ടി.ആർ. സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.R. Sundaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.ആർ. സുന്ദരം

മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലന്റെ നിർമ്മാതാവാണ് ടി.ആർ. സുന്ദരം എന്ന തിരുചെങ്ങോട് രാമലിംഗ സുന്ദരം (1907–1963).

1907 ജൂലൈ 16-ന് കോയമ്പത്തൂരിൽ ജനിച്ചു. ടെക്സ്റ്റൈൽ വ്യാപാര കുടുംബത്തിലെ അംഗമായിരുന്നു സുന്ദരം. ഇംഗ്ലണ്ടിലെ ലീഡ്സ് സർവ്വകലാശാലയിൽ നിന്നും ടെക്സ്റ്റൈൽ എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കി. ബ്രിട്ടീഷ് വനിത ഗ്ലാഡിസിനെ വിവാഹം ചെയ്തു.[1] സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സുന്ദരം പ്രവർത്തിച്ചിട്ടുണ്ട്. 1963 ആഗസ്റ്റ് 30-ന്‌ സുന്ദരം അന്തരിച്ചു.

ചലച്ചിത്രനിർമ്മാണം[തിരുത്തുക]

1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ആലിബാബയും 40 തിരുടർകളും സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ കണ്ടംബെച്ച കോട്ട് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.[2]

മോഡേൺ തിയേറ്റേഴ്സ് എന്ന പേരിൽ 1936-ൽ സേലത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു. 1937-ൽ നിർമ്മിച്ച സതി അഹല്യയാണ് സ്റ്റുഡിയോയുടെ ആദ്യ ചിത്രം. ഈ ചിത്രം പരാജയമായിരുന്നതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ഈ കാലത്ത് ഹിന്ദു ദിനപത്രത്തിൽ തന്റെ രണ്ടാമത്തെ ചിത്രത്തിനായി പരസ്യം നൽകി. മദ്രാസ് മലയാളി അസോസിയേഷൻ സെക്രട്ടറി എ. സുന്ദരം പിള്ള ഈ പരസ്യം കണ്ട് അദ്ദേഹത്തെ സമീപിക്കുകയും ബാലൻ എന്ന ചിത്രം പിറവി കൊള്ളുകയും ചെയ്തു.[3] സാമ്പത്തികമായി ബാലൻ വിജയിച്ചതിനാൽ തുടർന്ന് നിരവധി ചിത്രങ്ങൾ പുറത്തിറക്കി. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, സിംഹള , ഇംഗ്ലീഷ് ഭാഷകളിലായി 100-ലധികം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ഇതിൽ 56 ചലച്ചിത്രങ്ങൾ സുന്ദരം തന്നെയാണ് സംവിധാനം ചെയ്തത്.[4][5]

ബാലൻ കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. തിരുനെൽവേലിയിലാണ് ചിത്രീകരണം നടന്നത്. ചിത്രം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് അന്ന് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.[6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.ആർ._സുന്ദരം&oldid=3968832" എന്ന താളിൽനിന്ന് ശേഖരിച്ചത്