തമിഴ് സാഹിത്യം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2009 ഏപ്രിൽ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യൻ സാഹിത്യം |
---|
ഇന്ത്യയിലെ പ്രമുഖ ദ്രാവിഡഭാഷയാണ് തമിഴ്. പ്രാചീനതയും സാഹിത്യ സമൃദ്ധിയും മൂലം ലോകപ്രശസ്തി നേടിയിട്ടുള്ള ഭാഷയാണിത്. ലാറ്റിൻ, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ക്ളാസ്സിക് ഭാഷകളുടെ കൂട്ടത്തിൽ തല ഉയർത്തി നില്ക്കാൻ കെല്പുള്ള രണ്ട് ഇന്ത്യൻ ഭാഷകളിൽ ഒന്നായാണ് തമിഴ് കണക്കാക്കപ്പെടുന്നത്. മറ്റേത് സംസ്കൃതം. തമിഴ്നാടിന്റെ ഭാഷയെന്നതിനോടൊപ്പം ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിലും തമിഴിന് പ്രാമുഖ്യമുണ്ട്. ആധുനിക ഭാരതീയ ഭാഷകളുടെ കൂട്ടത്തിൽ ഏറ്റവും പഴക്കമുള്ള സാഹിത്യഭാഷ എന്ന സ്ഥാനവും തമിഴിനാണുള്ളത്.
ഇന്ത്യയുടെ തെക്കേ അറ്റത്ത് ആന്ധ്രപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങൾക്കു തെക്കും കേരളത്തിനു കിഴക്കും ബംഗാൾ ഉൾക്കടലിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ നാല് കോടിയിൽപ്പരം ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ ആന്ധ്രപ്രദേശ്, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗണ്യമായ ഒരു വിഭാഗവും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഒരു വിഭാഗവും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ശ്രീലങ്ക ദ്വീപിന്റെ വടക്കു ഭാഗത്തുള്ള ജനങ്ങളിൽ ഭൂരിഭാഗവും തമിഴരാണ്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, മൗറീഷ്യസ്, മ്യാൻമാർ, ഫിജി എന്നീ രാജ്യങ്ങളിലും ദക്ഷിണ കിഴക്കൻ ആഫ്രിക്കയിലും തമിഴ് മാതൃഭാഷയായുള്ള നിരവധി ജനങ്ങൾ താമസിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുഖ്യ ദ്രാവിഡഭാഷകളായ തെലുഗു, കന്നഡ, മലയാളം എന്നിവ സംസാരിക്കപ്പെടുന്ന പ്രദേശങ്ങളാൽ തമിഴകം വലയം ചെയ്യപ്പെട്ടിരിക്കുന്നു. ദ്രാവിഡ നാഗരികതയുടെ മഹത്ത്വത്തെ പ്രതിനിധാനം ചെയ്യുകയും അതിനെ ഉയർത്തിക്കാട്ടുകയും അതിന്റെ അടിത്തറ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന സാംസ്കാരിക ശക്തികേന്ദ്രമാണ് തമിഴ് ഭാഷ.
ഉത്പത്തിയും വികാസവും
[തിരുത്തുക]ഇന്ത്യയിലെ പ്രധാന ഭാഷാഗോത്രങ്ങളിൽ ഒന്നായ ദ്രാവിഡ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് തമിഴ്. തമിഴ് എന്ന പദത്തിന്റെ വ്യുത്പത്തി വ്യക്തമല്ല. ദ്രാവിഡരുടെ ഭാഷ എന്ന നിലയിൽ ചരിത്രാതീത കാലം മുതൽ തമിഴിന്റെ ആദിമരൂപമായ ദ്രാവിഡഭാഷ പ്രചരിച്ചിരുന്നതായി ഗവേഷകർ കരുതുന്നു. തമിഴ് എന്ന പേര് ദ്രാവിഡ പദത്തിന്റെ തദ്ഭവമാണെന്നും മറിച്ച് തമിഴ് എന്ന വാക്കാണ് ദ്രാവിഡമായി പരിണമിച്ചതെന്നും ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. ദ്രാവിഡ പദത്തിലെ ദ്ര എന്ന അക്ഷരം തമിഴരുടെ ഉച്ചാരണത്തിൽ ഉണ്ടായിരിക്കാൻ ഇടയില്ല. അതിനാൽ ദ്രാവിഡഭാഷയെക്കുറിച്ചിരുന്ന പുരാതന കാലത്തെ പേര് രൂപാന്തരപ്പെട്ട് തമിഴ് ആയിത്തീർന്നെന്നു കരുതാമെങ്കിലും അതിന്റെ ആദിമ രൂപം എന്തായിരുന്നു എന്നു നിർണയിക്കുക സാധ്യമല്ല........ തമിഴ് എന്ന പദത്തിന് തനതുമൊഴി (ഇമ്പമുള്ള മൊഴി) എന്നാണർഥം.
പ്രാചീന ദ്രാവിഡരുടെ ഭാഷയായ മൂലദ്രാവിഡഭാഷയിൽ നിന്ന് പില്ക്കാലത്തു രൂപംകൊണ്ട ഒരു പ്രാദേശിക ഭാഷയാണ് തമിഴെന്ന് ആധുനിക ഭാഷാശാസ്ത്രജ്ഞന്മാർ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതായത്, ആര്യന്മാർ ഉത്തരേന്ത്യ മുഴുവൻ കയ്യടക്കിയപ്പോൾ ദ്രാവിഡർ വിന്ധ്യാപർവതത്തിനു തെക്കുള്ള ഉപദ്വീപിലേക്കു തള്ളിനീക്കപ്പെട്ടു. ദ്രാവിഡർ ക്രമേണ ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങളിലേക്കു വ്യാപിച്ചതിനെത്തുടർന്ന് അവരുടെ ഭാഷയ്ക്ക് ഉത്തര ദ്രാവിഡം, മധ്യ ദ്രാവിഡം, ദക്ഷിണ ദ്രാവിഡം എന്നിങ്ങന്നെ മൂന്ന് പ്രാദേശിക രൂപഭേദങ്ങൾ ഉണ്ടായി. മൂല ദ്രാവിഡഭാഷയിൽ നിന്ന് ദക്ഷിണ ദ്രാവിഡം വേർപിരിഞ്ഞപ്പോൾ സ്വനിമപരമായും രൂപിമപരമായും പല മാറ്റങ്ങളും വന്നു ചേർന്നു. ആ മാറ്റങ്ങളോടുകൂടിയ ദ്രാവിഡഭാഷാശാഖയിൽ നിന്നാണ് തമിഴ് ഉരുത്തിരിഞ്ഞു വളർന്നതെന്ന് ഭാഷാഗവേഷകർ കരുതുന്നു.
ദക്ഷിണ ദ്രാവിഡത്തിൽ നിന്ന് വേർതിരിഞ്ഞു രൂപം കൊണ്ടവയാണ് കന്നഡ, തമിഴ്, മലയാളം, തുളു തുടങ്ങിയ ദക്ഷിണ ഭാഷകൾ എന്ന് ഭാഷാപണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയ്ക്കെല്ലാം പൊതുവായ ആദ്യകാല ഭാഷാരൂപത്തെ പ്രാചീന തമിഴ് അഥവാ പഴന്തമിഴ് എന്നു വിശേഷിപ്പിക്കാം. ഈ പഴന്തമിഴിൽ നിന്ന് ചെന്തമിഴ് എന്ന ഗ്രന്ഥഭാഷാരൂപം പണ്ഡിതന്മാർ ആവിഷ്കരിച്ചു. ആ ചെന്തമിഴ്, പഴന്തമിഴ്-കൊടുന്തമിഴുകളിൽ നിന്ന് ആധുനിക തമിഴിനെ ഒരളവുവരെ അകറ്റുകയുണ്ടായി. സംഘകാല കൃതികളിലെ ഭാഷയായിരുന്നു തമിഴിലെ ആദ്യത്തെ ഗ്രന്ഥഭാഷാരൂപം. അക്കാലത്തു രൂപംകൊണ്ട ഗ്രന്ഥഭാഷയാണ് ചെന്തമിഴ് എന്നപേരിൽ അറിയപ്പെട്ടത്. സംഘകാല കൃതികൾ ജനങ്ങളുടെയിടയിൽ പ്രചരിച്ചതുമൂലം ജനകീയ ഭാഷയ്ക്കു മാറ്റങ്ങൾ വന്നുചേർന്നു. തത്ഫലമായിട്ടാണ് ക്രിസ്തുവർഷാരംഭകാലത്തെ കൊടുന്തമിഴ് ഇന്നത്തെ തമിഴ് ഭാഷയായി വികാസം പ്രാപിച്ചത്.
തമിഴിനെ മറ്റു ദ്രാവിഡ ഭാഷകളിൽ നിന്നു വേർതിരിക്കുന്ന പ്രധാന പ്രത്യേകതകൾ താഴെപ്പറയുന്നവയാണ്:
- ഇകാരത്തിന് ഉകാരാദേശം. പ്രത്യേകിച്ചും മധ്യമപുരുഷ സർവനാമത്തിൽ
(നിം > നും - നിങ്ങളുടെ) - പദാദിയിലെ താലവ്യാനുനാസികത്തിന് ദന്ത്യാദേശം
(ഞ > ന - ഞാണൽ > നാണൽ) - മൂലദ്രാവിഡത്തിലുണ്ടായിരുന്ന - ക്കൻ എന്ന പുല്ലിംഗ പ്രത്യയം നഷ്ടപ്പെട്ടത്
(മുതുക്കൻ > മുതുവൻ, കിടുക്കൻ > ചിതുവൻ)
പ്രാചീന ലിഖിതങ്ങൾ
[തിരുത്തുക]തമിഴിന്റെ ഗ്രന്ഥഭാഷാരൂപം സംസ്കൃതത്തോളം പഴക്കമുള്ളതാണെന്ന് തമിഴ് പണ്ഡിതർ വിശ്വസിക്കുന്നു. അത്രത്തോളം പഴക്കമില്ലെങ്കിൽപ്പോലും ഇന്ത്യയിലെ മറ്റേതൊരു ഗ്രന്ഥഭാഷയേക്കാളും പ്രാചീനത തമിഴ് ഗ്രന്ഥഭാഷയ്ക്ക് അവകാശപ്പെടാം. തമിഴ് ഭാഷയിൽ ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചീനങ്ങളായ രേഖകൾ രണ്ടോ മൂന്നോ വരികളുള്ള ഏതാനും ശിലാശാസനങ്ങളാണ്. എന്നാൽ ഇപ്രകാരമുള്ള ശിലാശാസനങ്ങളിൽ ചുരുക്കം ചിലതു മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ചരിത്രരേഖകളിൽ വെച്ച് ഏറ്റവും പ്രാചീനങ്ങളായി കരുതാവുന്നവ ബി.സി. 3-ാം ശ.-ത്തിൽ രേഖപ്പെടുത്തിയവയാണെന്ന് ഗവേഷകർ കണക്കാക്കിയിട്ടുണ്ട്. ഇവ മധുര, രാമനാഥപുരം ജില്ലകളിലെ ഗുഹകളിലാണു കാണുന്നത്. ഈറോഡ്, കരൂർ തുടങ്ങിയ കച്ചവടകേന്ദ്രങ്ങളിലും ഇവ വിരളമായി കാണാം.
തമിഴിൽ ഇന്നു ലഭ്യമായിട്ടുള്ള ഏറ്റവും പ്രാചീനവും വിലപ്പെട്ടതുമായ കൃതി ബി.സി. 2-ാം ശ.-ത്തിനടുത്തു വിരചിതമായതെന്നു നിർണയിക്കപ്പെട്ടിട്ടുള്ള തൊല്കാപ്പിയമാണ്. ഇതിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ ധാരാളം വ്യാകരണ കൃതികളും സാഹിത്യ കൃതികളും ഉണ്ടായിരുന്നതായി ഇതിലെ പരാമർശങ്ങളിൽ നിന്നു മനസ്സിലാക്കാം. വ്യാകരണത്തേയും മീമാംസയേയും കുറിച്ചാണ് ഇതിൽ വിവരിച്ചിരിക്കുന്നത്. കാവ്യങ്ങളെ മൊത്തത്തിൽ അകമെന്നും പുറമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട ഇനം യുദ്ധസംബന്ധിയായ ചരിത്രങ്ങളോ ഇതിഹാസങ്ങളോ ആണ്. തൊല്കാപ്പിയത്തിനു തൊട്ടുമുമ്പോ പിന്നീടോ ഉള്ള കാവ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കിട്ടിയിട്ടുള്ളവയിൽ വെച്ച് ഏറ്റവും പഴക്കമുള്ളവ സംഘകൃതികളായി കരുതിപ്പോരുന്ന പത്തുപ്പാട്ട്, എട്ടുത്തൊകൈ എന്നീ സമാഹാരങ്ങളാണ്. തമിഴ്സംഘം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പണ്ഡിത സമിതിയാൽ സമാഹരിക്കപ്പെട്ടവ ആയതിനാലാണ് അവ സംഘകൃതികൾ എന്ന പേരിൽ അറിയപ്പെടുന്നത്. പല കവികളുടെ കൃതികളാണ് ഈ സമാഹാരങ്ങളിലുള്ളത്. തൊല്കാപ്പിയർ ക്രോഡീകരിച്ചിട്ടുള്ള നിയമങ്ങൾക്കു വിധേയമായിട്ടുള്ളവയാണ് ഈ കവിതകളെല്ലാം.
ലിപി
[തിരുത്തുക]എല്ലാ ഭാരതീയ ലിപികളുടേയും മൂലരൂപം ബ്രാഹ്മിയാണെന്ന് ഭാഷാശാസ്ത്രജ്ഞർ നിരൂപിക്കുന്നു. അശോകന്റെ ശിലാലേഖനങ്ങളിലെ ലിപി ബ്രാഹ്മിയുടെ പ്രാചീന മാതൃകയാണ്. അതിൽനിന്ന് ഗവി ലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും ദേവനാഗരി ലിപികളും രൂപപ്പെട്ടു. തമിഴ് ലിപികളും പ്രാചീനകാലത്തെ ബ്രാഹ്മി ലിപിയിൽനിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പുവരെ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് തമിഴ് ലിപികൾക്ക് ഉണ്ടായിരുന്നത്. അത്തരം ലിപികൾക്ക് വട്ടെഴുത്ത് എന്നായിരുന്നു പേര്. കോലെഴുത്ത് എന്നപേരിൽ മറ്റൊരു രൂപവും അതിനുണ്ടായിരുന്നു. വട്ടെഴുത്തും കോലെഴുത്തും തമിഴിലെന്നതുപോലെ മലയാളത്തിലും കുറേക്കാലം മുമ്പുവരെ ഉപയോഗിച്ചിരുന്നു. അതിനാൽ പല വർണങ്ങളേയും കുറിക്കുന്ന മലയാള ലിപികൾക്ക് അതേ വർണങ്ങളെ കുറിക്കുന്ന തമിഴ് ലിപികളോട് ഇപ്പോഴും സാദൃശ്യം കാണുന്നു.
ഭാഷാഘടന
[തിരുത്തുക]ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചരിക്കുന്ന മറ്റു ഭാഷകളിൽ നിന്ന് തമിഴിന് അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. തമിഴ് സംശ്ളിഷ്ടകക്ഷ്യ എന്ന വിഭാഗത്തിൽപ്പെടുന്ന ഭാഷകളിലൊന്നാണ്. അതായത് രണ്ടോ അതിലധികമോ രൂപിമങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിച്ചേർത്തു നിർമിച്ച പദങ്ങൾ തമിഴിൽ ധാരാളം കാണാം. ഉദാഹരണമായി അവളുടയ, രാമനുടയ എന്നീ സംബന്ധികാവിഭക്തി രൂപങ്ങൾ. ഇതിനു സമാനമായി അവളുടെ, രാമന്റെ എന്നിങ്ങനെയാണ് മലയാളത്തിലുള്ളത്. മറ്റു ദ്രാവിഡ ഭാഷകളിലൊന്നും ഈ സ്വഭാവം ഇത്രത്തോളമില്ല. തമിഴിലെ പദപ്രയോഗ രീതിയിലും അതിന്റേതായ സവിശേഷതകളുണ്ട്. ഒരേ പദപ്രകൃതിയിൽ നിന്ന് വ്യത്യസ്താർത്ഥങ്ങൾ കുറിക്കുന്ന അനേകം പദങ്ങൾ സൃഷ്ടിക്കുന്ന സമ്പ്രദായം തമിഴിലുണ്ട്. ഇത് മറ്റു ദ്രാവിഡഭാഷകളെ അപേക്ഷിച്ച് കൂടുതലാണ്.
തമിഴിൽ നാമങ്ങളുടെ ലിംഗങ്ങളെ കുറിക്കുന്ന രൂപഭേദങ്ങൾ മലയാളത്തിൽ കാണുന്നവയോട് സാദൃശ്യമുള്ളവയാണ്. പുല്ലിംഗത്തെ കുറിക്കാൻ അൻ എന്ന പ്രത്യയവും സ്ത്രീലിംഗത്തെ കുറിക്കാൻ തു, ത്തി, ച്ചി എന്നീ പ്രത്യയങ്ങളും ഉപയോഗിക്കുന്നു. വാക്യത്തിൽ ആഖ്യാപദത്തിനും പൂർണക്രിയയ്ക്കും തമ്മിൽ ലിംഗ വചന പുരുഷ പ്രത്യയങ്ങളുടെ കാര്യത്തിൽ പരസ്പര പൊരുത്തമുണ്ടായിരിക്കണം. ഇതനുസരിച്ച് നാൻ വന്തേൻ, നാങ്കൾ വന്തോം, നീ വന്തായ്, നീർ വന്തീർകൾ, അവൻ വന്താൻ, അവൾ വന്താൾ, അവർകൾ വന്താർകൾ എന്നിങ്ങനെയുള്ള പൊരുത്തം അത്യന്താപേക്ഷിതമാണ്. അതേസമയം നാമത്തിൽ ചേർക്കുന്ന പ്രത്യയവും ക്രിയയിൽ ചേർക്കുന്ന പ്രത്യയവും തമ്മിൽ വ്യത്യാസമുണ്ട്.
നാമത്തിലെ പ്രത്യയം ക്രിയയിലെ പ്രത്യയം
അൻ ആൻ
അൾ ആൾ
അർ ആർ
തമിഴിലെ വാക്യഘടന പ്രധാനമായും രണ്ടു വിധമാണ്. നാമവും നാമവും ചേർന്നും (അവൾ സീത) നാമവും ക്രിയയും ചേർന്നും (അവൾ വന്താൾ). ചോദ്യ സർവനാമം പേരെച്ച സർവനാമമായി ഉപയോഗിക്കാറില്ല. എന്നാൽ പേരെച്ചവും നാമവും ചേർത്തുപയോഗിക്കുന്നതു സാധാരണമാണ് (വന്ത പയ്യൻ).
പദാവലി
[തിരുത്തുക]തമിഴിന് അതിവിപുലമായ പദസമ്പത്ത് സ്വന്തമായുണ്ട്. ഇവയിലധികവും മൂലദ്രാവിഡത്തിൽ നിന്ന് പരമ്പരാഗതമായി ലഭിച്ചവയും തമിഴിൽത്തന്നെ വിവിധ സാഹചര്യങ്ങളിൽ രൂപം കൊണ്ടവയുമാണ്. പദസമ്പത്തിന്റെ കാര്യത്തിൽ മറ്റു ഭാഷകളോട് തമിഴിന് വളരെക്കുറച്ചേ കടപ്പാടുള്ളൂ. ആര്യ സംസ്കാരവും സംസ്കൃത സാഹിത്യവും ദക്ഷിണേന്ത്യയിൽ ആധിപത്യം നേടിയ കാലഘട്ടത്തിൽ കുറച്ചൊക്കെ സംസ്കൃതപദങ്ങളും തമിഴിലേക്കു കടന്നുവന്നിട്ടുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളിലെ ഭാഷയായ പാലിയിൽ കൂടിയും ആര്യഭാഷാപദങ്ങൾ തമിഴിലേക്കു വ്യാപിച്ചിട്ടുണ്ട്. 18-ാം ശ.-ത്തിനു ശേഷം അനവധി ഇംഗ്ളീഷ് പദങ്ങളും തമിഴിൽ സംക്രമിച്ചതായി കാണുന്നു. ഇപ്രകാരം സംസ്കൃതത്തിൽ നിന്നും ഇംഗ്ളീഷിൽ നിന്നും തമിഴിലേക്കു വന്ന പദങ്ങളിൽ അധികവും തത്ഭവങ്ങളാണ്. തത്സമങ്ങൾ കുറച്ചേയുള്ളൂ. ലക്ഷ്മണൻ ഇലക്കുമണനും (അ) ഇലട്ചുമണനും ദശരഥൻ തയരതനും സീത ചീതയും ആയിട്ടുണ്ട്. എന്നാൽ 20-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ തത്സമങ്ങളായ സംസ്കൃത-ഇംഗ്ളീഷ് പദങ്ങൾ തിരസ്കരിക്കുകയും അവയുടെ സ്ഥാനത്ത് പുതിയ തമിഴ് പദങ്ങൾ നിർമിച്ച് പ്രയോഗിക്കുകയും ചെയ്യുന്ന പ്രവണത വന്നുചേർന്നു.
ഭാഷാഭേദങ്ങൾ
[തിരുത്തുക]സാഹിത്യഭാഷയായ ചെന്തമിഴ്, ജനങ്ങളുടെ സംസാരഭാഷ എന്നിവയ്ക്കു പുറമേ, നാല് ഭാഷാഭേദങ്ങൾ കൂടി തമിഴിനുണ്ട്. മധുര, രാമനാഥപുരം, തിരുനെൽവേലി എന്നീ ജില്ലകളിലേയും കന്യാകുമാരി ജില്ലയുടെ തെക്കൻ പ്രദേശങ്ങളിലേയും ഭാഷയായ തെക്കൻഭാഷ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ എന്നീ ജില്ലകളിലും തെക്കൻ ആർക്കോട്ടിലെ ചില പ്രദേശങ്ങളിലും കാണുന്ന മധ്യഭാഷ, തെക്കൻ ആർക്കോട്ടിലെ മറ്റു ഭാഗങ്ങൾ, വടക്കൻ ആർക്കോട്ട്, ചെങ്കൽപ്പെട്ട് എന്നിവിടങ്ങളിലെ വടക്കൻഭാഷ, കോയമ്പത്തൂർ, സേലം, ധർമപുരി, നീലഗിരി എന്നീ ജില്ലകളിലെ പടിഞ്ഞാറൻഭാഷ എന്നിവയാണീ പ്രാദേശിക പ്രഭേദങ്ങൾ. ഇവയ്ക്ക് പഴയ പാണ്ടിനാട്, ചോളനാട്, തൊണ്ടനാട്, കൊങ്ങുനാട് എന്നിവയുമായി ബന്ധമുണ്ട്. കന്യാകുമാരി ജില്ലയിലെ വടക്കൻ പ്രദേശങ്ങളിലെ ഭാഷയിൽ മലയാളത്തിന്റെ അതിപ്രസരവും ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രചരിക്കുന്ന ഉപഭാഷയിൽ തെലുങ്കിന്റെ അതിപ്രസരവും പ്രകടമാണ്. ശ്രീലങ്കയിലെ തമിഴ് സംസാരഭാഷയെ മറ്റൊരു ഭാഷാഭേദമായും കാണക്കാക്കാം.
തമിഴും മലയാളവും
[തിരുത്തുക]ദ്രാവിഡഭാഷകളിൽ തമിഴിന് മലയാളത്തോടാണ് ഏറ്റവും കൂടുതൽ ബന്ധമുള്ളത്. അതിനു കാരണം ദക്ഷിണ ദ്രാവിഡത്തിൽ നിന്ന് കന്നഡ സ്വതന്ത്രമായതിനു ശേഷം പൂർവ്വ തമിഴ് മലയാളം എന്നൊരവസ്ഥ വളരെക്കാലം നിലനിന്നിരുന്നു. ഈ പൂർവ്വ തമിഴ് മലയാളത്തിൽ നിന്നാണ് തമിഴും മലയാളവും സ്വതന്ത്ര ഭാഷകളായി രൂപാന്തരപ്പെട്ടതെന്ന് ആധുനിക ഭാഷാശാസ്ത്രജ്ഞന്മാർ അഭ്യൂഹിക്കുന്നു. കേരളീയർ കൂടി അംഗീകരിച്ചിട്ടുള്ള ഗ്രന്ഥഭാഷയിലാണ് തമിഴിലെ ആദ്യത്തെ മഹാകാവ്യമായ ചിലപ്പതികാരവും എട്ടുത്തൊകൈയിലെ ചില പദ്യങ്ങളും രചിച്ചിരിക്കുന്നത്. മാത്രമല്ല, എട്ടുത്തൊകൈയിലെ ചില പദ്യങ്ങളും ചിലപ്പതികാരവും രചിച്ചിരിക്കുന്നത് കേരളീയരായ കവികളാണെന്ന അഭിപ്രായവും നിലവിലുണ്ട്.
സാഹിത്യം
[തിരുത്തുക]സംഘകാല സാഹിത്യം
[തിരുത്തുക]തമിഴ് ഭാഷയിൽ വിരചിതങ്ങളും അതിപുരാതനവുമായ സാഹിത്യകൃതികളിൽ ഒരു ഭാഗം കാലത്തിന്റെ പോറലേല്ക്കാതെ ഇന്നോളം സംരക്ഷിക്കപ്പെട്ടുപോന്നിട്ടുണ്ട്. പ്രസ്തുത സാഹിത്യസൃഷ്ടികൾ സംഘകാല സാഹിത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊല്കാപ്പിയർ എന്ന പേരിലറിയപ്പെടുന്ന പ്രാചീന കവി അക്കാലത്തെ ഭാഷയിലും ഗ്രന്ഥങ്ങളിലും ഗവേഷണം നടത്തി തൊല്കാപ്പിയം എന്ന വ്യാകരണ ഗ്രന്ഥം രചിച്ചു. പഴയ തമിഴ് മൊഴിയേയും തമിഴ് സാഹിത്യത്തേയും കുറിച്ചു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് സംഘകാലസാഹിത്യവും തൊല്കാപ്പിയവും മാത്രമാണ്. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭാഷകളിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥങ്ങൾ ഇവയാണ്.
ചരിത്രം
[തിരുത്തുക]ബി.സി. 500 മുതൽ 100 വരെയുള്ള കാലഘട്ടമാണ് സംഘകാല സാഹിത്യം എന്ന വിഭാഗത്തിൽപ്പെടുന്ന കവിതകളുടെ രചനാകാലം. അതിനും എത്രയോ വർഷം മുമ്പുതന്നെ തമിഴ് ഭാഷയും തമിഴ് സാഹിത്യവും പൂർണവളർച്ചയിലെത്തിയിരുന്നു എന്ന് സാഹിത്യ ഗവേഷകന്മാർ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി വായ്മൊഴി സാഹിത്യം (folk literature) നൂറ്റാണ്ടുകളോളം പ്രചരിച്ചതിനുശേഷമാണ് ചില കവികൾ അവയിൽ ചിലതിനെ വരമൊഴിയിലാക്കാറുള്ളത്. തുടർന്ന്, കവികളുടെ സ്വന്തം രചനകൾ സാഹിത്യത്തിലെ ഒരു പ്രത്യേക വിഭാഗമായി രൂപം പ്രാപിക്കുന്നു. അതുപോലെ, തമിഴ്നാട്ടിലും ഇന്നറിയപ്പെടുന്ന സംഘസാഹിത്യത്തിലെ കവിതകൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ അവയ്ക്കാധാരമായ വായ്മൊഴിപ്പാട്ടുകൾ ജനങ്ങളുടെ മാനസികോല്ലാസത്തിനുവേണ്ടി പാടിയിരുന്നു. ആ പാട്ടുകളുടെ പാരമ്പര്യം പില്ക്കാല കവികൾ തങ്ങളുടെ രചനകൾക്ക് ആധാരമാക്കിയതാകാം എന്നു കരുതേണ്ടിയിരിക്കുന്നു. പ്രസ്തുത കവിതകളുടെ പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ചില കവികൾ വ്യാകരണഗ്രന്ഥങ്ങൾ നിർമിച്ചു. അങ്ങനെ തൊല്കാപ്പിയർ കവികളുടെ സാഹിത്യപരവും വ്യാകരണപരവുമായ രചനകളെ പിന്തുടരുകയും തന്റെ സ്വന്തം കൃതികൾക്ക് നൂതന രൂപഭാവങ്ങൾ നല്കുകയും ചെയ്തു. പനം പാരനാർ എന്ന പണ്ഡിതൻ തൊല്കാപ്പിയം എന്ന വ്യാകരണഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. വടക്ക് വേങ്കടമല (തിരുപ്പതി) മുതൽ തെക്കു കുമരി മുനമ്പ് (കന്യാകുമാരി) വരെ തമിഴ് മൊഴി വ്യാപരിച്ചിരുന്നു എന്നും ജനങ്ങളുടെ സംഭാഷണരീതിയും കവികളുടെ രചനാസമ്പ്രദായവും തൊല്കാപ്പിയർ അന്വേഷിച്ചറിഞ്ഞിരുന്നു എന്നും അതിനു മുമ്പുണ്ടായിരുന്ന സാഹിത്യ കൃതികളെ അദ്ദേഹം പരിശോധിച്ചിരുന്നു എന്നും അതിൽ ഊന്നിപ്പറയുന്നുണ്ട്. ഇതിൽ നിന്നും രണ്ടായിരം വർഷങ്ങൾക്കു മുമ്പുതന്നെ തമിഴിൽ പല സാഹിത്യകൃതികളും വ്യാകരണഗ്രന്ഥങ്ങളും രൂപം പൂണ്ടു കഴിഞ്ഞിരുന്നു എന്നു തെളിയുന്നു. സംഘകാല സാഹിത്യത്തിലെ കവിതകൾ പരിശോധിക്കുമ്പോഴും അതിനു മുമ്പുള്ള സാഹിത്യകൃതികളെ സംബന്ധിച്ച പരാമർശങ്ങൾ ലഭിക്കുന്നുണ്ട്.
തമിഴ്നാടിന്റെ നാനാഭാഗത്തും കവികളുണ്ടായി. അവർ ഗാനങ്ങളെഴുതി. ഓരോ നാട്ടിലുമുള്ളവർ അവ പാടി രസിച്ചു. ഇവ ആയിരക്കണക്കിന് വീടുകളിലും അരമനകളിലും എത്തിച്ചേർന്നു. ഇപ്രകാരം ചിതറിക്കിടന്ന പാട്ടുകളിൽ കുറേയേറെ കാലപ്രവാഹത്തിൽപ്പെട്ടു നഷ്ടമായി. പനയോലകളിൽ എഴുതപ്പെട്ടവ കാലം ചെല്ലുമ്പോൾ നശിച്ചുപോകാനെളുപ്പമാണ്. നശിച്ചു പോയവയൊഴികെ ബാക്കിയുള്ളവയെ സംരക്ഷിക്കുന്നതെങ്ങനെയെന്ന ചിന്ത എ. ഡി. 1, 2 നൂറ്റാണ്ടുകളിൽ പ്രബലമായി. ചില കവികളും ഗവേഷകരും അവയിൽ ചിലതൊക്കെ സംരക്ഷിക്കാൻ ശ്രമിച്ചു. അതിന്റെ ഫലമായാണ് എട്ടുത്തൊകൈ എന്ന പേരിലറിയപ്പെടുന്ന എട്ട് കവിതാഗ്രന്ഥങ്ങളും പത്തുപ്പാട്ട് എന്ന നീണ്ട കവിതകളുടെ സമാഹാരവും ഉൾപ്പെടെയുള്ള ഒൻപത് കൃതികൾ ലഭ്യമായത്. ഇവയാണ് സംഘകാല സാഹിത്യം എന്ന പേരിൽ തമിഴ് സാഹിത്യത്തിൽ വിഖ്യാതമായിത്തീർന്നത്.
സംഘകാല സാഹിത്യം എന്ന പേര് എങ്ങനെയുണ്ടായി എന്ന് പരിചിന്തിക്കേണ്ടിയിരിക്കുന്നു. പണ്ഡിതന്മാരുടെ സഭയാണ് സംഘം. 4, 5 ശ.-ങ്ങളിൽ ജൈനമതത്തിലെ സന്ന്യാസിമാർ തമിഴ്നാട്ടിൽ സംഘങ്ങളുണ്ടാക്കി വിദ്യാഭ്യാസവും മതവും പ്രചരിപ്പിച്ചു. അതിനു മുമ്പും കവികളുടെ സംഘങ്ങളുണ്ടായിരുന്നെന്നും പ്രസ്തുത സംഘത്തിലെ കവികളാണ് എട്ടുത്തൊകൈ, പത്തുപ്പാട്ട് തുടങ്ങിയ പഴയ പാട്ടുകൾ രചിച്ചതെന്നും പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. തമിഴ്നാട്ടിൽ മൂന്ന് തമിഴ് സംഘങ്ങളുണ്ടായിരുന്നു എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. മധുരയിലും കപാടപുരത്തുമുണ്ടായിരുന്ന ആദ്യത്തെ രണ്ട് സംഘങ്ങൾ തിരോധാനം ചെയ്തതിനുശേഷം മൂന്നാമത്തേത് പാണ്ഡ്യരുടെ സഹായത്തോടെ മധുരയിൽ നിലവിൽ വന്നതായി കരുതപ്പെടുന്നു. മൂന്നാം തമിഴ് സംഘകാലത്തെ ഗ്രന്ഥങ്ങളാണ് എട്ടുത്തൊകൈയും പത്തുപ്പാട്ടും എന്ന വിശ്വാസത്തിൽ അവയെ സംഘസാഹിത്യം എന്നു വിളിക്കാനും തുടങ്ങി. കവികൾ മധുരയിൽ ഒത്തുചേർന്ന് തമിഴ് ഭാഷയെക്കുറിച്ചു പഠനം നടത്തിയിരുന്നുവെന്നതിനും പാണ്ഡ്യ രാജാക്കന്മാർ അവരെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നതിനും പഴയ പാട്ടുകളിൽ തെളിവുകളുണ്ട്. പാണ്ഡ്യന്മാരെപ്പോലെതന്നെ ചോളരാജാക്കന്മാരും ചേരരാജാക്കന്മാരും നാടുവാഴികളും പ്രഭുക്കന്മാരും കവികളെ ആദരിച്ചിരുന്നുവെന്ന് ഈ പാട്ടുകളിലെ ആത്മകഥാംശപരമായ ചരണങ്ങൾ വ്യക്തമാക്കുന്നു. ഭരണാധികാരികളുടെ സഹായവും പ്രോത്സാഹനവും ലഭിച്ച കവികൾ തങ്ങളുടെ ഭാവനയ്ക്ക് കാവ്യരൂപം നല്കിയതിനു പുറമേ, അതതു രാജാക്കന്മാരേയും പ്രഭുക്കന്മാരേയും അവരുടെ ഭരണപ്രദേശങ്ങളേയും അത്യധികം ഹൃദ്യമായി പ്രശംസിച്ചു പാടിയിരുന്നതായും തെളിയുന്നുണ്ട്. മൂന്ന് സംഘങ്ങളുടേയും കൃത്യമായ കാലമോ സംഘങ്ങളുടെ തലവന്മാർ ആരെല്ലാമായിരുന്നെന്നോ വ്യക്തമല്ല. എങ്കിലും കവികൾ ഇടയ്ക്കിടെ ഒത്തുകൂടിയിരുന്നെന്നും അവരിൽ ചിലരുടെ ശ്രമഫലമായാണ് സംഘസാഹിത്യം എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങൾ രൂപംകൊണ്ടതെന്നുമുള്ള വസ്തുത വിസ്മരിക്കാനാവില്ല.
പഴയകാല സാഹിത്യ സിദ്ധാന്തങ്ങൾ
[തിരുത്തുക]സംഘകാല സാഹിത്യത്തിലെ പാട്ടുകളിൽനിന്നു വെളിവാകുന്ന ചില വസ്തുതകളുണ്ട്. പ്രേമത്തെ സംബന്ധിക്കുന്ന സങ്കല്പത്തെ 'അകം' എന്നും വീരം, ദാനശീലം, കീർത്തി മുതലായവയുമായി ബന്ധപ്പെട്ടവയെ 'പുറം' എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. ഭാവനാസൃഷ്ടികളായ നായികാനായകന്മാരുടെ പ്രണയമാണ് അകപ്പാട്ടുകളിൽ കാണുന്നത്. പുറപ്പാട്ടുകളിലാകട്ടെ, നാടുവാഴുന്ന അരചന്റെ വീരകൃത്യങ്ങളും ദാന-ധർമങ്ങളും പൌരപ്രമുഖന്മാരുടെ സത്ക്കർമങ്ങളും മറ്റുമാണ് പ്രതിപാദ്യ വിഷയം. അങ്ങനെ അകപ്പാട്ടുകൾ പൊതുവേ ഭാവനാസൃഷ്ടവും പുറപ്പാട്ടുകൾ യഥാർഥ കഥകളുമായിരുന്നെന്നു കരുതാം.
ഗ്രാമപ്രദേശങ്ങൾ കൂടുതലും നഗരങ്ങൾ അപൂർവവുമായിരുന്ന അക്കാലത്ത് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകളും കൂടിച്ചേരലുകളും വിരളമായിരുന്നു. ഗ്രാമീണർ മലയിലും കാട്ടിലും പാടങ്ങൾക്കു നടുവിലും കടൽത്തീരത്തുള്ള കുടിയിടങ്ങളിലുമാണ് പാർത്തിരുന്നത്. അതതു സ്ഥലത്തുതന്നെ കൃഷി, നായാട്ട്, മീൻപിടിത്തം മുതലായ തൊഴിലുകളിലേർപ്പെട്ടു ജീവിച്ചുപോന്നു. സ്നേഹം, അറിവ്, പ്രായം, സൗന്ദര്യം മുതലായ ഗുണങ്ങളിൽ ചേർച്ചയുള്ളവർ തമ്മിൽ പ്രേമവിവാഹവും സാമൂഹികാചാരപ്രകാരമുള്ള വിവാഹവും നിലവിലിരുന്നു. ഈ വിധത്തിലുള്ള പ്രേമവും കുടുംബജീവിതവും അക്കാലത്തെ സ്വാഭാവിക ജീവിതശൈലിയായിരുന്നു. ഗ്രാമീണരുടെ പ്രകൃതിയോടിണങ്ങിയ ജീവിതവും തൊഴിലും മറ്റുമാണ് നാടൻ പാട്ടുകളിലെ പ്രമേയം. പ്രകൃതിയിലെ വസ്തുക്കളും തൊഴിൽ കാര്യങ്ങളും മനുഷ്യനുവേണ്ടി രൂപംകൊണ്ടവയാണെന്ന വിശ്വാസമുണ്ടായിരുന്നതിനാൽ അന്നത്തെ പാട്ടുകളിൽ പ്രേമം കേന്ദ്രബിന്ദുവായി. പ്രേമപൂർണമായ ജീവിതത്തെ ആവിഷ്കരിക്കാനുതകുന്ന ബിംബങ്ങളാണ് മരം, മൃഗം, പക്ഷി, തൊഴിൽ മുതലായവ. പ്രകൃതിവിഭവങ്ങളും തൊഴിലുകളും ആചാര മര്യാദകളും ഓരോ പ്രദേശത്തും വ്യത്യസ്തമായിരുന്നതിനാൽ ഓരോ പ്രദേശത്തെയും നാടൻ പാട്ടുകൾക്കും വ്യത്യസ്ത രൂപങ്ങളുണ്ടായി. സംഘകാലസാഹിത്യം രൂപപ്പെട്ട അവസരത്തിൽ ആ നാടൻപാട്ടുകൾ കവികളുടെ കരവിരുതിനിണങ്ങിയ രീതിയിൽ കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെ അഞ്ചിനം പാട്ടുകളായി തരംതിരിക്കപ്പെട്ടു. പഴയ കാലത്തെ നാടൻപാട്ടുകൾ പൂർണരൂപേണ കിട്ടാൻ മാർഗ്ഗമില്ല. അവയുടെ ശൈലികൾ അനുകരിച്ച് കവികൾ രചിച്ച അഞ്ചിനം പാട്ടുകളെല്ലാം ഇപ്പോൾ ലഭ്യമല്ല. ഏറെക്കുറെ 1800 അകപ്പാട്ടുകളും അന്നത്തെ വ്യാകരണ ഗ്രന്ഥങ്ങളിലൊന്നായ തൊല്കാപ്പിയവും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അവയിലെ ബിംബങ്ങൾ സംഘകാലത്തിനു ശേഷവും പല നൂറ്റാണ്ടുകളിൽ കവികൾ പ്രണയഗീതങ്ങളിൽ പ്രയോഗിച്ചിരുന്നതായി കാണുന്നു.
