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച വിജ്ഞാനകഥാലു (1969) എന്ന കഥാസമാഹാരത്തിലെ ഓരോ കഥയുടെയും ഒടുവിൽ ഗുണപാഠരൂപത്തിൽ ഓരോ ഈരടികൾ ചേർത്തിരിക്കുന്നു. ഇരട്ടക്കവികളായ വെങ്കടപാർവതീശ്വരകവുലു പ്രകൃതിയിലെ വസ്തുക്കളെക്കുറിച്ചുള്ള മൌലികമായ പ്രമേയങ്ങൾ ഉൾക്കൊള്ളിച്ച് സരളമായ ശൈലിയിൽ ബാലഗീതാവലി എന്നൊരു കവിതാപരമ്പര രചിക്കുകയുണ്ടായി. കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കുന്നതോടൊപ്പം അവരുടെ കൌതുകം തട്ടിയുണർത്തുകയും ചെയ്യുന്ന കൃതികളാണിവ. നാളം കൃഷ്ണറാവു (1881-1961) ലളിതമായ ബാലകവിതകൾ രചിച്ചു. തേനേചിനുകുലു, മീഗഡതരകലു, പാപ്പായി, മുദ്ദു, വെന്നമുദ്ദലു മുതലായ കവിതകൾ കുട്ടികളെ രസിപ്പിക്കുകയും സദാചാരപരവും ധാർമികവുമായ മൂല്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു.

തെലുഗു കഥയുടെ രൂപത്തിലും ഭാവത്തിലും പരിവർത്തനം വരുത്തിയ ഗുഡിപാടി വെങ്കടാചലം (1894-1979) ബാലസാഹിത്യരംഗത്തും ശ്രദ്ധേയനായി. കുട്ടികളുടെ സർഗസിദ്ധികളെയും സഹജവാസനകളെയും മുരടിപ്പിക്കുന്ന പാരമ്പര്യ വിദ്യാഭ്യാസ രീതിയുടെ ദോഷങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ബാലസാഹിത്യത്തിന് അർഥപൂർണമായ സംഭാവനകൾ അർപ്പിച്ചു. ബിദ്ദലചിക്കണ, മ്യൂസിങ്സ് എന്നിവയാണ് മുഖ്യ ബാലസാഹിത്യ കൃതികൾ. കുട്ടികളുടെ സഹജവാസനയുടെ കഴുത്തു ഞെരിക്കുന്നത് കൊലപാതകംപോലെയുള്ള കുറ്റമാണെന്ന് സ്വതന്ത്രചിന്തകനായ അദ്ദേഹം സമർഥിച്ചു.

കുട്ടികളുടെ കൌതുകം വളർത്താൻ ഉതകുന്ന ശൈലിയിൽ ശാസ്ത്രവിഷയങ്ങൾ അവതരിപ്പിച്ച ബാലസാഹിത്യകാരന്മാരിൽ പ്രമുഖരാണ് വസന്തറാവു വേങ്കടറാവു, നന്ദൂരി റാം മോഹൻ, വേനരാജു ഭാനുമൂർത്തി മുതലായവർ. ആഖ്യാനശില്പവും മാനുഷിക ഘടകങ്ങളുടെ സന്നിവേശവും ഇവരുടെ കൃതികളെ കുട്ടികൾക്കു ഹൃദ്യമാക്കുന്നു. തെലുഗു ബാലസാഹിത്യം എണ്ണത്തിലും ഗുണത്തിലും വളർന്നുകൊണ്ടിരിക്കുകയാണ്.

'തെലുഗു ഭാഷാസമിതി'യും സംസ്ഥാന ഗവണ്മെന്റും കേന്ദ്രഗവണ്മെന്റും മികച്ച ബാലസാഹിത്യകൃതികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ബാലസാഹിത്യരചന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 'ബാലസാഹിത്യരചനാലയ'ങ്ങൾ (ബാലസാഹിത്യ രചനയ്ക്കുള്ള പണിപ്പുരകൾ) നടത്തുന്നതിന് ഗവണ്മെന്റുതന്നെ മുൻകൈയെടുത്തിട്ടുണ്ട്.

