Jump to content

അതിഭീമ നക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Supergiant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈറസ് എ യും ബി യും ഹബിൾ ദൂരദർശിനി എടുത്ത ചിത്രം

അതിഭീമ നക്ഷത്രമെന്നാൽ സൂര്യനെക്കാൾ 10 മുതൽ 70 വരെ മടങ്ങു ഭാരമുള്ളതും പ്രകാശ തീവ്രത 30,000 മുതൽ 1,00,000 വരെ കൂടുതലുള്ളതുമായ നക്ഷത്രങ്ങളാകുന്നു‍. നക്ഷത്ര പരിണാമദശയിലെ ഒരു ഘട്ടമാണ് ഭീമനക്ഷത്രങ്ങൾ. ഇവയെക്കാളും വലിപ്പം കൂടുതലുള്ളതും പ്രകാശതീവ്രത ഏറിയതുമായ നക്ഷത്രങ്ങളാണ് അതിഭീമതാരകളുടെ ഗണത്തിൽപ്പെടുന്നത്. നഭോമണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്ന നിരവധി താരകളിൽ പരിമിതമായ ഒരു സംഖ്യ അതിഭീമഗണത്തിൽപ്പെടുന്നു. വലിപ്പത്തെയും പ്രകാശത്തെയും അടിസ്ഥാനമാക്കി താരകളെ വെള്ളക്കുള്ളൻ (white dwarf),[1] ഉപവെള്ളക്കുള്ളൻ (sub-dwarf),[2] പ്രധാന അനുക്രമതാര (main sequence star),[3] ഭീമൻ (giant), അതിഭീമൻ (super giant) എന്നിങ്ങനെ തരംതിരിക്കാം. എണ്ണത്തിൽ വളരെ കുറവാണെങ്കിലും, പേരിൽനിന്ന് വ്യക്തമാകുന്നതുപോലെ വലിപ്പത്തിൽ ഏറ്റവും മികച്ചതാണ് അതിഭീമ നക്ഷത്രം. വലിപ്പക്കൂടുതൽ മൂലം വിസാരിതമായ പ്രകൃതിയാണ് ഇത്തരം താരകൾക്കുള്ളത്. ഉപരിതലതാപനില താരതമ്യേന കുറവാണെങ്കിലും വിസ്തീർണക്കൂടുതൽ നിമിത്തം, ഇവയിൽനിന്നുള്ള വികിരണത്തിന്റെ അളവ് കൂടിയിരിക്കും. അതിനാൽ അത്യന്തദീപ്ത നക്ഷത്രങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കാം. ചില അതിഭീമ നക്ഷത്രങ്ങൾക്ക് സൂര്യനോളം മാത്രമേ ദ്രവ്യമാനം ഉള്ളൂ. എങ്കിലും അതിന്റെ അനേകമടങ്ങ് വ്യാപ്തമുള്ളതായി കാണാം. അതിനാൽ അവയുടെ സാന്ദ്രത വളരെക്കുറവായിരിക്കണം.

വർണരാജി പരിശോധിച്ചാൽ അതിഭീമ നക്ഷത്രങ്ങളുടെ ഘടന, സാധാരണ നക്ഷത്രങ്ങളുടേതിൽനിന്ന് വിഭിന്നമാണെന്നു മനസ്സിലാക്കാം. പ്രതലതാപമാനം കുറവാണെങ്കിലും ഊർജ്ജോത്പാദനം നടക്കുന്നത് കാർബൺ-നൈട്രജൻ ചക്രംമൂലമോ പ്രോട്ടോൺ-പ്രോട്ടോൺ പ്രക്രിയ മൂലമോ ആയിരിക്കണം. മൂന്നു സംകേന്ദ്രീയഷെല്ലുകൾ (concentric shells) ഉൾക്കൊള്ളുന്ന ഒരു ഗോളമാണ് അതിഭീമ നക്ഷത്രം:

  1. ഊർജ്ജോത്പാദനം നടക്കുന്ന ഉയർന്ന താപനിലയിലുള്ള ഹൃദയഭാഗം,
  2. ഊർജപ്രേഷണം ചെയ്യുന്ന ഷെൽ,
  3. ഘടന വ്യത്യസ്തവും താപനില താഴ്ന്നതുമായ ഉപരിതലഭാഗം.

കനോപസ് (canopus),[4] അന്റാരസ് (antares),[5] ബീറ്റൽജൂസ് (beteleguese),[6] ഡെനെബ് (deneb),[7] റീഗൽ (Rigel)[8] മുതലായവ അതിഭീമ നക്ഷത്രങ്ങളാകുന്നു. അവയിൽ ഏറ്റവും വലുത്-കനോപസ്-സൂര്യനെക്കാൾ 80,000 മടങ്ങ് പ്രകാശമുള്ളതും 200 മടങ്ങ് വ്യാപ്തമുള്ളതുമാകുന്നു.

അതിഭീമ നക്ഷത്രങ്ങളുടെ ഒരു പ്രത്യേകത, അവ നഭസ്സിൽ എല്ലാ ഭാഗങ്ങളിലും ഒരുപോലെ കാണുന്നില്ല എന്നതാണ്. സൂര്യപാതയിൽ നിന്ന് അകന്ന, പോപ്പുലേഷൻ II (population II) എന്ന ഭാഗത്ത് ഇത്തരത്തിലൊന്നുപോലും കാണപ്പെടുന്നില്ല.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിഭീമ നക്ഷത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിഭീമ_നക്ഷത്രം&oldid=2279907" എന്ന താളിൽനിന്ന് ശേഖരിച്ചത്