ഒരു പ്രേമരംഗം ഭാവനചെയ്തു പാടുമ്പോൾ അതിനുചിതമായ സ്ഥലം, സമയം, പക്ഷി, മൃഗം, മരം, പൂവ് മുതലായ ബിംബങ്ങളെ അതിൽ ഉൾപ്പെടുത്തി പശ്ചാത്തല വർണന നടത്തുന്ന പതിവ്, ദീർഘകാലമായി നിലനിന്നുപോന്നു. എഴുതപ്പെടാതെ വായ്മൊഴിയിലൂടെ ജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന ഈ നടോടിഗാനങ്ങളിലെ ബിംബങ്ങളെ പുതിയ കവികൾ അവരുടെ കവിതകളിലും അതേപടി ഉൾപ്പെടുത്താൻ ശ്രമിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങുന്ന സന്ദർഭത്തെ വർണിക്കുമ്പോൾ പോലും കവികൾ ഈ നയം തുടരുകയും അതിന് അനുയോജ്യമായ പാടവും പറമ്പും മരങ്ങളും മറ്റും പശ്ചാത്തലമാക്കുകയും ചെയ്തുവന്നു. ജനങ്ങളുടെ വായ്മൊഴിസാഹിത്യമായ നാടോടി ഗാനങ്ങളിൽ ഇതുപോലുള്ള പ്രതീകങ്ങൾ ശക്തമായ സ്വാധീനത ചെലുത്തിയിരുന്നു. തന്മൂലം സാഹിത്യരചനകളിലെല്ലാം സ്ഥാനം പിടിക്കുവാൻ അവയ്ക്കു സാധിച്ചു. അങ്ങനെ, അകപ്പാട്ടുകളിൽ പ്രകൃതിവർണന അവിഭാജ്യ ഘടകമായിത്തീർന്നു. ചിലത് വെറും പ്രകൃതിവർണനയാണെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ മനുഷ്യരുടെ പ്രണയമാണ് അതിൽ പ്രതീകാത്മകമായി പരാമർശിക്കപ്പെടുന്നത്. പ്രണയത്തിന്റെ പശ്ചാത്തലമാണ് പ്രകൃതിവർണന.
ധീരത, ദാനശീലം മുതലായ ഗുണങ്ങളെ സംബന്ധിക്കുന്ന പുറപ്പാട്ടുകളിൽ പൊതുവായ ബിംബങ്ങളില്ല. പേരും വംശവും സൂചിപ്പിച്ച് ഇന്ന രാജാവിന്റെ വീരകൃത്യം അല്ലെങ്കിൽ ഇന്ന പ്രഭുവിന്റെ ഔദാര്യം എന്ന മട്ടിൽ വ്യക്തമായിത്തന്നെയാണ് വർണന നടത്താറുള്ളത്. അതുകൊണ്ട് പുറപ്പാട്ടുകൾ മുൻകാല രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും മറ്റും ജീവിത കഥകളും ചരിത്രസംഭവങ്ങളും വെളിപ്പെടുത്തുവാനുപകരിക്കുന്നു. അവ രസകരമായി അവതരിപ്പിക്കുന്നതിനാവശ്യമായ വർണനകളല്ലാതെ ഭാവനാസൃഷ്ടമായ സന്ദർഭങ്ങൾ അവയിൽ വിരളമായിരുന്നു.
യുദ്ധങ്ങളെക്കുറിച്ചു വർണിക്കുന്ന പാട്ടുകളെ ഏഴ് ഇനങ്ങളായി (തിണൈ) വിഭജിച്ചിരുന്നു. ശത്രുവിന്റെ നാട്ടിൽനിന്ന് പശുക്കളെ മോഷ്ടിച്ച് യുദ്ധത്തിനു തുടക്കം കുറിക്കുന്നത് 'വെട്ചിത്തിണൈ'. ശത്രുവിന്റെ നാട്ടിലേക്കു പട നയിക്കുന്നത് 'വഞ്ചി'. ശത്രുവിന്റെ കോട്ടയെ വളയുന്നത് 'ഉഴിഞ്ഞൈ'. മുൻകൂട്ടി നിശ്ചയിച്ച ഒരു സ്ഥലത്തുവച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടുന്നത് 'തുമ്പൈ'. ജയിക്കുന്നത് 'വാകൈ'. സ്തുതിഗീതത്തിന് 'പാടാൻ' എന്നും ഇഹലോക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു പാടുന്നതിനു 'കാഞ്ചി' എന്നുമാണ് പേരുകൾ.
അകപ്പൊരുളിലും മുകളിൽ സൂചിപ്പിച്ച തീവ്രപ്രണയത്തിന്റേതായ അഞ്ച് തിണകളോടൊപ്പം കൈക്കിളൈ, പെരുന്തിണൈ എന്ന് രണ്ടെണ്ണം ഉൾപ്പെടെ ഏഴ് തിണകൾ ഉള്ളതായി പറയുന്നുണ്ട്. കൈക്കിളൈയും പെരുന്തിണൈയും വളരെ തീവ്രമല്ലാത്ത പ്രണയത്തെയാണ് വർണിക്കുന്നത്. സ്ത്രീപുരുഷന്മാരിൽ ഒരാൾക്കു മാത്രമാണ് പ്രേമമെങ്കിൽ അതിനെ കൈക്കിളൈ എന്നുപറയുന്നു. കാമുകീകാമുകന്മാർ രണ്ടാളും ഒരുപോലെ പരസ്പരം പ്രേമിക്കാത്തപക്ഷം-അവരുടെ പ്രേമത്തിന് ഏറ്റക്കുറച്ചിലുണ്ടെങ്കിൽ - അതാണ് പെരുന്തിണൈ. ഇപ്രകാരം ഏഴ് അകത്തിണയേയും ഏഴ് പുറത്തിണയേയും പറ്റിയാണ് സംഘകാല സാഹിത്യത്തിൽ വർണിച്ചിരിക്കുന്നത്.
എട്ടുത്തൊകൈയിലെ ഗ്രന്ഥങ്ങളിൽ അഞ്ചിലും അകപ്പൊരുളിനെ സംബന്ധിക്കുന്ന പാട്ടുകളാണ്. അവയിൽ 13 മുതൽ 31 വരെ ചരണങ്ങളുള്ള 400 പാട്ടുകൾ ചേർത്ത് അകനാനൂറെന്നു പേരിട്ടു. 9 മുതൽ 12 വരെ വരികളുള്ള 400 പാട്ടുകളെ നറ്റിണൈ എന്നു വിളിച്ചു. 4 മുതൽ 8 വരെ വരികളുള്ള നാനൂറെണ്ണം ചേർന്ന് കുറുന്തൊകൈ ആയി. മൂന്ന് മുതൽ അഞ്ച് വരെ വരികളുള്ള 500 പാട്ടുകളുടെ സമാഹാരം ഐങ്കുറുനൂറ് എന്നാണ് അറിയപ്പെടുന്നത്. നല്ല ഈണമുള്ള കലിപ്പാവൃത്തത്തിൽ രചിച്ച 150 പാട്ടുകൾ ചേർന്നത് കലിത്തൊകൈ എന്നപേരിൽ അറിയപ്പെട്ടു. ഈ അഞ്ച് പുരാതന കവിതാസമാഹാരങ്ങളും അകപ്പൊരുളിനെ (പ്രണയ സങ്കല്പത്തെ) സംബന്ധിക്കുന്നവയാണ്.
ഈണത്തിൽ പാടാവുന്ന വൃത്തമാണ് 'പരിപാടൽ. ' ഇത്തരത്തിലുള്ള എഴുപത് പാട്ടുകൾ ഉൾപ്പെട്ട ഗ്രന്ഥത്തിനും പരിപാടൽ എന്നാണ് പേര്. അതിൽ ഇരുപത്തിരണ്ട് പാട്ടുകൾ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അവയിൽ ചിലതിലെ പ്രതിപാദ്യം പ്രേമവും മറ്റു ചിലതിലേത് ദൈവസ്തുതിയുമാണ്.
ചേരനാട്ടു രാജാക്കൻമാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകൾ വീതമുള്ളതും ആകെ നൂറെണ്ണം ചേർന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത് എന്നു പറയുന്നത്. തമിഴ്നാട്ടിലെ രാജാക്കന്മാരുടേയും സാമന്തന്മാരുടേയും പ്രഭുക്കന്മാരുടേയും നാട്ടുപ്രമാണിമാരുടേയും മറ്റും വീരകൃത്യങ്ങളേയും സത്കർമ്മങ്ങളേയും വാഴ്ത്തുന്ന നാനൂറു പാട്ടുകൾ ഉൾക്കൊള്ളുന്നതാണ് പുറനാനൂറ്. ചില പൊതു തത്ത്വങ്ങൾക്ക് ഊന്നൽ നല്കുന്ന പാട്ടുകളും ഈ വിഭാഗത്തിലുണ്ട്.
പുറനാനൂറിലും പതിറ്റുപ്പത്തിലും ഉള്ള പാട്ടുകളിൽ ഭൂരിഭാഗവും കവികൾ നേരിട്ടു പാടുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചിലതുമാത്രം പാണനോ ദാസിയോ പാടുന്നതും സ്വഗതഭാഷണത്തിന്റെ രൂപത്തിലുള്ളതുമാണ്.
പത്തുപ്പാട്ടിലെ കവിതകളിൽ പലതും നീളം കൂടിയവയാണ്. ഏറ്റവും വലുതാണ് മധുരൈക്കാഞ്ചി. ഇതിൽ 782 വരികളുണ്ട്. പത്തുപ്പാട്ടുകളിൽ നാലെണ്ണം അകപ്പൊരുളിനേയും ആറെണ്ണം പുറപ്പൊരുളിനേയും സംബന്ധിക്കുന്നവയാണ്. സദുപദേശം എല്ലാറ്റിലുമുണ്ട്.
സംഘകാല സാഹിത്യത്തിൽ ആകെ 2381 പാട്ടുകളാണുള്ളത്. ഇവ രചിച്ച കവികളിൽ 473 പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. 108 പാട്ടുകളുടെ രചയിതാക്കൾ ആരെന്നറിവില്ല. കപിലർ എന്നു പേരുള്ള ഒരു കവി 235 പാട്ടുകളെഴുതി. മറ്റു നാല് പേർ നൂറിലധികം വീതവും. നാലഞ്ചു പാട്ടുകളും ഓരോന്നു വീതവും എഴുതിയവരുമുണ്ട്.
സംഘസാഹിത്യത്തിലെ പാട്ടുകളിൽ ഏറിയകൂറും അകവൽ എന്ന ഒരിനം ലളിതമായ വൃത്തത്തിലുള്ളവയാണ്. കലിത്തൊകൈയും പരിപാടലും കലി പരിപാട്ട് എന്ന പേരിൽ അറിയപ്പെടുന്ന, ഈണത്തിൽ പാടാവുന്ന വൃത്തത്തിലുള്ളവയാണ്.
അക്കാലത്തെ കവികളിൽ ചുരുക്കം പേർ നഗരങ്ങളിലുള്ളവരാണ് കൂടുതലും ഗ്രാമവാസികൾ തന്നെ. അദ്ധ്യാപകർ, സ്വർണക്കച്ചവടക്കാർ, വസ്ത്രവ്യാപാരികൾ, വൈദ്യന്മാർ, മരപ്പണിക്കാർ, ജോത്സ്യന്മാർ, തട്ടാന്മാർ, കൊല്ലന്മാർ, സേനാനായകർ, മന്ത്രിമാർ, പാണർ, നർത്തകർ തുടങ്ങി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണ് പാട്ടുകളെഴുതിയിരുന്നത്. മുപ്പതിൽപ്പരം കവയിത്രികളുമുണ്ടായിരുന്നു. രാജാക്കന്മാരോ രാജകുടുംബാംഗങ്ങളോ ആയ കവികൾ മുപ്പത്തൊന്നു പേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ, കോപ്പെരും ചോഴൻ, കിള്ളി വളവൻ, ചോഴൻ നല്ലങ്കിള്ളി, പാണ്ഡ്യൻ നെടുഞ്ചെഴിയൻ എന്നിവർ പേരെടുത്ത ഭരണാധികാരികൾ ആയിരുന്നു. തമിഴ്സാഹിത്യചരിത്രത്തിൽ സ്ഥാനം കരസ്ഥമാക്കത്തക്കവണ്ണം കവിതാരചനയിലും അവർ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ് കവിതാവാസനയില്ലാത്ത രാജാക്കന്മാർ പോലും കവികളുടെ പ്രശംസയ്ക്കു പാത്രമാകുന്നത് ഒരു വലിയ കാര്യമായി കരുതിയിരുന്നു. കവികളുടെ ആദരവു നേടിയവർക്കു മാത്രമേ മരണാനന്തരം സ്വർഗ്ഗപ്രാപ്തിയുണ്ടാകൂ എന്ന വിശ്വാസവും അക്കാലത്തു നിലനിന്നിരുന്നു.
ചേരൻ, ചോളൻ, പാണ്ഡ്യൻ എന്നീ രാജാക്കന്മാരുടേയും അവരുടെ സാമന്തന്മാരുടേയും ഭരണത്തിലായിരുന്നു തമിഴ്നാട്. ഈ മൂന്ന് രാജാക്കന്മാരേയും അവരുടെ നാടുകളേയും കുറിച്ചുള്ള പരാമർശങ്ങൾ സംസ്കൃതത്തിലെ മഹാഭാരതത്തിലും വാല്മീകി രാമായണത്തിലും കാണുന്നുണ്ട്. മൂന്ന് ഭരണാധികാരികളുടേയും തലസ്ഥാനങ്ങളായ വഞ്ചിയും ഉറയൂരും മധുരയും കലാക്ഷേത്രങ്ങളായി പരിലസിച്ചിരുന്നു. മൂന്ന് രാജാക്കന്മാരുടേയും ആധിപത്യത്തെ നാട്ടുകാർ അംഗീകരിച്ചിരുന്നെങ്കിലും രാജാക്കന്മാർക്കിടയിലും സാമന്തന്മാർ തമ്മിലും വഴക്കും പോരും പതിവായിരുന്നു. അപ്പോഴെല്ലാം വഴക്കു തീർക്കാനും സമാധാനം സ്ഥാപിക്കാനും കവികളാണു മുൻകൈ എടുത്തിരുന്നത്.
തൊല്കാപ്പിയം
[തിരുത്തുക]എഴുത്തിന്റേയും ചൊല്ലിന്റേയും നിയമങ്ങൾ മാത്രം ഉൾക്കൊള്ളുന്ന അക്കാലത്തെ വ്യാകരണഗ്രന്ഥമാണ് തൊല്കാപ്പിയം. മൂന്ന് ഭാഗങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്തിൽ തമിഴ് 'ഒലി'യേയും രണ്ടാം ഭാഗത്തിൽ വാക്കുകളേയും അവ തമ്മിലുള്ള ബന്ധത്തേയും പരിശോധിക്കുന്നു. മൂന്നാം ഭാഗമായ 'പൊരുളധികാരം' തമിഴ് സാഹിത്യ പഠനമാണ്. അക്കാലത്ത് രചിക്കപ്പെട്ടിരുന്ന സാഹിത്യഗ്രന്ഥങ്ങളെ പരിശോധിച്ച്, തൊല്കാപ്പിയർ അവയുടെ രചനാരീതി, ഉള്ളടക്കം മുതലായവ വ്യക്തമാക്കുന്നു. നാടകവുമായി ബന്ധപ്പെട്ട് സാഹിത്യത്തിൽ സംഭവിക്കുന്ന രൂപഭേദങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. തുടർന്ന് പാട്ടിലെ ഉപമകളേയും പ്രതീകങ്ങളേയും പരിശോധിക്കുന്നു. പിന്നീട് വൃത്ത ലക്ഷണങ്ങൾ വിശദമാക്കുന്നു. ഈ വിഭാഗത്തിൽ കേവലമായ ഭാവനയേയും വായ്മൊഴിയായി മാത്രം പ്രചരിച്ചുപോരുന്ന നാടൻ പാട്ടുകളേയും സംബന്ധിക്കുന്ന കുറിപ്പുകളുമുണ്ട്. പുതിയ രചനകൾ, തലമുറകളായി കൈമാറിപ്പോന്നിട്ടുള്ള കഥാസാഹിത്യം മുതലായവയും പരാമർശിക്കപ്പെടുന്നു. അവസാനമായി, സാഹിത്യ കൃതികൾക്കനുയോജ്യമായ പദപ്രയോഗ രീതികളും പഠനവിധേയമാക്കുന്നു. രണ്ടായിരം വർഷം മുമ്പ് തമിഴ് സാഹിത്യത്തിൽ ഗവേഷണം നടത്തി ഇത്രയും ബൃഹത്തായൊരു ഗ്രന്ഥം രചിച്ചതിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ഉദ്ദേശം 1600 സൂത്രങ്ങളുള്ള തൊല്കാപ്പിയത്തിൽ 650 സൂത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മൂന്നാം ഭാഗം. കാലക്രമത്തിൽ ഈ ഗ്രന്ഥത്തിലെ വിധികളെ ഉല്ലംഘിച്ച് തമിഴ് സാഹിത്യം പടർന്നു പന്തലിച്ചുവെങ്കിലും പഴന്തമിഴ് സാഹിത്യത്തിൽ ഗവേഷണം നടത്തുന്നവർക്ക് നല്ലൊരു വഴികാട്ടിയാണിത്. മുകളിൽ സൂചിപ്പിച്ച എട്ടുത്തൊകൈ, പത്തുപ്പാട്ട് മുതലായ സമാഹാരങ്ങളിലെ പരാമൃഷ്ട വിഷയങ്ങളിൽ പലതിനേയും സംബന്ധിച്ചുള്ള വിശദീകരണം ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലും പണ്ഡിതന്മാർ രചിച്ചിട്ടുള്ള വ്യാഖ്യാനങ്ങളിലും ലഭ്യമാകുന്നുണ്ട്.
സാരോപദേശ ഗ്രന്ഥങ്ങളും മറ്റും
[തിരുത്തുക]പ്രേമം, ധീരത, ദാനശീലം മുതലായ സത്ഗുണങ്ങളേയും പ്രകൃതി സൗന്ദര്യത്തേയും കുറിച്ചു പാടിയിരുന്ന കവികളുടെ മനസ്സ് അടുത്ത ചില തലമുറകളിൽ സാരോപദേശ സംബന്ധിയായ കവിതകളിലേക്കു തിരിഞ്ഞു. സംഘകാലത്തിനു ശേഷമുള്ള ഈ കാലഘട്ടത്തെ സാരോപദേശ കൃതികളുടെ കാലം എന്നു വിളിക്കുന്നു. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരുടെ സമാധാന പൂർണമായിരുന്ന ഭരണത്തിൽ അക്കാലത്തു കുഴപ്പങ്ങളുണ്ടായെന്നും കളപ്പിരാർ എന്നൊരു കൂട്ടർ പുറത്തുനിന്നെത്തി ജനങ്ങളുടെ സ്വൈരം കെടുത്തിയെന്നും പറയപ്പെടുന്നു. തന്മൂലം ജീവിതസുഖങ്ങളെക്കുറിച്ചു പാടാൻ നിർവ്വാഹമില്ലാതായി. ജീവിതം പ്രശ്നസങ്കീർണമായപ്പോൾ സമൂഹത്തിൽ പാലിക്കേണ്ട ധർമങ്ങളേയും മര്യാദകളേയും വിശദീകരിക്കേണ്ട കടമ കവികളുടേതായിത്തീർന്നു. ഇക്കാലത്ത് (എ. ഡി. 200 മുതൽ 600 വരെ) രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങളെ പതിനെൺ കീഴ്കണക്ക് എന്നു വിളിക്കുന്നു (വരികൾ കുറവുള്ള വൃത്തങ്ങളിൽ രചിക്കപ്പെട്ട കവിതകളെയാണു കീഴ്കണക്ക് എന്നുപറയുന്നത്). ചിലപ്പതികാരം, മണിമേഖല എന്നീ രണ്ട് കാവ്യങ്ങൾ ധർമനീതി സംവർദ്ധനത്തിനു വേണ്ടിയാണ് രചിക്കപ്പെട്ടത്.
പതിനെൺ കീഴ്കണക്കിലെ ഗ്രന്ഥങ്ങളെല്ലാം സാരോപദേശപരങ്ങളല്ല. അവയിൽ അഞ്ചെണ്ണം പ്രേമത്തെയും ഒന്ന് യുദ്ധത്തെയും ആസ്പദമാക്കിയുള്ളതാണ്. മറ്റു പന്ത്രണ്ടും സാരോപദേശകൃതികൾ തന്നെ.
സാരോപദേശകൃതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് തിരുക്കുറൾ ആണ്. ആദ്യത്തെ വരിയിൽ നാലും രണ്ടാമത്തെ വരിയിൽ മൂന്നും വീതം ഗണങ്ങളുള്ള രണ്ട് വരികളോടു കൂടിയ വൃത്തമാണ് കുറൾ വെൺപാ. കുറൾ വെൺപായിൽ രചിക്കപ്പെട്ടതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് തിരുക്കുറൾ എന്നു പേരുണ്ടായത്. 'മുപ്പാൽ, ' 'പൊയ്യാമൊഴി', 'വായുറൈവാഴ്ത്ത്' തുടങ്ങിയ പഴയ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു.
ധർമം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് ധർമങ്ങളിൽ ആദ്യത്തെ മൂന്നിനെക്കുറിച്ച് 1330 പദ്യങ്ങളിൽ വിവരിക്കുന്നു. നേർവഴിയിൽ നിന്നു വ്യതിചലിക്കാതെ ജീവിച്ചാൽ മുക്തി സിദ്ധിക്കുമെന്നും മുക്തിയെന്ന സങ്കല്പത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണെന്നും ആണ് തിരുവള്ളുവരുടെ അഭിപ്രായം. അതുകൊണ്ട് അദ്ദേഹം മോക്ഷത്തെക്കുറിച്ച് വ്യാഖ്യാനിക്കുന്നില്ല. എന്നാലും മെയ്യുണർത്തൽ എന്ന ഭാഗത്തിൽ അതിനുള്ള വഴി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരാശയത്തെ അല്ലെങ്കിൽ ഒരു ധർമത്തെ വെളിപ്പെടുത്തുന്ന പത്തുവീതമുള്ള അധികാരങ്ങളാണ് തിരുക്കുറളിലുള്ളത്. 38 അധികാരങ്ങളിൽപ്പെട്ട 380 കുറളുകളിൽ ധർമത്തെക്കുറിച്ച് പറയുന്നു. രണ്ടാം ഭാഗത്തിലെ 70 അധികാരങ്ങളിലുള്ള 700 കുറളുകളിൽ ഭരണം, മന്ത്രിമാർ, ജനങ്ങളുടെ സദാചാരം മുതലായ വിഷയങ്ങളാണ് പരാമർശിക്കപ്പെടുന്നത്. മൂന്നാം ഭാഗത്ത് 25 അധികാരങ്ങളിലെ 250 കുറളുകളിൽ കാമുകീകാമുകന്മാരുടെ വിശുദ്ധപ്രേമമാണ് പ്രതിപാദ്യവിഷയം. കുറളിന്റെ ഒന്നാം ഭാഗത്ത് ബുദ്ധന്റെ തത്ത്വജ്ഞാനവും രണ്ടാം ഭാഗത്ത് രാജ്യതന്ത്രജ്ഞന്റെ ഭരണനൈപുണിയും മൂന്നാം ഭാഗത്ത് കാമുകഹൃദയം കണ്ടറിഞ്ഞ ഒരു കലാകാരന്റെ ഭാവനയുമാണ് നമുക്കു കാണാൻ കഴിയുന്നത്.
നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ചിരുന്ന ഒരാൾ എല്ലാ മതവിശ്വാസികളുടെയും പ്രശംസ നേടിയതും ഏവർക്കും ബാധകമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം രചിച്ചുവെന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. കുറളിനെ പിന്തുടർന്നു വന്ന എല്ലാ ഗ്രന്ഥങ്ങളിലും അതിലെ ആശയങ്ങളേയും തത്ത്വങ്ങളേയും ഉയർത്തിക്കാട്ടുന്ന സ്ഥിതിയാണുള്ളത്. വ്യത്യസ്ത മതാനുയായികൾ തമ്മിൽ കലഹിച്ചുകൊണ്ടിരുന്നപ്പോഴും തിരുക്കുറളിനെ എല്ലാവരും ഒരേ മനസ്സായി പ്രശംസിച്ചു. മാത്രമല്ല തിരുവള്ളുവർ തങ്ങളുടെ മതത്തിൽപ്പെട്ട ആളാണെന്നുള്ളതിന് തെളിവുകൾ ഹാജരാക്കുകയും ചെയ്തു. യാതൊരു ഭേദചിന്തയുമില്ലാതെ മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്കു കടന്നുചെന്ന് ഉണ്മയെ വെളിപ്പെടുത്തുന്ന മഹദ്ഗ്രന്ഥമാണ് തിരുക്കുറൾ. തികച്ചും സ്വതന്ത്രമായ ഒരന്വേഷണത്തിലൂടെ അടിസ്ഥാനപരമായ സത്യം കണ്ടെത്താനും അത് നമുക്കു മനസ്സിലാക്കിത്തരാനും ഗ്രന്ഥകാരനു സാധിച്ചു. ജാതിഭേദം ശക്തമായിരുന്ന അക്കാലത്ത്, ജനിക്കുമ്പോൾ എല്ലാവരും തുല്യരാണെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ച വ്യക്തിയാണ് വള്ളുവർ. തപസ്സെന്നാലെന്ത്? അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളെ സഹിക്കുകയും സഹജീവികളെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് തപസ്സെന്ന് അദ്ദേഹം പറഞ്ഞു. മനസ്സിലുള്ള കളങ്കം മായ്ച്ചു കളഞ്ഞ് ശുദ്ധമാക്കുന്നതാണ് ധർമം. മറ്റുള്ളവ കേവലം പുറംമോടി മാത്രം എന്നും ചൂണ്ടിക്കാണിച്ചു.
മധ്യകാല സാഹിത്യം
[തിരുത്തുക]പഴയ കാവ്യങ്ങൾ
[തിരുത്തുക]സംഘകാല കവിതകളിൽ നിന്നു വ്യത്യസ്തമായി പുതിയ ശൈലിയിൽ ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം ഉള്ളടക്കത്തിലും പുതുമയുള്ളതായിരുന്നു. അകവലും വെൺപായും മാത്രമായിരുന്നു പഴയ രചനാസങ്കേതങ്ങൾ. അപൂർവ്വമായി കലിപ്പായിലും പരിപാടലിലുമുള്ള കൃതികളും പ്രത്യക്ഷപ്പെട്ടു. പില്ക്കാലത്ത് താഴിശൈ, തുറൈ, വിരുത്തം എന്നിങ്ങനെയുള്ള വൃത്തങ്ങൾക്കു പ്രചാരം സിദ്ധിച്ചു. അതിനു കാരണം ചിലപ്പതികാരമാണ്. കടൽത്തീരത്തു പാടുന്ന ഗാനങ്ങളുൾപ്പെട്ട 'കാനൽ വരിയിലും' 'ആയ്ച്ചിയർ കുരവൈ' മുതലായവയിലും അതതു പ്രദേശത്തെ നാടൻപാട്ടുകളുടെ മട്ടിലാണ് ഇളങ്കോ, കവിതകൾ രചിച്ചത്. അക്കാലത്തു പ്രചാരത്തിലിരുന്ന നാടൻപാട്ടുകളിൽ നിന്ന് പുതിയ വൃത്തങ്ങൾ അദ്ദേഹം രൂപപ്പെടുത്തി. ഈ രീതിയിൽ തമിഴ് സാഹിത്യത്തിന് ഇളങ്കോ അടികൾ നല്കിയ സംഭാവന വിലപ്പെട്ടതാണ്.
ജൈനസന്ന്യാസിമാർ പൊതുവേ ഇഹലോക ജീവിതത്തെ പുകഴ്ത്തിപ്പറയാറില്ല. സ്ത്രീകളെ പ്രശംസിക്കുന്ന പതിവും കാണുന്നില്ല. ഇക്കാര്യത്തിലും ഇളങ്കോ അടികൾ ഒരു നൂതന സരണി വെട്ടിത്തെളിച്ചു. കുടുംബ ജീവിതത്തേയും കണ്ണകിയുടെ പാതിവ്രത്യത്തേയും പ്രശംസിച്ചു. ജൈനസന്ന്യാസിനിയായ കവുന്തിയടികൾ എന്ന കഥാപാത്രത്തിലൂടെയാണ് കവി ഇതിനു തയ്യാറാകുന്നത്.
തമിഴ് സാഹിത്യത്തിലെ രണ്ടാമത്തെ മഹാകാവ്യമാണു മണിമേഖല. ചിലപ്പതികാര കഥയുടെ തുടർച്ചയാണ് മണിമേഖലയുടെ കഥ. അതുകൊണ്ട് ഇവയെ ഇരട്ടക്കാവ്യങ്ങൾ എന്നും വിളിക്കാറുണ്ട്. കോവലന്റേയും നാട്യറാണി മാധവിയുടേയും മകളായി ജനിച്ച മണിമേഖലയുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം. മണിമേഖലയ്ക്ക് യൌവനം വന്നുദിച്ചപ്പോൾ കുലാചാരമനുസരിച്ച് നൃത്തം അഭ്യസിപ്പിച്ച് അഭിസാരികയാക്കി മാറ്റണമെന്ന് അവളുടെ മുത്തശ്ശിയും മറ്റും ആഗ്രഹിച്ചു. പക്ഷേ അവളുടെ അമ്മ മാധവി, കോവലൻ പിരിഞ്ഞുപോയി മധുരയിൽവച്ചു കൊല്ലപ്പെട്ടെന്നറിഞ്ഞതു മുതൽ ദുഃഖം സഹിക്കവയ്യാതെ നർത്തകിയായുള്ള ജീവിതം മതിയാക്കുകയും ബുദ്ധമതത്തിൽ ചേർന്ന് അരവണൻ എന്ന ഭിക്ഷുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. തന്റെ മകൾ കുലത്തൊഴിലിലേർപ്പെടാൻ പാടില്ലെന്ന നിർബന്ധംമൂലം അവളുടെ ശിരസ്സ് മുണ്ഡനം ചെയ്ത് ഭിക്ഷുണിയാക്കി.
ലളിതമായി കഥ പറയുകയും ബുദ്ധമത തത്ത്വങ്ങളെ സ്പഷ്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ കാവ്യത്തിന്റെ സവിശേഷത. കഥാനായികയായ മണിമേഖല സദ്ഗുണ സമ്പന്നയായ മഹിളാരത്നമാണെന്ന കാര്യത്തിൽ തർക്കമില്ല.
മണിമേഖലയെന്ന കാവ്യത്തേക്കാൾ മണിമേഖല എന്ന ബുദ്ധഭിക്ഷുണിയാണ് വായനക്കാരുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുള്ളതെന്നു പറയാം. പലരുടേയും ദൃഷ്ടിയിൽ ഒരു സാങ്കല്പിക കഥാപാത്രമെന്നതിലുപരി, നാടിന്റെ ചരിത്രത്തിൽ സ്ഥാനമുള്ള ഒരപൂർവ വ്യക്തിയാണ് മണിമേഖല. അവളെ സംബന്ധിച്ച കാവ്യവും ഒരപൂർവ്വ രചന തന്നെയാണ്.
ഭക്തി സാഹിത്യം
[തിരുത്തുക]സംഘകാലവും സാരോപദേശ കാലഘട്ടവും കഴിയുമ്പോൾ ഭക്തിപ്രസ്ഥാനത്തിന്റെ കാലമാണ് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. എ. ഡി. 7, 8, 9 ശ.-ങ്ങളിൽ തമിഴ്നാട്ടിൽ ശൈവമതാചാര്യന്മാരായ നായനാർമാരും വൈഷ്ണവ മതാചാര്യന്മാരായ ആഴ്വാർമാരും ഭക്തിഗീതങ്ങൾ പാടി ഊരുചുറ്റി നടന്ന് തങ്ങളുടെ വിശ്വാസങ്ങൾ പ്രചരിപ്പിച്ചിരുന്നു. നാട്ടിൽ പ്രചാരമുണ്ടായിരുന്ന ബുദ്ധ-ജൈന മതങ്ങൾക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കാൻ കലയും സംഗീതവും അവർ പ്രയോജനപ്പെടുത്തി. നായനാർമാരും ആഴ്‌വാർമാരും ക്ഷേത്രങ്ങളിൽ സംഗീതത്തിന്റെ അകമ്പടിയോടെ കീർത്തനങ്ങളാലപിച്ച് ദേവപൂജ നടത്തി. ജൈനന്മാരും ബൌദ്ധന്മാരും മോഹങ്ങളെ നിയന്ത്രിക്കുന്നതിനും നിരാഹാരം, സുഖഭോഗങ്ങളെ ത്യജിക്കൽ തുടങ്ങിയ കഠിനവ്രതങ്ങൾ അനുഷ്ഠിക്കുന്നതിനും ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സന്ന്യാസ ജീവിതത്തെ അവർ മഹത്തായി കരുതി. അതേസമയം ആഴ്‌വാർമാരും നായനാർമാരും ഭക്തിയിൽ മാത്രം ഊന്നൽ നല്കുകയും അതിനു സഹായകമായ സംഗീതം, നൃത്തം മുതലായ കലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ലോകത്തിൽ എത്രമാത്രം സന്തോഷത്തോടെ ജീവിച്ചാലും ഏതു തൊഴിൽ ചെയ്താലും മനസ്സിനെ ഈശ്വരനിലർപ്പിച്ചാൽ മതി എന്നാണ് അവർ ഉപദേശിച്ചത്. അങ്ങനെ ഭക്തിപ്രസ്ഥാനം വിവിധങ്ങളായ കലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ചു. ഭക്തി പ്രചരിപ്പിക്കാൻ സംഗീതസാന്ദ്രമായ പാട്ടുകൾ ഉപകരിച്ചു.
ഭക്തിപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് 6-ാം ശ.-ത്തിൽ നായനാർമാരിലെ കാരയ്ക്കാൽ അമ്മയാരും തിരുമൂലരും രചിച്ച പാട്ടുകളും ആഴ്വാർമാരിൽപെട്ട പേരാഴ്‌വാർ, പൂതത്താഴ്‌വാർ, പൊയ്കൈ ആഴ്‌വാർ എന്നീ ആദ്യ ആഴ്‌വാർമാർ മൂവരും പാടിയ പാട്ടുകളും നാടൊട്ടുക്കു പ്രചരിച്ചു.
6-ാം ശ.-ത്തിൽ ചില പുണ്യാത്മാക്കൾ രൂപംകൊടുത്ത ഭക്തിപ്രസ്ഥാനം പടർന്നു പന്തലിച്ച് എട്ടും ഒൻപതും നൂറ്റാണ്ടുകളായപ്പോഴേക്കും തമിഴ്നാടെങ്ങും വ്യാപിച്ചു. ജനങ്ങൾക്കിടയിലും നാടുവാഴികൾക്കിടയിലും ഒരുപോലെ സ്വാധീനത നേടി. ഭക്തിഗാനങ്ങൾ മുഖേന ഓരോ പ്രദേശത്തേയും ക്ഷേത്രങ്ങളുടെ കീർത്തി പരന്നു. ക്ഷേത്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. തമിഴ്നാടിനോടു ചേർന്ന പ്രദേശങ്ങളിലും ഭക്തിപ്രസ്ഥാനത്തിനു വേരോട്ടമുണ്ടായി. വടക്കൻ നാടുകളിലെ ഭാഷകളിലും ഭക്തിഗാനങ്ങൾ രചിക്കപ്പെട്ടു. ഇങ്ങനെ തമിഴ്നാട്ടിലെ ആഴ്‌വാർമാരും നായനാർമാരും പാടിയ പാട്ടുകൾ ഇന്ത്യയൊട്ടാകെ ഭക്തിപ്രസ്ഥാനം വ്യാപിക്കാൻ കാരണമായി.
7-ാം ശതകത്തിൽ ജീവിച്ചിരുന്ന നായനാർമാരിൽ തിരുനാവുക്കരശും തിരുജ്ഞാന സംബന്ധരും ആയിരക്കണക്കിനു പാട്ടുകൾ രചിച്ചു പാടി. തമിഴ്നാട്ടിലെ അനേകം ശിവക്ഷേത്രങ്ങളെക്കുറിച്ച് ഇവർ പാടിയ പാട്ടുകളുണ്ട്. കുറേ പാട്ടുകൾ നഷ്ടപ്പെട്ടുപോയെങ്കിലും ഇപ്പോൾ ലഭ്യമായവ ആറായിരത്തോളം വരും. അടുത്ത നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശങ്കരമൂർത്തി നായനാരുടെ പാട്ടുകളും ആയിരത്തോളം വരും. അങ്ങനെ മൂന്നു നായനാർമാരുടേതുമായി ഏഴായിരം പാട്ടുകളാണ് 'തേവാരം' എന്ന പേരിൽ ഭക്തിസാഹിത്യത്തിലെ ഒരു പ്രമുഖ വിഭാഗമായി അറിയപ്പെടുന്നത്.
8-ാം ശ.-ത്തിൽ മാണിക്കവാചകർ ശിവപെരുമാനെ സ്തുതിച്ചു പാടിയ പാട്ടുകളാണ് തിരുവാസകം.തിരുക്കോവയാർ എന്ന മറ്റൊരു ഗാനസമാഹാരവും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലെ നാനൂറു പാട്ടുകളും നാനൂറു പ്രണയഗാനങ്ങളാണ്. ശിവഭഗവാനെ നായകനായും തന്നെ പ്രണയിനിയായും സങ്കല്പിച്ചാണ് ഇത് പാടിയിരിക്കുന്നത്. പേർഷ്യൻ സൂഫികളുടെ രഹസ്യവാദപരമായ കവിതകൾക്കു സമാനമാണിവ. തിരുവാചകത്തിലെ അറുനൂറ്റൻപത് പാട്ടുകളാണ് ഭക്തിഗാനങ്ങളിൽ ഏറെ പ്രശസ്തം. തിരുവാചകത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല എന്നാണ് പഴഞ്ചൊല്ല്.
ആഴ്‌വാർമാരിൽ ആദ്യത്തെ മൂന്നുപേരൊഴികെ മറ്റുള്ളവർ ഏഴും എട്ടും ഒൻപതും നൂറ്റാണ്ടുകളിലാണു ജീവിച്ചിരുന്നത്. ഈ പന്ത്രണ്ട് ആഴ്‌വാർമാർ രചിച്ച വിഷ്ണു സ്തുതികൾ നാലായിരമുണ്ട്. നാലായിരം ദിവ്യപ്രബന്ധം എന്ന പേരിൽ അവ അറിയപ്പെടുന്നു. അവരിൽ പെരിയാഴ്‌വാർ എന്ന കവി കണ്ണനെ ശിശുവായി സങ്കല്പിച്ച് അനേകം പാട്ടുകൾ പാടി. ഇവയ്ക്ക് ഹിന്ദിയിലെ സൂർദാസിന്റെ കൃഷ്ണഭക്തിഗീതങ്ങളുമായി സാദൃശ്യം കാണുന്നു.
പെരിയാഴ്‌വാരുടെ വളർത്തുപുത്രിയാണ് ആണ്ടാൾ. ആണ്ടാൾ എഴുതിയ തിരുപ്പാവൈ വളരെ പ്രശസ്തമാണ്. സ്വയം ഒരു ഗോപികയായി സങ്കല്പിച്ച ആണ്ടാൾ, കണ്ണനും ഗോപികമാരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ഭക്തിപൂർവം പാടിയ പാട്ടുകളാണ് തിരുപ്പാവൈയിലുള്ളത്. ഇക്കാലത്തും ധനുമാസം തോറും വിഷ്ണു ക്ഷേത്രങ്ങളിലും വീടുകളിലും തിരുപ്പാവൈ ഭക്തിപുരസ്സരം പാരായണം ചെയ്യുന്ന പതിവ് നിലവിലുണ്ട്.
വിഷ്ണുഭഗവാനിൽ സ്വയം സമർപ്പിച്ച് ഭക്തിഗാനങ്ങൾ കൊണ്ട് അർച്ചന നടത്തിയ മറ്റു പ്രമുഖ കവികളാണ് തിരുപ്പാണാഴ്‌വാർ, തിരുമഴിശൈയാഴ്‌വാർ, തൊണ്ടരടിപ്പൊടിയാഴ്‌വാർ എന്നിവർ.