പത്രങ്ങളും ആനുകാലികങ്ങളും

[തിരുത്തുക]

പത്രപ്രവർത്തനരംഗത്ത് വീരേശലിംഗമാണ് ആദ്യത്തെ പത്രാധിപർ. അദ്ദേഹം പ്രസിദ്ധീകരിച്ച വിവേകവർധിനിയിൽ സാഹിത്യത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ചിലകമർത്തി ലക്ഷ്മീനരസിംഹം, കൊക്കോണ്ട വെങ്കടരത്നം, വീരേശലിംഗം പന്തുലു എന്നിവർ പ്രസിദ്ധീകരിച്ച മാസികകളിൽ സാഹിത്യത്തിനും പുസ്തകാഭിപ്രായങ്ങൾക്കും പ്രാധാന്യം നല്കി. പഴയ കവികളുടെ അപ്രകാശിതകൃതികൾ അമുദ്രിതഗ്രന്ഥ ചിന്താമണിയിൽ പ്രത്യക്ഷപ്പെട്ടു. അമുദ്രിതഗ്രന്ഥ ചിന്താമണിയുടെ പത്രാധിപർ നെല്ലൂരിലെ പുണ്ഡ്ലാ രാമകൃഷ്ണയ്യ ആയിരുന്നു. ആധുനിക തെലുഗുസാഹിത്യത്തെ പരിപോഷിപ്പിക്കുന്ന കാര്യത്തിൽ ശാരദ, ജയന്തി, ഉദയിനി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ നല്ല പങ്കു വഹിച്ചു. ആന്ധ്ര സാഹിത്യ പരിഷത് പത്രിക തുടങ്ങിയത് 1912ലാണ്. ആധുനിക തെലുഗു മുന്നേറ്റത്തെ അടിച്ചമർത്താൻ ഈ പ്രസിദ്ധീകരണം ശ്രമിച്ചു. എന്നാൽ ആ യത്നം നിഷ്ഫലമായി. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പഴയ ഗ്രന്ഥങ്ങൾ പലതും ഈ പത്രത്തിലൂടെ പുറത്തുവന്നു എന്നൊരു മേന്മ അതിന് അവകാശപ്പെടാവുന്നതാണ്. തെലുഗു സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായകമായിരുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു കൃഷ്ണപത്രിക. കൊണ്ടാവെങ്കിടപ്പയ്യ, ദാസുനാരായണ റാവു എന്നിവരായിരുന്നു കൃഷ്ണപത്രികയുടെ പത്രാധിപന്മാർ. 1907ൽ മുത്നൂറി കൃഷ്ണറാവു കൃഷ്ണപത്രികയുടെ ഉടമസ്ഥനും പത്രാധിപരുമായി. നാല് ദശവർഷക്കാലം തെലുഗരുടെ ചിന്തകളെ രൂപപ്പെടുത്താനുതകുന്ന രീതിയിൽ അദ്ദേഹം കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെക്കുറിച്ചും ഉള്ള ലേഖനങ്ങൾ കൃഷ്ണപത്രികയിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. പൊതുവേ, തെലുങ്കർ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിക്കുന്നു. 1923ൽ നാഗേശ്വരറാവു ഭാരതി എന്ന പേരിൽ ഒരു സാഹിത്യമാസിക തുടങ്ങി. 1908ൽ വാരികയായി തുടങ്ങിയ ആന്ധ്രപത്രിക ദിനപത്രമായി വളരെ പ്രചാരം നേടി. ആന്ധ്രപ്രഭ എന്ന ദിനപത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പ് സാഹിത്യ പ്രധാനമായിരുന്നു. സഭാപതി തല്ലാവജ്ജല ശിവശങ്കരശാസ്ത്രി പ്രസിദ്ധീകരിച്ച സാഹിതിയും തെലികചേർല വെങ്കടരത്നം പ്രസിദ്ധീകരിച്ച പ്രതിഭയും സാഹിത്യത്തിൽ നൂതന പ്രവണതകൾക്കു പ്രാധാന്യം നല്കി.