ആഴ്‌വാർമാരിൽ വളരെ പ്രശസ്തൻ നമ്മാഴ്വാരാണ്. അദ്ദേഹത്തെ പുകഴ്ത്തിപ്പാടുന്നത് ജീവിതവ്രതമായി കരുതിയ കവിയത്രേ മധുര കവിയാഴ്‌വാർ. നമ്മാഴ്‌വാരുടെ നാല് ഗ്രന്ഥങ്ങളാണ് തിരുവിരുത്തം, തിരുവാശിരിയം, പെരിയ തിരുവന്താദി, തിരുവായ്മൊഴി എന്നിവ. ഇവ നാലും നാല് വേദങ്ങളുടെ സാരമാണെന്നാണു പറയപ്പെടുന്നത്. ഇവയിൽ ഏറ്റവും മികച്ചത് തിരുവായ് മൊഴിയാണ്. ഭക്തിസംവർദ്ധകം മാത്രമല്ല സത്യദർശനസഹായി കൂടിയാണ് തിരുവായ്മൊഴി. വൈഷ്ണവ മതപണ്ഡിതന്മാർ പലരും ഇതിനു വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളും വിജ്ഞാനപ്രദങ്ങളായ മഹദ്ഗ്രന്ഥങ്ങൾ തന്നെയാണ്. ഇവയിലെ അക്ഷരങ്ങളുടെ അടിസ്ഥാനത്തിൽ മൂവായിരപ്പടി, ഒമ്പതിനായിരപ്പടി, പന്തീരായിരപ്പടി, ഇരുപത്തിനാലായിരപ്പടി, മുപ്പത്താറായിരപ്പടി എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നതിൽ നിന്നും ഇവയുടെ മഹത്ത്വം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വൈഷ്ണവ മതവിശ്വാസികൾ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പാടിപ്പോരുന്നവയാണ് തിരുവായ്മൊഴിപ്പാട്ടുകൾ. തെൻകലൈ വിഭാഗത്തിൽപ്പെട്ട വൈഷ്ണവർ ഇതിനെ മന്ത്രങ്ങളേക്കാൾ മഹത്തരമായി കണക്കാക്കുന്നു. മുകുന്ദമാലയുടെ രചയിതാവായ കുലശേഖര ആഴ്വാരെ പന്ത്രണ്ട് ആഴ്‌വാർമാരിൽ ഒരാളായി കണക്കാക്കുന്നു
പുതിയ സാഹിത്യശാഖകൾ
[തിരുത്തുക]ഇക്കാലത്ത് ചില പുതിയ സാഹിത്യശാഖകളുണ്ടായി. അവയിലൊന്നാണ് കലമ്പകം. ഒരേ ഗ്രന്ഥത്തിൽ പല വിഷയങ്ങളെക്കുറിച്ചുള്ള പാട്ടുകൾ ഉൾപ്പെടുത്തുന്നത് അക്കാലത്തുള്ളവർക്ക് പുതുമയായിരുന്നു. അനേകം വിഷയങ്ങളെക്കുറിച്ച് വെവ്വേറെ വൃത്തങ്ങളിലുള്ള നൂറ് പാട്ടുകൾ ചേർന്ന സമാഹാരത്തെ കലമ്പകം എന്നുവിളിക്കുന്നു. നന്തിവർമൻ എന്ന പല്ലവരാജാവിനെ സ്തുതിച്ചുകൊണ്ടുള്ള കലമ്പകത്തിന് നന്തികലമ്പകം എന്നു പേരുണ്ടായി.
ഒരു രാജാവിനെ സ്തുതിക്കുന്ന കവിതകളെല്ലാം ഒരേ വൃത്തത്തിലും ശൈലിയിലും എഴുതുന്നതിനേക്കാൾ പല മട്ടിലും പല വൃത്തങ്ങളിലുമായാൽ കൂടുതൽ ആകർഷകമായിത്തോന്നും. അതുപോലെ കവി തന്നെ, നേരിട്ടു പ്രശംസിക്കുന്നതിനേക്കാൾ നാട്ടുകാർ പുകഴ്ത്തുന്നതായും പ്രണയാർദ്രയായ കാമുകി രാജാവിനോടു പ്രേമാഭ്യർഥന നടത്തുന്നതായും യാചകർപോലും രാജാവിന്റെ അപദാനങ്ങൾ വർണ്ണിക്കുന്നതായും യുദ്ധവീരൻ രാജാവിന്റെ ധീരകൃത്യങ്ങളെ പ്രകീർത്തിക്കുന്നതായും മറ്റും പല രീതിയിലെഴുതുന്നത് രസകരമായിരിക്കും. ഇങ്ങനെയുള്ള രചനകളുടെ സമാഹാരമാണ് കലമ്പകം. കലമ്പകം ഒരു പ്രത്യേക കാവ്യശാഖയായി വികസിച്ചു. ഇന്നയിന്ന വിഷയങ്ങളെക്കുറിച്ച് ഇന്നയിന്ന വൃത്തങ്ങളിലാണെഴുതേണ്ടത് എന്ന നിബന്ധനയുണ്ടായി. ദൈവങ്ങളെപ്പറ്റി എഴുതുമ്പോൾ നൂറും മുനിമാരെപ്പറ്റിയാണ് എഴുതുന്നതെങ്കിൽ തൊണ്ണൂറ്റഞ്ചും രാജാക്കന്മാരെപ്പറ്റിയാണെങ്കിൽ തൊണ്ണൂറും മന്ത്രിമാരെക്കുറിച്ചാണെങ്കിൽ എഴുപതും വ്യാപാരികളെപ്പറ്റിയാണെങ്കിൽ അൻപതും കർഷകനെ നായകനായി സങ്കല്പിക്കുകയാണെങ്കിൽ മുപ്പതും പദ്യങ്ങളാണു വേണ്ടതെന്ന് പണ്ഡിതന്മാർ കല്പിച്ചു. പക്ഷേ സാഹിത്യസൃഷ്ടികളിന്മേൽ ഇപ്രകാരമുള്ള നിയന്ത്രണങ്ങൾ സാധ്യമായില്ല. പദ്യങ്ങളേയും വൃത്തങ്ങളേയും സംബന്ധിച്ച നിയമങ്ങളൊന്നും പില്ക്കാലത്ത് കലമ്പകം എഴുതിയവർ അംഗീകരിച്ചില്ല. ഓരോരുത്തരുടേയും ഭാവനയ്ക്കും സൗകര്യത്തിനുമനുസരിച്ച് വൃത്തത്തിന്റേയും പദ്യത്തിന്റേയും എണ്ണത്തിൽ മാറ്റം വരുത്തി. വ്യാകരണ ഗ്രന്ഥങ്ങളിലില്ലാത്തതും പിച്ചിയാർ, കൊറ്റിയാർ, ഇടൈച്ചിയാർ, വലൈച്ചിയാർ, കീരയാർ, മോഹിനിയാർ മുതലായ സ്ത്രീകളുടെ മൊഴികളുടെ മട്ടിലുള്ളതുമായ കലമ്പകങ്ങളും രചിക്കപ്പെട്ടു. തിരുക്കലമ്പകം എന്ന പഴയ ഗ്രന്ഥത്തിൽ 110 പദ്യങ്ങളുണ്ട്. ആളുടയ പിള്ളയാർ 49 പദ്യങ്ങളുള്ള ഗ്രന്ഥമാണ്. ഇരട്ടൈപ്പുലവർ, കുമരഗുരുപരർ, ശിവപ്രകാശർ തുടങ്ങിയ മഹാകവികളും കലമ്പകങ്ങൾ എഴുതിയിട്ടുണ്ട്. ചിലത് ഏതെങ്കിലും ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ സ്തുതിക്കുന്നവയാണ്. ഓരോ പദ്യവും ഓരോ വൃത്തത്തിലുള്ളതാണെങ്കിലും ദൈവസ്തുതിപരമോ നാടിനെ പുകഴ്ത്തുന്നതോ ആയ പദങ്ങൾ കൊണ്ട് അവയെ പരസ്പരം ബന്ധിപ്പിച്ചിരിക്കും. ഒരു പദ്യത്തിന്റെ അവസാനത്തെ വാക്കിന് അടുത്ത പദ്യത്തിലെ ആദ്യത്തെ വാക്കുമായി പൊരുത്തമുണ്ടായിരിക്കും. ഇങ്ങനെ പല വർണ്ണത്തിലുള്ള മുത്തുകളെ ഒറ്റ നൂലിൽ കോർത്തതുപോലെ മനോഹരമാണ് കലമ്പകം. കഥാനായകനെ പുകഴ്ത്തിപ്പാടുന്ന കൃതിയാണു കലമ്പകം എന്നു പറയാം.
പാണ്ഡ്യരാജാവ് നെടുമാരനെ സ്തുതിച്ചുകൊണ്ടു പാണ്ടിക്കോവൈ എന്ന കൃതി 6-ാം ശ.-ത്തിലോ 7-ാം ശ.-ത്തിലോ ആണ് രചിച്ചതെന്നു കരുതുന്നു. അത് ഇന്ന് പൂർണ്ണരൂപത്തിൽ ലഭ്യമല്ല. അതിന്റെ ഭാഗമെന്നു കരുതപ്പെടുന്ന മുന്നൂറോളം പാട്ടുകൾ കണ്ടുകിട്ടിയിട്ടുണ്ട്. ഗ്രന്ഥകാരൻ ആരാണെന്നും വ്യക്തമല്ല.
ഒരു പ്രത്യേക സാഹിത്യരൂപമാണ് കൊവൈ. അതിൽ ഏറ്റവും പഴക്കം ചെന്നത് പാണ്ടിക്കോവൈയാണ്. പല വൃത്തങ്ങളിൽ രചിക്കപ്പെട്ട പദ്യങ്ങളുടെ സമാഹാരമാണിത്. സംഘകാലത്തിൽ പ്രണയഗാനങ്ങൾ പല കവികൾ പല മട്ടിൽ രചിച്ചിട്ടുണ്ട്. കാമുകീ കാമുകന്മാരിൽ ഒരാളുടെ പ്രണയവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഒരു കഥയുടെ മട്ടിൽ ആവിഷ്കരിക്കപ്പെടുന്നു. പ്രേമത്തിന്റെ നാനൂറ് ഘട്ടങ്ങളെക്കുറിച്ച് നാനൂറ് പദ്യങ്ങളിൽ വിവരിക്കുന്നു. കാമുകീകാമുകന്മാർ ആദ്യമായി കണ്ടുമുട്ടുന്നതും അവരുടെ വിവാഹശേഷമുള്ള ജീവിതവും കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുന്നതും വരെയുള്ള സംഭവങ്ങളുമാണ് നാനൂറ് പദ്യങ്ങളിലായി വർണ്ണിച്ചിരിക്കുന്നത്. സംഘകാല കൃതികളിലെന്നതുപോലെ ഇവിടെയും കഥാപാത്രങ്ങൾ സങ്കല്പ സൃഷ്ടികളാണ്. കാമുക സമാഗമം നടന്ന സ്ഥലത്തെ വർണ്ണിക്കുമ്പോഴും ഒരു രാജാവിന്റെയോ കുബേരന്റെയോ ദൈവത്തിന്റേയോ സ്തുതിയും അതിൽ ഉൾപ്പെടുത്തിയിരിക്കും. നാനൂറ് പാട്ടുകളിൽ ഓരോന്നിലും പ്രസ്തുത രാജാവിന്റേയോ പ്രഭുവിന്റേയോ ദൈവത്തിന്റേയോ നാട്, മല, നദി, യശസ്സ്, സത്കർമ്മം തുടങ്ങിയവയിൽ ഏതെങ്കിലുമൊന്നിന്റെ സ്തുതി ഉണ്ടായിരിക്കും. ഇതാണ് 'കോവൈ'യുടെ ലക്ഷണം.
ചോളരാജാവായ കുലോത്തുംഗൻ 11-ാം ശ.-ത്തിൽ അനന്തവർമ്മ ഷോഡ ഗംഗൻ എന്ന രാജാവിന്റെ ഭരണത്തിലായിരുന്ന കലിംഗനാടിനെ ആക്രമിച്ചു കീഴടക്കി. കരുണാകര തൊണ്ടൈമാൻ ആയിരുന്നു ചോള സൈന്യത്തിന്റെ തലവൻ. ചോളരാജാവിനേയും അദ്ദേഹത്തിന്റെ പടത്തലവനേയും സ്തുതിച്ചുകൊണ്ടെഴുതപ്പെട്ടതാണ് കലിംഗത്തു പരണി എന്ന ഗ്രന്ഥം. ഒരു യുദ്ധത്തെക്കുറിച്ചു മാത്രം രചിക്കപ്പെട്ട മഹദ് ഗ്രന്ഥമാണിത്. ചരിത്രസംഭവത്തെ ആധാരമാക്കിയുള്ളതാണെങ്കിലും ഭാവനാസൃഷ്ടമായ നിരവധി സംഭവങ്ങൾ ഇതിൽ അണിനിരന്നിട്ടുണ്ട്. ഒരു സാഹിത്യശാഖയുടെ പേരാണ് ഭ(പ)രണി. പോർക്കളത്തിൽ ആയിരം ആനകളെ കൊന്ന് വിജയം വരിക്കുന്ന വീരനെക്കുറിച്ചു പാടുന്നതിനെ 'ഭരണി' എന്നു പറയുന്നു.
ദൈവത്തേയൊ രാജാവിനേയൊ കുട്ടിയായി സങ്കല്പിച്ച് ബാലലീലകളെ വർണ്ണിക്കുന്ന കൃതിക്ക് പിള്ളൈത്തമിഴ് എന്നു പ്രത്യേകം പേരുണ്ട്. ഇതും ഒരു സവിശേഷ സാഹിത്യരൂപമായി കരുതപ്പെടുന്നു.
ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ അലങ്കരിച്ച് പരിവാരസമേതം തെരുവുകളിൽ എഴുന്നള്ളിക്കുന്ന പതിവും നിലവിലിരുന്നു. വിഗ്രഹം പുറത്തേക്കെഴുന്നള്ളിക്കുന്നതു മുതൽ ഊരുചുറ്റി തിരിച്ചെത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തേയും വർണ്ണിക്കുന്ന കവിതകളും പഴയകാലത്ത് എഴുതപ്പെട്ടിരുന്നു. ആരംഭത്തിൽ ആ ദൈവത്തിന്റെ മഹത്ത്വത്തേയും അത്ഭുതസിദ്ധികളേയും വർണ്ണിക്കുന്നു. തുടർന്ന് ഘോഷയാത്രയിൽ പങ്കുകൊള്ളുന്നവരേയും പിന്നീട് ദൈവത്തെ കണ്ടു പ്രണയത്തിലാകുന്ന ദേവദാസികളേയും വർണ്ണിക്കുകയാണ് പതിവ്. ഓരോ നാട്ടിലും ഇത്തരത്തിലുള്ള നാടൻപാട്ടുകൾ അല്പം ചില വ്യത്യാസങ്ങളോടെ പ്രചരിച്ചിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഒരു ക്ഷേത്രത്തിലെ ഉത്സവത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥം രചിക്കണമെന്ന് ഒരു കവിക്കു തോന്നുകയും രചന നിർവ്വഹിക്കുകയും ചെയ്യുമ്പോൾ അത്തരം കവിത 'ഉലാ' എന്ന പേരിലറിയപ്പെട്ടു. 9-ാം ശ.-ത്തിൽ ചേരമാൻ പെരുമാൾ നായനാർ പാടിയ തിരുക്കൈലാസജ്ഞാന ഉലാ ആണ് ഇന്നേവരെ ലഭ്യമായതിൽ വെച്ച് ഏറ്റവും പഴക്കമുള്ളതായി തെളിഞ്ഞിട്ടുള്ളത്. ഈ കൃതി ആദിയുലാ എന്ന പേരിലാണറിയപ്പെടുന്നത്.
ഒരു രാജാവ് ദൂതൻ മുഖേന മറ്റൊരു രാജാവിനു സന്ദേശമയക്കുന്ന പതിവ് പണ്ടുകാലം മുതലേ ഉണ്ടായിരുന്നു. അതിയമാൻ എന്ന രാജാവ് തൊണ്ടൈമാന്റെ സമീപത്തേക്ക് ഔവ്വയ്യാരെന്ന കവയിത്രിയെ ഒരു സന്ദേശവുമായി അയച്ചതിനെക്കുറിച്ച് പുറനാനൂറിലെ കവിതയിൽ പരാമർശിച്ചുകാണുന്നു. യുദ്ധകാലത്തും മറ്റും രാജാക്കന്മാർക്കിടയിലുണ്ടായിരുന്ന ഈ പതിവ് ഒരു പ്രത്യേക സാഹിത്യരൂപത്തിന്റെ ആവിർഭാവത്തിനു ഹേതുവായി. പാണ്ഡ്യനാട്ടിലെ കവിയായിരുന്ന പിശിരാന്തയർ, തന്റെ പ്രിയ സ്നേഹിതനും ചോഴനാട്ടു രാജാവുമായ കോപ്പെരും ചോഴനെ പ്രശംസിച്ച് ഒരു പാട്ടെഴുതണമെന്നാഗ്രഹിച്ചപ്പോൾ, വടക്കേ ചോഴനാട്ടിനു നേർക്കു പറന്നുകൊണ്ടിരുന്ന ഒരു അരയന്നത്തോടു പറഞ്ഞു: "അരയന്നമേ നീ ചോഴനാടു ലക്ഷ്യമാക്കിയാണല്ലോ പറക്കുന്നത്. അവിടെ ചോഴന്റെ കൊട്ടാരം കാണുമ്പോൾ താഴെയിറങ്ങി അകത്തുചെന്ന് എന്റെ പേരുപറഞ്ഞ് പരിചയപ്പെടണം. നിനക്കു വേണ്ടതെല്ലാം - നിന്റെ ഇണപ്പക്ഷിക്ക് ആവശ്യമുള്ള അലങ്കാര വസ്തുക്കളുൾപ്പെടെ-രാജാവ് സമ്മാനിക്കും".
ഇങ്ങനെ, സംസാരശേഷിയില്ലാത്ത പക്ഷികളേയും മൃഗങ്ങളേയും മാത്രമല്ല ജീവനില്ലാത്ത മേഘം, കാറ്റ് മുതലായവയേയും സന്ദേശവാഹകരായി സങ്കല്പിക്കുന്ന പതിവ്, പ്രണയകവിതകളിൽ ധാരാളമായി കണ്ടുവരുന്നു. പഴന്തമിഴ് സാഹിത്യമായ സംഘം കൃതികളിലും ഇത്തരത്തിലുള്ള ചില പാട്ടുകളുണ്ട്. കടൽത്തീരത്ത് കാമുകനെ കാണാതെ വിഷമിച്ചു നിന്ന ഒരു കാമുകി അവിടെ ഓടി നടന്ന ഒരു ഞണ്ടിനോട് "ഞണ്ടേ, എന്റെ കാമുകൻ അതാ, ആ ഊരിൽ ഉണ്ട്. നീ അവിടെ ചെന്ന് എന്റെ ദുഃഖം അവനെ അറിയിക്കണം. ഈ കടൽക്കാറ്റും ഈ തിരമാലയും അതിലേ പോകുമെങ്കിലും അവനെ കാണുകയില്ല, നീ തന്നെ എന്നെക്കുറിച്ച് അവനോടു പറയണം"എന്ന് അപേക്ഷിക്കുന്നതായി അകനാനൂറിലെ ഒരു പാട്ടിൽ വർണ്ണിച്ചിരിക്കുന്നു. ഈ പ്രണയഗീതങ്ങളുടെ ചുവടുപിടിച്ച് പില്ക്കാലത്ത് ഭക്തിസാഹിത്യത്തിലും ദൈവങ്ങളുടെ അടുത്തേക്കു ദൂതന്മാരെ അയക്കുന്ന മട്ടിലുള്ള കവിതകൾ നായനാർമാർ രചിച്ചിട്ടുണ്ട്. തേവാരത്തിലും തിരുവാചകത്തിലും നാലായിരപ്രബന്ധത്തിലുമുള്ള ഈ സന്ദേശഗാനങ്ങളുടെ ഉള്ളടക്കം ഭക്തിയാണ്. കുയിൽ, പ്രാവ്, വണ്ട്, കിളി, കൊക്ക് മുതലായവ ഭക്തരുടെ സന്ദേശവാഹകരായി പ്രത്യക്ഷപ്പെടുന്നു. പ്രണയത്തെക്കുറിച്ച് ഭക്തിഗാനങ്ങളുടെ മട്ടിൽ പാടിയ ആഴ്‌വാർമാരും നായനാർമാരും ഹൃദയാവർജ്ജകമായ സന്ദേശഗാനങ്ങൾ രചിച്ചിട്ടുണ്ട്.
മഹാകാവ്യങ്ങളിലും കാമുകീകാമുകന്മാർ സന്ദേശവാഹകരുടെ സഹായം തേടുന്ന സന്ദർഭങ്ങളുണ്ട്. ശൈവമതാചാര്യനായ ഉമാപതി ശിവാചാരിയാർ സ്വന്തം മനസ്സിനെ ദൂതനായി സങ്കല്പിച്ചു പാടിയ ഒരു കൃതിയുണ്ട്. പില്ക്കാലത്ത് 'ദൂത്' എന്ന പേരോടുകൂടിയ പല കൃതികളും രചിക്കപ്പെട്ടു. ക്രമേണ അതൊരു സാഹിത്യരൂപമായി വികാസം പ്രാപിച്ചു. സന്ദേശവാഹകരായി അയയ്ക്കുന്ന വസ്തുക്കൾക്കും വൈവിധ്യമേറി. പണം, നെല്ല്, വസ്ത്രം, പുകയില, മാൻ, കാക്ക, തമിഴ് എന്നിവയെയെല്ലാം ദൂതന്മാരായി സങ്കല്പിക്കുന്ന അനേകം കവിതകളുണ്ടായി. പണത്തെ സന്ദേശവാഹകനായി അയയ്ക്കുന്ന കൃതിയിൽ, ദൂതുപോകാനുള്ള യോഗ്യത പണത്തെപ്പോലെ മറ്റൊന്നിനുമില്ലെന്നു പറയുന്നു. അതുപോലെ, ഓരോ വസ്തുവിനുമുള്ള ഗുണങ്ങളും മറ്റുള്ളവയെ അപേക്ഷിച്ച് അതിനുള്ള സവിശേഷതയും എടുത്തു പറയുന്നത് ആകർഷകമായി തോന്നും. നാട്ടിൽ പുതുതായി വന്നുചേർന്ന പുകയിലയെ ദൂതനായി സങ്കല്പിച്ചു ഒരു കവി. മറ്റൊരു കവി മധുരയിൽ വസിക്കുന്ന ശിവപെരുമാനുള്ള സന്ദേശവുമായി തമിഴ് മൊഴിയെ അയയ്ക്കുന്നു. തമിഴ് വിടുദൂത് എന്നാണ് പ്രസ്തുത കൃതിയുടെ പേര്.
ഇതിഹാസങ്ങളും പുരാണങ്ങളും
[തിരുത്തുക]ഭക്തിസാഹിത്യത്തിന്റെ ആവിർഭാവത്തോടെ മഹാവിഷ്ണുവിന്റെ അവതാര കഥകളായ രാമായണം, ഭാരതം എന്നീ ഇതിഹാസങ്ങൾ തമിഴ്നാട്ടിൽ പ്രചരിച്ചു. ഇതിഹാസങ്ങളിലെ രാമന്റേയും കൃഷ്ണന്റേയും ജീവിതവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ സംഘസാഹിത്യത്തിലെ ചില പാട്ടുകളിൽ നമുക്കു കാണാം. ചിലപ്പതികാരത്തിൽ സാധാരണ ജനങ്ങൾ പാടുന്ന പാട്ടുകളിലും ഇതിഹാസകഥകളുടെ ചില പരാമർശങ്ങളുണ്ട്. എങ്കിലും രാമായണവും ഭാരതവും തമിഴിൽ രചിക്കപ്പെട്ടത് പില്ക്കാലത്താണ്.
ഭാരതം രചിച്ച പെരുന്തേവനാർ എന്ന കവി, ഓരോ ദേവനേയും സ്തുതിക്കുന്ന പാട്ടുകളെഴുതി ചില സംഘകാല കൃതികളിൽ ഉൾപ്പെടുത്തി. അതതു ഗ്രന്ഥങ്ങളിലെ പാട്ടുകളുടെ ശൈലിയിൽ തന്നെയാണ് ഈ പാട്ടുകളും രചിക്കപ്പെട്ടത്. അകനാനൂറ്, നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പുറനാനൂറ് എന്നീ അഞ്ച് ഗ്രന്ഥങ്ങളിലും ഈ കവിയുടെ ഈശ്വര സ്തുതിപരമായ പാട്ടുകൾ ചേർത്തിട്ടുണ്ട്. അദ്ദേഹം എഴുതിയ ഭാരതം ഇപ്പോൾ ലഭ്യമല്ല. തൊല്കാപ്പിയം, യാപ്പെരുങ്കലം എന്നീ കൃതികളുടെ വ്യാഖ്യാനങ്ങളിൽ, വ്യാഖ്യാതാക്കൾ ഭാരതത്തിലെ ചില പാട്ടുകൾ ഉദാഹരണമായി ഉദ്ധരിച്ചിട്ടുണ്ട്. അകവൽ എന്ന വൃത്തത്തിൽ രചിച്ച പ്രസ്തുത പാട്ടുകൾ സംഘകാല രചനാശൈലിയിലുള്ളവയാണ്. പാട്ടിനോടൊപ്പം ഇടയ്ക്കു ഗദ്യം കൂടി ചേർന്നതാണു ഭാരതം.
പെരുന്തേവനാരുടെ ഭാരതത്തിനു പുറമേ ഭാരതവെൺപാ എന്ന പേരിൽ മറ്റൊരു 'ഭാരത'വും ഉണ്ടായിരുന്നു. അതും ഗദ്യപദ്യ സമ്മിശ്രമായിരുന്നത്രേ. 9-ാം ശ.-ത്തിൽ നന്തിവർമൻ എന്ന പല്ലവരാജാവിന്റെ കാലത്താണ് ഇത് രചിക്കപ്പെട്ടത്. അതിന്റെ ചെറിയ ഒരംശം മാത്രമേ ഇപ്പോൾ കിട്ടാനുള്ളൂ. അതിലെ പദ്യം ചെന്തമിഴിലും ഗദ്യം മണിപ്രവാളത്തിലുമാണ്. 13-ാം ശ.-ത്തിൽ അരുണിലൈ വിശാഖൻ അഥവാ വത്സരാജൻ എന്നയാൾ ഭാരതം തമിഴിലാക്കി. അദ്ദേഹത്തിന്റെ കൃതി പൂർണ്ണമായും നഷ്ടപ്പെട്ടു. 17-ാം ശ.-ത്തിൽ വില്ലി പുത്തൂരാർ ഹൃദ്യമായ ശൈലിയിൽ ഭാരതം എഴുതിയതിനു ശേഷം പഴയ ഭാരതകഥകളെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല.
പെരുന്തേവരുടെ പഴയ ഭാരതത്തെപ്പോലെ അകവൽ വൃത്തത്തിൽ രചിച്ച ഒരു പഴയ തമിഴ് രാമായണവും ലഭ്യമായിട്ടുണ്ട്. അതിലെ അഞ്ച് പദ്യങ്ങൾ മാത്രമേ ഇപ്പോൾ കിട്ടാനുള്ളൂ. ജൈനരുടെ പ്രശംസയ്ക്കു പാത്രമായ ഒരു ജൈന രാമായണവും പ്രചാരത്തിലിരുന്നു. അതിലെ അല്പഭാഗം മാത്രം ഇപ്പോൾ ലഭ്യമാണ്. പില്ക്കാലത്തെ കവികൾ തങ്ങളുടെ രചനകളിൽ അവ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പരാമായണം എഴുതപ്പെട്ടതിനു ശേഷം അതിന്റെ അസാധാരണമായ സാഹിത്യ ഭംഗിയുമായി കിടപിടിക്കാനാവാതെ പഴയ രാമായണങ്ങൾ അസ്തപ്രഭങ്ങളായി. ഒരു വിഷയത്തിൽ ഒരു വിശിഷ്ടഗ്രന്ഥം രചിക്കപ്പെട്ടുകഴിഞ്ഞാൽ അതേ വിഷയത്തിൽ അതിനു മുമ്പു രചിച്ച കൃതികളെ ജനങ്ങൾ വിസ്മരിക്കുമെന്നതിന് തമിഴ് സാഹിത്യചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്.
ജൈനരും ബൌദ്ധരും ശൈവ-വൈഷ്ണവ വിശ്വാസികളുമായി മത്സരിക്കുകയും ഓരോ വിഭാഗത്തിൽപ്പെട്ടവരും അവരവരുടെ മതവിശ്വാസം പ്രചരിപ്പിക്കാനുതകുന്ന കാവ്യങ്ങളും പുരാണങ്ങളും രചിക്കുകയും ചെയ്തു. പെരുംകതൈ, മേരുമന്ത്രപുരാണം, ജീവകചിന്താമണി മുതലായവ അവയിൽ ചിലതാണ്. ഈ ഗ്രന്ഥങ്ങളിൽ കുറേയെണ്ണം ലക്ഷണമൊത്ത കാവ്യങ്ങളായി സാഹിത്യചരിത്രത്തിൽ സ്ഥാനം നേടി. സാഹിത്യമൂല്യം കുറഞ്ഞ മതപ്രചാരണം മാത്രം ലക്ഷ്യമാക്കിയ ചില കാവ്യങ്ങളെ പിന്നീട് ജനങ്ങൾ വിസ്മരിച്ചു.
10-ാം ശ.-ത്തിനു ശേഷം തമിഴ്നാട്ടിൽ നിലവിൽ വന്ന ചോഴരാജഭരണം തമിഴ് സാഹിത്യത്തിന്റെ വളർച്ചയ്ക്കു കുതിപ്പേകി. അക്കാലത്തെ ചോഴരാജാക്കന്മാർ തമിഴ് കവികളുടെ സ്നേഹവും ബഹുമാനവും ആർജ്ജിച്ചിരുന്നു. കാവ്യരചനയുടെ മർമ്മം കണ്ടറിഞ്ഞ രാജാക്കന്മാരായിരുന്നു അവരിൽ ചിലർ. പെരിയപുരാണകർത്താവായ ചേക്കിഴാരെ , കുലോത്തുംഗചോഴൻ ആരാധിച്ചിരുന്നു. രാമായണം എഴുതിയ കമ്പന്റെ ചങ്ങാതിയായിരുന്നു മറ്റൊരു ചോഴൻ. കവിചക്രവർത്തിയെന്ന ബഹുമതി നേടിയ ഒട്ടക്കൂത്തൻ ഒരു ചോഴരാജാവിന്റെ പുത്രന്റേയും പേരക്കുട്ടിയുടേയും ഗുരുവും രാജസദസ്സിലെ ആസ്ഥാന കവിയുമായിരുന്നു. ചോഴഭരണത്തിന്റെ പെരുമ, നാടിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയും കടൽ കടന്നും വ്യാപിച്ചു. ചോഴരാജൻ പല രാജ്യങ്ങളും ആക്രമിച്ചു കീഴടക്കി. ആകാശം മുട്ടുന്ന ക്ഷേത്രഗോപുരങ്ങൾ പണികഴിപ്പിച്ചു. പല മഹത് കൃത്യങ്ങളും അനുഷ്ഠിച്ച് തമിഴ്നാടിന്റെ ചരിത്രത്തിൽ സ്ഥാനം നേടി. അതോടൊപ്പം, തമിഴ് സാഹിത്യത്തിന്റെ വളർച്ചയ്ക്കും വിലപ്പെട്ട സംഭാവനകൾ നല്കി.
മറ്റു കൃതികളെ അവലംബമാക്കിയതോ വിവർത്തന രൂപത്തിലുള്ളതോ അല്ലാതെ തമിഴ്നാടിനു സ്വന്തമായി ഇടക്കാലത്തുണ്ടായ കാവ്യമാണ് പെരിയപുരാണം. ചേക്കിഴാർ ആണിതിന്റെ കർത്താവ്. ചോഴരാജാവ് കുലോത്തുംഗന്റെ സചിവനായിരുന്ന ഇദ്ദേഹം പിന്നീട് ശൈവമത പ്രചാരണത്തിന് ജീവിതം ഉഴിഞ്ഞുവച്ചു. 9-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ശങ്കരമൂർത്തി നായനാർ അറുപത്തി മൂന്ന് ശൈവനായനാർമാരെ സ്തുതിക്കുന്ന തിരുത്തൊണ്ടത്തൊകൈ എന്ന പതിനെട്ട് പാട്ടുകളുള്ള ഒരു കൃതി രചിച്ചു. പിന്നീട് നമ്പിയാണ്ടാർ നമ്പി എന്ന കവി പ്രസ്തുത നായനാരുടെ ജീവിതത്തെ ആസ്പദമാക്കി തിരുത്തൊണ്ടർ, തിരുവന്താദി എന്നീ ലഘു ഗ്രന്ഥങ്ങളെഴുതി. ഇവയെ അടിസ്ഥാനമാക്കിയാണ് ചേക്കിഴാർ നാലായിരത്തിലധികം പദ്യങ്ങളുള്ള കാവ്യം രചിച്ചത്. മന്ത്രിയായതുകൊണ്ടുള്ള സൗകര്യം ഉപയോഗിച്ച് നാട്ടിൽ പലയിടത്തും ചുറ്റിസഞ്ചരിച്ചും നായനാർമാർ ജീവിച്ചിരുന്ന പ്രദേശങ്ങൾ നേരിൽ കണ്ടും അവരെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ കേട്ടറിഞ്ഞും 63 പേരുടെയും ജീവചരിത്രമെഴുതാനുള്ള വിവരങ്ങൾ അദ്ദേഹം ശേഖരിച്ചു. മറ്റു കവികളെപ്പോലെ ഭാവനാസൃഷ്ടമായ സംഭവങ്ങൾ വിവരിച്ച് കാവ്യത്തെ ആകർഷകമാക്കാൻ അദ്ദേഹം തയ്യാറായില്ല. കേട്ടറിഞ്ഞതും അന്വേഷിച്ചു മനസ്സിലാക്കിയതുമായ കാര്യങ്ങൾ മാത്രമാണ് അതിൽ ഉൾപ്പെടുത്തിയത്. ഭാവനയുടെ അംശം തെല്ലുപോലും അതിലില്ല. അദ്ദേഹത്തിന്റെ കാലത്തിനു മുൻപു തന്നെ ജനങ്ങൾക്കിടയിൽ വായ്മൊഴിയായി പ്രചരിച്ചവയോടൊപ്പം സാങ്കല്പിക സംഭവങ്ങളും കൂടിക്കലർന്നിരിക്കാം. ചേക്കിഴാർ സത്യമെന്നു തനിക്കു ബോധ്യപ്പെട്ടവയെക്കുറിച്ചു മാത്രം ലളിതമായ തമിഴിൽ കാവ്യരചന നടത്തി. അങ്ങനെ അക്കാലത്തെ ജനങ്ങളുടെ ആചാരമര്യാദകളും ജീവിതചര്യകളും വിശ്വാസങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒരു ചരിത്രരേഖയിലെന്നതുപോലെ പെരിയപുരാണത്തിൽ ചിത്രീകരിക്കപ്പെട്ടു.
തമിഴ്നാടിന് 'കമ്പൻ ജനിച്ച നാട്' എന്ന ഖ്യാതി നേടിക്കൊടുത്ത കവീന്ദ്രനാണ് കമ്പർ എന്ന് സുബ്രഹ്മണ്യഭാരതി വിശേഷിപ്പിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ അദ്വിതീയമായൊരു സ്ഥാനമാണു കമ്പർക്കുള്ളത്. കമ്പർക്കും ഔവ്വയാർക്കും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ചില കഥകളും പാട്ടുകളുമുണ്ട്. കർഷകന്റെ ജീവിതത്തേയും തൊഴിലിനേയും പ്രശംസിച്ചുകൊണ്ട് ഏർ എഴുപത്, തിരുക്കൈ വഴക്കം എന്നീ കൃതികളും സരസ്വതീ സ്തുതിയായ സരസ്വതി അന്താദി, നമ്മാഴ്‌വാരെ ഭക്തിപൂർവ്വം വണങ്ങുന്ന ശടകോപർ അന്താദി എന്നീ കവിതകളും മറ്റു പല പാട്ടുകളും കമ്പർ രചിച്ചു. കമ്പരാമായണത്തിൽ കമ്പരുടേതല്ലാത്ത ചില കവിതകൾ പില്ക്കാലത്ത് ചിലർ കൂട്ടിച്ചേർത്തതായി കാണുന്നു. 'കവിയിൽ പെരിയാർ കമ്പർ' എന്ന ചൊല്ല് അന്വർഥമാക്കുന്നതാണ് കമ്പരുടെ കവിത്വസിദ്ധി. കമ്പരുടെ ഏറ്റവും മികച്ച കൃതി കമ്പരാമായണമാണെന്നതിൽ സംശയമില്ല. ഉത്തമ കവിതയുടെ ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങുന്നതാണ് പതിനായിരം പാട്ടുകളുള്ള ഈ കാവ്യം.
ഔവ്വയാർ
[തിരുത്തുക]വിദ്യാസമ്പന്നരും അല്ലാത്തവരുമായ എല്ലാ തമിഴ്നാട്ടുകാരും ഒരുപോലെ ആരാധനാപൂർവം സ്മരിക്കുന്ന നാമമാണ് ഔവ്വയാരുടേത്. തമിഴ് കവയിത്രികളിൽ ചിലർ ഈ പേരിൽ അറിയപ്പെടുന്നു. മാതാവിനെപ്പോലെ ബഹുമാന്യയായവൾ എന്നാണ് ഈ പേരിന്റെ പൊരുൾ. സംഘകാല കവികളിൽ മുപ്പത് സ്ത്രീകളുണ്ടായിരുന്നു; അവരിലൊരാളാണ് ഔവ്വയാർ. പാരി, അതിയമാൻ എന്നീ നാടുവാഴികളോടും ചേര- ചോള- പാണ്ഡ്യ- രാജാക്കന്മാരോടും ഇവർ ഇടപഴകിയിരുന്നു. ഒരിക്കൽ അതിയമാനും തൊണ്ടമാനെന്ന രാജാവും തമ്മിൽ ശത്രുതയുണ്ടായപ്പോൾ അവർക്കിടയിൽ സന്ധിസംഭാഷണം നടത്തി യുദ്ധം ഒഴിവാക്കാൻ ഔവ്വയാർ ശ്രമിച്ചിരുന്നു. അക്കാലത്ത് ഔവ്വയാർ വൃദ്ധയായിക്കഴിഞ്ഞിരുന്നു. ആയുസ്സു വർദ്ധിക്കുവാൻ അതിയമാനു ലഭിച്ച നെല്ലിക്ക അദ്ദേഹം ഭക്ഷിക്കാതെ ഔവ്വയാർക്കു സമ്മാനിച്ചതായി ഒരു കഥയുണ്ട്. അതിയമാന്റെ സ്നേഹപൂർണ്ണമായ ഈ നടപടിയെ ശ്ളാഘിച്ച് ഔവ്വയാർ എഴുതിയ പാട്ട് പ്രശസ്തമാണ്. പുറനാനൂറിലും മറ്റു സമാഹാരങ്ങളിലുമായി ഔവ്വയാർ എഴുതിയ 59 പാട്ടുകളുണ്ട്. അവരുടെ കവിത്വസിദ്ധി മാത്രമല്ല, ലോകവിജ്ഞാനവും വെളിപ്പെടുത്തുന്നവയാണ് ഈ പാട്ടുകൾ.
കമ്പർ, ഒട്ടക്കൂത്തർ മുതലായവരുടെ കാലത്തു ജീവിച്ചിരുന്ന ഔവ്വയാർ തമിഴിന്റെ മുത്തശ്ശിയായി ആരാധിക്കപ്പെടുന്നു. ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി. സംഘകാലത്തെ ഔവ്വയാർ ചേലും ബഹുമാനിക്കപ്പെട്ടിരുന്നു. നാടുവാഴികൾക്കിടയിലും ഇവർക്കു സ്വാധീനമുണ്ടായിരുന്നു. മാത്രമല്ല, അവർ ഊരുകൾ തോറും ചുറ്റി- സഞ്ചരിച്ച് ഗ്രാമങ്ങളിലെ കർഷകരുടെ കുടിലുകളിൽ താമസിക്കുകയും അവർ സ്നേഹപൂർവ്വം നല്കിയ കഞ്ഞിവെള്ളം കുടിച്ച് പാടുകയും ചെയ്തു. പാവങ്ങളുടെ കൂട്ടത്തിൽ അവരുടെ ആഹാരത്തിന്റെ പങ്കുപറ്റി ജീവിച്ചിരുന്നതുകൊണ്ട് കഞ്ഞിക്കുവേണ്ടി പാടിയവർ എന്ന് ഈ കവയിത്രിക്കു പേരുണ്ടായി. കുഞ്ഞുങ്ങളെയും ഇവർ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികൾക്കുവേണ്ടി ആത്തിചൂടി, കൊന്റൈ വേന്തൻ എന്നീ കൃതികൾ രചിച്ചു. ഇവ ഇന്നും കുട്ടികൾ രസിച്ചു വായിക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി ഔവ്വയാർ എഴുതിയ പുസ്തകങ്ങളാണ് മുതുരൈ, നൽവഴി എന്നിവ. തത്ത്വചിന്തകളും ജീവിതസത്യങ്ങളുമാണ് ഇവയിൽ പ്രതിപാദിക്കപ്പെടുന്നത്. തത്ത്വചിന്തകൾ ലളിതമായി പുനരാഖ്യാനം ചെയ്യുന്നതിൽ ഔവ്വയാർക്ക് അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. 20-ാം ശ.-ത്തിന്റെ ആരംഭത്തിൽ സുബ്രഹ്മണ്യഭാരതി ഔവ്വയാരുടെ ഗ്രന്ഥമായ ആത്തിചൂടിയുടെ പേരിൽത്തന്നെ ഒരു ഗ്രന്ഥം രചിച്ചുവെന്നത് ഈ കവയിത്രിയുടെ മഹത്ത്വം വെളിവാക്കുന്ന സംഭവമാണ്.
മാറ്റങ്ങളുടേയും കുഴപ്പങ്ങളുടേയും നാളുകൾ
[തിരുത്തുക]ചേക്കിഴാരുടേയും കമ്പരുടേയും കാലം കഴിഞ്ഞപ്പോഴേക്കും തമിഴ്നാട്ടിൽ ഭരണം ശിഥിലമാകാൻ തുടങ്ങി. അങ്ങിങ്ങ് കുഴപ്പങ്ങൾ തലനീട്ടി. ചോഴസാമ്രാജ്യത്തിന്റെ വിസ്തൃതി കുറഞ്ഞുവന്നു. നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാൻ പാണ്ഡ്യർക്കും സാധിച്ചില്ല. ഹൊയ്സലക്കാർക്ക് തമിഴ്നാട്ടിൽ സ്വാധീനം വർദ്ധിച്ചുവന്നു. 15-ാം ശ.-ത്തിന്റെ ആദ്യപകുതിയിൽ ഉത്തരേന്ത്യ ഭരിച്ചിരുന്ന അലാവുദ്ദീന്റെ പടത്തലവൻ മാലിക്ഗഫൂർ ദക്ഷിണേന്ത്യയിലെ രാജാക്കന്മാരെ ആക്രമിച്ചു കീഴടക്കി അവിടത്തെ സമാധാനത്തിനു ഭംഗം വരുത്തി. അയാളുടെ സൈന്യം മധുരയിലും പ്രവേശിച്ചു. പാണ്ഡ്യനാട് അൻപത് വർഷക്കാലം മാലിക്ഗഫൂറിന്റേയും അയാളുടെ പിൻഗാമികളുടേയും നിയന്ത്രണത്തിലായിരുന്നു. ആന്ധ്രയിൽ വിജയനഗരസാമ്രാജ്യം നിലവിൽ വരുന്നതുവരെ തമിഴ്നാട്ടിൽ സമാധാനപൂർണ്ണമായൊരു ഭരണം നിലവിലില്ലായിരുന്നു. ദക്ഷിണേന്ത്യ മുഴുവനും വിജയനഗരഭരണത്തിലായി. വിജയനഗരസാമ്രാജ്യം മധുരയിൽ നായ്ക്കന്മാരുടെ ഭരണം ഏർപ്പെടുത്തി. കലയും സാഹിത്യവും വീണ്ടും തളിർക്കാൻ തുടങ്ങി. തഞ്ചാവൂർ പ്രദേശവും (ചോളനാട്) നായ്ക്കരുടെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ആ പ്രദേശം മറാത്താരാജാക്കന്മാർക്ക് അധീനമായി. തമിഴ്നാടിന്റെ ഉത്തര ഭാഗം കർണാടക നവാബ് സ്വന്തമാക്കി ഭരണം തുടങ്ങി. കലഹങ്ങളും യുദ്ധങ്ങളും പതിവായിത്തീർന്നു. നാട്ടിൽ സമാധാനം പരിരക്ഷിക്കാനാരുമുണ്ടായില്ല. നായ്ക്കരാജാക്കന്മാർ മതഗ്രന്ഥങ്ങൾക്കും ക്ഷേത്രകലകൾക്കും പ്രോത്സാഹനം നല്കിയിരുന്നതുകൊണ്ട് കാലാകാലങ്ങളിൽ മതപണ്ഡിതന്മാർ മികച്ച ഗ്രന്ഥങ്ങളെഴുതി. പഴയ മതഗ്രന്ഥങ്ങൾക്കു വ്യാഖ്യാനങ്ങൾ രചിച്ചു. മതങ്ങളുടെ സംരക്ഷണത്തിനുള്ള മഠങ്ങളുണ്ടായി. മഠങ്ങളുമായി ബന്ധപ്പെട്ടിരുന്ന ചില കവികൾ മതത്തേയും തമിഴ് ഭാഷയേയും പ്രോത്സാഹിപ്പിച്ചു. കവികൾ സ്ഥലപുരാണങ്ങൾ പാടി അതതു പ്രദേശങ്ങളിലുള്ളവരെ സന്തോഷിപ്പിച്ചു. മറ്റു ചിലർ നിലവാരം കുറഞ്ഞ ശൃംഗാരച്ചുവയുള്ള പാട്ടുകളെഴുതി അവരെ ആഹ്ളാദിപ്പിച്ചു. തഞ്ചാവൂർ ഭരിച്ചിരുന്ന മറാത്താരാജാക്കന്മാരുടെ പ്രോത്സാഹനത്തിലും അത്തരം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ, രാജാക്കന്മാരെയോ പ്രഭുക്കന്മാരെയോ മാനിക്കാത്ത സിദ്ധന്മാരെന്നറിയപ്പെട്ട ജ്ഞാനികൾ തത്ത്വചിന്തകളെ ലളിതമായി അവതരിപ്പിക്കുന്ന ഗാനങ്ങളെഴുതി. തത്ത്വരായരെ പ്പോലുള്ള ജ്ഞാനികളായ കവികൾ ഇക്കാലത്താണുണ്ടായത്.
ശാന്തിയും സമാധാനവും നഷ്ടപ്പെട്ട ഈ നൂറ്റാണ്ടുകളിലും കവിത പാടേ നശിച്ചുപോയില്ല. ഇടയ്ക്കിടയ്ക്ക് കവികൾ പ്രത്യക്ഷപ്പെട്ടു. കുറഞ്ഞ തോതിലെങ്കിലും പുതിയ സാഹിത്യ കൃതികളുണ്ടായി. അരുണ ഗിരിനാഥരും വില്ലിപുത്തൂരാരും ആയിരക്കണക്കിനു പാട്ടുകൾ രചിച്ചു. കാളമേഘം പോലുള്ള കവികളും രസകരമായ ഗാനങ്ങൾകൊണ്ട് തമിഴ്മൊഴിയെ സമ്പന്നമാക്കി. കുമരഗുരുപരനും ശിവപ്രകാശരും അക്കാലത്തെ മികച്ച കവികളായിരുന്നു. മതസിദ്ധാന്തങ്ങളുടെ പ്രചാരണമായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അവരുടെ കൃതികൾക്ക് സാഹിത്യമൂല്യം കുറവല്ലായിരുന്നു. ഭരണരംഗത്ത് അസ്ഥിരതയുണ്ടായിരുന്നെങ്കിലും സാഹിത്യസൃഷ്ടി മുറയ്ക്കു നടന്നിരുന്നു. അതിനുമുമ്പ് തമിഴ്സാഹിത്യം പല നൂറ്റാണ്ടുകളിലായി തഴച്ചുവളർന്നിരുന്നതുകൊണ്ട് ഇടയ്ക്ക് ഒന്നു രണ്ടു നൂറ്റാണ്ടുകളിലുണ്ടായ ഭരണപരമായ കുഴപ്പങ്ങൾ അതിനെ ആഴത്തിൽ ബാധിച്ചില്ല. പതിവുപോലെ സാഹിത്യരചന നിർബാധം തുടർന്നു. പല പുതിയ പ്രവണതകൾക്ക് തുടക്കം കുറിക്കപ്പെട്ടു. ചെറുകൃതികൾകൊണ്ട് സാഹിത്യരംഗം സജീവമായി നിലനിൽക്കുകയും ചെയ്തു.
ഇക്കാലത്ത് 'പൊയ്യാമൊഴിയാർ' എന്ന കവി തഞ്ചൈവാണൻ കോവൈ എഴുതി. സങ്കല്പസൃഷ്ടികളായ കാമുകീകാമുകന്മാരുടെ പ്രണയത്തിന്റെ ഏറ്റക്കുറച്ചിൽ ഒരു കഥപോലെ നാനൂറ് പദ്യങ്ങളിലായി അതിൽ വിവരിക്കുന്നു. നാനൂറ് പദ്യങ്ങളിലും തഞ്ചാവൂരിലെ നാടുവാഴിയെ സ്തുതിക്കുന്നുമുണ്ട്.
വ്യാഖ്യാനങ്ങളും ടിപ്പണികളും
[തിരുത്തുക]തമിഴ്നാട്ടിൽ മുമ്പുണ്ടായിരുന്ന ക്ഷേത്രങ്ങളും മാളികകളും ഇക്കാലത്ത് ശില്പങ്ങളും മണ്ഡപങ്ങളും കൊണ്ട് അലങ്കൃതമായി. മുമ്പുണ്ടായിരുന്ന മതഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും രചിക്കപ്പെട്ടു. അതുപോലെ പഴയ സാഹിത്യകൃതികളിൽ പലതും വ്യാഖ്യാനങ്ങളിലൂടെ ജനപ്രീതി നേടി. 8-ാം ശ.-ത്തിൽ കളവിയൽ എന്ന ഗ്രന്ഥത്തിന് നക്കീരർ എഴുതിയതാണ് ഏറ്റവും പഴക്കം ചെന്ന വ്യാഖ്യാനം. വ്യാഖ്യാനമെന്നു തോന്നാത്ത മട്ടിൽ ഒരു കവിതപോലെ അതു വായിച്ചുപോകാം. തൊല്കാപ്പിയത്തിന് ഇളംപൂരണനാർ പൂർണ്ണരൂപത്തിലുള്ള ഒരു വ്യാഖ്യാനമെഴുതി. നക്കീരന്റെ വ്യാഖ്യാനത്തിലെ ആലങ്കാരിക ഭാഷയേക്കാൾ കൂടുതൽ ലളിതമായിരുന്നു അത്. 12-ാം ശ.-ത്തിനു മുമ്പാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതാം. അടുത്ത നൂറ്റാണ്ടിൽ തൊല്കാപ്പിയത്തിന്റെ ഒരു ഭാഗത്തിനും തിരുക്കോവൈയാർക്കും വ്യാഖ്യാനം രചിച്ചത് പേരാശിരിയർ എന്നു വിളിക്കപ്പെട്ടിരുന്ന ഒരാളായിരുന്നു. ഒഴുക്കും ഭംഗിയുമുള്ളതാണ് അദ്ദേഹത്തിന്റെ ശൈലി. സേനാവരൈയർ തൊല്കാപ്പിയം ഉത്തരാർദ്ധത്തിനു വ്യാഖ്യാനമെഴുതി. ലാളിത്യവും ഗഹനതയും ഇടകലർന്ന രീതിയാണദ്ദേഹത്തിനുണ്ടായിരുന്നത്. സംസ്കൃതത്തിലും അദ്ദേഹത്തിനു പാണ്ഡിത്യമുണ്ടായിരുന്നു. സംസ്കൃതം പഠിച്ച മറ്റൊരു വ്യാഖ്യാതാവാണ് നച്ചിനാർക്കിനിയാർ. അദ്ദേഹം തമിഴ്സാഹിത്യത്തിനു വിലപ്പെട്ട സംഭാവന നല്കി. തമിഴിലെ പല ഗ്രന്ഥങ്ങൾക്കും അദ്ദേഹം വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്.
സംസ്കൃത പുരാണങ്ങൾ
[തിരുത്തുക](സംസ്കൃത) പുരാണങ്ങൾ തമിഴിലെഴുതാനുള്ള ശ്രമം ഇക്കാലത്ത് ആരംഭിച്ചു. അവയിൽ ഏറ്റവും വലുത് പതിനായിരത്തിലധികം പദ്യങ്ങളുള്ള സ്കന്ദപുരാണമായിരുന്നു. സംസ്കൃതത്തിലെ ശിവശങ്കര-സംഹിതയെ ഉപജീവിച്ച് എഴുതപ്പെട്ടതാണിത്. മുരുകന്റെ ജനനം, വളർച്ച, തിരുവിളയാടൽ, ശൂരപത്മാസുരനുമായുള്ള പോര്, ദെയ്വാനയെ (ദേവയാനി) വിവാഹം ചെയ്തത്, വള്ളിയുടെ പ്രേമം മുതലായവയെക്കുറിച്ച് വിശദമായി ഈ പുരാണത്തിൽ വർണ്ണിക്കുന്നു. കച്ചിയപ്പശിവാചിരിയാർ എന്നു പേരുള്ള അതിന്റെ കർത്താവ് പഴയ തമിഴ്സാഹിത്യ പാരമ്പര്യത്തെയാണു മുറുകെപ്പിടിച്ചത്. പ്രതിപാദ്യം കാവ്യാത്മകമായതുകൊണ്ട് മറ്റു പുരാണങ്ങളെ അപേക്ഷിച്ച് മികച്ചതാണ് സ്കന്ദപുരാണം.
പാണ്ഡ്യരാജ കുടുംബാംഗമായ അതിവീരരാമപാണ്ഡ്യർ കൂർമ്മപുരാണവും ലിംഗപുരാണവും കച്ചിയപ്പമുനിവർ വിനായക-പുരാണവും വീരകവിരായർ ഹരിശ്ചന്ദ്രപുരാണവും തമിഴിൽ എഴുതി. ആർജ്ജവമുള്ളതാണ് വീരകവിരായരുടെ രചനാശൈലി. വായനക്കാരനെ അത് ഹഠാദാകർഷിക്കും. വടമലയപ്പർ മത്സ്യപുരാണം തർജ്ജമ ചെയ്തു.
'മണ്ഡലപുരുഷൻ' എന്ന ജൈനൻ സംസ്കൃതത്തിലെ ജൈനപുരാണമായ ആദിപുരാണം തമിഴിലാക്കി ശ്രീപുരാണമെന്നു പേരിട്ടു. മണിപ്രവാളശൈലിയിലാണ് അതിന്റെ രചന. കയചിന്താമണി എന്ന ജൈനമതഗ്രന്ഥവും മണിപ്രവാളത്തിൽ എഴുതിയതാണ്. വാമനമുനിവർ രചിച്ചതാണ് മേരുമന്ത്രപുരാണം. അറനെറിസാരം എന്ന നീതിശാസ്ത്രഗ്രന്ഥം രചിച്ചത് ജൈനനായ മുന്റുറൈയരയനാർ ആണ്.
15-ാം ശ.-ത്തിൽ 'ഉമാപതിശിവം' എന്ന കവി, കോവിൽ പുരാണം എന്ന പേരിൽ ഒരു സ്ഥലപുരാണം എഴുതി. അതിനെത്തുടർന്ന് പല സ്ഥലപുരാണങ്ങളും രചിക്കപ്പെട്ടു. അവയിൽ പേരുകേട്ടവയാണ് മധുരയിലെ 'ശിവപെരുമാളുടെ' അറുപത്തിനാലു തിരുവിളയാടലു-കൾ വർണ്ണിക്കുന്ന പുരാണങ്ങൾ. വേമ്പത്തൂരാൻ, പെരുമ്പറ്റ പുലിയൂർ നമ്പി, പരംജ്യോതി എന്നീ കവികളും തിരുവിളയാടൽ പുരാണങ്ങളെഴുതിയിട്ടുണ്ട്. വ്യാപകമായ പ്രശംസ നേടിയത് പരംജ്യോതിയുടെ തിരുവിളയാടലാണ്. ചൊവ്വൈച്ചൂടുവാർ എന്ന കവി സംസ്കൃതത്തിലെ ഭാഗവതത്തെ അവലംബമാക്കി കാളിദാസന്റെ രഘുവംശത്തെ 2480 പദ്യങ്ങളിൽ മൊഴിമാറ്റം നടത്തി.
സംസ്കൃത കൃതികളുടെ അനുവാദവും ആശയാനുവാദവും
[തിരുത്തുക]വില്ലിപുത്തൂരാൻ ഭാരതകഥ നാലായിരത്തി മൂന്നൂറ് വിരുത്തങ്ങളിൽ തമിഴിൽ എഴുതി. സാഹിത്യചരിത്രത്തിൽ അതിനു മുഖ്യമായൊരു സ്ഥാനമുണ്ട്. അതിലെ കവിതകൾ മികച്ചവയാണ്. യുദ്ധം വർണ്ണിക്കുമ്പോൾ പദപ്രയോഗം ചടുലമാകുന്നു. കഥാസന്ദർഭത്തിനു യോജിച്ച രചനാരീതിയാണ് കവി സ്വീകരിച്ചിട്ടുള്ളത്. പ്രധാന സംഭവങ്ങളൊന്നും വിട്ടുകളയാതെയും എന്നാൽ സംക്ഷിപ്ത രൂപത്തിലും കഥ പറയാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. കവിതകളിൽ തമിഴിനോടൊപ്പം സംസ്കൃതപദങ്ങളും അദ്ദേഹം പ്രയോഗിക്കുന്നുണ്ട്.
വില്ലിപുത്തൂരാനെപ്പോലെ തമിഴ് പദ്യത്തിൽ പരിമിതമായി സംസ്കൃതപദങ്ങളുപയോഗിച്ചിരുന്ന മറ്റൊരു കവിയാണ് അരുണ ഗിരിനാഥർ. മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. അരുണഗിരിനാഥരുടെ മൂവായിരം പാട്ടുകൾ തിരുപ്പുകഴ് എന്ന പേരിൽ സമാഹരിച്ചിട്ടുണ്ട്. എല്ലാം മുരുകനെ സ്തുതിക്കുന്ന ഭക്തിഗീതങ്ങളാണ്. താളലയങ്ങളോടെ പാടാൻ കഴിയുന്ന ഇത്തരം പാട്ടുകൾ വേറെയില്ലെന്നാണ് സംഗീതജ്ഞന്മാരുടെ അഭിപ്രായം. ഇന്നും തമിഴ് സംഗീതക്കച്ചേരികളിൽ തിരുപ്പുകഴ് പാടാറുണ്ട്. തേവാര കാലത്തിനു ശേഷം നമുക്കു ലഭിച്ച ഏറ്റവും നല്ല ഗാനങ്ങൾ തിരുപ്പുകഴിലേതാണ്. ഭൂരിഭാഗം പാട്ടുകളുടേയും ആദ്യഭാഗത്ത് ഗണികകളുടെ വേഷവിധാനങ്ങളോടുള്ള പുച്ഛവും രണ്ടാം ഭാഗത്ത് മുരുകന്റെ തിരുവിളയാടലുമായി ബന്ധപ്പെട്ട പുരാണകഥകളുമാണ് പ്രതിപാദ്യവിഷയമായിട്ടുള്ളത്. ഈ കവിയുടെ തന്നെ സ്കന്ദർ അനുഭൂതി, സ്കന്ദർ അലങ്കാരം എന്നിവ ഭക്തികാവ്യങ്ങളാണ്. കന്തരന്താദി, മൂവേൽ വിരുത്തം, മയിൽ വിരുത്തം, തിരുവകുപ്പ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.
സംസ്കൃതകാവ്യമായ മഹാഭാരതത്തിലുള്ള നളനെന്ന രാജാവിന്റെ കഥ പുകഴേന്തി (16-ാം ശ.-ത്തിൽ) വെൺപാവൃത്തത്തിൽ മനോഹരമായൊരു കാവ്യമാക്കി. ഒട്ടക്കൂത്തന്റെ കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നും ചോഴരാജാവ് പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തുകൊണ്ടുപോയപ്പോൾ സ്ത്രീധനത്തിന്റെ ഭാഗമായി ചോഴനാട്ടിലെത്തിയെന്നും ഒട്ടക്കൂത്തൻ അദ്ദേഹത്തെ ദ്രോഹിച്ചെന്നും ജയിലിലായ പുകഴേന്തി കൂടെയുണ്ടായിരുന്ന തടവുപുള്ളികളെ തമിഴ് പഠിപ്പിച്ചെന്നും അവരിൽ ചിലർ കവികളായെന്നും ഈ കവികളുടെ പ്രാഗല്ഭ്യം കണ്ടറിഞ്ഞ് സത്യം മനസ്സിലാക്കിയ രാജാവ് പുകഴേന്തിയെ മോചിപ്പിച്ചെന്നും കഥകളിൽപ്പറയുന്നു.
പാണ്ഡ്യ പാരമ്പര്യത്തിൽപ്പെട്ട അതിവീരരാമപാണ്ഡ്യൻ തെങ്കാശി കേന്ദ്രമാക്കിയുള്ള ചില പ്രദേശങ്ങളുടെ ഭരണാധികാരിയായിരുന്നു. കവി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് ആർക്കും അറിഞ്ഞുകൂടെങ്കിലും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ ഇന്നും നിലനില്ക്കുന്നു. 2525 പദ്യങ്ങളിൽ രചിച്ച കാശികാണ്ഡം കാശിയുടെ മഹത്ത്വം വർണിക്കുന്നു. മഹാഭാരതത്തിലെ നളന്റെ കഥ പറയുന്ന നൈഷധം ഇദ്ദേഹം നല്ലൊരു തമിഴ് കാവ്യമാക്കിയിട്ടുണ്ട്.
ആശു കവികൾ
[തിരുത്തുക]തോന്നുമ്പോഴൊക്കെ കവിതയെഴുതാൻ കഴിവുള്ളവരെ നിമിഷകവികൾ (ആശുകവികൾ) എന്നു പറയുന്നു. തമിഴ് സാഹിത്യത്തിൽ നിമിഷകവിതകൾ ധാരാളമെഴുതി പേരെടുത്തയാളാണ് കാളമേഘപ്പുലവർ. ഇദ്ദേഹം 15-ാം ശ.-ത്തിൽ ജീവിച്ചിരുന്നു. അവിചാരിതമായി പെരുമഴ ചൊരിയുന്ന കാളമേഘത്തെപ്പോലെ നാട്ടിലെ പല സുപ്രധാന സംഭവങ്ങളെക്കുറിച്ചും അനേകം നിമിഷകവിതകൾ രചിച്ചുപാടിയതുകൊണ്ടാണ് കാള മേഘം എന്ന പേരുണ്ടായത്. കവിയുടെ ശരിയായ പേര് കാലക്രമേണ വിസ്മൃതമായി. കാളമേഘത്തിന്റെ മിക്ക കവിതകളും ശ്രോതാക്കൾക്കു പെട്ടെന്നു മനസ്സിലാകുന്നവയും ആശയഗാംഭീര്യമുള്ളവയുമാണ്. നിഗൂഢാർത്ഥമുള്ള ചില കവിതകളുമുണ്ട്. കവികളെ മാനിക്കാത്ത ധിക്കാരികളുടെ അഹംഭാവത്തെ പുച്ഛിക്കുന്ന കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
പരമ്പരാഗതശൈലിയിലുള്ള കവിതകളും കാളമേഘം എഴുതി. അവയിൽ തിരുവാനൈക്കാവുലാ, ചിത്തിരമടൽ എന്നിവ ഏറെ പ്രശസ്തമാണ്. ജനങ്ങളാൽ ചുറ്റപ്പെട്ട് ഘോഷയാത്രയായി വരുന്ന നേതാവിനെ വർണ്ണിക്കുന്ന കൃതിയാണ് ആദ്യത്തേത്. വഞ്ചിതരായ കാമുകരുടെ ദുഃഖം ചിത്തിരമടലിൽ വർണ്ണിക്കുന്നു. ഈ കൃതികളേക്കാൾ, കാളമേഘത്തിന്റെ ഒറ്റപ്പെട്ട കവിതകളാണ് ആസ്വാദകരെ കൂടുതൽ ആകർഷിച്ചിട്ടുള്ളതെന്നു പറയാം.
രണ്ട് കവികൾ തങ്ങളുടെ ശാരീരികവൈകല്യങ്ങൾ കാരണം ഒന്നായി ജീവിച്ച് കവിതാരചനയിലേർപ്പെട്ട അത്ഭുതകരമായ ചരിത്രവും തമിഴ് സാഹിത്യത്തിലുണ്ട്. അടുത്ത ബന്ധുക്കളായ രണ്ടുപേരിൽ ഒരാൾ അന്ധനും അപരൻ മുടന്തനുമായിരുന്നു. അന്ധൻ മുടന്തനെ ചുമന്നുകൊണ്ടു നടന്നു. മുടന്തൻ വഴി കാണിച്ചു. അങ്ങനെ പരസ്പരം സഹായിച്ചു ജീവിക്കുന്നവരിൽ ഒരാൾ ഇളം സൂര്യനെന്നും മറ്റെയാൾ മുതു സൂര്യനെന്നും അറിയപ്പെട്ടു. രണ്ടു പേരെയും ചേർത്ത് ഇരട്ടകളെന്നും വിളിച്ചിരുന്നു. ജന്മനായുള്ള അംഗവൈകല്യം മറന്ന് അവർ കവിതകളെഴുതി. ഒരു പദ്യത്തിന്റെ ആദ്യത്തെ രണ്ടുവരി ഒരാൾ എഴുതുമ്പോൾ രണ്ടാമൻ അടുത്ത രണ്ടുവരി എഴുതി പൂർത്തിയാക്കുകയായിരുന്നു പതിവ്. പാണ്ഡിത്യത്തെ മാനിക്കാത്ത പണക്കാരെ, പുച്ഛിക്കുന്നതും സൽസ്വഭാവികളായ ധനികരെ പ്രശംസിക്കുന്നതുമായ ഇവരുടെ കവിതകൾക്ക് അർത്ഥഭംഗിയും ശബ്ദഗാംഭീര്യവുമുണ്ട്. ഹാസ്യരസപ്രധാനമായ പാട്ടുകളും ഇവർ എഴുതിയിട്ടുണ്ട്.
കവി വീരരാഘവ മുതലിയാർ ജന്മനാ അന്ധനായിരുന്നു. കവിതാവാസന-യുണ്ടായിരുന്ന അദ്ദേഹം സംഗീതവും അഭ്യസിച്ചിരുന്നു. അദ്ദേഹം രചിച്ച പാട്ടുകൾ അർത്ഥപൂർണ്ണവും ശ്രവണമധുരവുമാണ്. ശ്രീലങ്കയിൽ ചെന്ന് അവിടത്തെ രാജാവായിരുന്ന പരരാജശിങ്കനെ തന്റെ പാട്ടുകൾ കൊണ്ടു സന്തോഷിപ്പിച്ച് സമ്മാനം നേടാനും അദ്ദേഹത്തിനു കഴിഞ്ഞു.
മഠത്തിൽ വളർന്ന സാഹിത്യം
[തിരുത്തുക]ശൈവമതസംരക്ഷണാർഥം സ്ഥാപിക്കപ്പെട്ട ശൈവമഠങ്ങൾ മതത്തിന്റെ വളർച്ചയെ സഹായിച്ചതോടൊപ്പം തമിഴ് സാഹിത്യത്തിന്റെ വളർച്ചയ്ക്കും പ്രോത്സാഹനമേകി. പഴയ ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും പുതിയ കൃതികൾ രചിക്കാനും ഈ മഠങ്ങൾ സഹായം നല്കിയിട്ടുണ്ട്. ചില മഠാധിപതികൾ പണ്ഡിതന്മാരും സാഹിത്യ ഗവേഷണ തത്പരരുമായിരുന്നതുകൊണ്ട് പേരെടുത്ത പല കവികളും മഠങ്ങളിൽത്തന്നെ താമസിച്ച് കവിതാരചന നടത്തി. മഠാധിപതികളും ചില താത്ത്വിക ഗ്രന്ഥങ്ങൾ രചിച്ചു. 14-ാം ശ.-ത്തിൽ സ്ഥാപിക്കപ്പെട്ട തിരുവാവാടുതുറൈ-മഠത്തിലും ധർമ്മപുരമഠത്തിലും വസിച്ചിരുന്ന കവികൾ സാഹിത്യമൂല്യമുള്ള ചില കൃതികൾ എഴുതുകയും പഴയ ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനങ്ങൾ രചിക്കുകയും ചെയ്തു. വീരശൈവ സമുദായക്കാരുടെ വകയായ തിരുവണ്ണാമല മഠവും തുറൈമംഗല മഠവും തമിഴ്സാഹിത്യത്തിന്റെ വളർച്ചയെ സാരമായി സഹായിച്ചിട്ടുണ്ട്.
ധർമ്മപുരമഠവുമായി ബന്ധപ്പെട്ട കവികളിൽ പ്രശസ്തൻ 17-ാം ശ.-ത്തിൽ ജീവിച്ചിരുന്ന കുമാരഗുരുപരർ ആകുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ഇദ്ദേഹം സന്ന്യാസിയും കവിയുമായി. മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കന്റെ അപേക്ഷപ്രകാരം മധുര-മീനാക്ഷിയുടെ അപദാനങ്ങളെക്കുറിച്ച് 'പിള്ളൈത്തമിഴ് 'പാടി. മീനാക്ഷിയമ്മൈ പിള്ളൈത്തമിഴ് എന്ന പേരിലുള്ള പ്രസ്തുതകൃതിക്ക് പിള്ളൈത്തമിഴ് എന്ന കവിതാവിഭാഗത്തിൽ മുഖ്യസ്ഥാനമുണ്ട്. ഭക്തിയുടേയും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും സമ്മിളിത രൂപമാണ് ഈ പാട്ടുകൾ. മധുരാപുരിയെ വർണ്ണിക്കുന്ന ഒരു കലമ്പകവും തിരുവാരൂരിനെപ്പറ്റിയുള്ള നാന്മണിമാലൈ എന്ന ഗ്രന്ഥവും ചിദംബരത്തെപ്പറ്റി മുമ്മണിക്കോവൈ, ചെയ്യുൾകോവൈ, ശിവകാമിയമ്മൈ ഇരട്ടൈ മണിക്കോവൈ എന്നീ കൃതികളും രചിച്ചു. ധർമ്മപുരത്തിലെ സ്വന്തം ഗുരുവിനെ സ്മരിച്ചുകൊണ്ട് പണ്ടാരമുമ്മണിക്കോവൈ എഴുതി. ഉത്തരേന്ത്യയിൽ ചെന്നു താമസിച്ച് തമിഴ് കൃതികൾ പാടിയ ഒരേയൊരു തമിഴ് കവിയാണിദ്ദേഹം. കാശിയിൽ ഇദ്ദേഹം സ്ഥാപിച്ച മഠം ഇപ്പോഴുമുണ്ട്. ഡൽഹി ഭരിച്ചിരുന്ന സുൽത്താനെ നേരിൽ കണ്ട് സഹായം തേടാനും ശ്രമിച്ചു. അതിനുവേണ്ടി ഹിന്ദുസ്ഥാനി ഭാഷ പഠിക്കാൻ സരസ്വതീ കടാക്ഷം തേടി സകലകലാവല്ലിമാല എന്ന കാവ്യം രചിച്ചു. ഉത്തരേന്ത്യയിൽ താമസിച്ചിരുന്നപ്പോൾ കമ്പരാമായണം വ്യാഖ്യാനിച്ച് ഹിന്ദുസ്ഥാനിയിൽ പ്രസംഗിക്കുകയും പുരാണകൃതികളെ ആധാരമാക്കി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. കാശിയെ വർണ്ണിച്ചുകൊണ്ടുള്ള കലമ്പകവും എഴുതി.
തിരുവാവാടുതുറൈ മഠത്തിലെ 'ഈശാനദേശികർ' എന്ന 'സ്വാമിനാഥദേശികർ' ഇലക്കണക്കൊത്ത് എന്ന ഗ്രന്ഥവും കലമ്പകം വിഭാഗത്തിൽപ്പെടുന്ന ചില കൃതികളും രചിച്ചു. അദ്ദേഹത്തിന്റെ ശിഷ്യൻ ശങ്കരനമശ്ശിവായർ നന്നൂലിനു വ്യാഖ്യാനമെഴുതി. മഠവുമായി ബന്ധമുണ്ടായിരുന്ന ശിവജ്ഞാനമുനിവർ എന്ന മഹാകവി അതിന് ഒരു ടിപ്പണിയും തയ്യാറാക്കി. സംസ്കൃതത്തിലും തമിഴിലും പണ്ഡിതനായിരുന്ന അദ്ദേഹം തൊല്കാപ്പിയത്തിലെ ആദ്യത്തെ സൂത്രത്തെ ആസ്പദമാക്കി ഒരു ഗവേഷണഗ്രന്ഥവും രചിച്ചു. അദ്ദേഹത്തിന്റെ കാഞ്ചിപുരാണം തമിഴിലെ സ്ഥലപുരാണങ്ങളിൽ വച്ച് ഏറ്റവും മികച്ചതാണ്. തിരുക്കുറളിലെ വരികൾ ഉൾപ്പെടുത്തി വെൺപാമട്ടിൽ അദ്ദേഹം രചിച്ച സാരോപദേശകൃതിയാണ് സോമേശ്വര മുതുമൊഴിവെൺപാ. തിരുക്കുറളിലെ ഉപദേശങ്ങൾക്കു യോജിച്ച കഥകളും ചരിത്രസംഭവങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാന-ഗ്രന്ഥമായ ശിവജ്ഞാനബോധത്തിന് മഹാഭാഷ്യം എന്ന വ്യാഖ്യാനവും ഒരു ലഘുവിവരണവും തയ്യാറാക്കിയതും മറ്റു ചില മതഗ്രന്ഥങ്ങൾക്ക് വിശദീകരണങ്ങൾ കൊടുത്തതും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിന് ഉദാഹരണങ്ങളാണ്.
പുതിയ വീരശൈവ കഥകൾ
[തിരുത്തുക]18-ാം ശ.-ത്തിൽ മദ്രാസിനടുത്തുള്ള തിരുപ്പോരൂർ എന്ന സ്ഥലത്ത് ഒരു മഠം സ്ഥാപിച്ച കവിയാണ് ശാന്തിലിംഗ സ്വാമികൾ. വീരശൈവമതവിശ്വാസിയായ ഒരു സന്ന്യാസിയായിരുന്നു ഇദ്ദേഹം. വൈരാഗ്യശതകം, വൈരാഗ്യദീപം, അവിരോധ ഉന്തിയാർ, കൊലൈ മറുത്തൽ, നെഞ്ചുവിടുദൂത് മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ശാന്തിലിംഗത്തിന്റെ പിൻഗാമിയായ ചിദംബരസ്വാമികൾ രചിച്ച കീർത്തനങ്ങളാണ് തിരുപ്പോരൂർ സന്നിധി എന്ന സമാഹാരത്തിലുള്ളത്. മധുര-മീനാക്ഷിയെക്കുറിച്ചുള്ള ഒരു നീണ്ട കവിതയും നെഞ്ചുവിടുദൂത് എന്ന ഗ്രന്ഥവും മറ്റു ചില പാട്ടുകളും തിരുപ്പോരൂരിലെ മുരുകനെപ്പറ്റിയുള്ള പിള്ളൈത്തമിഴ്, താരാട്ട്, തിരുപ്പണിയെഴുച്ചി കിളിപ്പാട്ട്, കുയിൽ പാട്ട്, ദൂത് എന്നിവയും ഇദ്ദേഹം രചിച്ചു.
കവിതകളായും നാടൻപാട്ടുകളുടെ രൂപത്തിലും തത്ത്വചിന്താപരമായ കൃതികൾ രചിച്ച കവിയാണ് 'തത്തുവരായർ'. ഇത്രയധികം ശീലുകളിൽ പാട്ടുകളെഴുതിയ മറ്റൊരു കവിയില്ല. ഉലാ, ദൂത്, കലമ്പകം, അന്താദി, ഭരണി മുതലായ പല കാവ്യരൂപങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികൾ കാണുന്നുണ്ട്. 'അഞ്ചവതൈ പരണി'യും 'മോഹവതൈ പരണി'യും ഇദ്ദേഹത്തിന്റെ മികച്ച രചനകളാണ്. ഇവയിൽ രാജാക്കന്മാർ തമ്മിലുള്ള യുദ്ധമില്ല; മറിച്ച്, ജ്ഞാനികൾ തമ്മിലുള്ള പാണ്ഡിത്യപോരാട്ടമാണുള്ളത്. ചില പാട്ടുകൾ തിരുവാചകത്തെ അനുകരിച്ചുള്ളവയാണ്. ഭക്തിയേക്കാൾ അദ്വൈത സിദ്ധാന്തത്തിനു മുൻതൂക്കം നല്കിയതുകൊണ്ട് തിരുവാചകത്തെപ്പോലെ ഇതിനു പ്രചാരം സിദ്ധിച്ചില്ല.
310 പദ്യഭാഗങ്ങളിൽ അദ്വൈതസിദ്ധാന്തത്തെ സുവ്യക്തമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് കൈവല്യ നവനീതം. തത്ത്വചിന്തയെ എത്ര സരളവും സരസവുമായി വിശദീകരിക്കാൻ കഴിയുമെന്നതിന് ഉദാഹരണമാണ് താണ്ഡവരായസ്വാമികൾ എന്ന സന്ന്യാസി രചിച്ച ഈ ഗ്രന്ഥം. ലളിതമായ ശൈലിയിലും പാടി രസിക്കാവുന്ന രീതിയിലാണ് ഇത് വിരചിച്ചിരിക്കുന്നത്.
തമിഴിലും സംസ്കൃതത്തിലും ഒരുപോലെ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു തായുമാനർ (1705-42). അക്കാലത്ത് തിരുച്ചിറപ്പള്ളി ഭരിച്ചിരുന്ന വിജയകങ്ക ചൊക്കനാഥരുടെ മന്ത്രിയായിരുന്നു ഇദ്ദേഹം. ഐഹികസുഖങ്ങളിൽ വിരക്തനായി, സ്ഥാനമൊഴിഞ്ഞ്, കവിതകളെഴുതിയും തപസ്സനുഷ്ഠിച്ചും കാലം കഴിച്ചു. ശൈവമതത്തേയും അദ്വൈതസിദ്ധാന്തത്തേയും പൊരുത്തപ്പെടുത്തിക്കൊണ്ടുള്ള പാട്ടുകളാണ് ഇദ്ദേഹം എഴുതിയത്. ഉപനിഷത്തുകളുടേയും മറ്റു സൈദ്ധാന്തിക ഗ്രന്ഥങ്ങളുടേയും സാരാംശം സ്പഷ്ടമായി പാട്ടുകളിൽ ആവിഷ്കരിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. ഭക്തിപരമായ കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ആധുനിക സാഹിത്യം
[തിരുത്തുക]19-ാം ശ.-ത്തിന്റെ ഉത്തരാർദ്ധത്തിലും 20-ാം ശ.-ത്തിന്റെ പൂർവാർദ്ധത്തിലും ഭാരതീയഭാഷകളിലാകമാനം പാശ്ചാത്യസാഹിത്യം സ്വാധീനം ചെലുത്തി. ഇംഗ്ളീഷ് വിദ്യാഭ്യാസവും വിദേശ മിഷനറിമാരുമാണ് ഇതിനു കളമൊരുക്കിയത്. ആ കാലഘട്ടത്തിൽ പാശ്ചാത്യസമീപന-ങ്ങളും മാതൃകകളും മാത്രമല്ല അവയുടെ പരിണാമഗതി തന്നെ മിക്ക ഭാരതീയഭാഷകളിലേക്കും സാഹിത്യത്തിലേക്കും കടന്നുവരികയുണ്ടായി. റൊമാന്റിസിസം, റിയലിസം തുടങ്ങിയ പ്രസ്ഥാനങ്ങളെ ഭാരതീയഭാഷകൾ സ്വീകരിച്ചു. സാഹിത്യം അന്തർദേശീയമായിക്കൊണ്ടിരിക്കു-ന്ന കാലമായിരുന്നു അത്. ആധുനിക പാശ്ചാത്യസാഹിത്യരൂപങ്ങൾ ക്രമേണ ഭാരതീയ ഭാഷകളിലേക്കും കടന്നുവന്നു. പാശ്ചാത്യരീതിയിൽ കവിത, നോവൽ, ചെറുകഥ, നാടകം, നിരൂപണം എന്നിവ ഭാരതീയ ഭാഷകളിലും രചിച്ചു തുടങ്ങി. ഈ ആധുനിക പ്രവണതകളുടെ വേലിയേറ്റം മറ്റു ഭാരതീയ ഭാഷകളിലെന്നതുപോലെ തമിഴിലുമുണ്ടായി. ഇവയുടെ സംക്ഷിപ്ത വിവരണം താഴെ കൊടുക്കുന്നു.
കവിത
[തിരുത്തുക]കഴിഞ്ഞ നൂറ്റാണ്ടിലും അതിനു മുമ്പുള്ള നൂറ്റാണ്ടിലും ഉള്ള കവികളിൽ അധികം പേരും ഉലാ, മടൽ, അന്താദി തുടങ്ങിയ വൃത്തങ്ങളിൽ സമ്പന്നരെ സ്തുതിക്കുന്ന കവിതകളാണു രചിച്ചിരുന്നത്. ചിലർ പ്രാസഭംഗിക്കും മറ്റു ചിലർ അഷ്ടനാഗബന്ധം പോലുള്ള കവിതകൾ രചിക്കുന്നതിനും പ്രാധാന്യം നല്കി. പദപ്രയോഗത്തിനും ശബ്ദഭംഗിക്കുമാണ് അക്കാലത്തെ കവികൾ പ്രാമുഖ്യം നല്കിയിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി സമകാലികസമൂഹത്തിലെ സാധാരണമനുഷ്യരുടെ സ്വപ്നങ്ങൾ, സങ്കല്പങ്ങൾ, ചിന്താഗതികൾ, വൈകാരികാനുഭൂതികൾ എന്നിവയെല്ലാം താരതമ്യേന ലളിതവും സരളവുമായ ശൈലിയിൽ പ്രതിപാദിക്കുന്ന കവിതകൾ ഉണ്ടായിത്തുടങ്ങിയതോടുകൂടിയാണ് തമിഴ് സാഹിത്യത്തിൽ ആധുനികയുഗം ആരംഭിച്ചത്. കവിതയിലെ ഉള്ളടക്കവും രൂപശില്പവും ഒരുപോലെ ആസ്വാദ്യവും അകൃത്രിമവും ആയിത്തീർന്നു എന്നതാണ് പുതിയ പ്രവണതയുടെ മുഖ്യസവിശേഷത. ഈ പരിവർത്തനത്തിനു നാന്ദികുറിച്ചതും അതിന് ഉത്തമ മാതൃകകൾ കാഴ്ചവച്ചതും അഖിലേന്ത്യാ പ്രശസ്തി ആർജ്ജിച്ചിട്ടുള്ള സുബ്രഹ്മണ്യഭാരതിയാണ്.