1913ൽ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങിയ സുജാതയുടെ പത്രാധിപർ ശ്രീനിവാസശർമ ആയിരുന്നു. ആ മാസിക അധികം കാലം നിലനിന്നില്ലെങ്കിലും സാഹിത്യവിഷയകങ്ങളായ ഒട്ടേറെ ലേഖനങ്ങൾ അതിലൂടെ പ്രകാശിതമായി. 1947ൽ സാഹിത്യമാസികയായ ശോഭ പ്രത്യക്ഷപ്പെട്ടു. അതിന്റെ പത്രാധിപർ ദേവൂലപ്പള്ളി രാമാനുജറാവു ആയിരുന്നു. ആ മാസികയും അല്പായുസ്സായിരുന്നു. കുട്ടികൾക്കുവേണ്ടിയും ഒരു മാസിക (ബാല) പുറത്തുവന്നു. ന്യപതി രാഘവറാവുവും അദ്ദേഹത്തിന്റെ ഭാര്യ കാമേശ്വരമ്മയുമായിരുന്നു പത്രാധിപത്യം വഹിച്ചത്. നാർലാ വെങ്കിടേശ്വരറാവു പത്രപ്രവർത്തന രംഗത്തെ മികച്ച ഒരു സാഹിത്യകാരനായിരുന്നു.

1938ൽ പ്രസിദ്ധീകരണം ആരംഭിച്ച ആന്ധ്രപ്രഭയുടെ പത്രാധിപസ്ഥാനം പില്ക്കാലത്ത് വി.ആർ. നാർല ഏറ്റെടുത്തതോടെ ഭാഷാരീതിയെ സംബന്ധിച്ചിടത്തോളം ധീരമായ വ്യതിയാനം സംഭവിച്ചു. നാല്പതുകളിലും അൻപതുകളിലും ആന്ധ്രപ്രഭ സർവസാധാരണമായ വ്യാവഹാരികശൈലിയാണുപയോഗിച്ചത്. സമകാലിക തെലുഗു ഗദ്യത്തിന്റെ ആധുനിക രീതിയിലുള്ള വികാസപരിണാമങ്ങൾക്ക് ഇത് സഹായകമായി. 1960ൽ നാർലയുടെ പത്രാധിപത്യത്തിൽ ആന്ധ്രജ്യോതി എന്ന പത്രം ആരംഭിച്ചു. ഉദയം, വാർത്ത എന്നിവയാണ് മറ്റു ചില പ്രധാന പത്രങ്ങൾ

വിശാഖപട്ടണത്തുനിന്ന് രാമോജിറാവു പ്രസിദ്ധപ്പെടുത്തിയ ഈനാഡു ദിനപത്രരംഗത്തെ പുത്തൻ പ്രവണതകൾ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ലളിതമായ സംസാരഭാഷാശൈലിയാണ് ഈ പത്രം ഉപയോഗിക്കുന്നത്. മറ്റു പല കേന്ദ്രങ്ങളിൽനിന്ന് ഈ പത്രം ഇപ്പോൾ പ്രസിദ്ധീകരിച്ചുവരുന്നു. തെലുങ്കാനാ പ്രദേശത്തിന്റെ താത്പര്യങ്ങൾക്കുവേണ്ടി വാദിക്കുവാൻ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ് ആനന്ദഭൂമി. തെലുങ്കാനാ ദേശ്യഭാഷ ഈ പത്രത്തിൽ ഇടകലർന്നുകാണാം. വിജയവാഡയിൽനിന്നു പ്രസിദ്ധീകരിക്കുന്ന വിശാലാന്ധ്രാ കമ്യൂണിസ്റ്റ്പാർട്ടിയുടെ ജിഹ്വയാണ്. ഈ ദിനപത്രങ്ങൾക്കെല്ലാം സ്വന്തം സചിത്രവാരികകളുമുണ്ട്. ഈ വാരികകളിലും മറ്റും സ്വീകരിച്ചിട്ടുള്ള അനായാസ ലളിതഗദ്യശൈലി സമകാലിക തെലുഗു ഗദ്യരീതിയുടെ പരിണാമത്തിൽ ഗണ്യമായ പ്രഭാവം ചെലുത്തിയിട്ടുണ്ട്.