സുബ്രഹ്മണ്യഭാരതി
[തിരുത്തുക]സുബ്രഹ്മണ്യഭാരതിയും ആദ്യം സമ്പന്നരെ വാഴ്ത്തുന്ന സ്തുതിഗീതങ്ങളാണ് രചിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹം സ്തുതിഗീതങ്ങളെ പുച്ഛിച്ചുകൊണ്ടുള്ള കവിതകൾ രചിച്ചു. സ്വാതന്ത്ര്യവാഞ്ഛയും സത്യാന്വേഷണ തത്പരതയും ജനങ്ങളുടെ ദുരിതവുമാണ്, ഗതിമാറി സഞ്ചരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊണ്ടതും വാ.വേ.ശു. അയ്യർ, വാ.ഉ. ചിദംബരംപിള്ള മുതലായവരുടെ സൗഹൃദവും തിലകനുമായുള്ള അടുപ്പവും ഇതിനു കാരണമായി. ഉത്ക്കടമായ ദേശീയാവേശത്തോടെ മദ്രാസ് കടൽത്തീരത്തുനിന്ന് അദ്ദേഹം പാടി. അനേകം കവിതകൾ അച്ചടിച്ചു പ്രചരിപ്പിച്ചു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാട്ടുതീപോലെ പടർന്നുകയറിയ ആവേശം ജനങ്ങളെ അടിമത്തത്തിൽ നിന്ന് തട്ടിയുണർത്തി. 1921-ൽ മരിക്കുന്നതുവരെ സുബ്രഹ്മണ്യഭാരതി നാടൊട്ടുക്കും ആദരിക്കപ്പെട്ടു.
ജനങ്ങൾ ക്ഷേമൈശ്വര്യങ്ങളോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഭാരതിയാർ നാടിന്റെ സ്വാതന്ത്ര്യം കൊണ്ടുമാത്രം തൃപ്തിപ്പെട്ടില്ല. ജനക്ഷേമത്തിനു പ്രതിബന്ധമായി നില്ക്കുന്ന കൊള്ളരുതായ്മകളെയെല്ലാം തന്റെ കവിതകളിലൂടെ അദ്ദേഹം ശക്തിയായി എതിർത്തു. ജാതിചിന്തയെ അപലപിച്ചു. അന്ധവിശ്വാസങ്ങളെ എതിർത്തു. കുട്ടികൾക്ക് കരുത്തു പകർന്നു. സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരായി ആഞ്ഞടിച്ചു. മാതൃഭാഷയെ അവഗണിച്ച് ആംഗലഭാഷയ്ക്കു പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ എതിർത്തു. ഇങ്ങനെ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി അദ്ദേഹം രചിച്ച കവിതകൾ ഇന്നും ജനങ്ങൾക്ക് ആവേശം പകർന്നുകൊണ്ടിരിക്കുന്നു.
പുതിയ കവികൾ
[തിരുത്തുക]20-ാം ശ.-ത്തിലെ തമിഴ് കവികളിൽ സുബ്രഹ്മണ്യഭാരതി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തൻ പുരട്ചികവി (വിപ്ളവകവി) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭാരതീദാസൻ (1891-1964) ആണ്. കനകസുബ്ബുരത്തിനം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. രാഷ്ട്രീയ കാരണങ്ങളാൽ പോണ്ടിച്ചേരിയിൽ താമസിച്ചിരുന്ന സുബ്രഹ്മണ്യഭാരതിയുമായി അടുത്തിടപഴകിയ കനകസുബ്ബുരത്തിനം അദ്ദേഹത്തിന്റെ സ്നേഹവും അഭിനന്ദനവും പിടിച്ചുപറ്റി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഭാരതീദാസൻ എന്ന തൂലികാനാമം സ്വീകരിച്ചു. രാഷ്ട്രീയകക്ഷികളുമായി ബന്ധം പുലർത്തുകയും തമിഴധ്യാപകനായും ആനുകാലികങ്ങളുടെ പത്രാധിപരായും പ്രവർത്തിക്കുകയും ചെയ്തു. തമിഴ് സിനിമയ്ക്കും അദ്ദേഹം ഗണ്യമായ സംഭാവനകൾ നല്കി. എന്നാലും വിപ്ളവകവി എന്ന നിലയ്ക്കാണ് ജനങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. ഭാരതീദാസന്റെ ചില കവിതകൾക്ക് ലയമാധുരിയുണ്ടെങ്കിലും ഭൂരിപക്ഷവും ആവേശോജ്ജ്വലങ്ങളാണ്.
സുബ്രഹ്മണ്യഭാരതിയുടേയും ഭാരതീദാസന്റേയും കവിതകൾ തമിഴ് സാഹിത്യത്തിൽ കാല്പനിക കവിതയുടെ യുഗത്തിന് അടിസ്ഥാനമിട്ടു. തമിഴ്നാടിന്റെ സംസ്കാരത്തേയും അവശ ജനവിഭാഗത്തിന്റെ ഗുണത്തേയും ലക്ഷ്യമാക്കി നിരവധി കവികൾ തീക്ഷ്ണഭാവങ്ങൾ ആവിഷ്കരിക്കുന്ന കവിതകൾ രചിച്ചു. കവിമണി ദേശിക വിനായകംപിള്ള (1876-1952), ശുദ്ധാനന്ദ ഭാരതി, നാമക്കൽ രാമലിംഗംപിള്ള (1888-1972) തുടങ്ങിയവരാണ് ഇവരിൽ പ്രമുഖർ.
കവിമണി ദേശിക വിനായകംപിള്ള പഴയതും പുതിയതുമായ ശൈലിയിൽ നിരവധി കവിതകൾ എഴുതി. സമാധാനപൂർണ്ണവും ലളിതവുമായ ജീവിതം നയിച്ചയാളാണ് ഇദ്ദേഹം. അതേ ലാളിത്യവും ശാന്തിയും ഇദ്ദേഹത്തിന്റെ കവിതകളിലും കാണാം. സമരതീക്ഷ്ണമായൊരു കാലഘട്ടത്തിൽ ജീവിച്ചിരുന്നിട്ടും ഇദ്ദേഹത്തിന്റെ മനസ്സും കവിതയും ശാന്തമായി വർത്തിച്ചത് അത്ഭുതമെന്നു വേണം പറയാൻ. കവിതാരചനയിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ദ്ധ്യം അനിതര സാധാരണമാണ്. അതീവ ഹൃദ്യവും ഒഴുക്കുള്ളതുമായിരുന്നു ഇദ്ദേഹത്തിന്റെ ശൈലി. പുരോഗമനപരമായ ആശയങ്ങൾ ക്ളിഷ്ടതയില്ലാതെ ഉള്ളിൽ തട്ടും പടി ഇദ്ദേഹം അവതരിപ്പിച്ചു. തീക്ഷ്ണമായ ദേശീയബോധം ആവിഷ്കരിക്കുകയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തെ ഉത്തേജിപ്പിക്കുകയും ചെയ്ത നാമക്കൽ രാമലിംഗംപിള്ള ഭാരതിയെപ്പോലെ പൌരാണിക ഭാരതീയ സംസ്കാരത്തെ തന്റെ കവിതകളിൽ ഉയർത്തിക്കാട്ടി. ഹിന്ദിഭാഷയ്ക്ക് എതിരായ മനോഭാവം തമിഴ്നാട്ടിൽ വളർന്നു വന്നുകൊണ്ടിരുന്ന കാലത്ത് ആ മനോഭാവം ലേശംപോലും സ്പർശിക്കാത്ത കവിതകൾ എഴുതിയ ദേശാഭിമാനിയാണ് ഇദ്ദേഹം. നാമക്കൽ രാമലിംഗം പിള്ളയെ തമിഴ്നാട്ടിലെ ആസ്ഥാന കവിയായി ഗവൺമെന്റ് അവരോധിച്ചു എന്നു മാത്രമല്ല, അദ്ദേഹം പദ്മഭൂഷൺ ബഹുമതിക്കു പാത്രമാവുകയും ചെയ്തു.
വൈവിധ്യമാർന്ന അനവധി കവിതകൾ രചിച്ച അവിസ്മരണീയനായ കവിയാണ് ശുദ്ധാനന്ദ ഭാരതി. പരമ്പരാഗത സംസ്കാരത്തെ നിലനിറുത്തുന്നതോടൊപ്പം സാമ്പത്തികവും വ്യാവസായികവുമായ പുരോഗതി കൈവരിക്കുന്ന നൂതന ഭാരതത്തെ വിഭാവനം ചെയ്തുകൊണ്ട് ഇദ്ദേഹം പല കൃതികളും രചിച്ചു. ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനമാണ് ഭാരതശക്തി മഹാകാവ്യം. അന്യാപദേശ കാവ്യത്തിന്റേയും ഇതിഹാസത്തിന്റേയും സ്വഭാവങ്ങൾ ഇതിൽ ഒത്തുചേർന്നിരിക്കുന്നതു കാണാം. ഭാരതീദാസനിൽനിന്നു വ്യത്യസ്തമായി തമിഴ് ദേശീയതയ്ക്കും സാമൂഹിക പരിവർത്തനത്തിനും വേണ്ടി വാദിച്ച കവിയാണ് ശുദ്ധാനന്ദഭാരതി. സുബ്രമണ്യഭാരതിയിൽനിന്ന് ശക്ത്യുപാസനയോടുളള ആസക്തി സ്വാംശീകരിച്ച പില്ക്കാല കവികളിൽ പ്രധാനിയാണ് എസ്.ഡി.എസ്.യോഗി. ഇംഗ്ളീഷ് കവിയായ വാൾട്ട് വിറ്റ്മാന്റെ ലീവ്സ് ഒഫ് ഗ്രാസ് അതീവ ഹൃദ്യമായി ഇദ്ദേഹം തമിഴിലേക്കു പരിഭാഷപ്പെടുത്തി. ഭാവനയല്ല, വിജ്ഞാനമാണ് കാവ്യ രചനയ്ക്ക് അത്യന്താപേക്ഷിതമെന്നു വിശ്വസിച്ച കവിയാണ് ഭാരതീദാസന്റെ അനുയായികളിൽ പ്രധാനിയായ ചുരത. വായനക്കാരുടെ മനംകവരുന്ന പുതുമയുളള അലങ്കാരങ്ങൾ ധാരാളം പ്രയോഗിച്ചിട്ടുളള അദ്ദേഹം ഉപമകളുടെ കവി എന്ന പേരിൽ അറിയപ്പെടുന്നു.
ഭാരതീദാസന്റെ അനുയായികളിൽ കൂടുതൽ ജനപ്രീതി നേടിയിട്ടുളള കവിയാണ് സിനിമാഗാനകർത്താവെന്ന നിലയിൽ പ്രശസ്തനായ കണ്ണദാസൻ. ദ്രാവിഡജനതയുടെ മഹത്ത്വം പ്രഖ്യാപിക്കുന്നതിൽ തത്പരനായിരുന്ന ഇദ്ദേഹം പില്ക്കാലത്ത് പ്രസ്തുത ആദർശത്തിന്റെ എതിരാളിയായി മാറി. നിയോക്ളാസ്സിക് ശൈലിയാണ് ഇദ്ദേഹം പൊതുവേ തന്റെ കവിതകളിൽ അവലംബിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ കാലഘട്ടത്തിനുശേഷം ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ചുരുക്കം ചില കവികളേ ഉണ്ടായിട്ടുളളൂ. കൊത്തമംഗലം സുബ്ബു (1910-74), സുരഭി, എസ്.ഡി. സുന്ദരം (1921-78) എന്നിവരാണ് ഇവരിൽ പ്രധാനികൾ. ഭാരതീദാസന്റെ കാവ്യദർശനങ്ങളിലും ദ്രാവിഡ സംസ്കാരമഹത്ത്വം വിളംബരം ചെയ്യുന്നതിലും സാഫല്യം കണ്ടെത്തിയ പുതിയ കവികളാണ് പെരുഞ്ചിത്രൻ, പൊന്നടിയൻ, ചാലൈ ഇളന്തിരയൻ, കോവേന്തൻ, കരുവിക്കമ്പൈഷൺമുഖം തുടങ്ങിയവർ. ഭാരതീദാസന്റേയും മറ്റും സ്വാധീനം ഒരു ഘട്ടത്തിലെ കവിതകളിൽ പ്രകടമായിരുന്നെങ്കിലും പിന്നാലെ വന്ന കവികളിൽ അധികം പേരും ആ രീതി വെടിഞ്ഞ് മാനവികതയെ ആദർശവൽക്കരിക്കുകയാണ് ചെയ്തത്. പുതിയ കവികൾ നിയോക്ളാസ്സിക്ക് ശൈലിയിൽ നിന്നു വ്യതിചലിച്ച് പുതിയ കാലഘട്ടത്തിന്റെ അഭിരുചികൾക്കൊത്തവിധം നൂതന ശൈലികൾ ആവിഷ്കരിക്കുവാൻ സന്നദ്ധരായി.
നവീനകവിത
[തിരുത്തുക]ഭാരതീദാസന്റെ കവിതകളിൽനിന്നാരംഭിച്ച് അദ്ദേഹത്തിന്റെ അനുയായികളിലൂടെ വിപുലപ്രചാരം നേടിയിരുന്ന സങ്കുചിത ദേശാഭിമാനം, കൃത്രിമ ചമത്ക്കാരത്തോടുളള ആഭിമുഖ്യം, നിയോക്ളാസ്സിക് ശൈലിയുടെ പ്രയോഗം എന്നിവയിൽ നിന്ന് തമിഴ് കവിത സ്വതന്ത്രമാവുകയും പാശ്ചാത്യസാഹിത്യത്തിലെ ന്യൂ പൊയട്രിയുവകവികളെ സ്വാധീനിക്കുകയും ചെയ്തതിന്റെ ഫലമായി തമിഴിൽ പുതുക്കവിതപ്രസ്ഥാനം രൂപംകൊണ്ടു. ഈ പുതിയ കവിതാസരണിയിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് വൃത്തനിബദ്ധമല്ലാത്ത ഗദ്യകവിതകളാണ്. ഭാരതിയുടെ പ്രചോദനം ആർജ്ജിച്ച ആദ്യത്തെ കവികളിൽ ഒരാളായ പിച്ചമൂർത്തി (1900-78) പുതിയ രചനാശില്പം അവലംബിച്ചെങ്കിലും തമിഴ് കവിതയുടെ പാരമ്പര്യത്തിൽ നിന്നു വ്യതിചലിച്ചില്ല. ആരംഭത്തിൽ താളനിബദ്ധമായിരുന്ന അദ്ദേഹത്തിന്റെ രചനാരീതി തനി ഗദ്യത്തിന്റെ രൂപംകൊണ്ടത് നാല്പതുകളിലാണ്. പിച്ചമൂർത്തിയുടെ കവിതാരീതിയിൽ നിന്ന് സാരമായ വ്യത്യാസം പ്രകടിപ്പിച്ച കു.പ. രാജഗോപാലനാണ് (1902-44) ശ്രദ്ധേയനായ മറ്റൊരു നവീന കവി. എന്നാൽ വല്ലിക്കണ്ണന്റെ 'ബുദ്ധിശക്തി'യാണ് ആദ്യത്തെ ഗദ്യകവിതാസമാഹാരം.
നാല്പതുകളുടെ ആരംഭത്തിൽ പ്രചരിച്ച ഗദ്യകവിതാരീതി ആ ദശകത്തിന്റെ അന്ത്യത്തിൽ ലുപ്ത പ്രചാരമായെങ്കിലും അൻപതുകളിൽ കൂടുതൽ പുതുമയോടുകൂടി വീണ്ടും പ്രത്യക്ഷപ്പെട്ടു. പ്രശസ്ത സാഹിത്യകാരനായ കാ.നാ. സുബ്രഹ്മണ്യമാണ് അതിനു മാർഗ്ഗദർശിയായത്. അദ്ദേഹത്തെ പല യുവകവികളും ആചാര്യനായി അംഗീകരിച്ചു. നവീന കവിതയെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ടി ശക്തിയുക്തം വാദിക്കുകയും ചെയ്ത എഴുത്തുപോലുളള ആനുകാലികങ്ങളുടെ ആവിർഭാവം തമിഴ് കവിതാ സാഹിത്യത്തെ ഒരു വഴിത്തിരിവിലേക്കു നയിച്ചു. ഇത്തരം ആനുകാലികങ്ങളിലൂടെ വായനക്കാരുടെ ശ്രദ്ധയാകർഷിച്ച കവികളിൽ പ്രമുഖർ സുന്ദരരാമസ്വാമി, തി.സോ. വേണുഗോപാലൻ, ദാരുമു ശിവരാമു, ടി.കെ. ദുരൈസ്വാമി, സി. മണി, എസ്.വൈത്തീശ്വരൻ എന്നിവരാണ്. സുന്ദരരാമസ്വാമിയുടെ 'ഉൻകൈനഹ'ത്തിൽ നവീനകവിതയുടെ സവിശേഷമായ വീക്ഷണഗതിയും സങ്കീർണതകളും തികച്ചും പ്രകടമാണ്. ദാരുമു ശിവരാമുവിന്റെ വിടിവ് (പ്രഭാതം), ഇ. എം.സി. 2 എന്നിവയെ നവീനകവിതയുടെ ഉത്തമോദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു. ടി.എസ്. എലിയട്ടിന്റെ രചനാശില്പം മാതൃകയാക്കി രചിച്ചിരുന്ന സി. മണിയുടെ 'നരകം' എന്ന കവിത തമിഴ് നവീന കവിതയുടെ മറ്റൊരു മുഖമാണ് കാഴ്ചവയ്ക്കുന്നത്. ഈ നവീന കവിതകളെല്ലാം ബിംബ പ്രധാനങ്ങളാണ്. ചിലരുടെ കൃതികളിൽ ബിംബങ്ങൾ വൈകാരികഭാവങ്ങളേക്കാൾ ധിഷണാവ്യാപാരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വൈത്തീശ്വരന്റെ കൃതികൾ ഇതിനുദാഹരണമാണ്.
മേൽപ്പറഞ്ഞ കവികളിൽ നിന്നു വ്യത്യസ്തമായി സമകാലിക ജീവിതത്തിലെ പൊള്ളത്തരങ്ങളും കൃത്രിമത്വവും സാംസ്കാരികാധഃപതനവും ചിത്രീകരിച്ച മറ്റു ചില കവികളും അറുപതുകളിൽ രംഗപ്രവേശം ചെയ്തു. അവരിൽ പ്രമുഖനാണ് ജ്ഞാനകൂത്തൻ. അദ്ദേഹത്തിന്റെ മിക്ക കൃതികളിലും സമകാലിക ജീവിതത്തിന്റെ നേർക്കുളള മൂർച്ചയേറിയ പരിഹാസശരങ്ങൾ മുന്നിട്ടു നില്ക്കുന്നതു കാണാം. തിരുവനന്തപുരത്തുകാരനായ നീല പദ്മനാഭൻ, സച്ചിദാനന്ദം, ആർ. മീനാക്ഷി, മാ.ദക്ഷിണാമൂർത്തി, കെ.രാജാറാം, നീലമണി, ആത്മനാം, കല്യാൺജി, ബാലകുമാരൻ, മാലാൻ, ഹരിശ്രീനിവാസൻ തുടങ്ങിയവരും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്.
പുരോഗമന കവിത
[തിരുത്തുക]തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ജീവാനന്ദന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച താമരൈ എന്ന മാസികയിലാണ് പുരോഗമനകവിതകൾ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ജീവാനന്ദം (1907-63), സി. രഘുനാഥൻ, കെ.സി.എസ്. അരുണാചലം എന്നിവരാണ് ഈ മാസികയിലൂടെ പുരോഗമനകവിതയുടെ ഉപജ്ഞാതാക്കളായി രംഗത്തുവന്ന പ്രമുഖർ. ഇവർ മൂല്യമേറിയ പുരോഗമനകവിതകളുടെ ആവിർഭാവത്തിനു വഴിതെളിച്ചു.1968-ൽ നാ.കാമരാജൻ പുരോഗമനപരമായ ഗദ്യകവിതകൾ രചിച്ചുകൊണ്ട് നവീനകവിതയേയും ഗദ്യകവിതയേയും സംയോജിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു. മീരാശില്പി, പുവിയരശു, തമിഴൻപൻ എന്നിവരും താമരൈക്കു വേണ്ടി കവിതകൾ രചിച്ചു. കൈ. തിരുനാവുക്കരശു, നവഭാരതി, അഗ്നിപുത്തിരൻ, തമിഴ്നാടൻ, ശക്തിക്കൂനൻ, പ്രഭജ്ഞകവി, കൊ. രാജാറാം എന്നിവരാണ് താമരൈയിലൂടെ അംഗീകാരം നേടിയ മറ്റു ചില പുരോഗമനകവികൾ.
1971-ൽ പുരോഗമനകവികളിൽ ചിലർ വാനമ്പാടികൾ എന്ന പേരിൽ ഒരു സംഘടന രൂപവത്കരിച്ചു. നാ. കാമരാജൻ, മീരാ, പുവിയരശു, മേത്ത തുടങ്ങിയവരാണ് ഈ സംഘടനയിലെ പ്രമുഖർ. പല പുരോഗമനകവികളും കവിതാസൗകുമാര്യത്തേക്കാൾ സന്ദേശത്തിനു വില കല്പിച്ചപ്പോൾ അതിനു വിപരീതമായ സമീപനം കൈക്കൊണ്ട കവികളാണ് തമിഴൻപൻ, വൈരമുത്തു എന്നിവർ. എക്സ്പ്രഷനിസം പരീക്ഷിച്ച അബി(ഹബിബുള്ള)യും ഇംപ്രഷനിസം പരീക്ഷിച്ച അബ്ദുൾ റഹിമാനുമാണ് ശ്രദ്ധേയരായ മറ്റു രണ്ട് കവികൾ.
പുരോഗമന കവിതയ്ക്ക് വായനക്കാരിൽ ഒരു വിഭാഗത്തെ പ്രചോദിപ്പിക്കാൻ കഴിഞ്ഞെങ്കിലും തമിഴ് കവിതാരംഗത്തെ പൊതുവേ സ്വാധീനിക്കാൻ അതിന് കഴിഞ്ഞില്ല. അതുപോലെ നവീന കവിതയുടെ പ്രയോക്താക്കളായി നിരവധി പേർ രംഗത്തുവന്നെങ്കിലും അതിനു സാമാന്യമായ അംഗീകാരം ലഭിച്ചില്ല. 20-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളിൽ രംഗത്തുവന്ന ചില യുവകവികളാണ് കനിമൊഴി, സൽമാ, മനുഷ്യപുത്തിരൻ, വൈഗൈ ചെൽവി, തിലകസാമ, കുട്ടിരേവതി, പഴുമലൈ തുടങ്ങിയവർ. ഇവർ നവീന കവിതയേയും പുരോഗമന കവിതയേയും തളളിപ്പറഞ്ഞുകൊണ്ട് ആധുനികോത്തര കവിത എന്ന പ്രസ്ഥാനം ആരംഭിച്ചു. എന്നാൽ അതും ഒരു പരീക്ഷണമായി മാത്രം അവശേഷിച്ചതേയുള്ളൂ.
ചെറുകഥ
[തിരുത്തുക]തമിഴിൽ 'ചെറുകഥാ'രൂപത്തിലുളള സാഹിത്യകൃതികൾ എഴുതപ്പെട്ടു തുടങ്ങിയത് 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽമാത്രമാണ്. വിവേകചൂഡാമണി എന്ന ആനുകാലികത്തിൽ 19-ാം ശ.-ത്തിന്റെ അന്ത്യദശകത്തിൽ പ്രത്യക്ഷപ്പെട്ട ചുരുക്കം ചില കഥകളാണ് തമിഴിലെ ആദ്യത്തെ ചെറുകഥകൾ. അക്കാലത്ത് ബംഗാളി ഭാഷയിൽ രവീന്ദ്രനാഥടാഗൂറും ബങ്കിം ചന്ദ്രചാറ്റർജിയും രചിച്ച കഥകളും ഇംഗ്ളീഷ് കഥകളും ഫ്രഞ്ച്-റഷ്യൻ തുടങ്ങിയ മറ്റു ഭാഷകളിലെ കഥകളുടെ തർജ്ജിമകളും തമിഴിലെ എഴുത്തുകാരെ ആകർഷിച്ചതിന്റെ ഫലമായിട്ടാണ് അവയുടെ മാതൃകയിലുളള കഥകൾ തമിഴിൽ രചിക്കുവാനുളള സമാരംഭങ്ങൾ നടന്നത്.
ചെറുകഥ എന്ന സാഹിത്യരൂപത്തിന്റെ ലക്ഷണങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ട് തമിഴിൽ ആദ്യമായി കഥകൾ എഴുതിയ സാഹിത്യകാരന്മാരിൽ പ്രഥമഗണനീയൻ വി.വി.എസ്.അയ്യർ (1881-1925) ആണ്. അദ്ദേഹം 1915-നും 17-നും ഇടയ്ക്ക് പല കഥകളും വിവേകചൂഡാമണിയിൽ പ്രസിദ്ധപ്പെടുത്തിവന്നു. ആ കഥകൾ മങ്കയർക്കരശിയിൽ കാതൽ എന്ന തലക്കെട്ടോടുകൂടിയ ഒരു സമാഹാരമായി 1917-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത അവയുടെ പ്രമേയങ്ങൾക്കുളള വൈചിത്ര്യമാണ്. അക്കാരണത്താൽ ആ കഥകൾ തമിഴിലെ ചെറുകഥാകൃത്തുക്കൾക്ക് അനുകരണീയമായ മാതൃകകളായിത്തീർന്നു. വിവേകബോധിനി എന്നൊരു ആനുകാലികത്തിൽ 1915-ൽ പ്രസിദ്ധീകരിക്കപ്പെട്ട കുളത്തുങ്കരൈ അരശുമരംഎന്ന കഥ സവിശേഷ ശ്രദ്ധ അർഹിക്കുന്നതാണ്. ഇംഗ്ളീഷിലേയും ഫ്രഞ്ചിലേയും കഥകളിൽ കണ്ടെത്തിയ രചനാകൌശലങ്ങൾ പലതും വി.വി.എസ്. അയ്യർ തന്റെ കൃതികളിൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന് ഈ സമാഹാരം വെളിപ്പെടുത്തുന്നു. ആ പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ പിൻഗാമികളായ ചെറുകഥാകാരൻമാരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
വി.വി.എസ്.അയ്യരോടൊപ്പം പോണ്ടിച്ചേരിയിൽ പ്രവാസം അനുഷ്ഠിച്ചിരുന്ന വിഖ്യാതകവിയായ സുബ്രഹ്മണ്യഭാരതിയുടെ കഥകളിൽ പലതും ഹാസ്യരസാത്മകങ്ങളോ നേർത്ത നർമ്മരസം തുളുമ്പുന്നവയോ ആണ്. അന്യാപദേശരൂപത്തിലുളള ഏതാനും കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആധുനിക കഥയുടെ ഏകതാനത പ്രദർശിപ്പിക്കുന്ന 'കാന്താമണി' എന്ന കഥ സാധാരണവായനക്കാരുടെ ശ്രദ്ധ വേണ്ടിടത്തോളം ആകർഷിച്ചിട്ടില്ലെങ്കിലും രചനാശില്പത്തിന്റെ ഭദ്രതകൊണ്ട് ശ്രദ്ധേയമത്രേ. വി.വി.എസ്. അയ്യരുടെ സമകാലികനായിരുന്ന എ. മാധവയ്യ സാമൂഹികജീവിതപരിഷ്കരണത്തെ ലക്ഷ്യമാക്കി കഥകളെഴുതിയ എഴുത്തുകാരനാണ്. പരമ്പരാഗത സാമൂഹികമര്യാദകൾ അന്ധമായി അനുവർത്തിക്കുന്ന പതിവിന്റെ ദോഷഫലങ്ങൾ വെളിപ്പെടുത്തി സാമൂഹികപരിവർത്തനം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി അദ്ദേഹം അനേകം കഥകൾ രചിച്ചു. ലോകോപകാരി എന്ന വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലൂടെ മികച്ച ഗദ്യശൈലിയുടെ ഉടമ എന്ന പ്രശസ്തി ആർജിച്ച റ്റി.ജെ. രംഗനാഥനാണ് മറ്റൊരു ആദ്യകാല ചെറുകഥാകൃത്ത്. അദ്ദേഹത്തിന്റെ കഥകളിൽ വച്ച് ഏറ്റവും കൂടുതൽ ജനസമ്മതി ആർജ്ജിച്ചിട്ടുളളത് 'നൊണ്ടിക്കിളി' എന്ന കഥയാണ്.
പുതിയ ഉണർവ്
[തിരുത്തുക]തമിഴിലെ ചെറുകഥാസാഹിത്യത്തിന് ഒരു പുതിയ ഉണർവു നല്കി അതിനെ വികസിപ്പിക്കുകയും ജനസാമാന്യത്തെ കഥയുടെ നേർക്ക് ആകർഷിക്കുകയും ചെയ്ത എഴുത്തുകാരനാണ് കല്ക്കി ആർ. കൃഷ്ണമൂർത്തി (1899-1954). അദ്ദേഹത്തിന്റെ ആദ്യകാല കഥകളുടെ സമാഹാരം 1927-ൽ ശാരദയിൻ തന്തിരം എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ സമാഹാരത്തിലെ ചില കഥകളിൽ കഥാകൃത്തിനും കഥാനായകനും പകരം മൂന്നാമതൊരു വ്യക്തി കഥ പറയുന്ന രീതി വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടുണ്ട്. തമിഴ് ചെറുകഥയ്ക്ക് വൈവിധ്യം പ്രദാനം ചെയ്യാനും അതിന്റെ ശില്പഭംഗി വികസിപ്പിക്കാനും കല്ക്കിയുടെ കഥകൾക്കു കഴിഞ്ഞിട്ടുണ്ട്.
കല്ക്കി, കഥകൾ എഴുതിയ കാലത്തുതന്നെ അദ്ദേഹത്തിന്റെ കൃതികളിൽ നിന്നു വ്യത്യസ്തമായ ഒരു സമീപനത്തോടുകൂടി കഥകൾ രചിച്ചിരുന്ന ഒരു പ്രമുഖ വ്യക്തിയാണ് രാജാജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സി. രാജഗോപാലാചാരി (1876-1973). താൻ വിലമതിച്ചിരുന്ന സാമൂഹികലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുളള ഒരു ഉപാധി എന്ന നിലയിലാണ് അദ്ദേഹം കഥാരചന നടത്തിയിരുന്നത്. സാമൂഹികജീവിത പരിഷ്കരണം, ദുരാചാരങ്ങളുടെ നിർമ്മാർജ്ജനം, മദ്യവർജ്ജനം തുടങ്ങിയവയാണ് രാജാജികഥകളുടെ ലക്ഷ്യങ്ങൾ. അദ്ദേഹത്തിന്റെ അയത്നലളിതമായ ശൈലിയും നർമ്മബോധവും ആർജ്ജവവും കഥകളെ ആസ്വാദ്യമാക്കിയിട്ടുണ്ട്. 'ദേവാനൈ' ആണ് അദ്ദേഹത്തിന്റെ ചെറുകഥകളിൽ വച്ച് കൂടുതൽ ആസ്വാദ്യമായി കരുതപ്പെടുന്ന ഒരു കഥ.
കല്ക്കിയുടെ കഥകളുടെ പ്രചാരകാലത്തുതന്നെ അവയിൽ നിന്ന് വ്യത്യസ്തമായ ഉദ്ദേശ്യത്തോടുകൂടിയും വ്യത്യസ്തശൈലിയിലും കഥകൾ രചിച്ചിരുന്ന എഴുത്തുകാരനാണ് നാരണദുരൈക്കണ്ണൻ (ജ. 1906). വായനക്കാരെ രസിപ്പിക്കുക എന്നതല്ല അവരെ ധർമ്മോപദേശം വഴി സന്മാർഗ്ഗത്തിലേക്കു നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എങ്കിലും ധർമ്മോപദേശപരമല്ലാത്ത ചുരുക്കം ചില കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിന് ഒരു ഉദാഹരണമായി സന്ദേകം എന്ന കഥയെ ചൂണ്ടിക്കാണിക്കാം.
പുതിയ ആനുകാലികങ്ങളും ചെറുകഥകളും
[തിരുത്തുക]20-ാം ശ.-ത്തിന്റെ രണ്ടാംപാദത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയ ആനുകാലികങ്ങൾ ചെറുകഥയ്ക്കു പ്രാധാന്യം കല്പിക്കുകയും അതിന്റെ ഫലമായി പൂർവ്വാധികം ചെറുകഥകൾ പുറത്തുവരികയും ചെയ്തു. ചെറുകഥാകൃത്തുക്കളുടെ എണ്ണം വർദ്ധിക്കാനും ഈ ആനുകാലികങ്ങളുടെ ആവിർഭാവം ഉപകരിച്ചു. ആനന്ദവികടൻ, മണിക്കൊടി തുടങ്ങിയ പല ആനുകാലികങ്ങളും ചെറുകഥാ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സാധാരണക്കാരായ വായനക്കാർക്ക് ചെറുകഥാസാഹിത്യത്തിൽ താത്പര്യം വർദ്ധിക്കുന്നതിന് ഈ മത്സരങ്ങൾ വളരെയധികം സഹായകമായി.
മണിക്കൊടിയുടെ പത്രാധിപനായിരുന്ന ബി.എസ്. രാമയ്യ അതിനെ ചെറുകഥയ്ക്കു വേണ്ടി മാത്രമുളള ഒരു വാരികയാക്കി മാറ്റി. മണിക്കൊടിയുടെ ആഭിമുഖ്യത്തിലും പിച്ചമൂർത്തി, രാമയ്യ എന്നിവരുടെ നേതൃത്വത്തിലും ചെറുകഥാകാരന്മാരുടെ ഒരു സംഘം രൂപംകൊണ്ടു. രാമയ്യയുടെ പ്രധാനപ്പെട്ട ചെറുകഥകളിലൊന്നായ കുഞ്ചിതപാദം എന്ന കഥയിൽ, സ്വയം മര്യാദയുടെ വക്താവെന്ന നിലയിൽ ഈശ്വരവിശ്വാസത്തേയും മതത്തേയും ശക്തമായി എതിർത്തുവന്നിരുന്ന കഥാനായകൻ കുറേക്കാലം കഴിഞ്ഞ് ഒരവസരത്തിൽ അതേ വിശ്വാസപ്രമാണങ്ങളെ അനുകൂലിച്ചു സംസാരിക്കുന്നതായി പ്രതിപാദിച്ചിട്ട് അയാളിൽ സംഭവിച്ച മാനസിക പരിവർത്തനത്തെ വിശദമായി ചിത്രീകരിച്ചിരിക്കുന്നു.
പുതുമൈപ്പിത്തനും ചെറുകഥയുടെ പുതിയ മാതൃകയും
[തിരുത്തുക]മണിക്കൊടിയിൽ പതിവായി കഥയെഴുതിയിരുന്ന മറ്റൊരാൾ തമിഴ് ചെറുകഥാകാരന്മാരിൽ ആഗ്രഗണ്യനെന്നു പറയാവുന്ന പുതുമൈപ്പിത്തൻ (സി. വൃദ്ധാചലം: 1906-48) ആയിരുന്നു. തമിഴ്സാഹിത്യത്തിൽ ശാശ്വതമുദ്ര അർപ്പിച്ചിട്ടുളള എഴുത്തുകാരനാണ് പുതുമൈപ്പിത്തൻ. ലോകത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ വിഖ്യാതകഥകളോട് താരതമ്യപ്പെടുത്താവുന്ന അനേകം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നതിലും യാഥാർത്ഥ്യബോധം ജനിപ്പിക്കത്തക്കവണ്ണം അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിനുളള അസാമാന്യമായ കഴിവിന് എല്ലാ കഥകളും ദൃഷ്ടാന്തങ്ങളാണ്. അദ്ദേഹത്തിന്റെ ആഖ്യാനരീതി ഏതൊരു വായനക്കാരന്റേയും മനസ്സിൽ പതിയത്തക്കവണ്ണം ആകർഷകമാണ്.
പുതുമൈപ്പിത്തന് സമശീർഷനായി കണക്കാക്കാവുന്ന മറ്റൊരു ചെറുകഥാകൃത്താണ് കു.പ. രാജഗോപാൽ (1902-44). തന്റെ ഓരോ കഥയുടേയും അന്തർഭാവത്തിനൊത്ത ചിത്രീകരണരീതി കണ്ടെത്തി പ്രയോഗിക്കാൻ രാജഗോപാലിനുണ്ടായിരുന്ന കഴിവ് അദ്ദേഹത്തിന് തമിഴ് ചെറുകഥാ സാഹിത്യത്തിൽ ഉന്നതസ്ഥാനം നേടിക്കൊടുത്തു. വിടിയുമാ?(പുലരുമോ) എന്ന ശീർഷകത്തോടുകൂടിയ കഥ അദ്ദേഹത്തിന്റെ കാവ്യപ്രമേയങ്ങൾക്കുള്ള തീക്ഷ്ണതയും ആഖ്യാനരീതി തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ചിട്ടുളള പാടവവും വെളിപ്പെടുത്തുന്നു.
പുതുമൈപ്പിത്തനേയും രാജഗോപാലനേയും പോലെ കഥാപ്രമേയങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അവ ചിത്രീകരിക്കുന്ന രീതിയിലും ഉന്നതമാനദണ്ഡങ്ങൾ പാലിച്ചിരുന്ന മറ്റൊരു കഥാകാരനായിരുന്നു പിച്ചമൂർത്തി. കഥാരചനയ്ക്ക് അനുയോജ്യങ്ങളായ സംഭവങ്ങളും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളും പരസ്പരം ഇഴുകി ചേരത്തക്കവണ്ണം കലാപരമായി വിഭാവനം ചെയ്ത് ചിത്രീകരിച്ച മറ്റൊരു മികവുറ്റ എഴുത്തുകാരനാണ് മൌനി. മിക്കപ്പോഴും കഥാപാത്രങ്ങൾക്ക് പേരുകൾ നല്കാതെ അവൻ എന്നോ അവൾ എന്നോ ഉളള സർവ്വനാമങ്ങൾ മാത്രം ഉപയോഗിച്ച് പാത്രചിത്രീകരണം നടത്തിയ എഴുത്തുകാരനെന്ന നിലയിൽ ഇദ്ദേഹം അനന്യ സദൃശനാണ്. മൌനിയുടെ അവതരണരീതി തന്നെ, അനുവർത്തിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങൾക്ക് പ്രാധാന്യമുളള കഥകൾ രചിച്ച ഒരാളാണ് എൽ. എസ്. രാമാമൃതം. അദ്ദേഹം തന്റെ മിക്ക കഥകളിലും ഒരുതരം ബോധധാരാ രീതിയാണ് ആഖ്യാനത്തിൽ അവലംബിച്ചിട്ടുള്ളത്.
കഥാപാത്രങ്ങൾ തങ്ങളുടെ ഉളളിലേക്കുതന്നെ തിരിഞ്ഞു നോക്കി സ്വയം കണ്ടെത്താൻ ശ്രമിക്കുന്നതായി ചിത്രീകരിച്ച ക. നാ. സുബ്രഹ്മണ്യം ഒരു പ്രമുഖ നിരൂപകനും കൂടിയാണ്. മനോതത്വം എന്ന കഥയിൽ ഇദ്ദേഹം തന്റെ കഥാപാത്രത്തിന്റെ കുറ്റബോധം മിഴിവോടുകൂടി വിശദീകരിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സിൽ നടക്കുന്ന വ്യാപാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് കഥകൾ എഴുതിയ മറ്റു മൂന്നുപേരാണ് സി.എസ്. ചെല്ലപ്പയും എൻ. ചിദംബര സുബ്രഹ്മണ്യവും പി.ജി. സുന്ദരരാജനും.