പ്രസ്ഥാനങ്ങളും സംഘടനകളും

[തിരുത്തുക]

ആന്ധ്ര സാഹിത്യപരിഷത് സംസ്ഥാപിതമായത് 1911ൽ ആണ്. ജയന്തിരാമയ്യ പന്തുലുവാണ് അതിന്റെ സംഘാടകൻ. പിതാപുരം മഹാരാജാവായിരുന്നു ആന്ധ്ര സാഹിത്യപരിഷത്തിന്റെ രക്ഷാധികാരി. ആധുനിക തെലുഗുവിനെ അടിച്ചമർത്തുന്നതിനുവേണ്ടിയാണ് അത് തുടങ്ങിയത്. പണ്ഡിതന്മാർ പരിഷത്തിനെ സ്വാഗതം ചെയ്തെങ്കിലും പരിഷത്തിന് ആ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. ഈ സംഘടന ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആന്ധ്ര സാഹിത്യപരിഷത് പത്രിക എന്ന ഒരു പ്രസിദ്ധീകരണത്തിലൂടെ സാഹിത്യ വിഷയങ്ങളായ ധാരാളം ലേഖനങ്ങൾ പുറത്തുകൊണ്ടുവരാൻ ഈ സംഘടനയ്ക്കു കഴിഞ്ഞു. പിതാപുരം മഹാരാജാവു നല്കിയ സഹായധനം ഒരു ലക്സിക്കൺ നിർമ്മിക്കുന്നതിന് പ്രയോജനപ്പെട്ടു. ഈ ലക്സിക്കണിന്റെ ആദ്യ വാല്യം 1938-ൽ പ്രസിദ്ധീകൃതമായി.

'വിജ്ഞാനചന്ദ്രികാമണ്ഡലി' രൂപീകരിച്ചതും 1911ൽ ആണ്. കൊമർരാജു ലക്ഷ്മണറാവു(1877-1927)വിന്റെ പരിശ്രമമായിരുന്നു അതിന്റെ പിന്നിലുണ്ടായിരുന്നത്. റാവു കഴിവുറ്റ എഴുത്തുകാരെ തേടിപ്പിടിച്ച് ഗ്രന്ഥരചനയ്ക്ക് പ്രേരിപ്പിച്ചു. മണ്ഡലി അങ്ങനെ പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇംഗ്ളീഷ്, തെലുഗു, മറാഠി, സംസ്കൃതം, ഹിന്ദി എന്നീ അഞ്ച്ഭാഷകളിലും ലക്ഷ്മണറാവുവിന് പ്രാവീണ്യമുണ്ടായിരുന്നു. ലക്ഷ്മണറാവുവാണ് 'കൃഷ്ണദേവരായ ആന്ധ്രഭാഷാനിലയം' സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ലക്ഷ്മണറാവുവിന്റെ മരണത്തിനുശേഷം വിജ്ഞാനചന്ദ്രികാ മണ്ഡലിയെ ഉണർത്തിക്കൊണ്ടുവന്നത് അയ്യദേവരകാളേശ്വരറാവുവാണ്. 'ആന്ധ്രപ്രചാരിണി ഗ്രന്ഥമാല' 1910-ൽ പ്രവർത്തനം ആരംഭിച്ചു. 170 നോവലുകളും ചെറുകഥകളും അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വതന്ത്ര കൃതികളും ബംഗാളി കൃതികളെ അവലംബമാക്കി രചിച്ച കൃതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

തെനാലിയിൽ പ്രവർത്തിച്ചുതുടങ്ങിയ 'സാഹിതീ സമിതി' തെലുഗു സാഹിത്യത്തെ ആധുനികതയിലേക്കു നയിക്കുന്നതിൽ നല്ല പങ്കു വഹിച്ചു. ഈ നൂറ്റാണ്ടിലെ തെലുഗു സാഹിത്യകാരന്മാർക്ക് നല്ല പരിശീലനമേകാൻ ഈ സമിതിക്കു കഴിഞ്ഞു. ഈ സമിതിയിൽ ആചാര്യസ്ഥാനം വഹിച്ചിരുന്നത് തല്ലാവജ്ജല ശങ്കരശാസ്ത്രി (1892) ആയിരുന്നു. ചെറുപ്പക്കാരായ എഴുത്തുകാർ പരിശോധനയ്ക്ക് അവരുടെ കൃതികൾ സമർപ്പിച്ചിരുന്നത് ശാസ്ത്രികൾക്കായിരുന്നു

തെലുഗു സാഹിത്യ സംഘടനയും (1913-26) 'ഭാരതീ തീർഥ'യും (1926) തെലുഗുസാഹിത്യത്തെ ആധുനികവത്കരിക്കാൻ സഹായകമായിട്ടുണ്ട്. 'തെലുഗു ഭാഷാഭിവർധിനി' എന്ന സംഘടന ആധുനിക തെലുഗു സാഹിത്യത്തിന്റെ വളർച്ചയ്ക്ക് സഹായകമായി.

1933 മുതൽ 'നവ്യസാഹിത്യപരിഷത്ത്' പ്രവർത്തനമാരംഭിച്ചു. നൂറുകണക്കിന് എഴുത്തുകാർ ജീവൽഭാഷയിൽത്തന്നെ സാഹിത്യരചന നടത്തി. നവ്യസാഹിത്യപരിഷത്ത് 1936ൽ പ്രതിഭ എന്ന പേരിൽ ഒരു ത്രൈമാസികം പ്രസിദ്ധീകരിച്ചുതുടങ്ങി. നവീന സാഹിത്യത്തിന്റെ മാതൃകകൾ അതിൽ പ്രസിദ്ധീകരിച്ചുവന്നു. 1934ൽ 'കവിതാ സമിതി' എന്ന ഒരു സംഘടന ഉണ്ടായി. 1942ൽ 'ആന്ധ്ര സാഹിത്യ പരിഷത്തും' 1949ൽ ആന്ധ്ര സാരസ്വത പരിഷത്തും തെലുഗു സാഹിത്യത്തെ പരിപോഷിപ്പിച്ചു. ആധുനിക തെലുഗുസാഹിത്യത്തെ പരിപോഷിപ്പിച്ച ഒരു സംഘടനയാണ് 1943ൽ വിജയവാഡയിൽ രൂപീകൃതമായ 'ദ് പ്രോഗ്രസ്സിവ് റൈറ്റേഴ്സ് അസോസിയേഷൻ' (അഭ്യുദയ രചയിതാല സംഘം). ശ്രീ ശ്രീ., മദ്രാസ് ഹൈക്കോർട്ടിൽ ജഡ്ജിമാരായിരുന്ന പി.വി. രാജമന്നാർ, വി.ഗോവിന്ദ രാജാചാരി തുടങ്ങിയവരെ ഈ അസോസിയേഷൻ ആകർഷിച്ചിരുന്നു.

തെലുഗു സാഹിത്യം അതിന്റെ ദീർഘമായ ചരിത്രത്തിൽ പലപ്പോഴും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ വിവിധ സിദ്ധാന്തങ്ങളുടെ പ്രഭാവത്തിനു വിധേയമായിട്ടുണ്ട്. പത്തൊൻപത്, ഇരുപത് ശതകങ്ങളിൽ അനേകം പ്രബലങ്ങളായ പ്രസ്ഥാനങ്ങൾ തെലുഗു സാഹിത്യത്തിന്റെ സ്വരത്തിലും ഭാവത്തിലും സംരചനയിലും പ്രഭാവം ചെലുത്തി. നോവൽ, നാടകം, ഉപന്യാസം, ചെറുകഥ എന്നീ സാഹിത്യരൂപങ്ങൾക്കെന്നപോലെ ഗദ്യസരണിയുടെ ആവിർഭാവത്തിനും വഴിതെളിച്ചത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രഭാവമായിരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെലുഗു_ഭാഷയും_സാഹിത്യവും എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തെലുഗു_സാഹിത്യം&oldid=3966200" എന്ന താളിൽനിന്ന് ശേഖരിച്ചത്