മണിക്കൊടിക്കുവേണ്ടി കഥകൾ എഴുതിത്തുടങ്ങിയ ടി. ജാനകീരാമൻ (1921-82) ചെറുകഥയുടെ രൂപത്തിലും ഭാവത്തിലും പുതുമ കൈവരുത്തി. ഇദ്ദേഹത്തിന്റെ പിന്നാലെ വന്ന പല പുതിയ എഴുത്തുകാരും ഇദ്ദേഹത്തിന്റെ മാർഗ്ഗം പിൻതുടരുകയും ചെയ്തു. ജാനകീരാമന്റെ രചനാശൈലിയുടെ ഒരു ഉത്തമമാതൃകയാണ് മുൾമുടി എന്ന കഥ. ഇദ്ദേഹത്തിന്റെ പിൻഗാമികളായി ചൂണ്ടിക്കാണിക്കാവുന്ന രണ്ട് എഴുത്തുകാരാണ് എം.വി. വേങ്കടരാമുവും കരിച്ചാൻ കുഞ്ചുവും. പുതുമൈപ്പിത്തന്റെ സ്വാധീനത പ്രകടമാക്കുന്ന എഴുത്തുകാരാനായ രഘുനാഥൻ തന്റെ പ്രതിഷേധം കൃതികളിലൂടെ ശക്തമായി പ്രകടിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പ്രതിഫലിപ്പിക്കുന്ന കഥകൾ രചിച്ച ശ്രദ്ധേയനായ ഒരു കഥകൃത്താണ് ജി. അഴഗിരി സ്വാമി.
വൈരുദ്ധ്യമാർന്ന മാനുഷികാനുഭവങ്ങൾ കൈകാര്യം ചെയ്ത് തമിഴ് കഥാസാഹിത്യത്തിൽ സംശ്ളേഷമായ ഒരു സ്ഥാനം ആർജ്ജിച്ച എഴുത്തുകാരനാണ് ജയകാന്തൻ. തികഞ്ഞ യാഥാർത്ഥ്യ പ്രതീതിയോടു കൂടിയാണ് ഇദ്ദേഹം കഥകൾ രചിച്ചിരുന്നതെങ്കിലും അവയിലെല്ലാം തന്നെ ശില്പസൗഷ്ഠവം പാലിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 'നാൻ ഇരുക്കിറേൻ' എന്ന കഥ വെളിപ്പെടുത്തുന്നതുപോലെ തികച്ചും മാനുഷികമായ സമീപനം അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടു പ്രദർശിപ്പിച്ചുകൊണ്ട് അനേകം കഥകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
സാമൂഹികോന്നമനത്തിനുവേണ്ടി കഥകൾ രചിച്ചവരാണ് അറിഞ്ഞർ അണ്ണാ, കലൈഞ്ഞർ കരുണാനിധി, ടി.കെ. ശ്രീനിവാസൻ, തില്ലൈ വില്ലാളൻ തുടങ്ങിയവർ. അഖിലനും നാ. പാർത്ഥസാരഥിയും നോവലെഴുത്തുകാരായിട്ടാണ് പ്രസിദ്ധി ആർജ്ജിച്ചിട്ടുളളതെങ്കിലും ശ്രദ്ധാർഹങ്ങളായ ചെറുകഥകളുടെ കർത്താക്കളും കൂടിയാണ് അവർ. അവശജനവിഭാഗങ്ങളോടുളള സഹാനുഭൂതി പ്രകാശിപ്പിക്കുന്നവയാണ് അവരുടെ മുഖ്യകഥകൾ എന്നു പറയാം.
രാജം കൃഷ്ണൻ, ആർ. ചൂഡാമണി, അനുത്തമ, ലക്ഷ്മി, ശിവശങ്കരി, ഇന്ദുമതി, വാസന്തി, കോമകൾ, താമരൈ, വിമലാരമണി, ജ്യോതിർലത ഗിരിജ എന്നിവർ സ്ത്രീകഥാകൃത്തുക്കളുടെ കൂട്ടത്തിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്നവരാണ്. അംബ എന്ന എഴുത്തുകാരിയെപ്പോലെ വേറേയും പല സ്ത്രീകഥാകൃത്തുക്കളുടേയും കൃതികൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയിൽ അധികം പേരും കുടുംബജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്നതിലാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുളളത്. സ്ത്രീകളുടെ പേര് തൂലികാനാമങ്ങളായി സ്വീകരിച്ചിട്ടുളള ചെറുകഥാകൃത്തുക്കളും ഉണ്ട്. പുഷ്പാതങ്കുതുരൈ, കുമാരി പ്രേമലത, സുജാത, ഡബ്ള്യു.ആർ. സ്വർണലത, സവിത, പ്രതീപ രാജഗോപാലൻ എന്നിവർ ഇവരിൽ പ്രമുഖരാണ്.
നൂതന പ്രവണതകൾ
[തിരുത്തുക]അറുപതുകളിലും അതിനെത്തുടർന്നും ഒട്ടേറെ പുതിയ കഥാകൃത്തുക്കൾ രംഗത്തു വന്നിട്ടുണ്ട്. ആനുകാലികങ്ങളിൽ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുളള കഥകളുടെ എണ്ണം കണക്കിലെടുത്താൽ ഈ കാലഘട്ടത്തിൽ കഥാസാഹിത്യത്തിന് പുതിയ ഒരു ചലനം ഉണ്ടായിട്ടുണ്ടെന്നു പറയാം. പാശ്ചാത്യരാജ്യങ്ങളിലെ പുതിയ ദാർശനിക സമീപനങ്ങൾ ഈ കഥാകൃത്തുക്കളിൽ പലരുടേയും കഥാരചനയെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. അതേസമയം തങ്ങൾക്കു ചുറ്റുമുളള ജീവിതത്തെ തങ്ങളുടേതായ കാഴ്ചപ്പാടിലൂടെ കഥകളിൽ ചിത്രീകരിക്കാൻ അവരിൽ പലരും മനസ്സിരുത്തിയിട്ടുമുണ്ട്. രാജനാരായണൻ (1930- ), അശോകമിത്രൻ (1931- ) എന്നിവർ ഇക്കൂട്ടത്തിൽ പ്രത്യേക പരാമർശമർഹിക്കുന്നു. ഒരു പ്രമുഖ നോവലിസ്റ്റു കൂടിയായ നീലപദ്മനാഭൻ (1938- ) തനതായ ജീവിതവീക്ഷണവും ആഖ്യാനശൈലിയും കഥകളിൽ സാക്ഷാത്കരിച്ചിട്ടുളള എഴുത്തുകാരനാണ്. വണ്ണദാസൻ, ജയപ്രകാശം, ബാലകുമാരൻ, പൂമണി, വല്ലിക്കണ്ണൻ, ഇന്ദിരാപാർത്ഥസാരഥി, സുജാത, വണ്ണനിലവൻ, മാലൻ, നകുലൻ, സിന്ധുജ, രാജേന്ദ്രചോഴൻ, മലർ മന്നൻ, രാജേന്ദ്രകുമാർ, കൃഷ്ണൻ നമ്പി, രാജാറാം, സാംകന്തസ്വാമി, പാ. കണ്ണൻ, ജയരാമൻ തുടങ്ങിയ മറ്റു പല പുതിയ എഴുത്തുകാരും ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ കഥാകൃത്തുക്കളായി രംഗത്തു വരികയും ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്.
ഇലക്കിയവട്ടം, നാടി, കചടതബര, എഴുത്തു, ദീപം, കനൈയാഴി തുടങ്ങിയ പുതിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വർദ്ധന ചെറുകഥാരചനയ്ക്ക് വളരെ പ്രോത്സാഹകമായിട്ടുണ്ട്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി കഥകൾ എഴുതിയിട്ടുളളവരിൽ നല്ലൊരു വിഭാഗം തങ്ങളുടേതായ പ്രത്യേക ജീവിതവീക്ഷണങ്ങളും ആഖ്യാനശൈലികളും കണ്ടെത്തി സാഹിത്യലോകത്ത് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചെറുകഥ തമിഴിൽ ഏറ്റവും കൂടുതൽ പ്രചാരവും അംഗീകാരവും നേടുന്ന ഒരു സാഹിത്യശാഖയായി വികസിച്ചു വന്നു.
നോവൽ
[തിരുത്തുക]ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം നിലവിൽ വരികയും അതിന്റെ ഫലമായി അഭ്യസ്തവിദ്യരായ ഇന്നാട്ടുകാർ ഇംഗ്ളീഷ് സാഹിത്യത്തെക്കുറിച്ച് അറിവു നേടുകയും ചെയ്തതോടുകൂടി പാശ്ചാത്യസാഹിത്യത്തിന്റെ ഗദ്യരൂപങ്ങളിൽ ഒന്നായ നോവൽ ഇന്നാട്ടുകാർക്ക് പരിചിതമായിത്തീർന്നു. തമിഴിലേക്കും മറ്റു ഭാരതീയ ഭാഷകളിലേക്കും ഇംഗ്ളീഷിൽ നിന്ന് ആദ്യം കടന്നുവന്ന സാഹിത്യരൂപങ്ങളിലൊന്നാണ് നോവൽ. നോവൽരൂപത്തിൽ തമിഴിൽ ഉണ്ടായ പ്രഥമ കൃതിയായി കണക്കാക്കപ്പെടുന്നത് സാമുവൽ വേദനായകംപിളളയുടെ 'പ്രതാപമുതലിയാർ ചരിത്രം' (1879) ആണ്. വാസ്തവത്തിൽ അത് നോവലിന്റെ ലക്ഷണമൊത്ത മാതൃകയല്ല. മുഖ്യകഥാപാത്രം തന്നെ തന്റെ ജീവിതത്തിലെ അനുഭവങ്ങൾ ഓരോന്നായി വിവരിച്ചുപോകുന്ന രീതിയിൽ എഴുതപ്പെട്ട ആത്മകഥാസദൃശമായ ഒരു സാഹിത്യകൃതിയാണിത്.
"തമിഴിൽ ഗദ്യഗ്രന്ഥങ്ങളുടെ കുറവ് നികത്താനും ഞാൻ മുമ്പെഴുതിയ പുസ്തകങ്ങളിലെ സന്മാർഗതത്ത്വങ്ങൾ പ്രായോഗികമായി ചിത്രീകരിക്കാനും വേണ്ടിയാണ് ഈ നോവലെഴുതുന്നത്...... എന്നാണ് ഗ്രന്ഥരചനയെപ്പറ്റി 'പ്രതാപമുതലിയാർചരിത്രത്തിന്റെ' ആമുഖത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു നോവലിന്റെ ഇതിവൃത്തത്തിനു യോജിച്ച രൂപത്തിൽ കഥാനായകന്റെ ജീവിതാനുഭവങ്ങൾ വിഭാവനം ചെയ്ത് ഒരു സാഹിത്യകൃതിക്ക് അവശ്യം വേണ്ടതായ വിശ്വാസ്യതയോടും ഇതിവൃത്തഘടനയോടുംകൂടി രചന നിർവഹിക്കുവാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടില്ല. അതിനുമുമ്പ് തമിഴിൽ എഴുതപ്പെട്ടിരുന്ന പരമാർഥകതൈ (ഫാ. ബെസ്ചി, 1822), പഞ്ചതന്ത്രകതൈ (താണ്ഡവരായ മുതലിയാർ, 1826), കട്ടുകതൈകൾ (ഈസപ്പ്, 1893), മദനകാമരാജൻകതൈ (1855), തമിഴറിയും പെരുമാൾ കതൈ (1869) എന്നിവയിലെ രചനോദ്ദേശ്യത്തിന്റെ പാരമ്യമാണ് വേദനായകംപിള്ളയുടെ നോവലിൽ സാക്ഷാത്കരിച്ചിട്ടുളളത്.
വേദനായകംപിളളയുടെ പ്രസ്തുത കൃതി നോവലിന്റെ ഒരു ഉത്തമ മാതൃകയല്ലെങ്കിലും അദ്ദേഹത്തെ പിൻതുടർന്ന് മറ്റു പലരും നോവലിനു സദൃശമായ രൂപത്തിൽ കഥ പറയുന്ന കൃതികൾ രചിക്കാൻ തുടങ്ങി. രാജം അയ്യർ ദക്ഷിണേന്ത്യൻ ബ്രാഹ്മണരുടെ കുടുംബജീവിതം ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി രചിച്ച കമലാംബാൾ ചരിത്രം ആണ് ഇക്കൂട്ടത്തിൽ ആദ്യത്തെ കൃതി. അത് 1893-ൽ വിവേകചിന്താമണി മാസികയിൽ തുടർക്കഥയായി പ്രസിദ്ധീകരിക്കപ്പെട്ടു. മൂന്നാമത്തെ നോവൽ എന്നു പറയാവുന്ന പദ്മാവതീ ചരിത്രം (1898) എഴുതിയത് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്ന മാധവയ്യ (1872-1925) ആയിരുന്നു. ഒരു ബ്രാഹ്മണ-കുടുബത്തിന്റെ ജയപരാജയങ്ങൾ ചിത്രീകരിക്കുന്ന കഥയാണ് ഇതിൽ പ്രതിപാദിച്ചിട്ടുളളത്. ഇതിന്റെ പിന്നാലെ എസ്.എം. നടേശശാസ്ത്രി നോവലിന് സദൃശങ്ങളായ എട്ടു കൃതികൾ പുറത്തിറക്കി (1859-1906). ശാസ്ത്രിയുടെ കോമളം കുമരിയാനത് എന്ന കൃതിയിൽ അസാധാരണങ്ങളായ പ്രമേയങ്ങൾ കഥാരൂപത്തിൽ ചിത്രീകരിക്കുന്നതിൽ ഗ്രന്ഥകാരനുളള പാടവം വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ പരാമർശമർഹിക്കുന്ന മറ്റൊരു ആദ്യകാല നോവലിസ്റ്റ് ടി.എം. പൊന്നുസ്വാമിപിളള (1855-1915) ആണ്. അദ്ദേഹത്തിന്റെ നോവലുകളിൽ ആദ്യത്തേതായ കമലാക്ഷി (1903) സങ്കീർണമായ ഇതിവൃത്തവും രസകരമായ സംഭാഷണവും കൊണ്ട് ആസ്വാദ്യമാണ്.
കുറ്റാന്വേഷണ നോവലുകൾ
[തിരുത്തുക]തമിഴിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ തനവന്റെ (1894) കർത്താവും ശാസ്ത്രി തന്നെയാണ്. കുറ്റാന്വേഷണ നോവലുകൾ ആർജ്ജിച്ച ജനപ്രീതി നിമിത്തം അത്തരം ധാരാളം കൃതികൾ പില്ക്കാലത്ത് രചിക്കപ്പെട്ടു. അവയിൽ അധികവും വിദേശഭാഷാ നോവലുകളെ അനുകരിച്ച് എഴുതപ്പെട്ടവയാണ്. ഉദാഹരണമായി ആരണി കുപ്പുസ്വാമി മുതലിയാർ (1867-1925) രചിച്ച കർപ്പകചോലൈ, കർക്കോട്ടൈ, അർപ്പുദകൊലൈ, മഞ്ചൾ അനൈ മർമം എന്നിവയും വടൂർ ദൊരസ്വാമി അയ്യങ്കാർ (1880-1942) രചിച്ച ദിഗംബരസ്വാമിയാർ, മേനക എന്നീ നോവലുകളും ചൂണ്ടിക്കാണിക്കാം. രംഗരാജുവിന്റെ ചന്ദ്രകാന്താ (1955), തമിഴ് വാണന്റെ കണ്ണിൽ കലർന്തകണ്ണേ (1961), ആറ് അഴകികൾ (1973), മരുതമലൈചാരലിലെ (1974), ദേവൻ രചിച്ച ജസ്റ്റിസ് ജഗന്നാഥൻ (1960), രംഗരാജൻ എന്നു പേരുളള സുജാത (തൂ.നാ.) രചിച്ച അനിതാ ഇളം മനൈവി (1971), നിർവാണനഗരം (1978) കരയെല്ലാം ചെൺപകപ്പു (1979), കൊലൈ ഉതിർകാലം (1981), രാജേഷ്കുമാർ രചിച്ച ഉന്നുടയകൺകൾ മട്ടും, ആപത്ത് ഇങ്കേ ഈർക്കിറത്, പട്ടുക്കോട്ടൈ പ്രഭാകർ രചിച്ച അവൻ തപ്പക്കൂടാത് (1982), തോഴാ തോറ്റുപ്പോ (1984) എന്നീ കൃതികളും പ്രസിദ്ധമാണ്. ദേവീബാല, ശുഭ എന്നീ എഴുത്തുകാരികളും കുറ്റാന്വേഷണ നോവലിസ്റ്റുകളായി അറിയപ്പെടുന്നു.
ഭാരതീയനവോത്ഥാനവും നോവലും
[തിരുത്തുക]സുബ്രഹ്മണ്യഭാരതി ദേശാഭിമാന-നിർഭരമായ കവിതകൾ രചിച്ച് തമിഴ്സാഹിത്യത്തിൽ ഒരു നവോത്ഥാനദശ സൃഷ്ടിച്ചു. ഈ കാലത്തുതന്നെ ബംഗാളിലെ ബങ്കിംചന്ദ്രചാറ്റർജി, ശരച്ചന്ദ്രചാറ്റർജി എന്നിവരുടെ പ്രസിദ്ധ നോവലുകൾ പലതും ടി.എൻ. കുമാരസ്വാമി തമിഴിലേക്ക് പരിഭാഷപ്പെടുത്തി. അവ തമിഴ് വായനക്കാരുടെ വീക്ഷണഗതിയിലും സാഹിത്യാഭിരുചിയിലും മാറ്റങ്ങൾ വരുത്താൻ സഹായകമായി. ആനന്ദവികടന്റെ പത്രാധിപത്യം ഏറ്റെടുത്ത കല്ക്കി കൃഷ്ണമൂർത്തി തമിഴ് നോവലിന്റെ രൂപഭാവങ്ങളിൽ സാരമായ മാറ്റം വരുത്തി. അദ്ദേഹത്തിന്റെ ഭാഷാശൈലിയും രചനാരീതിയും ജനസാമാന്യത്തെ വളരെയധികം ആകർഷിച്ചു. കല്ക്കിയുടെ കണൈയാഴിയിൻ കനവു, കൾവനിൻ കാതലി എന്നീ നോവലുകൾ കഥാപാത്രസങ്കല്പത്തിന്റേയും നവീന രചനാരീതിയുടേയും നാടകീയത കൊണ്ട് വായനക്കാർക്ക് പ്രിയങ്കരങ്ങളായിത്തീർന്നു. സാവിത്രി എന്ന യുവതിയുടെ വിഷാദനിർഭരമായ ജീവിതത്തെ കേന്ദ്രമാക്കിക്കൊണ്ട് കല്ക്കി രചിച്ച ത്യാഗഭൂമി എന്ന നോവൽ തമിഴ് സാഹിത്യത്തിന് ഒരു പുതിയ മാതൃകയായി ഭവിച്ചു. ഇന്ത്യാ ചരിത്രത്തെ പശ്ചാത്തലമാക്കിക്കൊണ്ട് കല്ക്കി രചിച്ച പ്രശസ്ത കൃതിയായ 'പാർഥിപൻ കനവ് ' തമിഴിലെ ആദ്യത്തെ ചരിത്രനോവലായി കണക്കാക്കപ്പെടുന്നു. ഈ നോവലിന്റെ വിജയത്താൽ പ്രചോദിതനായ അദ്ദേഹം ശിവകാമിയിൽ ശപഥം (1945), പൊന്നിയിൽ ശെൽവൻ (1950) എന്നീ രണ്ട് ചരിത്രനോവലുകൾ കൂടി എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ അലൈഓശൈ (1953) എന്ന നോവൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ പശ്ചാത്തലമാക്കി രചിക്കപ്പട്ട ശ്രദ്ധാർഹമായ കൃതിയാണ്. ഈ നോവലിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ഏകദേശം ഇതേ കാലഘട്ടത്തിൽ ആർ. കെ.നാരായണൻ രചിച്ച സ്വാമിയും സ്നേഹിതർകളും സാധാരണ വായനക്കാർക്കു മാത്രമല്ല ബാലികാബാലന്മാർക്കും ആസ്വാദനത്തിനു വക നല്കുന്ന, ഉന്നത നിലവാരമുളള രചനയാണ്.
മണിക്കൊടിയും തമിഴ് നോവലും
[തിരുത്തുക]1933-ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ മണിക്കൊടി എന്ന മാസിക തമിഴ് സാഹിത്യലോകത്ത് വലിയ ഒരു പരിവർത്തനം വരുത്തി. മണിക്കൊടി സൃഷ്ടിച്ച പുതിയ അന്തരീക്ഷത്തിൽ പ്രതിഭാശാലികളും പരിവർത്തനേച്ഛുക്കളുമായ ഏതാനും സാഹിത്യകാരന്മാർ രംഗപ്രവേശം ചെയ്തു. പുതുമൈപ്പിത്തൻ, ബി.എസ്. രാമയ്യ, വി. രാമസ്വാമി അയ്യങ്കാർ (1889-1951) എന്നിവരാണ് ഈ പുതിയ എഴുത്തുകാരിൽ പ്രമുഖർ. പുതുമൈപ്പിത്തന്റെ തുമ്പക്കേണ് തുടങ്ങിയ ചെറുനോവലുകൾ നോവൽ സാഹിത്യത്തിൽ വന്നുചേർന്ന പരിവർത്തനത്തിന് ദൃഷ്ടാന്തങ്ങളാണ്. ഇതേകാലത്ത് രാമകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കല്ക്കി അതിനു പിന്നാലെ പുറത്തിറങ്ങിയ കുമുദം എന്നീ പ്രസിദ്ധീകരണങ്ങൾ ആനന്ദവികടനെ പിന്തള്ളിക്കൊണ്ട് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഈ വാരികകളിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പട്ടുകൊണ്ടിരുന്ന നോവലുകൾ ജനങ്ങളുടെ സാഹിത്യാഭിരുചിക്കു രൂപം കൊടുക്കുന്നതിൽ അതിപ്രധാനമായ പങ്കുവഹിച്ചു. അധികം താമസിയാതെ പുറത്തുവന്ന കലൈമകൾ (1932) എന്ന സാഹിത്യമാസികയും സമകാലിക നോവൽ സാഹിത്യത്തിന്റെ സ്വഭാവം നിർണയിക്കുന്ന ഒരു ശക്തിയായി മാറി. ബംഗാളിഭാഷയിലെ ബങ്കിംചന്ദ്രചാറ്റർജി, ശരച്ചന്ദ്രചാറ്റർജി, രവീന്ദ്രനാഥ ടാഗൂർ എന്നീ മുന്തിയ എഴുത്തുകാരുടെ വിഖ്യാത നോവലുകളും ചന്തുമേനോന്റെ ഇന്ദുലേഖ എന്ന മലയാളനോവലും ഇതേ കാലത്ത് തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വിക്ടർ യൂഗോയുടെ ലാ മിസറബിളെ, ഖണ്ഡേക്കർ തുടങ്ങിയവരുടെ മറാഠിനോവലുകൾ എന്നിവ തമിഴിലേക്ക് തർജ്ജമ ചെയ്യപ്പട്ടതും ഇക്കാലത്താണ്. ഈ അന്യഭാഷാ കൃതികൾ തമിഴ് നോവലെഴുത്തുകാരുടെ മനസ്സിൽ സൃഷ്ടിച്ച പ്രതികരണങ്ങൾ തമിഴ് നോവലിന്റെ രൂപഭാവങ്ങളിൽ പരിവർത്തനം വരുത്താൻ തുടങ്ങി.
ജനപ്രിയനോവലുകളുടെ രൂപഭാവങ്ങളും അവ സാമാന്യ വായനക്കാർക്കിടയിൽ വളർത്തിയ അഭിരുചികളും സാഹിത്യത്തെ ഗൗരവപൂർവ്വം വീക്ഷിക്കുന്ന കാ.നാ. സുബ്രഹ്മണ്യം പോലുളള പല എഴുത്തുകാരുടെയും കർക്കശമായ വിമർശനത്തിന് വിഷയമായി. തമിഴ് ജനതയുടേയും തമിഴ്ഭാഷയുടേയും മഹത്ത്വം ഉയർത്തിക്കാട്ടാനും ജനസമൂഹത്തിന് അവയിൽ അഭിമാനം വളർത്താനും വേണ്ടിയുളള പരിശ്രമം ഏകദേശം ഇതേകാലത്ത് തമിഴ്നാട്ടിൽ ആരംഭിക്കുകയുണ്ടായി. അതിനു ശക്തമായ അടിത്തറ പാകിയത് 'സ്വയമര്യാദ' പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇ. വി. രാമസ്വാമി നായ്ക്കർ ആയിരുന്നു. ഈ പ്രസ്ഥാനത്തിൽ നിന്നു പ്രചോദനം കൊണ്ട പല എഴുത്തുകാരും ജനങ്ങളിൽ തമിഴ്ഭാഷാപ്രേമവും തമിഴ്നാടിനെക്കുറിച്ചുളള അഭിമാനവും വളർത്താൻ ഉതകുന്ന സാഹിത്യകൃതികൾ രചിക്കാൻ ഉദ്യുക്തരായി. ദ്രാവിഡമുന്നേറ്റകഴകത്തിന്റെ സ്ഥാപകനായ സി.എൻ. അണ്ണാദുരൈ (1909-1969) ആണ് ഈ സാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രതിഭാശാലി. എന്നാൽ ഭാഷാഭിമാനവും തമിഴ്സംസ്കാരത്തോടുളള ഭക്തിയും വികാരനിർഭരമായ ശൈലിയിൽ പ്രകാശിപ്പിക്കുന്ന നോവലുകൾ പൊതുവേ തന്നെ സാഹിത്യമൂല്യം കുറഞ്ഞവയായതുകൊണ്ട് അവയ്ക്ക് സാഹിത്യചരിത്രത്തിൽ വലിയ സ്ഥാനം ലഭിച്ചില്ല.
സാമൂഹികനോവൽ കല്ക്കിക്കുശേഷം
[തിരുത്തുക]അഖിലൻ (അഖിലാണ്ഡം) രചിച്ച പ്രധാനപ്പെട്ട നോവലുകൾ നെഞ്ചിൻ അലൈകൾ, പാവൈവിളക്ക്, പെൺ, വേങ്കയിൽ മൈന്തൻ, എങ്കേ പോകിറോം, ചിത്തിരപ്പാവൈ എന്നിവയാണ്. ചിത്തിരപ്പാവൈയ്ക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്. ദീപം എന്ന ലിറ്റിൽ മാഗസീനിന്റെ പത്രാധിപരായിരുന്ന നാ.പാർത്ഥസാരഥി കുറിഞ്ചിമലർ, പൊൻവിലങ്കു, സമുദായവീഥി, തുളസിമാടം എന്നിവയുടെ കർത്താവാണ്. സമുദായ വീഥി കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അർഹമായി. കൊത്തമംഗലം സുബ്ബുവിന്റെ ശ്രദ്ധാർഹമായ നോവലാണ് തില്ലാനാ മോഹനാംബാൾ. നോവലുകളിലൂടെ ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ആഗ്രഹിച്ച മു.വരദരാജൻ ഉദ്ബോധനപരമായ പല നോവലുകളും എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളുടെ കൂട്ടത്തിൽ കള്ളോ കാവ്യമോ, കരിത്തുണ്ട്, നെഞ്ചിൽ ഒരു മുൾ, അകൽവിലക്ക്, അല്ലി, കയമൈ, മൺകൂടിശൈ എന്നിവ ഉൾപ്പെടുന്നു. നോവലുകളിൽ ധാരാളം ഉപമകൾ പ്രയോഗിച്ചുവന്ന ഒരെഴുത്തുകാരനാണ് കു.രാജവേലു. കാതൽ തൂമ്പികിറതു, മകിഴിപ്പു, ഇളവേലിൻ, കാന്തമുൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകൾ. സുന്ദരി, കോതൈത്തീവു എന്നീ നോവലുകളുടെ കർത്താവായ വ. ര. (വ. രാമസ്വാമി)യും ശ്രദ്ധേയനാണ്. എസ്.പി.അണ്ണാമലൈ എഴുതിയ കാതലെന്നും തീവിനിലേ, സോമു എഴുതിയ തന്തൈയും തായും, രഘുനാഥൻ രചിച്ച പുയൽ, രംഗരാജൻ രചിച്ച പടകു വീടു, കി.രാജനാരായണൻ രചിച്ച ഗോപല്ലപുരം എന്നിവയും പ്രത്യേക പരാമർശമർഹിക്കുന്നു.
പുതിയ പ്രവണതകൾ
[തിരുത്തുക]നോവൽ സാഹിത്യത്തിൽ പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചത് സുന്ദരരാമസ്വാമിയാണ്. അദ്ദേഹം തകഴി ശിവശങ്കരപിളളയുടെ തോട്ടിയുടെ മകൻ, ചെമ്മീൻ എന്നീ നോവലുകൾ തമിഴിലേക്കു പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ പുളിയമരത്തിൻ കതൈ സാഹിത്യലോകത്തിന്റെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. അതിനെത്തുടർന്ന് അദ്ദേഹം രചിച്ച ജെ.ജെ. ചില കുറിപ്പുകൾ, പെൺകൾ, ആൺകൾ, കുഴന്തൈകൾ എന്നീ നോവലുകളും അനന്യ സദൃശങ്ങളാണ്. ഇവയിലൂടെ സുന്ദരരാമസ്വാമി ഇന്ത്യൻ നോവലുകളുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം കരസ്ഥമാക്കി. പുതുമയുളള ഇതിവൃത്തങ്ങളും കഥാപാത്രങ്ങളും, ആസ്വാദകരുടെ മനസ്സിൽ മായാത്ത മുദ്ര അർപ്പിക്കാൻ പര്യാപ്തങ്ങളായ ബിംബങ്ങളുടെ പ്രയോഗം, മൌലികതകൊണ്ട് വായനക്കാരുടെ മാത്രമല്ല നിരൂപകരുടേയും ആദരവു നേടുവാനുതകുന്ന ആഖ്യാനരീതി എന്നിവ ഈ നോവലുകളെ മറ്റു തമിഴ് നോവലുകളിൽ നിന്നെല്ലാം വേർതിരിച്ചു നിർത്തുന്നു.
സുന്ദരരാമസ്വാമിയുടെ നോവലുകളിൽ നിന്നു വ്യത്യസ്തമായ ഭാവവും രൂപവും കാഴ്ചവയ്ക്കുന്ന കൃതികളെന്ന നിലയിൽ ജഗസിർപ്പിയൻ രചിച്ച മണ്ണിൽ കൂരൽ, ഇന്ദിരപാർത്ഥസാരഥിയുടെ കുരുതിപൂനൽ, മായമാൻവേട്ടൈ എന്നിവയും പല സവിശേഷതകളുമുൾക്കൊളളുന്ന മികച്ച കൃതികളാണ്.
പ്രാദേശിക ഭാഷകളിലും പ്രത്യേക സമുദായങ്ങളിൽപ്പെട്ടവർ സംസാരിക്കുന്ന ഭാഷാഭേദങ്ങളിലും നിരവധി നോവലുകൾ എഴുതപ്പെട്ടിട്ടുണ്ട്. ഷൺമുഖസുന്ദരത്തിന്റെ അറവടൈ, ചട്ടി ചുട്ടതു, നാഗമ്മാൾ എന്നിവ കോയമ്പത്തൂരിലെ തമിഴ്ഭാഷാ ഭേദത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി ജില്ലക്കാരിയായ ഹെപ്സി ബാ യേശുദാസൻ ആ ജില്ലയിലെ നാടാർ സമുദായത്തിൽപ്പെട്ട ജനങ്ങൾ സംസാരിക്കുന്ന ഭാഷയിൽ എഴുതിയിട്ടുള്ള നോവലുകളാണ് പുത്തൻ വീട്, ഡോ. ചെല്ലപ്പ, മോനി എന്നിവ.
നവീന നോവലുകൾ
[തിരുത്തുക]മറ്റു ഭാരതീയഭാഷകളിലെന്നതുപോലെ തമിഴ്നോവൽ സാഹിത്യത്തിലും നവീന പ്രവണതകൾ പ്രദർശിപ്പിക്കുന്ന കൃതികൾ ഉണ്ടായിട്ടുണ്ട്. ജീവിത സമീപനത്തിലും രചനാശില്പത്തിലും പുതുമ പ്രദർശിപ്പിക്കുന്ന ഒന്നിലധികം നോവലുകളുടെ കർത്താവെന്ന നിലയിൽ നീല പദ്മനാഭൻ പ്രശസ്തനാണ്. ഇദ്ദേഹത്തിന്റെ ആദ്യകാലനോവലുകളിൽ ഒന്നായ തലൈമുറകൾ ഇതര നോവലുകളായ പളളികൊണ്ടപുരം (തമിഴിൽ തിരുവനന്തപുരത്തിനു നൽകിയിരുന്ന പേര്) തേരോടും വീഥി, ഉറവുകൾ എന്നിവ മൌലികത അവകാശപ്പെടാവുന്ന കൃതികളാണ്. ഉറവുകൾ എന്ന നോവൽ നീല പദ്മനാഭന് രാജാ അണ്ണാമല ചെട്ടിയാർ പുരസ്കാരം നേടിക്കൊടുത്തു. തിരുവനന്തപുരം വാസിയായ അ. മാധവന്റെ പുനലും മണലും എന്ന കൃതിയും തമിഴിലെ നവീന നോവൽ പ്രസ്ഥാനത്തിന് ഒരു മാതൃകയാണ്. തിരുവനന്തപുരത്തിനു സമീപത്തുളള നദീതീരങ്ങളിൽ നിന്ന് മണൽ വാരുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീവിതമാണ് ഈ നോവലിന്റെ പ്രമേയം. സി.എസ്. ചെല്ലപ്പയുടെ ജീവനാംശം, വല്ലിക്കണ്ണന്റെ നിനൈവുച്ചിരം, അലൈമോതും കടലോരത്തിൽ എന്നിവയും മികച്ച നവീന നോവലുകളാണ്.
വിഖ്യാത നിരൂപകനായ ക. നാ.സുബ്രഹ്മണ്യവും നോവലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധ ആർജ്ജിച്ചിട്ടുണ്ട്. ഒരു നാൾ, പൊയ്ത്തേവു, അസുരഗണം, താമസ് വന്താർ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകൾ. അനേകം നോവലുകളുടെ കർത്താവെന്ന നിലയിൽ പ്രശസ്തനായിട്ടുളള ജയകാന്തന്റെ പ്രധാനപ്പെട്ട കൃതികളിൽ ചിലതാണ് സിനിമാവുക്കുപോന ചിത്താൾ, ചില നേരങ്ങളിൽ ചില മനിതർകൾ, ഒരു നടികൈ നാടകം പാക്കിറാൾ, ജയശങ്കര എന്നിവ. കന്തസ്വാമി രചിച്ച ച്ഛായാവരം, അവൻ ആനതു എന്നീ നോവലുകളും എസക്ക് അരുമരാജൻ രചിച്ച കീറൽകൾ, അഴുക്കുകൾ എന്നിവയും ഇവിടെ പരാമർശമർഹിക്കുന്നു. സുരേഷ്, ഇദയം, പെരുമാൾ മുക്കുകൾ, ഇരാമുനകൻ, സൽമാ, തമിഴവൻ, എസ്. രാമകൃഷ്ണൻ, ശിവകാമി, പാറു എന്നിവരും ശ്രദ്ധേയരാണ്.
ചരിത്രനോവലുകൾ
[തിരുത്തുക]മറ്റ് വികസിത ഭാഷകളിലെന്നപോലെ തമിഴിലും ചരിത്രപശ്ചാത്തലമുളള ഇതിവൃത്തങ്ങൾ ചിത്രീകരിക്കുന്ന ഏതാനും നോവലുകൾ ഉണ്ടായിട്ടുണ്ട്. അവയിൽ ചാണ്ഡില്യൻ രചിച്ച കടൽപ്പുറ ജീവഭൂമി, മലൈവാസൽ കോ.വി. മണിശേഖരന്റെ അഗ്നികോപം, പീലിവളൈ, ചെമ്പിയൻ ശെൽവി, ജഗചിർപ്പിയന്റെ നന്ദിവർമൻ കാതലി, തിരുച്ചുറ്റമ്പലം, വിക്രമന്റെ നന്ദിപുരത്തുനായകി, പ്രപഞ്ചന്റെ മഹാനദി, മാനിടം വെല്ലും, രാജം കൃഷ്ണന്റെ കുറുഞ്ചിത്തേൻ, സി.ആർ. രാജമ്മ എഴുതിയ വാനമ്പാടി, അനുരാധാരമണന്റെ വസന്തകാലപൂക്കൾ, ശിവശങ്കരിയുടെ ത്രിവേണീസംഗമം എന്നിവ പ്രധാനമാണ്.
നാടകം
[തിരുത്തുക]തമിഴ് സാഹിത്യത്തിൽ മൂന്ന് സംഘങ്ങൾ ഉണ്ടായിരുന്നതുപോലെ, മൂന്നു തരം ഭാഷാപ്രയോഗങ്ങളും നിലവിലുണ്ടായിരുന്നു. ഇയൽതമിഴ്, ഇശൈതമിഴ്, നാടകത്തമിഴ് എന്നിവയാണ് ആ മൂന്നെണ്ണം. ഇയൽത്തമിഴിൽ സംഘകാലത്തിന്റെ ആരംഭംതൊട്ട് ആധുനികകാലം വരെ രചിക്കപ്പെട്ട അസംഖ്യം കൃതികൾ ലഭ്യമാണ്. ഇശൈത്തമിഴിലും പ്രാചീനകാലംതൊട്ട് ധാരാളം സംഗീതകൃതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നാടകത്തമിഴിൽ പ്രചീനങ്ങളായ ചില കൃതികൾ ഉണ്ടായിട്ടുണ്ടെന്ന് പുരാതന രേഖകളിലും ഗ്രന്ഥവ്യാഖ്യാനങ്ങളിലും പരാമർശിച്ചിട്ടുണ്ടെങ്കിലും ആ നാടക കൃതികളൊന്നും ലഭ്യമായിട്ടില്ല. നാടകത്തിന്റെ ലക്ഷണങ്ങൾ വിവരിച്ചിട്ടുളള ചില ഗ്രന്ഥങ്ങളുടെ പേരുകൾ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവ അകത്തിയം, ഗുണനൂൽ, മുറുവൽ എന്നിവയാണ്. ഇംഗ്ളീഷിൽ ഡാൻസ് എന്ന് വിശേഷിപ്പിക്കുന്ന കലയെയാണ് തമിഴിൽ നാടകം എന്ന പദം കൊണ്ട് വിവക്ഷിച്ചിരുന്നത്. ആശയങ്ങൾ അഭിനയിച്ചു കാട്ടുന്നതിന് നാട്യം എന്നും കഥ അഭിനയിച്ചു കാട്ടുന്നതിന് നാടകം എന്നും പറഞ്ഞിരുന്നു. പ്രാചീനകാലത്തെ നാടക സമ്പ്രദായങ്ങളൊന്നും ഇപ്പോൾ അവശേഷിച്ചിട്ടില്ല. ഉദാഹരണത്തിന് പ്രാചീനകാലത്തെ കൂത്തിന്റെ ഒരു രൂപമായ തോൽപ്പാവക്കൂത്ത് അന്നത്തെ രൂപത്തിൽ ഇപ്പോൾ നിലവിലില്ല.
17-ാം ശ.-ത്തിൽ പ്രചാരത്തിലിരുന്ന ഒരു നാടകസമ്പ്രദായത്തിന് പള്ളുനാടകം എന്നായിരുന്നു പേര്. അതിന്റെ ഒരു മാതൃകയാണ് പ്രസിദ്ധമായ തിരുക്കുറ്റാലകുറവഞ്ചി. പിന്നെയും കുറേക്കാലം കഴിഞ്ഞ് 17,18 ശ.-ങ്ങളിലാണ് തെരുവുകളിൽ അവതരിപ്പിക്കുന്ന നാടകരൂപം ആവിർഭവിച്ചത്. അവ അരങ്ങേറിവന്നത് കൊയ്ത്തു കാലത്തും ക്ഷേത്രോത്സവങ്ങളുടെ കാലത്തും ആയിരുന്നു.
ആധുനിക നാടകങ്ങളുടെ ആദ്യരൂപങ്ങൾ 'ഉരൈനടൈ' നാടകം (ഗദ്യനാടകം), കവിതൈനാടകം (പദ്യനാടകം) എന്നിവയായിരുന്നു. പദ്യനാടകങ്ങൾ ജനസാമാന്യത്തെ ആകർഷിച്ചിരുന്നില്ല. ആ നാടകവിഭാഗത്തിന്റെ ഒരു ഉദാഹരണമാണ് 1891-ൽ പ്രൊഫ. സുന്ദരംപിളള രചിച്ച മനോന്മണീയം. തമിഴിലെ ആദ്യത്തെ ഗദ്യനാടകം ഡംബാ ചാരിവിലാസം ആണ്. അതിന്റെ രചയിതാവ് കാശി വിശ്വനാഥ മുതലിയാർ ആയിരുന്നു. അതിനുശേഷം സംബന്ധമുതലിയാർ, ശങ്കരദാസ് സ്വാമികൾ എന്നിവർ നൂറുകണക്കിന് ഗദ്യനാടകങ്ങൾ എഴുതുകയുണ്ടായി. പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിക്കാൻ വേണ്ടി രചിച്ചവയായിരുന്നു അവയെല്ലാം.
സംബന്ധമുതലിയാർ രചിച്ച പ്രധാനപ്പെട്ട നാടകങ്ങൾ സഭാപതി, ചന്ദ്രഹരി എന്നിവയാണ്. അദ്ദേഹം രചിച്ച സാവിത്രി എന്ന നാടകം അവതരിപ്പിക്കുന്നതു കണ്ട സ്ത്രീകളിൽ പലർക്കും ഗർഭച്ഛിദ്രം സംഭവിച്ചതായി പറയപ്പെടുന്നു. ഇതുപോലെതന്നെ അദ്ദേഹത്തിന്റെ ശനീശ്വരൻ എന്ന നാടകത്തിലെ ശനിയുടെ അവതരണം കണ്ട് ആളുകൾ മരണമടഞ്ഞതായും കേട്ടുകേൾവിയുണ്ട്. പദ്മഭൂഷൺ പുരസ്കാരം നേടിയിട്ടുളള സംബന്ധമുതലിയാർ 1891-ൽ സുഗുണ വിലാസം സഭ എന്നൊരു നാടക സംഘവും രൂപവത്കരിച്ചിട്ടുണ്ട്. അതിനുമുമ്പ് നാടകത്തിൽ അഭിനയിച്ചിരുന്നവരെ സമൂഹം ആദരിച്ചിരുന്നില്ല. ഡോക്ടർമാർ, എൻജിനീയർമാർ, വിദ്യാഭ്യാസവിദഗ്ദ്ധന്മാർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട പ്രമുഖ വ്യക്തികളെ നാടകാവതരണത്തിൽ പങ്കെടുപ്പിച്ച് മുതലിയാർ ആ കലയ്ക്ക് സമൂഹത്തിൽ മാന്യമായ പദവി നേടിക്കൊടുത്തു. സംബന്ധമുതലിയാരുടെ നാടകസംഘം അവതരിപ്പിച്ചിരുന്ന നാടകങ്ങൾ ഉത്തരകേരളത്തിലെ കണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ വിപുലമായ പ്രചാരം നേടുകയുണ്ടായി. ആ നാടകങ്ങളിലെ തമിഴ് വാചകങ്ങളിൽ മലയാളം കൂടി കലർത്തി അരങ്ങത്തു പ്രയോഗിക്കുന്ന പതിവ് നിലവിൽ വന്നു. അതിനുളള ഒരുദാഹരണം ഇനി ചേർക്കുന്നു.
“ | കഴുത്തിൽ വിഴുന്ത ഹാരം കഴറ്റാനും പാടില്ല
കാരണമെന്തോ ഞാൻ അറിഞ്ഞുകൂടാ കത്തിപിച്ചാത്തിയും വാളും പൊട്ടിച്ചുപോയി കാരണമെന്തോ ഞാൻ അറിഞ്ഞുകൂടാ. |
” |
19-ാം ശ.-ത്തിന്റെ അന്തിമദശകം മുതൽ രണ്ടോ മൂന്നോ ദശകങ്ങളോളം സംഗീതം ഇടകലർത്തിയ നാടകങ്ങൾ എമ്പാടും പ്രചാരത്തിലിരുന്നു. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും അവ ജനപ്രീതിയാർജ്ജിച്ചു. സംഗീതനാടകം എന്നു വിളിക്കപ്പെട്ട അവയ്ക്ക് മലയാളത്തിൽ അനുകരണങ്ങളും ഉണ്ടായി.
നാടകത്തിലെ പാശ്ചാത്യസ്വാധീനത
[തിരുത്തുക]സംബന്ധമുതലിയാർക്കു പിന്നാലെ രംഗപ്രവേശം ചെയ്ത ഒരു നാടകകൃത്താണ് എം. കന്തസ്വാമിമുതലിയാർ. ഇദ്ദേഹത്തിന്റെ നാടകങ്ങളിൽ ഷെയ്ക്സ്പിയർ, മോളിയർ, ഇബ്സെൻ എന്നീ പാശ്ചാത്യ നാടകകൃത്തുകളുടെ സ്വാധീനത തെളിഞ്ഞു കാണാം. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽപ്പെട്ട കൃഷ്ണസ്വാമി പാവലർ 'ബാലമനോഹരസഭ' എന്നൊരു നാടകസംഘം രുപീകരിച്ചു. ഇദ്ദേഹത്തിന്റെ നാടകങ്ങളായ പതിഭക്തി, ഖദറിൻ വെറ്റി, ദേശീയകൊടി എന്നിവ മദ്രാസ് സംസ്ഥാനത്തൊട്ടാകെ നിരോധിക്കപ്പെടുകയുണ്ടായി. എന്നാൽ അദ്ദേഹം പരിക്ഷീണനാകാതെ ലണ്ടനിലേക്ക് ഈ നാടകസംഘങ്ങളെ കൊണ്ടുചെന്ന് രാജ്ഞിയുടെ മുമ്പിൽ അവതരിപ്പിച്ചു.
20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തിൽ തമിഴ്നാടകം വികസിപ്പിച്ചവരിൽ പ്രമുഖർ ശങ്കർദാസിന്റെ നാല് സഹോദരന്മാർ ആയിരുന്നു. ടി.കെ. ശങ്കരൻ, ടി.കെ. മുത്തുസ്വാമി, ടി.കെ. ഷൺമുഖം, ടി.കെ. ഭഗവതി എന്നിവരാണ് ഈ സഹോദരന്മാർ. ഇവർ 1925-ൽ 'ബാലഷൺമുഖാനന്ദസഭ' എന്നൊരു നാടകക്കമ്പനി മധുരയിൽ സ്ഥാപിച്ചു. ഇവർ തമിഴ്നാട്ടിലെ നാടകത്തിന്റെ വികാസത്തിന് മികച്ച സംഭാവനകൾ നല്കിയിട്ടുള്ളവരാണ്. സംഘം കവയിത്രിയായ ഔവ്വയാരുടെ നാമധേയത്തിൽ ഒരു നാടകം അവതരിപ്പിച്ച് അവർ തമിഴ്നാട്ടിലെ ആസ്വാദകരുടെ അംഗീകാരം നേടി. ഓരോ സ്ഥലത്തും ആ നാടകം അനേകം കൊല്ലങ്ങളോളം പ്രദർശിപ്പിക്കുകയുണ്ടായി. ഇതിന്റെ പേരിൽ പ്രസ്തുത നാടകത്തിൽ ഔവ്വയാർ ആയി അഭിനയിച്ച ടി.കെ. ഷൺമുഖത്തിന് ഔവൈ ഷൺമുഖം എന്ന പേരും സിദ്ധിച്ചു. സുബ്രമണ്യഭാരതിയുടെ കവിതകൾക്ക് ദേശീയാംഗീകാരം സിദ്ധിക്കുന്നതിനും തന്റെ നാടകസംഘങ്ങളുടെ കലാകാരന്മാർക്കെല്ലാം തമിഴ്നാട്ടിൽ ഉടനീളം തീവണ്ടിയിൽ യാത്രക്കൂലി ഇളവ് നേടിക്കൊടുക്കുന്നതിനും ടി.കെ. ഷൺമുഖം സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രശസ്ത നടന്മാരായ എൻ. എസ്. കൃഷ്ണൻ, എസ്.വി. സഹസ്രനാമം, ടി.എൻ. ശിവതാണു, എം.പി. നാഗരാജൻ, കെ.ആർ. രാമസ്വാമി തുടങ്ങിയ നൂറുകണക്കിന് നടന്മാരും ടി.കെ. സഹോദരന്മാരുടെ നാടകാവതരണങ്ങളിൽ പങ്കുകൊണ്ടിരുന്നു.
ആശയപ്രചാരണപരങ്ങളായ നാടകങ്ങൾ
[തിരുത്തുക]ടി.കെ. ഷൺമുഖത്തിന്റെ നാടകങ്ങളിൽ പ്രചോദിതനായി അണ്ണാദുരൈ രചിച്ച ആദ്യത്തെ നാടകമാണ് ഗുമസ്താവിൻപെൺ. ദേവിനാടകസഭഅവതരിപ്പിച്ച മന്ത്രികുമാരി എന്ന നാടകത്തിന്റെ കഥയും സംഭാഷണവും തയ്യാറാക്കിയത് പ്രശസ്ത ഡി.എം.കെ. നേതാവായ കരുണാനിധിയാണ്. നോ: തമിഴ് നാടകവേദി
കലാലയ നാടകങ്ങൾ
[തിരുത്തുക]ഈ കാലഘട്ടത്തിൽ ഡോ. മു. വരദരാജൻ, സുഖിസുബ്രഹ്മണ്യം, മോഹനരംഗൻ, എസ്.എസ്. ജ്ഞാനസംബന്ധം, ടി.എ. ജ്ഞാനമൂർത്തി എന്നീ കോളേജ് പ്രൊഫസർമാർ കൂടുതൽ യാഥാർഥ്യം നിറഞ്ഞ ഏകാങ്കനാടകങ്ങളും മറ്റും രചിച്ചിട്ടുണ്ട്. അവ മുഖ്യമായും കോളജ് രംഗവേദികളിൽ അവതരിപ്പിക്കാനായി രചിച്ചവയാണ്. ഇതിനു സമാന്തരമായി മറ്റു ചില നാടകകൃത്തുക്കൾ ഹാസ്യരസപ്രധാനങ്ങളായ ലഘുനാടകങ്ങളും രചിച്ചിട്ടുണ്ട്. സതിശക്തി, വൈകുണ്ഡവൈദ്യർ, സംഗീതപയറ്റിയം, സ്ത്രീരാജ്യം എന്നീ നാടകങ്ങൾ സംബന്ധമുതലിയാർ എഴുതിയത് ഈ ശൈലിയിലാണ്. അതിനു സമാന്തരമായി അക്കാലത്ത് സംഗീതത്തിന് പ്രാധാന്യമുളള നാടകങ്ങളും ഉണ്ടായിട്ടുണ്ട്. അരുണാചല കവിരായർ എഴുതിയ രാമനാടകകീർത്തനൈ ഇതിന് ഉദാഹരണമാണ്; ഇതിൽ 536 ഗാനങ്ങൾ അടങ്ങിയിരിക്കുന്നു.
സംസ്കൃതനാടകങ്ങളുടേയും പാശ്ചാത്യനാടകങ്ങളുടേയും പരിഭാഷകളും അനുകരണങ്ങളുമായി അനേകം കൃതികൾ തമിഴിൽ ഉണ്ടായിട്ടുണ്ട്. ശാകുന്തളത്തിന്റെ പല തർജ്ജമകളും മൃച്ഛകടികത്തിന് കതിരേശൻ ചെട്ടിയാർ തയ്യാറാക്കിയ തമിഴ് പരിഭാഷയായ മണ്ണിയൽ ശിരുതേരും (ചെറുമൺവണ്ടി) ഇവിടെ എടുത്തു പറയത്തക്ക രചനകളാണ്. തമിഴിലേക്ക് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുളള നാടകങ്ങൾ ഷെയ്ക്സ്പിയറുടെ കൃതികളാണ്. സമീപകാലത്ത് പല പുതിയ പാശ്ചാത്യ നാടകകൃത്തുക്കളുടെയും വീക്ഷണഗതി, രചനാരീതി എന്നിവ അവലംബിച്ചുകൊണ്ട് നാടകങ്ങൾ രചിക്കാൻ പല പുതിയ എഴുത്തുകാരും ഉദ്യമിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ മൌലികതയും നാടകീയ സൗകുമാര്യവും മുന്നിട്ടു നിൽക്കുന്ന കൃതികളും തീരെ കുറവല്ല. അത്തരം നാടകങ്ങളുടെ അവതരണത്തിലൂടെ ലോകനാടകവേദിയിലെ പുതിയ പ്രസ്ഥാനങ്ങൾ പലതും തമിഴ്നാട്ടിലേക്ക് കടന്നുവരികയും ചെയ്തിട്ടുണ്ട്. പരീക്ഷണ നാടകങ്ങളായിട്ടാണ് പലരും അവയെ കണക്കാക്കുന്നത്. പുതിയ നാടകകൃത്തുക്കളിൽ മുത്തുസ്വാമി, രാമസ്വാമി, രാമാനുജം, മുംരാസ്വാമി എന്നിവർ വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നിരൂപണം
[തിരുത്തുക]സുദീർഘമായ സാഹിത്യനിരൂപണ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു ഭാരതീയ ഭാഷയാണ് തമിഴ്. ആ പാരമ്പര്യത്തെ സംബന്ധിച്ച ആദ്യത്തെ രേഖകൾ പ്രാചീനവ്യാകരണ ഗ്രന്ഥമായ തൊല്കാപ്പിയത്തിൽ നാം കണ്ടെത്തുന്നു. ക്രിസ്തുവർഷം ആരംഭത്തിനു മുമ്പ് തൊല്കാപ്പിയർ എന്ന് അറിയപ്പെടുന്ന വൈയാകരണൻ രചിച്ച ആ ഗ്രന്ഥത്തിൽ തമിഴ്ഭാഷയുടെ ഘടകങ്ങളേയും ഘടനയേയും കുറിച്ചുള്ള വിവരണങ്ങൾക്കു പുറമേ, കാവ്യഘടകങ്ങളുടെ വിവരണവും കാവ്യതത്ത്വങ്ങളും കൂടി പ്രതിപാദിച്ചിരിക്കുന്നു. തൊല്കാപ്പിയത്തിന്റെ ആദ്യഭാഗങ്ങളായ എഴുത്തധികാരം, ചൊല്ലധികാരം എന്നിവയ്ക്കു പുറമേ സാഹിത്യ ലക്ഷണങ്ങളും തത്ത്വങ്ങളും അടങ്ങുന്ന പൊരുളധികാരവും അതിൽ അടങ്ങിയിരിക്കുന്നു. സാഹിത്യത്തിന്റെ ഉള്ളടക്കത്തെ അകം എന്നും പുറം എന്നും രണ്ടു വിഭാഗങ്ങളായി തൊല്കാപ്പിയർ തരംതിരിച്ചിരിക്കുന്നു. സാഹിത്യത്തിന്റെ ഉള്ളടക്കത്തെ ഇപ്രകാരം നിർവ്വചിക്കുകയും തരംതിരിക്കുകയും ചെയ്യുന്നതിനു പുറമേ പ്രാചീന തമിഴിലെ കാവ്യമീമാംസയിൽ കാവ്യങ്ങളുടെ രചനാശീലങ്ങൾ, വൃത്തങ്ങൾ തുടങ്ങിയ ബാഹ്യഘടകങ്ങളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്.
പ്രാചീനകാലത്തെ ഈ കാവ്യതത്ത്വങ്ങളേയും കാവ്യലക്ഷണങ്ങളേയും ആസ്പദമാക്കിയാണ് പിന്നീട് നൂറ്റാണ്ടുകളോളം തമിഴിലെ സാഹിത്യനിരൂപകർ കൃതികളെ വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുള്ളത്. ഈ കാലഘട്ടത്തിൽ തമിഴിൽ എഴുതപ്പെട്ടിരുന്ന സാഹിത്യനിരൂപണം മുഖ്യമായി വ്യാഖ്യാനപരമാണ്. ആദ്യകാലത്ത് നൂതനസമീപനങ്ങൾ അവലംബിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങളും വിലയിരുത്തലുകളുമാണ് നടന്നിരുന്നത്. പില്ക്കാലത്ത് സംസ്കൃതത്തിലെ കാവ്യതത്ത്വങ്ങൾ, കാവ്യഘടകങ്ങൾ, അവയുടെ ലക്ഷണങ്ങൾ എന്നിവ തമിഴിൽ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളും ഉണ്ടായി. പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള മധ്യകാല സാഹിത്യനിരൂപണം മേല്പറഞ്ഞ ലക്ഷണങ്ങളേയും നിർവ്വചനങ്ങളേയും അവലംബിച്ചുകൊണ്ടുള്ളതായിരുന്നു.
പാശ്ചാത്യസ്വാധീനവും നിയോക്ളാസ്സിസിസവും
[തിരുത്തുക]തമിഴിലെ സർഗാത്മക സാഹിത്യത്തേയും നിരൂപണത്തേയും ഒരുപോലെ ബാധിച്ചിരുന്ന ജഡാവസ്ഥയ്ക്കു വിരാമമിട്ടുകൊണ്ട് ഒരു പുതിയ ചൈതന്യം ആ മേഖലകളിൽ പ്രത്യക്ഷപ്പെട്ടത് 19-ാം ശ.-ത്തിന്റെ ആരംഭത്തിൽ ഇന്ത്യയൊട്ടാകെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനം ആരംഭിച്ചപ്പോഴാണ്. സാഹിത്യരംഗത്ത് പാശ്ചാത്യമാതൃകകളെ അനുവർത്തിച്ചുകൊണ്ട് നവചൈതന്യം പ്രസരിപ്പിക്കാനുള്ള പരിശ്രമം ഇന്ത്യയൊട്ടാകെ ആരംഭിക്കുകയുണ്ടായി. തമിഴിലും ഇതിന്റെ നവതരംഗങ്ങൾ കാണുവാൻ കഴിയും.
19-ാം ശ.-ത്തിന്റെ ഉത്തരാർദ്ധത്തിൽ നിരൂപണത്തിന്റെ പാശ്ചാത്യ മാതൃകകളാൽ പ്രചോദിതരായ പണ്ഡിതന്മാർ പഴയ തമിഴ് സാഹിത്യ കൃതികൾ തേടിപ്പിടിച്ച് സംശോധിതപാഠങ്ങൾ തയ്യാറാക്കുകയും ആ വ്യാഖ്യാനത്തോടൊപ്പം അത്തരം കൃതികൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തമിഴ്നാട്ടിലേയും അന്യദേശത്തേയും വായനക്കാർക്ക് തമിഴിലെ വിലപ്പെട്ട പ്രാചീന സാഹിത്യ സമ്പത്ത് കണ്ടറിയാനും ആസ്വദിക്കാനും ഈ സംരംഭം സഹായകമായി. ഇപ്രകാരമുള്ള പാഠസംശോധന നടത്തുകയും വ്യാഖ്യാനസഹിതം പഴയ കൃതികൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ആദ്യത്തെ പണ്ഡിതൻ സി.വി. ദാമോദരൻ പിള്ള (1832-1901) ആണ്. ഇതേരീതിയിൽ കൂടുതൽ പ്രാചീനകൃതികൾ തേടിപ്പിടിച്ച് വ്യാഖ്യാനസഹിതം പുറത്തിറക്കിയ മറ്റൊരു പണ്ഡിതനാണ് യു.വി. സ്വാമിനാഥ അയ്യർ (1855-1942). ഇപ്രകാരം പുറത്തിറക്കപ്പെട്ട പ്രാചീന സാഹിത്യകൃതികളെക്കുറിച്ച് പഠനം നടത്തി അതിന്റെ അടിസ്ഥാനത്തിൽ തമിഴകത്തിന്റെ ചരിത്രം (1904) തയ്യാറാക്കി പ്രസിദ്ധീകരിച്ച വി. കനകസഭാപിള്ള എന്ന പണ്ഡിതൻ തന്റെ നിരൂപണാത്മക പഠനത്തിലൂടെ തമിഴിന്റെ പാരമ്പര്യം വായനക്കാർക്ക് വിശദീകരിച്ചുകൊടുക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചു.
നൂതന പ്രവണതകൾ
[തിരുത്തുക]മേൽപ്പറഞ്ഞ നിരൂപണ സമ്പ്രദായം ഉപേക്ഷിച്ച് മൌലികമായ സാഹിത്യചിന്ത പ്രകാശിപ്പിക്കുന്ന നിരൂപണ ഗ്രന്ഥങ്ങൾ 19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിൽത്തന്നെ തമിഴിൽ ഉണ്ടായിത്തുടങ്ങി. അത്തരം നിരൂപണത്തിന്റെ പ്രഥമ മാതൃകകൾ ടി.ശെൽവ കേശവരായ മുതലിയാരുടെ (1864-1921) തമിഴ് വിയാസങ്കൾ (തമിഴ് ഉപന്യാസങ്ങൾ), കമ്പർ, തിരുവള്ളുവർ എന്നിവരെക്കുറിച്ച് തയ്യാറാക്കിയ ലഘുഗ്രന്ഥങ്ങൾ എന്നിവയാണ്. ആദ്യത്തെ ഗ്രന്ഥത്തിൽ കവിതയുടേയും ഗദ്യസാഹിത്യത്തിന്റേയും അടിസ്ഥാനതത്ത്വങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കമ്പരാമായണത്തിന്റെ മുഖ്യ സവിശേഷതകൾ പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളെ ആസ്പദമാക്കി വിശദീകരിച്ചുകൊണ്ട് വി.വി.എസ്. അയ്യർ രചിച്ച ഗ്രന്ഥം മൌലികമായ സാഹിത്യനിരൂപണത്തിന് ഉത്തമ ദൃഷ്ടാന്തമാണ്.
ഇതിനടുത്ത കാലത്തുതന്നെ സൗന്ദര്യ തത്ത്വശാസ്ത്രങ്ങളെ ആസ്പദമാക്കിയുള്ള നിരൂപണങ്ങളും തമിഴിൽ ഉണ്ടായിത്തുടങ്ങി. ആ നിരൂപണശാഖയ്ക്ക് ഉറച്ച അടിത്തറ പാകിയത് ടി.കെ. ചിദംബരനാഥ മുതലിയാർ (ടി.കെ.സി., 1881-1954) ആണ്. സാഹിത്യത്തിന്റെ രൂപത്തേയും ഭാവത്തേയും സമന്വയിപ്പിച്ചുകൊണ്ടുള്ള നിരൂപണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. സാഹിത്യത്തിന്റെ ഓരോ ഘടകത്തേയും പ്രത്യേകം എടുത്തു ചർച്ച ചെയ്യുന്ന നിരൂപണ സമ്പ്രദായത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. ടി.കെ.സി. കമ്പരാമായണത്തെ സൗന്ദര്യശാസ്ത്രപരമായി വ്യാഖ്യാനിച്ചു വിലയിരുത്തിക്കൊണ്ട് രചിച്ച ഗ്രന്ഥം പ്രത്യേക പരാമർശമർഹിക്കുന്നു.
പാശ്ചാത്യ സാഹിത്യനിരൂപണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ആദ്യമായി തമിഴിൽ വിശദീകരിച്ചുകൊണ്ട് ഗ്രന്ഥമെഴുതിയത് എ. മുത്തുശിവൻ ആണ്. അശോകവനം (1947) എന്ന ഗ്രന്ഥത്തിൽ ഷെയ്ക്സ്പിയറുടെ ദുരന്തനാടകങ്ങളെക്കുറിച്ച് എ. സി. ബ്രാഡ്ലി ഇംഗ്ളീഷിൽ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകൾ മുത്തുശിവൻ തമിഴ് വായനക്കാർക്ക് സുഗ്രഹമാകത്തക്കരീതിയിൽ പ്രതിപാദിച്ചിരിക്കുന്നു. കമ്പരാമായണത്തിലെ ചില അതിപ്രധാന കഥാപാത്രങ്ങളെ ആസ്പദമാക്കി എ. ശ്രീനിവാസരാഘവൻ (1905-75) എഴുതിയിട്ടുള്ള ഒരു ഗ്രന്ഥമാണ് ഈ പുതിയ നിരൂപണധാരയിലെ ശ്രദ്ധാർഹമായ മറ്റൊരു കൃതി. കമ്പൻകലൈ, അരശിയർമൂവർ (1954), തമ്പിയർ ഇരുവർ (1955) എന്നീ കൃതികളിൽ എം.എസ്. ജ്ഞാനസംബന്ധം കമ്പരുടെ പാത്രസൃഷ്ടിയെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ആധുനിക നിരൂപണത്തിന്റെ ഉപജ്ഞാതാവ് എന്ന വിശേഷണം അർഹിക്കുന്ന റ്റി.പി. മീനാക്ഷിസുന്ദരം (1901-80) തമിഴ്സാഹിത്യത്തിന്റെ പല വശങ്ങളേയും പ്രധാനപ്പെട്ട പല കൃതികളേയും ആസ്പദമാക്കി വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ആളാണ്. കാനൽവരി (1959), കുടിമക്കൾ കാപ്പിയം (1961) എന്നിവയാണ് മീനാക്ഷിസുന്ദരത്തിന്റെ പ്രധാന കൃതികൾ. മുൻകാലത്ത് നിർണയിക്കപ്പെട്ടിരുന്ന മാനദണ്ഡങ്ങൾ അവലംബിക്കാതെ തനതായ കാഴ്ചപ്പാടിലൂടെ സാഹിത്യകൃതികളെ മനസ്സിലാക്കി മൌലികമായ വ്യാഖ്യാനവും വിലയിരുത്തലും നടത്തുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഒരു മികച്ച അക്കാദമിക് നിരൂപകനായിരുന്ന എം. വരദരാജൻ (1912-74) ഇലക്കിയ ആരായ്ചി (സാഹിത്യഗവേഷണം, 1953), ഇലക്കിയത്തിരണ് (സാഹിത്യ പാണ്ഡിത്യം, 1954) എന്നീ കൃതികളിലൂടെ തമിഴിലെ സാഹിത്യനിരൂപണത്തെ ഉന്നതനിലവാരത്തിൽ എത്തിച്ചു. സാഹിത്യനിരൂപണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ വിശദീകരിച്ചുകൊണ്ട് എൻ. സഞ്ജീവി (1926- ) എഴുതിയിട്ടുള്ള ഗ്രന്ഥം ആധുനിക നിരൂപണത്തിന് ഒരു വഴികാട്ടിയാണെന്നു പറയാം.
കഥാസാഹിത്യ നിരൂപണം
[തിരുത്തുക]നോവലിന്റേയും ചെറുകഥയുടേയും ആവിർഭാവത്തെത്തുടർന്ന് ആ സാഹിത്യരൂപങ്ങളെക്കുറിച്ചുള്ള നിരൂപണവും തമിഴിൽ ആരംഭിച്ചു. പി.എസ്. സുബ്രഹ്മണ്യ അയ്യർ രചിച്ച പ്രേമകലാവതീയം എന്ന നോവലിനെ പഴയ കാഴ്ചപ്പാടിലൂടെ സമീപിച്ച് വിലയിരുത്തിക്കൊണ്ട് ഗുരുസ്വാമിശർമ എഴുതിയ നിരൂപണം ഈ മേഖലയിൽപ്പെടുന്ന ആദ്യ കൃതികളിലൊന്നാണ്. പ്രശസ്ത നിരൂപകനായ കാ.നാ. സുബ്രഹ്മണ്യം തമിഴിലെ ആദ്യകാല നോവലുകളെ വിലയിരുത്തിക്കൊണ്ട് എഴുതിയിട്ടുള്ള ഒരു മികച്ച നിരൂപണഗ്രന്ഥം പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഗ്രന്ഥകാരന്റെ വിമർശനകലൈ (1959), ഇലക്കിയ വിചാരം (1959) എന്നീ കൃതികൾ ഉന്നത നിലവാരം പുലർത്തുന്നു. സി.എസ്. ചെല്ലപ്പ തമിഴിലെ സാഹിത്യവിമർശനത്തെക്കുറിച്ച് ആധികാരികമായ ഒരു ഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തമിഴ് ചെറുകതൈ പിറക്കിറത് (1974) എന്ന ഗ്രന്ഥം തമിഴിലെ ചെറുകഥാസാഹിത്യത്തിനുള്ള പ്രൌഢമായ ഒരവതാരികയാണെന്നു പറയാം. ആർ. ദണ്ഡായുധൻ രചിച്ച തമിഴ് സാമൂഹികനോവലുകളെക്കുറിച്ചുള്ള പഠനം നോവലുകളെക്കുറിച്ച് തമിഴിൽ ഉണ്ടായിട്ടുള്ള സമഗ്രമായ ഒരവലോകനമാണ്. നോവൽ ഇലക്കിയം എന്ന പേരിൽ എം.രാമലിംഗം എഴുതിയിട്ടുള്ള ഗ്രന്ഥം പാശ്ചാത്യ സിദ്ധാന്തങ്ങളെ അവലംബിച്ചുകൊണ്ട് തമിഴിലെ നോവലുകളെ അപഗ്രഥിച്ച് വിലയിരുത്തുന്ന ഒരു കൃതിയാണ്. 12 നോവലെഴുത്തുകാരെക്കുറിച്ച് അദ്ദേഹം രചിച്ചിട്ടുള്ള പുനൈകതൈവളം (കഥാസമ്പത്ത്, 1973) മറ്റൊരു മികച്ച നോവൽ പഠനമാണ്.
ചെറുകഥാസാഹിത്യത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ശ്രദ്ധാർഹമായ രണ്ട് ഗ്രന്ഥങ്ങളാണ് ആർ. ദണ്ഡായുധത്തിന്റെ തമിൾചെറുകതൈ മുന്നോടികൾ (1972), രാമലിംഗത്തിന്റെ വിടുതലൈക്കു പിൻ പുതിയ തമിൾ ചെറുകതൈകൾ (1977) എന്നിവ. നോവൽ സാഹിത്യത്തെക്കുറിച്ച് എടുത്തുപറയത്തക്ക മറ്റൊരു നിരൂപണഗ്രന്ഥമാണ് ടി.വി. വീരസ്വാമിയുടെ തമിഴിൻ ചമൂക നാവലുകൾ.
പുരോഗമന സാഹിത്യവും നിരൂപണവും
[തിരുത്തുക]പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിനു ശേഷം ആ കാഴ്ചപ്പാടിലൂടെ സാഹിത്യ നിരൂപണം നടത്താൻ ഏതാനും എഴുത്തുകാർ സ്വാഭാവികമായിത്തന്നെ സന്നദ്ധരായിട്ടുണ്ട്. അവരിൽ പ്രമുഖൻ കെ. കൈലാസപതിയാണ്. നവീനസാഹിത്യ പ്രസ്ഥാനത്തിന്റെ ആരംഭവും തമിഴ് സാഹിത്യനിരൂപണത്തിൽ പ്രതിഫലിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനുള്ള ദൃഷ്ടാന്തമാണ് എസ്.ആർ. മാർഗബന്ധു ശർമ ചിലപ്പതികാരത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടിലൂടെ തയ്യാറാക്കിയ നിരൂപണപഠനങ്ങൾ. പുതിയ സാഹിത്യകൃതികളെ അധികരിച്ചും നവീനസാഹിത്യത്തിന്റെ കാഴ്ചപ്പാടിലൂടെ നിരൂപണങ്ങൾ വിരചിതമായിട്ടുണ്ട്. ലോകസാഹിത്യത്തിൽ സമീപകാലത്ത് ആവിർഭവിച്ച താരതമ്യ നിരൂപണവും തമിഴിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. താരതമ്യസാഹിത്യത്തെക്കുറിച്ച് ശ്രദ്ധേയങ്ങളായ ലേഖനങ്ങൾ രചിച്ചിട്ടുള്ള എഴുത്തുകാരിൽ പ്രമുഖൻ എസ്.വയ്യാപുരിപ്പിള്ള (1891-1956)) ആണ്.
സാഹിത്യചരിത്രങ്ങൾ
[തിരുത്തുക]സാഹിത്യചരിത്രരചനയും തമിഴിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചത് കെ.എസ്. ശ്രീനിവാസപിള്ള (1852-1929) ആയിരുന്നു. റ്റി.പി. മീനാക്ഷിസുന്ദരത്തിന്റേയും എം. വരദരാജന്റേയും കെ. സുബ്രഹ്മണ്യപിള്ളയുടേയും തമിഴ്സാഹിത്യചരിത്രങ്ങൾ സംക്ഷിപ്തങ്ങളാണെങ്കിലും സമഗ്രതയുള്ളവയാണ്. ഓരോ ശതകത്തിലേയും തമിഴ്സാഹിത്യത്തെ പ്രത്യേകമെടുത്ത് ഓരോ വാല്യത്തിൽ പ്രതിപാദിച്ചുകൊണ്ട് എം. അരുണാചലം തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥങ്ങൾ സ്വാഭാവികമായിത്തന്നെ അതിവിശദമായി സാഹിത്യത്തിന്റെ വികാസപരിണാമങ്ങൾ പ്രതിപാദിക്കുന്നവയാണ്.
ഗദ്യസാഹിത്യം
[തിരുത്തുക]സുദീർഘമായ ചരിത്രമുള്ള ഭാഷയാണ് തമിഴ്. അതിലെ പദ്യസാഹിത്യത്തിന് രണ്ടായിരത്തിൽപ്പരം കൊല്ലത്തെ പാരമ്പര്യമുണ്ട്. എന്നാൽ തമിഴിലെ ഗദ്യരചനയ്ക്ക് താരതമ്യേന ദൈർഘ്യം കുറഞ്ഞ ഒരു ചരിത്രമാണുള്ളത്. ഇന്നോളം കണ്ടുകിട്ടിയിട്ടുള്ള പഴക്കമേറിയ തമിഴ് ഗദ്യലിഖിതങ്ങൾ ചരിത്രരേഖകളാണ്. അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് രേഖപ്പെടുത്തിയ ശിലാലിഖിതങ്ങളും താമ്രലിഖിതങ്ങളും മറ്റും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സംഘം കൃതികളുടെ കാലത്തോ അതിനുമുമ്പോ എഴുതപ്പെട്ട രണ്ട് പഴയ തമിഴ് ഗ്രന്ഥങ്ങളാണ് തകടൂർയാത്തിരൈ, പെരുന്തേവനാരുടെ ഭാരതം എന്നിവ. സാമാന്യം ദൈർഘ്യമുള്ള ഗദ്യപ്രയോഗം അടങ്ങിയിട്ടുള്ള ആദ്യകാലഗ്രന്ഥങ്ങൾ നക്കീരാർ മുതൽ നാച്ചിനാർക്കിനിയർ വരെയുള്ള വ്യാഖ്യാതാക്കളുടെ കൃതികളാണ്. ആ വ്യാഖ്യാനങ്ങളിലെ ഭാഷാഘടന അത്യന്തം സങ്കീർണമത്രേ. ഇറൈയനാർ അകപ്പൊരുൾ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന് വൈഷ്ണവ പണ്ഡിതന്മാർ തയ്യാറാക്കിയ വ്യാഖ്യാനങ്ങളിലെ ഭാഷ ഒരുതരം മണിപ്രവാളമാണ.് സംസ്കൃത പദ അർത്ഥങ്ങൾക്കാണ് അതിൽ മുൻതൂക്കം ഉള്ളത്.
വിദേശ മിഷനറിമാരും തമിഴ് ഗദ്യവും
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തമിഴ്നാട്ടിൽ എത്തിച്ചേർന്ന ക്രിസ്ത്യൻ മിഷനറിമാർ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുവേണ്ടി തമിഴ്ഭാഷ അഭ്യസിക്കുകയും അചിരേണ തമിഴ്ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ഇവയിൽ ഹെന്റിക് ഹെന്റിക്കസിന്റെ (1520-1600) തമ്പിരാൻവണക്കം, റോബർട്ട് ഡി നോബിലിയുടെ തമിഴ്കൃതികൾ, കോൺസ്റ്റൻഷ്യൻസ് ബെഷ്കിയുടെ സംസാരഭാഷയുടെ വ്യാകരണം, നിഘണ്ടു, വേതിയർ ഒഴുക്കം, പരമാർഥ ഗുരുകതൈ എന്നിവ പ്രമുഖങ്ങളാണ്.
ബൈബിളിന്റെ തമിഴ് പരിഭാഷ
ഡന്മാർക്കിൽ നിന്ന് തമിഴ് നാട്ടിൽ എത്തിയ ജർമനിക്കാരനായ സീഗൻബാല്ഗ (1683-1719) ബൈബിളിലെ പുതിയ നിയമം ആദ്യമായി തമിഴിലേക്ക് പരിഭാഷപ്പെടുത്തി. തമിഴ്നാട്ടിലെ സംഭാഷണ ഭാഷയിലാണ് അദ്ദേഹം ഈ തർജ്ജമ തയ്യാറാക്കിയത്. അതിനാൽ അത് തമിഴ് ഗദ്യത്തിന്റെ വഴിത്തിരിവിന് തുടക്കം കുറിച്ചു.
യൂറോപ്പിൽ നിന്നു വന്ന മിഷനറിമാരിൽ പ്രധാനികൾ അവിടെ നിന്ന് അച്ചടിക്കുള്ള യന്ത്രോപകരണങ്ങൾ കൂടി ഇന്ത്യയിൽ കൊണ്ടുവന്നു. ഇങ്ങനെ മിഷനറിമാർ തുടങ്ങിവച്ച പുസ്തക പ്രസിദ്ധീകരണം തമിഴ് ഗദ്യത്തിന്റെ പ്രചാരത്തിന് അടിത്തറപാകി. അച്ചടിയന്ത്രം തമിഴ്നാട്ടിൽ എത്തിച്ച മിഷനറിമാർ അച്ചടി വിദ്യയിലൂടെ തമിഴ്ഗദ്യത്തിന്റെ വളർച്ച സുഗമമാക്കിത്തീർത്തു.
അച്ചടിയുടെ വളർച്ചയും ആധുനിക തമിഴ്ഗദ്യത്തിന്റെ ആവിർഭാവവും
ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥരായി മദിരാശിയിൽ പ്രവർത്തിച്ചിരുന്ന യൂറോപ്യന്മാർക്ക് തമിഴ് പഠിക്കാൻ സൗകര്യം സൃഷ്ടിക്കുന്നതിനുവേണ്ടി മദ്രാസിൽ നിന്ന് കമ്പനിയുടെ പ്രോത്സാഹനത്തോടുകൂടി അച്ചടിശാലകൾ ആരംഭിച്ചു. 'ചെന്നൈ കല്വി സംഘം', 'പാഠനൂല് സംഘം' എന്നീ പേരുകളിൽ രണ്ട് സമിതികൾ രൂപവത്കരിക്കപ്പെട്ടു. സുപ്രസിദ്ധ തമിഴ് പണ്ഡിതനായിരുന്ന രാമാനുജ കവിരായർ ആണ് ഈ സംഘങ്ങൾക്ക് നേതൃത്വം നല്കിയത്. തമിഴിൽ രചിക്കപ്പെടുന്ന ഏറ്റവും മികച്ച വ്യാകരണഗ്രന്ഥത്തിന് സമ്മാനം നല്കുമെന്ന് പാഠനൂൽ സംഘം പരസ്യം ചെയ്തു. തിരുവേർക്കാടു സുബ്ബരായ മുതലിയാർ ചോദ്യോത്തരരൂപത്തിൽ രചിച്ച തമിഴ്വിളക്കം (1811), ബെഷ്കി (വീരമാമുനിവർ) എന്ന മിഷനറിയുടെ പരമാർഥ ഗുരുകഥൈ, താണ്ഡവരായ മുതലിയാരുടെ പഞ്ചതന്ത്രവിവർത്തനം (1826) എന്നിവയും ഈ സാഹചര്യങ്ങളിൽ തമിഴ്ഗദ്യത്തിന്റെ വികാസത്തിന് സഹായകങ്ങളായിത്തീർന്ന പ്രസിദ്ധീകരണങ്ങളാണ്. സിലോണിലെ യാഴ്പ്പാണത്തു ജനിച്ച ആറുമുഖനാവലർ (1822-89) ധർമം, മതം, സംസ്കാരം, ചരിത്രം, ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉപന്യാസങ്ങളോടൊപ്പം ഏതാനും തമിഴ് പ്രാചീനഗ്രന്ഥങ്ങളും കണ്ടെടുത്ത് പ്രസിദ്ധപ്പെടുത്തി. അങ്ങനെ തമിഴ്ഗദ്യത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കു വഴിതെളിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഉപന്യാസസാഹിത്യം
സി.ഡബ്ള്യു. ദാമോദരൻ പിള്ള ദിനവർത്തമാനി എന്ന ആനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കുകയും അതിൽ വീരസ്വാമിച്ചെട്ടിയാർ എന്നയാൾ തയ്യാറാക്കിയ ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തിത്തുടങ്ങുകയും ചെയ്തു. പില്ക്കാലത്ത് വിനോദരസമഞ്ജരി (1877) പ്രസ്തുത ഉപന്യാസങ്ങൾ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. സാമൂഹിക ജീവിതത്തെ അധികരിച്ചുള്ള ലേഖനങ്ങളും ചരിത്രസംഭവങ്ങൾ, പുരാവൃത്തങ്ങൾ, പൂർവ്വകാല സാഹിത്യകൃതികളിലെ കഥാപാത്രങ്ങൾ തുടങ്ങിയ പലതരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉപന്യാസങ്ങളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനക്കാരുടെ ശ്രദ്ധ ആകർഷിക്കത്തക്ക വിഷയങ്ങൾ വാർത്തകളുടേയും ഉപന്യാസങ്ങളുടേയും കഥകളുടേയും രൂപത്തിൽ അവതരിപ്പിക്കുന്ന മറ്റു പല ആനുകാലിക പത്രങ്ങളും കാലക്രമേണ പുറത്തുവന്നു തുടങ്ങി. അവ ഗദ്യസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനു പുറമേ മറ്റു പല വിഷയങ്ങളേയും സംബന്ധിച്ച വിജ്ഞാനം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും ഉപകരിച്ചു. വിവേകചിന്താമണി (1892), ജ്ഞാനബോധിനി (1898), ചെന്തമിഴ് (1901) എന്നിവ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയ ആനുകാലികങ്ങളിൽ പ്രധാനപ്പെട്ട ചിലതു മാത്രമാണ്. അക്കാലത്തുണ്ടായ ചില നോവലുകളും ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരുന്നു. സാഹിത്യചരിത്രകാരനായ എം.എസ്.പൂർൺലിംഗവും പണ്ഡിതനായ വി.ജി. സൂര്യനാരായണശാസ്ത്രിയും ആയിരുന്നു ജ്ഞാനബോധിനിയുടെ പത്രാധിപന്മാർ. ഈ പത്രത്തിൽ ശ്രദ്ധാർഹങ്ങളായ സാഹിത്യനിരൂപണങ്ങളും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഗദ്യസാഹിത്യ രൂപങ്ങൾ വികാസം പ്രാപിക്കുന്നതിനും ഈ ആനുകാലികങ്ങൾ സഹായകങ്ങളായി. പ്രണതാർത്തി ശിവൻ തമിഴ് ക്ളാസ്സിക്കുകളെപ്പറ്റി ലളിതവും സുഗ്രഹവുമായ ശൈലിയിൽ തയ്യാറാക്കിയ വിമർശനങ്ങൾ ഇക്കൂട്ടത്തിൽ ശ്രദ്ധേയങ്ങളാണ്.
ഇക്കാലത്തെ പ്രമുഖ ഗദ്യസാഹിത്യകാരന്മാരിൽ ഒരാൾ തിരുമണം ശെൽവകേശവരായ മുതലിയാർ ആണ്. സാഹിത്യ സൗകുമാര്യമുള്ള തമിഴ്ഭാഷയിൽ അക്കാലത്തെ പല ഗദ്യസാഹിത്യകാരന്മാരും കത്തുകളെഴുതി പരസ്പരം അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇത്തരം കത്തുകൾ അക്കാലത്ത് ഒരു പ്രത്യേക സാഹിത്യശാഖയായി വികാസം പ്രാപിച്ചു എന്നു പറയാം.
20-ാം ശ.-ത്തിന്റെ പ്രാരംഭ ദശകങ്ങളിൽ സാധാരണക്കാർക്കു സുഗ്രഹമായ ഭാഷയിൽ ഗദ്യസാഹിത്യരചന നടത്താൻ കൂടുതൽ ആളുകൾ സന്നദ്ധരായി. അതിനു പുറമേ വാർത്തകൾ, കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ എന്നിവ വായിക്കാൻ ജനസാമാന്യത്തിനുള്ള കൌതുകത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. ആദ്യമായി പുറത്തുവന്ന ദിനപത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് സ്വദേശമിശ്രൻ (1882) ആണ്. ഈ പത്രത്തിന്റെ നടത്തിപ്പിൽ വിഖ്യാത തമിഴ്കവിയായ സുബ്രഹ്മണ്യഭാരതിയും പങ്കുചേർന്നു. പ്രത്യേക പരാമർശമർഹിക്കുന്ന ദേശഭക്തൻ എന്ന ആനുകാലിക പത്രമാണ് ഇക്കാലത്ത് ആരംഭിച്ച മറ്റൊരു പ്രസിദ്ധീകരണം. അതിന്റെ പത്രാധിപർ വി. കല്യാണസുന്ദര മുതലിയാർ ആയിരുന്നു. നവശക്തിയിൽ കല്യാണസുന്ദര മുതലിയാർ എഴുതിയിരുന്ന ലേഖനങ്ങൾ, കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ എന്നിവ ഏതൊരു വായനക്കാരനേയും ആകർഷിക്കുമാറ് പ്രതിപാദിക്കപ്പെട്ടവയായിരുന്നു. കല്ക്കി എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണമൂർത്തി ആകർഷകമായ ശൈലിയിൽത്തന്നെ ലേഖനങ്ങളും കഥകളും മറ്റും എഴുതിയിരുന്ന ആളാണ്. ഇത്തരം പത്രലേഖകരിലൂടെ നോവൽ, കഥ തുടങ്ങിയവയിൽനിന്നു ഭിന്നമായ ഒരു ഉപന്യാസ സാഹിത്യരൂപവും വളർന്നുവന്നു.
എ. ജി. ഗാർഡിനർ, ജി.കെ. ചെസ്റ്റർട്ടൻ, ജെ.ബി. പ്രീസ്റ്റ്ലി തുടങ്ങിയ ഇംഗ്ളീഷ് എഴുത്തുകാരുടെ മാതൃക പിൻതുടർന്ന് ധർമ്മബോധം തുളുമ്പുന്ന ശൈലിയിൽ ലഘൂപന്യാസങ്ങൾ എഴുതാൻ 20-ാം ശ.-ത്തിന്റെ രണ്ടാംപാദത്തിൽ തമിഴിലെ ചില പുതിയ എഴുത്തുകാർ നടത്തിയ പരിശ്രമം തമിഴിലെ ഗദ്യസാഹിത്യത്തിന് പുതിയൊരു മാനം കൂടി നല്കി. മണിക്കൊടി എന്ന പത്രത്തിൽ ലേഖനങ്ങൾ എഴുതിയിരുന്ന വാ.രാ. (വി. രാമസ്വാമി അയ്യങ്കാർ) ഏതു വിഷയവും പ്രൌഢമായ രീതിയിൽ കൈകാര്യം ചെയ്യാൻ പര്യാപ്തവും അതേസമയം ലളിതവും മൂർച്ചയേറിയതുമായ ഒരു ഗദ്യശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. വാ.രാ.-യുടെ രചനാശൈലിയോട് സാദൃശ്യമുള്ളതും അതേസമയം സവിശേഷ വ്യക്തിത്വം പാലിക്കുന്നതുമായ ഒരു ശൈലി ആവിഷ്കരിച്ച ഗദ്യകാരനാണ് ടി.ജെ. രംഗനാഥൻ.
തമിഴിൽ ആദ്യമായി ഒരു ചരിത്രഗ്രന്ഥം എഴുതിയത് കലാനിധി മാസികയുടെ പത്രാധിപരായ പഗഡാല നരസിംഹലുനായുഡു ആണ്. 1902-ൽ പുറത്തിറങ്ങിയ ദക്ഷിണേന്ത്യാ ചരിത്രമാണ് ഈ ഗ്രന്ഥം. ഇതിനേത്തുടർന്ന് വിവിധ കാലഘട്ടങ്ങളിലെ തമിഴ്നാടിന്റെ ചരിത്രം പ്രതിപാദിക്കുന്ന പല ഗ്രന്ഥങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒരെണ്ണം സദാശിവപണ്ടാരത്താരുടെ പാണ്ഡ്യ-ചോഴ ചരിത്രമാണ്. തുടർന്ന് എം.രാഗവയ്യങ്കാരുടെ ചേരവംശചരിത്രം പുറത്തുവന്നു. രാജ്യ ചരിത്രങ്ങൾക്കു പുറമേ തമിഴ് ജനതയുടേയും ഭാഷയുടേയും ചരിത്രങ്ങളും അചിരേണ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. ആയിനത്തിൽപ്പെടുന്ന ആദ്യത്തെ ശ്രദ്ധേയമായ ഗ്രന്ഥം കെ. ശ്രീനിവാസപിള്ളയുടെ തമിഴർ വരലാറു എന്ന കൃതിയാണ്. വൈയ്യാപുരിപിള്ളയുടെ ഇലക്കിയ ഉദയവും തമിഴ്ചുടർമണികളും, മീനാക്ഷിസുന്ദരത്തിന്റെ കാനൽവരി എന്ന ഗ്രന്ഥവും തമിഴ്സാഹിത്യത്തിന്റെ വിവിധ വശങ്ങളേയും വിവിധ ഘട്ടങ്ങളേയും കുറിച്ചുള്ള പ്രത്യേക പഠനങ്ങൾ അവതരിപ്പിക്കുന്നു. കെ.കൈലാസപതി എഴുതിയ തമിഴ്നോവൽ ഇലക്കിയം, ക. നാ.സുബ്രഹ്മണ്യത്തിന്റെ പഠിത്തിരുക്കീറീർകളാ, കെ.ശിവതമ്പിയും ശെന്തിൽനാഥനും ചേർന്ന് എഴുതിയ തമിഴ് ചെറുകഥാചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളുടെ ചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ഈ ഗദ്യശാഖയെ കൂടുതൽ സമ്പന്നമാക്കിയിട്ടുണ്ട്. 20-ാം ശ.-ത്തിന്റെ അന്ത്യത്തിൽ എസ്.വി.സുബ്രഹ്മണ്യത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യചരിത്രഗ്രന്ഥം ആ വിഷയത്തെക്കുറിച്ചുള്ള പുതിയ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. തമിഴ്സാഹിത്യത്തിന്റെ വിഭിന്നവശങ്ങളേയും ഘട്ടങ്ങളേയും അധികരിച്ചു നടന്നിട്ടുള്ള ഗവേഷണങ്ങൾ പല രൂപത്തിൽ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്ന പുസ്തകങ്ങളുടെ കാര്യവും ഇവിടെ സ്മരണീയമാണ്.
വിവിധ ശാസ്ത്രങ്ങളേയും സാങ്കേതിക ശാസ്ത്രങ്ങളേയും അധികരിച്ച് തമിഴിൽ 1930 മുതൽ ഒട്ടേറെ ഗ്രന്ഥങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇവയെല്ലാം ചേർന്ന് തമിഴ്ഭാഷയുടെ വിജ്ഞാനസാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. തമിഴ്ഭാഷയിലുള്ള പത്രപ്രവർത്തനത്തിന്റെ വിഭിന്ന വശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. സാമൂഹിക പരിവർത്തനത്തിന് ഉതകുന്ന തരത്തിലുള്ള ഗദ്യരചനകൾ തമിഴിൽ വികാസം പ്രാപിക്കുന്നതിന് ഇ. വി.രാമസ്വാമിനായ്ക്കരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും എഴുതിയിട്ടുള്ള പത്രലേഖനങ്ങൾ വഴിതെളിച്ചു.
20-ാം ശ.-ത്തിന്റെ ആരംഭം തൊട്ട് തമിഴിൽ യാത്രാവിവരണപരമായ ഒട്ടേറെ ലേഖനങ്ങളും ഏതാനും ഗ്രന്ഥങ്ങളും പുറത്തു വന്നിട്ടുണ്ട്. വിജ്ഞാനപ്രദവും സരസവുമായ ഒരു ഗദ്യരചനാമേഖല ഇവയിലൂടെ രൂപംകൊണ്ടിരിക്കുന്നു.
ഇങ്ങനെ തമിഴ് ഗദ്യസാഹിത്യം കൂടുതൽ വൈചിത്ര്യവും വികാസവും ആർജ്ജിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത മേൽപ്പറഞ്ഞ ഗദ്യസാഹിത്യശാഖകളുടെ വിവരണത്തിൽ നിന്നു വ്യക്തമാകുന്നു.
ജീവചരിത്രം
[തിരുത്തുക]തമിഴ്നാട്ടിലെ പ്രാചീനകാല നേതാക്കന്മാരുടെ ജീവിതകഥകൾ സംഘം കവിതകളിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ കവിതകളുടെ ഭാവനയ്ക്കൊത്ത രൂപത്തിലാണ് അവർ ആ കഥകൾ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനെത്തുടർന്ന് വീരപുരുഷന്മാരുടെ കഥകളും ഇതേ രീതിയിൽ പ്രാചീനകാവ്യങ്ങളിൽ പ്രതിപാദിച്ചിരുന്നു. ഇവയിൽ നായനാർമാരുടെ ജീവചരിത്രം പ്രതിപാദിക്കുന്ന പെരിയപുരാണം, മാണിക്യവാചകരുടെ ജീവചരിത്രമായ തിരുവാണ്ടവുരാർ പുരാണം, പട്ടിണത്തടികൾ പുരാണം എന്നിവ പ്രധാനമാണ്. 19-ാം ശ.-ത്തിലും 20-ാം ശ.-ത്തിലുമുള്ള എഴുത്തുകാർ തങ്ങൾക്ക് നേരിട്ട് അറിയാവുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ ഗദ്യരൂപത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എങ്കിലും അപ്രകാരമുണ്ടായ പല കൃതികളിലും കഥാപുരുഷന്മാരുടെ ജീവിതത്തിലെ മുഖ്യ സംഭവങ്ങളുടെ വിവരണവും സ്തുതിവചനങ്ങളുമാണ് പ്രായേണ കാണപ്പെടുന്നത്. ഇവയ്ക്കു പുറമേ പാശ്ചാത്യഭാഷകളിലെ ജീവചരിത്രങ്ങൾ പരിഭാഷപ്പെടുത്തി അവതരിപ്പിക്കാനും ചില എഴുത്തുകാർ തയ്യാറായിട്ടുണ്ട്. അവയ്ക്കു സാഹിത്യമൂല്യം കുറവാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
പ്രശസ്ത കവിയായ മീനാക്ഷിസുന്ദരംപിള്ള(1815-76)യുടെ ജീവചരിത്രം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സ്വാമിനാഥയ്യർ (1855-1942) രണ്ട് വാല്യങ്ങളായി എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കഥാപുരുഷന്റെ വ്യക്തിത്വത്തേയും ജീവിതത്തേയും അദ്ദേഹം സാഹിത്യത്തിനു നല്കിയിട്ടുള്ള സംഭാവനകളേയും അതിസൂക്ഷ്മമായി മനസ്സിലാക്കി രചിക്കപ്പെട്ട ഈ ജീവചരിത്രം വസ്തുനിഷ്ഠവും വിജ്ഞാനപ്രദവുമാണ്. ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെല്ലാം ആധികാരികമായതുകൊണ്ട് അത് തമിഴിലെ ജീവചരിത്രസാഹിത്യത്തിന് ഉറപ്പുള്ള ഒരു അടിത്തറ പാകി എന്നു പറയാം.
ആധുനിക തമിഴ് കവികളിൽ അഗ്രഗണ്യനായ സുബ്രഹ്മണ്യ ഭാരതി (1882-1921)യുടെ ജീവചരിത്രങ്ങൾ പലരും എഴുതിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ആധികാരികവും വിശിഷ്ടവുമായ ഗ്രന്ഥം പ്രസിദ്ധ സാഹിത്യകാരനായ വാ.രാ. (വ. രാമസ്വാമി അയ്യങ്കാർ) രചിച്ചതാണ്. 'മഹാകവി ഭാരതിയാർ' എന്ന ഈ പുസ്തകം 126 പേജുകൾ മാത്രം അടങ്ങുന്നതാണെങ്കിലും കഥാപുരുഷന്റെ ജീവിതത്തേയും കാവ്യസാധനയേയും മനസ്സിലാക്കാൻ വായനക്കാർക്ക് തികച്ചും സഹായകമായ ഒരു സാഹിത്യകൃതിയാണ്.
തമിഴ്നാട്ടുകാരുടെ ഭാഷണത്തിൽ നിന്ന് സംസ്കൃത പദങ്ങൾ ഒഴിവാക്കണമെന്ന വാദം ഒരു പ്രസ്ഥാന മുദ്രാവാക്യമെന്ന നിലയിൽ പ്രചരിപ്പിച്ച സ്വാമിവേദാചലധമറൈമലൈ അടികൾ എന്നറിയപ്പെടുന്നു (1876-1950)പത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി അദ്ദേഹത്തിന്റെ പുത്രനായ തിരുനാവുക്കരശു രചിച്ചിട്ടുള്ള ജീവചരിത്ര ഗ്രന്ഥം വസ്തുനിഷ്ഠവും സൂക്ഷ്മവും വിജ്ഞാനപ്രദവുമാണ്.
തമിഴ്നാട്ടിലെ ഒരു പ്രമുഖ ഭിഷഗ്വരനായിരുന്ന ഡോ. രംഗാ ചാരി(1882-1932)യെക്കുറിച്ച് രാജംകൃഷ്ണൻ എഴുതിയ ജീവചരിത്രം മൂല്യവത്താണെന്നു പറയാം. തമിഴിലെ പ്രശസ്ത നോവലെഴുത്തുകാരനും കഥാകൃത്തുമായ കല്ക്കി കൃഷ്ണമൂർ ത്തിയുടെ (1899-1954) ജീവിതകഥ പൊന്നിയിൻ പുതൽവൻ എന്ന പേരിൽ സുന്ദരം (എം.ആർ. എം. സുന്ദരം) രചിച്ചിട്ടുണ്ട്. 900 പേജുകൾ അടങ്ങിയ ഈ ജീവചരിത്രം വസ്തുനിഷ്ഠവും ആസ്വാദ്യവുമാണ്. തമിഴ് ചെറുകഥാകാരന്മാരിൽ അഗ്രഗണ്യനായ പുതുമൈപ്പിത്തന്റെ (സാക്ഷാൽ പേര് വൃദ്ധാചലം) ജീവിതത്തെ അധികരിച്ച് ടി.എം.സി. രഘുനാഥൻ എഴുതിയിട്ടുള്ള ജീവചരിത്രവും (1951) പ്രധാനമാണ്. വളരെ ഹ്രസ്വമാണെങ്കിലും കഥാനായകന്റെ ജീവിതത്തേയും എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സിദ്ധികളേയും മനസ്സിലാക്കാൻ സഹായകമാണ് ഈ ഗ്രന്ഥം. വി.കൃഷ്ണസ്വാമിയെക്കുറിച്ച് മകൻ ചന്ദ്രശേഖർ രചിച്ചിട്ടുള്ള ജീവചരിത്രവും മദ്രാസ് മുഖ്യമന്ത്രിയായിരുന്ന ഓമനൂർ രാമസ്വാമി റെഡ്ഡ്യാരെക്കുറിച്ച് സോമലേ എഴുതിയ ജീവചരിത്രവും സാമാന്യം വിപുലമാണ്. ഹാ.കി. വാലമിനെക്കുറിച്ച് മതു.ചാ. വിമലാനന്ദം രചിച്ച ഇലക്കിയ ജ്യോതി, രാമലിംഗസ്വാമികളെക്കുറിച്ച് ഊരൻ അടികൾ രചിച്ച രാമലിംഗ അടികൾ വരലാറു എന്നിവയാണ് മറ്റു പ്രധാന ജീവചരിത്രങ്ങൾ.
ആത്മകഥകൾ
[തിരുത്തുക]തമിഴിൽ ഉണ്ടായിട്ടുള്ള ആത്മകഥാപരങ്ങളായ ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടവ യു.വി. സ്വാമിനാഥയ്യർ എഴുതിയിട്ടുള്ള എൻചരിതം, വി. കല്ല്യാണസുന്ദരം രചിച്ചിട്ടുള്ള വാഴ്കൈക്കുറിപ്പുകൾ, നാമക്കൽ രാമലിംഗംപിള്ളയുടെ എൻകതൈ, കോവൈ അയ്യാമുത്തിന്റെ എനദു നിനൈവുകൾ തുടങ്ങിയവയാണ്.
ഈ ആത്മകഥാകാരന്മാർ അവരുടെ പ്രവർത്തനമേഖലകളേയും സമകാലിക സാമൂഹികജീവിതത്തെ സംബന്ധിച്ച വസ്തുതകളേയും കൂടി തങ്ങളുടെ സ്മരണകളുടെ ഭാഗമായി വിവരിച്ചിട്ടുള്ളതുമൂലം അവരുടെ ഗ്രന്ഥങ്ങൾക്ക് വ്യക്തിഗതമല്ലാത്ത പ്രാധാന്യം കൂടി സിദ്ധിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലുള്ള സുപ്രധാനങ്ങളായ പല ജീവചരിത്ര ഗ്രന്ഥങ്ങളും ആത്മകഥകളും തമിഴിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വസ്തുതയും ഇവിടെ സ്മരണീയമാണ്. അവയിലൊന്ന് ഗാന്ധിജി രചിച്ചിട്ടുള്ള ആത്മകഥയുടെ പരിഭാഷയാണ്.
ബാലസാഹിത്യം
[തിരുത്തുക]പ്രാചീനകാലത്ത് ബാലികാബാലന്മാർക്കുവേണ്ടി മുതിർന്നവർ കഥകൾ സങ്കല്പിച്ചുണ്ടാക്കിയിരുന്നു എന്ന് തൊല്കാപ്പിയത്തിലെ പരാമർശങ്ങളിൽ നിന്നു മനസ്സിലാക്കാം. ഇപ്രകാരമുള്ള കഥകൾ പറയാനും കേൾക്കാനുമുള്ള താത്പര്യം പഴയകാലത്തും ജനങ്ങൾക്കിടയിൽ നിലവിലിരുന്നു എന്നാണ് ഇതിനർത്ഥം. കടങ്കഥകളെ 'പിച്ചി' എന്നാണ് തൊല്കാപ്പിയത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ആ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന കല്പിതകഥകൾ പലതരം ജന്തുക്കൾ തമ്മിലുള്ള ബന്ധങ്ങളും അവയുടെ പലതരം വ്യാപാരങ്ങളും ചിത്രീകരിക്കുന്നവയാണ്. കടങ്കഥകൾക്ക് പിൽക്കാലത്തെന്നപോലെ ഈ പ്രാചീനകാലത്തും പദ്യസദൃശമായ രൂപം ഉണ്ടായിരുന്നതായി അനുമാനിക്കാം. എന്നാൽ കല്പിതകഥകൾ ഗദ്യച്ഛായയുള്ള രൂപത്തിലാണ് നിലനിന്നുപോന്നിട്ടുള്ളത്.
കുട്ടികൾക്കു ചൊല്ലാനും ചൊല്ലിക്കേൾപ്പിക്കാനും വേണ്ടിയുള്ള നാടോടിപ്പാട്ടുകൾ അനവധി നൂറ്റാണ്ടുകൾക്കു മുമ്പു മുതൽ തമിഴിൽ പ്രചരിച്ചുപോരുന്നു. കുട്ടികൾക്കു കേൾക്കാൻ കൌതുകമുള്ള സംഭവകഥകളും സങ്കല്പങ്ങളും ചിത്രീകരിക്കുന്നവ ആയിരുന്നു ഈ പാട്ടുകൾ. അവയും വളരെ അടുത്തകാലംവരെ വായ്മൊഴി രൂപത്തിലാണ് നിലനിന്നുപോന്നിട്ടുള്ളത്. പ്രാചീനങ്ങളായ ഈ നാടോടിപ്പാട്ടുകൾ ശേഖരിച്ച് ആദ്യമായി അച്ചടിച്ചത് ആർ. അയ്യസ്വാമിയാണ്. അവയ്ക്ക് അദ്ദേഹം 'കുളൈന്തകൾക്കാന നാടോടിപാടൽകൾ' എന്നാണ് പേരു നല്കിയിരിക്കുന്നത്. സദാചാരതത്ത്വങ്ങൾ പ്രതിപാദിക്കുന്ന നാടോടിപ്പാട്ടുകൾ പല നൂറ്റാണ്ടുകൾക്കു മുമ്പു മുതൽ തമിഴ്നാട്ടിൽ പ്രചരിച്ചു വരുന്നു. ഔവ്വയാരുടെആത്തിച്ചുടിയും (ആത്തിപുഷ്പം ചൂടിയവർ), പാണ്ഡ്യന്റെ വെട്റിവെർക്കയും ഉലകനാഥരുടെ ഉലകനീതിയുംഇവയുടെ കൂട്ടത്തിൽപ്പെടുന്ന പ്രധാനപ്പെട്ട ചില നാടൻപാട്ടുകൾ ആണ്.
പ്രാചീനകാലത്തു തന്നെ ഇങ്ങനെ പലതരം നാടോടിപ്പാട്ടുകൾ തമിഴിൽ പ്രചാരത്തിലിരുന്നുവെങ്കിലും അവയെല്ലാം ഇന്നു നാം ഉദ്ദേശിക്കുന്ന അർത്ഥത്തിലുള്ള ബാലസാഹിത്യത്തിൽപ്പെടുന്നവ ആയിരുന്നില്ല. ബാലന്മാർക്കുവേണ്ടി ലളിതഗാനങ്ങളും ലഘു കവിതകളും ബോധപൂർവം രചിക്കപ്പെട്ടുതുടങ്ങിയത് ആധുനിക തമിഴിലെ പ്രമുഖകവിയായ സുബ്രഹ്മണ്യഭാരതിയുടെ കാലം മുതൽക്കാണ്. ബാലികാബാലന്മാർക്ക് പാടിനടക്കാവുന്ന പല ലഘു കവിതകളും ഭാരതി രചിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാവനയ്ക്കൊത്ത ഗാനങ്ങളും കവിതകളും ഏറ്റവും കൂടുതൽ രചിച്ചിട്ടുള്ളത് കവിമണി ദേശികവിനായകം പിള്ളയാണ്. മറ്റൊരു പ്രശസ്തകവിയായ ഭാരതീദാസനും കുട്ടികളുടെ മനസ്സിനിണങ്ങുന്ന അനേകം ലഘുഭാവഗീതങ്ങൾ രചിച്ചിട്ടുണ്ട്.
സുബ്രഹ്മണ്യഭാരതിയുടെ പാപ്പപ്പാട്ട് (കുട്ടികൾക്കുള്ള പാട്ട്) എന്ന കൃതി ആധുനിക ബാലസാഹിത്യത്തിന് ലഭിച്ചിട്ടുള്ള ഒരു ഉത്തമ കൃതിയാണ്. അത് ഔവ്വയാരുടെ ബാലകവിതകളെപ്പോലെ സാരോപദേശങ്ങൾ അടങ്ങിയവയത്രേ. ദേശികവിനായകംപിള്ള കുട്ടികൾക്കു പാടാൻ പറ്റിയ ഗാനരൂപത്തിലുള്ള അനവധി ലഘുകവിതകൾ രചിച്ചിട്ടുള്ള ആളാണ്. ആ കവിതകൾ 'ഇളം തെന്റൽ' (ഇളംകാറ്റ്) എന്ന പേരിൽ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെപശുവും കന്റും (പശുവും കിടാവും) എന്ന കവിത ആധുനികകാലത്തെ ബാലകവിതകളിൽ വച്ച് ഏറ്റവും കൂടുതൽ പ്രചാരമാർജ്ജിച്ചിട്ടുള്ളതാണ്. കവിതാരൂപത്തിൽ കുട്ടികൾക്ക് ആസ്വാദ്യങ്ങളായ കഥകൾ പറയുന്ന കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്നത്തെ അമുദു എന്നപേരിൽ രണ്ടുഭാഗങ്ങളായി സമാഹരിച്ചിട്ടുള്ള ബാലകവിതകളുടെ കർത്താവായ ഭാരതീദാസൻ ബാലസാഹിത്യത്തിന് പുതിയൊരു മാതൃക ആവിഷ്കരിച്ച ആളാണ്. കീർത്തനങ്ങൾഎന്ന പേരിൽ അദ്ദേഹം കുട്ടികൾക്കുവേണ്ടി എഴുതിയിട്ടുള്ള പാട്ടുകൾ വിഖ്യാതങ്ങളത്രേ. സംസ്കൃതപദങ്ങളോ ഗ്രാമ്യപദങ്ങളോ കലരാത്ത തമിഴിലാണ് അദ്ദേഹം തന്റെ ബാലകവിതകൾ രചിച്ചത്. ഇളൈജ്ഞർ ഇലക്കിയം (യുവസാഹിതി) എന്ന പേരുള്ള ഒരു കവിതാസമാഹാരവും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴ്ന്ന ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുവേണ്ടി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളിൽ ചേർക്കാൻവേണ്ടി ബാലകവിതകൾ എഴുതാറുള്ള ചില എഴുത്തുകാർ തമിഴിലുണ്ട്. സി.ആർ. നമശിവായമുതലിയാർ, മണിതിരുനാവുക്കരശു, മയിലൈശിവമുത്തു എന്നിവർ ഇത്തരം കവികളുടെ കൂട്ടത്തിൽ ശ്രദ്ധേയരാണ്. നമശിവായമുതലിയാരുടെ ബാലകവിതകൾ സുഗ്രഹങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നവയുമാണ്. അപ്പാവൈപ്പോൽ നാൻ ആനാൽ (ഞാൻ അച്ഛനു തുല്യനായിത്തീർന്നാൽ, അതായത് അച്ഛനോളം വളർന്നാൽ) എന്ന് ആരംഭിക്കുന്ന കവിത ഇതിനൊരു ദൃഷ്ടാന്തമാണ്. ശിവമൂർത്തി രചിച്ച പിട്ടു (ഒരു ഉറക്കുപാട്ട്) എന്ന കൃതിയും പ്രസിദ്ധമാണ്. മുത്തുപാടൽകൾ എന്ന പേരിലാണ് അദ്ദേഹത്തിന്റെ കൃതികൾ സമാഹരിക്കപ്പെട്ടിട്ടുള്ളത്.
കുട്ടികൾക്കുവേണ്ടിയുള്ള കവിതകളുടെ രചനയിലൂടെ പ്രസിദ്ധിയാർജ്ജിച്ച മറ്റൊരാളാണ് അഴവള്ളിയപ്പ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയാണ് മലരും ഉള്ളം (വിടരുന്ന ഹൃദയം). ഈ കവിയുടെ പ്രശസ്തി മറ്റു പലരേയും ബാലകവിതാ രചനയിലേക്ക് ആകർഷിച്ചിട്ടുണ്ട്. അഖിലേന്ത്യാ റേഡിയോയിൽ കുട്ടികൾക്കു വേണ്ടിയുള്ള പരിപാടിയുടെ ചുമതല വഹിച്ചിരുന്ന ആർ. അയ്യാസ്വാമി (1912-80) ബാലകവിതകളുടെ കർത്താവെന്ന നിലയിൽ അനുസ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ബാലരാമായണം കുട്ടികൾക്ക് ആസ്വാദ്യമാംവണ്ണം രാമായണകഥ പ്രതിപാദിക്കുന്ന നല്ലൊരു കൃതിയാണ്.
തമിഴ്ഒലി, തനിഹൈ ഉലകനാഥൻ, പൂവണ്ണൻ, പെരിയ സ്വാമി തൂരൻ, നാഗമുത്തയ്യ, നമ്പിശ്രീനിവാസൻ എന്നിവരാണ് പ്രശസ്തരായ മറ്റു ബാലകവിതാരചയിതാക്കൾ. രാജം സീതാരാമന്റെ ബാലർ ഇയർക്കൈപാടൽ, വി.ആർ. ശിവജ്ഞാന വള്ളലിന്റെ കുളന്തൈകൾക്ക് അണ്ണ, അരുമ സോമസുന്ദരത്തിന്റെ ചിറവരക്കു വിജ്ഞാനം, പിറൈ അണിവോന്റെ അറിവ് കേൾവികൾ, പി.വി. മുത്തുകൃഷ്ണന്റെ ശിറുവർ ഉലകം, ഷൺമുഖ സുബ്ബയ്യന്റെ കണ്ണൻ എൻ തമ്പി എന്നിവ എടുത്തുപറയത്തക്ക ബാലകവിതാസമാഹാരങ്ങളാണ്.
ബാലകഥകൾ
[തിരുത്തുക]കുട്ടികൾക്കുവേണ്ടിയുള്ള കഥകൾ എഴുതാൻ മുൻകൈയെടുത്തിട്ടുള്ള ആളാണ് വീരമാമുനിവർ (1680-1746). കുമാരസ്വാമി നായിഡു ആൻഡ് സൺസ് എന്ന പ്രസിദ്ധീകരണശാല കുട്ടികൾക്കു വേണ്ടിയുള്ള പല ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ വായ്ഗോവിന്ദൻ എന്നൊരാൾ കുട്ടികൾക്കുവേണ്ടി നാടോടിക്കഥകൾ പുനരാഖ്യാനം ചെയ്ത് തന്റെ അനിൽ എന്ന മാസികയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ആർ. രാജചൂഢാമണി ഇന്ത്യയിലെ പല നാടോടിക്കഥകളും തമിഴിൽ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കുവേണ്ടിയുള്ള സാരോപദേശ കഥകളുടെ പല സമാഹാരങ്ങളും പുറത്തുവന്നിട്ടുള്ളതും സ്വാഗതാർഹമാണ്.
ഇതുപോലെതന്നെ കുട്ടികൾക്കായി നിരവധി നോവലുകൾ തമിഴിൽ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്. തമിഴ്വാണന്റെ ഭയമായിരുക്കെ എന്ന കൃതിയാണ് കുട്ടികൾക്കുവേണ്ടി തുടർക്കഥാരൂപത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യനോവൽ. പിൽഗ്രിംസ് പ്രോഗ്രസ് എന്ന ഇംഗ്ളീഷ് കൃതിയുടെ പുനരാഖ്യാനമാണ് പെരിയസ്വാമിതൂരന്റെ മായക്കള്ളൻ എന്ന കൃതി. കുട്ടികൾക്കു വേണ്ടിയുള്ള അനവധി കുറ്റാന്വേഷണ നോവലുകളും രചിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ദേവന്റെ തുപ്പറിയും ശാംബു, ദേവശിഖാമണിയുടെ പരമൻ അരുൾ, ആർ. വി.യുടെ അശട്ടുപിച്ചു, ഇനിയവന്റെ പൊൻമനം എന്നിവ ശ്രദ്ധേയങ്ങളാണ്.
മറ്റു ലോകഭാഷകളിൽനിന്ന് തമിഴിലേക്ക് കുറ്റാന്വേഷണ നോവലുകൾ തർജ്ജമ ചെയ്യാനും അനേകം എഴുത്തുകാർ തയ്യാറായിട്ടുണ്ട്. 'ആലിസ് ഇൻ വണ്ടർലാൻഡ് ' എന്ന കൃതി അലമുവിൻ അതിശയ ഉലകം എന്ന പേരിൽ റ്റി.ജെ. രംഗനാഥൻ വിവർത്തനം ചെയ്തിരിക്കുന്നു. കുട്ടികളുടെ വിജ്ഞാനവർദ്ധനവിന് ഉതകുന്ന ശാസ്ത്രഗ്രന്ഥങ്ങളും സാമാന്യ വിജ്ഞാനപ്രദങ്ങളായ കൃതികളും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കുട്ടികൾക്കുവേണ്ടിയുള്ള ആനുകാലികങ്ങൾ
[തിരുത്തുക]കുട്ടികളുടെ പാരായണത്തിനുള്ള കവിതകൾ, നാടകങ്ങൾ, ശാസ്ത്രലേഖനങ്ങൾ, നോവലുകൾ, കഥകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന പല ആനുകാലികങ്ങളും അല്പകാലത്തിനു മുമ്പുതൊട്ട് തമിഴ് നാട്ടിൽ പ്രസിദ്ധപ്പെടുത്തിവരുന്നുണ്ട്. തമിഴ് തായ്, ബാലദീപിക എന്നിവ ഇതിനു ദൃഷ്ടാന്തങ്ങളാണ്. തമിഴിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ അടുത്തകാലത്ത് ബാലസാഹിത്യപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്. തമിഴിലെ ബാലസാഹിത്യം ആശാസ്യമായ തോതിലുള്ള വികാസം ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും അത് കൂടുതൽ സമ്പന്നമായിത്തീരാനുള്ള സാധ്യതകൾ തെളിഞ്ഞിട്ടുണ്ടെന്നും മേൽപ്പറഞ്ഞ വസ്തുതകൾ വെളിപ്പെടുത്തുന്നു.
പ്രസ്ഥാനങ്ങളും സംഘടനകളും
[തിരുത്തുക]സാഹിത്യരചന നടത്തുന്നവർ വ്യക്തികളാണെങ്കിലും അതിന്റെ വികാസവും മൂല്യവും സാധ്യമാകുന്നതിന് സംഘടിതപരിശ്രമങ്ങൾ അന്ത്യന്താപേക്ഷിതമാണ്. തമിഴ്നാട്ടിൽ സാഹിത്യത്തിന്റെ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനകൾ പ്രാചീനകാലം മുതൽ ഉണ്ടായിരുന്നിട്ടുണ്ട്. ഇപ്രകാരമുള്ള ആദ്യത്തെ സംഘടന സുപ്രസിദ്ധമായ തമിഴ്സംഘമത്രേ. ഈ പേരിൽ മൂന്ന് സംഘടനകൾ വിവിധ സ്ഥലങ്ങളിലായി നിലവിലിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവയിൽ മൂന്നാമത്തെ സംഘടനയായി കരുതപ്പെടുന്ന മധുരൈ തമിഴ്സംഘത്തെപ്പറ്റി മാത്രമേ വ്യക്തമായ അറിവ് ഇന്നു ലഭ്യമായിട്ടുള്ളൂ. പ്രസ്തുത സംഘം ക്രിസ്തുവർഷത്തിന്റെ ആദ്യശതകങ്ങളിലാണ് നിലവിലിരുന്നതെന്നും സംഘംകൃതികൾ എന്നപേരിൽ അറിയപ്പെടുന്ന കാവ്യങ്ങൾ ആ സംഘത്തിന്റെ നേതൃത്വത്തിലാണ് സമാഹരിച്ച് പ്രസിദ്ധീകരിക്കപ്പെട്ടതെന്നും കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞിട്ടുണ്ട്. ജൈനമതസന്ന്യാസിമാർ അവരുടേതായ സാഹിത്യസംഘങ്ങൾ രൂപവൽക്കരിച്ചിരുന്നു എന്ന അഭിപ്രായം പല ഗവേഷകൻമാരും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധങ്ങളായ സംഘംകൃതികൾക്കുശേഷം ക്രോഡീകരിക്കപ്പെട്ട ധർമ്മോപദേശപരങ്ങളായ കൃതികളിൽ പലതും ജൈനസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്യപ്പെട്ടവ ആയിരിക്കാൻ സാധ്യതയുണ്ട്.
ജൈന ബുദ്ധ മതങ്ങളുടെ സ്വാധീനത വെളിപ്പെടുത്തുന്ന കാവ്യങ്ങളുടെ കാലത്തിനുശേഷം തമിഴ്നാട്ടിൽ തഴച്ചുവളർന്ന ഭക്തികാവ്യങ്ങൾ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളിൽപ്പെട്ട ദാർശനികൻമാരുടെ നേതൃത്വത്തിൽ രചിക്കപ്പെടുകയും പ്രചാരം നേടുകയും ചെയ്തവയാണ്. 'ആഴ്‌വാർമാർ' എന്നപേരിൽ അറിയപ്പെടുന്ന വൈഷ്ണവ സിദ്ധന്മാരും 'നായനാർമാർ ' എന്ന പേരിൽ അറിയപ്പെടുന്ന ശൈവമത സിദ്ധരുമാണ് ഈ കാവ്യപരമ്പരയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.
ആധ്യാത്മിക ചിന്തയോടും മതവിശ്വാസത്തോടും ബന്ധപ്പെട്ട സംഘടനകളാണ് തമിഴ്നാട്ടിന്റെ വിവിധഭാഗങ്ങളിൽ മഠങ്ങൾ സ്ഥാപിക്കുന്നതിന് വഴിതെളിച്ചത്. ധാർമ്മികജീവിതം പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ മഠങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം. തിരുവാടു തുറൈ, ധർമ്മപുരം, കാഞ്ചീപുരം, സൂര്യനാർ കോയിൽ എന്നിവിടങ്ങളിലെ മഠങ്ങൾ ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്നു. ധർമ്മപുരം മഠം എന്ന വിഖ്യാതമഠം സ്ഥാപിച്ചത് തിരുജ്ഞാനസംബന്ധർ എന്ന മഹാജ്ഞാനിയാണ്.
ബ്രിട്ടീഷ് ഭരണത്തിന് എതിരായുള്ള പ്രക്ഷോഭം ആരംഭിച്ച കാലം മുതൽ അനൌപചാരികമായ ഒരു സംഘടിതപ്രസ്ഥാനം തമിഴ്നാട്ടിൽ രൂപംകൊണ്ടു. ഗാന്ധിജിയുടെ രംഗപ്രവേശത്തെതുടർന്ന് കോൺഗ്രസ് സംഘടനയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ പ്രക്ഷോഭം ശക്തമായിത്തീർന്നു. അങ്ങനെ സ്വാതന്ത്ര്യബോധത്തിൽ നിന്നു രൂപംകൊണ്ട സംഘടിതശക്തിയുടെ ഫലമായിട്ടാണ് തമിഴ് സാഹിത്യം ഇരുപതാം നൂറ്റാണ്ടിൽ സമ്പന്നമായിത്തീർന്നത്.
ഇ. വി. രാമസ്വാമിനായ്ക്കരുടെ സ്വയമര്യാദൈ പ്രസ്ഥാനം തമിഴ്സാഹിത്യത്തിന്റെ ഉയിർത്തെഴുന്നേല്പിന് അത്യന്തം സഹായകമായിട്ടുണ്ടെന്ന് ഭാരതീദാസന്റെ കവിതകളും മറ്റനേകം സാഹിത്യകാരൻമാരുടെ കൃതികളും വെളിപ്പെടുത്തുന്നു. ഏതാനും ദശകങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽ രൂപംകൊണ്ട പല സാഹിത്യപ്രസ്ഥാനങ്ങളും ഈ സന്ദർഭത്തിൽ പരാമർശമർഹിക്കുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനം, നവീന സാഹിത്യപ്രസ്ഥാനം എന്നിവ സാഹിത്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് എഴുത്തുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തമിഴ് സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |